ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്

 
 
 
 
മലയാളിയായ കെ. എം. കമല്‍ സംവിധാനം ചെയ്ത ഐ.ഡി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവം. ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One സാധ്യമാക്കിയ ആദ്യ സിനിമയുടെ പ്രസക്തിയെക്കുറിച്ച വിശകലനം. സര്‍ജു എഴുതുന്നു
 
 

ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു-സര്‍ജു എഴുതുന്നു

 

 
 
ഐ.ഡിയുടെ സംവിധായകന്‍ കമല്‍, റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം
 
 
 
 
പുസ്തകം ഒരു വ്യക്തിയെ ഏകാഗ്രമാക്കുമ്പോള്‍, ചലച്ചിത്രം വലിയൊരാള്‍ക്കൂട്ടത്തെ ഏകാഗ്രമാക്കുന്നു .ഭാഷയുടെ അതിരുകള്‍ മുറിച്ച് വിശാലതകളിലേയ്ക്ക് നീങ്ങി നിന്ന് അഭിസംബോധന ചെയ്യുകയും, പെട്ടെന്ന് സ്വതന്ത്രരാക്കുകയും ചെയ്യുകയാല്‍ അതാവശ്യപ്പെടുന്ന സമയം തീരെ ചെറുത്. ചുറ്റുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുന്ന സിനിമ തന്നെയാണ് മാറുന്ന ലോകത്തിന്റെ ക്ലോസപ്പുകള്‍ കൊണ്ടു വരുന്നതും. ഏഷ്യന്‍ സിനിമ, ആഫ്രിക്കന്‍ സിനിമ, യൂറോപ്യന്‍ സിനിമ ഇങ്ങനെ വലിയ ബാനറുകള്‍ക്കു കീഴില്‍ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ലോകത്തെ ഒരു വലിയങ്ങാടിയായി കാണാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു.

സംഗീതത്തിനും സിനിമയ്ക്കുമൊക്കെ പ്രത്യേക സഞ്ചാരവേഗങ്ങളുണ്ട്. ചലച്ചിത്രങ്ങളിലെ ചലനത്തിനു കാറ്റുപിടിച്ചതോടെ ഫെസ്റിവലുകള്‍ക്കപ്പുറം സിനിമ സാംസ്കാരിക രാഷ്ട്രീയ വിനിമയങ്ങളുടെ പതാക പേറാന്‍ തുടങ്ങി.രാജ്യാന്തരങ്ങളില്‍ ഒന്നിക്കുന്ന സിനിമാപ്രവര്‍ത്തകരുടെ മാത്രമല്ല ഭിന്നദേശക്കാരായ കാണികളുടേയും ലോക ധാരണകളെ അത് പുതുക്കുന്നുണ്ട്.

നല്ല സിനിമയ്ക്ക് പുതിയ കമ്പോളമുണ്ടാകുന്നു, വില്‍ക്കപ്പെടുന്നു, വിതരണം കൂടുതല്‍ വിപുലമാകുന്നു, അങ്ങനെ പുതിയ ഇടങ്ങളിലേയ്ക്ക് ചെന്നുചേരുന്നു എന്ന് കാര്യങ്ങളെ ചുരുക്കാനാവില്ല. സിനിമയ്ക്കുള്ളിലെ ഇടങ്ങളും മാറുന്നു. സിനിമ കൈകാര്യം ചെയ്യുന്ന സ്പെയിസില്‍ മാറ്റം സംഭവിക്കുന്നു. പല ഇടങ്ങളും, ഇടങ്ങള്‍ മാറുന്ന മനുഷ്യരും അവരുടെ ജീവിതവും പ്രധാന പ്രമേയങ്ങളായി വരുന്നു.ഒരു ഗ്രാമത്തിന്റെ, ഒരു തെരുവിന്റെ കഥപോലെ. പലദേശങ്ങളുടെ കഥകള്‍ വരുന്നു.

ഈ മാറ്റത്തിന്റെ കാരണങ്ങളിലൊന്ന് പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള പ്രമേയങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമാണ്. മറ്റൊന്ന് വിദേശങ്ങളില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയവരുടെ വേറിട്ട അനുഭവങ്ങളും കലാസമീപനങ്ങളുമാണ്. മൂന്നാമത്തേത് പ്രതിഭയുടെ ശക്തിയും പ്രശസ്തിയും കൊണ്ട് രാജ്യാന്തര തലത്തിലേയ്ക്കുയരുന്നവരാണ്.

ഇറാനി സംവിധായകര്‍ അബ്ബാസ് കിയറോസ്തമിയെ ഉദാഹരണമായി എടുക്കാം. Like Someone In Love എന്ന ജാപ്പനീസ് സിനിമയാണ് അദ്ദേഹത്തിന്റെ പുതിയ രചന. എന്നാല്‍ ഈ ഇടങ്ങളിലേയ്ക്ക് അപൂര്‍വ്വമായേ ഇന്ത്യന്‍ സിനിമ വന്നു നില്‍ക്കുന്നുള്ളൂ. ഇത്തരം മാറ്റങ്ങളുടെ കച്ചവടപ്പതിപ്പുകള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും റിലീസാകുന്നുണ്ടെങ്കിലും.

 

 

വിലാസമില്ലാത്ത ഒരു മരണം
ആധുനികതയുടെ ഒരു ദാര്‍ശനിക സമസ്യയെ ഒരു ജീവിതപ്രശ്നമായി മുന്നില്‍ നിര്‍ത്തുന്നതായിരുന്നു അബുദബി ഫിലിം ഫെസ്റിവലില്‍ ഏതാനും ദിവസങ്ങള്‍ മുമ്പു കണ്ട ഐ. ഡി എന്ന ഹിന്ദി സിനിമ. സ്വത്വ പ്രതിസന്ധി, സ്വത്വശോഷണം, അവയുടെ ആകുലതകള്‍, അസ്തിത്വദു:ഖങ്ങള്‍, ഇങ്ങനെ പലതും പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ സിനിമ ഐഡന്റിറ്റി എന്നതിനേക്കാള്‍ ഐഡന്റിഫിക്കേഷന്‍ എന്നതിലേയ്ക്കായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുയര്‍ത്താന്‍ പറയുന്ന കാലത്തിന്റേതായിരുന്നു.

മുംബെ ഹൈ റയിസ്ഡ് ജീവിതത്തിന്റെ അകച്ചുമരുകള്‍ക്ക് ചായമിടാന്‍ വരുന്ന ഒരു തൊഴിലാളി അവിടെ കുഴഞ്ഞു വീഴുന്നു. അയാളെ ആശുപത്രിയില്‍ എത്തിച്ച് പൊലീസില്‍ വിവരമറിയിച്ച് ചാരുശ്രേഷ്ഠ എന്ന ചെറുപ്പക്കാരി അവളുടെ വഴിയിലേയ്ക്ക് തിരിയുമ്പോള്‍ അയാളുടെ മരണ വാര്‍ത്ത എത്തുന്നു. തലച്ചോറില്‍ രക്തസ്രാവ മുണ്ടായിരുന്നതിനാല്‍ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒപ്പിട്ടുകൊടുത്തപ്പോഴെന്ന പോലെ അയാളുടെ പോസ്റ്മോര്‍ട്ടത്തിനായി ഒപ്പിടുമ്പോഴും അയാളുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചാരു ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അനാഥശവങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശരീരം നീങ്ങിപ്പോകും മുമ്പ് മൊബൈല്‍ ഫോണില്‍ അയാളുടെ മുഖം പകര്‍ത്തുന്നു. ആ പടവുമായി ആളെ തിരിച്ചറിയാന്‍ അവള്‍ നടത്തുന്ന അന്വേഷണമാണ് ഐ. ഡി എന്ന സിനിമ.

പരിചിത സ്ഥലങ്ങളില്‍ നിന്ന് ജീവിതം അപരിചിതമായ ഇടങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് , ചവിട്ടിത്തള്ളപ്പെടുന്നത് എന്തുകൊണ്ട്?
മുംബെയിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകളിലേയ്ക്ക്, ചേരികളിലേയ്ക്ക്, ലേബര്‍ പോയിന്റുകളിലേയ്ക്ക് ക്യാമറ നടത്തുന്ന വ്യത്യസ്തമായ സഞ്ചാരമാണ് ഈ സിനിമയേയും അതിന്റെ സംവിധായകനായ കെ. എം. കമല്‍ എന്ന മലയാളി ചെറുപ്പക്കാരനേയും രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്.

 

കെ. എം. കമല്‍ Image Courtsey: The Hindu


 

ഇയര്‍ ഫോണിനുള്ളില്‍ നമ്മുടെ ലോകങ്ങള്‍
പേരും ഭാഷയും വേലയും ജീവിതവും മനുഷ്യര്‍ക്ക് അടയാളങ്ങളാകും. ചിലപ്പോള്‍ ഉടലിലെ മുറിപ്പാടും കാക്കപ്പുള്ളികളും. എന്നാല്‍ ഇടങ്ങള്‍ കൈവിട്ട മനുഷ്യരുടെ മേല്‍ വിലാസങ്ങളെന്ത്?എന്തുകൊണ്ട് ഒരാള്‍ ഗസ്റ് വര്‍ക്കറാകുന്നു, കരാര്‍ തൊഴിലാളിയാകുന്നു, ചിലപ്പോള്‍ അനധികൃത തൊഴിലാളിയാകുന്നു ? തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന ഈ മനുഷ്യരെ സൃഷ്ടിക്കുന്ന സംഘടിത സാമ്പത്തിക ശക്തികളെന്തൊക്കെ ? ഇവരോടുള്ള ഭരണകൂട സമീപനമെന്ത് ? ഇവര്‍ ആരുടെ ആവശ്യമാണ് ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ സിനിമ നിമിത്തമാകുന്നു.

അതേ സമയം മറ്റൊരു വിതാനത്തിലൂടെ , സിക്കിമില്‍ നിന്ന് മുംബൈയിലെത്തിയ ചാരു എന്ന മധ്യവര്‍ഗ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയും ഐ.ഡി സഞ്ചരിക്കുന്നു. ഷെയറിംഗ് ഫ്ലാറ്റില്‍ അവള്‍ തനിച്ചുള്ളപ്പോഴാണ് സിനിമ തുടങ്ങുന്നത്.എന്നാല്‍ ഏകാന്തതയെ മുറിച്ച് മറ്റിടങ്ങളും ആളുകളും അവളിലേയ്ക്ക് റ്റെലിഫോണിലൂടെ തിക്കിതിരക്കി വരികയും പോകുകയും ചെയ്യുന്നുണ്ട്.

പെയിന്റ് ചെയ്യാന്‍ വന്നയാള്‍ വേലയുടുപ്പുകളിലേയ്ക്ക് വേഷം മാറിക്കോട്ടെ എന്ന് അനുവാദം ചോദിയ്ക്കുന്നുണ്ട്, ഇടയ്ക്ക് കുടിക്കാന്‍ വെള്ളം ചോദിക്കുന്നുണ്ട്. ചാരു ഇയര്‍ ഫോണ്‍ തിരുകിയിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് ആവര്‍ത്തിക്കേണ്ടിവരുന്നു. തന്റെ കണ്‍ മുന്നിലെ ലോകത്തോട്, സ്വകാര്യതയുടെ ഇത്തിരിവട്ടത്തിനുള്ളില്‍പ്പോലും ഇന്ദ്രിയങ്ങള്‍ അടയുന്നതിന്റെ, ബധിരയാകുന്നതിന്റെ സൂചനകള്‍ സിനിമ ആദ്യം തന്നെ തരുന്നുണ്ട്.

ഇടയ്ക്ക് അയാളെ കാണാതാകുന്നു. തെരയുമ്പോള്‍ ചുമരില്‍ കൈപ്പാട് കാണുന്നു. സോഫയ്ക്കും ചുമരിനുമിടയ്ക്ക് അയാള്‍ ബോധം കെട്ടുകിടക്കുന്നു.
അവള്‍ സഹായത്തിന് മുട്ടുന്ന വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. തുറക്കുന്നതില്‍ നിന്ന് തനിച്ചു നില്‍ക്കാന്‍ ആവതില്ലാത്ത ഒരു വൃദ്ധ വരുന്നു. സെക്യൂരിറ്റി എന്ന വാക്കിന്റെ അലിഗറിയായി യൂണിഫോമിന്റെ പച്ചയില്‍ അതീവ ദുര്‍ബലനായ ഒരാള്‍ വരുന്നു. ലിഫ്റ്റുകള്‍ ചലിക്കാതാവുന്നു. അതില്‍ കുടുങ്ങിയ ആളുകള്‍ ഒച്ചവയ്ക്കുന്നു. ചാരു ആമ്പുലന്‍സിന് വിളിക്കുന്നു, ടാക്സി വിളിക്കുന്നു, പുറത്തേയ്ക്ക് ഓടുന്നു.

ജീവിതമെന്നപോലെ അത്യാഹിതങ്ങളും തനിച്ച് നേരിടുന്ന ചാരുവിനെ ഗീതാജ്ഞലി തപാ എന്ന നടി അവിസ്മരണീയമാക്കിയിട്ടുണ്ട്. മുംബൈയുടെ ജീവിത താളത്തില്‍ ചലച്ചിത്രം മുന്നോട്ടു പോകുമ്പോള്‍ , പെയിന്ററെ പറഞ്ഞുവിട്ട കരാറുകാരന്‍ ഒഴിഞ്ഞുമാറുന്നു. ചാരുവിനെ സഹായിക്കാന്‍ ഒപ്പം കൂടിയ സുഹൃത്ത് ഒഴിഞ്ഞുമാറുന്നു^ കെ.ജി എസ് എഴുതിയതുപോലെ ഒഴികഴിവിന്റെ പച്ച വിറകിന്‍മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം.

 

 

എതിര്‍നീക്കങ്ങളുടെ കൂട്ടായ്മ
ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈ കൂട്ടായ്മയില്‍ പെട്ടവര്‍തന്നെയാണ് ഐ. ഡി യുടെ സാങ്കേതിക രംഗത്തുമുള്ളത്. മധുനീലകണ്ഠനാണ് സിനിമാറ്റോഗ്രാഫര്‍, എഡിറ്റര്‍ ബി .അജിത്കുമാര്‍. സൌണ്ട് റസൂല്‍ പൂക്കുട്ടി. കൊറിയയിലെ ബുസാന്‍ ഫിലിം ഫെസ്റിവലിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. അബുദബി ഫെസ്റിവലില്‍ ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ ശക്തമായ മത്സരമാണ് ഐ. ഡി കാഴ്ച വച്ചത്. ഇറ്റലി.,മൊറോക്കൊ,മുംബൈ, ഗോവ , കേരള രാജ്യാന്തര ചലചിത്രോത്സവം തുടങ്ങി പന്ത്രണ്ടോളം ഫെസ്റിവലുകളിലേയ്ക്ക് ഇതിനോടകം തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

 

 
(ഐ.ഡിയുടെ സംവിധായകന്‍ കമല്‍, സിനിമ യാഥാര്‍ത്ഥ്യമാക്കിയ നിര്‍മാണ കൂട്ടായ്മ Collective Phase One അംഗവും സൌണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *