എന്‍.എസ് മാധവന്റെ കാണി: ഒരു രാഷ്ട്രീയ വായന

 
 
 
 
എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ രാഷ്ട്രീയ വായന. പ്രമുഖ കഥാകൃത്ത് കരുണാകരന്‍ എഴുതുന്നു
 
 
‘കാണി’ നമ്മുടെ പുരോഗമന സ്ത്രീ വാദ നാട്യങ്ങളെ മനസ്സുകൊണ്ട് വെറുക്കുന്നു. മാത്രമല്ല, നമ്മുടെ ഏതൊരു വിശ്വാസ പുതുക്കലുകളെയും തത്ത്വ ചിന്താപരമായ ഒരു ഭൂത തടവറ അതിന്റെ മതിലുകള്‍ നല്‍കി വലം വെക്കുന്നു എന്ന തത്ത്വ ചിന്താപരമായ ഒരു വിവേകം കൂടി ഈ കഥ പ്രകടിപ്പിക്കുന്നു. അപ്പോഴും, ഈ കഥ നമ്മുടെ ‘രാഷ്ട്രീയവല്‍ക്കരിക്കപെട്ട വായനാ സമൂഹ’ ത്തിന്റെ യാഥാസ്ഥിതികത കാണിച്ചു തരുന്നു, അതിന്റെ പൊയ്ക്കാലുകള്‍ കാറ്റിലെന്ന പോലെ , നഗ്നമാക്കുന്നു.

എന്നാല്‍ അങ്ങനെ ഒരു ഉദ്ദേശ്യം ഈ കഥക്കില്ല എന്ന് തോന്നും വിധം, വായനയെ കബളിപ്പിച്ചു കൊണ്ട്, കഥയുടെ സൌന്ദര്യം ഒരു മഞ്ഞു വിരിക്കുന്നു: അത് ഒരു ‘നിഷ്ക്കളങ്കന്‍ ആയ ഒരു ബാലന്റെ മരണത്തിനു ശേഷം വന്ന മഞ്ഞുമാണ്. ഒരു പക്ഷെ ഇങ്ങനെ ആവുമോ ഈ കഥ ഒരു വിമോചനാശയത്തെ തിരിഞ്ഞു കൊത്തിയതും- എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ രാഷ്ട്രീയ വായന. പ്രമുഖ കഥാകൃത്ത് കരുണാകരന്‍ എഴുതുന്നു

 

 

കാണി : മലയാളി വീട്ടുകാരിയും
എന്‍ എസ് മാധവന്റെ
കഥയിലെ രാഷ്ട്രീയവും

 
ഒരു മലയാളി വീട്ടുകാരിയുടെ ജീവിതമാണോ എന്‍ എസ് മാധവന്റെ കഥ, ‘കാണി’? അല്ലെങ്കില്‍ ആ കഥയിലെ രാഷ്ട്രീയത്തില്‍, അതിന്റെ ഉള്ളടക്കമായി ഒരു മലയാളി വീട്ടുകാരിയുടെ കഥ? അതെ. ആ കഥ അങ്ങനെ ആണ്.

ഇങ്ങനെ പറയുമ്പോള്‍, പൊതുവെ, അദേഹത്തിന്റെ കഥകള്‍ സംവദിക്കുന്ന രാഷ്ടീയതലം ഓര്‍മ്മിക്കുന്നു. അത്, എണ്‍പതുകളില്‍ , തൊണ്ണൂറുകളില്‍, നമ്മുടെ വായനാസമൂഹത്തിലെ ‘രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാണി’കളുമായി നിരന്തരം നടത്തുന്ന സംഭാഷണം ആണ്. “രാഷ്ട്രീയ ആധുനികത”, മലയാളത്തില്‍ വിശേഷിച്ചും, അതിനെ കണ്ടെത്തുന്നത് നവ മാര്‍ക്സിസത്തിന്റെ ആശയ വ്യാപ്തികളോടെ ആണെന്നത് ശ്രദ്ധേയം ആയിരുന്നു – എണ്‍പതുകളുടെ ആദ്യത്തോടെ.

ഇത് ഇവിടെ ഒരു വായനാ സമൂഹത്തെ സൃഷ്ടിച്ചു. പ്രത്യക്ഷത്തില്‍ ‘ഇടത്’ ആയ, ആലോചനകളില്‍ വിമോചനാശയങ്ങളുമായി സൌഹൃദം പുലര്‍ത്തുന്ന, എന്നാല്‍ യാഥാസ്ഥിതിക ഇടതുപക്ഷത്തോട് പൂര്‍ണമായും ഒരു സൌന്ദര്യ വിച്ഛേദം കഴിയാത്ത ഒരു നൂനപക്ഷമാണ് ഇത്. മാധവന്റെ കഥകളിലെ പ്രത്യക്ഷമായ രാഷ്ട്രീയം സൂക്ഷ്മമാവുന്ന സ്ഥലങ്ങള്‍ ഈ വായനാ സമൂഹത്തിന്റെ സന്ദര്‍ശന കേന്ദ്രം ആണ്. ഒരു തിയറ്റര്‍ ഓഡിറ്റോറിയം പോലെ പ്രകാശിപ്പിക്കപ്പെട്ട ((illuminate) സ്ഥലമാണ് ഇത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളി -രാഷ്ട്രീയ- ആധുനികത ചര്‍ച്ച ചെയ്ത ആശയങ്ങള്‍ ആണ് ആ സ്ഥലത്തെ എപ്പോഴും അവതരിപ്പിക്കുന്നത്.

 

എന്‍.എസ് മാധവന്‍ Photo: M A shanavas


 

ഓര്‍മ്മകളുടെ രാഷ്ട്രീയ കാരണങ്ങള്‍
ഈ കഥ, ‘കാണി’യിലെ നായിക ‘ശകുന്തള’, അങ്ങനെ ആ വായനാ സമൂഹത്തിലെ മലയാളി സ്ത്രീയെ രണ്ടു ഓര്‍മ്മകളുടെ രാഷ്ട്രീയ കാരണങ്ങളില്‍ കണ്ടെത്തുന്നു : മൂന്ന് കഥാപാത്രങ്ങള്‍ ഉള്ള ഒരു ‘ത്രികോണ’ കഥയുടെ സാമ്പ്രദായിക രുചിയെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട്. ആ ‘ഉള്ളടക്ക’ത്തിലെ പ്രതിസന്ധിയെ ഒരു സാംസ്കാരിക യാതനയായി ((cultural agony), കഥയുടെ ‘രൂപപരമായ ആവശ്യം’ ആയി അവതരിപ്പിച്ചു കൊണ്ട്.

ശകുന്തള-കൃഷ്ണന്‍-വിജയന്‍ ഇവരാണ് ഈ ത്രികോണ കഥയിലെ കഥാപാത്രങ്ങള്‍. അവര്‍ നേരത്തെ സൂചിപ്പിച്ച, രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാണികളുടെ സദസ്സിലെ അംഗങ്ങള്‍ ആണ്. വേഗം തിരിച്ചറിയുന്നവര്‍. അവര്‍ തങ്ങള്‍ അകപ്പെട്ട ഈ ‘സാംസ്ക്കാരിക യാതന’ തങ്ങളുടെ കാണികളോട് പറയുകയാണ്. അവര്‍ തങ്ങളെ ഇങ്ങനെ പരിചയപ്പെടുത്തുന്നു :

ശകുന്തള -വീട്ടുകാരി, കൃഷ്ണന്റെ ഭാര്യ, ആ ദിനങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ട മകന്‍ സനലിന്റെ അമ്മ, മലയാള സാഹിത്യത്തില്‍ താല്‍പ്പര്യം ഉള്ള ആള്‍, കവി, ‘പുതിയ മലയാളി യുവതി’.

കൃഷ്ണന്‍- ശകുന്തളയുടെ ഭര്‍ത്താവ്, ആ ദിനങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ട മകന്‍ സനലിന്റെ അച്ഛന്‍, കലാശാലാ (മലയാളം) അധ്യാപകന്‍, തന്റെ അഭ്യസ്തതയുടെ വിശുദ്ധ കാവല്‍ക്കാരന്‍, ‘പുതിയ മലയാളി യുവാവ്’.

വിജയന്‍— കൃഷ്ന്റെ സഹോദരന്‍. ശകുന്തളയുടെ ‘സുഹൃത്ത്’,’ആ ദിനങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ട സനലിന്റെ ദുര്‍മരണത്തിന്റെ ദൃക്സാക്ഷി, അതിന്റെ ‘കാരണം’പോലെ തന്നെ ഓര്‍ക്കുന്ന ആള്‍, ‘പുതിയ മലയാളി യുവാവ്’, മൌനങ്ങളില്‍ മുട്ടി തേഞ്ഞു പോയ പോലെ ഇയാള്‍.

 

കരുണാകരന്‍


 

അവസാനത്തിലേക്ക് രണ്ടു വഴികള്‍
കഥയിലെ പ്രധാന മുഹൂര്‍ത്തം ഇതാണ് : ഒരു ദിവസം സ്കൂള്‍ വിട്ടു ഓടി വന്നു വീട്ടിലേക്കുള്ള ഉമ്മറ വാതില്‍ തള്ളി തുറന്നു സനല്‍ വരുമ്പോള്‍ ശകുന്തളയും (അമ്മ) വിജയനും (അച്ഛന്റെ സഹോദരന്‍) തൊട്ടു തൊട്ടു നില്‍ക്കുന്നത് കാണുന്നു, അങ്ങനെ അവരെ രണ്ടു പേരെയും ഒരു നിമിഷം നോക്കിയിട്ട് അവന്‍ പുറത്തേക്ക് ഓടുന്നു. “ഓടുന്ന വഴിയില്‍ സനലിന്റെ സ്കൂള്‍ സഞ്ചിയില്‍ നിന്നു പുസ്തകങ്ങളും ചായ പെന്‍സിലുകളും റബറും എല്ലാം പുറത്തേക്കു തെറിക്കുന്നുണ്ടായിരുന്നു”. പടി തുറന്നു കിടന്നിരുന്നു. വിജയന്‍ അവന്റെ പിറകെ ഓടിയതാണ്. ഒരു വണ്ടി ബ്രേക്കിടുന്ന രോദനം കേള്‍ക്കുന്നു. ആളുകള്‍ ഓടിക്കൂടുന്ന ശബ്ദം കേള്‍ക്കുന്നു – ഇങ്ങനെയാണ് സനലിന്റെ അപകട മരണം കഥയില്‍ ചിത്രീകരിക്കുന്നത്.

ഒരു അവസാനത്തിലേക്ക് രണ്ടു വഴികള്‍. സനല്‍ പുറത്തേക്ക് ഓടി അപകടത്തില്‍ പെടുന്ന ഒരു വഴി. മറ്റൊന്ന്, അവന്റെ പിറകെ, ഒരു പക്ഷെ അവനെ രക്ഷിക്കാന്‍ പിറകെ ഓടുന്ന വിജയന്‍, അത് വിഫലമായി ഒരു മഹാ ദുരന്തത്തിന്റെ ദൃക്സാക്ഷിയായി എന്ന അവസ്ഥയില്‍ നിന്നും അതിന്റെ ‘നിമിത്തം’ പോലെ ആ ദുരന്തത്തില്‍ നിന്നും തിരിഞ്ഞു നോക്കുന്ന രണ്ടാമത്തെ വഴി. അവിടെ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ വിജയന്‍ കാണുന്നത് -മാധവന്‍ കഥയില്‍ പറയുന്നത് ഇങ്ങനെ ആണ് : “തിരിഞ്ഞു നോക്കിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ ജനല്‍പ്പാളികളില്‍ സൂര്യനും മണ്‍കൂനകള്‍ നിറഞ്ഞ മുറ്റവും പ്രതിബിംബിക്കുന്നതിന് പിറകിലായി ഒരു തിമിരക്കാഴ്ച പോലെ ശകുന്തള അനങ്ങാതെ നിന്നിരുന്നത് കണ്ടതായി ഓര്‍ത്തതിനു ശേഷം വിജയന്‍ ഓര്‍മ്മിക്കുന്നത് നിര്‍ത്തി “.

ഈ രണ്ടാമത്തെ വഴിയില്‍ നിന്നാണ്, മരണത്തില്‍ നിന്നാണ് കഥ ഒരാളുടെ മാത്രം കഥ പറയാന്‍ ആരംഭിക്കുന്നത്, മറ്റു രണ്ടു പേരെയും ഓര്‍മ്മിച്ചു കൊണ്ട്. ശകുന്തളയുടെ കഥയാണത്. കഥയിലെ ദുരന്തം നേരിട്ട് അനുഭവിച്ചവര്‍ അതേ കഥയിലെ കാണികള്‍ പോലെയാണ്. കഥ വായിക്കുന്നവരെ പോലെ തന്നെ. കഥ അങ്ങനെ കാണിയുടെ സംസ്കാരത്തെ ഓര്‍മിപ്പിക്കുന്നു. കാണിയുടെ സംസ്ക്കാരം, എങ്കില്‍, അത് നേരത്തെ പറഞ്ഞ വായനാ സമൂഹത്തിന്റെ ചില രാഷ്ട്രീയ ധര്‍മചിന്ത (political ethos) പാലിക്കപ്പെടുന്ന സംസ്കാരം ആണ്. ഉത്ബുദ്ധമായ ആ രാഷ്ട്രീയ ധര്‍മചിന്തയിലെ ഒരു പ്രധാന ഇനം സ്ത്രീപുരുഷ ബന്ധത്തിന്റെ ചില വിശദീകരണങ്ങള്‍ ആണ്. തീര്‍ച്ചയായും, ഈ ബന്ധം ‘കുടുംബം’ എന്ന ഘടനയെ കൂടി വിശദീകരിക്കുന്നു.

 

ശകുന്തള അപ്പോള്‍ അയാളോട് പറഞ്ഞതും അതാണ്. "നടപ്പൊരു സ്വാതന്ത്യ്ര സമരമാണ്". "എല്ലാ കുരുക്കുകളില്‍ നിന്നും , ഭൂഗുരുത്വാകര്‍ഷണ ശക്തിയില്‍ നിന്നു പോലും രക്ഷപ്പെടാനുള്ള നമ്മുടെ എളിയ ശ്രമം". Painting: Anjolie Ela Menon


 

കാണിയുടെ സംസ്കാരം
കേരളത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ചര്‍ച്ച ചെയ്ത ഈ രാഷ്ട്രീയം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. അത് നമ്മുടെ ചില വിചാര ശീലങ്ങളെ മാറ്റിയെങ്കിലും ജീവിതത്തെ മാറ്റാന്‍ അറക്കുന്നു, അഥവാ ആഗ്രഹിക്കുന്നില്ല.

മകന്റെ മരണം, കൈ വിടല്‍, ഓര്‍മിക്കുന്ന ശകുന്തള അവളുടെ അമ്മയോട് ഇങ്ങനെ പറയുന്ന ഒരു സന്ദര്‍ഭം, ഉണ്ട് : അമ്മ ശകുന്തളയുടെ മുടി വേര്‍പ്പടുത്തുന്നതിനിടയില്‍ ചോദിച്ചു:
“നീ എന്തിനാ മുടി ചെറുതാക്കി മുറിച്ചത്?”
“വെറുതെ സൌകര്യത്തിനു വേണ്ടി വെട്ടിയതാ. അന്ന് തന്നെ സനലിന് അത് സംഭവിച്ചു”. ശകുന്തള കരയാന്‍ തുടങ്ങി.

വാസ്തവത്തില്‍, ബ്യൂട്ടിപാര്‍ലറില്‍ നിന്നും മുടി വെട്ടി വീട്ടിലേക്കു മടങ്ങുന്ന ശകുന്തള ആ സമയം വഴിയില്‍ വെച്ചു വിജയനെ കാണുന്നുണ്ട്. അവളുടെ ചില തീരുമാനങ്ങളെ ഈ മുടി വെട്ടല്‍ കാണിക്കുന്നു എന്ന് കഥയില്‍ സൂചനകളും ഉണ്ട്. വിജയന്‍ അയാളുടെ മടുപ്പില്‍ നിന്നും ഒരു നീണ്ട നടത്തത്തിന്റെ ഉച്ചയിലേക്ക് ഇറങ്ങിയതാണ്. ശകുന്തള അപ്പോള്‍ അയാളോട് പറഞ്ഞതും അതാണ്. “നടപ്പൊരു സ്വാതന്ത്യ്ര സമരമാണ്”. “എല്ലാ കുരുക്കുകളില്‍ നിന്നും , ഭൂഗുരുത്വാകര്‍ഷണ ശക്തിയില്‍ നിന്നു പോലും രക്ഷപ്പെടാനുള്ള നമ്മുടെ എളിയ ശ്രമം”.

അവളും കാലത്ത് മുതല്‍ നടക്കുന്നു. ആ രൂപത്തില്‍ ശകുന്തളയെ കണ്ടപ്പോള്‍ വിജയന് പെട്ടെന്ന് മനസിലായില്ല. അയാള്‍, ‘ഇത് എപ്പോള്‍ പറ്റിച്ചു’ എന്ന് ചോദിക്കുമ്പോള്‍ ‘ഇപ്പോള്‍’ എന്ന് അവള്‍ പറയുന്നു. എന്തേ ഇങ്ങനെ തോന്നാന്‍ എന്ന് അവന്‍ ചോദിച്ചതിനു ‘വെറുതെ’ എന്ന് അവള്‍ പറയുന്നു. പക്ഷെ ആ ‘വെറുതെ’ ആണ് പിന്നീട് രാഷ്ട്രീയവല്‍ക്കരിച്ച ഓര്‍മയിലേക്ക് തിരിക്കുന്നത്.

 

അവള്‍ പറഞ്ഞു : "ഇപ്പോള്‍ ഞാന്‍ സത്യം മാത്രമാണ് എഴുതുന്നത്. എന്റെ ഈ ദേഹം തന്നെയാണ് എന്റെ എഴുത്ത്. അതിലെ വെട്ടി തിരുത്തലുകള്‍ ആണ് വിജയന്‍ കാണുന്ന ഈ മുടി വെട്ടല്‍. ഇപ്പോള്‍ ഞാന്‍ ജനങ്ങളെ നേരിടുവാന്‍ തയാറാണ്. അതുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു." Painting: Susan Grabel


 

ഒച്ചയോടെ ഒരു സ്വകാര്യ ജീവിതം
ഇതിനു തലേന്നാണ് ശകുന്തള അവളുടെ ഒരു കവിത മുഴുവന്‍ ആക്കുന്നത്. ആ കവിത പ്രസിദ്ധീകരിക്കാന്‍ കൊടുക്കാനും അവള്‍ തീരുമാനിച്ചു. അതിനു സഹായം ചെയ്യാം എന്ന് പറഞ്ഞ കൃഷ്ണനോട് അവള്‍ അത് വേണ്ട എന്ന് നിരസിക്കുന്നുമുണ്ട്. വിജയന്‍ അവളോട് ചോദിച്ചു : “എന്തേ മനസ്സ് മാറാന്‍?” “ചേട്ടത്തിയമ്മ പറയാറില്ലേ പ്രസിദ്ധീകരിക്കാന്‍ അല്ല എഴുതുന്നത് എന്ന്?”. അതിനു അവള്‍ മറുപടി പറയുമ്പോള്‍ മുമ്പ് എഴുതിയത് പലര്‍ക്കും വേണ്ടിയാണ് എന്ന് ഓര്‍ക്കുന്നു. പക്ഷെ ഇപ്പോള്‍ എഴുതുന്നത് അവള്‍ക്ക് വേണ്ടി തന്നെയാണ് എന്ന് പറയുന്നു.

