മേരെ യെ ഗീത് യാദ് രഖ്നാ

 
 
 
 

അനശ്വര ഗായകന്‍ കിഷോര്‍ കുമാര്‍ മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട്. ഓര്‍മ്മയുടെ പാട്ടുവഴികളിലൂടെ കിഷോര്‍ദായ്ക്കൊപ്പം ഒരു നടത്തം. സരിത കെ വേണു എഴുതുന്നു
 
 

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.- സരിത കെ വേണു എഴുതുന്നു

 

 

ചില മനുഷ്യരുണ്ട്. കാലഘട്ടങ്ങളെ സ്വന്തം പേരിലേക്ക് വിവര്‍ത്തനം ചെയ്യുന്നവര്‍. സഹജീവികളെ മുഴുവന്‍ പ്രതിഭയാല്‍ മായ്ച്ചുകളഞ്ഞ് കാലത്തിന്റെ ചുവരെഴുത്തുകള്‍ മുഴുവന്‍ തങ്ങളുടേതാക്കുന്നവര്‍. പില്‍ക്കാലം ആ കാലങ്ങളെ ഓര്‍ത്തെടുക്കുന്നത് അവരുടെ പേരുകളിലായിരിക്കും. അന്നത്തെ ഓരോ രാപ്പകലുകള്‍ക്കും അവരുടെ മുദ്രകള്‍. ഓരോ ഇലയനക്കത്തിനും അവരുടെ വാഴ്വുകള്‍. ഓരോ കടലിരമ്പത്തിലും അവരുടെ ജീവശ്വാസം.

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.

25 വര്‍ഷം മുമ്പാണ് ആ ഉടല്‍ അവസാനമായി പാട്ടായത്. കൃത്യമായി പറഞ്ഞാല്‍, 1987 ഒക്ടോബര്‍ 13ന്. മരണമെഴുതിയ വരികള്‍ അപാരമായ ആഴത്തില്‍ മൂളി അന്നദ്ദേഹം നടന്നുപോയി. അതു കഴിഞ്ഞിത്ര നാള്‍. കൂടുന്നേയുള്ളൂ, ആ സ്വരത്തിന് ആരാധകര്‍. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ആനന്ദത്തിന്റെയും ഉന്‍മാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അനശ്വര മുദ്രകള്‍ പകര്‍ന്ന് കിഷോറിപ്പോഴും നമുക്കിടയിലിരുന്ന് പാടുന്നു…

 

 

അഭിനയം മുതല്‍ സംഗീതം വരെ
മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ 1929 ആഗസ്ത് 4ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ പിന്നീട് നടനും ഗായകനും രചിയിതാവും, സംഗീതസംവിധായകനും നിര്‍മാതാവുമൊക്കെയായി നമ്മുടെ നിത്യജീവിതത്തില്‍ നിറഞ്ഞത്. തലത്ത് മഹ്മൂദ്, മുഹമ്മദ് റഫി, മുകേഷ്, തുടങ്ങി അസാമാന്യ ഗായകര്‍ അരങ്ങുവാണിരുന്ന കാലമാണത്. ഒരുപാട് കാലമെടുത്തു കിഷോര്‍ എന്ന ഗായകന് സ്വന്തം ഇടം ഉറപ്പിക്കാന്‍.

നീണ്ട 21 വര്‍ഷങ്ങള്‍. അഭിനയമായിരുന്നു ആദ്യ തട്ടകം. നടനും ജേഷ്ഠസഹോദരനുമായ അശോക് കുമാറിന്റെ നിര്‍ബന്ധപ്രകാരമാണ് നടനായത്. അപ്പോഴും സംഗീതമായിരുന്നു മനസിലാകെ. ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം പാടിക്കൊണ്ട് നടക്കുന്നത് സംഗീത സംവിധായന്‍ ഖേം ചന്ദ് പ്രകാശ് ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ചെയ്ത ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു. പക്ഷെ അവയിലെല്ലാം അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിച്ചിരുന്നു.

സംഗീത സംവിധായകന്‍ സചിന്‍ ദേബ് ബര്‍മന്‍ അശോക് കുമാറിന്റെ വീടു സന്ദര്‍ശിച്ച വേളയില്‍ വളരെ യാദര്‍ശ്ചികമായാണ് അപ്പുറത്തെ മുറിയില്‍ സൈഗാളിനെ അനുകരിച്ച് പാടിക്കൊണ്ടിരുന്ന കിഷോറിനെ കേള്‍ക്കാന്‍ ഇടയായത്. അവിടെ പിറന്നു കിഷോര്‍ എന്ന നക്ഷത്രം. ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നില്ല എന്ന ഒറ്റകാരണത്താല്‍ സലീല്‍ ചൌെധരി കിഷോറിനെക്കൊണ്ട് പാടിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പിന്നീട് പാടിക്കേട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ മനസ്സ് മാറിയത്.

എന്നിട്ടും കിഷോര്‍ നടനാവണമെന്നു തന്നെയായിരുന്നു ജേഷ്ഠന്‍ അശോക് കുമാറിന്റെ താല്‍പ്പര്യം. ജേഷ്ഠനെ പിണക്കാതെ തന്നെ അഭിനയത്തില്‍ നിന്ന് കിഷോറിന് ഒഴിഞ്ഞുമാറണമായിരുന്നു. അതിന് കണ്ടെത്തിയ സൂത്രമായിരുന്നു, അനാവശ്യ ചേഷ്ടകളൊടെയുള്ള അഭിനയം. മികച്ച കോമഡി നടനെന്ന ഖ്യാതിയാണ് പകരം കിട്ടിയത്. കോമഡി സിനിമകള്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ കിഷോറിന്റെ ഡേറ്റിനായി കാത്തിരുന്നു. ‘ന്യൂദല്‍ഹി’ (1957), ‘ആശ’ (1957), ‘ചല്‍തി കാ നാം ഗാഡി’ (1958), ‘ജുംരൂ’ (1961), ‘ഹാഫ് ടിക്കറ്റ്’ (1962), ‘പഡോസന്‍’ (1968) എന്നീ സിനിമകളിലൂടെ എല്ലാം തികഞ്ഞൊരു കോമിക് നായകനായി കിഷോര്‍ പേരെടുത്തു.

 

 

ഉന്‍മാദിയുടെ ഉച്ചസ്വരം
ഉന്‍മത്തമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. സമാനതകള്‍ ഇല്ലാത്ത കിറുക്കുകളുടെ കൂടായിരുന്നു ആ പ്രകൃതം. അതുതന്നെയായിരിക്കും കിഷോര്‍ ഇന്നും വെറുമൊരു ഗാനത്തിനുമപ്പുറം ഓര്‍ക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. കോമഡിയായാലും, മെലഡിയായാലും, ശാസ്ത്രീയ സംഗീതമായാലും കേള്‍ക്കുന്നവന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഇത്ര ആത്മാര്‍ത്ഥമായി പാടാന്‍ കിഷോറിനുള്ള സിദ്ധി മറ്റാര്‍ക്കുമുണ്ടാവില്ല, ഒരര്‍ത്ഥത്തില്‍ റഫി സാബിനു പോലും.

അനേകം ആകാശങ്ങള്‍ ഉള്ളില്‍ നിറയ്ക്കുന്ന അനേകം കിഷോര്‍ ഗാനങ്ങളുണ്ട്. വിഷാദത്തിന്റെ പതിവു വഴിക്കപ്പുറം ഉന്‍മത്ത ഭാവങ്ങളുടെ വേലിയേറ്റമാണ് അവയില്‍ പലതിനും. അദ്ദേഹം നിര്‍മിക്കുകയും സംഗീതസംവിധാനം നിര്‍വഹിക്കുകയും ആലപിക്കുകയും ചെയ്തൊരു ഗാനം അവയില്‍ വേറിട്ടു നില്‍ക്കുന്നു?

‘കോയി ഹം ദം ന രഹാ,
കോയി സഹാര ന രഹ,
ഹം കിസി കാ ഭി ന രഹാ,
കോയി ഹമാര ന രഹ…

പല നേരങ്ങളുണ്ട് ജീവിതത്തില്‍. ഒറ്റപ്പെടലിന്റെ ഇരുള്‍ത്തുരുത്തിലേക്ക് ജീവിതം നമ്മെ വലിച്ചെറിയുന്ന നേരം നെഞ്ചോട് ചേര്‍ത്ത് പ്രതീക്ഷയിലേക്ക് വേച്ചുവേച്ചു നടക്കാന്‍ ഈയൊരൊറ്റ ഗാനം മതി.

 

കിഷോറും റഫിയും


 

കിഷോറും റഫിയും
റഫിയാണോ കിഷോറാണോ ഏറ്റവും മികച്ച ഗായകന്‍ എന്ന തര്‍ക്കം ലോകാവസാനം വരെ നീണ്ടുനില്‍ക്കും. അടുത്ത കാലം വരെ കോഴിക്കോട്ട് അത്തരം തര്‍ക്കങ്ങളും കൈയാംകളികളുമൊക്കെ പതിവായിരുന്നെന്ന് ഉള്ളില്‍ പാട്ടിന്റെ കടലുമാകാശവും സൂക്ഷിക്കുന്ന മുതിര്‍ന്ന തലമുറ പറയാറുണ്ട്.

എന്തൊക്കെ പറഞ്ഞാലും കിഷോര്‍ദയുടെ ശൈലി എന്നും വ്യതിരിക്തമായിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ആലാപാന ശൈലി. അതു തന്നെയാവണം ആരുടെ പാട്ടുകളാണ് ഏറെയിഷ്ടം എന്നുചോദിച്ചാല്‍ അഞ്ചില്‍ മൂന്നുപേരും പറയുന്ന മറുപടി കിഷോര്‍ എന്നായത്. അതിനര്‍ത്ഥം അവര്‍ക്ക് റഫിയുടെ പാട്ടുകള്‍ ഇഷ്ടമല്ല എന്നല്ല, കിഷോറിന്റെ ഗാനങ്ങളിലെ ഫീല്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ്. അനുനാസികത്വം നിറഞ്ഞ ശബ്ദം, അനായാസേന പാടാനുള്ള കഴിവ്, ഒരു പുഴ നാം അറിയാതെ നമുക്കരികിലൂടെ ഒഴുകുന്നതു പോലെ തോന്നും കിഷോര്‍ ദാ പാടുമ്പോള്‍.

കിഷോറിന്റെ പാട്ടുകള്‍ക്ക് ആവശ്യമേറിയപ്പോള്‍ നിര്‍മാതാക്കള്‍ക്ക് റഫിയെ മാറ്റി കിഷോറിനെക്കൊണ്ട് പാടിക്കേണ്ടിവന്നിട്ടുണ്ട്. റോയല്‍റ്റി പ്രശ്നത്തോടെ എല്ലാവരും റഫിയെ ഏകദേശം ബഹിഷ്കരിച്ചപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചതും കിഷോറിനായിരുന്നു. റഫി സാബിന് തന്റെ കരിയര്‍ അവസാനിപ്പിച്ചാലോ എന്നു പോലു തോന്നിയ കാലമായിരുന്നത്രെ അതൊക്കെ. എന്നാലും കിഷോറിന് റഫിയെ വലിയ ബഹുമാനമായിരുന്നു. അവര്‍ ഒന്നിച്ചുപാടിയിട്ടുള്ള ദോസ്താനയിലെ ഗാനം ‘ബനേ ചാഹെ ദുഷ്മന്‍ സമാനാ ഹമാരാ, സലാമത്ത് രഹേ ദോസ്താന ഹമാര” അതിനൊരു തെളിവാണ്.

