അയാളും സിനിമയും തമ്മില്‍

 
 
 
 
‘അയാളും ഞാനും തമ്മില്‍’ റിവ്യൂ. അന്നമ്മക്കുട്ടി എഴുതുന്നു
 
 
പലയിടത്തും കൈവിട്ടു പോവുന്നുണ്ടെങ്കിലും ഒരു വിധം ആളെ പിടിച്ചിരുത്തുന്ന വിധത്തില്‍ കഥ പറയുന്നുണ്ട്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ദ്വയം. കഥാപാത്രങ്ങളെ ബുദ്ധിപൂര്‍വം ബന്ധിപ്പിക്കാനും കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ അധാര്‍മിക പ്രവണതകളെ തുറന്നു കാണിക്കാനും നന്‍മയുള്ള ചില മനുഷ്യരെ പരിചയപ്പെടുത്താനും തല്ല് കിട്ടിയാലുടന്‍ ഉറുമി വീശാത്ത നായകനെ വാര്‍ത്തെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൈയില്‍ കിട്ടിയ തിരക്കഥ, പണിയറിയാവുന്ന നല്ലൊരു തച്ചനെപ്പോലെ, നന്നായി ഉപയോഗിക്കാന്‍ ലാല്‍ജോസും മെനക്കെട്ടിട്ടുണ്ട്. പണ്ട് ചെയ്ത് ഹിറ്റാക്കിയ ക്ലാസ് മേറ്റ്സ് പലയിടത്തും കയറി ഇടപെടുന്നെങ്കിലും വ്യത്യസ്തമായ ദൃശ്യഭാഷ ഒരുക്കുന്നതില്‍ ചിലയിടങ്ങളിലൊക്കെ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ജോമോന്‍ ടി ജോണിന്റെ മനോഹരമായ ക്യാമറ മികച്ച പിന്തുണയുമേകുന്നു- അന്നമ്മക്കുട്ടി എഴുതുന്നു

 

 

മൊബൈല്‍ ഫോണ്‍ ഇത്തിരി മുമ്പേ, നാട്ടിലിറങ്ങിയിരുന്നെങ്കില്‍ മലയാള സിനിമ ഒരു പക്ഷേ, ഇങ്ങനെയൊന്നുമാവില്ലായിരുന്നു. മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പല സിനിമകളുടെയും കഥയും ക്ലൈമാക്സും ആകെ മാറിപ്പോയേനെ. നിര്‍ണായക നേരത്ത് കൃത്യമായ വിവരം മൊബൈല്‍ ഫോണിലൂടെ അറിഞ്ഞിരുന്നെങ്കില്‍ പല പ്രണയങ്ങളും പൊട്ടില്ലായിരുന്നു. പല മരണങ്ങളും വീട്ടുകാരറിയുമായിരുന്നു. പല വിവാഹങ്ങളും ദുരന്തമാവും മുമ്പേ മുടങ്ങുമായിരുന്നു. നേര് നേരത്തെ അറിയാതെ കിതച്ചു പാഞ്ഞ് അബദ്ധങ്ങളില്‍ ചാടിയ നായകന്‍മാര്‍ ഹാവൂ എന്നൊരു ദീര്‍ഘനിശ്വാസം വിട്ട് പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ബൈക്ക് തിരിച്ചോടിക്കുമായിരുന്നു. വില്ലനെത്തിയതറിയാതെ ആടിപ്പാടിക്കുഴഞ്ഞ നടക്കുന്ന നായകന്‍മാരും നായികമാരുമൊക്കെ നിര്‍ണായക സമയത്ത് ശൂ എന്ന് ചുരുങ്ങിപ്പോവുമായിരുന്നു.

എന്തു ചെയ്യാം, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ദാസാ.

മൊബൈലൊക്കെ വന്നതോടെ സിനിമാക്കഥയൊക്കെ ഏറെ മാറിയതാണ്. അറിയേണ്ട കാര്യം വേണ്ട നേരത്ത് തന്നെ അറിയാന്‍ തുടങ്ങിയപ്പോള്‍ സസ്പെന്‍സിന് വേറെ ആളെ നോക്കേണ്ടി വന്നു, തിരക്കഥാകൃത്തുക്കള്‍ക്ക്. അവരാപ്പണി നന്നായിത്തന്നെ ചെയ്തു. പുതിയ കാലത്തിന് പറ്റുന്ന വിധത്തില്‍ പുതിയ തക്കിടി വിദ്യകള്‍ വന്നു. പുതിയ തന്ത്രങ്ങള്‍. അങ്ങനെ, പ്രേക്ഷകര്‍ക്ക് പിന്നെയും ആകാംക്ഷയുടെ കറന്റടിച്ചു.

മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും, പക്ഷേ, ലാല്‍ ജോസിന്റെ പുതിയ സിനിമക്ക് ബാധകമല്ല. ബോബി സഞ്ജയ് ആദ്യമായി ലാല്‍ജോസിനൊപ്പം ചേരുന്ന ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമ മൊബൈല്‍ ഫോണ്‍ വരുംമുമ്പുള്ള ദണ്ണം പിടിച്ച കാലത്തെ ഫ്ലാഷ്ബാക്കിലൂടെ കൂട്ടു പിടിച്ചാണ് മുന്നോട്ടു പോവുന്നത്. ഹൈറേഞ്ചിലെ വില്ലന്‍റോഡുകളിലൊന്നില്‍ നട്ടപ്പാതിരയ്ക്ക് കുടുങ്ങിപ്പോവുന്ന നായകന് അക്കാര്യം മൊബൈല്‍ ഫോണ്‍ വഴി അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, രജിസ്റ്റര്‍ മാര്യേജിനായി കാത്തിരിക്കുന്ന കാമുകിക്കും സുഹൃത്തുക്കള്‍ക്കും ആ സന്ദര്‍ഭം കൂളായി മാനേജ് ചെയ്യാന്‍ കഴിഞ്ഞേനെ. അങ്ങനെയെങ്കില്‍, കല്യാണം പിന്നൊരിക്കല്‍ നടത്താവുന്ന സെറ്റപ്പ് ഒരുങ്ങിവന്നേനെ.സംഗതിവശാല്‍, കാമുകിയെ നഷ്ടപ്പെട്ട്, വിഷാദരോഗിയെപ്പോലെ തേരാപ്പാരാ നടക്കാതെ കാമുകന്‍ പെണ്ണുംകെട്ടി ഉള്ള പെടാപ്പാടുമായി കഴിഞ്ഞുപോയേനെ. ഡോക്ടറെന്ന പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധയൂന്നി സാമൂഹിക പ്രതിബദ്ധതയുള്ള പ്രതിഭാശാലിയായി പണ്ടാരടങ്ങാതെ, നാലുംകാശും സമ്പാദിച്ച്, മറ്റ് സ്വാശ്രയകോളജ് കുരുന്നുകളെപ്പോലെ ശിഷ്ടകാലം ആമോദമായി കഴിഞ്ഞേനെ. അങ്ങനെയെങ്കില്‍ എന്തായേനെ, ഈ സിനിമ ?