“ഒറ്റക്കിരുന്നു കുടിക്കുന്ന പോലെ”. ഇങ്ങനെ അവള്‍ തന്റെ എഴുത്തിനെ ഇപ്പോള്‍ കണ്ടെത്തുന്നത് വിജയനോടാണ് പറയുന്നത് എങ്കിലും, “ശകുന്തള പട്ടണത്തിനു മീതെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു’ എന്നാണു കഥയില്‍. അഥവാ, പട്ടണത്തിന്റെ ആവര്‍ത്തിത ജീവിതത്തില്‍ നിന്നും ചുരണ്ടിയെടുത്തു കൊണ്ട് ആ വലിയ നഗര വിസ്മൃതിയില്‍ ഒച്ചയോടെ ഒരു സ്വകാര്യ ജീവിതം അവള്‍ കൊണ്ട് വന്നു വെക്കുന്നു. അഥവാ, ആ മഹാവിസ്മൃതിയിലെ ‘അന്യ’നെ വീണ്ടും അവതരിപ്പിക്കുന്നു. ഒരു രാജ്യം പോലെ എന്ന് ഓര്‍മിച്ചു കൊണ്ട്.

അതിലെ അലങ്കോലങ്ങള്‍ (chaos) പറഞ്ഞു കൊണ്ട്. അവള്‍ പറഞ്ഞു : “ഇപ്പോള്‍ ഞാന്‍ സത്യം മാത്രമാണ് എഴുതുന്നത്. എന്റെ ഈ ദേഹം തന്നെയാണ് എന്റെ എഴുത്ത്. അതിലെ വെട്ടി തിരുത്തലുകള്‍ ആണ് വിജയന്‍ കാണുന്ന ഈ മുടി വെട്ടല്‍. ഇപ്പോള്‍ ഞാന്‍ ജനങ്ങളെ നേരിടുവാന്‍ തയാറാണ്. അതുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.”

 

എങ്കില്‍, അത്രയും ഈ കഥ , നാട്ടു നടപ്പ് ഭാഷയില്‍ ഒരു 'സ്തീവാദ വിരുദ്ധ കഥയാണ്. അങ്ങനെ ആ കഥ വായിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. Painting: Tracey Rogers


 

ഉടലെഴുത്തിന്റെ രാഷ്ട്രീയം
അതെ, ഏറെ നിറം ചേര്‍ത്ത, അല്ലെങ്കില്‍ വേണ്ട, നേരിട്ട്, ശകുന്തള ഇങ്ങനെ പറഞ്ഞത് അവള്‍ തന്നെ അംഗമായ , ആ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടാണ്. ഒരു പക്ഷെ, അത് മാത്രമാണ് ഈ കഥ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ സംവാദവും: തന്റെ ഉടലിനെ എഴുത്ത് തന്നെ ആക്കുന്ന ആ പ്രവൃത്തി, തീര്‍ച്ചയായും നമുക്കും സ്ത്രീവാദ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിന്റെ പൊതു ബോധത്തില്‍ നിന്നും ഒരു നാള്‍ കലഹിച്ചു പുറത്തു പോന്നതാണ് ഈ രാഷ്ട്രീയം. അതുകൊണ്ട് തന്നെ ആ പൊതു ബോധത്തിനകത്ത് ഒരേ സമയം അതിന്റെ ശൂന്യതയും അതിന്റെ അനാഥത്വവും ഈ രാഷ്ട്രീയം പ്രഖ്യാപിച്ചു. അഥവാ ഒരു ക്രമത്തെ കേട് വരുത്തി. എങ്കിലും അത് , ഒരു പൂര്‍വ ജന്മ ബന്ധത്തിലെ ശത്രുവിന്റെ ഓര്‍മയില്‍ എന്ന പോലെ ആ പൊതു ബോധത്തെ ഓര്‍മിച്ചു, അതിന്റെ ‘സുരക്ഷിതത്വം’ ഓര്‍മിച്ചു, ഈ കഥയിലും.

ആ ഓര്‍മിക്കല്‍ ഏതാണ്ട് ഇങ്ങനെയാണ്:

അങ്ങനെ മുടി വെട്ടിയ ദിവസം ആണ് ഭര്‍ത്താവിന്റെ അനുജനുമായി തന്റെ ഉടല്‍ ചേര്‍ത്ത് വെച്ച നേരമാണ് അവളുടെ ഏക മകന്‍ ശകുന്തളക്ക് നഷ്ടമായത്. അങ്ങനെ ആണ് അത് അവള്‍ പോലും ഓര്‍മിക്കുന്നത് . (“വെറുതെ സൌകര്യത്തിന് വേണ്ടി വെട്ടിയതാ. അന്ന് തന്നെ സനലിന് അത് സംഭവിച്ചു.” ശകുന്തള കരയാന്‍ തുടങ്ങി.) സനലിന്റെ ദുര്‍മരണം നടന്നിടത്ത് നിന്നും വിജയന്‍ ശകുന്തളയെ നോക്കുന്നതും അങ്ങനെ ഒരു ‘പാപം’ ചെയ്തതിന്റെ മൂടലില്‍ ആണ്. (എനിക്ക് ചേട്ടത്തിയമ്മയെ നേരിടാന്‍ വയ്യ).

എങ്കില്‍, അത്രയും ഈ കഥ , നാട്ടു നടപ്പ് ഭാഷയില്‍ ഒരു ‘സ്തീവാദ വിരുദ്ധ കഥയാണ്. അങ്ങനെ ആ കഥ വായിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഈ കഥ തനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് പറയുന്ന, സ്ത്രീ വിമോചന ആശയങ്ങള്‍ പരിചയം ഉള്ള, എന്റെ തന്നെ പെണ്‍സുഹൃത്തുക്കള്‍ ഉണ്ട്. അവരത് പറയുമ്പോള്‍ കഥയോടൊപ്പം അല്ല എന്ന് അവര്‍ക്കും എനിക്കും അറിയാം. അത് വിമോചനാശയങ്ങള്‍ ഭരണകൂടത്തിന്റെ വന്മതിലുകള്‍ക്കുള്ളില്‍ തന്നെ ഉയര്‍ത്തുന്ന ദു:ഖകരമായ പ്രതിരോധത്തിന്റെ ഓര്‍മയാണ് – ഒരുവള്‍ അതിനെ രഹസ്യമായി, ഏതാണ്ട് സ്വയം അപമാനിച്ചു കൊണ്ട് വെറുക്കുന്നു. ചില ജാര ജീവിതങ്ങള്‍ അപ്പോഴും അപമാനത്തിന്റെ നരകത്തില്‍, യുധിഷ്ഠിരനു കിട്ടിയ കുളിര്‍ കാറ്റ് പോലെ, വന്നു ചേരാറുണ്ട്ങ്കിലും.

 

ഈ കഥയില്‍ ശകുന്തള അങ്ങനെ ആ പൊതു ബോധത്തില്‍ നിന്നും മാറി നടക്കാന്‍ തിരഞ്ഞടുത്ത രണ്ടു വഴികളും അങ്ങനെ കഥയില്‍ വെച്ചു തന്നെ അടക്കുന്നു, അഥവാ എഡിറ്റ് ചെയ്യപ്പെടുന്നു. ആ വഴികളില്‍ ഒന്ന് അവളുടെ ഉടലും മറ്റൊന്ന് അവളുടെ കവിതയും ആണ്. Painting: Siona Benjamin


 

ആ വന്‍മതിലുകള്‍
‘രാഷ്ട്രീയ ധാര്‍മികത’ എഴുത്തുകാരുടെ പ്രമേയം ആകുമ്പോള്‍ അതിനുള്ളില്‍ തന്നെ ഉയര്‍ത്തുന്ന വന്മതിലുകള്‍ വേറെ ഒരു സ്ഥലം കൂടി ഉണ്ടാക്കുന്നു. അത്, അതേ രാഷ്ട്രീയ ധാര്‍മികതയെ പ്രതിലോമം എന്ന് വരെ കാണിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ വായിക്കപ്പെടാം. അതും നാട്ടു നടപ്പാണ്. അതിനൊരു കാരണം കൃതിയിലെ ‘സൌന്ദര്യ ശാസ്ത്രത്തിന്റെ രാഷ്ട്രീയം ‘ അത്ര സ്വച്ഛതയോടെ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നുമാകാം.

മാധവന്റെ കഥകളുടെ ഒരു സ്വഭാവം, ഒരു പക്ഷെ, ആ സ്വച്ഛതയെ തന്നെ അവിശ്വസിക്കല്‍ ആണ്. ഈ കഥ അതില്‍ ഒന്നാമാതായി വരും . നിങ്ങളുടെ തിരഞ്ഞെടുപ്പ് , നിങ്ങളുടെ മാറി നടപ്പ്, നിങ്ങളുടെ വിധി എല്ലാം ഇപ്പോഴും നിങ്ങളുടെ എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും ഒരു പൊതു രാഷ്ട്രീയ ബോധത്തിന്റെ കാഴ്ചവട്ടത്തില്‍ തന്നെ നടക്കുന്നു എന്ന് ആ അവിശ്വാസം പറയുന്നു. അഥവാ, നമ്മുടെ ‘ഉത്തരാധുനികത’ പേജുകളോളം വാഴ്ത്തിയ വിമോചന രാഷ്ട്രീയ മര്‍മ്മരങ്ങള്‍ ഒക്കെ ഒരു പൊതു ബോധം കൊണ്ട് എഡിറ്റ് ചെയ്യപ്പെടുന്നു.

ഈ കഥയില്‍ ശകുന്തള അങ്ങനെ ആ പൊതു ബോധത്തില്‍ നിന്നും മാറി നടക്കാന്‍ തിരഞ്ഞടുത്ത രണ്ടു വഴികളും അങ്ങനെ കഥയില്‍ വെച്ചു തന്നെ അടക്കുന്നു, അഥവാ എഡിറ്റ് ചെയ്യപ്പെടുന്നു. ആ വഴികളില്‍ ഒന്ന് അവളുടെ ഉടലും മറ്റൊന്ന് അവളുടെ കവിതയും ആണ്. ഇതില്‍ രണ്ടാമത്തെ വഴി, കവിത, മകന്റെ മരണ ശേഷം അവള്‍ ഉപേക്ഷിച്ചുവോ എന്നറിയില്ല. ആ കവിത എന്തെന്ന് കഥയില്‍ സൂചനകള്‍ ഇല്ല, എന്റെ ഉടല്‍ തന്നെ ആണ് എന്റെ എഴുത്ത് എന്ന് അവള്‍ ആ കവിത ഓര്‍ത്താണ് ഒരു പക്ഷെ പറഞ്ഞിരിക്കുക, എങ്കിലും.

പക്ഷെ, കവിത, ഉടല്‍, അരുതാത്ത , എങ്കിലും ആ സമയം തനിക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് സമ്മാനിക്കുമ്പോഴാണ്, ആ പാപം അനുഷ്ടിക്കുമ്പോഴാണ് , ആ ദുരന്തം- മകന്റെ നഷ്ടം- ഉണ്ടായത്. ഒരു പക്ഷെ ഇങ്ങനെ നടന്നില്ലായിരുന്നെങ്കില്‍ കഥ വേറെ ഒന്നാകുമെന്നു പറയാതെ പറയുന്ന പോലെ. ആ ദുരന്തത്തിനു ശേഷം ആണ് ശകുന്തളയുടെ കഥ മാധവന്‍ തുടങ്ങുന്നതും. കഥയിലെ ആദ്യത്തെ ഈ വാചകം നോക്കു : “മെതിയടി ശബ്ദങ്ങളും, പടയോട്ടം നടത്തുന്ന എലികളും, പ്രക്ഷേപണം ഇല്ലാത്ത നേരത്തെ ടി വി സ്ക്രീനില്‍ കാണുന്ന കറുത്തതും വെളുത്തതുമായ തിളങ്ങുന്ന പൊട്ടുകളും ഒക്കെ നിറഞ്ഞ ഭസ്മ നിറത്തിലുള്ള ഒരു ഉറക്കത്തില്‍ നിന്നു ഉണര്‍ന്നതിനു ശേഷവും ശകുന്തള കിടക്കയില്‍ നിന്നു എഴുന്നേറ്റില്ല.”

 

അങ്ങനെ ആലോചിക്കാന്‍ , ഉത്തരങ്ങള്‍ തേടാന്‍ തന്റെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വായനാ സമൂഹത്തോട് പറയുമ്പോഴും ശകുന്തള തന്റെ സങ്കടത്തിനകത്ത് തന്റെ ഉടലിന്റെ രാഷ്ട്രീയം, അവളുടെ സ്വകാര്യ ഇടം, തന്നോട് ചേര്‍ത്തു പിടിക്കുന്നു, ഒരു പക്ഷെ നിസ്സംഗതയോടെ തന്നെ. Painting: Susan Grabel


 

വായനയുടെ രാഷ്ട്രീയം
ഇതൊരു നീണ്ട വാചകം തന്നെ. ജീവിതത്തിന് അതിന്റെ അനിശ്ചിതത്വം സമ്മാനിക്കുന്ന ആയുസിന്റെ ഓര്‍മ്മ പോലെ. ഒരു ജീവിതത്തിന്റെ പ്രജ്ഞ എത്രയും പുതിയതായിരിക്കുമ്പോഴും അതിന്റെ ഇരുണ്ട ഭൂതകാലം ആ പുതിയതിനു കാവല്‍ നില്‍ക്കുന്നു. പലപ്പോഴും ഒരു കൊലയാളിയെ ഓര്‍മിപ്പിച്ചുകൊണ്ട്. അങ്ങനെ പിറകിലേക്ക് തുരന്നു പോകുന്ന ഒരു ഭൂതകാലം ഈ വാചകം ഓര്‍മിപ്പിക്കും. മെതിയടികള്‍ ഒരു നീണ്ട ഇടനാഴിയെ ഓര്‍മിപ്പിക്കും, എലികള്‍ നാശമോ വിപത്തുക്കളോ പേറും, പ്രക്ഷേപണം ഇല്ലാത്ത ടെലിവിഷന്‍, വര്‍ത്തമാനം, നിശബ്ദമാക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കും.

അങ്ങനെ രൂപം കൊണ്ട തന്റെ തന്നെ അസ്തിത്വം ആണ് ശകുന്തള ‘കാണി’ച്ചു തരുന്നത്: അവളെ അറിയുന്ന, രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വായനാ സമൂഹത്തിന്. അവള്‍ അവരോട് പറയുന്നത് ഇങ്ങനെ ആണ്: കവിതകള്‍ എഴുതുന്ന , മലയാളാധ്യാപകന്‍ ആയ ഭര്‍ത്താവില്‍ നിന്നും മനസ്സ് കൊണ്ട് അകന്ന (“ആറു മാസമായി ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങിയിട്ട്”) , ഭര്‍ത്താവിന്റെ അനുജനുമായി ഇഷ്ടങ്ങള്‍ (കവിത, ഉടല്‍) പങ്കു വെക്കാന്‍ ഒരു നിമിഷം ആഗ്രഹിച്ച, എനിക്കുണ്ടായ വിധി തന്നെ നോക്കു. എന്റെ പ്രിയ മകന്‍ നഷ്ടമായത് എന്റെ ഈ പാപം ചെയ്യല്‍ കൊണ്ടാണോ. ഞാന്‍ മാറി നടന്ന അത്രയും നേരം അത്രയും ദൂരം വിധി (ദൈവം, വ്യവസ്ഥിതി )അതേ പോലെ ചുരുട്ടി കൂട്ടി എന്റെ കാല്‍ ചോട്ടിലേക്ക് ഇട്ടതു കണ്ടില്ലേ – നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. നിങ്ങള്‍ എന്ത് പറയുന്നു –-ഇങ്ങനെ ആണ് അവ. അങ്ങനെ ആലോചിക്കാന്‍ , ഉത്തരങ്ങള്‍ തേടാന്‍ തന്റെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വായനാ സമൂഹത്തോട് പറയുമ്പോഴും ശകുന്തള തന്റെ സങ്കടത്തിനകത്ത് തന്റെ ഉടലിന്റെ രാഷ്ട്രീയം, അവളുടെ സ്വകാര്യ ഇടം, തന്നോട് ചേര്‍ത്തു പിടിക്കുന്നു, ഒരു പക്ഷെ നിസ്സംഗതയോടെ തന്നെ. അത് കഥയില്‍ മനോഹരമായ ഒരു അനുക്രമം (sequence) പോലെ മാധവന്‍ എഴുതിയിരിക്കുന്നു:

കോളേജിലേക്ക് വീണ്ടും നടക്കുമ്പോള്‍, തലേന്ന് രാത്രി സമയത്തെ അളന്നു കൊണ്ട്, ഒരു നിമിഷത്തില്‍ ഒരു തവണ ശകുന്തള കൃത്യമായി തേങ്ങുന്നത് കേട്ട് ഉറക്കം ഉണര്‍ന്ന കാര്യം കൃഷണന്‍ ഓര്‍ത്തു. തുടര്‍ന്നു അവളോടു ചേര്‍ന്ന് കിടന്നതും. അയാള്‍ ഉമ്മവച്ചു തുടങ്ങിയതു ശകുന്തളയുടെ പൊന്തിനില്‍ക്കുന്ന തോളെല്ലില്‍ നിന്നായിരുന്നു.

കരച്ചില്‍ നിര്‍ത്തി ശകുന്തള ചോദിച്ചു:
“എന്താണീ കാട്ടിക്കൂട്ടുന്നത്.?”
“ഒരു പക്ഷെ…”
“ഒരുപക്ഷെ?”
“ഒരു പക്ഷെ കുറച്ചു നേരം എല്ലാം മറക്കുവാന്‍ കഴിഞ്ഞാലോ?”
………….
ശകുന്തള കണ്ണടക്കുവാന്‍ വിസമ്മതിച്ചു കൊണ്ട് കിടന്നു. കൃഷ്ണന്‍ ഉറക്കെ കരയാന്‍ തുടങ്ങി. അയാളുടെ വായ പൊത്തി, പുറത്ത് അമ്മ നില്‍ക്കുന്നുവെന്നു ശകുന്തള ആംഗ്യം കാണിച്ചെങ്കിലും, അത് വക വെക്കാതെ കൃഷ്ണന്‍ കുറെ നേരം കൂടി കരഞ്ഞു.

മലയാള കഥയിലെ ഒരു പ്രധാനപ്പെട്ട കഥയാണിത്. അതിന്റെ രാഷ്ട്രീയം കൊണ്ട് തീര്‍ച്ചയായും.

 

കഥ നമ്മുടെ 'രാഷ്ട്രീയവല്‍ക്കരിക്കപെട്ട വായനാ സമൂഹ' ത്തിന്റെ യാഥാസ്ഥിതികത കാണിച്ചു തരുന്നു, അതിന്റെ പൊയ്ക്കാലുകള്‍ കാറ്റിലെന്ന പോലെ , നഗ്നമാക്കുന്നു. Painting: Matt Mercer


 

കാറ്റിലാടുന്ന പൊയ്ക്കാലുകള്‍
അഞ്ചാം നൂറ്റാണ്ടില്‍ നമ്മുടെ ജീവിതത്തിനും സംസ്കാരത്തിനും ഒപ്പം വന്ന “ആധുനികത’ എന്ന പദം നാം മനസിലാക്കുന്നത് വര്‍ത്തമാനത്തെ വേര്‍തിരിച്ചറിയാനാണ്. അത് ഭൂതത്തെ പഴയതെന്നും വര്‍ത്തുമാനത്തെ പുതിയതെന്നും വേര്‍പ്പെടുത്തുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ഉള്ള നമ്മുടെ സാമൂഹ്യാനുഭവങ്ങളില്‍ ‘ആധുനികത’ ചരിത്രപരമായ കെട്ടലുകളില്‍ നിന്നെല്ലാം വിമുക്തവും ആണ്. അത് നമ്മള്‍ മനസ്സിലാക്കുന്നത് വളരെ ലളിതമായി വേര്‍പിരിയുന്ന രണ്ടു വിപരീതങ്ങളെ പകര്‍ത്തിയാണ് – ‘പാരമ്പര്യ’വും ‘വര്‍ത്തമാന’വും എന്ന്.

ഒരര്‍ത്ഥത്തില്‍ നമ്മള്‍ ഈ വിശ്വാസത്തിന്റെ സമകാലികര്‍ ആണ്. എങ്കില്‍ ഒരു കൃതിയെ നമ്മള്‍ ‘പുതിയത്’ എന്ന് മനസിലാക്കുന്നത് അത് സ്വയം സ്വീകരിക്കുന്ന രചനാരീതി (stylish) കൊണ്ടാണ്. ഇങ്ങനെ പറയുമ്പോള്‍ തന്നെ ആ കൃതി അതിനു വേണ്ടി ഒരു സുകൃതം കാംക്ഷിക്കുന്നു: അത് ക്ലാസ്സിക്കല്‍ ആവുക എന്നാണ്, കാലത്തെ അതിജീവിക്കുക എന്ന ആഗ്രഹമാണ്. പക്ഷെ, ആധുനിക രചനകള്‍ അങ്ങനെ ഒരു ശക്തിയാവില്ല ആഗ്രഹിക്കുക, പകരം അത് ഒരു സമയം വിശ്വസനീയമായും ആധുനികമായിരുന്നു എന്ന് അതിനെ വീണ്ടും പരിചയപ്പെടുത്തുന്നു.

മാധവന്റെ ഈ കഥ നമ്മുടെ പുരോഗമന സ്ത്രീ വാദ നാട്യങ്ങളെ മനസ്സുകൊണ്ട് വെറുക്കുന്നു. മാത്രമല്ല, നമ്മുടെ ഏതൊരു വിശ്വാസ പുതുക്കലുകളെയും തത്ത്വ ചിന്താപരമായ ഒരു ഭൂത തടവറ അതിന്റെ മതിലുകള്‍ നല്‍കി വലം വെക്കുന്നു എന്ന തത്ത്വ ചിന്താപരമായ ഒരു വിവേകം കൂടി ഈ കഥ പ്രകടിപ്പിക്കുന്നു. അപ്പോഴും, ഈ കഥ നമ്മുടെ ‘രാഷ്ട്രീയവല്‍ക്കരിക്കപെട്ട വായനാ സമൂഹ’ ത്തിന്റെ യാഥാസ്ഥിതികത കാണിച്ചു തരുന്നു, അതിന്റെ പൊയ്ക്കാലുകള്‍ കാറ്റിലെന്ന പോലെ , നഗ്നമാക്കുന്നു.

എന്നാല്‍ അങ്ങനെ ഒരു ഉദ്ദേശ്യം ഈ കഥക്കില്ല എന്ന് തോന്നും വിധം, വായനയെ കബളിപ്പിച്ചു കൊണ്ട്, കഥയുടെ സൌന്ദര്യം ഒരു മഞ്ഞു വിരിക്കുന്നു: അത് ഒരു ‘നിഷ്ക്കളങ്കന്‍ ആയ ഒരു ബാലന്റെ മരണത്തിനു ശേഷം വന്ന മഞ്ഞുമാണ്. ഒരു പക്ഷെ ഇങ്ങനെ ആവുമോ ഈ കഥ ഒരു വിമോചനാശയത്തെ തിരിഞ്ഞു കൊത്തിയതും?

 
 
സൂചനകള്‍ :
കഥ : കാണി (അര്‍ത്ഥനാരീകാണ്ഡം –-എന്‍ എസ് മാധവന്‍ – ഡി സി ബുക്സ് )
Modernity An Incomplete Project Jurgen Habermas
 
 
 
 

4 thoughts on “എന്‍.എസ് മാധവന്റെ കാണി: ഒരു രാഷ്ട്രീയ വായന

 1. നല്ല അപഗ്രഥനം. ഒരു ഉത്തരം എന്നതിനേക്കാള്‍ ഒരു ചോദ്യം തന്നെയാണ് മാധവന്‍ ഉന്നയിച്ചത് എന്ന് തോന്നുന്നു. സ്വാതന്ത്ര്യ ബോധവും പാപബോധവും തമ്മില്‍ ഉള്ള ആ പഴയ വൈരുദ്ധ്യത്തിന്റെ ഒരു പുതിയ ആവിഷ്കാരം. ഓ. വീ. വിജയന്‍ മുതല്‍ അത്ണ്ട്, ഈ സംശയം, ഈ ഒളിച്ചോട്ടം, ഈ തീരാത്ത നടത്തം.

 2. കഴുത്തിലെ ബട്ടൻസിട്ട് ടൈ കെട്ടി, പുറത്തേയ്ക്കിറങ്ങിയപ്പോൾ വിജയൻ ആകാശത്തിൽ നിന്ന് കാഹളങ്ങൾ കേൾക്കുവാൻ തുടങ്ങി.കമ്പോള വ്യവസ്ഥിതിയുടെ കാലാൾ രക്തസമ്മർദ്ദത്തിനുള്ള പുതിയ ഗുളികകളുമായി വിപണിയിലേയ്ക്ക് ഇറങ്ങി.-കാണിയിലെ രാഷ്ട്രീയം നമ്മുടെ കോളാമ്പി രാഷ്ട്രീയത്തിൽ നിന്ന് ഒട്ടും വ്യതസ്തമായിരുന്നില്ലെന്ന് പറയുന്നുണ്ട് വിജയന്റെ ഈ ഇറക്കം.

  മലയാള സാഹിത്യം പഠിപ്പിക്കുന്നവരെക്കുറിച്ചുള്ള മുൻ വിധികൾ നിറച്ച മൂശയിലാണ് കൃഷ്ണൻ എന്ന കഥാപാത്രവും. അയാളുടെ രതി കഥയിലിങ്ങനെ- ആവർത്തിച്ചുമ്മ വയ്ക്കുന്നതിന്റെ തുടർച്ചയായ ചലനങ്ങളിൽ കൃഷ്ണൻ ഏതോ താളം ഏതോ വൃത്തത്തിന്റെ ലക്ഷ്ണം കേൾക്കുവാൻ തുടങ്ങി. ചുംബനങ്ങൽക്ക് ധൃതികൂടി രനം നരം? വൃത്തം: പഞ്ചചാമരം ?

  മുടി വെട്ടിയശേഷം മെഴുകിട്ടു വൃത്തിയാക്കാൻ കൈയും കാലും നീട്ടിക്കൊടുക്കുന്ന ശകുന്തളയും സ്ത്രീവാദിയുടെ പതിവ് വാർപ്പ് മാതൃക തന്നെ.
  ഇവിടെ ഉയരുന്ന പ്രശ്നം കരുണാകരൻ കൃത്യമായി നിരീക്ഷിക്കുന്നതുപോലെ കൃതിയിലെ സൌന്ദര്യ ശാസ്ത്രത്തിന്റെ രാഷ്ട്രീയം സ്വച്ഛതയോടെ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നതു തന്നെ.

  ഇതിനെ രാഷ്ട്രീയ ആധുനികത എന്ന് വിശേഷിപ്പിക്കുമെങ്കിൽ അത് ശരിയുമല്ല.കഥ വാമെഴിയിൽ നിന്ന് മാറി, എന്നാൽ മിക്കപ്പൊഴും അതിലെ രാഷ്ട്രീയം വാമൊഴി രാഷ്ട്രീയമാകുന്നു.മൈതാന പ്രസംഗത്തോടാണ് അതിനടുപ്പം.ഈ സന്ദർഭമാണ്, വിമോചന രാഷ്ട്രീയ മര്‍മ്മരങ്ങള്‍ ഒരു പൊതു ബോധം കൊണ്ട് എഡിറ്റ് ചെയ്യപ്പെടുന്നു എന്ന നിരീക്ഷണത്തെ പ്രസക്തമാക്കുന്നത്. എന്നാൽ രാഷ്ട്രീയ വത്കരിക്കപ്പെട്ട വായനാസമൂഹത്തിന്റെ യാഥാസ്ഥികതയോട് ചേർന്ന് രാഷ്ട്രീയോന്മുഖമായ എഴുത്തിന്റെ യാഥാസ്ഥികതയും ഉണ്ട്…

  കുവേറ്റിൽ ചൂടുമാറിയോ , കഥയിൽ വായിച്ച മഞ്ഞ് കാണാനാവുന്നില്ല. അബുദബിയിൽ ചൂട് തന്നെ. വൈകാതെ വരുമായിരിക്കും!
  നല്ല വായന. നന്ദി.
  .

 3. nammude kathakalum kathakaranmarum pathivu papa bodhangalil ninnum sadachara kurukkukalil ninnum ennanavo vimochitharavunnathu…………..?

 4. കാണിയില്‍ ആരാ കാണി?സനല്‍ എന്ന പയ്യന്‍ വരുമ്പോള്‍ ശകുന്തളയും (അമ്മ) വിജയനും (അച്ഛന്റെ സഹോദരന്‍) തൊട്ടു തൊട്ടു നില്‍ക്കുന്നത് കാണുന്നു!,തൊട്ടു തൊട്ടു നില്‍ക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള പുറപ്പാടു ആണെന്ന് മനസിലാക്കാനും അതില്‍ അന്ധാളിക്കാനും ബോധം ക്ഷയിച്ചു വണ്ടിക്കടിയില്‍ ഓടി ക്കേറി മരിക്കാനും മാത്രം വളര്‍ന്ന കഥ പത്രം ആണോ സനല്‍ ?അതും എന്നും കാണുന്ന അമ്മയും ചെറിയച്ചനും തമ്മില്‍ അവനു മുന്‍ സംശയം ഉണ്ടായിട്ടേ ഇല്ല !അഗമ്യ ഗമനം എന്ന് ധരിക്കാന്‍ അവനെന്താ ചെറുതിലെ തന്നെ ഖസാഖ് വായിച്ചു കാണുമോ ?ശകുന്തളക്കോ വിജയനോ തൊട്ടു തൊട്ടു നില്‍ക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള ഒരുക്കം ആയി തോന്നാം പക്ഷെ സനലിന് അത് ഉണ്ടാവില്ല .അല്ലെങ്കില്‍ അവന്‍ കാണുന്നത് ക്രിയ തന്നെ ആവണം
  കേരളത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ചര്‍ച്ച ചെയ്ത ഈ രാഷ്ട്രീയം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. കരുണന്‍ പറയാതെ ഈ രാഷ്ട്രീയം കാണി വായിച്ച ആര്‍ക്കെങ്കിലും തോന്നുമോ ?സംശയം ആണ് !രാഷ്ട്രീയ വായന ആയതു കൊണ്ട് വന്നു കയറിയത് ആകണം !എന്‍ എസ മാധവനും (കൃഷ്ണനും )അര്‍ജുനനും (വിജയന്‍ )അളിയന്മാരും ഭാര്യ സുഭദ്രയും ആയിരുന്നെങ്കില്‍ ഈ കഥ ഉണ്ടാകില്ല .ദുഷ്യന്തനു പകരം കൃഷ്ണനും ശകുന്തളയും ആയതാണ് പ്രശ്നം ആയതു .തമ്മില്‍ ചേരില്ല !ഇത് ഇറങ്ങിയ കാലത്ത് ഒരു സാദാ വായനയിലും ചര്‍ച്ചയിലും ഉണ്ടായ അഭി പ്രയങ്ങള്‍ ആണ് .

Leave a Reply to kavya Cancel reply

Your email address will not be published. Required fields are marked *