 

 

കിഷോര്‍ -ഖന്ന- ബര്‍മ്മന്‍ കൂട്ടുകെട്ട്
1969ലിറങ്ങിയ ‘ആരാധന’ ചിലരുടെയൊക്കെ ജാതകം മാറ്റിയെഴുതിയ ചിത്രമാണ്. എല്ലാ അര്‍ത്ഥത്തിലും സൂപ്പര്‍ ഹിറ്റ്. കിഷോറിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും ആരാധനയാണ്. സച്ചിന്‍ ദേബ് ബര്‍മനായിരുന്നു സംഗീതസംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ മുഴുവനും റഫിക്കും ലതയ്ക്കും വേണ്ടിയായിരുന്നു അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ മുഴുവന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് അദ്ദേഹം രോഗാതുരനായി. ബാക്കി പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്ന ജോലി അദ്ദേഹം മകന്‍ ആര്‍.ഡി ബര്‍മനെ ഏല്‍പ്പിച്ചു.

അതില്‍ രണ്ട് പാട്ടുകള്‍ ‘മേരി സപ്നോം കി റാണി’, ‘രൂപ് തെരാ മസ്താനാ’ എന്നിവ ആര്‍.ഡി ബര്‍മന്‍ കിഷോറിനെക്കൊണ്ടു പാടിച്ചു. അതു വന്‍ഹിറ്റായി. കിഷോറും രാജേഷ്ഖന്നയും താരപദവിയിലേക്ക് ഉയര്‍ന്നു. കിഷോര്‍ -രാജേഷ്ഖന്ന- ആര്‍. ഡി ബി ത്രയം സിനിമാ പ്രേമികളുടെ ഇഷ്ടകൂട്ടുകെട്ടായി. ആരാധന(1969)യില്‍ തുടങ്ങിയ കിഷോര്‍ തരംഗം പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്നു.

എഴുപതുകള്‍ കിഷോറിന്റേതായിരുന്നു. ആര്‍ ഡി ബര്‍മന്‍ ഇക്കാലത്ത് ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം തന്നെ കിഷോറിന് വേണ്ടി മാത്രമായിരുന്നു എന്നുതോന്നിപ്പോവും. യേ ശ്യാം മസ്താനി (കടി പതംഗ്), കുച്തോ ലോഗ് കഹേം ഗേ (അമര്‍ പ്രേം), ദിയാ ജല്‍തേ ഹേ (നമക് ഹറാം), ഹമേ തുംസേ പ്യാര്‍ കിത്നാ (ഖുദ്റത്), വോ ശ്യാം കുച്ഛ് അജീബ് ഥീ (ഖാമോശീ), മെരെ നൈനാ സാവന്‍ ഭാദോം ( മെഹബൂബാ), മേരാ ജീവന്‍ ഖൊരാ കാഗസ് (ഖൊരാ കാഗസ്), ദില്‍ ഐസാ കിസീ നെ മേരാ തോഡാ(അമാനുഷ്) എന്നിങ്ങനെ .

അന്നത്തെ മിക്ക നായകന്‍മാര്‍ക്കും ഇണങ്ങുന്ന അനുനാസികത്വമാര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍, കിഷോര്‍ ശബ്ദം നല്‍കാത്ത നടന്‍മാരും കുറവാണ്. അക്കാലത്തെ എല്ലാ നായകന്‍മാര്‍ക്കും വേണ്ടി അദ്ദേഹം പാടി. എന്നാല്‍ ദേവാനന്ദിനും രാജേഷ് ഖന്നയ്ക്കുമാണ് ആ ശബ്ദം ഏറെ ഇണങ്ങിയത്.

ലക്ഷ്മികാന്ത്പ്യാരേലാലും കല്യാണ്‍ജി ആനന്ദ്ജിയും കിഷോറിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മെരെ ദില്‍മെ ആജ് ക്യാ ഹെ (ദാഗ്1973), യേ ജീവന്‍ ഹേ (പ്യാര്‍ കാ ഗര്‍1972) എന്നിവ ലക്ഷ്മികാന്ത് പ്യാരേലാലും, ഓ, സാത്തിരേ (മുഖദര്‍ കാ സികന്ദര്‍), ഖയി കേ പാന്‍ ബനാറസ് വാലാ (ഡോണ്‍), എന്നിവ കല്യാണ്‍ജി ആനന്ദ്ജിയും നല്‍കിയ മികച്ച ഗാനങ്ങളാണ്. പിന്നീട് രംഗത്തു വന്ന രാജേഷ് റോഷന്റെ ആദ്യ ഹിറ്റായ ജൂലിയിലെ ‘ദില്‍ ക്യാ കരേ ജബ് കിസീകെ’, ബപ്പി ലാഹിരിയുടെ ‘ചല്‍തെ ചല്‍തെ’ എന്നിവ അക്കാലത്തെ ജനപ്രിയ ഗാനങ്ങളായി.

 

 

ആ ഉറക്കം കളിയായിരുന്നില്ല
കിഷോര്‍ദ വല്ലാത്തൊരു നിഗൂഢതയായിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള ഒരു മിസ്ററി. തന്റെ ഉന്‍മത്തത കൊണ്ട് അദ്ദേഹം തീര്‍ത്ത ലോകം മറ്റൊന്നായിരുന്നു. പിശുക്കനും പണക്കൊതിയനുമായിരുന്നെന്നും അദ്ദേഹത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കില്ല, പുകവലിയില്ല. അനാവശ്യകൂട്ടുകെട്ടില്ല, പാര്‍ട്ടികളില്‍ പങ്കെടുക്കില്ല. ജോലികഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തനിക്ക് ഇഷ്ടമുള്ള ഹൊറര്‍ മൂവി കാണാനും, കളിപ്പാട്ടങ്ങള്‍കൊണ്ടുകളിക്കാനും, മരങ്ങളോട് സംസാരിക്കാനുമാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ഹാസ്യനടന്‍ മഹ്മൂദായിരുന്നു ആത്മാര്‍ത്ഥ സുഹൃത്ത്്.

ബംഗാളി നടിയായ റൂമ, ഹിന്ദി സിനിമ കണ്ട എറ്റവും സുന്ദരിയായ മധുബാല, നടിമാരായ യോഗിതാ ബാലി, ലീന ചന്ദ്രവര്‍ക്കര്‍ എന്നിവരൊക്കെ കിഷോറിന്റെ ഭാര്യമാരായിരുന്നു. ജീവിതത്തിലും മരണത്തിലും അദ്ദേഹം തന്റെ കുട്ടിത്തം വിട്ടില്ല. മരിച്ചപോലെ കിടക്കുക അദ്ദേഹത്തിന്റെ പ്രിയ വിനോദമായിരുന്നു. എന്നാല്‍ 1987 ഒക്ടോബര്‍ 13ന് ആ ഒളിച്ചുകളി കാര്യമായി. ആ ഉറക്കം അദ്ദേഹം ഉണര്‍ന്നില്ല. ഹൃദയാഘാതമായിരുന്നു.

ബാക്കിയായ അനേകം ഗാനങ്ങളില്‍ ഇതുമുണ്ട്. ഓരോ മറവിയെയും ഓര്‍മ്മകളിലേക്ക് പറത്തുന്ന ആ പാട്ട്.

ബീച് രാഹ് മേ ദില്‍ബര്‍
ബിഛട് ജായേ കഹി ഹം അഗര്‍
ഓര്‍ സൂനി സി ലാഗെ തുംഹെ
ജീവന്‍ കീ യെ ഡഗര്‍
ഹം, ലൌട് ആയേങ്കെ…
തും യൂഹി ബുലാത്തെ രഹ് നാ
കഭി അല്‍വിദാ നാ കഹ് നാ…
കഭി അല്‍വിദാ നാ കഹ് നാ…
 
 
 
 

5 thoughts on “മേരെ യെ ഗീത് യാദ് രഖ്നാ

  1. സൂപര്‍ സ്റ്റോറി
    പാട്ടിന്റെ വരികള്‍ മാത്രമെഴുതി അത് ഫില്‍ ചെയ്യാന്‍ കുറച്ചു വിശേഷണങ്ങളും ചേര്‍ക്കുന്ന പതിവ് സ്റൊരികളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണിത്
    താങ്ക്സ് സരിത കെ വേണു ഇനിയും പ്രതീക്ഷിക്കുന്നു

  2. നല്ല ലേഖനം, കിഷോര്‍ കുമാറോ , റാഫി സാബോ ആരാണ് മികച്ചത് എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്, പക്ഷെ എന്റെ അഭിപ്രായത്തില്‍ (കിഷോര്‍ ദാ യോടുള്ള എല്ലാ ബഹുമാനത്തോടുകൂടി പറയട്ടെ) റാഫി സാബ് തന്നെയാണ് മികച്ച ഗായകന്‍, രാജേഷ്‌ ഖന്ന താരമായി ഉയര്ന്നപ്പോഴാനു കിഷോര്‍ ദാ ജന ഹൃദയങ്ങളില്‍ ഇടം നേടിയത്‌, താങ്കള്‍ക് അറിയാമായിരിക്കും എന്ന് കരുതുന്നു Haathi mere saathi എന്നാ സിനിമയില്‍ ഒരു ഗാനം Nafrath ki duniya ko chodke എന്ന ഗാനം ഒഴികെ എല്ലാ ഗാനങ്ങളും ആലാപിച്ചത് കിഷോര്‍ ദാ ആയിരുന്നു, പഷേ Nafrath ki duniya എന്ന ഗാനം ആലാപിച്ചത് റാഫി സാബ് ആയിരുന്നു ആ ഗാനം ആണ് ആ സിനിമയുടെ നാട്ടല്ലും. മാത്രമല്ല ആ ഗാനത്തിന് തന്നെ ആയിരുന്നു അവാര്‍ഡും ലഭിച്ചത്, അത് പോലെയുള്ള ഗാനങ്ങള്‍ ആലാപിക്കാന്‍ റാഫി സാബിന് മാത്രമേ കഴിയുകയുള്ളൂ.

  3. വളരെ മനോഹരമായ ലേഖനം……പക്ഷെ കിഷോര്‍ ദ യെ വാഴ്ത്തുവാന്‍ റാഫി സാബിനെ താഴ്ത്തി കാണിക്കേണ്ട ആവശ്യമില്ല…ഏറ്റവും മികച്ച ഗായകന്‍ ആരെന്ന് കാലം തെളിയിച്ച കാര്യമാണ്…റാഫി സാബിന്റെ അത്രയും range ഉള്ള ഗായയകന്‍ വേറെ ആരുണ്ട്‌? ഏതു തരം പാട്ടനെങ്ങിലും പാടുവാന്‍ റഫിസാബിന്റെ അത്ര കഴിവുള്ള ഏതു ഗായഗനാണ് ഉള്ളത്? അഞ്ചില്‍ മൂന്ന് പേരും കിഷോര്‍ ദ യുടെ പാട്ട് ആണ് പറയുക എന്നത് ലേഖികയുടെ അഭിപ്രായം മാത്രമാണ് സത്യം അതെല്ലന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ…. തന്‍റെ മുന്‍പില്‍ വെച്ച റഫിസാബിനെ താഴ്ത്തി പറഞ്ഞ ആരാധകനെ കിഷോര്‍ തന്നെ കാരണത് അടിച്ചത് സുപ്രസിദ്ധമായ സംബവമാണല്ലോ.പാട്ട് നിര്‍ത്തുവാന്‍ റഫിസാബിനു തോന്നിയത് എപ്പോഴാണ്? 1976 നു ശേഷം എന്താണ് സംഭവിച്ചത് എന്ന് ചലച്ചിത്ര ലോകം കണ്ടതല്ലേ? ചെയ്ത തെറ്റിനു ക്യാഹുവാ തേരാ വാദാ എന്നാ എക്കാലത്തെയും സൂപ്പര്‍ പാട്ടിലൂടെ ആര്‍ ഡി ബര്‍മ്മന്‍ പോലും തിരുത്തിയില്ലേ?

Leave a Reply

Your email address will not be published. Required fields are marked *