ഐ.ഡി: കമലും റസൂല്‍ പൂക്കുട്ടിയും സംസാരിക്കുന്നു

 
 
 
 
നാലാമിടം ഇന്നലെ പ്രസിദ്ധീകരിച്ച ‘ഐ.ഡി’ സിനിമാനുഭവത്തെക്കുറിച്ച് ഇത്തിരി കൂടി. ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

 
 
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
 
 

എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്- ഐ.ഡി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

 

 

ആത്മകഥ കമല്‍ എങ്ങനെ ചുരുക്കിപ്പറയും? പ്രധാനമായും കേരളത്തിലെ ജീവിതം?

ജനിച്ചത് കോതമംഗലത്താണ്. മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു. തുടര്‍ന്ന് 1997 ല്‍ കെ വേണുവിന്റെ സമീക്ഷ മാസികയില്‍ സബ് എഡിറ്ററായി.
2000ല്‍ പൂനൈ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയതോടെ ഞാന്‍ സമീക്ഷ വിട്ടു.സിനിമയിലേയ്ക്ക് വഴി തിരിയുന്നതില്‍ കെ.വേണു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ സിനിമ ?

സുഭാഷ് ചന്ദ്രന്റെ കഥയെ ആധാരമാക്കിയ ‘വധക്രമ’മായിരുന്നു എന്റെ ഡിപ്ലോമ ഫിലിം.അത് നിരവധി ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും റിയോഡി ജനിറൊ ഫെസ്റിവലില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടുകയും ചെയ്തു. 2005ല്‍ ഖാലിദ് മുഹമ്മദിന്റെ സില്‍സിലേ എന്ന സിനിമയില്‍ അസോസിയേറ്റ് ഡിറകറ്ററായിട്ടാണ് കരിയറിന്റെ തുടക്കം. അതില്‍ സന്തോഷ് ശിവനായിരുന്നു സിനിമാറ്റോഗ്രാഫര്‍. പിന്നീട് അനന്തഭദ്രം, ബിഫോര്‍ ദി റെയിന്‍, പ്രാരംഭ, തഹാല്‍ തുടങ്ങിയ സന്തോഷ് ശിവന്റെ സിനിമകളില്‍ അസോസിയേറ്റായി.

അതിനിടയില്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ ആക്ടിംഗ് സ്റുഡന്റ്സിന് വേണ്ടി ഒരു ഫീചര്‍ ലെങ്ത് സിനിമ എടുക്കാനുള്ള അവസരം കിട്ടി.അലിഫ് എന്നായിരുന്നു അതിന്റെപേര്. ഒരു അക്കാഡമിക് സിനിമ ആയതിനാല്‍ പുറംവെളിച്ചം കണ്ടില്ല. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലായിരുന്നു അതിന്റെ ആദ്യ പ്രദര്‍ശനം.

 

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ


 

ജീവിതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്
 
താങ്കളിലെ ചലച്ചിത്രകാരന്‍ ഐ . ഡി എന്ന സിനിമയിലേയ്ക്ക് എങ്ങനെയാണ് പ്രചോദിപ്പിക്കപ്പെട്ടത്? എങ്ങനെയാണത് ഭാവന ചെയ്തത്?

എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്.

നമ്മുടെ സാഹിത്യവും കലയുമൊക്കെ റിയലിസത്തെ തൊട്ട് ആണയിടാറുണ്ട്. ഇത് ഇങ്ങനെ തന്നെ ജീവിതത്തില്‍ നിന്ന് എടുത്തതാണ് എന്നും മറ്റും. ഇതില്‍ കലയെ വിശ്വാസയോഗ്യമാക്കുന്നതിന്റെ അല്ലെങ്കില്‍ ആര്‍ട്ടിസ്റിന്റെ ആത്മ വിശ്വാസത്തിന്റെ പ്രശ്നങ്ങളുണ്ടോ?

അടച്ചിട്ട വീടുകള്‍, ലിഫ്റ്റുകള്‍, കോറിഡോറുകള്‍ എന്നിവിടങ്ങളിലാണ് കഥ തുടങ്ങുന്നത്. റിയലിസ്റിക്കായിട്ട് സമീപിക്കുമ്പോഴാണ് ആളുകള്‍ക്ക് അതില്‍ ഇടം കിട്ടുക.താദാത്മ്യം എളുപ്പമാവുക. മനസ്സിലാകുന്നില്ല എന്നതാണ് സമാന്തര സിനിമയെക്കുറിച്ചുള്ള പരാതി. ലൂമിയര്‍ ബ്രദേഴ്സില്‍ നിന്നുള്ള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാല്‍ ട്രെയിന്‍ വരുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയത് അതിന്റെ റിയലിസം കൊണ്ടാണ്. ഇന്നുവരെ, അബ്ബാസ് കിയറോസ്തമി വരെയുള്ളവരുടെ സിനിമകള്‍ അതാണ്. ഇതില്‍ എനിക്ക് മറ്റു രൂപങ്ങളുടെ ആവശ്യമില്ല. ഞാന്‍ മറ്റു ഘടനകള്‍ തെരയുമായിരിക്കും, ഭാവിയില്‍, മറ്റൊരുഘട്ടത്തില്‍, പ്രമേയം അതാവശ്യപ്പെടുമെങ്കില്‍.

 

കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്.അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.


 

ഇടം, ഐഡന്റിറ്റി
 
ഇടവുമായി ബന്ധിപ്പിച്ച് മാത്രം ഐഡന്റിറ്റിയെ നിര്‍വചിക്കുന്നത് മാറിയ സാഹചര്യങ്ങളില്‍ എത്രത്തോളം കൃത്യതയുള്ളതാകും?

നമ്മുടെ ഐഡന്റിറ്റിയെ തീര്‍ച്ചയായും പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഐഡന്റിറ്റി ഇംപോസ് ചെയ്യപ്പെടുന്നത് ഒരാള്‍ പറിച്ചുനടപ്പെടുമ്പോഴാണ് (displacement) . അബുദബിയില്‍ തന്നെ തെരുവില്‍ പണിയെടുക്കുന്നവരെ നോക്കുക. തൊഴില്‍ തേടിയുള്ള പല തരം ഒഴുക്കുകളെ തടഞ്ഞ് വച്ച് രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്തുക സാധ്യമല്ല.ഇത് മുംബൈ പോലൊരു നഗരത്തിലൊതുങ്ങുന്ന പ്രതിഭാസമല്ല.

കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്. നെല്ലിക്കുഴി എന്ന എന്റെ ഗ്രാമം എടുത്ത് പരിശോധിച്ചാല്‍, എറണാകുളം ജില്ലയിലെ ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്. അവിടെ ഏകദേശം ഇരുപതിനായിരത്തോളം തൊഴിലാളികള്‍ വന്നു പാര്‍ക്കുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ ഇടം ഒരു പ്രശ്നമാണ്. അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.

കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍, അതിന്റെ രാഷ്ട്രീയം വളരെ വ്യക്തതയുള്ള ഒന്നാണ്. എന്നാല്‍ ചാരുവിന്റെ ജീവിതം തുല്യപ്രാധാന്യമുള്ളതാണ് സൂക്ഷ്മമായി നോക്കിയാല്‍ അതിന്റെ മധ്യവര്‍ഗ രാഷ്ട്രീയം പലപ്പോഴും അരാഷ്ട്രീയമാകുന്നത് കാണാം.

അവളുടെ ഐഡന്റിറ്റിയുടെ പ്രശ്നം പലരീതിയില്‍ അഡ്രസ്സ് ചെയ്യുന്നുണ്ട്. മറ്റുരണ്ട് സുഹൃത്തുക്കളുമായി ഫ്ലാറ്റ് ഷെയര്‍ ചെയ്യുമ്പോഴും അവള്‍ അന്യവല്‍കരിക്കപ്പെട്ട ഒരവസ്ഥയിലാണ്. പാര്‍ട്ടിസീക്വന്‍സിലൊക്കെ അതു വരുന്നുണ്ട്. ഇത് നമ്മെ പാസ്സീവാക്കും, ഇന്‍സെന്‍സിറ്റീവാക്കും. നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ തന്നെ മടിക്കും.ലഭിക്കുന്ന ഒരു പരിമിതസാഹചര്യത്തില്‍ സൌെകര്യപൂര്‍ണ്ണമായ നിലപാടെടുക്കുമ്പോഴാണ് നാം ചിലത് കാണാനും പറയാനും മടിക്കുന്നത്.

ഏതൊരു ആഖ്യാനത്തിലും (narrative) ചില തെരഞ്ഞെടുപ്പുകളുണ്ട് . നമുക്ക് എല്ലാം സംബോധന ചെയ്യാന്‍ പറ്റില്ല.സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നിടത്തേയ്ക്ക് നമ്മള്‍ ചായും. പക്ഷം ചേരും.

കുടിയേറ്റതൊഴിലാളികളുടെ ജീവിതം ഗള്‍ഫില്‍ നോക്കുമ്പോള്‍ തൊഴിലിടങ്ങളും ലേബര്‍ ക്യാമ്പുകളുമൊക്കെയായി അതിന്റെ ദൃശ്യങ്ങള്‍ കൃത്യമാണ്. പക്ഷേ ഈ സിനിമയില്‍ മറ്റൊരു വിധത്തിലാണ് അത് വരുന്നത്. മുംബൈയിലെ ലേബര്‍ പോയിന്റുകള്‍ എങ്ങനെയാണ് ?

തൊഴിലാളികള്‍ ഒത്തുകൂടുന്ന ചില പ്രത്യേക സ്ഥലങ്ങളാണ് ലേബര്‍ പോയിന്റുകള്‍. ഇവരുടേതായ പ്രത്യേക വാസസ്ഥലങ്ങള്‍ ഇല്ല. ചേരികളാണുള്ളത്. അതില്‍ തന്നെ പല തട്ടുകളുണ്ട്. കോണ്‍ക്രീറ്റ് വീടുകള്‍, മെറ്റല്‍ ഷീറ്റുകള്‍, പ്ലാസ്റിക് ഷീറ്റുകള്‍ അങ്ങനെ. ചേരിയുടെ ഏറ്റവും വിളുമ്പിലായിരിക്കും ഇവരുള്ളത്.പലപ്പോഴും പ്ലാസ്റിക് ഷീറ്റുകളില്‍.ഇടയ്ക്ക് സര്‍ക്കാര്‍ ബുള്‍ഡോസര്‍ വരും ഇടിച്ച് നിരത്തും. ആളുകള്‍ പിന്നെയും വരും. കേരളത്തില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് , കുറേ ആളുകള്‍ ചേര്‍ന്ന് അരിയും ഉരുളക്കിഴങ്ങുമൊക്കെ വേവിച്ച് കഴിച്ച് ജീവിക്കും. മുംബൈയില്‍ അത്തരം ഇടം കിട്ടില്ല. അവ്യവസ്ഥ നമ്മുടെ മുഖമുദ്രയാണ്. അതിക്കാര്യത്തിലും ഉണ്ട്. ട്രേഡ് യൂണിയനുകളാകട്ടെ ശിഥിലമാണ്. മേധാപട്കറുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് മൂവ്മെന്റാണ് ചേരികളില്‍ പിന്നെയും എന്തെങ്കിലുമൊക്കെ ചെയ്യുന്നത്.

 

സംവിധായകന്‍ കെ.എം. കമലും റസൂല്‍പൂക്കുട്ടിയും


 

കൂട്ടായ്മയുടെ ഇടം
 
പുറംജീവിതത്തില്‍ കമല്‍ പോസിറ്റീവായി കാണുന്നതെന്തൊക്കെയാണ്?

ഈ സിനിമ തന്നെ പുറം ജീവിതത്തിലെ ഒരു കൂട്ടായ്മയാണ്. റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് സിനിമയ്ക്കാവശ്യമായ സാമ്പത്തികം സമാഹരിച്ചിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, സൌെണ്ട് തുടങ്ങി ചിത്രത്തിന്റെ സാങ്കേതിക ചുമതലകള്‍ വഹിച്ചിട്ടുള്ളതും ഇവര്‍ തന്നെ. എന്നെ ക്രീയേറ്റീവായി സഹായിച്ചിട്ടുള്ളവര്‍ ഒട്ടനവധിയാണ്. മുംബൈയില്‍ നമ്മള്‍ കൂടുതല്‍ ജീവിതം കാണുന്നുണ്ട്. കൂടുതല്‍ ചോദ്യങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്തരങ്ങളും. എലിപ്പത്തായത്തിലെ ഒരാളാകരുത്.

കലാകാരന്‍ എന്ന നിലയില്‍ ഇവിടെ കുറേക്കൂടി അടിസ്ഥാന വിഷയങ്ങളെ നേരിടാനാകുന്നു. എല്ലാ കൃതികള്‍ക്കും അതിന്റേതായ ഒരു പ്രകരണം (context)
ഉണ്ട്. പക്ഷേ കൊറിയയില്‍ അല്ലെങ്കില്‍ അബുദബിയില്‍ അത് സ്വീകരിക്കപ്പെടുന്നത് മറ്റൊരു സാമൂഹിക സന്ദര്‍ഭത്തിലാകും. യൂണിവേഴ്സലായി ചിലതുണ്ട്. റസൂല്‍ ഒരു പുതിയ സിനിമ ആലോചിക്കുന്നത് പാകിസ്ഥാന്‍ പശ്ചാത്തലത്തിലാണ്. ആന്ധ്രാപ്രദേശ് മുതല്‍ ഒറീസ വരെ പടര്‍ന്നുകിടക്കുന്ന ദണ്ഡകാരണ്യ ഫോറസ്റ് സ്ട്രച്ചുമായി ബന്ധപ്പെട്ടാണ് ഞാന്‍ അടുത്ത സിനിമ ആലോചിക്കുന്നത്.

 

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ


 

റസൂലിന് പറയാനുള്ളത്
 
അടുത്ത ചോദ്യം റസൂലിനോടാണ്. ഈ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് , Collective Phase One എന്ന കൂട്ടായ്മയെക്കുറിച്ച് വിശദീകരിക്കുമോ?

ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുതായ ഒരു സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. മധുവും രാജീവുമൊക്കെ ഒരേ കാലത്തുണ്ടായിരുന്ന വരാണ്. കമല്‍ പിന്നീടാണ് വരുന്നത്. ബോളിവുഡിലെത്തുമ്പോഴും അവിടെ സ്വീകാര്യത കിട്ടുമ്പോഴുമൊക്കെ ഞങ്ങള്‍ ആഗ്രഹിച്ച സിനിമ വേറെയായിരുന്നു.അത് യാഥാര്‍ഥ്യമാക്കാന്‍ ഒന്നര പതിറ്റാണ്ടെടുത്തു. ഞാന്‍ കണ്ട ഹിന്ദി സിനിമയും ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാധാരണക്കാരന്റെ സിനിമ അത്യപൂര്‍വമാണ്. എല്ലാം ഒരുതരം ഫാന്റസി സെല്ലിംഗ് ആണ്. നമ്മള്‍ ജീവിക്കുന്ന സമയം പ്രതിഫലിക്കണം. അതിന്റെ ശ്രമമാണ് .ഐ.ഡി.

ഒരുകലാസൃഷ്ടിയ്ക്ക് വില ഇടുന്നത് അത്ര നല്ലകാര്യമല്ല. ഇത് വില്‍ക്കാനല്ല എന്ന് പറയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഈ സിനിമ പന്ത്രണ്ടോളം രാജ്യാന്തര ഫെസ്റിവലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിന് ശ്രമിക്കും. അത് കഴിഞ്ഞ് ഫിലിം സൊസൈറ്റികളുടേയും കാമ്പസുകളുടേയും മറ്റ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെ സിനിമ സൌജന്യമായി പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം. അതിലൂടെ ഈ ഇനിഷ്യേറ്റീവിനെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ശ്രമിക്കും.എന്നാല്‍ പ്രാഥമികമായി ഈ സിനിമ ഒരു ലൌ ഓഫ് ലേബര്‍ ആണ്.

 

ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.


 

മുംബൈ ജീവിതം റസൂല്‍ പൂക്കുട്ടിയെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരിണാമഘട്ടത്തിലാണ് പ്രാദേശിക കക്ഷികള്‍ ശക്തിപ്രാപിക്കുന്നത്. പ്രദേശം, ഭാഷ, ജാതി, മതം ഇങ്ങനെ വിഭജനത്തിന്റെ എല്ലാ ഇടച്ചുമരുകളും ശക്തിപ്പെടുത്തിയാണ് ഇത്തരം കക്ഷികള്‍ സ്വാധീനം വിപുലമാക്കിയിട്ടുള്ളത്. പ്രശ്നാധിഷ്ഠിതമായ ഒരു രാഷ്ട്രീയം മനസിലാകാത്ത വിധം ആളുകള്‍ അടിത്തട്ടില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന വിഷയങ്ങളുടെ പരിഹാരം അകലത്താക്കും.

ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. ഇപ്പോഴും തെരുവില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒരോ സീസണ്‍ മാറുമ്പോഴും സിഗ്നലുകളില്‍ താമസിക്കുന്ന കുട്ടികള്‍ വില്‍ക്കുന്ന സാധനങ്ങള്‍ മാറുന്നുണ്ട്. മഴയത്ത് കുടയായി, കളിപ്പാട്ടങ്ങളായി.എന്നും ഇത് കാണുന്നുണ്ട്. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.

 
 
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
 
 
 
 

3 thoughts on “ഐ.ഡി: കമലും റസൂല്‍ പൂക്കുട്ടിയും സംസാരിക്കുന്നു

  1. serju’s intervew wth the atists kamal and pookkutty is interesting and informative.we expect a new and parellel ‘kazchanubam’ thru this film.our film industry is controled by colloboratn mafia.so original audians expeting and dreaming such like attemts.thanks to kamal/pookkutty and my poet friend sarju chathannur.tyhanq.

  2. dear mr kamal
    i am happy to hear that u have been marking your IDENTITY in the realm of cinema with sensitive thoughts on lives of migrants which have been turned to be unsafe in metro cities like Mumbai…..
    Though Malayalees are the forerunner with regards to migration, they never open eye towards the plights of laborers those migrate from Bengal. Orissa, Bihar, Rajastan etc to KERALA where the people do not want to toil……

    rgs kk sreenivasan

  3. എനിക്ക് പാസ്പോര്‍ട്ട്‌ ഉണ്ട് , ലബോര്‍ കാര്‍ഡു ഉണ്ട് , എമിരേറ്റ്സ് ഐടി ഉണ്ട് , ഡ്രൈവിംഗ് സൈസന്സു ഉണ്ട് എന്റെ മൊബയില്‍ നമ്പരിലൂടെ ഞാന്‍ ഇപ്പോള്‍ എവിടെയാണെന്ന് വളരെ ഈസിയായി കണ്ടു പിടിക്കാം , എന്റെ SMS കളും Call വിവരങ്ങളും മൊബയില്‍ കമ്പനി റെക്കോര്‍ഡ്‌ ചെയ്തു സൂകിഷിക്കുന്നു …എന്റെ മൊബയിലില്‍ ഇന്റര്‍നെറ്റും ജി പി എസ സൌകര്യങ്ങളും വരുന്നതോടെ കൃത്യമായി എന്റെ location കണ്ടു പിടിക്കാന്‍ kazhiyum ..ഞാന്‍ എവിടെ ഒക്കെ പോകുന്നു ..എവിടെ ഉറങ്ങുന്നു ….കഴിഞ്ഞ ഒരു മാസം ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു …ഇതൊക്കെ recorded ആകുന്നു !!id ഇല്ലാത്ത ദുരന്തന്തിന്റെ മറ്റൊരു extream ആണ് ഇത് !!! ഇന്ത്യയില്‍ ആധാര്‍ id യെ ആദ്യം എതിര്‍ത്തത് ബോംബെയില്‍ നിന്നുള്ള ഒരു എം പി ആണ് ! ലക്ഷകണക്കിന് ആളുകളുടെ existance ആദാര്‍ പ്രശനത്തില്‍ ആക്കും എന്നായിരുന്നു വാദം !!! so എത്രത്തോളം id ആകാം ??? 😉

Leave a Reply

Your email address will not be published. Required fields are marked *