ഇനി പറയൂ, ആണവനിലയങ്ങള്‍ നമുക്ക് വേണമോ?

 
 
 
 
കൂടംകുളം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങള്‍. വസ്തുതകളിലൂടെ കെ. എസ് ബിനു നടത്തുന്ന അന്വേഷണം.
 
 

1. ഇന്ത്യന്‍ ഊര്‍ജരംഗത്തിന്റെ വര്‍ത്തമാനകാല അവസ്ഥ എന്താണ്?
2. ഇന്ത്യന്‍ ഊര്‍ജരംഗം നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
3. ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന ഊര്‍ജാവശ്യങ്ങള്‍ എത്രത്തോളം വലുതാണ്?
4. ഫലപ്രദമായ ഊര്‍ജോത്പാദനമാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണ്?
5. താരതമ്യപഠനത്തില്‍ ഏതാണ് ലാഭകരം?
6. എന്തുകൊണ്ട് ആണവനിലയങ്ങള്‍ വേണ്ട?

 

കൂടംകുളം ഉയര്‍ത്തുന്ന,തണുപ്പിക്കുവാനാകാത്ത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ആണവലോബിയും രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കുന്ന കളളങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി. കെ.എസ് ബിനു നടത്തുന്ന അന്വേഷണം

 
 

 
 

കൂടംകുളത്ത് ആണവോര്‍ജനിലയത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന അക്ഷീണസമരം രക്തരൂഷിതമാവുകയും തീവ്രമായ ജനകീയസമ്മര്‍ദ്ദത്തെ അവഗണിച്ചുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയകക്ഷികളും ആണവനിലയത്തെ അനുകൂലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് ആധുനികജനകീയസമരചരിത്രത്തിന്റെ വര്‍ത്തമാനക്കാഴ്ചകളില്‍ പ്രധാനം. എത്ര ശക്തമായ പ്രതിഷേധമുണ്ടായാലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഒരു ഭരണകൂടവും ലക്ഷ്യം കാണാതെ വിശ്രമമില്ലെന്ന് വ്യക്തമാക്കിയ, അതിജീവനചിന്തയാലും വര്‍ഗ്ഗബോധത്താലും ഉന്മത്തരായ ജനങ്ങളും തമ്മിലുള്ള സമരം.

ഇപ്പോള്‍ അത് അതിന്റേതായ ഒരു ചരിത്രസന്ധിയില്‍ എത്തിനില്‍ക്കുന്നു. ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള, നിലയം പ്രവര്‍ത്തനമാരംഭിയ്ക്കുവാനുള്ള അവസാനവട്ട നടപടികള്‍ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരും, എന്തുവിലകൊടുത്തും അത് തടയുമെന്ന നിശ്ചയദാര്‍ഢ്യവുമായി, സമുദ്രസത്യഗ്രഹമെന്ന നൂതനസമരമുറ ഉള്‍പ്പെടെ കൂടുതല്‍ ശക്തമായ പ്രതിഷേധവഴികളിലേയ്ക്ക് കടന്നുകൊണ്ട് ജനങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്നു.

അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന ഈ അവസരത്തിലും കേവലം ഉപരിപ്ലവമായ വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം വസ്തുനിഷ്ഠമായ ഒരു സംവാദം ഈ വിഷയത്തിന്മേല്‍ അധികം ഉയര്‍ന്ന് കാണുന്നില്ല. അതുകൊണ്ട് തന്നെ ഇതേപ്രതി പൊതുസമൂഹമനസ്സില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിലേപ്പോലെ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന സന്ദിഗ്ദ്ധാവസ്ഥയിലാണ് സമൂഹം.

സര്‍ക്കാറും ശാസ്ത്രജ്ഞരും പറയുന്നത് സ്വീകരിക്കേണമോ അതോ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണമോ എന്ന് അവര്‍ രൂക്ഷമായ ആശയക്കുഴപ്പം നേരിടുന്നു. മദ്രാസ് ഹൈക്കോടതി പോലും ജനങ്ങളുടെ പൊതുസ്വരത്തെ അവഗണിച്ചുകൊണ്ട് നിലയത്തിന്‍ അനുകൂലനിലപാടെടുക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ദേശീയ ഊര്‍ജരംഗത്തെ അധികം ചര്‍ച്ചചെയ്യപ്പെടാത്ത ചില മേഖലകളെക്കുറിച്ച് പറയാതിരിക്കുവാന്‍ ആവുന്നില്ല.

കെ.എസ് ബിനു


ആദ്യമേ പറയാനുള്ള സംഗതിയെന്തെന്നാല്‍, ആണവോര്‍ജപദ്ധതികള്‍ ശരിയോ തെറ്റോ, അല്ലെങ്കില്‍ അവയുടെ അപകടസാധ്യതകളും സുരക്ഷാമാനദണ്ഡങ്ങളും എത്രത്തോളം എന്ന് അന്വേഷിക്കുകയല്ല ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശം. മറിച്ച്, ആണവോര്‍ജപദ്ധതികള്‍ക്കപ്പുറം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭാവിയില്‍ ആശ്രയിക്കാവുന്ന, പ്രധാന ഊര്‍ജോത്പാദനമാര്‍ഗമെന്ന നിലയില്‍ വികസിപ്പിച്ചെടുക്കാനാവുന്ന, ആണവപദ്ധതികളേക്കാള്‍ ലാഭകരമായ ബദല്‍ മാര്‍ഗങ്ങള്‍ എന്തെങ്കിലുമുണ്ടോ, അവയേതൊക്കെ എന്നുള്ള അന്വേഷണമാണ് ഇത്.

ഇനി, കൂടംകുളം ഉയര്‍ത്തുന്ന, ഇതേവരെ തണുപ്പിക്കുവാനാകാത്ത ചോദ്യങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.

1. ഇന്ത്യന്‍ ഊര്‍ജരംഗത്തിന്റെ വര്‍ത്തമാനകാല അവസ്ഥ എന്താണ്?
2. ഇന്ത്യന്‍ ഊര്‍ജരംഗം നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
3. ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന ഊര്‍ജാവശ്യങ്ങള്‍ എത്രത്തോളം വലുതാണ്?
4. ഫലപ്രദമായ ഊര്‍ജോത്പാദനമാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണ്?
5. താരതമ്യപഠനത്തില്‍ ഏതാണ് ലാഭകരം?
6. എന്തുകൊണ്ട് ആണവനിലയങ്ങള്‍ വേണ്ട?
 
 

ചെര്‍ണോബില്‍ ദുരന്തത്തിന്റെ ബാക്കിപത്രം Photo: Paul Fusco


 
 
ഇന്ത്യന്‍ ഊര്‍ജോത്പാദനമേഖല
2012 ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഭാരതത്തിന്റെ മൊത്തം വൈദ്യുതോര്‍ജോത്പാദനശേഷി 201.64 ജിഗാവാട്ട് ആണ്. അതില്‍ത്തന്നെ 115.65 ജിഗാവാട്ട് (66%) താപവൈദ്യുതനിലയങ്ങളും, 37.37 ജിഗാവാട്ട് (19%) ജലവൈദ്യുതനിലയങ്ങളുമാണ് ഉത്പാദിപ്പിക്കുന്നത്. ആണവനിലയങ്ങളും ജൈവോര്‍ജപദ്ധതികളും കാറ്റ്, സൌരോര്‍ജപദ്ധതികളുമുള്‍പ്പെടെയുള്ള വിവിധ ഊര്‍ജസ്രോതസ്സുകളില്‍നിന്ന് ശേഷിക്കുന്ന വൈദ്യുതി ലഭിക്കുന്നു. ഇതില്‍ത്തന്നെ 17.6ജിഗാവാട്ട് (8.6%) കാറ്റില്‍നിന്നും, 1.03 ജിഗാവാട്ട് (0.5%) സൂര്യപ്രകാശത്തില്‍നിന്നും, 4.8 ജിഗാവാട്ട് (2.3%) ആണവപദ്ധതികളില്‍നിന്നുമാണ് ലഭിക്കുന്നത്. പുനര്‍നിര്‍മ്മാണശേഷിയുള്ള ഊര്‍ജസ്രോതസ്സുകളില്‍നിന്ന് ആകെ ലഭിക്കുന്ന വൈദ്യുതി 22.4ജിഗാവാട്ട് (10.9%) ആകുന്നു.

ഊര്‍ജോത്പാദനത്തെയും ഉപയോഗത്തെയും സംബന്ധിച്ച് ഇന്ത്യന്‍ ഊര്‍ജമന്ത്രാലയം നിരത്തുന്ന അടിസ്ഥാനകണക്ക് ഇതാണ്:

ആകെ ഉത്പാദനശേഷി – 201.64ജിഗാവാട്ട്
ലഭ്യമായ പീക്ക് ലോഡ് വൈദ്യുതി – 118.7ജിഗാവാട്ട്
ആവശ്യമായ പീക്ക് ലോഡ് വൈദ്യുതി – 136.2 ജിഗാവാട്ട്

ഈ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് പീക്ക് ലോഡ് സമയത്ത് 12.85% വൈദ്യുതിയുടെ കുറവ് നേരിടുന്നു.
 
 


 
 
ഊര്‍ജരംഗത്തെ പ്രതിസന്ധികള്‍
നമ്മുടെ ഊര്‍ജോത്പാദനപദ്ധതികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 32% പ്രസരണ-വിതരണസംവിധാനത്തിലെ അപാകതമൂലം നഷ്ടപ്പെടുന്നു. അതായത് 201.64 ജിഗാവാട്ട് ഉത്പാദനശേഷിയുള്ള ഇന്ത്യയില്‍ 64.5 ജിഗാവാട്ട് വൈദ്യുതി നിരന്തരം പാഴായിപ്പോവുകയാണ് (കിലോവാട്ട്/മണിക്കൂര്‍ (KWh) കണക്കുകള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നതിനാല്‍ അവ വിശദീകരിക്കുന്നില്ല).

ലോകശരാശരി 15%-ഉം സ്വീഡന്‍ പോലെ വ്യവസായവല്‍കൃതരാജ്യങ്ങളില്‍ 9%-ഉം മാത്രമാണ് പ്രസരണനഷ്ടമെന്ന് ഓര്‍ക്കുക. ലോകനിലവാരത്തോട് കിടപിടിക്കുന്ന (പ്രസരണനഷ്ടം 15% മാത്രമായ), കാര്യക്ഷമമായ ഒരു വിതരണശൃംഖല നമുക്ക് അധികമായി നല്‍കുക ഏകദേശം പതിനെട്ട് കൂടംകുളം ആണവനിലയങ്ങള്‍ക്ക് ഉത്പാദിപ്പിക്കുവാനാകുന്ന വൈദ്യുതി (35 ജിഗാവാട്ട്) ആണ്.

പ്രസരണനഷ്ടം 15% ആയി കുറയ്ക്കുവാന്‍ 2001-ല്‍ ഭാരതസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതേവരെ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഉത്പാദനശേഷിയുടെ 13%മാത്രമാണ് നമ്മുടെ ആകെ പ്രസരണശേഷി. 2010-ലെ ഒരു പഠനപ്രകാരം ഓരോ വര്‍ഷവും പ്രസരണസംവിധാനത്തിലെ അപാകത മൂലം അറുപത്തിയെണ്ണായിരം കോടി രൂപയുടെ അധികനഷ്ടം ഇന്ത്യക്ക് സംഭവിക്കുന്നു.

2004-ല്‍ നടത്തപ്പെട്ട രണ്ട് പഠനങ്ങള്‍ വെളിവാക്കുന്നത് വൈദ്യുതിമോഷണം മൂലം രാജ്യത്തിന് സംഭവിക്കുന്ന വാര്‍ഷിക നഷ്ടം ഇരുപത്തിനാലായിരം കോടി രൂപയാണെന്നാണ്. ആധുനികമീറ്ററുകള്‍ ചില പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുവാന്‍ ആരംഭിച്ചത് മോഷണത്തിന്റെ തോത് പ്രാദേശികമായി കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും രാജ്യത്തിന് വൈദ്യുതിമോഷണം വഴി നഷ്ടപ്പെടുന്നത് ഒന്‍പത് പൂജ്യമുള്ള സംഖ്യകളാണ് (ബില്യണ്‍ കണക്കിന് പണം).

കൂടംകുളം നിലയം നിര്‍മ്മിക്കുവാന്‍ ഇതേവരെ 14000 കോടി രൂപയിലേറെ ചെലവായിട്ടുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അനിയന്ത്രിതമാ‍യ പ്രസരണനഷ്ടവും വൈദ്യുതിമോഷണവും ഓരോ വര്‍ഷവും ഇന്ത്യയ്ക്ക് നഷ്ടമാക്കുന്നത് ആറ് കൂടംകുളം നിലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചെലവായതിലുമേറെ പണമാണെന്ന് (തൊണ്ണൂറ്റിരണ്ടായിരം കോടി രൂപ!) കാണാം.

ഇത് കൂടാതെ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും കോടിക്കണക്കിന് രൂപയാണ് വൈദ്യുതിക്കുടിശിക വരുത്തിയിരിക്കുന്നത്. ഇവയെല്ലാം തിരിച്ചുപിടിക്കുന്നതില്‍ വൈദ്യുതിബോര്‍ഡുകള്‍ കാട്ടുന്ന കെടുകാര്യസ്ഥത ഊര്‍ജവകുപ്പിന്റെ ധനക്കമ്മിയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ ഊര്‍ജോത്പാദനമേഖലയായ താപവൈദ്യുതനിലയങ്ങളിലെ മുഖ്യ ഇന്ധനമായ കല്‍ക്കരിയുടെ നിക്ഷേപം ഇന്ത്യയില്‍ ധാരാളമായി ഉണ്ടെങ്കിലും കല്‍ക്കരി ഖനനത്തിന് ചുമതലയുള്ള “കോള്‍ ഇന്ത്യ”യുടെ അപരിഷ്കൃതമായ ഖനനസാങ്കേതികവിദ്യകള്‍ മൂലം ആവശ്യത്തിന് കല്‍ക്കരി ലഭിക്കുന്നില്ല. വിദേശത്തുനിന്നും കൂടിയ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിയും വരുന്നു. പരിമിതമായ പൈപ് ലൈന്‍ ശൃംഖലയും കുറഞ്ഞ സംസ്ക്കരണത്തോതും പ്രകൃതിവാതകത്തെയും ആശ്രയിക്കാവുന്ന ഇന്ധനമെന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
 
 

ഫുകുഷിമ ദുരന്തം


 
 
നാളെയുടെ ആവശ്യങ്ങളും പ്രതീക്ഷകളും
ഡിസംബര്‍ 2011ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ വൈദ്യുതിരഹിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു. ഗ്രാമീണജനതയുടെ മൂന്നിലൊന്നും നഗരവാസികളില്‍ 6%-ഉം സമ്പൂര്‍ണ ഇരുളില്‍ കഴിയുന്നവരാണ്.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെയും വ്യവസായസംരംഭങ്ങളുടെയും പശ്ചാത്തലത്തില്‍, പതിനേഴാം വൈദ്യുതോര്‍ജ സര്‍വേ പ്രകാരം, പ്രസരണനഷ്ടം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ആ നഷ്ടമുള്‍പ്പെടെ 2017-ല്‍ രാജ്യം 135 ജിഗാവാട്ട് അധികവൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. 2022 ആകുമ്പോഴേയ്ക്കും 205 ജിഗാവാട്ടില്‍നിന്ന് 298 ജിഗാവാട്ടിലേയ്ക്ക് നാം വൈദ്യുതോല്‍പ്പാദനശേഷി വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (IEA) കണക്കുകൂട്ടുന്നത് പ്രസരണശൃംഖല കാര്യക്ഷമമാക്കുന്നതിനും സമ്പൂര്‍ണവൈദ്യുതവല്‍ക്കണത്തിനുമായി ഇന്ത്യ ചെലവഴിക്കേണ്ട തുക 7.3 ലക്ഷം കോടി രൂപ ആണെന്നാണ്.

2012-17-ലെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലത്ത് 94 ജിഗാവാട്ട് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനായി 13 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഗവണ്മെന്റ് ഊര്‍ജോല്‍പ്പാദനരംഗത്ത് ചെലവഴിക്കുവാന്‍ പോകുന്നതെന്ന് ലോക ആണവ സംഘടന(World Nuclear Association) വ്യക്തമാക്കുന്നു. 2050ല്‍ ഇന്ത്യ 600 മുതല്‍ 1200 ജിഗാവാട്ട് വരെ വൈദ്യുതി അധികമായി ഇല്‍പ്പാദിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് (ഇത് ഇപ്പോള്‍ യൂറോപ്പിലൊന്നാകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവ് വരും).

പാരിസ്ഥിതികപ്രശ്നങ്ങള്‍ ആഗോളതലത്തില്‍ വളരെപ്രാധാന്യം നേടുന്ന ഈ കാലഘട്ടത്തില്‍ ഇനിയും പുതിയ ജലവൈദ്യുതനിലയങ്ങള്‍ എന്ന സമീപനം നമുക്ക് തുടര്‍ന്നുകൊണ്ട് പോകുവാന്‍ കഴിയുകയില്ല. ഭാവിയിലെ ഒരു പ്രധാന ഊര്‍ജോല്‍പ്പാദനമാര്‍ഗമായി ഇന്ത്യന്‍ ഗവണ്മെന്റ് കാണുന്നത് ആണവനിലയങ്ങളെയാണ്. 2032 ആകുമ്പോഴേയ്ക്കും 4.8 ജിഗാവാട്ടില്‍നിന്ന് 63 ജിഗാവാട്ടിലേയ്ക്ക് ആണവരംഗത്തുനിന്നുള്ള ഊര്‍ജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

സൌരോര്‍ജം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യന്‍ ഗവണ്മെന്റ് ജവഹര്‍ലാല്‍ നെഹ്രു ദേശീയ സൌരോര്‍ജ കര്‍മ്മപദ്ധതി (Jawaharlal Nehru National Solar Mission, JNNSM) ആരംഭിച്ചിട്ടുണ്ട്. സൌരോര്‍ജപാര്‍ക്കുകള്‍, ഗാര്‍ഹികസൌരോര്‍ജപദ്ധതികള്‍, സൌരോര്‍ജ ഹീറ്ററുകള്‍, റാന്തലുകള്‍ തുടങ്ങിയ വിവിധ വഴികളുപയോഗിച്ച് 2020 ആകുമ്പോഴേയ്ക്കും 22 ജിഗാവാട്ട് സൌരോര്‍ജവൈദ്യുതി എന്ന ലക്ഷ്യത്തിലേയ്ക്ക് ഉയരണമെന്ന് ഗവണ്മെന്റ് കരുതുന്നു. 2030-ല്‍ അത് 100 ജിഗാവാട്ട് ആയും 2050-ല്‍ അത് 200 ജിഗാവാട്ട് ആയും ഉയര്‍ത്തുവാനാണ് ഭരണകൂടം ഉന്നം വയ്ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ സൌരോര്‍ജോത്പാദന സ്വപ്നങ്ങള്‍ ഇത്രയും പരിമിതമായാല്‍ മതിയോ?
 
 


 
 
എന്തുകൊണ്ട് സൌരോര്‍ജം?
ശരാശരി 300 വെയില്‍ ദിവസങ്ങളും 1500-2000 വെയില്‍ മണിക്കൂറുകളും ലഭിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ദിവസം ഇന്ത്യയ്ക്ക് ലഭിയ്ക്കുന്ന സൌരോര്‍ജം 4-7 KWh/ചതുരശ്രമീറ്റര്‍ ആണ്. ഊര്‍ജമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം തെരുവുകളിലെയും വീടുകളിലെയും പ്രകാശസ്വാംശീകരണസംവിധാനങ്ങള്‍, സൌരോര്‍ജ റാന്തലുകള്‍ തുടങ്ങിയ സൌരോര്‍ജോല്‍പ്പാദന സംവിധാനങ്ങള്‍മൂലം ഇന്ത്യയ്ക്ക് 20മെഗാവാട്ട്/ചതുരശ്രകിലോമീറ്റര്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള ശേഷിയുണ്ട്. സൈദ്ധാന്തികമായി ഭാരതത്തിന്റെ മൊത്തം സൌരോര്‍ജോല്‍പ്പാദനശേഷി 600 ടെറാവാട്ട് ആണ് (ഇപ്പോഴുല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ മൂവായിരം ഇരട്ടി!).

3% ഭൂമി ഊര്‍ജോത്പാദനത്തിന് മാത്രമായി മാറ്റിവയ്ക്കുന്ന ഇന്ത്യയില്‍ 1% ഭൂമി സൌരോര്‍ജപദ്ധതികള്‍ക്കായി മാറ്റിവയ്ക്കുമെങ്കില്‍ രാജ്യത്തിന്റെ സൌരോര്‍ജോല്‍പ്പാദനം 800 ജിഗാവാട്ട് ആയി ഉയരും (ഇപ്പോഴത്തെ സഞ്ചിത ഉല്‍പ്പാദനത്തിന്റെ നാലിരട്ടി). ഥാര്‍ മരുഭൂമിയില്‍ 35,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തായി ശുപാര്‍ശ ചെയ്യപ്പെട്ട സൌരോര്‍ജ സ്വപ്നപദ്ധതി ഉല്‍പ്പാദിപ്പിക്കുക 700-1200 ജിഗാവാട്ട് ആയിരിക്കും.

“2020-ല്‍ 22 ജിഗാവാട്ട് സൌരോര്‍ജം” (20 ജിഗാവാട്ട് ഗ്രിഡ് വിതരണ വൈദ്യുതി + 2 ജിഗാവാട്ട് ഗ്രിഡ് വിതരണത്തിന് വിധേയമല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി) എന്ന ലക്ഷ്യത്തിനായി ഇന്ത്യ എണ്‍പതിനായിരം കോടി മുതല്‍ 1 ലക്ഷം കോടി രൂപ വരെ ചെലവ് പ്രതീക്ഷിയ്ക്കുന്നു. 2 ജിഗാവാട്ട് ഉല്‍പ്പാദിപ്പിക്കുവാന്‍ പതിനാലായിരം കോടി രൂപയിലധികം നിര്‍മ്മാണച്ചെലവുണ്ടായ കൂടംകുളം ആണവനിലയത്തെ മേല്‍പ്പറഞ്ഞ ബജറ്റുമായി താരതമ്യം ചെയ്താല്‍ 22 ജിഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഒരു ആണവപദ്ധതിക്കായി 1.5 ലക്ഷം കോടി രൂപ ചിലവഴിക്കേണ്ടി വരും. അതായത് ഒരേ അളവ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആണവനിലയം നിര്‍മ്മിക്കുവാന്‍ സൌരോര്‍ജപദ്ധതിയേക്കാള്‍ ഏറ്റവും കുറഞ്ഞത് അന്‍പതിനായിരം കോടി രൂപ അധികം വേണം. ഇന്ധനവിലയും മാലിന്യനിര്‍മ്മാര്‍ജനവുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനച്ചിലവ് വേറെയും. ഒരു ആണവനിലയം ഡീക്കമ്മീഷന്‍ ചെയ്യുവാനുള്ള ശരാശരി ചെലവ് 16,000 കോടി രൂപയാണ്!

കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡ് പതിനായിരം വീടുകളില്‍ സൌരോര്‍ജപാനലുകള്‍ സ്ഥാപിച്ച് 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ആശാവഹമായ ഈ പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്ന തുക ഇരുപത് കോടി രൂപയാണ്. ഈ പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിച്ചാല്‍ ഇരുപത് ലക്ഷം വീടുകളും 12,000 കോടി രൂപയും മതിയാകും.

പതിനേഴാം ഊര്‍ജസര്‍വ്വേപ്രകാരം 2017-ല്‍ കേരളത്തിനാവശ്യമായ അധികവൈദ്യുതിയായ 2 ജിഗാവാട്ട് ഉത്പാദിപ്പിക്കുവാന്‍ (ഇപ്പോള്‍ കേന്ദ്രസഹായമടക്കം 2.5 ജിഗാവാട്ട് ആണ് കേരളത്തിന്റെ മൊത്തം വൈദ്യുതോത്പാദനം). ഇതില്‍ത്തന്നെ മൂന്നിലൊന്ന് വിഹിതം കേന്ദ്രസര്‍ക്കാരും മൂന്നിലൊന്ന് ഉപഭോക്താക്കളുമാണ് സൌരോര്‍ജോത്പാദനനയമനുസരിച്ച് സ്വാഭാവികമായും വഹിക്കുക. ബാക്കി മൂന്നിലൊന്നായ 4,000 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കേണ്ടിവരിക.

പുതുവൈപ്പിനില്‍ പെട്രോനെറ്റിന്റെയും ഗെയില്‍ ഇന്ത്യയുടെയും സഹകരണത്താല്‍ നിര്‍മ്മിയ്ക്കുന്ന 1.3 ജിഗാവാട്ട് പ്രകൃതിവാതക വൈദ്യുതപദ്ധതിയ്ക്ക് നിര്‍മ്മാണച്ചെലവ് 3,500 കോടി രൂപയാണെന്ന് ഓര്‍മ്മിയ്ക്കുക. നിര്‍മ്മാണശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി ഏഴുരൂപയ്ക്കും പത്തുരൂപയ്ക്കുമിടയില്‍ വില വരുന്ന ഇന്ധനം ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുവാനാണ് പദ്ധതിയെന്നും ഓര്‍മ്മിയ്ക്കുക.

മുന്‍കാലങ്ങളില്‍ സൌരോര്‍ജപദ്ധതികള്‍ വളരെ ചെലവേറിയതായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് 2011 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ 2009 ഡിസംബറില്‍ പണിതീര്‍ത്ത 3 മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ നിര്‍മ്മാണച്ചെലവ് (ആദ്യമൂന്നുവര്‍ഷത്തെ മെയിന്റനന്‍സ് ചെലവ് സഹിതം) 60 കോടി രൂപ ആയിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ തന്നെ പുതുതായി നിര്‍മ്മിച്ച 3 മെഗാവാട്ട് ശേഷിയുള്ള റായ്ച്ചൂര്‍ സൌരോര്‍ജപദ്ധതിയുടെ നിര്‍മ്മാണച്ചെലവ് 43.5 കോടി രൂപയായി കുറഞ്ഞു. ഈ കണക്കുകള്‍ വിശകലനം ചെയ്താല്‍ 2011 ഓഗസ്റ്റില്‍ 1 ജിഗാവാട്ട് സൌരവൈദ്യുത പദ്ധതി നടപ്പിലാക്കുവാന്‍ 14,500 കോടി രൂപ ചെലവ് ആകുമായിരുന്നു. 2009 ഡിസംബറില്‍ 20,000 കോടി രൂപ വേണ്ടിവരുമായിരുന്നു ഇതേ ശേഷിയുള്ള സൌരോര്‍ജപദ്ധതി നടപ്പിലാക്കുവാനെന്ന് പ്രത്യേകം ഓര്‍മ്മിക്കണം.

2011 അവസാനമായപ്പോഴേയ്ക്കും 1 ജിഗാവാട്ട് സോളാര്‍ വൈദ്യുതപദ്ധതിയുടെ നിര്‍മ്മാണച്ചെലവ് 10,000 കോടിയായി കുറഞ്ഞു. സൌരോര്‍ജവൈദ്യുതിയ്ക്ക് ആവശ്യമായ നിര്‍മ്മാണസാമഗ്രികളുടെ വിലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 40% കുറവുണ്ടായി. സൌരവൈദ്യുതിയുടെ വിലയില്‍ ഓരോ വര്‍ഷവും 7% വരെ കുറവുണ്ടാകുമെന്ന് കെ.പി.എം.ജി പറയുന്നു. അതേ സമയം പരമ്പരാഗതവൈദ്യുതിയുടെ വില ഭാവിയില്‍ 5.5% വീതം ഓരോ വര്‍ഷവും ഉയരും. സോളാര്‍ വൈദ്യുതി വളരെ ലാഭകരമായ അവസ്ഥയിലേയ്ക്ക് കുതിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. 2014-ല്‍ സോളാര്‍ വൈദ്യുതി ഇന്ത്യന്‍ വൈദ്യുതഗ്രിഡിന് തുല്യമോ ലാഭകരമോ ആയ നിരക്കില്‍ ലഭ്യമാകുമെന്നും വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതായത് ഭാവിയില്‍ നിലവില്‍ വരാന്‍ പോകുന്ന സൌരോര്‍ജപദ്ധതികളെല്ലാംതന്നെ ആണവോര്‍ജനിലയങ്ങളേക്കാള്‍ ലാഭകരമായിരിക്കും; സുരക്ഷിതവും.

ഇതര ഊര്‍ജോത്പാദനമാര്‍ഗങ്ങളെ അപേക്ഷിച്ച് സോളാര്‍ പദ്ധതികളുടെ നടത്തിപ്പിന് ചെലവ് കുറവാണ്. കോലാര്‍ സോളാര്‍ പ്ലാന്റിലെ വിഗദ്ധ, അവിദഗ്ദ്ധ ജീവനക്കാരുടെ ആകെ എണ്ണം 13 മാത്രമാണ്. കൃത്യമായ ഇടവേളകളില്‍ സോളാര്‍ പാനലുകള്‍ വൃത്തിയാക്കുകയും ഇന്‍വെര്‍ട്ടറുകള്‍ക്ക് കേടുപാടുകളുണ്ടായാല്‍ അവ പരിഹരിക്കുകയും മാത്രമാണ് പ്രധാന ജോലി.

ആഗോളതലത്തില്‍ ഇന്ന് ഏറ്റവുമധികം വേഗതയില്‍ (35% വാര്‍ഷിക വളര്‍ച്ച) വളര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജോത്പാദനമേഖല സൌരോര്‍ജസാങ്കേതികവിദ്യയാണ്. പക്ഷേ സൌരോര്‍ജഗവേഷണരംഗത്ത് ഇന്ത്യ വളരെ പുറകിലാണ്.സൌരോര്‍ജസാങ്കേതികവിദ്യ കൂടുതല്‍ സാമ്പത്തികമായി ലാഭകരമാക്കുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുവാനുള്ള ഗവേഷണങ്ങളില്‍ ഭാരതം പൂര്‍വ്വാധികം ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എങ്കില്‍ മാത്രമേ ഭൂമിയിലെ ഇന്ധനനിക്ഷേപങ്ങളൊക്കെ അനുദിനം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് സാമ്പത്തികസുരക്ഷ സഹിതം പരിഹാരം കാണുവാനാകൂ.
 
 

 
 

ഇതര ഊര്‍ജോത്പാദനമാര്‍ഗ്ഗങ്ങള്‍
കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലാഭകരമായ ഒരു പ്രധാനമാര്‍ഗ്ഗം. അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജിയുടെ (DOE) കീഴിലുള്ള ലോറന്‍സ് ബെര്‍ക്ലി ദേശീയ ലബോറട്ടറിയുടെ നിരീക്ഷണത്തില്‍ ഇന്ത്യയുടെ ആകെ പവനോര്‍ജോല്‍പ്പാദനശേഷി 2000 മുതല്‍ 3000 ജിഗാവാട്ട് ആണ് (നമ്മുടെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇത് 102 ജിഗാവാട്ട് മാത്രമാണ്). ഇത് 2017-ലെ ഇന്ത്യയുടെ ആകെയുള്ള ഊര്‍ജാവശ്യങ്ങളുടെ ഏഴിരട്ടിയെങ്കിലും വരും. ഇത്രയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ 0.05% ഭൂമിയേ വേണ്ടി വരികയുള്ളു. കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുവാനായി പ്രത്യേകം പ്രദേശങ്ങള്‍ കണ്ടെത്തേണ്ടതില്ല.

ചില വിദേശരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ കാറ്റാടികള്‍ ധാന്യവയലുകളില്‍ സ്ഥാപിക്കാവുന്നതാണ്. കൃഷിയ്ക്കും പരിസ്ഥിതിയ്ക്കും അധികം കോട്ടം വരാതെയും സ്ഥലമേറെ നഷ്ടപ്പെടുത്താതെയും നമുക്ക് ആവശ്യത്തിന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും. ഒരു ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനാവശ്യമായ പവനോര്‍ജപദ്ധതികള്‍ക്ക് നിലവില്‍ ഇന്ത്യയിലെ ശരാശരി നിര്‍മ്മാണച്ചെലവ് 6,000 കോടി രൂപ മാത്രമാണ്. ഇതും അനുദിനം കുറഞ്ഞുവരികയാണ്. നിര്‍മ്മാണാനന്തരച്ചെലവുകള്‍ തീര്‍ത്തും പരിമിതമായ പവനോര്‍ജപദ്ധതികള്‍ സാമ്പത്തികമായും ലാഭകരമായ ഊര്‍ജോത്പാദനവഴികളാണ്.

തിരമാലകളാണ് മറ്റൊരു പ്രധാന ഊര്‍ജസ്രോതസ്സ്. മൂന്ന് ചുറ്റിനും അതിദീര്‍ഘമായ തീരപ്രദേശമുള്ള ഒരു ഉപഭൂഖണ്ഡമാണ് ഇന്ത്യ. നമ്മുടെ മൊത്തം തീരപ്രദേശം ഏതാണ്ട് 7500 കിലോമീറ്റര്‍ നീളമുള്ളതാണ്. ചെന്നൈ ഐ.ഐ.ടിയില്‍ നടന്ന ഒരു പഠനപ്രകാരം തിരമാലകളില്‍നിന്നുള്ള ഇന്ത്യയുടെ ഊര്‍ജോല്‍പ്പാദനശേഷി സൈദ്ധാന്തികമായി 40 ജിഗാവാട്ട് ആണ് (5-15 മെഗാവാട്ട്/മീറ്റര്‍). പക്ഷേ പ്രായോഗികമായി ഇത്രയും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക സാധ്യമല്ല. എങ്കിലും കുറഞ്ഞപക്ഷം 8-10 ജിഗാവാട്ട് വൈദ്യുതി നിഷ്പ്രയാസം തിരമാലകളില്‍നിന്ന് നമുക്ക് ഉല്‍പ്പാദിപ്പിക്കുവാനാകും.

ജനസാന്ദ്രത ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. മാലിന്യോത്പാദനവും അതിനനുസരിച്ച് വളരെ ഉയര്‍ന്ന നിലയിലാണ്. ഇന്നും നമുക്ക് സമഗ്രമായ ഒരു മാലിന്യനിര്‍മാര്‍ജന നയം രൂപീകരിക്കുവാനായിട്ടില്ല. (ആ അവസ്ഥയില്‍ ഇനി ആണവ മാലിന്യങ്ങള്‍ കൂടി വന്നാല്‍ അവയെ നാം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഇതുവരെയും വ്യക്തമായ ഒരു ഉത്തരം ജനസമൂഹം മുന്‍പാകെയോ കോടതി മുന്‍പാകെയോ ബോധിപ്പിക്കുവാന്‍ നമ്മുടെ ശാസ്ത്രലോകത്തിനും സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല).

ടണ്‍ കണക്കിന് ഉത്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് അവയെ ഊര്‍ജോത്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളായി ഉപയോഗിക്കുവാനുള്ള ശക്തമായ ഒരു ശ്രമം ഇനിയുംസര്‍ക്കാര്‍ നടത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട് രണ്ടാണ് ഗുണം. നമ്മുടെ നാട് ശുദ്ധമാവുകയും വൈദ്യുതിപ്രതിസന്ധിയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണുകയും ചെയ്യാം.
 
 

 
 
സൌരോര്‍ജവും അന്താരാഷ്ട്രമാലിന്യമുക്തവികസനസങ്കല്‍പ്പവും
ക്ലീന്‍ എനര്‍ജി എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന കണ്‍വെന്‍ഷന്‍ (UNFCCC) മുന്നോട്ടുവെച്ച സങ്കല്‍പ്പമാണ് ക്ലീന്‍ ഡവലപ്മെന്റ് മെക്കാനിസം (C.D.M). സി.ഡി.എമ്മിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങള്‍ ശുദ്ധമായ ഊര്‍ജം, ഊര്‍ജക്ഷമത, മാലിന്യസംസ്ക്കരണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുക, പാരിസ്ഥിതിക മലിനീകരണം പരിമിതപ്പെടുത്തുക എന്നിവയാണ്. ഈ ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ക്കാണ് കാര്‍ബണ്‍ ക്രെഡിറ്റുകള്‍ (ഒരു കാര്‍ബണ്‍ ക്രെഡിറ്റ് = അന്തരീക്ഷത്തില്‍ 1 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് കുറവ്) അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് എമിഷന്‍ റിഡക്ഷന്‍സ് (CERs) ലഭിയ്ക്കുക. ഇവ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ലഭിയ്ക്കും.

ഏഷ്യയില്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് സി.ഡി.എമ്മിനെ വലിയ തോതില്‍ പ്രചരിപ്പിച്ചുവരുന്നു. സൌരോര്‍ജപദ്ധതികളും പവനോര്‍ജപദ്ധതികളും ഉള്‍പ്പെടെയുള്ള റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകള്‍ പരിസ്ഥിതിസൌഹാര്‍ദപരമായതുകൊണ്ട് സി.ഡി.എമ്മിന്റെ പരിധിയില്‍ വരുന്നതാണ്. ആഗോള പരിസ്ഥിതിസംരക്ഷണരംഗത്തെ ഏറ്റവും സുപ്രധാന നിര്‍ദേശാവലിയായ ക്യോട്ടോ പ്രോട്ടോക്കോള്‍ അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് എ.ഡി.ബിയുടെ സി.ഡി.എം എക്സിക്യുട്ടീവ് ബോര്‍ഡിന്റെ (ഇ.ബി) കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന സൌരോര്‍ജപദ്ധതികള്‍ക്ക് സി.ഡി.എം പ്രകാരം കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ലഭിയ്ക്കുവാനും അവ അന്താരാഷ്ട്രതലത്തില്‍ വിനിമയം ചെയ്യുവാനും വളരെ എളുപ്പമാണ് (ഗുജറാത്തിലെ സോളാര്‍ പാര്‍ക്കുകള്‍ ഓരോ വര്‍ഷവും 900,000 ടണ്‍ കല്‍ക്കരിയും പ്രകൃതിവാതകവും ലാഭിയ്ക്കുന്നു. എട്ട് മില്യണ്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ നമുക്ക് നേടിത്തരികയും ചെയ്യുന്നു.)

ഇത് ഭാവിയില്‍ സൌരോര്‍ജരംഗത്ത് വരുമാനം കൂട്ടുവാനും കൂടുതല്‍ അന്താരാഷ്ട്രനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും സഹായകമാകും (22 ഡോളറാണ് അന്താരാഷ്ട്രവിപണിയില്‍ ഒരു കാര്‍ബണ്‍ ക്രെഡിറ്റിന്റെ ഇപ്പോഴത്തെ ശരാശരി വിനിമയ നിരക്ക്!). തല്‍ഫലമായി നമുക്ക് ഈ ഊര്‍ജോത്പാദനമേഖലകളെ കൂടുതല്‍ വിപുലപ്പെടുത്തുകയുമാവാം.
 
 


 
 
ഹരിതഭൂമിയുടെ ഭാവിയിലെ ഊര്‍ജസ്രോതസുകള്‍
“ഗോ ഗ്രീന്‍” എന്ന ആഗോളപരിസ്ഥിതിസംരക്ഷണ നയം അന്താരാഷ്ട്രതലത്തില്‍ സര്‍വ്വമേഖലകളിലും വ്യാപിച്ചതോടെ സൌരോര്‍ജപദ്ധതികളിലെ അന്താരാഷ്ട്രസാമ്പത്തികനിക്ഷേപങ്ങള്‍ കുതിച്ചുയരുകയാണ്. വേള്‍ഡ് ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (IFC) 2010-ല്‍ 73 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിച്ചെങ്കില്‍ 2011-ല്‍ അത് 335 കോടിയായി ഉയര്‍ന്നു.

ബ്ലൂംബര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സിന്റെ കണക്കുകള്‍ പ്രകാരം 2011-ല്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ സൌരോര്‍ജരംഗത്ത് നേടിയ നിക്ഷേപം 22,000 കോടി രൂപയാണ്. എന്നാല്‍ വര്‍ഷം തോറും ദൃശ്യമാകുന്ന നിര്‍മ്മാണച്ചെലവിലെ കുറവ് സൌരോര്‍ജപദ്ധതികള്‍ വഴി ഇന്ത്യയ്ക്ക് നേടിത്തരാന്‍ പോകുന്ന വിദേശവിനിമയ ലാഭം 42,000 കോടി രൂപ വരെയാണെന്ന് കെ.പി.എം.ജി സാക്ഷ്യപ്പെടുത്തുന്നു. ഇവയെല്ലാം ഈ മേഖലയില്‍ വളരെയധികം ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്.

ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രം വന്‍കുതിച്ചുചാട്ടം നടത്തിയപ്പോള്‍ ആഗോളതലത്തില്‍ മനുഷ്യജീവിതം ഏറ്റവും അനായാസമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരികയുണ്ടായി. പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തയില്ലാതെയുള്ള ആ പരിഷ്ക്കാരങ്ങള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയാകെ നിലനില്‍പ്പിനെ ബാധിയ്ക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള ബോധം മനുഷ്യനിലുണ്ടായത്. അതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ അടിയന്തിരമായും സമഗ്രമായുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

തല്‍ഫലമായി രൂപപ്പെട്ട അന്താരാഷ്ട്രപരിസ്ഥിതിസംരക്ഷണദര്‍ശനങ്ങളെ ഏറ്റവുമധികം സാധൂകരിയ്ക്കുന്ന ഊര്‍ജോത്പാദനസങ്കല്‍പ്പങ്ങളാണ് സൌരോര്‍ജവും സമുദ്ര, പവനോര്‍ജങ്ങളും വീണ്ടുമുപയോഗിക്കാനാവുന്ന മറ്റ് ജൈവിക ഊര്‍ജസ്രോതസുകളും. ഇവയാണ് ഹരിതഭൂമിയുടെ നാളെയുടെ ഊര്‍ജവഴികളെന്ന് അന്താരാഷ്ട്രപരിസ്ഥിതി സംരക്ഷണരംഗം സാക്ഷ്യപ്പെടുത്തുമ്പോള്‍, ആ വഴികളില്‍ കൂടുതല്‍ ആഗോളശ്രദ്ധപതിയുമ്പോള്‍, ഏതാണ് നൈസര്‍ഗികജൈവികസമ്പത്ത് ഏറെയുള്ളതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഒരു രാജ്യത്തിന് ആവശ്യമായ ഊര്‍ജോത്പാദനസങ്കല്‍പ്പങ്ങളെന്ന് നാം സ്വയം ചിന്തിക്കുക.
 
 


 
 
മാധ്യമങ്ങളും ആണവോര്‍ജരംഗവും: ചില കാണാപ്പുറങ്ങള്‍
അന്താരാഷ്ട്രതലം മുതല്‍ പ്രാദേശികതലം വരെ മാധ്യമങ്ങളും വന്‍കിട കച്ചവട കുത്തകസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം നമുക്ക് പരിചിതമാണ്. എന്നാല്‍ ആണവോര്‍ജരംഗത്തെ കുത്തക കമ്പനികള്‍ക്ക് മാധ്യമങ്ങളുമായുള്ള ബന്ധം നാം ഇതുവരെ കാര്യക്ഷമമായി അന്വേഷിച്ചിട്ടില്ല എന്ന് തോന്നുന്നു. പ്രശസ്തമാധ്യമമായ NBC അന്താരാഷ്ട്ര ആണവ പ്ലാന്റ് നിര്‍മ്മാണരംഗത്തെ കുത്തകഭീമന്മാരിലൊരാളായ അമേരിക്കന്‍ കമ്പനി ജനറല്‍ ഇലക്ട്രിക്കിന്റെ (GE) ഉടമസ്ഥതയിലാണ്. CBS വെസ്റ്റിംഗ്ഹൌസ് ഇലക്ട്രിക് കോര്‍പറേഷന്‍ എന്ന മറ്റൊരു വന്‍കിട അമേരിക്കന്‍ ആണവറിയാക്ടര്‍ നിര്‍മ്മാതാക്കളുടെ കൈവശവും. അമേരിക്കന്‍ നാഷണല്‍ പബ്ലിക് റേഡിയോയുടെ പ്രധാന സാമ്പത്തികസ്രോതസ് ന്യൂസ്റ്റാര്‍ട്ട് എനര്‍ജി എന്ന പുതുതലമുറ ആണവറിയാക്ടര്‍ നിര്‍മ്മാണ ഗ്രൂപ്പാണ്.

നമ്മുടെ ആണവോര്‍ജ കോര്‍പ്പറേഷന്‍ (NPCIL) 2009-ല്‍ വെസ്റ്റിംഗ്ഹൌസ്, ജനറല്‍ ഇലകട്രിക് – ഹിറ്റാച്ചി, അറീവ (ഫ്രാന്‍സ്) എന്നീ റിയാക്ടര്‍ നിര്‍മ്മാതാക്കളുമായി കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇത്തരം ആണവറിയാക്ടര്‍ നിര്‍മ്മാതാക്കളുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങള്‍ അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ജനങ്ങള്‍ക്കിടയില്‍ എന്ത് സന്ദേശമായിരിക്കും പ്രചരിപ്പിക്കുക എന്നത് മനസിലാക്കുവാന്‍ അധികം തല പുകയ്ക്കുകയൊന്നും വേണമെന്നില്ല. NBC പോലുള്ള മാധ്യമചാനലുകള്‍ക്ക് ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനിടയില്‍ പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ലോകത്തില്‍ എത്ര മാത്രം സ്വാധീനമുണ്ട് എന്ന് നമുക്ക് നന്നായറിയാം. ആ സ്ഥിതിയ്ക്ക് മധ്യവര്‍ഗ്ഗ, കോര്‍പ്പറേറ്റ് ലോകങ്ങളില്‍നിന്ന് ആണവോര്‍ജപദ്ധതികളെ അനുകൂലിച്ച് ശബ്ദങ്ങളുയരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
 
 

 
 
ഫുകുഷിമ ആവര്‍ത്തിക്കില്ലായിരിക്കാം; പക്ഷേ,
ഫുകുഷിമയില്‍ ആണവദുരന്തമുണ്ടായപ്പോള്‍ ആളപായങ്ങള്‍ ഉണ്ടായില്ല എന്നത് ശരി തന്നെയാണ്. പക്ഷേ ആണവദുരന്തങ്ങള്‍ നൈമിഷികമായ ദുരന്തങ്ങള്‍ അല്ല എന്ന വസ്തുത വിസ്മരിക്കുവാനാകില്ല. അവ ദീര്‍ഘകാലപ്രഹരശേഷിയുള്ള (ചിലപ്പോള്‍ തലമുറകളോളം) ദുരന്തങ്ങളാണ്. ചെര്‍ണോബില്‍ ദുരന്തമുണ്ടായിട്ട് പതിറ്റാണ്ടുകളായിട്ടും ഇന്നും അതിന്റെ ദുരന്താനുഭവത്തിന്റെ അലകള്‍ ഒടുങ്ങിയിട്ടില്ല. ചെര്‍ണോബില്ലിലെ ആണവവികിരണം മൂലം വര്‍ഷങ്ങളിലൂടെ ക്യാന്‍സര്‍ ബാധിച്ചവര്‍ റഷ്യയില്‍ വളരെയുണ്ട്. ഫുകുഷിമയിലെ ആണവവികിരണത്തിന്റെ പ്രഹരശേഷിയുടെ പരിധികള്‍ പരിശോധിയ്ക്കുമ്പോള്‍ തത്സമയ ആഘാതങ്ങള്‍ക്കപ്പുറം ഈ വസ്തുത കൂടി നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ഫുകുഷിമ ദുരന്തത്തിന് ശേഷം ജപ്പാന്റെ 8% പ്രദേശം ആണവവികിരണത്താല്‍ മലിനമായിത്തീര്‍ന്നപ്പോള്‍ 3% പ്രദേശം തീര്‍ത്തും ജനവാസയോഗ്യമല്ലാതായിത്തീര്‍ന്നു. അന്തരീക്ഷത്തിലെ അനുവദനീയമായ ആണവവികിരണത്തിന്റെ വാര്‍ഷിക തോത് 20 മില്ലിസിവെറ്റ് ആയി ഉയര്‍ത്തേണ്ടിവന്നു ജപ്പാന്. അവര്‍ക്ക് മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. അമേരിക്കന്‍ ദേശീയ ശാസ്ത്ര അക്കാദമിയുടെ ബയോളജിക്കല്‍ എഫക്ട്സ് ഓഫ് അയണൈസിംഗ് റേഡിയേഷന്‍ റിപ്പോര്‍ട്ട് (BEIR 6) പ്രകാരം അഞ്ച് വര്‍ഷക്കാലം 20 മില്ലിസിവെറ്റ്/വര്‍ഷം അണുവികിരണം ഏല്‍ക്കുന്ന കുട്ടികളില്‍ മുപ്പതിലൊരാള്‍ക്ക് അര്‍ബുദം നിശ്ചയമായും ബാധിയ്ക്കും.

ഫുകുഷിമയിലെ 3 പ്രദേശങ്ങളില്‍ നടത്തിയ സര്‍വേ പറയുന്നത് സര്‍വേയ്ക്ക് വിധേയരാക്കിയ 1080 കുട്ടികളില്‍ 45% കുട്ടികളുടെയും തൈറോയിഡ് ഗ്രന്ഥികള്‍ ശക്തമായ ആണവവികിരണത്തിന് വിധേയമായിരിക്കുന്നു എന്നാണ്. പ്രതിരോധമാര്‍ഗമായി അയഡിന്‍ വിതരണം ചെയ്തുവെങ്കിലും വളരെ വൈകിപ്പോയിരുന്നു. (ഇന്ത്യ പോലെ അങ്ങേയറ്റം ജനനിബിഢമായ ഒരു രാജ്യത്ത് ആണവവികിരണപ്രശ്നമുണ്ടായാല്‍ എത്രത്തോളം കാര്യക്ഷമമായി നമുക്ക് ജനങ്ങളെ വികിരണപരിധിയില്‍നിന്ന് ഒഴിവാക്കാനാകുമെന്ന് ചിന്തിക്കുക.)

ഫുകുഷിമയോ ചെര്‍ണോബില്ലോ കൂടംകുളത്ത് ആവര്‍ത്തിക്കില്ല എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. ശരിയായിരിക്കാം. പക്ഷേ സര്‍ക്കാരിനോ ശാസ്ത്രജ്ഞര്‍ക്കോ ഇതുവരെ വിഭാവനം ചെയ്യാന്‍ കഴിയാത്ത ഒരു ദുരന്തം സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമായി ഉയര്‍ന്ന് നില്‍ക്കുന്നു.

കാരണം വലിയ ദുരന്തങ്ങള്‍ മനുഷ്യന്റെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയല്ലാതെ (ഉദാ: ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ തുടര്‍ച്ചയായ ദുരന്തങ്ങള്‍) ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല. അപ്രതീക്ഷിതമായ ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞാല്‍, ഭാവിയില്‍ അങ്ങനെയൊന്ന് സംഭവിക്കുവാതിരിക്കാന്‍ മനുഷ്യന്‍ എന്നും മുന്‍കരുതലുകള്‍ എടുത്തിരുന്നു. പിന്നെ പ്രശ്നം ഉണ്ടാവുക, അവന്‍ ഒരിക്കലും ചിന്തിക്കാത്ത, അല്ലെങ്കില്‍ ശ്രദ്ധിയ്ക്കാത്ത, അതുമല്ലെങ്കില്‍ വിദൂരമായൊരു ദുരന്തസാധ്യത പോലുമില്ലെന്ന് അവന്‍ വിചാരിയ്ക്കുന്ന മറ്റൊരു മേഖലയിലായിരിക്കും. അപ്പോള്‍ മാത്രമായിരിക്കും ആ ഒരു സാധ്യത തങ്ങള്‍ ചിന്തിച്ചിരുന്നില്ലല്ലോ എന്ന് അവന്‍ ഓര്‍ക്കുന്നത്. മനുഷ്യനിര്‍മ്മിതമായ എല്ലാ പദ്ധതികള്‍ക്കും വസ്തുക്കള്‍ക്കും ബാധകമായൊരു സത്യമാണത്.

സാധ്യതകളെപ്പറ്റി “മര്‍ഫിയുടെ നിയമം” എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ ഒരു സിദ്ധാന്തമുണ്ട് – “If anything can go wrong, It will go wrong.” എന്തെങ്കിലും പിഴവിന് ഒരു വിദൂരസാധ്യതയെങ്കിലുമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സംഭവിക്കും എന്ന് മര്‍ഫിയുടെ നിയമം പറയുന്നു. ഇത് അതിശയോക്തി കലര്‍ന്ന ഒരു സിദ്ധാന്തമാണ് എന്ന് പ്രഥമദൃഷ്ട്യാ തോന്നാം. പക്ഷേ നിത്യജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു സിദ്ധാന്തമാണ് മര്‍ഫിയുടെ നിയമം. മനുഷ്യനിര്‍മ്മിതമായ ഒരു ഉപകരണവും “റിസ്ക് ഫ്രീ” അല്ല എന്ന ശാശ്വതസത്യം നിലനില്‍ക്കുമ്പോള്‍ മര്‍ഫിയുടെ നിയമത്തിന് ഈ വിഷയത്തിലും പ്രാധാന്യമുണ്ട്.
 
 

 
 

ആണവമാലിന്യങ്ങള്‍ എന്ത് ചെയ്യും?
ഒരു ജിഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഒരു ആണവറിയാക്ടര്‍ ഒരു വര്‍ഷം പുറം തള്ളുക 27 ടണ്‍ ആണവമാലിന്യമാണ്. കൂടംകുളത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആണവമാലിന്യങ്ങള്‍ എന്ത് ചെയ്യുമെന്നുള്ള ചോദ്യത്തിനും വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ശാസ്ത്രസമൂഹത്തിന് ആയിട്ടില്ല ഇതുവരെ. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഡോ.ബാലു ആണവമാലിന്യം സംസ്ക്കരിക്കുവാന്‍ മാര്‍ഗമുണ്ട് എന്ന് പ്രസ്താവിച്ചെങ്കിലും അത് എന്താണെന്ന് നിയമവ്യവസ്ഥിതി മുന്‍പാകെയോ പൊതുസമൂഹം മുന്‍പാകെയോ വിശദീകരിക്കുകയുണ്ടായില്ല.

കൂടംകുളം ആണവനിലയം നിര്‍മ്മിയ്ക്കുന്ന റഷ്യയുടെ ആണവസാങ്കേതികവിദ്യ ലോകത്ത് നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ജപ്പാനും രണ്ടാം സ്ഥാനത്തുള്ള അമേരിക്കയ്ക്കും പോലും സമഗ്രവും സുരക്ഷിതവുമായൊരു ആണവമാലിന്യനിര്‍മ്മാര്‍ജനമാര്‍ഗം ഫലപ്രദമായി ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഇന്നും ശക്തമായ കോണ്‍ക്രീറ്റിനാല്‍ ആവരണം ചെയ്ത്, ഉരുക്കുപെട്ടികളില്‍ ആണവമാലിന്യം സൂക്ഷിയ്ക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഭാവിയില്‍ ഫലപ്രദമായ ഒരു വഴി തെളിയുമ്പോള്‍ നിര്‍മാര്‍ജനം ചെയ്യാം എന്നാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന മാലിന്യനിര്‍മ്മാര്‍ജനനയം.

(അമേരിക്കന്‍ ജനതയുടെ മുന്‍പില്‍ ആണവമാലിന്യപ്രശ്നം ഇതുവരെ ഗൌരവമാര്‍ജിച്ചിട്ടില്ലെന്ന വസ്തുതയും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ വന്‍കിട ആണവറിയാക്ടര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള സ്വാധീനവും തമ്മിലുള്ള ബന്ധം ഇത്തരുണത്തില്‍ ചിന്തനീയമാണ്).

ഭാരതസര്‍ക്കാരിന് ആണവസുരക്ഷയെ സംബന്ധിച്ച് ഇതുവരെയും സമ്പൂര്‍ണമായൊരു നയം രൂപീകരിക്കുവാനായിട്ടില്ല. നിര്‍ദിഷ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുവാന്‍ പോലും ഇതുവരെ കൂടംകുളത്തിന് കഴിഞ്ഞിട്ടില്ല. സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചില്ലെങ്കിലും നിലയത്തിന് പ്രശ്നമുണ്ടാവില്ല എന്ന, തികച്ചും നിരുത്തരവാദപരമായ ഒരു ഉറപ്പ് സാമാന്യമായ ലോകവിവരമുള്ള ഒരു ജനത എങ്ങനെയാണ് സ്വീകരിയ്ക്കുക?

കൂടംകുളം നിലയത്തിന്റെ നിര്‍മ്മാണക്കരാറില്‍ ഒരു ആണവദുരന്തമുണ്ടായാല്‍ കമ്പനിയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കമ്പനിയ്ക്കും സര്‍ക്കാറിനും ഉത്തരവാദിത്വമില്ലെങ്കില്‍ പിന്നെ ആരാണ് ഒരു ദുരന്തമുണ്ടായാല്‍ ബാധ്യത ഏല്‍ക്കുക എന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിക്കുന്നു. ഈയവസരത്തില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് വിഷവാതകദുരന്തവും ഇന്നും നീതികിട്ടാത്ത അതിന്റെ ഇരകളെയും നാം വിസ്മരിക്കുവതെങ്ങിനെ?
 
 


 
 

സര്‍ക്കാര്‍ ആരുടേതാണ്??
കാര്യങ്ങള്‍ ഇത്രയും വ്യക്തമായ സ്ഥിതിയ്ക്ക്, ജനങ്ങളുടെ കടുത്ത എതിര്‍പ്പ് സമ്പാദിച്ചുകൊണ്ട് സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ്, ആരെ സഹായിക്കുവാനായാണ് ആണവപദ്ധതികളുമായി മുന്‍പോട്ട് പോകുന്നതെന്ന് ഇനി നമുക്ക് ന്യായമായും സംശയിക്കാം. സാമ്പത്തികപരിഷ്ക്കരണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ അന്ധമായ ജനദ്രോഹപരമായ നടപടികളും വിദേശസാമ്പത്തികനയങ്ങളും ആ സംശയത്തിന് ബലം നല്‍കുന്നുമുണ്ട്.

ആണവനിലയങ്ങളുടെ പ്രാധാന്യം പെരുപ്പിച്ച് കാണിക്കുന്നതിലൂടെയും സുരക്ഷിതവും ലാഭകരവുമായ മറ്റ് മാര്‍ഗങ്ങളെ തമസ്ക്കരിക്കുന്നതിലൂടെയും അധികാരകേന്ദ്രങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അതുകൊണ്ടാണ് പൊതുസമൂഹത്തില്‍നിന്ന് ഭിന്നസ്വരങ്ങള്‍ അങ്ങേയറ്റം സെന്‍സിറ്റീവ് ആയ ഈ വിഷയത്തിലും ഉണ്ടാകുന്നത്. കൂടംകുളത്ത് ആണവനിലയം വന്നാലും തങ്ങള്‍ ദൂരം കൊണ്ട് സുരക്ഷിതരാണെന്ന ബോധവും ഊര്‍ജപ്രതിസന്ധിയെക്കുറിച്ചുള്ള വേവലാതിയും ആണവനിലയത്തെ അനുകൂലിക്കുന്ന മധ്യവര്‍ഗ്ഗ, ഉപരിവര്‍ഗ്ഗ സ്വരങ്ങളെ സ്വാധീനിച്ചിരിയ്ക്കാം.

ഊര്‍ജപ്രതിസന്ധിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവ്യക്തമായ ഒരു അടിയന്തിരാവസ്ഥ സൃഷ്ടിച്ചുകൊണ്ട്, ഭാവിയില്‍ ബാധ്യതയായേക്കാവുന്ന, വന്‍സാമ്പത്തികച്ചെലവുള്ള ആണവപദ്ധതികള്‍ക്കുപുറകെ തിരക്കിട്ട് പോകുന്നതിന് പകരം ഇനിയെങ്കിലും പ്രസരണശ്രംഖലയുടെ നിലവാരം മെച്ചപ്പെടുത്തുക, വൈദ്യുതിമോഷണം തടയുക, കുടിശിഖകള്‍ കാര്യക്ഷമമായി തിരിച്ചടപ്പിക്കുക, ഇന്ധനഖനനത്തിനും വിതരണത്തിനും ആധുനികവും വിപുലവുമായ സാങ്കേതികസൌകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ അത്യാവശ്യനടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഇപ്പോള്‍ ലഭ്യമായ വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടെന്താണ് വിശേഷം? ഇരിക്കുന്നതിനുമുന്‍പ് വീണ്ടും വീണ്ടും കാലുനീട്ടിയാല്‍ തുടര്‍ച്ചയായ വീഴ്ച മാത്രമായിരിക്കും ഫലം!

ഇന്ത്യന്‍ ശാസ്ത്രലോകവും സര്‍ക്കാറും ജനങ്ങളോട് പറഞ്ഞുവയ്ക്കുന്നതിതാണ് – “ആണവോര്‍ജമാണ് നാളത്തെ ഇന്ത്യയുടെ പ്രധാന ഊര്‍ജോത്പാദനമാര്‍ഗം. അനുദിനം വര്‍ദ്ധിച്ച് വരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ ആണവോര്‍ജത്തെ ആശ്രയിച്ചേ തീരൂ. ആണവോര്‍ജപദ്ധതികള്‍ അപകടകാരികളാണെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല. അവ അങ്ങേയറ്റം സുരക്ഷിതമാണ്.”

എന്നാല്‍ ഇതുവരെ ഈ വിശകലനക്കുറിപ്പില്‍, കാര്യകാരണസഹിതം വിവരിച്ച കണക്കുകളുടെയും വിശദീകരണങ്ങളുടെയെല്ലാം ആകെത്തുകയായി രാജ്യത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന പുതിയ വീക്ഷണമിതാണ്

-“ആണവോര്‍ജപദ്ധതികളുടെ സുരക്ഷാനിലവാരമല്ല ഇവിടെ പ്രധാനം. അത് എന്തുമാകട്ടെ! പക്ഷേ, നമ്മുടെ രാജ്യത്ത്, ആണവോര്‍ജസങ്കല്‍പ്പത്തേക്കാള്‍ സാമ്പത്തികമായി ലാഭകരവും പരിസ്ഥിതിസൌഹാര്‍ദ്ദപരവും അന്താരാഷ്ട്രസമൂഹത്തിന് മാതൃകയാകാന്‍ സാധിയ്ക്കുന്ന തരത്തിലുള്ളതുമായ വന്‍കിട (റിന്യൂവബിള്‍) ഊര്‍ജപദ്ധതികളുടെ സാധ്യതകള്‍ പകല്‍ പോലെ തെളിഞ്ഞ് കിടക്കുമ്പോള്‍ ജനങ്ങളെ ഭയപ്പെടുത്തി, കൂടുതല്‍ പണച്ചെലവും പരിസ്ഥിതിമലിനീകരണസാധ്യതയുമുള്ള ആണവോര്‍ജപദ്ധതികള്‍ നടപ്പിലാക്കുന്നത് ജനവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്.

കാരണം ജനങ്ങളാണ് നികുതികള്‍ വഴി ഇതിനുള്ള പണം നല്‍കുന്നത്. തങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് ചൂണ്ടിക്കാണിക്കുവാനുള്ള അവകാശം ജനത്തിനുണ്ട്. തിരഞ്ഞെടുപ്പുസമയത്ത് വോട്ട് രേഖപ്പെടുത്തുന്നതോടുകൂടി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യപരമായ അവകാശങ്ങളും അവസാനിയ്ക്കുന്നു എന്ന് സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും കരുതുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ ധാരണയാണെന്ന് ഇനിയെങ്കിലും അവര്‍ മനസിലാക്കണം. കൂടുതല്‍ മികച്ച വഴി ജനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ സര്‍ക്കാര്‍ ആ വഴികള്‍ പരിഗണിച്ചേ മതിയാകൂ. കണ്ണും കാതുമില്ലാത്ത ഒരു ഭരണസംവിധാനമല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യം. അവര്‍ക്ക് ഊര്‍ജം മാത്രമല്ല പ്രധാനം. തങ്ങളുടെ നാട്ടിലെങ്കിലും തങ്ങള്‍ സുരക്ഷിതരെന്ന വിശ്വാസമാണ്, സമാധാനമാണ് ജീവിയ്ക്കുവാന്‍ ഏറ്റവും പ്രധാനം.”

 
 

കുടംകുളത്തിന് രണ്ട് കവിതകള്‍

കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

കൂടംകുളം: കേരളമേ കണ്‍തുറക്കുക

ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു
 
 

15 thoughts on “ഇനി പറയൂ, ആണവനിലയങ്ങള്‍ നമുക്ക് വേണമോ?

 1. ബിനു ,
  തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. വസ്തു നിഷ്ടമായ പഠനത്തിന്റെ സഹായത്തോടെ ഇന്ത്യയുടെ ഊര്‍ജ ഉത്പാദന വിതരണ രംഗത്തെ പാളിച്ചകള്‍ വിശകലനം ചെയ്തിരിക്കുന്നു . സൌര ഊര്‍ജം പ്രോട്സഹിപ്പികാന്‍ ഭരണകൂടങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും . ഉദാഹരണത്തിന് നികുതി ഇളവുകള്‍ ഏര്‍പെടുത്തുക മുതലായവ .
  any way you did very appreciating work

 2. വളരെ നല്ല ലേഖനം , ഇന്ത്യ സോളാര്‍ എനര്‍ജി യുടെ കാര്യത്തില്‍ വളരെ പുറകിലാണ്, അതിനു വേണ്ട ഗവേഷണങ്ങളും ഇവിടെ നടക്കുന്നില്ല . ലോകത്തിലെ ആദ്യത്തെ പത്തു solar company ല്‍ മൂന്ന് എണ്ണം ചൈനയുടെ ആണ്. ഭാവിയില്‍ സൌര ഊര്‍ജം തന്നെയായിരിക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ എന്നതില്‍ സംശയമില്ല

 3. ബിനു, നല്ല ലേഖനം. ഇത്രേം വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന്.

 4. ഡിസംബര്‍ 2011ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 300 കോടി ജനങ്ങള്‍വൈദ്യുതിരഹിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു.?????
  അപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ എത്രവരും?
  അതുമാത്രമല്ല,സോളാര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടു ഉത്പാദനം പകല്‍ മാത്രം സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് മാത്രമേ നടക്കൂ എന്ന്പരാമര്ശിക്കുനില്ല.
  ബാക്കി 18 മണിക്കൂര്‍ സമയത്തേക്ക് വേറെ മാര്‍ഗം കാണേണ്ടതുണ്ട് ,ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്തു ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് പത്തിരട്ടിയോളം കൂടും .യൂണിറ്റിനു 40 രൂപവരെ (അവലംബം അനെര്‍ട്ട്)
  സോളാര്‍ വിപ്ലവം സൃഷ്ടിച്ച ജര്‍മ്മനിയില്‍ പോലും പകല്‍ സമയത്ത് മാത്രമേ സൌരോര്‍ജ്ജം ഉപയോഗിക്കുന്നുള്ളൂ .
  http://upload.wikimedia.org/wikipedia/commons/c/c9/Germany_Electricity_Generation_5-25-26-2012.png
  വ്യവസായങ്ങള്‍ക്കും മറ്റും പ്രവത്തിക്കുന്ന പകല്‍ സമയത്തെ പീക്ക് ലോഡ് നേരിടാമെന്ന് മാത്രം.

  • ടൈപ്പിങ്ങ് എറര്‍ ആയിരുന്നു, 30 കോടി ആയി തിരുത്തിയിട്ടുണ്ട്

   എഡിറ്റര്‍ 

 5. നൌഫല്‍,

  ക്ഷമിക്കണം, 300 കോടിയല്ല, 30 കോടിയാണ്. അക്ഷരപ്പിശക് മൂലം സംഭവിച്ച ഒരു തെറ്റാണത്. ചൂണ്ടിക്കാട്ടിയതിന് നന്ദി.

 6. There are now over 430 commercial nuclear power reactors operating in 31 countries, with 372,000 MWe of total capacity. They provide about 13.5% of the world’s electricity as continuous, reliable base-load power, and their efficiency is increasing. 56 countries operate a total of about 240 research reactors and a further 180 nuclear reactors power some 150 ships and submarines.

  Indian reactors have been small, many of them 200 net MW(e) or less in capacity. By comparison, one fourth of the world’s reactors (including many of the newer ones) are 1,000 net MW(e), or more in capacity.

  Megawatt capacity and Nuclear share % of electricity production:
  United States 101,409 (19.3%)
  France 63,130 (77.1%)
  Japan 44,215 (18.1%)
  Russia 23,643 (17.6%)
  South Korea 20,671 (34.6%)
  Ukraine 13,107 (47.2%)
  Canada 12,604 (15.3%)
  Germany 12,003 (17.8%)
  China 11,816 (1.9%)
  United Kingdom 9,703 (15.7%)
  Sweden 9,326 (39.6%)
  Spain 7,567 (19.5%)
  Belgium 5,927 (54.0%)
  Taiwan 4,927 (20.7%)
  India 4,780 (3.7%)

  India produce only 4,780 Megawatt capacity from nuclear as compare to USA has 101,409 Megawatt capacity……no wonder why india has electricity shortage…even China produce 11,816 Megawatt…two times more electricity from nuclear power than India…..and the Chinese are plan to increase the nuclear power production to 100,000 Megawatt.

 7. അര്‍ജുന്‍,

  ഞാന്‍ ഒരു കാര്യം ഒന്നുകൂടി പോയിന്റ് ഔട്ട് ചെയ്യേണ്ടിയിരിക്കുന്നെന്ന് തോന്നുന്നു. ലേഖനത്തിന്റെ തുടക്കത്തിലെ പറഞ്ഞ കാര്യമാണ്. എങ്കിലും:

  “ആദ്യമേ പറയാനുള്ള സംഗതിയെന്തെന്നാല്‍, ആണവോര്‍ജപദ്ധതികള്‍ ശരിയോ തെറ്റോ, അല്ലെങ്കില്‍ അവയുടെ അപകടസാധ്യതകളും സുരക്ഷാമാനദണ്ഡങ്ങളും എത്രത്തോളം എന്ന് അന്വേഷിക്കുകയല്ല ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശം. മറിച്ച്, ആണവോര്‍ജപദ്ധതികള്‍ക്കപ്പുറം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭാവിയില്‍ ആശ്രയിക്കാവുന്ന, പ്രധാന ഊര്‍ജോത്പാദനമാര്‍ഗമെന്ന നിലയില്‍ വികസിപ്പിച്ചെടുക്കാനാവുന്ന, ആണവപദ്ധതികളേക്കാള്‍ ലാഭകരമായ ബദല്‍ മാര്‍ഗങ്ങള്‍ എന്തെങ്കിലുമുണ്ടോ, അവയേതൊക്കെ എന്നുള്ള അന്വേഷണമാണ് ഇത്.”

  ഈ ലേഖനത്തില്‍ എവിടെയും ഞാന്‍ വിദേശരാജ്യങ്ങളില്‍ അടച്ചുപൂട്ടിയ ആണവനിലയങ്ങളുടെ എണ്ണമോ, ആണവോര്‍ജത്തെ നിരാകരിച്ച് വരുന്ന രാജ്യങ്ങളുടെ കണക്കെടുപ്പോ നടത്തിയിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കണം. വിദേശരാജ്യങ്ങള്‍ എന്തു ചെയ്യുന്നു എന്നുള്ളതല്ല പ്രധാനം. വിദേശരാജ്യങ്ങളെ മാതൃകയാക്കുക എന്നതിലുപരി വിദേശരാജ്യങ്ങള്‍ക്ക് നാം മാതൃകയാകുക എന്ന ആശയമാണ് പ്രധാനം. ആണവേതരമാര്‍ഗങ്ങളിലൂടെയുള്ള ഊര്‍ജരംഗത്തെ സമ്പൂര്‍ണ സ്വയംപര്യാപ്തതയ്ക്കുള്ള മാര്‍ഗങ്ങളാണ് ഇവിടെ മുന്‍പോട്ട് വയ്ക്കുവാനുള്ളത്. അവ മുന്‍പിലുള്ളപ്പോള്‍ പിന്നെ വിദേശരാജ്യങ്ങളില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ പോകുന്നതുമായ ആണവനിലയങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ അര്‍ഥമുണ്ടോ?

  • ഇന്ത്യയെ പോലുള്ള രാജ്യത്തിനു യോചിച്ച പദ്ധതി തന്നയാണ് വേണ്ടത് അത് അണവോര്‍ജജം തന്നെ വേണം എന്ന് ശടിക്കുന്നതെന്തിനാണ് കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് ഇപ്പോള്‍ കൂടംകുളത്ത് വന്നത്. അതില്‍നിന്നു തന്നെ മനസിലാക്കാം ഭരണകൂടം എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഇത്തരം പദ്ധതി വന്നുകൂട എന്നുള്ളത് അറിയതവരല്ലലോ ഇവര്‍…,, അപ്പോള്‍ അവരുടെ ഉദ്ദേശം മറ്റെന്തോ ആണ്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ജനങ്ങ സഘടിച്ചതും കേരളത്തില്‍ നിന്നും മാറ്റാന്‍ തയ്യാറായതും. ആണവനിലയം തകര്‍ന്നാല്‍ മാത്രമേ അപകടം ഉണ്ടാകൂ എന്ന് പറയുന്നതിനൂട് യോചിക്കാന്‍ കഴിയില്ല. അതിന്റെ പ്രസരണ പ്രദേശങ്ങളില്‍ ജനിതക വ്യ്കല്യം ഉണ്ടാകുമെന്ന് അറിയാത്തവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് കരുതാന്‍ വയ്യ. രാജസ്ഥാന്‍ മരുഭൂമിയില്‍ അനവ പദ്ധതി വരുന്നതിനോട് ആരും യോചിക്കും. പക്ഷെ അവസ വ്യവസ്ഥ തകര്‍ക്കുന്ന ഉപജീവന മാര്‍ഗം തകര്‍ക്കുന്ന ഈ ചെയ്തികളെ എതിര്‍ക്കെണ്ടാതാണ് അത് മാവോയിസ്റ്റ് എന്ന് പറഞ്ഞു കുറച്ചു കാണിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തോട് തന്നെ ചെയ്യുന്ന വഞ്ചനയാണ്. ഇവിടെ സാമ്രാജ്യത്വ ശക്തികളെയും ജനവിരുദ്ധനയങ്ങളെയും എതിര്‍ക്കുന്നത് മാവോയിസ്റ്റ് സംഘടനകളാണ് എന്ന് പറയുന്നത് തികഞ്ഞ വങ്ങതതാരമാണ്.,,, കൂടംകുളത് നടക്കുന്നത് ജനകീയ സമരം തന്നെയാണ് അത് കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടം മറുപടി പറയേണ്ടി വരും……..

 8. നൌഫല്‍,

  ജര്‍മ്മനിയില്‍ രാത്രി സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല എന്ന് കരുതി ലോകത്തെങ്ങും രാത്രിയില്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല എന്ന് കരുതേണ്ടതില്ല. ദ്രവീകൃതലവണങ്ങളില്‍ സൌരോര്‍ജം സംഭരിച്ച് അവ പാനലുകള്‍ക്ക് നല്‍കി രാത്രിയില്‍ വൈദ്യുതിയായി മാറ്റുന്ന സാങ്കേതിക വിദ്യ ചില സൌരോര്‍ജപാര്‍ക്കുകളിലുണ്ട്. (സോഡിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റിന്റെയും മിശ്രിതം സ്പെയിനിലെ ആന്‍ഡസോള്‍ 1 പവര്‍ പ്ലാന്റിലുപയോഗിയ്ക്കുന്നു.) ഈ വിദ്യ നമുക്കും സ്വീകരിയ്ക്കാവുന്നതേയുള്ളു. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഇനിയും മാര്‍ഗങ്ങള്‍ കണ്ടെന്ന് വരും. നമ്മള്‍ അന്വേഷിക്കാഞ്ഞിട്ടാണ്. കാരണം നമ്മുടെ മുന്‍പില്‍ മുന്‍പ് മറ്റ് പലരും തുറന്നിട്ട് എളുപ്പവഴികളുണ്ട്. അതിലേ സഞ്ചരിയ്ക്കുക എന്ന താരതമ്യേന എളുപ്പമായ മാര്‍ഗം നമ്മള്‍ തിരഞ്ഞെടുക്കുകയാണ്. മാറിചിന്തിയ്ക്കാന്‍ നമ്മുടെ മനസ് തയ്യാറാകുന്ന കാലത്തേ മറ്റ് പോംവഴികളെ നമുക്ക് തിരിച്ചറിയാന്‍ സാധിയ്ക്കൂ.

  പിന്നെ, സോളാര്‍ വൈദ്യുതി ഉത്പാദിപ്പിയ്ക്കുവാന്‍ കനത്ത വെയില്‍ വേണമെന്നില്ല. സത്യത്തില്‍ ഉച്ചനേരങ്ങളില്‍ വെയിലിന്റെ ചൂടുകൂടുന്നതുകാരണം പാനലുകളുടെ കാര്യക്ഷമതകുറയുകയും ആ സമയങ്ങളില്‍ വൈദ്യുതോത്പാദനം കുറയുകയുമാണ് ചെയ്യുന്നത്. (സോളാര്‍ താപ പാനലുകളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്.) സോളാര്‍ റേഡിയേഷനാണ് പ്രധാനം. അത് വെയില്‍ മങ്ങിയ അവസ്ഥയിലും ലഭിയ്ക്കും. അതുകൊണ്ട് 18 മണിക്കൂര്‍ പ്രവര്‍ത്തനരഹിതസമയമെന്നത് അതിശയോക്തിയാണ്.

  മറ്റൊന്ന്, സൌരോര്‍ജമെന്ന ആശയം മാത്രമല്ല ഇവിടെ മുന്‍പോട്ട് വച്ചിരിക്കുന്നത്. പവനോര്‍ജപദ്ധതികള്‍ മുന്‍പോട്ട് വെച്ചിട്ടുണ്ട്. അവയും ലാഭകരവും ഭാരതത്തിന്റെ മുഴുവന്‍ ഊര്‍ജാവശ്യങ്ങളും നിറവേറ്റുവാന്‍ പര്യാപ്തവുമാണെന്ന് വിശദീകരിച്ചിട്ടുണ്ട്. രാത്രിയില്‍ ലഭ്യത കുറയുന്ന സൌരോര്‍ജത്തിന് കൃത്യമായൊരു ബദല്‍ മാര്‍ഗമാണ് പവനോര്‍ജം.

  തിരമാലകളില്‍നിന്നും ജൈവാവശിഷ്ടങ്ങളില്‍നിന്നും ജിയോതെര്‍മല്‍ പദ്ധതികളില്‍നിന്നുമൊക്കെ വൈദ്യുതി ഉത്പാദിപ്പിക്കുവാനാകും. ഒന്നിനെ മാത്രം ആശ്രയിക്കാതെ, ഇവയെല്ലാം കാര്യക്ഷമമായി ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയാല്‍ ആണവോര്‍ജത്തെ ആശ്രയിക്കാതെ, പരിസ്ഥിതിസൌഹാര്‍ദ്ദ ഊര്‍ജോത്പാദനപദ്ധതികളിലൂടെത്തന്നെ നമുക്ക് ഊര്‍ജസ്വയംപര്യാപ്തത കൈവരിയ്ക്കാന്‍ കഴിയും.

 9. Nice to see a good discussion here.I urge all of you to go through the article from Ms Farah Rahman. “Kudankulam plant in Tamil Nadu is essential to address the needs of India’s massive population” .
  http://www.livemint.com/Opinion/Z3iYiyO7vRze31PgL9ziXO/Indias-need-for-Kudankulam-power.html?google_editors_picks=true

  To add, the nuclear industry is back on track. Far from shutting down , new reactors are being planned. See the report bellow
  “Hitachi wins bid to build up to six UK nuclear plants”. http://news.yahoo.com/hitachi-buy-british-nuclear-horizon-project-061049343–sector.html

 10. ഒരു കിലോവാട്ട് സോളാർ പാനലിൽ നിന്നും ഒരു ദിവസം കേരളത്തിൽ ശരാശരി മൂന്ന് യൂനിറ്റ് വൈദ്യുതിയെ ലഭിക്കൂ എന്നാണ് ആ ഫീൽഡിൽ ഉള്ളവർ പറയുന്നത്. വികസിത രാജ്യങ്ങൾ ബില്ലിയൻ ഡോളർ മുടക്കി റിസർച്ച് നടത്തിട്ടും കണ്ടെത്താത്ത സാങ്കേതിക വിദ്യ നാം അന്യോഷിക്കാത്തത് കൊണ്ടാണ് നാം കണ്ടെത്താത്തത് എന്നവാദം അന്ഗീകരിക്കനാവില്ല

Leave a Reply to വിനോദ് Cancel reply

Your email address will not be published. Required fields are marked *