പാപ്പിലിയോ ബുദ്ധ ഈ കണ്ണാടിയില്‍ നിങ്ങളുടെ ദംഷ്ട്രകള്‍:

 
 
 
 
സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും കേരള ചലച്ചിത്രമേളയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ കാഴ്ചാനുഭവം. അനു കെ ആന്റണി എഴുതുന്നു

 
 

പെണ്ണിന്റെ ശരീരം തൊട്ടാല്‍ പൊള്ളുമെന്ന മുന്‍വിധിയും പ്രമേയത്തിനില്ല. പെണ്ണാണെങ്കില്‍ അമ്മയോ പെങ്ങളോ ദൈവമോ ആയിരിക്കണം . ഇല്ലെങ്കില്‍ ശരീരമാണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ധാര്‍ഷ്ട്യത്തെയും കപട സദാചാരത്തെയും പുല്ലു പോലെ വെല്ലുവിളിക്കുകയാണ് ചിത്രത്തില്‍ തന്റെ മുലകളെ തുറന്നു കാണിച്ച്, ” ഇത് മുഴുവന്‍ പെണ്ണിന്റെ വേദന കല്ലിച്ചതാണെന്നും , ആവുമെങ്കില്‍ കുടിച്ചു തീര്‍ക്കെടാ ” എന്നും പറയുന്ന, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തയായ, സ്ത്രീകഥാപാത്രം. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീശരീരത്തിന്റെ പോലും നഗ്നതയെ പേടിക്കുന്ന മലയാളി സദാചാരത്തെയും, ബലാല്‍സംഗത്തെ ആഘോഷിക്കാനും നഗ്നതയെ കുറിച്ചു ഒതുക്കം പറയാനും മാത്രം ശീലിച്ച സ്ത്രീവിരുദ്ധതയെയും കാറിത്തുപ്പിയ ചിത്രം കൂടിയാണ് “പാപ്പിലിയോ ബുദ്ധ”. ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ ചുറ്റും കറങ്ങുന്ന ഓട്ടോ റിക്ഷകളിലെ ഗാന്ധിയുടെയും ചെഗുവേരയുടെയും എല്ലാം ചിത്രവും തീക്ഷ്ണമായ പ്രതീകങ്ങളാണ്- പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ കാഴ്ചാനുഭവം. അനു കെ ആന്റണി എഴുതുന്നു

 

 

സത്യസന്ധമായ സമരങ്ങള്‍ എന്നും തീവ്രമാണ് . അത് പെണ്ണിന്റെ സമരമായാലും മണ്ണിനും അസ്ഥിത്വത്തിനും ലൈംഗിക സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള സമരമായാലും. ഈ സമരങ്ങളെ കലയിലൂടെ ആവിഷ്കരിക്കുന്നത് അത്രയെളുപ്പവുമല്ല. സമരമുദ്രാവാക്യങ്ങളെയും, ചുവരെഴുത്തുകളെയും, തലോടിയാല്‍ തെറിക്കുന്ന തീപ്പൊരികളെയും മാത്രം പകര്‍ത്തുന്ന കലയ്ക്ക് അവയെ പൂര്‍ണമായി ഉള്‍കൊണ്ടു എന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. കാരണം, ചുരുക്കപ്പെടാനും ഒതുക്കപ്പെടാനും ആവാത്തത്ര സത്യസന്ധമാണ് നിലനില്‍പിന് വേണ്ടിയുള്ള ഓരോ സമരങ്ങളും. നിര്‍വചനങ്ങള്‍ക്കു അപ്പുറത്ത് നിന്ന് അവയുടെ സത്യസന്ധമായ തീവ്രതയിലേക്ക് ഇറങ്ങി ചെല്ലാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരം ആവിഷ്കാരങ്ങള്‍ പൂര്‍ണമായി എന്നവകാശപ്പെടാന്‍ സാധിക്കു.

ഞാനും നിങ്ങളും ജീവിക്കുന്ന കാലഘട്ടത്തിനു ഒട്ടും അപരിചിതമായ വസ്തുതയല്ല കേരളത്തില്‍ ഉടനീളം നടക്കുന്ന ഭൂമി കൈയേറ്റ സമരങ്ങള്‍.പത്രങ്ങള്‍ക്കു മുന്‍പേജില്‍ അച്ചടിക്കാന്‍ വേണ്ടത്ര പൊലിമ പോരാത്തത് കൊണ്ട്, പ്രസിദ്ധീകരിച്ചാല്‍ത്തന്നെ കോളങ്ങളിലേക്കു ഒതുങ്ങി പോകുന്ന പച്ചയായ ജീവിതസമരങ്ങളുടെ വാര്‍ത്തകള്‍. സമൂഹത്തിലേക്കു അറിയാതെ എങ്കിലും കണ്ണ് തുറന്നു നോക്കിപ്പോയിട്ടുള്ള ആര്‍ക്കും കാണാതെ രക്ഷപ്പെടാന്‍ കഴിയാത്തത്ര വ്യാപകമാണ് ഭൂമികൈയേറ്റവും ഭൂ അവകാശ സമരങ്ങളും.

കാടിനെ കാശിനു വിറ്റ്, കാടും മനുഷ്യനും തമ്മിലുള്ള വൈകാരികവും, ജൈവികവുമായ ബന്ധത്തെ അറുത്തു മുറിച്ചു കാടിന്റെ മക്കളെ കുടിയിറക്കുന്ന ശക്തികേന്ദ്രങ്ങളെ വിമര്‍ശിച്ചു കൊണ്ട് പക്ഷെ ആവിഷ്കാര സ്വാതന്ത്യ്രത്തെ ആഘോഷിക്കുന്ന കാലഘട്ടത്തിലും ഇന്ദ്രിയഗോചരമായ കലാസൃഷ്ടികളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. (സി. ശരത്ചന്ദ്രനെ പോലുള്ളവരുടെ) ഒറ്റപെട്ട ചില ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കപ്പുറം പറയത്തക്ക കലാസൃഷ്ടികളൊന്നും തന്നെ ഉണ്ടായിട്ടുമില്ല. നിലനില്പിന്റെ സമരങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കാന്‍ എന്തുകൊണ്ട് കലാസൃഷ്ടികളൊന്നും ഒരുമ്പെടുന്നില്ല എന്നത് മുഴച്ചു നില്‍ക്കുന്ന ഒരു ചോദ്യമാണ്.

അനു കെ ആന്റണി


നടപ്പു ശീലങ്ങളുടെ ചെളിക്കുഴികള്‍
മലയാള സിനിമയുടെ കഷ്ടകാലത്തെ മാറ്റിക്കൊണ്ടിരിക്കുന്ന യുവതരംഗത്തില്‍ മാറുന്ന ചിന്തകളെയും അവബോധങ്ങളെയും സാമൂഹികാവസ്ഥകളെയും, മലയാളിയുടെ അതേ സങ്കുചിതത്വത്തില്‍ നിന്നും കപട സദാചാരത്തില്‍ നിന്നും ഒരു തരി പോലും വിട്ടുമാറാത്ത ചിത്രങ്ങളില്‍ തിരുകി ചേര്‍ക്കുന്നതും മേമ്പൊടിയായി വിതറുന്നതും , കപട സാമൂഹിക പ്രതിബദ്ധതയും കപട വിശാലമനസ്കതയും നെറ്റിയില്‍ ഒട്ടിച്ചു വച്ചു കൊണ്ടുള്ള അപക്വമായ പൊള്ളത്തരമാണെന്ന് ഖേദത്തോടെ പറയാതെ നിവൃത്തിയില്ല.

ഈ വിഷയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരു തരത്തിലും മൂടി വച്ചു എന്നാരോപിക്കാന്‍ പറ്റാത്ത വിഷയമാണ് “ബലാല്‍സംഗം” . മൂടി വച്ചു എന്ന് ആരോപിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല ആവശ്യത്തിലധികം ആഘോഷിച്ച്, മുതലകണ്ണീരുകളൊഴുക്കിച്ചു വീണ്ടും വീണ്ടും അവളെ ബലാല്‍സംഗം ചെയ്തു കൊണ്ടേയിരിക്കാന്‍ ഈ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുമുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള മനോഹരവും തുല്യവുമായ ഇടപെടലുകള്‍ക്കും സംയോഗത്തിനും ഭ്രഷ്ട് കല്‍പ്പിക്കുകയും,പെണ്ണിന്റെ ആത്മാവിനെയും വൈകാരികതയെയും മാറ്റി നിര്‍ത്തി അവളെ വെറും ശരീരം മാത്രമായി വീക്ഷിക്കുകയും ചെയ്യുന്ന സമൂഹത്തിനു ബലാല്‍സംഗത്തെ ആഘോഷിക്കാന്‍ മാത്രമേ സാധിക്കു.

അതുപോലെ, തങ്ങള്‍ ബൌദ്ധികമായി കുറച്ചധികം പുരോഗമിച്ചു എന്നും വളരെ പെട്ടെന്ന് വിശാലമാനസ്കരായി എന്നുമുള്ള അഹങ്കാരത്തോടെ മലയാളി ചര്‍ച്ച ചെയ്ത വിഷയമാണ് സ്വവര്‍ഗ ലൈംഗികത. അസ്വാഭാവികമായ മനുഷ്യസഹജമല്ലാത്ത എന്തിനെയും ഉയര്‍ന്ന ബൌദ്ധിക നിലവാരം ഉള്ളത് കൊണ്ട് മാത്രം , തങ്ങള്‍ അത്തരക്കാരല്ലെങ്കിലും അംഗീകരിച്ചു സന്തോഷിച്ചവര്‍ ആണ് സ്വവര്‍ഗ ലൈംഗികതാ സഹിഷ്ണുതക്കാരായ മലയാളികള്‍. ഇപ്പോഴും, സ്വവര്‍ഗ ലൈംഗികതയുടെ സ്വാഭാവികതയെ പക്വമായ തുറന്ന ഒരു ബോദ്ധ്യത്തോടെ മലയാളി മനസിലാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ചൊരു മറുപടി ബുദ്ധിമുട്ടാണ് .