 

 

രവി തരകനും ചെഗുവേരയും
പറഞ്ഞുവരുന്നത്, സിനിമ അത്ര മോശമാണ് എന്നൊന്നുമല്ല. ഇക്കൊല്ലം ലാല്‍ജോസ് ചെയ്ത മൂന്നാമത്തെ ചിത്രം, നിലവാരം ശരാശരിയെങ്കിലും തെറിപ്പാട്ടു സാഹിത്യത്തില്‍ക്കിടന്നു കറങ്ങുന്ന ന്യൂജനറേഷന്‍ സാഹസങ്ങളുടെ കാലത്ത്, സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ഒന്നു തന്നെയാണ്. സമീപകാലത്തിറങ്ങിയ പലതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊള്ളാവുന്ന ഉരുപ്പടി.

സാക്ഷാല്‍ ഏണസ്റ്റോ ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിയെ ഓര്‍മ്മിപ്പിക്കും വിധം, പുറം ലോകത്തെക്കുറിച്ച് വലിയ പിടിപാടില്ലാത്ത ഒരു ഡോക്ടര്‍ കുഞ്ഞിനെ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടത്തിവിട്ട് സാമൂഹിക പ്രതിബദ്ധതയുള്ള, മനുഷ്യപ്പറ്റുള്ള ഒരു ഭിഷഗ്വരനായി വളര്‍ത്തുന്ന കഥയാണ് ‘അയാളും ഞാനും തമ്മില്‍’. ചെഗുവേരയുടെ കാലമല്ല, സ്വാശ്രയ മെഡിക്കല്‍ കോളജ് കാലമാണ്. അതിനാല്‍, കമ്യൂണിസ്റ്റായി ജ്ഞാനസ്നാനം ചെയ്യുന്നതിനു പകരം മനുഷ്യപ്പറ്റുള്ള ഡോക്ടറായി വളരുകയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഡോ. രവി തരകന്‍. അനുഭവങ്ങള്‍ക്കായി പുള്ളി ചെന്നെത്തുന്നത് ചെഗുവേരയെപ്പോലെ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ കടുംവെയില്‍ യാഥാര്‍ത്ഥ്യത്തിലല്ല. നന്‍മ എന്നത് വെറും വാക്കല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്ന ഒരു ആരോഗ്യനികേതനത്തിലാണ്. മൂന്നാറില്‍ പാവങ്ങള്‍ക്കായി ഭിഷഗ്വരവൃത്തി ചെയ്യുന്ന ഡോ. സാമുവലിന്റെ ആശുപത്രിയില്‍. അവിടന്നങ്ങോട്ട് മനുഷ്യപ്പറ്റുള്ള ഡോക്ടറായുള്ള രവി തരകന്റെ വളര്‍ച്ചയുടെ പല കൈവഴികള്‍ പറയുന്നതാണ് ചിത്രം.

കനത്ത മഴയിലൂടെ ഡോ. രവി ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന ഒരു ആംബുലന്‍സിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ആംബുലന്‍സില്‍ ഒരു പെണ്‍കുട്ടിയും രക്ഷിതാക്കളുമാണ്. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ മരിച്ചുപോവുന്ന അവസ്ഥയില്‍ അവള്‍. ശക്ത്രക്രിയ വേണ്ടെന്ന പിതാവിന്റെ നിര്‍ദേശം മാനിക്കാതെ ഡോ. രവി അവള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നു. കുട്ടി മരിക്കുന്നതോടെ പ്രതിക്കൂട്ടിലാവുന്ന ഡോക്ടറെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ, കാണാതാവുന്നു. ഫ്ലാഷ് ബാക്കിലൂടെ ഡോക്ടറുടെ ഭൂത കാലം അനാവരണം ചെയ്യുന്ന സിനിമ ഭൂത^വര്‍ത്തമാന^ഭാവി കാലങ്ങളിലൂടെ കയറിയിറങ്ങുന്നു.

 

 

ബാക്കിയാവുന്ന സംതൃപ്തി
പലയിടത്തും കൈവിട്ടു പോവുന്നുണ്ടെങ്കിലും ഒരു വിധം ആളെ പിടിച്ചിരുത്തുന്ന വിധത്തില്‍ കഥ പറയുന്നുണ്ട്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ദ്വയം. കഥാപാത്രങ്ങളെ ബുദ്ധിപൂര്‍വം ബന്ധിപ്പിക്കാനും കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്തെ അധാര്‍മിക പ്രവണതകളെ തുറന്നു കാണിക്കാനും നന്‍മയുള്ള ചില മനുഷ്യരെ പരിചയപ്പെടുത്താനും തല്ല് കിട്ടിയാലുടന്‍ ഉറുമി വീശാത്ത നായകനെ വാര്‍ത്തെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൈയില്‍ കിട്ടിയ തിരക്കഥ, പണിയറിയാവുന്ന നല്ലൊരു തച്ചനെപ്പോലെ, നന്നായി ഉപയോഗിക്കാന്‍ ലാല്‍ജോസും മെനക്കെട്ടിട്ടുണ്ട്. പണ്ട് ചെയ്ത് ഹിറ്റാക്കിയ ക്ലാസ് മേറ്റ്സ് പലയിടത്തും കയറി ഇടപെടുന്നെങ്കിലും വ്യത്യസ്തമായ ദൃശ്യഭാഷ ഒരുക്കുന്നതില്‍ ചിലയിടങ്ങളിലൊക്കെ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ജോമോന്‍ ടി ജോണിന്റെ മനോഹരമായ ക്യാമറ മികച്ച പിന്തുണയുമേകുന്നു.

വികാര പാരവശ്യത്താല്‍ ചില വേളകളില്‍ കൈവിട്ടു പോവുന്നെങ്കിലും അതിമാനുഷ നായകരുടെ താരക്കുപ്പായമഴിച്ചുവെച്ച് സാധാരണ മനുഷ്യനാവാന്‍ കഴിയുന്നുണ്ട്, പൃഥ്വിരാജിന്. ഡോ. സാമുവലിന്റെ വേഷമിട്ട പ്രതാപ് പോത്തനാണ് പലപ്പോഴും പൃഥ്വിയേക്കാള്‍ ഉള്ളു തൊടുന്നത്. ബ്ലാക്ക് ഹ്യൂമറായി മാറുന്ന പ്രകടനത്തിലൂടെ, സലിം കുമാറിന്റെ തോമാച്ചന്‍ എന്ന രോഗി അനായാസമായി സിനിമയില്‍ നിറയുന്നുണ്ട്. പ്രേമിക്കാനും നായകനെ സപ്പോര്‍ട്ട് ചെയ്യാനുമൊക്കെയായി സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നീ മൂന്ന് നായികമാര്‍ പാഞ്ഞുനടക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

ഇതൊക്കെ പറഞ്ഞാലും, എല്ലാം കഴിഞ്ഞിറങ്ങുമ്പോഴും ആളുകളുടെ മുഖത്ത് ഇത്തിരി സംതൃപ്തിയെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട്. അത് ഈ സിനിമയുടെ നന്‍മ തന്നെയാണ്.

