ആര്‍ക്കുവേണം വിപ്ലവകാരികളെ?

 
 
 
 
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ജീവിതത്തോടു വിടവാങ്ങിയ സഖാവ് പി.വി കുഞ്ഞിരാമന്റെ ജീവിതം. മാധ്യമങ്ങളും പൊതുസമൂഹവും ആ ജീവിതത്തോടും മരണത്തോടും പുലര്‍ത്തിയ നിസ്സംഗതയുടെ രാഷ്ട്രീയം. ബ്ലോഗെഴുത്തുകളിലൂടെ ശ്രദ്ധേയനായ നിത്യന്‍ എഴുതുന്നു
 
 

ജീവിതം ഇതിഹാസമായി മാറിയ മഹാനായൊരു വിപ്ലവകാരിയുടെ വിയോഗത്തോട് മലയാള മാധ്യമങ്ങളും കേരളവും പുലര്‍ത്തിയത് അങ്ങേയറ്റത്തെ നിഷേധാത്മക സമീപനമായിരുന്നു. പി.വിയെന്ന ചുരുക്കപ്പേരില്‍ കേരളമറിഞ്ഞ സ്വാതന്ത്യ്ര സമരസേനാനിയും ധീരവിപ്ലവകാരിയുമായ പി.വി.കുഞ്ഞിരാമന്റെ മരണം നമുക്കൊരു വാര്‍ത്തയേ ആയിരുന്നില്ല. സ്വാതന്ത്യ്ര സമര കാലത്തെ മൂല്യങ്ങള്‍ക്കു വേണ്ടി പില്‍ക്കാല ജീവിതം സമര്‍പ്പിച്ച മഹാനായ ആ വിപ്ലവകാരിയുടെ മരണവാര്‍ത്ത കേരളം പൂര്‍ണമായി തിരസ്കരിച്ചു. സിനിമാ താരങ്ങളോ രാഷ്ട്രീയ കളിക്കളത്തിലെ വമ്പന്‍ കളിക്കാരോ മരിച്ചാല്‍, പത്രം പൂര്‍ണമായി തീറെഴുതുന്ന അതേ മാധ്യമങ്ങള്‍ തന്നെയാണ്, അതേ പൊതു സമൂഹം തന്നെയാണ് പൂര്‍ണമായ ആദരവോടെ യാത്രയയക്കേണ്ട ഒരു ജീവിതത്തെ കണ്ടില്ലെന്ന് നടിച്ചത്-സഖാവ് പി.വി കുഞ്ഞിരാമന്റെ ജീവിതവും മരണവും. ബ്ലോഗെഴുത്തുകളിലൂടെ ശ്രദ്ധേയനായ നിത്യന്‍ എഴുതുന്നു

 

 

‘ചിലര്‍ മഹാന്‍മാരായി ജനിക്കുന്നു. ചിലര്‍ കര്‍മ്മം കൊണ്ടു മഹത്വം ആര്‍ജിക്കുന്നു.ചിലരില്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു’
ട്വല്‍ഫ്ത്ത് നൈറ്റ്
വില്യം ഷെയ്ക്സ്പിയര്‍

 
ഷെയ്ക്സ്പിയര്‍ ശരിയായിരുന്നു. ചരിത്രം അതിന്നും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. യഥാര്‍ത്ഥ മഹാത്മാക്കളെ പുറംതള്ളി പേറാല്‍ മഹത്വം പേറുന്നവരെയും അതു വീണുകിട്ടിയവരെയും ചരിത്രം കൊണ്ടാടുന്നു. മലയാള മാധ്യമങ്ങള്‍ ആ ചരിത്ര സത്യം ആര്‍ഭാടമായി കൂടെ കൊണ്ടു നടക്കുന്നു. ഇന്നും, എന്നും.

അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം കഴിഞ്ഞ ദിവസമായിരുന്നു. ജീവിതം ഇതിഹാസമായി മാറിയ മഹാനായൊരു വിപ്ലവകാരിയുടെ വിയോഗത്തോട് മലയാള മാധ്യമങ്ങളും കേരളവും പുലര്‍ത്തിയത് അങ്ങേയറ്റത്തെ നിഷേധാത്മക സമീപനമായിരുന്നു. പി.വിയെന്ന ചുരുക്കപ്പേരില്‍ കേരളമറിഞ്ഞ സ്വാതന്ത്യ്ര സമരസേനാനിയും ധീരവിപ്ലവകാരിയുമായ പി.വി.കുഞ്ഞിരാമന്റെ മരണം നമുക്കൊരു വാര്‍ത്തയേ ആയിരുന്നില്ല. സ്വാതന്ത്യ്ര സമര കാലത്തെ മൂല്യങ്ങള്‍ക്കു വേണ്ടി പില്‍ക്കാല ജീവിതം സമര്‍പ്പിച്ച മഹാനായ ആ വിപ്ലവകാരിയുടെ മരണവാര്‍ത്ത കേരളം പൂര്‍ണമായി തിരസ്കരിച്ചു. സിനിമാ താരങ്ങളോ രാഷ്ട്രീയ കളിക്കളത്തിലെ വമ്പന്‍ കളിക്കാരോ മരിച്ചാല്‍, പത്രം പൂര്‍ണമായി തീറെഴുതുന്ന അതേ മാധ്യമങ്ങള്‍ തന്നെയാണ്, അതേ പൊതു സമൂഹം തന്നെയാണ് പൂര്‍ണമായ ആദരവോടെ യാത്രയയക്കേണ്ട ഒരു ജീവിതത്തെ കണ്ടില്ലെന്ന് നടിച്ചത്.

വടക്കേ മലബാറില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആ മരണം. മരിച്ചയാള്‍ ആരെന്ന് ആഴത്തില്‍ അറിയുമ്പോള്‍ മാത്രമേ മനസ്സിലാവൂ, കേരളം പുലര്‍ത്തിയ നിസ്സംഗതയുടെ വ്യാപ്തി.

 

 

കടലിലെ വിപ്ലവജ്വാല
പതിനൊന്നാം വയസ്സില്‍ 1936ല്‍ കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ അരയാക്കൂല്‍ സ്കൂളില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായ മിശ്രഭോജനത്തില്‍ പങ്കെടുത്ത് വിപ്ലവപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. സഖാവ് അതേപറ്റി എന്നും പറഞ്ഞിരുന്നത് ഇങ്ങനെ: ‘അതിന്റെ രാഷ്ട്രീയപ്രാധാന്യമറിഞ്ഞ് ഞാന്‍ പങ്കെടുത്തതല്ല, വിശപ്പും സഹിക്കാനാതെ പോയി കഴിച്ചതാണ്’. അപൂര്‍വമായ സത്യസന്ധതയാണ് അത്. ആ സത്യസന്ധതയായിരുന്നു ജീവിതാന്ത്യം വരെ അദ്ദേഹത്തിന്റെ ശക്തി; അതു തന്നെ ദൌര്‍ബല്യവും.

16ാം വയസ്സില്‍ ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി എം.എസ്.പിക്കെതിരെ മാര്‍ച്ചുനടത്തി ക്രൂരമായ മര്‍ദ്ദനമേറ്റു. 1944ല്‍ ബന്ധുക്കള്‍ മുന്‍കൈയ്യെടുത്തു നാടുകടത്തി. തൊഴിലന്വേഷിച്ച് എത്തിപ്പെട്ടത് റോയല്‍ നേവിയില്‍. ഐ.എന്‍.എ കലാപ കാലമായിരുന്നു. കപ്പലിലെ യൂണിയന്‍ ജാക്ക് വലിച്ചുകീറി അവിടെ ഇന്ത്യന്‍ ദേശീയ പതാകയുയര്‍ത്തിയ നാവിക സംഘത്തിലെ ഏക മലയാളിയുവാവായിരുന്നു അദ്ദേഹം. തലശേãരിക്കാരന്‍ തന്നെയായ സഖാവ് ഗംഗാധരമാരാര്‍ അതിനുമുമ്പേ തോക്കുവലിച്ചെറിഞ്ഞ കുറ്റത്തിനു പുറത്താക്കപ്പെട്ടു എന്നതു വിസ്മരിക്കുന്നില്ല.

രണ്ടാംലോകമഹായുദ്ധകാലത്തെ സേവനത്തെ മാനിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ മുദ്രയും പെന്‍ഷന്‍ നല്‍കാനായി ഒപ്പിട്ട കടലാസും പി.വിയെതേടിയെത്തി. തിരിച്ചയക്കാനുള്ള കാശില്ലാത്തതുകൊണ്ട് മുദ്ര ഒരിടത്തിട്ടു. ഒപ്പിടാനുള്ള കടലാസു കീറിയെറിഞ്ഞു.

 

 

പോരാട്ടത്തിന്റെ നാള്‍വഴികള്‍
ഫ്രഞ്ച് -പോര്‍ച്ചുഗീസ് -ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായി പി.വി അനവരതം പോരാടിയിരുന്നു. ഗോവ വിമോചനപോരാട്ടത്തിനായി മലബാറില്‍ നിന്നു പോയ ടീമിന്റെ ക്യാപ്റ്റന്‍ പി.വിയായിരുന്നു. മാഹി വിമോചന സമരത്തില്‍ പി.വി വഹിച്ച പങ്ക് ഏവര്‍ക്കുമറിയാവുന്നതാണ്.തലശേãരിക്കും ചമ്പാടിന്നുമിടയിലെ മൂഴിക്കരയില്‍ നിന്നുമായിരുന്നു മാഹി വിമോചനസമരത്തിലെ തുടക്കം. ചെറുകല്ലായി പിടിക്കാനുള്ള പോരാട്ടത്തിലെ ആദ്യ രക്തസാക്ഷികളായത് അവിടുത്തുകാര്‍ തന്നെയായിരുന്നു. സഖാക്കള്‍ അനന്തനും അച്ചുതനും. എല്ലാമായിട്ടും പി.വി എന്തുകൊണ്ടു വിസ്മൃതനായി?

സാതന്ത്യസമരത്തെ ഒറ്റുകൊടുത്തവര്‍ കൂടി പെന്‍ഷന്‍ വാങ്ങിക്കുന്ന സ്വാതന്ത്യ്രാനന്തര കാലത്ത് പി.വിക്ക് മൂന്നു സ്വാതന്ത്യ്രപെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. കൂടാതെ രണ്ടാംലോക മഹായുദ്ധസേവനത്തിനുള്ള ബ്രിട്ടന്റെ പെന്‍ഷനും. ‘ഞാന്‍ പോരാടിയത്, സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് വേതനത്തിനുവേണ്ടിയായിരുന്നില്ല’ എന്നു സംശയമില്ലാതെ പ്രഖ്യാപിച്ചു, പി.വി.

 

 

കൊടുങ്കാറ്റായി ജനങ്ങള്‍ക്കിടയില്‍
ബോബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാലത്ത് എസ്.എ ഡാങ്കെയുടെ തിരഞ്ഞടുപ്പു പ്രചരണത്തിന്റെ നേതൃത്വം പി.വിക്കായിരുന്നു. അദ്ദേഹം ദീര്‍ഘകാലം സി.പി.ഐയുടെ സംസ്ഥാന കൌണ്‍സില്‍ അംഗമായിരുന്നു. ഒരിക്കല്‍ പി.വിയെ സംസ്ഥാന കമ്മിറ്റിയില്‍ കാണാതായപ്പോള്‍ ജനവുമായി അത്ര ബന്ധമുള്ള വേറൊരു കമ്മ്യൂണിസ്റു നേതാവുണ്ടോയെന്നു സഖാവ്. കെ.ദാമോദരന്‍ ചോദിച്ചിരുന്നുപോലും. പി.വിയെ തിരഞ്ഞുപോവേണ്ടിവന്നു എന്നു കേട്ടിട്ടുണ്ട്.

ഒരുകാലത്തു വടക്കേ മലബാര്‍ നിറഞ്ഞുനിന്നു ഉജ്ജ്വനലായൊരു വാഗ്മിയായിരുന്നു പി.വി. പച്ചവെള്ളം മാത്രം ചോദിച്ചു വാങ്ങി കുടിച്ചുകൊണ്ട് നാടുനീളെ നടന്നു വേദികളില്‍ നിന്നും വേദികളിലേക്കു പോയൊരാള്‍.

യോജിക്കാനാവാത്ത ഒന്നുമായും സന്ധിചെയ്യാത്തതായിരുന്നു ആ ജീവിതം. അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ സംഭവത്തോടുള്ള മൂപ്പരുടെ പ്രതികരണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരു കൊടുങ്കാറ്റുകണക്കെ അച്ചുതമേനോന്റെ ചേംബറില്‍കയറി ‘ഇനിയെന്തിനാണു നിങ്ങള്‍ ഇവിടെയിരിക്കുന്നതെന്ന് ചോദിക്കുകയായിരുന്നുവത്രെ അദ്ദേഹം.

നക്സലൈറ്റ് പോരാട്ടനാളുകളില്‍ സഖാക്കള്‍ കുന്നിക്കല്‍ നാരായണനെയും മന്ദാകിനിയെയും തടവില്‍നിന്നു ജാമ്യത്തിലിറക്കാന്‍ ആര്‍ക്കും ധൈര്യംവരാതിരുന്ന നാളുകളില്‍ പാഞ്ഞെത്തിയത് സഖാവ്. പി.വിയായിരുന്നു എന്നും കേട്ടറിവുണ്ട്. കവിവചനം പോലെ, എല്ലാം ആരോര്‍ക്കുവാനിനി? ചരിത്രത്തോടൊപ്പം നടക്കുന്നവരല്ല എക്കാലവും ചരിത്രം സൃഷ്ടിക്കുന്നവര്‍. മാറിനടക്കുന്നവരാണ്. അവരോടൊപ്പം നടക്കാനും അവരെ ജനസമക്ഷം അവതരിപ്പിക്കാനും ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നില്ലാതെ പോവുന്നത് സമൂഹം എന്ന നിലയില്‍ നാം എവിടെ നില്‍ക്കുന്നു എന്നതിന്റെവ്യക്തമായ അടയാളമാണ്.

 

 

മയ്യഴി ആദരിച്ച വിധം
ഒരിക്കല്‍ പി.വിയോടു ചോദിച്ചു^’ ഗോവ അങ്ങകലെയാണ്. ദില്ലി താങ്കളെയോര്‍ക്കണമെന്നുമില്ല. അതു വലിയവലിയ പാദുഷമാര്‍ക്കുള്ളതാണ്. താങ്കള്‍ക്കും മയ്യഴിക്കുമിടയില്‍ നാലഞ്ചുകിലോമീറ്ററേയുള്ളൂ. അവിടെ സാതന്ത്യ്രദിനത്തിനു പതാകയുയര്‍ത്തുന്ന ചടങ്ങും ഘോരഘോരപ്രസംഗവും അസാരം ആദരവുകളും കുറേ കോഴികള്‍ക്കു തല നഷ്ടമാവലും കാലാകാലം നടക്കാറുണ്ടല്ലോ. മാഹിവിമോചന സമരനേതാവെന്ന നിലയില്‍ താങ്കള്‍ പങ്കെടുക്കാറില്ലേ?’

അങ്ങിനെയൊരു കാര്യം നടക്കുന്നതിനേ പറ്റി തന്നെ മൂപ്പരാലോചിച്ചിരുന്നില്ല. ആരോടും പരാതിയുമില്ല. പ്രതിമാസം പതിനായിരങ്ങള്‍ പെന്‍ഷനായും പത്തമ്പതുലക്ഷത്തിലേറെ അരിയേഴ്സായും വരേണ്ടിവരുമെന്നു (നാലു പെന്‍ഷനുംകൂടി) അറിയുമ്പോഴും അദ്ദേഹം അതെത്ര നിസ്സാരം എന്നു നിഷ്കളങ്കമായി ചിരിച്ചു.

കുത്തിക്കുത്തി ചോദിച്ചപ്പോള്‍, ഒരു ആത്മമിത്രത്തിന്റെ, സഖാവിന്റെ മകനോടുള്ള വാത്സല്യം കൊണ്ടുമാത്രം പറഞ്ഞു ‘ആരും ക്ഷണിക്കാറില്ല’.

പഴയ മൂപ്പന്‍സായ്പിനെ വില വെക്കാത്ത പോര്‍വീര്യത്തിന്റെ ഉള്ളുറപ്പാണ് ആ ഉടലും മനസ്സും. ലക്ഷണമൊത്ത വിപ്ലവകാരി. അതിനാലാവണം, മയ്യഴിയുടെ പെന്‍ഷന്‍ തന്നെ വേണ്ടെന്നുവച്ച ആ മഹാന്റെ അടുത്തിരിക്കാന്‍ നമുക്കെന്തു യോഗ്യതയെന്ന തിരിച്ചറിവുകൊണ്ടാവണം അവര്‍ പി.വിയെ ക്ഷണിക്കാതിരുന്നത്. എന്തുമാവട്ടെ, മരണം വരെ പി.വിയെ ഔദ്യോഗികമായി ഒരു ചടങ്ങിനും ക്ഷണിക്കാതെ മയ്യഴി ആദരിച്ചു എന്നതു സത്യം.

 

Painting: Lesley Hampton


 

എന്തു കൊണ്ട് ഈ മറവി?
ഇത്ര മാത്രം സജീവമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടായിട്ടും, ജീവിതം നാടിന് തീറെഴുതിയ പൂര്‍വകാലമുണ്ടായിട്ടും, ഇല്ലായ്മയിലും വളയാത്ത നട്ടെല്ലുണ്ടായിട്ടും എന്തുകൊണ്ടാണ് സഖാവ് പി.വി ഇത്ര വേഗം വിസ്മൃതനായത്? അതിനുള്ള ഉത്തരം ചരിത്രത്തിലാവണം. എല്ലാം വെട്ടിപ്പിടിച്ചു ചരിത്രത്തോടൊപ്പം നടക്കുന്നവരെയാണ് നാം ആഘോഷിക്കുക. എല്ലാം വിട്ടുകൊടുത്തുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്നവരെ നാം ഓര്‍ക്കാറില്ല. അതോര്‍മ്മിപ്പിക്കുന്നതു നമുക്കു ലാഭകരമല്ല. അസൌകര്യം കൂടിയാണ്.

വാര്‍ത്തകള്‍ അറിയിക്കുകയല്ല, വാര്‍ത്തകള്‍ വിതരണം ചെയ്യുകയാണ് മാധ്യമ പ്രവര്‍ത്തനം. വാര്‍ത്ത വിപണിയിലെ വെറുമൊരു ചരക്കു മാത്രം. സഖാവ്. പി.വിയുടെ ചിതയിലേക്കെടുക്കുന്ന ശരീരത്തെക്കാള്‍ വിലപിടിപ്പുള്ളതാവണം അവര്‍ക്ക് കൊച്ചമ്മമാരുടെ പേറുല്‍സവങ്ങള്‍. അശാന്തരായ മാധ്യമസിംഹങ്ങള്‍ അവിടെ തലകുത്തി വീഴും. ശാന്തരായ മാധ്യമസൃഗാലങ്ങള്‍ വാഴ്ത്തപ്പെട്ടവരാവും. കാരണം നാം മഹാഭൂരിഭാഗവും ഒളിച്ചുനോട്ടക്കാരാണ്. കള്ളന്‍മാരുമാണ്.

നമ്മുടെ നയങ്ങള്‍ വളയാത്ത കമ്പാണെങ്കില്‍ നമുക്കുണ്ട് അടവുകളാവുന്ന മയിലെണ്ണ ആവോളം. മുക്കിയെടുക്കുകയേ വേണ്ടൂ . നയങ്ങള്‍ എങ്ങോട്ടും വളയും. എല്ലാറ്റിനും മാറുന്ന ലോകമെന്ന ജാമ്യവുമുണ്ട്. ലോകത്തൊരു സ്ഥാപനവും അതു കുഴിച്ചുമൂടി വേറൊന്നുണ്ടാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്ന പതിവില്ല. പിരിഞ്ഞാല്‍ കുലം കുത്തി പ്രവര്‍ത്തനത്തിനു പെന്‍ഷനും. വീണ്ടും പോയിചേര്‍ന്നാല്‍ രണ്ടുംകൂടിയും. മാറുന്ന ലോകത്തില്‍ മാറാത്ത മനുഷ്യനായി, കമ്മ്യൂണിസ്റായി ജീവിച്ചതാണു പി.വിക്കു പറ്റിയ തെറ്റെന്നു തോന്നുന്നു. ഭാഗ്യം, നമ്മളാ മനുഷ്യനെ മരിക്കാന്‍ വിട്ടു. വെട്ടിയും കുത്തിയും കല്ലെറിഞ്ഞും കൊന്നില്ല.

ഒരു ഓട്ടമുക്കാലിന്റെ സംഭാവന രാഷ്ട്രത്തിനു ചെയ്യാത്തവര്‍, കിട്ടാവുന്നിടത്തോളം ചിള്ളിപ്പെറുക്കി പോയ മഹാജനങ്ങള്‍അന്ത്യശ്വാസം വലിച്ചു കിടക്കുമ്പോള്‍ അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ചാനലുകള്‍ക്കൊന്നും പി.വി ആരുമല്ലായിരുന്നു. മാദകത്തിടമ്പുകളുടെ അടിവസ്ത്രത്തിലേക്കു തിരിച്ചുപിടിക്കുന്ന കാമറകണ്ണുകള്‍ക്ക് ആ വിപ്ലവ വീര്യത്തെ പകര്‍ത്താനുള്ള അര്‍ഹതയും ഉണ്ടാവണമെന്നില്ല. ചരിത്രം രചിച്ചു ചരിത്രമായി മാറിയവരുടെ അന്ത്യയാത്രയിലേക്കു കണ്ണു തിരിയാത്ത നമ്മള്‍ നന്ദിയില്ലായ്മയുടെ ഇത്തിരി ചോര നക്കി ജീവിക്കുന്ന ജനത മാത്രമാണ്.
 
 
 
 

2 thoughts on “ആര്‍ക്കുവേണം വിപ്ലവകാരികളെ?

  1. എല്ലാം വെട്ടിപ്പിടിച്ചു ചരിത്രത്തോടൊപ്പം നടക്കുന്നവരെയാണ് നാം ആഘോഷിക്കുക. എല്ലാം വിട്ടുകൊടുത്തുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്നവരെ നാം ഓര്‍ക്കാറില്ല. അതോര്‍മ്മിപ്പിക്കുന്നതു നമുക്കു ലാഭകരമല്ല. അസൌകര്യം കൂടിയാണ്.

  2. ഒരു ഓട്ടമുക്കാലിന്റെ സംഭാവന രാഷ്ട്രത്തിനു ചെയ്യാത്തവര്‍, കിട്ടാവുന്നിടത്തോളം ചിള്ളിപ്പെറുക്കി പോയ മഹാജനങ്ങള്‍അന്ത്യശ്വാസം വലിച്ചു കിടക്കുമ്പോള്‍ അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ചാനലുകള്‍ക്കൊന്നും പി.വി ആരുമല്ലായിരുന്നു. മാദകത്തിടമ്പുകളുടെ അടിവസ്ത്രത്തിലേക്കു തിരിച്ചുപിടിക്കുന്ന കാമറകണ്ണുകള്‍ക്ക് ആ വിപ്ലവ വീര്യത്തെ പകര്‍ത്താനുള്ള അര്‍ഹതയും ഉണ്ടാവണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *