പ്രേതം ഓഫ് വെള്ളിമല

 
 
 
 
ജവാന്‍ ഓഫ് വെള്ളിമല റിവ്യൂ. അന്നമ്മക്കുട്ടി എഴുതുന്നു
 
 

സംഭവം കൈവിട്ടെന്ന് അര മണിക്കൂറിനകം മമ്മൂട്ടി തിരിച്ചറിഞ്ഞതായി തോന്നും, പിന്നീടുള്ള രംഗങ്ങള്‍ കാണുമ്പോള്‍. മമ്മൂട്ടി അഭിനയിക്കുകയാണോ, അതോ, പണ്ടാരടങ്ങാന്‍ ഇതൊന്നു തീര്‍ന്നാ മതിയെന്ന മട്ടില്‍ അങ്ങനെ നിന്നുപോവുകയാണോ എന്ന സംശയം ന്യായമാണ്. പല ആക്ഷന്‍ രംഗങ്ങളിലും വെറുതേ കൈയ്യും കാലും അനക്കുക, അനക്കുന്നതിന്റെ മുമ്പേ ഗുണ്ടകള്‍ തെറിക്കുക തുടങ്ങിയ മഹാസംഭവങ്ങള്‍ കാണാം. പാട്ടു രംഗത്താവട്ടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, നൃത്തം ചെയ്യുന്നവരുടെ പിറകിലൂടെ വെറുതെ നടന്നുപോവുന്ന മമ്മൂട്ടിയെ കാണാം- അന്നമ്മക്കുട്ടി എഴുതുന്നു

 

 

ഫാന്‍സുകാരുടെ തെറികളും പ്രേമലേഖനങ്ങളും പ്രലോഭനങ്ങളും വധഭീഷണികളുമെല്ലാം സ്ഥിരതാമസമാക്കിയ എന്റെ ഇ-മെയില്‍ ഇന്‍ബോക്സാണേ സത്യം-ഇതെന്റെ വിധിയാണ്! കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക എന്നു പറയാറില്ലേ. ഏതാണ്ട് അതു തന്നെ. ജോലിത്തിരക്കും കുശുമ്പും കുന്നായ്മയുമൊക്കെയായി സിനിമ കാണുന്നതേ മുടങ്ങിയ സ്ഥിതിയായിരുന്നു. ഇപ്പരിപാടി നില്‍ക്കുമെന്നുപോലും തോന്നിപ്പോയി. പക്ഷേ, ഈ എഴുത്തും അതിനു വരുന്ന പ്രതികരണങ്ങളും തരുന്ന ഊര്‍ജത്തിനു പകരം മറ്റൊന്നുമില്ല തന്നെ. അങ്ങനെ വീണ്ടും സിനിമാ കാണാനിറങ്ങിയപ്പോഴാവട്ടെ മുന്നിലതാ വെള്ളിമലയിലെ ജവാന്‍!

ഒരു ഡാം സൈറ്റ്. അവിടത്തെ കാവല്‍ക്കാരനായി മമ്മൂട്ടി. ആള് പഴയൊരു പട്ടാളക്കാരനാണ്. നിഷ്കളങ്കന്‍. സല്‍സ്വഭാവി. ചങ്കൂറ്റം മുഖത്തെഴുതി വെച്ചവന്‍. പേടിത്തൊണ്ടനെങ്കിലും നൃത്തം ചെയ്യാനും പാട്ടു പാടാനും പണ്ടേ ഉശിരന്‍. ഇനി ഡാം. അതിനെ ചുറ്റി പറ്റി ചില സംഭവങ്ങള്‍, അവിടെ നല്ലവനായ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, വില്ലനായ മേലുദ്യോഗസ്ഥന്‍, നിഷ്കളങ്കരായ നാട്ടുകാര്‍, മമ്മുക്കയെ ഇഷ്ടപ്പെടുന്ന, (മമ്മുക്ക അങ്ങോട്ടല്ല ട്ടോ) ഒരു പെണ്‍കുട്ടി. ആകെ മൊത്തം ടോട്ടല്‍, കിടിലന്‍ സെറ്റപ്പ്.
 
 

 
 
ഇതാവണം ജവാന്‍ ഓഫ് വെള്ളിമലയുടെ വണ്‍ലൈന്‍. ഇതുമായാവണം സിനിമക്ക് തറക്കല്ലിട്ടിരിക്കുക. ഇതു കേട്ടാവണം തുടര്‍ച്ചയായ ഒമ്പതാമത്തെ പട(ക്ക) ത്തിന് മമ്മൂട്ടി തീ കൊളുത്തിയിരിക്കുക. ഇതുകാണാനാവണം, ഫാന്‍സായ ഫാന്‍സ് മുഴുവന്‍ കൊട്ടും തിമിര്‍പ്പുമായി ഇക്കാലമത്രയും കാത്തിരുന്നിരിക്കുക. ഇതു അനുഭവിച്ചു തന്നെ അറിയാനാവണം ഞാനടക്കമുള്ള ചെറുപ്പക്കാരികളും ചെറുപ്പക്കാരും വെള്ളിയാഴ്ച കാലത്തു തന്നെ കുളിച്ചൊരുങ്ങി പൌഡറുമിട്ട് തിയററ്റിലേക്ക് വെച്ചു പിടിച്ചതും.

എന്തു ചെയ്യാന്‍, വണ്‍ലൈനല്ലല്ലോ സിനിമ. ഇപ്പറഞ്ഞ വണ്‍ ലൈനിന്റെ മോളില്‍ പപ്പും പൂടയുമെല്ലാം വെച്ച് പാട്ടും ഡാന്‍സും സ്റ്റണ്ടും പ്രേമവും വില്ലത്തരവും എല്ലാം സമാസമം ചേര്‍ക്കുമ്പോഴാണല്ലോ സിനിമ സംഭവിക്കുന്നത്. എന്നാല്‍, ഇതൊന്നും സംഭവിക്കാതിരിക്കുകയും എന്താണ് കാര്യമെന്ന് അറ്റ്ലീസ്റ്റ് സംവിധായകനോ തിരക്കഥാകൃത്തിനോ പിടിയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഇത് പോലെ വരും. പ്രേക്ഷകന്‍ ഇക്കാലമത്രയും ചെയ്ത മുഴുവന്‍ പോക്രിത്തരത്തിനുമുള്ള രണ്ടേ കാല്‍ മണിക്കൂര്‍ ശിക്ഷ!

ഇതെല്ലാം അന്നമ്മക്കുട്ടി ഒത്തിരിയങ്ങ് പൊലിപ്പിച്ച് പറയുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ ഒരു കാര്യമേ പറയാനുള്ളൂ. ചുണയുണ്ടെങ്കില്‍ ഒന്നു കണ്ടു നോക്കുക. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന്, ഇറങ്ങി വരുമ്പോള്‍ ലോകം പഴയതു പോലെ തന്നെ തോന്നും. അങ്ങനെയെങ്കില്‍ നിശ്ചയമായും സന്തോഷിച്ചേക്കുക. ആകാശം പൊട്ടി വീണാലും നിങ്ങള്‍ക്കിനിയൊന്നും സംഭവിക്കാനില്ല.

ഇനി, രണ്ടാമത്തെ സാധ്യത. ഇറങ്ങി വരുമ്പോള്‍ ലോകം രണ്ടോ മൂന്നോ ആയി കാണുന്നുവെന്ന് വെക്കുക. അപ്പോഴും ഒന്നാഞ്ഞ് സന്തോഷിച്ചേക്കുക. ഇത്രയല്ലേ സംഭവിച്ചുള്ളൂ. മൂക്കിലിപ്പോഴും ശ്വാസം ബാക്കിയുണ്ടല്ലോ!

 

 

പ്രേതങ്ങളും പ്രതീക്ഷകളും
തിയറ്ററിലേക്ക് കയറുമ്പോള്‍ ചെണ്ട മേളം തകര്‍ക്കുകയായിരുന്നു. ജവാന്‍ ഓഫ് വെള്ളിമലയുടെ റിലീസ് ആഘോഷം. എട്ടു പൊട്ടിയ സങ്കടം കൊട്ടിത്തീര്‍ക്കാനെത്തിയ ഫാന്‍സുകാരും എല്ലാ തകര്‍ച്ചകളും പ്രതിഭയുടെ കരുത്തില്‍ മറി കടക്കുന്ന മമ്മൂട്ടിയെന്ന നടന്റെ അതിജീവന ശേഷിയില്‍ അഗാധമായി വിശ്വസിക്കുന്ന സാദാ പ്രേക്ഷകരുമെല്ലാം ചേര്‍ന്ന് ഉല്‍സവത്തിരയിളക്കം. അത്രക്കായിരുന്നു, പ്രതീക്ഷകള്‍. നായകനും നിര്‍മാതാവുമായി സാക്ഷാല്‍ മമ്മൂട്ടി. സംവിധാനത്തിന് ലാല്‍ ജോസിന്റെ ശിഷ്യന്‍ അനൂപ് കണ്ണന്‍. ക്ലാസ്മേറ്റ്സ് ഫെയിം ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ. ന്യൂജനറേഷന്‍ ബഹളങ്ങളും തുടരെ തുടരെ ഉണ്ടായ പരാജയങ്ങളുമെല്ലാം കണക്കിലെടുത്ത്, മമ്മൂട്ടി കുതിച്ചെത്താനിരിക്കുന്നത് ഒരു ഇടിവെട്ട് സിനിമയുടെ പുറത്തായിരിക്കുമെന്ന് തന്നെ മറ്റെല്ലാവരെയും പോലെ ഞാനും നിനച്ചതാണ്.

പേരു പോലെ വെള്ളിമലയെന്ന ഗ്രാമം തന്നെയാണ് സിനിമയുടെ പശ്ചാത്തലം. അവിടെ പക്ഷേ, മനുഷ്യര്‍ മാത്രമല്ല. ലക്ഷം ലക്ഷം പിന്നാലെയെന്ന് മുദ്രാവാക്യവും വിളിച്ച് ഒത്തിരിയൊത്തിരി പ്രേതങ്ങളുമുണ്ട്. അവ പക്ഷേ, ഉപദ്രവകാരികളല്ല. മമ്മുക്ക അവതരിപ്പിക്കുന്ന ഗോപീകൃഷ്ണനെന്ന മുന്‍ പട്ടാളക്കാരനെയല്ലാതെ മറ്റാരെയും ശല്യം ചെയ്യില്ല. മറ്റാര്‍ക്കും കാണാനുമാവില്ല. പ്രേതത്തെ ഡീല്‍ ചെയ്യാനൊക്കെ ഇച്ചിരി യോഗ്യത വേണം. കണ്ട അണ്ടന്റെയും അടകോടന്റെയും അടുത്തൊന്നും പോവുന്നവരല്ല നമ്മള് പ്രേതങ്ങള്.

പറഞ്ഞുവന്നത് ഗോപീകൃഷ്ണനെക്കുറിച്ചാണ്. പുള്ളിക്കൊപ്പം പ്രേതങ്ങളുണ്ട്. ചുറ്റുമായി ഒരു ഡാമും. വെള്ളിമല അണക്കെട്ട്. ഡാം ഓപറേറ്റാണ് കാര്‍ഗിലില്‍ നിന്നെത്തിയ ഗോപി സാര്‍. സംഗതി പേടിത്തൊണ്ടനാണ്. പക്ഷേ, നിഷ്കളങ്കന്‍. പുള്ളിക്കാരന്റെ പിതാവ് പണ്ട് ഡാമിനു വേണ്ടി പടവെട്ടി മരിച്ചുപോയതാണ്. രാത്രി കണ്ണൊന്നു തുറന്നാല്‍ കാണുന്നതെല്ലാം പ്രേതങ്ങളാണ്. മരിച്ചു പോയ പഴയ പരിചയക്കാര്‍. അപരിചിതര്‍. സുന്ദരികള്‍.
 
 

 
 

ഈ ഡാമെന്ന സംവിധാനം തന്നെ പ്രേത നിര്‍മാണ ഫാക്റ്ററിയാണ്, സിനിമയില്‍. ആത്മഹത്യ ചെയ്യേണ്ടവര്‍ വരിവരിയായി ഇങ്ങോട്ടു വരിക. മരക്കൊമ്പ്, കയര്‍, വിഷക്കുപ്പി ^ഇമ്മട്ടിലുള്ള കലാ പരിപാടിയൊക്കെ മറന്ന് നേരെ ചാടിക്കോളുക. തട്ടിപ്പോവുമെന്ന് കട്ടായം. പ്രേതമായാല്‍ പിന്നെ ഒറ്റക്കാവുമെന്ന് പേടിക്കേണ്ട, സദാ സമയവും മിണ്ടിയും പറഞ്ഞുമിരിക്കാന്‍ നമ്മുടെ ഗോപീകൃഷ്ണന്‍ റെഡി.

ഇങ്ങനെ ജീവിതം പ്രേതസുരഭിലവും യൌവനയുക്തവുമായി നില്‍ക്കുന്നിടത്തുവെച്ചാണ് നല്ലവരില്‍ നല്ലവനായ അസിസ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ വര്‍ഗീസിനെ (ശ്രീനിവാസന്‍) കാണാതാവുന്നത്. സ്വാഭാവികമായും ആളുകള്‍ എന്തു വിചാരിക്കണം? ആരെ സംശയിക്കണം? എവിടെ തിരഞ്ഞുപോവണം?

ഉത്തരം പറയുന്നില്ല. അല്ലെങ്കില്‍ തന്നെ അന്നമ്മ സിനിമയുടെ കഥ മുഴുവന്‍ പറയുന്നു എന്നാണ് പരാതി. ഇനിയിപ്പോള്‍ പ്രേതങ്ങളെ കൊണ്ട് കഥ പറയിച്ചാല്‍ അടുത്ത തെറിക്ക് വേറെ വഴി നോക്കേണ്ട. അതു കൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ മാത്രം പറഞ്ഞ് കഥ പറച്ചില്‍ ഇവിടെ നിര്‍ത്തുന്നു

 

 

അതൊരു രോഗമാണ്, സര്‍!
സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ പോലെ നന്മ നിറഞ്ഞ നാട്ടുകാരാണ് വെള്ളിമലയിലും. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ്. പിന്നെ എല്ലാ വില്ലത്തരവുമായി ചീഫ് എഞ്ചിനീയര്‍ ചാക്കോ (ബാബുരാജ്). ഡാം സൈറ്റിലെ പണിക്കിടെ മരിച്ച് പോയ അപ്പന്റെ ബില്‍ പാസാക്കിയെടുക്കാന്‍ വരുന്ന ഉമ്മന്‍ കോശി (ആസിഫ് അലി). നായിക അനിത (മമ്ത മോഹന്‍ദാസ്) ഡാം ക്യാമ്പ് ഓഫീസറാണ്. എല്ലാ നായികമാരെയും പോലെ അനിതയും സുന്ദരിയായി നടക്കുന്നു, നായകനെ സംശയിക്കുന്നു, പിന്നെ, പ്രേമിക്കുന്നു, നല്ലവനായ നായകനെ സ്തുതിക്കുന്നു. കാണാതാവുന്ന വര്‍ഗീസിന്റെ മകളായി എത്തുന്ന ലിയോണക്കും പ്രത്യേകിച്ച് വേറെ പണിയൊന്നുമില്ല.

80-90 കാലത്ത് സിനിമയിലെ പ്രാധാന കഥാപാത്രത്തിനു രോഗം ഉണ്ടെങ്കില്‍ അത് പറയാന്‍ മാത്രം എം ജി സോമന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ആ ചടങ്ങ് ഇതിലുമുണ്ട്. സോമന് പകരം രഞ്ജിത് ആണ് ഡോക്ടര്‍ ആയി വരുന്നത്. ടച്ച് സ്ക്രീന്‍ ടി വിയില്‍ സ്ലൈഡൊക്കെ ആയി, പുള്ളി ഞെട്ടിക്കുന്ന രോഗത്തിന്റെ കഥ വെളിപ്പെടുത്തുന്നുണ്ട്. Charles Bonnet syndrome എന്ന രോഗം. കാഴ്ച കുറയുന്നവര്‍ക്ക് സംഭവിക്കുന്ന മതിഭ്രമങ്ങളാണത്. ഈ മതിഭ്രമത്തിലാണ് നായകനായ ഗോപീ കൃഷ്ണന്‍ പ്രേതങ്ങളുമായി വട്ടമേശ സമ്മേളനം നടത്തുന്നതെന്ന് പറഞ്ഞു തരുന്നതോടെ സിനിമയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുന്നു. കാണുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു!

 

 

വെള്ളിമലയുടെ വാലും തലയും
ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയി 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് അനൂപ് സ്വന്തം സിനിമയിലേക്ക് കടക്കുന്നത്. ഒരു നവാഗത സംവിധായകനു ലഭിക്കാവുന്ന സ്വപന തുല്യമായ തുടക്കത്തിനുള്ള അവസരം തന്നെ അനൂപിന് കിട്ടുന്നു. എന്നാല്‍, തിരക്കഥാകൃത്ത് അങ്ങേയറ്റം മോശമായി എഴുതിക്കൂട്ടിയ തിരക്കഥ അതിലും പതിന്‍മടങ്ങ് മോശമായി എടുത്തുവെന്ന ക്രെഡിറ്റു മാത്രമാണ് അവസാനം സംവിധായകന്റെ കീശയില്‍ ബാക്കിയാവുന്നത്. ഒന്നര കൊല്ലം എടുത്താണത്രെ ജെയിംസ് ആല്‍ ബര്‍ട്ട് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയത്. അതൊന്നും മതിയാവുമെന്നു തോന്നുന്നില്ല, ഒരു മാതിരി കൊള്ളാവുന്ന വണ്‍ ലൈന്‍ അവകാശപ്പെടാവുന്ന കഥയെ ഈ കോലത്തില്‍ ആക്കിയെടുക്കാന്‍!

വാലും തലയുമില്ലാത്ത സിനിമക്കു മുന്നില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരിക്കുന്ന സംവിധായകനെയാണ് നമുക്ക് മിക്കപ്പോഴും കാണാനാവുക. പരസ്പര ബന്ധമില്ലാത്ത രംഗങ്ങള്‍. കൂട്ടിയോജിപ്പിക്കാനാവാത്തത്ര വൈരുധ്യങ്ങള്‍, ഫോക്കസ് നഷ്ടപ്പെട്ട് പലയിടങ്ങളിലേക്ക് ചിതറുന്ന കഥാഗതി, ഒട്ടും യുക്തിഭദ്രമല്ലാത്ത ഇതിവൃത്തം, തുടര്‍ച്ച അവകാശപ്പെടാനില്ലാത്ത രംഗങ്ങള്‍ , ട്വിസ്റിനു വേണ്ടിയുള്ള വിഫല ശ്രമങ്ങള്‍, പ്രേക്ഷകനുമായി ഒട്ടും സംവദിക്കാത്ത ആഖ്യാനം എന്നിങ്ങനെ സിനിമയുടെ സര്‍വ നിയന്ത്രണവും സംവിധായകന് നഷ്ടപ്പെടുന്നു.

ഇക്കാര്യം സംവിധായകന് പിടികിട്ടുന്നില്ലെങ്കിലും സംഭവം കൈവിട്ടെന്ന് അര മണിക്കൂറിനകം മമ്മൂട്ടി തിരിച്ചറിഞ്ഞതായി തോന്നും, പിന്നീടുള്ള രംഗങ്ങള്‍ കാണുമ്പോള്‍. മമ്മൂട്ടി അഭിനയിക്കുകയാണോ, അതോ, പണ്ടാരടങ്ങാന്‍ ഇതൊന്നു തീര്‍ന്നാ മതിയെന്ന മട്ടില്‍ അങ്ങനെ നിന്നുപോവുകയാണോ എന്ന സംശയം ന്യായമാണ്. പല ആക്ഷന്‍ രംഗങ്ങളിലും വെറുതേ കൈയ്യും കാലും അനക്കുക, അനക്കുന്നതിന്റെ മുമ്പേ ഗുണ്ടകള്‍ തെറിക്കുക തുടങ്ങിയ മഹാസംഭവങ്ങള്‍ കാണാം. പാട്ടു രംഗത്താവട്ടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, നൃത്തം ചെയ്യുന്നവരുടെ പിറകിലൂടെ വെറുതെ നടന്നുപോവുന്ന മമ്മൂട്ടിയെ കാണാം. ഐറ്റം സോങ്ങ് പോലെ ഒരെണ്ണം കുത്തിതിരുകാനും ഇതിനിടെ സംവിധായകന്‍ സമയം കണ്ടെത്തിയിട്ടുണ്ട്. ഇനി അതില്ലാത്തതു കൊണ്ട് സിനിമ മോശമാവണ്ട എന്നു കരുതിയാവണം.
 
 

 
 
ഒരു മലമുകളില്‍ നിന്നും ബുള്ളറ്റില്‍ ചാടി വരുന്ന- ഫാന്‍സിനു വേണ്ടിയുള്ള- കിടിലന്‍ ഷോട്ടിലൂടെയാണു മമ്മൂട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അത് കഴിഞ്ഞുള്ള സീനില്‍ കോട്ടയം നസീര്‍ വിളിക്കുന്നതിനിടെ തിരിഞ്ഞ് നോക്കുമ്പോള്‍ മമ്മൂട്ടി തലയും കുത്തി വീഴുന്നുമുണ്ട്. സിനിമയുടെ വിധിയും മറ്റൊന്നല്ല. ഒരു കാര്യം ഉറപ്പാണ്, തുടര്‍ച്ചയായുള്ള ഈ പരാജയം മമ്മൂട്ടിയെ സാരമായി ബാധിക്കുക തന്നെ ചെയ്യും. കഥയും സംവിധായകരെയും തെരഞ്ഞെടുക്കുന്നതിലും പരാജയങ്ങളുടെ കാരണം വിലയിരുത്തുന്നതിലും മമ്മൂട്ടി പുലര്‍ത്തുന്ന ശ്രദ്ധക്കുറവ് തന്നെയാണ് ഈ അവസ്ഥക്ക് വഴിവെക്കുന്നത്.

സിനിമയുടെ ഭൂരിഭാഗവും രാത്രി ദൃശ്യങ്ങളാണ്. അത് പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ് വിജയിച്ചു എന്നു തന്നെ പറയാം . ഒരുപരിധി വരെ കാണികളെ സമാധാനിപ്പിക്കാന്‍ സതീഷിന്റെ ക്യാമറ സഹായിച്ചിട്ടുണ്ട്. ബിജിബാല്‍ ഒരുക്കിയ ഗാനങ്ങള്‍ ആവറേജില്‍ ഒതുങ്ങിപ്പോയി. ഒരു പാട്ട് മൂളാനുള്ള സാഹസം മമ്മൂട്ടി കാണിച്ചിട്ടുണ്ട്. ആറ്റുമണല്‍ പായയില്‍ നിന്നും പ്രചോദനം ഉള്‍ ക്കൊണ്ടാവണം . ആദ്യമായിട്ടാവണം ഇത്രയും “നന്നായി” മമ്മുട്ടി പാടുന്നത്.

 

 

ഇതും കൂടി...
സിനിമയുടെ തുടക്കത്തില്‍ വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ വെള്ളിമല ഡാമിനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. വെള്ളിമലക്കാര്‍ക്ക് ഇടയ്ക്ക് തോന്നുമ്പോള്‍, ചാടി മരിക്കാനും ഡാം ഉപകാരപ്പെടുന്നുണ്ടെന്നാണ് തുടക്കത്തിലെ ‘നിയമപ്രകാരമുള്ള മുന്നറിയിപ്പ്’ . സിനിമ കണ്ടിറങ്ങുമ്പോഴാണ് ഇതിന്റെ പ്രവചനാത്മകത പൂര്‍ണ്ണമായും ബോധ്യമാവുക. വെള്ളിമലക്കാര്‍ക്കു മാത്രമല്ല, പ്രേക്ഷകര്‍ക്കും തോന്നിപ്പോവും ആ ഡാമിലേക്കെടുത്തു ചാടി ആത്മഹത്യ ചെയ്യാന്‍!
 
 
 
 

16 thoughts on “പ്രേതം ഓഫ് വെള്ളിമല

 1. കിടിലന്‍ നിരൂപണം അന്നമ്മക്കൊച്ചമ്മേ…..സമ്മതിച്ചിരിക്കുന്നു…ഫാന്സുകാരുടെ ഹാന്ഡ്സില്‍ പെടാതെ നോക്കുക, എല്ലാ ഭാവുകങ്ങളും .

 2. ഹ ഹ ഹ ഹ …. മുകളില്‍ ആദ്യം കൊടുത്തിട്ടുള്ള മമ്മൂട്ടീടെ ചിത്രം ( തലയില്‍ മുണ്ടിട്ടത് ) പടം റിലീസ് ചെയ്തതിനു ശേഷം എടുതതാവും …ല്ലേ

 3. I am also a Mammookka fan… But parayaathirikkan vayya… ichiri kaduthu poyi ithu… Now day, he is not at all selective…

 4. ഇത് വലിയ സംഭവം സിനിമ ഒന്നും അല്ല പക്ഷെ ഒരു ശരശരി സിനിമ ആദ്യ പകുതി വലിയ പ്രശ്നം ഇല്ല താനും. പിന്നും ഇപ്പോള്‍ ഇരഗുന്ന എ പടങ്ങളും നീലച്ചിത്ര ങ്ങളെ കാലം ബെധമാണ് പിന്നെ നമുക്ക് ക്ലാസ്സ്‌ എടുക്കാന്‍ വന്ന ഒരു അധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു .ഒരു കല്ല്‌ എടുത്ത് പട്ടിയെ എറിഞ്ഞാല്‍ അതിനു കൊണ്ടിലെന്കിലം ഒരു കവിക് കൊള്ളും എന്ന്. ഇപ്പോള്‍ ഇത് മാറ്റി പറയേണ്ട കാലമായി എന്ന് തോന്നുന്നു .കല്ല്‌ എടുത്ത് പട്ടിയെ എറിഞ്ഞാല്‍ അതിനു കൊണ്ടിലെങ്കിലും ഏതെങ്കിലും സിനിമ റിവ്യൂ എയ്തുനവന് ഇട്ടു കൊള്ളും . ഞാന്‍ ഒരു സത്യം പറഞ്ഞതിന്റെ പേരില്‍ എന്നെ കടിച്ചു കൊള്ളാന്‍ വരുന്ന അന്നമ്മകുട്ടി ഫാന്സിനോട് ഒരു വാക് .ഇത് മികച്ച സിനിമയാണ് എന്ന് പരയ്ന്നില്ല .പിന്നെ അന്ന്മാകുട്ടി നിങ്ങള്‍ ലോകം കനുനതിനു മുന്‍പ് സിനിമയില്‍ എത്തിയ ആളാണ് മമ്മുട്ടി. ഇനി ഇതിനു പല മണ്ടന്മാരും മറുപടി എയുതും .നിങ്ങളോട് ഒന്നേ പരനയുല്ല്. ഞാന്‍ പ്രതികരികില്ല അതും കരുതി മനുഷ്യമാര്ക് മനസിലാകാത്തത് എയുതി വെകരുത്. ഒരു പക്ഷെ ഇത് പബ്ലിഷ് ചെയില്ല എന്നും അറിയാം അനുഭവം ഗുരു

  • ദയവായി അന്നമ്മോ ഒരു അപേക്ഷ ഉണ്ട്…ഇവന്മാരുടെ സിനിമ യുടെ റിവ്യു എഴുതുന്ന സമയം പാചക കുറിപ്പുകളോ മാലിന്യ സംസ്കരണ രീതികളെ കുറിച്ചോ അടുക്കള തോട്ടത്തെ കുറിച്ചോ എഴുതൂ , പിന്നെ ഒരു സാമൂഹ്യ സേവനം എന്നാ നിലയില്‍ നാടുകാര്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍ തുടരുക, രണ്ടു വാക്കില്‍ റിവ്യു തീര്‍ക്കാമല്ലോ , പരമ കൂതറ എന്നോ ദേശീയ ദുരന്തം എന്നോ അതീവ ഗുരുതരം എന്നോ അസഹനീയ സംഭവം എന്നോ ഒക്കെ എഴുതി നിര്‍ത്തൂ . ചാനലുകള്‍ ഇവന്മാരുടെ എച്ചിലും നക്കി കുറെ സ്റ്റാര്‍ ചാറ്റ്, ഷൂട്ട്‌ ഷോ, സിനിമ കുശേഷം ഒക്കെ പറയുന്നുണ്ട് . കുറച്ചൊക്കെ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ മാനം ഇടിഞ്ഞു വീഴില്ല എന്നും കൂടെ ഈ ഇന്റര്‍ വ്യൂ തെണ്ടികല്‍ മനസിലാക്കുക. അന്നാമ്മയ്ക്ക് നൂറു നന്ദി

  • oru paavam mammooty faaninte vilaapam, kure moopundennu karuthi ellaam angu sahikkano mone, kurachu maari chinthikkaan sramikooooo….

 5. വെള്ളിമലക്കാര്‍ക്കു മാത്രമല്ല, പ്രേക്ഷകര്‍ക്കും തോന്നിപ്പോവും ആ ഡാമിലേക്കെടുത്തു ചാടി ആത്മഹത്യ ചെയ്യാന്‍!

  kalakki annamma….

 6. bhoopadathil illatha oridam enna oru cinema kanuvan poyi samayavum paisa yum kalanja nirasha undayi enikku…nalla movies tamilil undakunnu..enthu kondu ivarakku athu anukarichooda…pallu poya simhangalude purake nadakkathe.

 7. മമ്മൂട്ടിക്ക് വീട്ടിലിരിക്കാന് ആയിട്ടില്ല… പത്താമതൊരു പടം കൂടിയുണ്ട് പൊട്ടാന് എന്നാലല്ലേ ഒരിത് ഉണ്ടാകൂ… പൈസ പൊകാതെ രക്ഷിച്ച അന്നമ്മകുട്ടീ നന്ദി ഒരായിരം നന്ദി..

 8. Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍ പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
  സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല.
  തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ് സിനിമ പരാജയപ്പെടുന്നത്.
  ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി തുടക്കത്തില്‍ ഒരു “അശരീരി ” കേള്‍ക്കുന്നതല്ലാതെ പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു.
  ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ.
  ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.http://sijinalone.blogspot.com

  • അന്നമ്മയുടെ വകതിരിവില്ലാത്ത രിവ്യുവിനെക്കാലും എത്രയോ ഭേതമാണ് താങ്കളുടെ കമന്റ്‌.

 9. അന്നമ്മ ഒരു വലിയ അപകടത്തില്‍ നിന്ന് എന്നെ രക്ഷിച്ചു. നന്ദി

 10. കലക്കി അന്നാമ്മേ !!!! കൊന്നു കൊലവിളിച്ചു !!! എനിക്കിഷ്ട്ടപ്പെട്ടു !!! ഹ ഹ ഹ ഹ ഹ ഹ !!! particularly that word : -ഇതു കേട്ടാവണം തുടര്‍ച്ചയായ ഒമ്പതാമത്തെ പട(ക്ക) ത്തിന് മമ്മൂട്ടി തീ കൊളുത്തിയിരിക്കുക.

 11. എന്തൊക്കെയായിരുന്നു ..! ജവാന്‍, തിരിച്ചു വരവ്, മമ്മട്ടി, സ്വന്തം പാട്ട്. ” കഥയും സംവിധായകരെയും തെരഞ്ഞെടുക്കുന്നതിലും പരാജയങ്ങളുടെ കാരണം വിലയിരുത്തുന്നതിലും മമ്മൂട്ടി പുലര്‍ത്തുന്ന ശ്രദ്ധക്കുറവ് തന്നെയാണ് ഈ അവസ്ഥക്ക് വഴിവെക്കുന്നത്.” അന്നമ്മയുടെ വീക്ഷണം വളരെ വാസ്തവം. മുന്‍പും ഇതുപോലെ ഒരു “ഫാന്റം പൈലി ” ഫ്ലോപ്പ് വന്നിരുന്നു .” മമ്മട്ടി”യുടെ സൌന്ദര്യം കാണാന്‍ അല്ല അഭിനയം ആണ് മലയാളി പ്രേക്ഷകര്‍ക്ക്‌ വേണ്ടതെന്നു ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്‍ പോയി സിനിമയുടെ ബാലാപാഠങ്ങള്‍ പഠിക്കട്ടെ ഇക്കൂട്ടര്‍ ….!

Leave a Reply

Your email address will not be published. Required fields are marked *