 

 

ആശുപത്രി സിനിമയാവുമ്പോള്‍
ക്യാമറയിലല്ലാതെ ദിവസവും സിനിമകള്‍ നേര്‍ക്കുനേര്‍ അരങ്ങേറുന്ന ഇടങ്ങളാണ് ആശുപത്രികള്‍. ജീവിതവും മരണവും ഒരേ നൂല്‍പ്പാലത്തിലൂടെ നടക്കുന്ന ചികില്‍സാ ഇടങ്ങള്‍. ഒരേ സമയം ആനന്ദത്തിന്റെയും ആശങ്കയുടെയും നിരാശയും പ്രതീക്ഷയുടെയും നൂല്‍പ്പാലമാണവ. വികാരങ്ങള്‍ മാറി മാറി വിടരുന്ന, കാഴ്ചക്കാരെ സാഹസികതയും, ആകാംക്ഷയും, പ്രത്യാശകളും നിറയുന്ന നേരങ്ങളിലേക്ക് റാഞ്ചിക്കൊണ്ടുപോവുന്ന ആശുപത്രിമുറികളുടെ സിനിമാറ്റിക് സ്വഭാവമാവണം ലോകമെങ്ങുമുള്ള ക്യാമറകളെ രോഗശയ്യകളിലേക്ക് നിരന്തരം കൊണ്ടു പോവുന്നത്. ചികില്‍സയും ഡോക്ടറും രോഗിയും ശസ്ത്രക്രിയാ മുറികളിലെ ജയ പരാജയങ്ങളുമെല്ലാം അങ്ങേയറ്റം സിനിമാറ്റിക്കായ ഘടകങ്ങളായി ചലച്ചിത്ര വ്യവസായം തിരിച്ചറിയുന്നത്.

എന്നാല്‍, അത്രയെളുപ്പമല്ല ആശുപത്രികളെ സിനിമാ ഇടങ്ങളാക്കാന്‍. മുഖ്യ പ്രശ്നം ദൃശ്യപരമാണ്. വെളുത്തതോ നരച്ചതോ ആയ ചുവരുകളാവും എന്നും ആശുപത്രി ലൊക്കേഷന്‍. ഒരേ നിറമുള്ള യൂനിഫോമണിഞ്ഞ ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും. മുറികള്‍ക്കും ശസ്ത്രക്രിയാ മേശകള്‍ക്കും ചികില്‍സാ ഉപകരണങ്ങള്‍ക്കുമൊന്നും ഒരിക്കലും അവകാശപ്പെടാനുമാവില്ല വര്‍ണാഭ. അതിനാല്‍, കാഴ്ചക്കാരന്‍ സദാ നരച്ച കാഴ്ചകളില്‍ തന്നെ കുടുങ്ങിക്കിടക്കേണ്ടി വരും.

ഇതിനപ്പുറമാണ്, ഒരേ വികാരങ്ങളുടെ ആവര്‍ത്തനം. പ്രേക്ഷകരുടെ മുന്നില്‍ രോഗ^യാതനകളും സങ്കടങ്ങളും വലിഞ്ഞു മുറുകലും രക്തസമ്മര്‍ദ്ദം കൂട്ടുന്ന ദൃശ്യങ്ങളും നിരന്തരം നിറയ്ക്കേണ്ടി വരും. എളുപ്പം മടുപ്പിലേക്ക് വഴുതി പോകാവുന്ന സാഹചര്യം. പ്രേക്ഷകരെ രോഗപീഡകളുടെ വലിഞ്ഞുമുറുകിയ മുഖങ്ങളിലേക്ക് രണ്ടര മണിക്കൂര്‍ പിടിച്ചു നിര്‍ത്തുക എന്നത് എളുപ്പമേയല്ല.

പറയുന്നത് ആശുപത്രിയുടെ കഥയാണെങ്കിലും പുറം ലോകത്തെ കൂടി സിനിമക്കകത്ത് വേണ്ട രീതിയില്‍ വിന്യസിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഫ്ലാഷ്ബാക്കിലൂടെയും പുറം കാഴ്ചകളിലൂടെയും വര്‍ണാഭവും ഉന്‍മേഷദായകവുമായ ഫ്രെയിമിങിലൂടെയും പ്രേക്ഷകരെ മടുപ്പില്‍ നിന്ന് കരകയറ്റുക. കഥ നടക്കുന്നത് ആശുപത്രിയിലെങ്കിലും കാമ്പസും പുറം ലോകവുമെല്ലാം സിനിമക്കകത്തു വരുമ്പോള്‍, വികാരങ്ങളുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളില്‍നിന്നും ദൃശ്യ പരിചരണത്തിന്റെ ഏകതാനതയില്‍നിന്നും പ്രേക്ഷകനു കരകയറാനാവും.

‘അയാളും ഞാനും തമ്മില്‍’ പരീക്ഷിക്കുന്നതും ഈ സാധ്യതയാണ്. ആശുപത്രി മുറികളുടെ പുറം സാധ്യതകള്‍. ചികില്‍സാ രംഗത്തെക്കുറിച്ചുള്ള ഒരു സിനിമയെന്ന ലേബല്‍ വീഴാതിരിക്കാന്‍ തുടക്കം മുതല്‍ പിന്നണി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തതും അതു കൊണ്ടാണ്. ഇത് കേവലം ചികില്‍സയുടെ കഥയല്ലെന്നും കാമ്പസും ജീവിതത്തിന്റെ മറ്റു ഇടങ്ങളും നിറയുന്ന വര്‍ണപ്പകിട്ടാര്‍ന്ന അനുഭവം കൂടിയാണെന്നും സംവിധായകനും തിരക്കഥാകൃത്തുക്കളും ഏതാണ്ടെല്ലാ അഭിമുഖങ്ങളിലും പറയുന്നുണ്ട്. ലേബലടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ആത്മാര്‍ത്ഥ ശ്രമം തന്നെയാണ് പോസ്റ്ററുകളില്‍ കാമ്പസ് സീനുകള്‍ക്ക് നല്‍കിയിരിക്കുന്ന അമിത പ്രാധാന്യവും.

 

 

‘ക്ലാസ് മേറ്റ്സിന്റെ ഇടപെടല്‍
സിനിമയെ കൂടുതല്‍ വാച്ചബിള്‍ ആക്കാനാണ് ഈ ശ്രമമെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ സിനിമയുടെ ഏകാഗ്രതയെ ഇതേറെ ബാധിക്കുന്നുണ്ട്. കാമ്പസ്, പ്രണയ സീനുകള്‍ സിനിമയുടെ പൊതു സ്വഭാവത്തില്‍നിന്ന് മാറി നില്‍ക്കുന്നു. ചടുലമായ തിരക്കഥയെ വശങ്ങളിലേക്ക് ചിതറിച്ചു കളയുന്ന വിധത്തിലാവുന്നു, പലപ്പോഴുമിത്.

ആശുപത്രി സിനിമകളുടെ സിനിമാറ്റിക് പ്രതിസന്ധി ബുദ്ധിപരമായി മറികടക്കുന്നതിനു പകരം പറഞ്ഞു പഴകിയ വഴികളിലൂടെ തന്നെ നടക്കുകയാണ് സംവിധായകന്‍. പ്രണയം, കാമ്പസ് എന്നിവ ചിത്രീകരിക്കുമ്പോള്‍ പഴയ ‘ക്ലാസ് മേറ്റ്സ്’ കയറി കളിക്കുന്നുണ്ട്. അതിനാല്‍, പലപ്പോഴും സ്വന്തം വ്യക്തിത്വത്തിലേക്ക് ഉയരാന്‍ ഇതിലെ കാമ്പസ് കഥാപാത്രങ്ങള്‍ക്കു കഴിയുന്നില്ല. പ്രേമം തവിടുപൊടിയാവുന്ന ക്ഷണം തന്നെ വിഷാദഗാനം ഓരിയിട്ട്, ഓര്‍മ്മകളും താലോലിച്ച് നടക്കുന്ന പ്രാചീനമായ നാട്ടുനടപ്പ് തന്നെ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. ടൈറ്റില്‍ അവതരിപ്പിക്കുമ്പോഴും ആശുപത്രി രംഗങ്ങളിലും മറ്റും കാണിക്കുന്ന ശ്രദ്ധയൊന്നും സിനിമയിലെ കാമ്പസ്, പ്രണയ രംഗങ്ങളില്‍ സംവിധായകന്‍ കാണിക്കുന്നില്ല.

ക്ലാസ് മേറ്റ്സിലെ നായകരായ പൃഥ്വിരാജും നരേനും ഗിറ്റാറുമെടുത്ത് പാട്ടുപാടിത്തുടങ്ങുന്നതോടെ തുടങ്ങുന്ന ക്ലാസ് മേറ്റ്സ് കളികള്‍, പിന്നീട് ഗാനരംഗത്തുടനീളമുണ്ട്. പ്രണയലേഖനം കൈമാറുന്നതു മുതല്‍, സൈനുവിന്റെ (സംവൃത സുനില്‍) പ്രണയത്തിലെ പിതാവിന്റെ ഇടപെടല്‍ വരെ ക്ലാസ് മേറ്റ്സിനെ ഓര്‍മ്മിപ്പിക്കുന്നു. പ്രേക്ഷകന്‍ അറിയാത്ത സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം പിന്നീടുള്ള രംഗങ്ങളിലൂടെ ബോധ്യപ്പെടുത്തുന്ന ആഖ്യാന തന്ത്രമായിരുന്നു ക്ലാസ് മേറ്റ്സ് സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്. ഇത്, അതേ പടി ഈ സിനിമയിലും രണ്ടു മൂന്നിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

സൂക്ഷ്മമായി നോക്കിയാല്‍, ക്ലാസ് മേറ്റ്സിന്റെ കഥാഘടന തന്നെയാണ് ഇതിനുമെന്നും കാണാം. ക്ലാസ് മേറ്റ്സിന്റെ ആഖ്യാന ഘടന നോക്കൂ- ഞെട്ടിക്കുന്ന ഒരു സംഭവം നടക്കുന്നു. അതിനെത്തുടര്‍ന്ന് കഥാനായകന്റെ ഭൂത കാലം ഫ്ലാഷ്ബാക്കിലൂടെ ഇതള്‍വിരിയുന്നു. ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇഴചേര്‍ത്ത് കഥ പറയുന്നു. ആദ്യമറിയാത്ത വെളിപ്പെടുത്തലുകളിലൂടെ കഥയുടെ ദുരൂഹത നീങ്ങുന്നു^ഏതാണ്ട് ഇതേ രൂപ ഘടന തന്നെയാണ് അയാളും ഞാനും തമ്മില്‍ എന്ന സിനിമക്കും.

ക്ലാസ് മേറ്റ്സില്‍ നായകന് നേരെ വധശ്രമം നടക്കുന്നു. ഇവിടെ, നായകനെ വലിയ ദുരന്തത്തില്‍നിന്നും രക്ഷപ്പെടുന്നതിനിടെ കാണാതാവുന്നു. പിന്നെ കാമ്പസ് ഫ്ലാഷ്ബാക്ക്. ഇടക്കിടെ വര്‍ത്തമാന കാല ദൃശ്യങ്ങള്‍ കയറിവരുന്നു. ക്ലാസ് മേറ്റ്സിന്റെ ക്ലൈമാക്സില്‍ സ്തോഭജനകമായ ഒരു വെളിപ്പെടുത്തലാണ്. ഇവിടെ കുട്ടിയുടെ അമ്മ നടത്തുന്ന വെളിപ്പെടുത്തലാണ് നിര്‍ണായകമാവുന്നത്. ക്ലാസ് മേറ്റ്സില്‍, തന്നെ ആളാക്കിയ പഴയ സ്ഥലത്തേക്കു തന്നെ നായകന്‍ തിരിച്ചുപോവുന്നതോടെ സിനിമ തീരുന്നു. തന്നെ രൂപപ്പെടുത്തിയ മൂന്നാറിലെ പഴയ ആശുപത്രിയിലേക്കു തന്നെ തിരിച്ചുപോവുകയാണ് ഇവിടെ നായകനായ ഡോ. രവി തരകന്‍.

 

 

തിരക്കഥയുടെ ബലഹീനത
ചടുലമാണ് തിരക്കഥയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ അത് പലയിടത്തും ദുര്‍ബലമാവുന്നത് കാണാം. നേരത്തെ സൂചിപ്പിച്ച മൊബൈല്‍ ഫോണ്‍ കഥ പോലെ ദുര്‍ബലമായ അനേകം ഘടകങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഉദാഹരണമായി കഥയുടെ മര്‍മം തന്നെ.

രക്ഷിതാക്കളുടെ സമ്മത പത്രമില്ലാതെ ഒരു ഡോക്ടര്‍ ഒറ്റയടിക്ക് നടത്തുന്ന ശസ്ത്രക്രിയയില്‍ രോഗിയായ കുട്ടി മരിക്കുന്നതും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥയുടെ കേന്ദ്രബിന്ദു.

ശസ്ത്രക്രിയ അനിവാര്യമായ കുട്ടിയുടെ പിതാവ് അതിന് അനുവദിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്താല്‍ മകള്‍ രക്ഷപ്പെടാനുള്ള സാധ്യത പത്തുശതമാനമേ ഉള്ളൂ എന്നതാണ് പുള്ളി പറയുന്ന കാരണം. ഇതല്ലാത്ത മറ്റൊരു കാരണവും യുക്തിഭദ്രമായി വ്യക്തമാക്കപ്പെടുന്നില്ല. ക്രിമിനല്‍ മനസ്സുള്ള, വഴക്കാളിയായ ഒരാളായി ഈ പിതാവ് പിന്നീട് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഒരു തെളിഞ്ഞ കാരണമായി അവതരിപ്പിക്കപ്പെടുന്നില്ല.

അതിനേക്കാള്‍ വിചിത്രമാണ്, അത്തരമൊരു കുട്ടിയെ സ്വതാല്‍പ്പര്യ പ്രകാരം ശസ്ത്രക്രിയ നടത്താനുള്ള ഡോ. രവിയുടെ തീരുമാനം. ശസ്ത്രക്രിയക്ക് രോഗിയുടെ ഉറ്റവരുടെ സമ്മതപത്രം അവശ്യഘടകമാണ്. അനുമതിയില്ലാത്ത ശസ്ത്രക്രിയ നടത്താന്‍ കോമണ്‍സെന്‍സുള്ള ഒരാളും തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, ഡോ. രവി തരകനെപ്പോലെ പരിചയ സമ്പത്തും പക്വതയുമുള്ള ഒരാള്‍. അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കപ്പെടാന്‍ മാത്രം ശക്തവും യുക്തിഭദ്രവുമല്ല സിനിമയുടെ അവസാനം കുട്ടിയുടെ മാതാവ് വെളിപ്പെടുത്തുന്ന ആ കാരണം. (ക്ലൈമാക്സ് വെളിപ്പെടുത്തുന്നില്ല).

ശസ്ത്രക്രിയയില്‍ കുട്ടി മരിക്കുകയും ഗുണ്ടാ ആക്രമണം പോലൊന്ന് ആശുപത്രിയില്‍ സംഭവിക്കുകയും ചെയ്യുമ്പോഴും നായകന്റെ പ്രതികരണം വിചിത്രമാണ്. ആശുപത്രിയുടെ ചില്ലുകള്‍ അടിച്ചു നുറുക്കുന്ന അക്രമികളോട് ‘ഞാന്‍ പോയി സംസാരിക്കട്ടെ എന്നു പറഞ്ഞ് മുന്നോട്ടു കുതിക്കുകയാണ് താടിയും മുടിയും നരച്ച, പരിപക്വമായ മനസ്സുള്ള ഈ മുതിര്‍ന്ന ഡോക്ടര്‍! നല്ല അടി നാട്ടില്‍ കിട്ടുമ്പോള്‍ ആരും പുറത്തുപോയി ഇരന്നു വാങ്ങാറില്ല എന്ന് തിരക്കഥാകൃത്ത് മറന്നുപോയിക്കാണണം.

സമാനമാണ്, ഡോക്ടര്‍ രവിയുടെ പ്രണയ വിവാഹം മുടങ്ങിപ്പോവാനിടയായ സംഭവവും. പാതിരായ്ക്ക് ഹെയര്‍പിന്‍ വളവുകളിലൂടെ നായകന്‍ പാഞ്ഞുപോവുമ്പോഴേ കാണുന്നവര്‍ക്കറിയാം, ഇതൊരു ദുരന്തത്തിലേക്കാണ് പോക്കെന്ന്. കലാഭവന്‍ മണിയുടെ കഥാപാത്രം ഉടനെത്തി അലമ്പുണ്ടാക്കുമെന്ന് ഏത് ഉറക്കംതൂങ്ങിക്കും പ്രവചിക്കാം.

ആ വിധത്തില്‍ അനേകം സംഭവങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയ ശേഷമാണ് നായകനെ റോട്ടിലയക്കുന്നത്. പിതാവ് വന്നെത്തി കാമുകിയെ വലിച്ചിഴച്ച് കൊണ്ടുപോയ ഉടന്‍ രംഗത്തേക്ക് പാഞ്ഞെത്തുന്ന നായകന്‍ വിവരമറിഞ്ഞ് തകര്‍ന്നുപോവുന്നതും പിന്നീട് പെണ്ണിന്റെ വീട്ടില്‍ചെന്ന് ബഹളമുണ്ടാക്കുന്നതുമെല്ലാം എത്രയോ സിനിമകളില്‍ നാം കണ്ടതും ഇനിയും ഏതു നേരവും പ്രതീക്ഷിക്കുന്നതുമാണ്. അതിഭാവുകത്വങ്ങള്‍ അഴിച്ചു വെച്ച് നായകനെ സാധാരണ മനുഷ്യനാക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ഒരു സിനിമ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം കവാത്ത് മറക്കുന്നത് എന്തു കൊണ്ടാവും?

 

 

ഡോക്ടര്‍ തിരക്കഥ എഴുതുമ്പോള്‍
സിനിമ പുറത്തിറങ്ങുന്നതിനു മുമ്പും പിമ്പും നടന്ന അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിച്ചു കേട്ട ഒരു കാര്യം തിരക്കഥാകൃത്തുക്കളിലാരാളായ ബോബി ഡോക്ടറാണ് എന്നതാണ്. ബോബിയുടെ പ്രൊഫഷനല്‍ അനുഭവങ്ങളും അറിവുമാണ് കഥയുടെ ട്രാക്ക് തീരുമാനിച്ചതെന്ന് അഭിമുഖങ്ങളിലൊന്നില്‍ സഹ തിരക്കഥാകൃത്ത് സഞ്ജയ് തന്നെ പറയുന്നുണ്ട്. ആ നിലക്ക്, മെഡിക്കല്‍ പ്രൊഫഷനെക്കുറിച്ച് നല്ല പിടിപാടുള്ള, അക്കാര്യത്തില്‍ അബദ്ധങ്ങള്‍ പിണയാന്‍ സാധ്യതയില്ലാത്ത ഒരാളുടെ സാന്നിധ്യമാണ് നാം പ്രതീക്ഷിക്കുക.

എന്നാല്‍, ബോബി ഇക്കാര്യത്തില്‍ നിരാശപ്പെടുത്തുകയാണ്. ഡോ. രവി എത്തിപ്പെടുന്ന നിര്‍ബന്ധിത ഗ്രാമീണ സേവനത്തെക്കുറിച്ച് (Compulsory Rural Services^CRS) സിനിമ പുലര്‍ത്തുന്ന അജ്ഞത അക്കാര്യം വെളിപ്പെടുത്തുന്നു. മറ്റെന്തോ സമ്പ്രദായത്തെക്കുറിച്ചല്ല്ല, കൃത്യമായും ഇതേ സിസ്റ്റത്തെക്കുറിച്ചു തന്നെയാണ് സിനിമയിലെ പ്രിന്‍സിപ്പല്‍ പറയുന്നത്.

ഗവ. മെഡിക്കല്‍ കോളജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ അതാത് സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നിര്‍ബന്ധിത സേവനം നടത്തണമെന്ന വ്യവസ്ഥയാണ് Compulsory Rural Services- CRS. അഞ്ചാറു വര്‍മായിട്ടേയുള്ളൂ ഈ സമ്പ്രദായം നിലവില്‍വന്നിട്ട്. ഫ്ലാഷ് ബാക്കില്‍ പറയുന്ന കാലഗണന ശരിയെങ്കില്‍, മൊബൈല്‍ ഫോണ്‍ നിലവിലില്ലാത്ത അക്കാലത്ത് ഇത് നിലവില്‍ വന്നിട്ടേയില്ല. ഇനി അതു വന്നാല്‍ തന്നെ അത് കൈകാര്യം ചെയ്യുന്നത് സിനിമയില്‍ കാണിക്കുന്നത് പോലെ കോളജ് പ്രിന്‍സിപ്പലല്ല. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറാണ്. കേരളത്തിനു പുറത്തുള്ള ചിറാപുഞ്ചിയും കേരളത്തിലെ മൂന്നാറും ആ പട്ടികയില്‍ ഒന്നിച്ചു വരുന്നതും നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്.

ഫ്ലാഷ്ബാക്ക് പ്രയോഗിക്കുമ്പോള്‍ സാധാരണയായി ശ്രദ്ധിക്കാറുള്ള ഒന്നാണ് സിനിമയിലെ കാലഗണന. രണ്ട് കാലങ്ങള്‍ ഒന്നിച്ചു വരുമ്പോള്‍ അതാത് കാലങ്ങളുടെ സവിശേഷതകള്‍ വ്യക്തമായി അടയാളപ്പെടുത്തിയില്ലെങ്കില്‍ ആശയക്കുഴപ്പം സ്വാഭാവികമാണ്. ഇത് പരിഹരിക്കാന്‍ രണ്ട് കാലങ്ങളിലെ വേഷവിധാനങ്ങള്‍ മുതല്‍ പശ്ചാത്തലം വരെ സൂക്ഷ്മമായി ശ്രദ്ധിച്ച് അവതരിപ്പിക്കേണ്ടതുണ്ട്.

ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാലം ശ്രദ്ധിച്ചുനോക്കൂ. മാരുതി കാര്‍, ചുവരെഴുത്ത്, തുടങ്ങിയ ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധിച്ചാണ് ഉപയോഗിച്ചത്. എന്നാല്‍, കഥാപാത്രങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കൂ. ആഭരണങ്ങള്‍ നോക്കൂ. പശ്ചാത്തലങ്ങള്‍ ശ്രദ്ധിക്കൂ. അതെല്ലാം പുതിയ കാലത്തെയാണ് സൂചിപ്പിക്കുന്നത്. പുതിയ കാലത്തെ ട്രെന്റ് വസ്ത്രധാരണവും എടുപ്പം മറ്റും. ചിലയിടങ്ങളില്‍ ഒരു കാലവും മറ്റ് ചിലയിടങ്ങളില്‍ മറ്റൊരു കാലവും. ക്ലാസ് മേറ്റ്സിലൊക്കെ ഇത്തരം കാര്യങ്ങള്‍ എത്ര ശ്രദ്ധയോടെയാണ് ലാല്‍ജോസ് കൈകാര്യം ചെയ്തത് എന്നോര്‍ക്കുമ്പോഴാണ് ഈ അശ്രദ്ധയുടെ ആഴം വ്യക്തമാവുക.

 

 
മുസ്ലിം സ്റ്റീരിയോ ടൈപ്പുകള്‍
മലയാള സിനിമയിലെ മുസ്ലിം പ്രതിനിധാനത്തെക്കുറിച്ച ഗൌരവമായ അനേകം പഠനങ്ങളും ചര്‍ച്ചകളും ഇതിനകം നടന്നിട്ടുണ്ട്. മുസ്ലിം കഥാപാത്രങ്ങള്‍ സ്റ്റീരിയോ ടൈപ്പായി പ്രത്യക്ഷപ്പെടുന്നതിന്റെ രാഷ്ട്രീയവും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചര്‍ച്ച ചെയ്യാവുന്ന ഒന്നാണ്, ഈ സിനിമയിലെ നായികയായ സൈനയുടെ അവതരണം. നായകനായ രവിയോടൊപ്പം മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന, അയാളോടൊപ്പം പ്രണയബദ്ധയായി കാമ്പസിലൂടെ നടക്കുന്ന അവള്‍ക്ക് എന്നാല്‍, പിന്നീട് കാമുകി എന്ന അസ്തിത്വം മാത്രമേയുള്ളൂ. അങ്ങേയറ്റം ഉഴപ്പനായ രവി പോലും പഠനശേഷം ചികില്‍സയില്‍ മുഴുകുമ്പോള്‍, അവളുടെ പ്രൊഫഷനെക്കുറിച്ച് നേരിയ പരാമര്‍ശം പോലുമില്ല, സിനിമയില്‍. കോഴ്സ് കഴിഞ്ഞോ, ജോലി കിട്ടിയോ, സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലാണോ എന്നീ കാര്യങ്ങളൊന്നും സിനിമ പറയുന്നില്ല. മറിച്ച്, ചികില്‍സയിലേക്കും അതിന്റെ ധാര്‍മികതയിലേക്കും ജ്ഞാനസ്നാനം ചെയ്യുന്ന രവിയുടെ നേരെ എതിര്‍വശത്ത്, കല്യാണം കഴിക്കുക എന്ന ഒറ്റ ഡിമാന്റുമായി നില്‍ക്കുന്ന സൈനുവിനെയാണ് സിനിമ അവതരിപ്പിക്കുന്നത്.

സിനിമക്ക് കൂട്ടുകാര്‍ക്കൊപ്പം പോവുമ്പോള്‍ രവി അവള്‍ക്കൊരു പര്‍ദ പൊതിഞ്ഞുകൊടുക്കുന്നുണ്ട്. അതിടുമ്പോള്‍, അവള്‍ ആരാലും തിരിച്ചറിയപ്പെടുന്നില്ല. തിയറ്ററിന്റെ ഇരുട്ടില്‍ തൊട്ടടുത്തിരിക്കുന്ന മാതാപിതാക്കള്‍ക്കു പോലും അവളെ മനസ്സിലാവുന്നില്ല.

കര്‍ക്കശക്കാരനായ ബാപ്പ ബലമായി പിടിച്ചുകൊണ്ടുപോവുന്നതിലൂടെയാണ് ക്ലാസ് മേറ്റ്സിലെ മുസ്ലിം പെണ്‍കുട്ടി വൈവാഹിക ജീവിതത്തിന്റെ ദുരന്തത്തിലേക്കും പ്രണയ നഷ്ടത്തിലേക്കും പതിക്കുന്നത്. സമാനമാണ് ഈ സിനിമയിലും സംഭവിക്കുന്നത്. ദുഷ്ടനായ പിതാവ്, കൃത്യ സമയത്തെത്തി അവളെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവുന്നു. കാത്തിരിക്കുന്ന പ്രണയത്തില്‍നിന്ന് നിര്‍ബന്ധിത വിവാഹത്തിലേക്കാണ് അയാളവളെ വലിച്ചെറിയുന്നത്.

അതെത്ര ദുരിതമയമാണെന്ന്, വെള്ളത്തലക്കെട്ട് കെട്ടിയ മതപുരോഹിതന്‍മാരുടെ തുറിച്ചുനോട്ടങ്ങള്‍ക്കിടെ കല്യാണവേഷത്തില്‍ പൊതിഞ്ഞുള്ള അവളുടെ പാട്ടുസീനിലെ നില്‍പ്പ് വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമ നിരന്തരം സാക്ഷ്യം വഹിക്കുന്ന മുസ്ലിം സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളുടെ ദുര്‍വിധി തന്നെയാണ് സൈനുവിനും. ക്ലാസ്മേറ്റ്സിനെപ്പോലെ അവളുടെ വിവാഹാനന്തര ജീവിതത്തിന്റെ ദുരന്തത്തെക്കുറിച്ച് വിശദീകരിക്കുന്നില്ലെങ്കിലും ഈ സിനിമയും പറയാതെ പറയുന്നത് അതു തന്നെയാണ്.

 

 

ഇതു കൂടി
അയാളും ഞാനും തമ്മില്‍^വാസ്തവത്തില്‍ എന്താണ് ഈ തലക്കെട്ടിന്റെ പൊരുള്‍. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഇക്കാര്യം ഏറെ ആലോചിച്ചു. പല ആളുകള്‍ കാണാതായ രവിയെ ഓര്‍മ്മയിലൂടെ പുന:സൃഷ്ടിക്കുന്ന കാര്യമാവണം കവി കരുതിയിരിക്കുക എന്നു തോന്നി. രവിയുമായി തങ്ങളോരോരുത്തര്‍ക്കുമുള്ള ബന്ധത്തെക്കുറിച്ച പ്രസ്താവനകള്‍ എന്ന നിലയില്‍ ഈ സിനിമയെ വായിക്കുമോ എന്നു സ്വയം ചോദിച്ചപ്പോള്‍ ഉത്തരം കിട്ടിയില്ല.

അങ്ങനെയൊന്നും പറയാനാവുന്ന രീതിയിലല്ല ഇതിന്റെ ഘടന. ഇനി, തിരക്കഥാകൃത്തുക്കളും സംവിധായകനും അതാണ് കരുതിയതെങ്കിലും അക്കാര്യം വിനിമയം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

അതല്ലെങ്കില്‍ പിന്നെ എന്തായിരിക്കും ഈ തലക്കെട്ടിന്റെ ഗുട്ടന്‍സ്?

ആര്‍ക്കും പിടി കിട്ടാത്ത തലക്കെട്ടുകള്‍ കാണിച്ച് ആളുകളെ അമ്പരപ്പിക്കുന്ന പതിവുണ്ടായിരുന്നു, ആധുനികതയുടെ കാലത്തെ മലയാള കഥയ്ക്ക്. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ പുതു കാലത്ത് അത്തരമൊരു സാധ്യതയാവുമോ തിരക്കഥാകൃത്തുക്കളും സംവിധായകനും ആലോചിച്ചിരിക്കുക.

ഹാവോ, ആര്‍ക്കറിയാം…!
 
 
 
 

8 thoughts on “അയാളും സിനിമയും തമ്മില്‍

 1. പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ് പോലെ ഒരു കാമ്പസ് സ്ടോറി എന്ന് മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്… പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ്‌ സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
  രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ്‌ ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
  മെഡിക്കല്‍ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത്‌ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്‌.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്.
  മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും സഞ്ജയും തിരക്കതയോരുക്കിയ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

 2. ശസ്ത്രക്രിയ അനിവാര്യമായ കുട്ടിയുടെ പിതാവ് അതിന് അനുവദിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്താല്‍ മകള്‍ രക്ഷപ്പെടാനുള്ള സാധ്യത പത്തുശതമാനമേ ഉള്ളൂ എന്നതാണ് പുള്ളി പറയുന്ന കാരണം. ഇതല്ലാത്ത മറ്റൊരു കാരണവും യുക്തിഭദ്രമായി വ്യക്തമാക്കപ്പെടുന്നില്ല. ക്രിമിനല്‍ മനസ്സുള്ള, വഴക്കാളിയായ ഒരാളായി ഈ പിതാവ് പിന്നീട് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഒരു തെളിഞ്ഞ കാരണമായി അവതരിപ്പിക്കപ്പെടുന്നില്ല…

  സിനിമ നിലവാരത്തിനും നിലവാരത്തകര്‍ച്ചക്കും ഇടയില്‍ ഊഞ്ഞാലാടുകയാണ് എന്നതിന്‍റെ അനേകം ഉദാഹരണങ്ങളില്‍ ഒന്ന്.

 3. ഒരു ആള് നന്നാകുന്നത്തിന്റെ സചിത്ര വിവരണം.പക്ഷെ ജീവിതത്തെ സ്വാധീനിച്ച ഒരാളുമായുള്ള ബന്ധം ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിക്കുന്നു.

 4. അയാലും ഞാനും തമ്മില്‍ , ഒരു ശരാശരി സിനിമ പോലും ആകുന്നില്ല. കഥയില്‍ മര്മ്മസ്ഥാനങ്ങളില്‍ ഒന്നും തന്നെ ലോജിക് ഇല്ല എന്നത് തന്നെ എത്ര ലഘവത്തോടെയാന്‍ ലാല്‍ ജോസ് സിനിമയെ ഇപ്പോള്‍ കാണുന്നത് എന്ന് വിളിച്ചറിയിക്കുന്നു . നായകന്‍റെ പ്രണയവും വിരഹവും വെറും കെട്ടുകഥകള്‍ . ഒരു രേജിസ്റെര്‍ വിവാഹം ഉദ്ദേശിച്ചെങ്കില്‍ അത് അയാളുടെ ജോലി സ്ഥലം തന്നെയല്ലേ സുരക്ഷിതം? പകരം എന്തൊക്കെ സാഹസങ്ങള്‍ ? കാണികള്‍ എല്ലാരും മന്ദബുദ്ധികള്‍ ആയിരിക്കണം ഇത്രേം സഹിക്കനച്ച്ചാല്‍ ! ജ്ഞാനസ്നാനം ചെയ്യപ്പെട്ട രവി എന്തിനു പിന്നെ സാമുവലിനെ വിട്ടു പോയീ ? സര്‍ക്കാര്‍ ആശുപത്രികളില്‍ അല്ല അയാളുടെ സേവനം എങ്കില്‍ സാമുവലിന്റെ ആശുപത്രി തന്നെയല്ലേ നല്ലത് ? പിന്നെ തട്ടിക്കുട്ടിയ സംഭാവപരംപരകള്‍ക്ക് സാധ്യതയെ ഇല്ലല്ലോ! എല്ലാ സിനിമയും ദോഷൈക ദൃക്കായ അന്നക്കുട്ടി ലാല്‍ ജോസിനു കൈ കൊടുക്കുമ്പോള്‍ അതിനു പിറകിലെ ചേതോ വികാരം പോലും സംശയിക്കപ്പെടുന്നു !

  • അന്നമ്മ കുട്ടി ഈ സിനിമയെ വാനോളം പുകഴ്തുകയോന്നുമല്ല ചെയ്തത്..സമീപ കാലതിരര്ങ്ങിയ പല മലയാള സിനിമകളെയും അപേക്ഷിച് ഈ സിനിമ മുന്നിട്ടു തന്നെ നില്കുന്നു…മാത്രമല്ല ഈ സിനിമ യും ലാല്‍ ജോസിന്റെ തന്നെ ക്ലാസ്സ്മറെസ്ഉം തമ്മിലുള്ള സമാനതകള്‍ വരെ അവര്‍ പറയുകയും ചെയ്തിരിക്കുന്നു..റിവ്യൂ പൂര്‍ണമായും വായിക്കാതെ എന്തിനു അന്നമ്മയെ പഴി ചാരുന്നു…അന്നമ്മോ..അഭിനന്ദനങ്ങള്‍…

 5. ആകെയൊരു ശൂന്യത അവശേഷിപ്പിക്കുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍. സിനിമ കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയാല്‍ ഓര്‍മയില്‍ തങ്ങില്‍ക്കുന്നത് മൂന്നേ മൂന്ന് കാര്യങ്ങള്‍ മാത്രം. പ്രതാപ് പോത്തന്റെ ഡോ. സാമുവല്‍, സലിം കുമാറിന്റെ തോമാച്ചനും പിന്നെ മനോഹര ദൃശ്യങ്ങളും. സിനിമ പകുതിയാകുമ്പോഴേക്കും ഇനി എന്ത് നടക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ ഏതൊരു കൊച്ചുകുട്ടിക്കും കഴിയുന്ന അവസ്ഥ. പൃഥ്വിരാജിന്റെ രവി തരകന് കലാഭവന്‍ മണി ചെക്കിങ്ങില്‍ പാര പണിയുമ്പോള്‍ തിരികെപ്പോയി ഡോ. സാമുവലിന്റെ എന്തെങ്കിലും തരത്തിലുള്ള സഹായം തേടുന്നതിന് പ്രശ്‌നമില്ലല്ലോ. പിന്നെ ആശുപത്രിയില്‍ ഫോണുള്ളതിനാല്‍ തന്നെ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും ഫോണില്‍ വിളിച്ച് കാര്യം പറയാനാകുന്നതാണ്. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമില്ല.
  നേരേ ചൊവ്വേ പള്‍സ് റീഡ് ചെയ്യാന്‍ പോലും കഴിവില്ലാത്ത ഡോക്ടര്‍ സാമുവല്‍സിന്റെ കൂടെ നിന്ന് കഴിവ് ആര്‍ജിച്ചു എന്നത് പലപ്പോഴും ദീര്‍ഘമായ ആലോചനയ്ക്ക് കാരണമേകുന്നു. സുഹൃത്തിന്റൊപ്പം നായികയക്ക് നായകന്റെ ജോലി സ്ഥലം വരെ വീട്ടുകാരെ വെട്ടിച്ച് എത്താമെങ്കില്‍ അന്ന് രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു ഉചിതം. വിവാഹം മനപ്പൂര്‍വം തടഞ്ഞ് നായകനെ ഒറ്റത്തടിയാക്കാനും കലാഭവന്‍ മണിയുടെ വില്ലത്തരം വെളിപ്പെടുത്താനുമായിരുന്നു എറണാകുളത്തെ ആ മാര്യേജ് എന്ന് വ്യക്തം. എന്തായാലും എന്തൊക്കെയോ കണ്ടു എന്നൊരു തോന്നലുണ്ടാകും ഈ സിനിമ കണ്ടാല്‍. തമ്മില്‍ഭേദം തൊമ്മന്‍ തന്നെ

 6. പടം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സംതൃപ്തിയാണ് ഏതൊരു സിനിമയുടെയും വിജയം എന്നാണ് ഞാന്‍ കരുതുന്നത്… അങ്ങനെ നോക്കിയാല്‍ “അയാളും ഞാനും തമ്മില്‍ ” പ്രേക്ഷകന്റെ മനസ്സില്‍ ഇടം നേടുന്ന ഒരു സിനിമ തന്നെയാണ്……. ഈ നിരൂപണത്തോട് ഞാന്‍ 90% യോജിക്കുന്നു…….

 7. kashtam thanne chechi. actually chechikkentho prblm undennathurappa. chechiye arelum rape cheythitundo?? mattonnum kondalla chodichath purushanmare ingane aakshepikkukayum sthreekale paadi pukazhthukayumokke cheyyunnath kandit chodich poyatha. oru critisist ennal oru feminist enneano meaning atho purusha virodhi enno?? nalla film ennu thankalk abhiprayamulla kurach filmsnte list thannirunnel ath mathram poyi kanamarnu. chechi thankalude uddesham malayalam film industry thakarkkukayennano?? ezhuthiya reviews vaayichal …….

Leave a Reply to sudha sha Cancel reply

Your email address will not be published. Required fields are marked *