‘അണുഗുണ്ട്’: ഇടിന്തക്കരയുടെ നേര്‍ക്കാഴ്ചകള്‍

 
 
 
 
കൂടംകുളം സമരത്തിന്റെ തീച്ചൂട് പകര്‍ത്തിയ, മനില സി മോഹന്റെ ‘അണുഗുണ്ട്’ ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം.
മുഹമ്മദ് റാഫി എന്‍ വി എഴുതുന്നു

 
 
സ്ത്രീകളും കുട്ടികളുമാണ് കൂടംകുളം സമരത്തിന്റെ നെടുന്തൂണ്‍. അവര്‍ക്കറിയാം ഭരണകൂടങ്ങളുടെ പൊയ്മുഖങ്ങള്‍. അവര്‍ക്കറിയാം ‘വിദഗ്ദ ശാസ്ത്രജ്ഞ’രുടെ വിവരക്കേടുകള്‍. അവര്‍ക്കറിയാം വെളുക്കെ ചിരിച്ച് വന്നിരുന്ന രാഷ്ട്രീയക്കാരുടെ തനിനിറങ്ങള്‍. അവര്‍ക്കറിയാം, സ്വന്തം ജീവിതം നിലനിര്‍ത്താന്‍ തങ്ങള്‍ തന്നെ വേണമെന്ന്. അതിനാലാവണം കൂടംകുളത്തെ കുട്ടികളും സ്ത്രീകളും പറയുന്ന വാക്കുകള്‍ക്ക് അപാരമായ സത്യസന്ധതയുടെ മുഴക്കമുണ്ടാവുന്നത്.
ആണവ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ വശങ്ങള്‍ മുതല്‍ ജനാധിപത്യത്തിന്റെ ഇരുണ്ട വിടവുകള്‍ വരെ കൃത്യമായി മനസ്സിലാക്കിയിട്ടു തന്നെയാണ് അവര്‍ സ്വന്തം ജീവിതം പോരാട്ടത്തിന്റെ ബലിക്കല്ലിലേക്ക് ചേര്‍ത്തുവെച്ചത്. സമരം ചെയ്യാനും ഏതു ഭീകരതക്കു മുമ്പിലും പിടിച്ചുനില്‍ക്കാനും വേണ്ട നൈതികമായ ഊര്‍ജം അവരില്‍ നിറച്ചത് സ്വാനുഭവങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ പിച്ചുംപേയും പറയുന്നത് പോലെ പുറത്തുനിന്നാരോ വിതച്ചതല്ല അവരുടെ ഉള്ളിലെ തീയെന്ന് ആ വാക്കുകളും ദൃശ്യങ്ങളും നമ്മെ ബോധ്യപ്പെടുത്തും-മനില സി മോഹന്‍ സംവിധാനം ചെയ്ത ‘അണുഗുണ്ട്’ എന്ന ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം. മുഹമ്മദ് റാഫി എന്‍ വി എഴുതുന്നു

 

 

‘വരൂ സഖാവേ, നമുക്കൊരു സമരം ചെയ്യാം’ എന്നു പറഞ്ഞ് ഇരകള്‍ നേതാവിന്റെ അടച്ചിട്ട വാതിലിനുമുമ്പില്‍ മുട്ടിവിളിക്കുകയും നേതാവ് വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത് അക്ഷരങ്ങളും ദൃശ്യങ്ങളും കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കൂടംകുളം സമരത്തിനെതിരെയുള്ള അടിച്ചമര്‍ത്തല്‍ അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയ ഒരു കാലത്ത് മനില സി. മോഹന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘അണുഗുണ്ട്’ എന്ന ഡോക്യുമെന്ററി ഒരു സമരപ്രഖ്യാപനദൃശ്യമാണ്.

ഇരകള്‍ക്കുവേണ്ടിയുള്ള ശബ്ദങ്ങളാണ് പുതിയ കാലത്ത് സത്യസന്ധവും ആര്‍ജ്ജവമുള്ളതുമായ രാഷ്ട്രീയപ്രവര്‍ത്തനം. അക്ഷരങ്ങളും ദൃശ്യങ്ങളും ചരിത്രപരമായി നിര്‍വഹിക്കേണ്ട അത്തരമൊരു ദൌത്യത്തിലേക്കാണ് ഈ ചിത്രം വാതായനങ്ങള്‍ തുറക്കുന്നത്. ഇടിന്തക്കരൈ എന്ന തമിഴ്ഗ്രാമത്തില്‍ ഒരു ജനത നടത്തുന്ന സമരവീര്യങ്ങളും കൂടംകുളം ആണവനിലയം അണുഗുണ്ടായി, ആസുരമായി രൂപാന്തരപ്പെടുന്നതിന്റെ ശാസ്ത്രീയസത്യങ്ങളും മനില തന്റെ ഡോക്യുമെന്ററിയില്‍ രേഖപ്പെടുത്തുന്നു.

എന്‍.വി.മുഹമ്മദ് റാഫി


ഐകദാര്‍ഢ്യം എന്ന വാക്ക്
ഏതു സമയവും പ്രവര്‍ത്തനസജ്ജമായേക്കാവുന്ന കൂടംകുളം ആണവനിലയത്തിന്റെ പശ്ചാത്തലദൃശ്യത്തില്‍ സമരപ്പന്തല്‍ തല്‍സമയം ദൃശ്യപ്പെടുന്നു. ഈ ആണവനിലയം എങ്ങനെയാണ് മാനവരാശിക്ക്, വിശിഷ്യാ ഒരു ജനതയ്ക്ക് ഭീഷണിയായി തീരുന്നതെന്ന് സമരനായകരായ എസ്.വി.ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ വിവരിക്കുന്നു.

അതോടൊപ്പം ഓരോ ഗ്രാമീണനും ആഴമേറിയ വാക്കുകളാല്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. എല്ലാം തകര്‍ത്തെറിയുന്ന ഭരണകൂട ഭീകരതയുടെ നാളുകളിലും സമരമുഖത്തുനിന്നുള്ള വാര്‍ത്തകളെ തമസ്കരിക്കുകയോ ശല്യമെന്ന് ഇകഴ്ത്തുകയോ ആണ് മുഖ്യധാരാ മാധ്യമങ്ങള്‍. തമിഴ് മാധ്യമങ്ങള്‍ മാത്രമല്ല, അപ്പുറത്തും ഇപ്പുറത്തുമുള്ള പ്രാദേശിക ഭാഷാ മാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും. ഇരകളുടെ ആര്‍ത്തനാദങ്ങള്‍ പകര്‍ത്താന്‍ ഒരടിമില്ലാത്ത ഈ ശൂന്യതയിലാണ് മലയാളിയായ മനില ഐകദാര്‍ഢ്യം എന്ന വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്.

സമരത്തിന്റെ പശ്ചാത്തലവും വിശദാംശങ്ങളും നേതാക്കളുടെ വാക്കുകളിലൂടെ മാത്രമല്ല ഈ ചിത്രം പുറത്തുകൊണ്ടുവരുന്നത്. ഇരകളുടെ സാക്ഷ്യങ്ങളിലൂടെ, മൊഴികളിലൂടെ അവിശ്വസനീയമെന്ന് ഒരു വേള തോന്നിയേക്കാവുന്ന പച്ച യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയിലൂടെ ഒരു ദേശളത്തിന്റെഹ അതിജീവന സമരം പകര്‍ത്തപ്പെടുത്തുന്നു. സമരത്തിന്റെ ജനാധിപത്യ സ്വഭാവമാണ് ചിത്രം വെളിപ്പെടുത്തുന്നത്.

 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 

അകത്തുനിന്ന് ജ്വലിച്ച തീ
സ്ത്രീകളും കുട്ടികളുമാണ് കൂടംകുളം സമരത്തിന്റെ നെടുന്തൂണ്‍. അവര്‍ക്കറിയാം ഭരണകൂടങ്ങളുടെ പൊയ്മുഖങ്ങള്‍. അവര്‍ക്കറിയാം ‘വിദഗ്ദ ശാസ്ത്രജ്ഞ’രുടെ വിവരക്കേടുകള്‍. അവര്‍ക്കറിയാം വെളുക്കെ ചിരിച്ച് വന്നിരുന്ന രാഷ്ട്രീയക്കാരുടെ തനിനിറങ്ങള്‍. അവര്‍ക്കറിയാം, സ്വന്തം ജീവിതം നിലനിര്‍ത്താന്‍ തങ്ങള്‍ തന്നെ വേണമെന്ന്.

അതിനാലാവണം കൂടംകുളത്തെ കുട്ടികളും സ്ത്രീകളും പറയുന്ന വാക്കുകള്‍ക്ക് അപാരമായ സത്യസന്ധതയുടെ മുഴക്കമുണ്ടാവുന്നത്. ആണവ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ വശങ്ങള്‍ മുതല്‍ ജനാധിപത്യത്തിന്റെ ഇരുണ്ട വിടവുകള്‍ വരെ കൃത്യമായി മനസ്സിലാക്കിയിട്ടു തന്നെയാണ് അവര്‍ സ്വന്തം ജീവിതം പോരാട്ടത്തിന്റെ ബലിക്കല്ലിലേക്ക് ചേര്‍ത്തുവെച്ചത്. സമരം ചെയ്യാനും ഏതു ഭീകരതക്കു മുമ്പിലും പിടിച്ചുനില്‍ക്കാനും വേണ്ട നൈതികമായ ഊര്‍ജം അവരില്‍ നിറച്ചത് സ്വാനുഭവങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ പിച്ചുംപേയും പറയുന്നത് പോലെ പുറത്തുനിന്നാരോ വിതച്ചതല്ല അവരുടെ ഉള്ളിലെ തീയെന്ന് ആ വാക്കുകളും ദൃശ്യങ്ങളും നമ്മെ ബോധ്യപ്പെടുത്തും.

ആണവനിലയം, വികസനവാദികള്‍ക്ക്, അവരുടെ ആസക്തികള്‍ക്ക് പരിഹാരമാണെങ്കില്‍ പ്രത്യക്ഷമായിത്തന്നെ ഇരകളാവാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അതൊരു ചെകുത്താന്റെ രൂപമാണ്. ഡോക്യുമെന്ററിയില്‍ ഇടവിട്ടു കാണിക്കുന്ന സമരപ്പന്തലും കമ്മീഷന്‍ ചെയ്യാത്ത അണുഗുണ്ടും കൃത്യമായി കൈകാര്യം ചെയ്യുന്ന സൂക്ഷ്മ രാഷ്ട്രീയം അതാണ്. ആണവനിലയം വരുമ്പോള്‍ പാലിക്കേണ്ട ഉപാധികള്‍ ഒന്നും പാലിക്കാതെയാണ് ഇത് ബോംബായി രൂപപ്പെടുന്നത് എന്നതും ഈ ഹ്രസ്വചിത്രത്തില്‍ നിന്ന് നാം വായിക്കും. ഇനിയൊരു യുദ്ധം വേണ്ട എന്നതുപോലെ ഇനിയെന്നല്ല, ഒരിക്കലും ഈ ആണവനിലയവും വേണ്ട എന്നു തന്നെയാണ് ചിത്രം വ്യക്തമാക്കുന്നത്.

 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 

ചിത്രത്തിന്റെ പ്രസക്തി
ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു ശേഷം ഇടിന്തക്കരയിലും പരിസരത്തും നടന്ന ഭരണകൂട ഭീകരതകൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പോര്‍വിമാനങ്ങളുടെ ഇരമ്പലില്‍ പ്രജ്ഞ നഷ്ടപ്പെട്ട് സഹായം എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. അതിനു മുമ്പ് ഒരാള്‍ പോലീസ് വെടിവെപ്പിലും അവസാനിച്ചു. നിരവധി പേര്‍ ആശുപത്രിയിലായി. പൊലീസ് നടപടിയില്‍ ഈ ദേശങ്ങള്‍ മുഴുവന്‍ ഇളക്കിമറിക്കപ്പെട്ടു. എന്നിട്ടും ഏതെങ്കിലും മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികളോ സംഘടനകളോ ഈ സമരപ്പന്തലിലേക്ക് എത്തിനോക്കിയിട്ടില്ല. കേരളത്തില്‍നിന്ന് പുറപ്പെട്ട ചില നേതൃത്വങ്ങള്‍ അങ്ങോട്ടെത്തിനോക്കാന്‍ സാധിക്കാതെ പിന്‍വാങ്ങുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ്, നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുന്ന ഈ ചിത്രം വ്യത്യസ്തമാവുന്നത്. എല്ലാ മാധ്യമങ്ങളും ഭരണകൂടത്തിന്റെ മെഗാഫോണുകളായി തരംതാഴുന്ന കാലത്ത് ഒരു മാധ്യമ പ്രവര്‍ത്തക ധീരമായി നടത്തിയ വ്യത്യസ്തമായ ഇടപെടലാണത്. കൂടംകുളം സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന മലയാള മാധ്യമ നടപ്പുവഴികളില്‍ നിന്ന് വേറിട്ട്, ഇരകള്‍ക്കൊപ്പം നിലകൊള്ളാനുള്ള അസാമാന്യ ധീരതയും ആര്‍ജവവും തുടക്കം മുതല്‍ പ്രകടിപ്പിക്കുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ന്റെ അണിയറ പ്രവര്‍ത്തകയെന്ന നിലയില്‍ നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകളുടെ തുടര്‍ച്ച തന്നെയാണ് മനില സി മോഹന്റെ ഈ ചിത്രം. മരണം മിടിക്കുന്ന അണുഗുണ്ടിന് തൊട്ടരികെയിരുന്ന് ചിരിച്ചും കോമഡിഷോകള്‍ കണ്ടും ന്യൂസ്നൈറ്റുകള്‍ കേട്ട് ആശങ്കപ്പെട്ടും കഴിയുന്ന കേരളീയരുടെ വിവരക്കേടുകള്‍ക്ക് നേരെ വലിച്ചെറിയപ്പെട്ട സത്യത്തിന്റെ സ്ഫോടനാത്മകതയാണ് ഈ സിനിമ.

 
 

 
 

കൈത്താങ്ങിന്റെ അനിവാര്യത
സമരം തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ കൂടെ നടന്ന് കാര്യങ്ങള്‍ വിശദമായി പഠിച്ച് രൂപപ്പെടുത്തിയ ഡോക്യുമെന്ററിയാണ് അണുഗുണ്ട്. ശക്തമായ ദൃശ്യങ്ങള്‍ പ്രേക്ഷകനോട് സ്വയം കാര്യങ്ങള്‍ പറയുന്നതാണ്. മനിലയോടൊപ്പം ക്യാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആന്റണി, ശരത്, ചിത്രം എഡിറ്റു ചെയ്ത അഫ്സല്‍, അനുപമ തമിഴ് മൊഴിമാറ്റവും ശബ്ദവിവരണവും നല്‍കിയ എന്‍. സുകുമാരന്‍, അടിക്കുറിപ്പുകള്‍ നല്‍കിയ ക്രിസ്റഫര്‍ എന്നിവരും അഭിനന്ദനമര്‍ഹിക്കുന്നു.

പരാജയപ്പെട്ടതോ മറ്റൊരു അര്‍ത്ഥത്തില്‍ വിജയിച്ചതോ ആയ സമരങ്ങള്‍ ആണ് ഇക്കാലത്തിന്റെ സൂക്ഷ്മരാഷ്ട്രീയം .ഇരകള്‍ക്ക് വേണ്ടിയുള്ള സത്യസന്ധമായ പോരാട്ടങ്ങളായി അത് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. ബൃഹദാഖ്യാനങ്ങള്‍ മിക്കതും നിഷ്പ്രഭമാവുകയോ പ്രസക്തി നഷ്ടമാവുകയോ ചെയ്യപ്പെട്ട ഒരു കാലത്ത് പ്രശ്നാധിഷ്ട്ിത രാഷ്ട്രീയപ്പോരാട്ടങ്ങള്‍ സത്യസന്ധവും അതിജീവനത്തിനു വേണ്ടിയുള്ള മുറവിളികളും ആണ് .

ഏതുകാലത്തും വികസനത്തിന്റെ ഇരകള്‍ സാമ്പത്തികമായും സാമുഹികമായും ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരായിരുന്നു. ആഗോളീകരണ കാലത്തും ഇരകള്‍ അവര്‍ തന്നെ. ഐക്യപ്പെടാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മളോരോരുത്തരുമാണ്. ഇക്കാര്യമാണ്, ദൃശ്യങ്ങളിലൂടെയും വാക്കുകളിലൂടെയും ഈ ചിത്രം നിരന്തരം ആവര്‍ത്തിക്കുന്നത്.

 
 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 
 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 
 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 
 

'അണുഗുണ്ട്' ഡോക്യുമെന്ററിയിലെ ദൃശ്യം


 
 
 
 

ഇനി പറയൂ, ആണവനിലയങ്ങള്‍ നമുക്ക് വേണമോ?

കുടംകുളത്തിന് രണ്ട് കവിതകള്‍

കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

കൂടംകുളം: കേരളമേ കണ്‍തുറക്കുക

ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു
 
 
 
 

8 thoughts on “‘അണുഗുണ്ട്’: ഇടിന്തക്കരയുടെ നേര്‍ക്കാഴ്ചകള്‍

  1. അണുഗുണ്ട് കണ്ടില്ല. ഇത് വായിച്ചപ്പോള്‍ കാണണമെന്ന് തോന്നുന്നു. ഇതെവിടെ കാണാന്‍ കഴിയും? യൂ ട്യൂബിലുണ്ടോ?

  2. സിനിമയുടെ രാഷ്ട്രീയം വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്.

  3. I was there in the opening screening of the documentary!! Really touching & realistic portrayal of the struggle.Good review too!!

Leave a Reply

Your email address will not be published. Required fields are marked *