 

ഇന്ദ്രിയങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഭ്രഷ്ട് കല്പിക്കപ്പെട്ട ജനതയുടെ ജനാധിപത്യത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങളെ ഇത്ര ശക്തമായി ആവിഷ്കരിച്ച മറ്റൊരു ചിത്രം അടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല എന്നുറപ്പിച്ചു പറയാം.


 

‘പാപ്പിലിയോ ബുദ്ധ’
ഇത്തരം സാമൂഹിക സാഹചര്യങ്ങളിലാണ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത്, തമ്പി ആന്റണിയും ,പ്രകാശ് ബാരെയും ചേര്‍ന്ന് നിര്‍മ്മിച്ച ‘പാപ്പിലിയോ ബുദ്ധ’ എന്ന എന്ന ചിത്രം പ്രസക്തമാവുന്നത്. പ്രമേയത്തിന്റെ പ്രാധാന്യം കൊണ്ട് മാത്രമല്ല, തീവ്രതയും യാഥാര്‍ത്ഥ്യവും ചോര്‍ന്നു പോകാതെയുള്ള ആവിഷ്കാരത്തിന്റെ കൃത്യത കൊണ്ട് കൂടിയാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നിഷേധിച്ച ഈ ചിത്രം പ്രാധാന്യമര്‍ഹിക്കുന്നത്. ഇന്ദ്രിയങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഭ്രഷ്ട് കല്പിക്കപ്പെട്ട ജനതയുടെ ജനാധിപത്യത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങളെ ഇത്ര ശക്തമായി ആവിഷ്കരിച്ച മറ്റൊരു ചിത്രം അടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല എന്നുറപ്പിച്ചു പറയാം.അത് കൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകളെയും കത്രിക വയ്ക്കാനാവശ്യപ്പെടുന്ന രംഗങ്ങളുടെ പുറകിലുള്ള കാരണങ്ങളുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടേണ്ടതും പുനര്‍ചിന്തിക്കേണ്ടതും ആവശ്യമാണ്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അവതരിപ്പിച്ച കരിയേട്ടന്‍ എന്ന കഥാപാത്രത്തിന്റെ മകനായ ശങ്കരന്‍ എന്ന JNU ബിരുദധാരിയായ, അമേരിക്കന്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാരന്റെ ആഖ്യാനങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. കണ്ടല്‍ കാടുകള്‍ നട്ടുപിടിപ്പിക്കുന്ന കരിയേട്ടന്‍ എന്ന് ജനങ്ങള്‍ വിളിക്കുന്ന കരിയന്‍ തന്നെയാണ് നീതി നിഷേധിക്കപ്പെട്ട ജനതയുടെ സമരനേതാവും. അക്രമരഹിതമായ സമരത്തിലും അംബേദ്കര്‍ എഴുതിയ ഭരണ ഘടനയിലുമാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന കരിയനെ , കല്ലേന്‍ പൊക്കുടന്റെ സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ വരേണ്യതയുടെ കൃത്രിമത്വം കലര്‍ത്താന്‍ ശ്രമിക്കാതെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തിന്റെ നേര്‍ക്കാഴ്ച
മേപ്പാടി എന്ന സമരഭൂമിയുടെ കഥയാണ് ‘പാപിലിയോ ബുദ്ധ’ പറയുന്നത്. അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും വിഗ്രഹങ്ങള്‍ കാണാന്‍ കഴിയുന്ന സമരഭൂമി. പശ്ചിമ ഘട്ടത്തിലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന , വിദേശ ശക്തികള്‍ വേട്ടയാടുന്ന ‘പപിലിയോ ബുദ്ധ’ എന്ന ഇനം ചിത്രശലഭത്തെ പോലെ മേപ്പാടിയിലെ ജനങ്ങളെയും നാഗരികതയുടെ ശക്തിയുള്ള മനുഷ്യന്‍ വേട്ടയാടി കൊണ്ടിരിക്കുകയാണ് .

കുടിയിറക്കപ്പെടുന്ന ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന സ്ഥലത്തെ പ്രധാന സര്‍ക്കാറിതര സംഘടന (NGO) പ്രവര്‍ത്തന വിജയം കൊണ്ടാടാന്‍ നടത്തുന്ന ആഘോഷത്തിനിടയില്‍ പ്രബുദ്ധരായ പ്രവര്‍ത്തകരുടെ അടുത്ത് നിന്നും ജാതീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട് ശങ്കരന്. സാമൂഹിക പ്രതിബദ്ധത എന്ന വാക്കിനെ വിറ്റ് കാശാക്കുന്ന സംഘടനകളെയും ചിത്രം പക്വതയോടെ പരിഹസിക്കുന്നു. ദലിത് അസ്ഥിത്വം നേരിടേണ്ടി വരുന്ന ചൂഷണവും, പുതിയ കാലഘട്ടത്തിലും പ്രബുദ്ധരെന്നു സമൂഹം വിളിക്കുന്നവര്‍ക്ക് പോലും ദലിതനോടുള്ള മനോഭാവവും ശങ്കരനെ മേപ്പാടിയിലെ സമരങ്ങളുടെ ഗൌരവത്തിലേക്ക് തിരിക്കുന്നു.

ദലിതരെ ജനാധിപത്യത്തിനുള്ളില്‍ സമത്വത്തോടെ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ച അംബേദ്കറെയാണ് ജാതിവ്യവസ്ഥകളെ പുനപരിശോധിക്കാന്‍ വിസമ്മതിച്ച ഗാന്ധിയേക്കാള്‍ മേപ്പാടിയിലെ ജനങ്ങള്‍ ആശ്ലേഷിക്കുന്നത്. ജാതീയമായ അനാചാരങ്ങള്‍ക്കു പുറത്തു നില്ക്കാന്‍ ഹിന്ദു മതത്തെക്കാള്‍ ബുദ്ധ മതത്തെയും. ജാതി വ്യവസ്ഥകളെ തള്ളിപ്പറയാന്‍ അംബേദ്കര്‍ സ്വീകരിച്ച ബുദ്ധന്‍ മാത്രമല്ല ‘പാപ്പിലിയോ ബുദ്ധ’ യിലെ ബുദ്ധന്‍. ജാതീയമായ അടിച്ചമര്‍ത്തലുകളെ മറികടക്കുന്നതിനോടൊപ്പം സ്ത്രീ പുരുഷ അസമത്വത്തെ സമത്വത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന ബുദ്ധന്‍കൂടിയാണ് താന്ത്രിക് ബുദ്ധന്റെ ബിംബത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്.

 

തൊട്ടാല്‍ പൊട്ടുന്ന ദേശീയതയും കപട സദാചാരവും കൊണ്ട് എറിഞ്ഞു വീഴ്ത്താനിരിക്കുന്നവരല്ല ഇത്തരമൊരു കലാസൃഷ്ടിയെ വിലയിരുത്തേണ്ടത് . ഇതിലുമെത്രയോ ഭീകരമാണ് യാഥാര്‍ഥ്യങ്ങള്‍. അവയെ ഉള്‍കൊള്ളാന്‍ ഇടം ബാക്കിയിടാത്ത ആഭാസത്തരമാവരുത് കലാസൃഷ്ടി .


 

സെന്‍സര്‍ കത്രികകളുടെ രാഷ്ട്രീയം
സ്ത്രീപുരുഷ സംയോഗത്തിന്റെ മനോഹാരിതയും സമത്വത്തില്‍ ഉത്ഭവിക്കുന്ന ക്രിയാത്മകതയുടെ പ്രബോധോദയവും കൂടിയാണ് ചിരാതുകളാല്‍ പ്രകാശിതനായ താന്ത്രിക് ബുദ്ധന്‍.ഇത്ര ആഴത്തില്‍ ഇത്ര സുന്ദരമായി , സമത്വത്തിന്റെ സൌന്ദര്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചചിത്രം എന്ന നിലയില്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടി വരുന്നത് .ചിത്രത്തില്‍, വരുമാനമാര്‍ഗത്തിനായി ഓട്ടോ ഓടിക്കുന്ന പെണ്‍കുട്ടിയെ ഓട്ടോസ്റാന്‍ഡില്‍ ശല്യപ്പെടുത്തി മറ്റൊരു ഓട്ടോക്കാരന്‍ ഹോണ്‍ അടിക്കുന്ന രംഗം ലൈംഗികച്ചുവയുള്ളതാണെന്നും അതിനാല്‍ ‘കട്ട് ‘ ചെയ്യണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടതായി സംവിധായകന്‍ പറയുന്നു.

പ്രബുദ്ധരായ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ മലയാളത്തിലെ സൂപ്പര്‍സ്റാറുകളുടെ ആഭാസം നിറഞ്ഞ കോപ്രായങ്ങള്‍ക്ക് കുത്തിനിറച്ച ലക്ഷക്കണക്കിന് ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് കൊടുത്ത അംഗീകാരത്തെ എങ്ങനെ വിശദീകരിക്കും എന്ന് മനസിലാകുന്നില്ല . സ്ത്രീശരീരത്തെ കച്ചവടച്ചരക്കായി മാത്രം ചിത്രീകരിച്ച ഒട്ടനവധി മുഖ്യധാര മലയാള ചിത്രങ്ങള്‍ക്ക് വെണ്ടയ്ക്ക വലിപ്പത്തില്‍ ‘U സര്‍ട്ടിഫിക്കറ്റ് കൊടുത്ത സെന്‍സര്‍ബോര്‍ഡ് ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീശരീരത്തിന്റെ നഗ്നതകണ്ടു ഭയന്നോടുന്നത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ല . സാധാരണക്കാരന്റെ, അടിച്ചമര്‍ത്തപ്പെട്ടുന്നവരുടെ ജീവിതം പച്ചയ്ക്ക്, ചലച്ചിത്രഭാഷയുടെ എല്ലാ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി അവതരിപ്പിക്കുകയാണിവിടെ. തൊട്ടാല്‍ പൊട്ടുന്ന ദേശീയതയും കപട സദാചാരവും കൊണ്ട് എറിഞ്ഞു വീഴ്ത്താനിരിക്കുന്നവരല്ല ഇത്തരമൊരു കലാസൃഷ്ടിയെ വിലയിരുത്തേണ്ടത് . ഇതിലുമെത്രയോ ഭീകരമാണ് യാഥാര്‍ഥ്യങ്ങള്‍. അവയെ ഉള്‍കൊള്ളാന്‍ ഇടം ബാക്കിയിടാത്ത ആഭാസത്തരമാവരുത് കലാസൃഷ്ടി .

ചരിത്രനേതാക്കളെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ ഉള്ളതാണ് ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത് . ഗാന്ധിയേയും ഹിന്ദുമതത്തെയും തള്ളിപ്പറയുകയും അംബേദ്കറിനെയും ബുദ്ധമതത്തെയും ആശ്ലേഷിച്ചു അത് പ്രഖ്യാപിക്കുകയും ചെയ്യുന്ന മേപ്പാടിയിലെ ജനങ്ങള്‍ വൈകാരികമായ അനുഷ്ഠാനപരതയോടെ ചിരാതും ശരണ ആലാപനങ്ങളും വഴിയാണ് ഇതിനെ സമീപിക്കുന്നതും , ജീവിത സമരങ്ങളിലേക്ക് ഉള്‍കൊള്ളിക്കുന്നതും .

യുക്തിപരമായി ചരിത്രത്തെയും , ചരിത്രത്തിലെ സ്വന്തം ഇടവും മനസ്സിലാക്കിയ ആദിഗോത്ര ജനതയുടെ ഈ മതാനുഷ്ടാനങ്ങള്‍ക്ക് സമാനമായ വൈകാരികാനുഷ്ഠാനങ്ങള്‍ വ്യവസ്ഥിതികളില്‍ നിന്നും രാഷ്ട്രവാഗ്ദാനങ്ങളില്‍ നിന്നും ജനാധിപത്യ സുരക്ഷിതത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടവന്റെ പ്രതീക്ഷയര്‍പ്പിക്കല്‍ കൂടിയാണ്. ഇത്തരം അവസ്ഥകളെ അവഗണിക്കായ്ക കൂടിയാണ് ‘പാപ്പിലിയോ ബുദ്ധ’ എന്ന ചിത്രത്തിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ‘അപകടകരമായ രാജ്യ വിരുദ്ധ ദലിത് തീവ്രവാദി ഉദ്ദേശ്യങ്ങളെ കുറിച്ച്’ വേവലാതിപ്പെടുന്നവരോട് ധൈര്യമായി പറയാം : ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല.

 

കൂടെ നിന്ന ജനത തങ്ങള്‍ തിരസ്കരിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന മറ്റൊരു ചരിത്ര ഘട്ടത്തിലാണ് നേതാക്കന്മാരുടെ കഴുത്തില്‍ ചെരുപ്പ് മാല വീഴുന്നത്. അതും ചരിത്രമാണ് .


 

ചരിത്ര പുരുഷന്‍മാര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍
ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സമരങ്ങളെ ജനകീയമാക്കി , ചരിത്രത്തിലെ വിപ്ലവങ്ങള്‍ ആക്കുന്നതിലൂടെയാണ് ചിലപ്പോള്‍ ചരിത്ര നേതാക്കന്മാരും ചരിത്ര പുരുഷന്മാരും ഉണ്ടാകുന്നത്. ഇതില്‍, കൂടെ നിന്ന ജനതയ്ക്ക് കൊടുത്ത വാഗ്ദാനങ്ങളും പ്രതീക്ഷകളും ഉണ്ടാകും. ദേശീയ സമരം മുതല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഇത്തരം പ്രതീക്ഷകളുടെയും വാഗ്ദാനങ്ങളുടെയും ഇടമാണ്. കൂടെ നിന്ന ജനത തങ്ങള്‍ തിരസ്കരിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന മറ്റൊരു ചരിത്ര ഘട്ടത്തിലാണ് നേതാക്കന്മാരുടെ കഴുത്തില്‍ ചെരുപ്പ് മാല വീഴുന്നത്. അതും ചരിത്രമാണ് . എഴുതപ്പെടാതിരിക്കാന്‍ അടിച്ചമര്‍ത്തപ്പെടുന്ന ചരിത്രം. രാഷ്ട്രം ചര്‍ത്തു പിടിക്കുന്ന നാനാത്വത്തില്‍, ചിന്തയുടെയും സത്യസന്ധമായ വികാരങ്ങളുടെയും വൈവിധ്യം ഉള്‍ക്കൊള്ളുന്നില്ല എന്ന് വീണ്ടും വിളിച്ചു അറിയിക്കലാണ് , വിമര്‍ശനങ്ങളോടും പ്രതിഷേധ പ്രകടനങ്ങളോടും ഉള്ള ഇത്തരം അസഹിഷ്ണുത. ‘പാപ്പിലിയോ ബുദ്ധ’ ഒരു പ്രതിഷേധ പ്രകടനം തന്നെയാണ് . നിശബ്ദമാക്കപ്പെടുന്ന പ്രതിഷേധത്തിന്റെ ആവിഷ്കാരം.

ചരിത്ര ബോധമുള്ള സമരങ്ങളുടെ സത്യസന്ധത പലപ്പോഴും നിര്‍വികാരമായ അക്കാദമിക ചര്‍ച്ചകളിലും രാഷ്ട്രോപകരണങ്ങളുടെ വിധികല്‍പ്പിക്കപ്പെടലുകളിലും അപകടകരമായ വിധം അതിവൈകാരികമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ പറയപ്പെടുന്ന ‘അപകടത്തിനു’ പിന്നിലുള്ള അവഗണന പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടാല്‍ തന്നെ പരിഗണനയില്‍ എത്താറില്ല .

അതുപോലെ, പെണ്ണിന്റെ ശരീരം തൊട്ടാല്‍ പൊള്ളുമെന്ന മുന്‍വിധിയും പ്രമേയത്തിനില്ല. പെണ്ണാണെങ്കില്‍ അമ്മയോ പെങ്ങളോ ദൈവമോ ആയിരിക്കണം . ഇല്ലെങ്കില്‍ ശരീരമാണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ധാര്‍ഷ്ട്യത്തെയും കപട സദാചാരത്തെയും പുല്ലു പോലെ വെല്ലുവിളിക്കുകയാണ് ചിത്രത്തില്‍ തന്റെ മുലകളെ തുറന്നു കാണിച്ച്, ” ഇത് മുഴുവന്‍ പെണ്ണിന്റെ വേദന കല്ലിച്ചതാണെന്നും , ആവുമെങ്കില്‍ കുടിച്ചു തീര്‍ക്കെടാ ” എന്നും പറയുന്ന, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തയായ, സ്ത്രീകഥാപാത്രം. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീശരീരത്തിന്റെ പോലും നഗ്നതയെ പേടിക്കുന്ന മലയാളി സദാചാരത്തെയും, ബലാല്‍സംഗത്തെ ആഘോഷിക്കാനും നഗ്നതയെ കുറിച്ചു ഒതുക്കം പറയാനും മാത്രം ശീലിച്ച സ്ത്രീവിരുദ്ധതയെയും കാറിത്തുപ്പിയ ചിത്രം കൂടിയാണ് “പാപ്പിലിയോ ബുദ്ധ”. ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ ചുറ്റും കറങ്ങുന്ന ഓട്ടോ റിക്ഷകളിലെ ഗാന്ധിയുടെയും ചെഗുവേരയുടെയും എല്ലാം ചിത്രവും തീക്ഷ്ണമായ പ്രതീകങ്ങളാണ്.

മണ്ണും പെണ്ണും
എം.ജെ .രാധാകൃഷ്ണന്റെ ഫ്രെയിമുകളിലൂടെ പശ്ചിമ ഘട്ടത്തിന്റെ സമ്പന്നവും സമ്പുഷ്ടവും ആയ സൌന്ദര്യത്തിലൂടെ സഞ്ചരിച്ചാണ് ചിത്രം, ആദി ഗോത്ര ജനതയെന്നു സ്വയം വിശേഷിപ്പിക്കുകയും തങ്ങള്‍ ആരുടേയും ഹരിജനങ്ങള്‍ അല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന മേപ്പാടിയിലെ ജനങ്ങളുടെ ജീവിത സമരങ്ങളിലെക്കെത്തുന്നത്. ചിത്രത്തിലുടനീളം പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങളെ തന്നെയാണ് പശ്ചാത്തലമായി ഉള്‍പ്പെടുത്തിയത് .വെട്ടിമുറിച്ചു നിരത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഇതേ സമ്പന്നതയ്ക്കുള്ളിലാണ് കുടിയിറക്കപ്പെടുന്നവന്റെ ജീവിതവും

. തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനെ ശക്തികേന്ദ്രങ്ങള്‍ കൈവശപ്പെടുത്തുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ഇതേ ജനതയാണ് രാഷ്ട്രത്തിന്റെയും പോലീസിന്റെയും കണ്ണിലെ തീവ്രവാദി കണ്ണികള്‍.മേപ്പാടിയിലെ സമര ഭൂമിയില്‍ നിന്നായത് കൊണ്ട് മാത്രം ശങ്കരനെ പോലീസ് ഒരു മാവോയിസ്റ് കണ്ണിയായി ചിത്രീകരിക്കുന്നു. കേരളത്തിന് ഒട്ടും അപരിചിതമല്ലാത്തവയാണ് പോലീസ് മര്‍ദ്ദന കഥകളും. ശേഷം ശങ്കരന് നേരിടേണ്ടിവരുന്നതും ക്രൂരമായ പോലീസ് മുറ തന്നെയാണ്. മനുഷ്യത്വ രഹിതമായ ലോക്കപ്പ് മര്‍ദ്ദനത്തെയും അതിശക്തവും തീക്ഷ്ണവുമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നിരന്തരമായ സമരങ്ങള്‍ക്കു നേരിടേണ്ടി വരുന്നതും നിരന്തരമായ അവഗണനയാണ് . അക്രമപരമെന്നോ സമാധാനലംഘനമെന്നോ ഒക്കെ ആരോപിക്കപ്പെട്ടു ഓരോ സമരങ്ങളും നിരന്തരമായി അടിച്ചമര്‍ത്തപ്പെടുന്നു. ഒരു ദശാബ്ദത്തിലേറെയായി നിരാഹാരസമരം ചെയ്യുന്ന ഇറോം ഷര്‍മിളയുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നത് പട്ടാള അടിച്ചമര്‍ത്തലുകളും പീഡനങ്ങളും തന്നെയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാക്കും എന്ന് കൈയ്യേറ്റ ഭൂമിയില്‍ വന്നു ഉറപ്പു കൊടുത്തിട്ട് പോയ മന്ത്രി തിരിച്ചെത്തും മുന്‍പേ കിടപ്പാടം വിട്ടു ഇറങ്ങേണ്ടി വന്ന നിസ്സഹായനായ ‘പൌരന്റെ’ കഥയും അസാധാരണമല്ല. നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതാണവ.

 

യാതാര്‍ത്ഥ്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത , അസഹനീയമായ ഈ നിസ്സഹായത തന്നെയാണ് പാപ്പിലിയോ ബുദ്ധയിലെ അവസാന രംഗത്തിലും കാണാന്‍ സാധിക്കുന്നത് . സ്വന്തം ഭൂമിയും മലയും കാടും വിട്ടു ഇറങ്ങേണ്ടി വരുന്ന മനുഷ്യരുടെ, ഒട്ടും അപ്രതീക്ഷിതമല്ലാത്ത അന്ത്യം തന്നെയാണ്, മനോഹരമായ അവസാന രംഗത്തിലൂടെ, പാപ്പിലിയോ ബുദ്ധയുടെയും.


 

ഫെസ്റ്റിവല്‍ അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയം
ഇത് അസഹനീയമായ ഒരു നൈരന്തര്യമാണ്. എത്ര നിയമപരമായി പോരാടിയാലും, നിലനില്‍പിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടും , തീവ്രവാദം എന്നു മുദ്രകുത്തപ്പെട്ടു കൊണ്ടും ഇരിക്കുകയാണ് . പൌരനായിരിക്കെ ഇതേ രാജ്യത്തിനും ഭരണഘടനയ്ക്കും അകത്തു ജീവിക്കാനുള്ള അവകാശത്തെയാണ് അതേ രാഷ്ട്രം തന്നെ ഒരു ഗതികേടാക്കി മാറ്റുന്നത്. ഇത്തരം സമരങ്ങള്‍ ഒറ്റപ്പെട്ട ഒന്നല്ല . ഇത്രത്തോളം വ്യാപകമായ ഒരു വസ്തുത മൂടി വക്കപ്പെടുകയും അപ്രത്യക്ഷമാക്കപ്പെടുകയും ചെയ്യുന്നതും, ഇന്ന് കല്ലെറിയപ്പെട്ടത് കൊണ്ട് മാനഹാനി സംഭവിച്ച അതേ രാഷ്ട്രനേതാക്കള്‍ പ്രഘോഷിച്ച ജനാധിപത്യത്തിന്റെ ജാലവിദ്യ ഉപയോഗിച്ചാണ്. യാതാര്‍ത്ഥ്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത , അസഹനീയമായ ഈ നിസ്സഹായത തന്നെയാണ് പാപ്പിലിയോ ബുദ്ധയിലെ അവസാന രംഗത്തിലും കാണാന്‍ സാധിക്കുന്നത് . സ്വന്തം ഭൂമിയും മലയും കാടും വിട്ടു ഇറങ്ങേണ്ടി വരുന്ന മനുഷ്യരുടെ, ഒട്ടും അപ്രതീക്ഷിതമല്ലാത്ത അന്ത്യം തന്നെയാണ്, മനോഹരമായ അവസാന രംഗത്തിലൂടെ, പാപ്പിലിയോ ബുദ്ധയുടെയും.

സമത്വത്തെ അതിസുന്ദരമായി വിഭാവനം ചെയ്യുകയും അസമത്വങ്ങളെ പ്രശ്നവല്‍കരിച്ചു വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു എന്നതിനൊപ്പം, കേരള സമൂഹത്തിന്റെ നേരവസ്ഥകളെ അതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു ഈ ചിത്രം. IFFK പോലും ഇതിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നു എന്നത് ഔദ്യോഗിക ചലച്ചിത്രോത്സവങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആഴമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടതാണ്. സെന്‍സര്‍ ബോര്‍ഡ് ചിട്ടകള്‍ക്കൊപ്പം പൊളിച്ചെഴുതപ്പെടണം, ഫിലിം ഫെസ്റ്റിവല്‍ അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയം.
 
 
ശലഭങ്ങളും ബുദ്ധനും ഭയപ്പെടുത്തുന്നതാരെ?

 
 

4 thoughts on “പാപ്പിലിയോ ബുദ്ധ ഈ കണ്ണാടിയില്‍ നിങ്ങളുടെ ദംഷ്ട്രകള്‍:

 1. കാണാത്ത സിനിമയെക്കുറിച്ച് അഭിപ്രായം ഇല്ല. പക്ഷേ, ഇവിടെ എഴുതിയിരിക്കുന്നതാണ്‌ വാസ്തവം എന്നു സങ്കല്പിച്ചാല്‍ ചിലചോദ്യങ്ങള്‍ ചോദിക്കാനാകും. ഒന്നു JNU എന്ന പേരാണ്‌. ആ പേരുത്പാദിപ്പിക്കുന്ന വിവിധങ്ങളായ അര്‍ഥങ്ങളെ കാണാതെ പോകരുത്.
  മറ്റൊന്നു ഗാന്ധിയാണ്‌. മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയെ 1948 ല്‍ വെടിവച്ചു കൊന്നു. അദ്ദേഹമോ അദ്ദേഹത്തിന്റെ പിന്മുറക്കാരോ ഇന്ത്യ ഭരിച്ചിട്ടില്ല. എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്രുവും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരും ഇന്ത്യ ഭരിച്ചിട്ടുണ്ട്. ഭരിച്ചുകൊണ്ടേയിരിക്കുകയാണ്‌. വിമര്‍ശനങ്ങള്‍ ഗാന്ധിപ്രതിമകള്‍ക്ക്നേരെമാത്രമായി ചുരുങ്ങുന്നത് എന്തുകൊണ്ടാണ്‌ എന്നും ആലോചിക്കാവുന്നതാണ്‌.
  രാഷ്ട്രം എന്ന സങ്കല്പം കൊണ്ടു നടക്കുന്നിടത്തോളം കാലം സെന്‍സര്‍ഷിപ്പ് ഉണ്ടാകും എന്നത് ലളിതമായ എന്നാല്‍ സമ്മതിക്കാന്‍ വിഷമമുള്ള ഒരു കാര്യമാണ്‌. രാഷ്ട്രം ഉണ്ടാകുമ്പൊള്‍ അതിര്‍ത്തിയും യുദ്ധങ്ങളും ഭരണകൂടവും കൂടെ ഉണ്ടാകുന്നുണ്ട്. Nation State എന്ന സങ്കല്പത്തിനു സെന്‍സര്‍ഷിപ്പിനെ സാധൂകരിക്കുവാന്‍ കഴിയും.

  • There is no censorship for one of the largest film industry, Hollywood in USA. Censorship is a colonial tool, freedom of speech and expression, especially that of dissent, is the essence of democracy.

 2. നേഷന്‍ സ്റ്റേയിറ്റ് എന്ന സംങ്കല്‍പ്പത്തിനു എങ്ങനെ സെന്‍സര്‍ഷിപ്പിനെ സാധൂകരിക്കുവാന്‍ കഴിയും? സെന്‍സര്‍ഷിപ്പില്ലാത്ത എത്രയോ രാഷ്ട്ര ങ്ങള്‍ ഉണ്ട്.

 3. സിനിമ കണ്ടിട്ടില്ല പക്ഷെ ഇതില്‍ പറയുന്ന സംഭാഷണം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്
  ” ഇത് മുഴുവന്‍ പെണ്ണിന്റെ വേദന കല്ലിച്ചതാണെന്നും , ആവുമെങ്കില്‍ കുടിച്ചു തീര്‍ക്കെടാ ” സ്ത്രീ ശരീരത്തെ ഇരയായി മാത്രം കാണുന്നതും ലൈങ്കികത ഉള്‍പടെയുള്ള സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത തൃഷ്ണകളെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു ഇടതു സദാചാരം ഇത് സൂചിപിക്കുന്നുണ്ടോ എന്ന് സംശയം. സ്ത്രീ ശരീരത്തിനും ലൈഗികതയ്ക്കും രാഷ്ട്രീയ ചിഹ്നങ്ങള്‍ എന്ന തലത്തില്‍ മാത്രമാണോ സിനിമയില്‍ സാധുത നേടാന്‍ കഴിയുക ?

  രണ്ടാമതായി “ദലിതരെ ജനാധിപത്യത്തിനുള്ളില്‍ സമത്വത്തോടെ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ച അംബേദ്കറെയാണ് …..” എന്ന അനുവിന്റെ പ്രസ്താവന അംബേദ്‌ക്കറുടെ രാഷ്ട്രീയത്തെ മനസിലാക്കാതെ നടത്തുന്ന ഒന്നാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌.ജനാധിപത്യം, ആധുനികത എന്നതിനോടുള്ള അംബേദ്‌കറുടെ രാഷ്ട്രീയ ഇടപെടലുകള്‍ “സമത്വതോടെ ഉള്കൊള്ളിക്കുക” എന്നതിനെക്കാളും സങ്കീര്‍ണ്ണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *