ഭൂതക്കാഴ്ചകള്‍::: കാലച്ചുവടുകള്‍കൊണ്ട് ഒരു ചതുരംഗം

 
 
 
 
അറ്റ്ലസ് കൈരളി പുരസ്കാരം നേടിയ, സുധീശ് രാഘവന്റെ ‘ ഭൂതക്കാഴ്ചകള്‍’ എന്ന നോവലിന്റെ വായനാനുഭവം.
അനില്‍ വേങ്കോട് എഴുതുന്നു

 
 
ബഹ്റൈനില്‍ ഏറെക്കാലമായി ജീവിക്കുന്ന സുധീശ് രാഘവന്റെ കന്നി നോവലാണ് ‘ഭൂതക്കാഴ്ചകള്‍’.അറ്റ്ലസ് കൈരളി പുരസ്കാരം നേടിയ ഈ കൃതി കഴിഞ്ഞ മൂന്നു തലമുറകളിലെ തെക്കന്‍ തിരുവിതാംകൂറിന്റെ സമൂഹിക രാഷ്ട്രീയ ചരിത്രം സ്കെച്ച് ചെയ്യുന്നുണ്ട്. മനുഷ്യനും പ്രകൃതിയും പരസ്പരം ശത്രുക്കളായ ദ്വന്ദങ്ങളായി കണ്ട് മനുഷ്യന്‍ ഭൂമിയുടെമേല്‍ നടത്തുന്ന ആക്രമണത്തിന്റെ ഫലമാണ് പുരോഗതിയെന്നുള്ള ആധുനികയുക്തിയെ സുധീശ് നിരാകരിക്കുന്നു. പ്രകൃതിയും മനുഷ്യനും ഒരൊറ്റ ജീവസാകല്യത്തിലെ പങ്കാളികളാണ് എന്ന് വിശ്വസിക്കുന്ന ഒരു ജൈവ രാഷ്ട്രീയ ബോധത്തില്‍ നിന്നുകൊണ്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരും ചേര്‍ന്ന് ഒരൊറ്റ ജൈവ തുടര്‍ച്ചയാണെന്ന ധാരണ കാലത്തെ സെഗ്മെന്റുകളായി കാണുന്ന ആധുനികതയുടെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ ഒരു പുതുബോധമാണ്- ഭൂതക്കാഴ്ചകള്‍’ എന്ന നോവലിന്റെ വായനാനുഭവം. അനില്‍ വേങ്കോട് എഴുതുന്നു

 

 

അകത്തും പുറത്തും ലോകം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം എവിടെയായിരുന്നു? ഏതൊരാളും അത്മകഥയിലേയ്ക്ക് നോക്കി ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യമാണിത്. മഴമുറിയാതെ പെയ്ത എന്റെ കുട്ടിക്കാല നാളുകള്‍ പഞ്ഞത്തിന്റെ ദിനങ്ങളാണ്. ചന്തകള്‍ മഴയുടെ പെരുംതുള്ളികള്‍വീണ് ചിതറിയ പ്രേതപറമ്പുകളായി കിടന്നു.തൊടിയിലും പറമ്പിലും കറിവയ്ക്കാനൊരു തകരത്താളുപോലും പെണ്ണുങ്ങള്‍ക്ക് പിടികൊടുക്കാതെ ചവര്‍പ്പ് വച്ച് നിന്നു.ഗ്രാമത്തിന്റെ കണ്ണില്‍ പ്രസന്നതയുടെ മഞ്ഞവെയില്‍ മാഞ്ഞ ഈ വൈകുന്നേരങ്ങളിലാണ് ഉണക്കമീനുകള്‍ ഉറിയില്‍ നിന്നു ഇറങ്ങി മണം വിതറുന്ന കറികളായി രൂപാന്തരം പ്രാപിക്കുന്നത്. ഞാന്‍ കഴിച്ചിട്ടുള്ള മീന്‍ രുചികളുടെ ബാഹുല്യത്തില്‍ രസനയുടേയും ഗന്ധത്തിന്റെയും മുകുളങ്ങളെ ഇത്രമേല്‍ ത്രസിപ്പിച്ച വിഭവം മറ്റൊന്നില്ല.

അനില്‍ വേങ്കോട്


ചരിത്രത്തെ ഉണക്കി സൂക്ഷിക്കുന്ന വിധം
ഇല്ലായ്മയുടെ ദിനങ്ങളെ, ഉണക്കി സൂക്ഷിച്ച ഭക്ഷണ സാധനങ്ങള്‍ കൊണ്ടും നിറം മങ്ങാതെ സൂക്ഷിച്ച സ്വപ്നങ്ങള്‍ കൊണ്ടും സ്മൃതികള്‍ കൊണ്ടും ജീവന്‍ വയ്പ്പിച്ച വിദ്യയെ കുറിച്ച് പിന്നീട് പലപ്പോഴും ഞാനത്ഭുതം കൂറിയിട്ടുണ്ട്. ചരിത്രത്തെയും നമുക്ക് ഉണക്കി സൂക്ഷിക്കാനാവും. ജീവിതത്തിന്റെ അടഞ്ഞ നിമിഷങ്ങളില്‍ അത് കുതിര്‍ന്ന് നമ്മോട് ചേര്‍ന്ന് പുതിയ യാഥാര്‍ഥ്യത്തിന്റെ പകലുകള്‍ സൃഷ്ടിച്ച് തരിശുകളില്‍ നവമുകുളങ്ങള്‍ ഉയിര്‍പ്പിക്കും.

സുധീശ് രാഘവന്റെ ‘ ഭൂതക്കാഴ്ചകള്‍’ എന്നനോവല്‍ വായിച്ചിരിക്കുമ്പോള്‍ ചരിത്രം പുതിയ രുചിയിലും ഗന്ധത്തിലും വന്നു നിറയുന്നത് ഞാനനുഭവിക്കുകയായിരുന്നു. ജനങ്ങളെ സാംസ്കാരിക വിസ്മൃതിയിലേയ്ക്ക് തള്ളിവിടുകയും വാര്‍ത്തകളുടെ ഭിന്ന ഭിന്നമാം യാഥാര്‍ത്ഥ്യങ്ങളാല്‍ നമ്മെതന്നെ പകര്‍പ്പുകളുടെ അനന്തയിലേയ്ക്ക് വിലയിപ്പിക്കുകയുംചെയ്യുന്ന നടപ്പുകാലത്ത് നമ്മുടെ സ്ഥാനത്തിന്റെ സാധ്യതാ പ്രദേശങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഈ നോവല്‍ നമ്മുടെ കൂടെ ജീവിക്കുന്നു.

 

'ഭൂതക്കാഴ്ചകള്‍': കവര്‍ ചിത്രം


 

പൊള്ളവേഷങ്ങളുടെ ശവതുല്യ യാഥാര്‍ത്ഥ്യം
ഭൂതകാലത്തെ ചരിത്രത്തിലായാലും സാഹിത്യത്തിലായാലും എങ്ങനെയാണ് പാരായണം ചെയ്യുകയെന്ന വലിയ ചോദ്യത്തിലൂടെയാണ് ഈ കാലം കടന്നുപോവുന്നത്. നമുക്കൊരിക്കലും ഭൂതകാലത്തെ അതിന്റെ സമകാലികനായിരുന്നു വായിക്കാന്‍ കഴിയില്ല. ‘ എനിക്കിതു ചെല്ലുവാന്‍ വയ്യാത്ത ഭൂത’ മെന്ന് ആറ്റൂര്‍ രവിവര്‍മ്മ ഈ പ്രയാസത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ മനുഷ്യന്റെ ബോധത്തില്‍ വന്ന ബഹുമുഖമായ മാറ്റം, വിജ്ഞാനവിസ്ഫോടനത്താലുള്ള കുതിപ്പ്, കാഴ്ചയുടെ അടിസ്ഥാനങ്ങളില്‍ ദര്‍ശനങ്ങള്‍ വരുത്തിയ സ്ഥാനാന്തരം – ഇങ്ങനെ മാറി മാറിപ്പോയ നമ്മള്‍ക്ക് ഇനി പഴയൊരു കാലത്തിന്റെ സമാന്തരത്തില്‍ നിന്നു കൊണ്ട് ഒന്നും കാണാനാവില്ല.

ഇന്നില്‍ നിന്നു കൊണ്ട്, ഇന്നത്തെ കാലത്തിന്റെ രസപരിവര്‍ത്തനത്തോടൊപ്പം മാത്രമേ ഒരു വായന സാധ്യമുള്ളൂ. അങ്ങനെ വായിക്കുമ്പോള്‍ നമ്മുടെ പൂര്‍വ്വികരെ സന്തോഷിപ്പിച്ചവയോ നമ്മെ തന്നെ മുമ്പ് തൃപ്തിപ്പെടുത്തിയവയോ ഇന്ന് നമുക്ക് സുഖം തരണമെന്നില്ല. കാലാതിവര്‍ത്തിയായ ഒരു’ നിഷ്കളങ്ക’ രുചിയും നിങ്ങള്‍ക്ക് സ്വന്തമായില്ലായെന്നാണ് ഇതിനര്‍ത്ഥം.

കൂണുമുളക്കുന്നതു പോലെ കടലില്‍ നിന്നു മുളച്ചുപൊന്തുന്ന ഗള്‍ഫ് നഗരങ്ങളില്‍ ഉള്ള് പൊള്ളയായ വേഷങ്ങളാടുന്ന പ്രവാസസജീവിതം സമ്മാനിച്ച ശവതുല്യമായ യാഥാര്‍ത്ഥ്യത്തെ എഴുത്തുകാരന്‍ തന്റെ ഭൂതകാലമെന്ന ബലവത്തായ ഒരായുധം കൊണ്ട് തരണം ചെയ്യാന്‍ ശ്രമിക്കുന്നതാണ് ഭൂതകാഴ്ചകള്‍ എന്ന നോവല്‍.ഇത് കേവലം നൊസ്റാല്‍ജിയയുടെ പുന്നാരങ്ങള്‍ നിരത്തിയുള്ള ചൊറിമാന്തലല്ല. വര്‍ത്തമാനത്തില്‍ തന്നെ ജീവനുള്ളതായി പ്രവര്‍ത്തിക്കുകയും പുതുരൂപങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്ന ശക്തികളായിട്ടാണ് ചരിത്രത്തെ നോവലിസ്റ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

സുധീശ് രാഘവന്‍


 

ജൈവരാഷ്ട്രീയ ബോധം
ബഹ്റൈനില്‍ ഏറെക്കാലമായി ജീവിക്കുന്ന സുധീശ് രാഘവന്റെ കന്നി നോവലാണ് ‘ഭൂതക്കാഴ്ചകള്‍’.അറ്റ്ലസ് കൈരളി പുരസ്കാരം നേടിയ ഈ കൃതി കഴിഞ്ഞ മൂന്നു തലമുറകളിലെ തെക്കന്‍ തിരുവിതാംകൂറിന്റെ സമൂഹിക രാഷ്ട്രീയ ചരിത്രം സ്കെച്ച് ചെയ്യുന്നുണ്ട്. മനുഷ്യനും പ്രകൃതിയും പരസ്പരം ശത്രുക്കളായ ദ്വന്ദങ്ങളായി കണ്ട് മനുഷ്യന്‍ ഭൂമിയുടെമേല്‍ നടത്തുന്ന ആക്രമണത്തിന്റെ ഫലമാണ് പുരോഗതിയെന്നുള്ള ആധുനികയുക്തിയെ സുധീശ് നിരാകരിക്കുന്നു. പ്രകൃതിയും മനുഷ്യനും ഒരൊറ്റ ജീവസാകല്യത്തിലെ പങ്കാളികളാണ് എന്ന് വിശ്വസിക്കുന്ന ഒരു ജൈവ രാഷ്ട്രീയ ബോധത്തില്‍ നിന്നുകൊണ്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരും ചേര്‍ന്ന് ഒരൊറ്റ ജൈവ തുടര്‍ച്ചയാണെന്ന ധാരണ കാലത്തെ സെഗ്മെന്റുകളായി കാണുന്ന ആധുനികതയുടെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ ഒരു പുതുബോധമാണ്. സ്പിനോസയില്‍ നിന്നു വെളിച്ചംവയ്ക്കുന്ന ദര്‍ശനത്തിന്റെ ഒരു വഴി ഇത് കാണിച്ചുതരുന്നു. ചരിത്രത്തിലെ ഘട്ടവാദങ്ങളെ ഇത് നിഷ്പ്രഭമാക്കുന്നു.

 

പുസ്തക പ്രകാശനം


 

സാമൂഹിക പുരോഗതിയുടെ വികാസ ചരിത്രം
രാജ്യത്തിന്റെ വികസനം നിര്‍ജ്ജീവമായ സ്ഥിതിവിവരക്കണക്കുകളില്‍ സംഭവിക്കുന്നതാണെന്നു കരുതുന്ന സാമ്പത്തിക വിദഗ്ദ്ധന്മാരുടെയും ഭരണാധികാരികളുടേയും കാലത്ത് മനുഷ്യസമൂഹത്തിന്റെ വികാസചരിത്രം എങ്ങനെയാണ് മുന്നോട്ട് പോയതെന്ന് വിശദീകരിക്കുകയാണ് സുധീശ് ചെയ്തത്. മനുഷ്യ ബന്ധങ്ങളിലും ജീവിത വ്യവഹാരങ്ങളിലും അധികാര ഘടനയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ബലാബലങ്ങളുടെ വ്യവസ്ഥയിലും കടന്നന്വേഷിച്ചുകൊണ്ട് സാമൂഹിക പുരോഗതിയെ രേഖപ്പെടുത്തുന്ന സൂക്ഷ്മമായ ഒരു രീതിശാസ്ത്രം ഈ കൃതിയില്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ജാതികളുടെ തോടിനുള്ളിലേയ്ക്ക് അന്യ ജാതിയിലും മതത്തിലും പെട്ട സാമൂഹിക നേതാക്കന്മാരുടേയും പരിഷ്കര്‍ത്താക്കളുടേയും ഇമേജുകള്‍ വീണുപൊടിച്ചതെങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഗാന്ധിജിയും എകെജിയും ഒക്കെ മലയാളിയുടെ ജൈവസ്വരൂപത്തിലേയ്ക്ക് സ്വാംശീകരിക്കുന്നതും അവിടെ നിന്ന് പുനസൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്നും ഈ അന്വേഷണം വെളിപ്പെടുത്തുന്നു.

കിരാതമായ ഭരണാധികാരങ്ങളോടും ഹൃദയമില്ലാത്ത ജന്മിത്വവും ജാതിയും തീര്‍ത്ത സാമൂഹിക ഉച്ച നീചത്വങ്ങളോടും മലയാളി പൊരുതിയത് ഏത് പേശീബലങ്ങളെയും നിസ്സാരമാക്കുന്ന ധൈഷണിക ഔന്നത്യം കൊണ്ടായിരുന്നു. നവോത്ഥാനത്തിന്റെ പ്രകാശ ഗോപുരങ്ങളായിരുന്ന ശ്രീനാരായനഗുരുവും ചട്ടമ്പി സ്വാമികളും വൈകുണ്ഡ സ്വാമിയും അയ്യങ്കാളിയുമെല്ലാം ഇത്തരമൊരു പ്രതിരോധമാണ് സൃഷ്ടിച്ചത്. തിരുവിതാംകൂര്‍ ഈ ബൌെദ്ധിക മണ്ഡലത്തില്‍ അഭിമാനിക്കാവുന്ന സംഭാവനകള്‍ അക്കാലത്ത് നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ന്നു വന്ന ആധുനികതയുടെ കാലത്ത് ഈ നേതൃത്വത്തിനു തുടര്‍ച്ചയുണ്ടാകാതെപോയി. പേശീ ബലത്തെ പേശീബലം കൊണ്ട് മാത്രം നേരിടാനറിയാവുന്ന മാംസനിബദ്ധരായി നമ്മുടെ പുതിയ കാല സാമൂഹിക രാഷ്ട്രീയ നേതൃത്വം കൂപ്പുകുത്തിയതെങ്ങനെയെന്ന് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു.

മലയാളത്തില്‍ നോവല്‍ സാഹിത്യം പിച്ചവച്ചുതുടങ്ങിയ കാലത്തുതന്നെ സി വി രാമന്‍ പിള്ള കാവ്യത്മകമായി ഉപയോഗിച്ച തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷ പിന്നീട് സാഹിത്യലോകത്ത് അന്യം നിന്നുപോയി. സി വിയുടെ ഭാഷാവ്യവസ്ഥയുടെ സൌെന്ദര്യ പ്രപഞ്ചത്തെ കുറിച്ചു എന്‍. കൃഷ്ണപിള്ളയുടെ ശൈലീപഠനവും മറ്റും വന്നെങ്കിലും ദീര്‍ഘകാലം ആലേഖനത്തിനു യോജിച്ച ഭാഷയായി നമ്മുടെ സാഹിത്യകാരന്മാര്‍ ഈ ഭാഷയെ പരിഗണിച്ചില്ല.

 

 

പ്രാദേശിക ഭാഷാ ഭേദങ്ങളുടെ വീണ്ടെടുപ്പ്
മാനകമായ ഭാഷയുടെ അധീശത്വം മധ്യകേരളത്തിന്റേയും വള്ളുവനാടിന്റേയും ഭാഷകള്‍ കൈയ്യടക്കിയിരുന്നു. അടുത്തകാലത്ത് പി എ ഉത്തമനെയും എസ് വി വേണുഗോപന്‍ നായരെയും പോലെ ചുരുക്കം ചിലര്‍ വീണ്ടും ഈ പ്രാദേശിക തനിമയുടെ സൌെന്ദര്യം ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൊല്ലം മുതല്‍ ആറ്റിങ്ങല്‍ വരെയുള്ള പ്രദേശങ്ങളില്‍ വ്യവഹാരത്തിലുള്ള പ്രാദേശിക ഭാഷാഭേദത്തിന്റെ സൂക്ഷ്മ സൌെന്ദര്യം കൈവിടാതെ രചിച്ച കൃതിയാണ് ‘ഭൂതക്കാഴ്ചകള്‍’.

ഓരോ കാലത്തും വ്യാവഹാരികതയില്‍ ന്യൂനപക്ഷമായി തീരുന്ന ഭാഷാ ഭേദങ്ങളെ സാഹിത്യത്തില്‍ പ്രതിഷ്ഠിക്കവഴി ഒരിക്കല്‍ പരിധിയിലേയ്ക്ക് പോയ ശബ്ദങ്ങളെയും അനുഭവങ്ങളേയും അത് ഉപയോഗിക്കുന്ന മനുഷ്യരുടെ അര്‍ത്ഥവ്യവസ്ഥയെയും കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവരുന്ന വിപ്ലവകരമായ സാഹിത്യപ്രവര്‍ത്തനമാണ് ഇതുവഴി നടത്തുന്നത്. സുധീശ് ഭൂതക്കാഴ്ചകളില്‍ ഈ ധര്‍മ്മം വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു.

അടുത്തകാലം വരെ മാതൃദായ ക്രമം നിലനിന്നിരുന്ന തിരുവിതാംകൂറിന്റെ ബന്ധഘടനയുടെ വേരുകള്‍ ആഴത്തില്‍ സ്വാംശീകരിച്ചതുകൊണ്ടാവണം സുധീശ് ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെല്ലാം വളരെ ശക്തരാണ്. അസ്തിത്വദുഖത്തിന്റെ ലാഞ്ചനകളേറ്റ, ആധുനികതയില്‍ മുളച്ച ശരത് എന്ന കഥാപാത്രം ഈ നോവലിന്റെ കേന്ദ്രത്തില്‍ കാണാമെങ്കിലുംതിരുവിതാംകൂറിന്റെ സാമൂഹികചരിത്രത്തെ വായിക്കുന്നതില്‍ ഉത്തരാധുനിക കാലത്തിന്റെ സാമൂഹിക കാഴ്ചകളും സുധീശ് ഉപയോഗിച്ചിട്ടുണ്ട്.

 

സുധീശ് രാഘവന്‍


 

പുതുവായനയുടെ പുനര്‍ജനികള്‍
നമ്മുടെ വായനയുടെ ഏറ്റവും ശോചനീയമായ യാഥാസ്ഥികത, എഴുത്തുകാരനെ കേന്ദ്രത്തില്‍ നിറുത്തി അയാളുടെ അനുഭവലോകത്തിന്റെ പരിസരത്തിലേയ്ക്ക് ഫിക്ഷനെ ചുരുക്കികൊണ്ട് നടത്തുന്ന ഒരന്വേഷണമായത് അവസാനിക്കുന്നുവെന്നതാണ്. വായനയിലുടനീളം എഴുത്തുകാരന്റെ അനുഭവപരിസരത്തെ പിന്‍പറ്റി എഫ് ഐ ആര്‍ തയ്യാറാക്കുന്ന ഒരു പോലീസുകാരന്റെ മനസ്സാണ് നമ്മള്‍ വച്ചുപുലര്‍ത്തുന്നത്. ഇത് ദീര്‍ഘകാലമായി നമ്മുടെ സാഹിത്യ വിമര്‍ശകര്‍ നാണയപ്പെടുത്തിയ പാരായണ വഴിയാണ്.

സത്യത്തില്‍ ഒരു സര്‍ഗ്ഗാത്മക കൃതിയുടെ അനന്തമായ പുനര്‍ജ്ജനിയെ തടസ്സപ്പെടുത്തുന്ന ഒന്നായി ഇത് പ്രവര്‍ത്തിക്കുന്നു. തിരുവിതാം കൂറിന്റെ ചരിത്രവും കല്‍പനകളും ചേര്‍ത്ത് രചിച്ച ഭൂതക്കാഴ്ചകള്‍ വായിക്കുന്ന വായനക്കാരുടെ വിവിധങ്ങളായ ജീവിത സാഹചര്യങ്ങളില്‍ വച്ച് ഒരിക്കല്‍ അവരുള്‍പ്പെട്ടതോ അല്ലാത്തതോ ആയ കഥാസന്ദര്‍ഭങ്ങള്‍ പുതിയ അര്‍ത്ഥങ്ങളിലും അനുഭവങ്ങളിലുമായി ചിറകു വയ്ക്കുകയാണ്.

രേഖപ്പെടുത്തിയ കൃതിയ്ക്ക് അനന്തമായി വീണ്ടും ജനിക്കുവാനുള്ള (മള്‍ട്ടിപ്ലിസിറ്റി) ഈ സാധ്യതയാണ് എഴുത്തിന്റെ തന്നെ അടിസ്ഥാന മോചക സ്വഭാവം. അതിനെ പരാജയപ്പെടുത്തുന്നതാണ് ഞാന്‍ മുമ്പ് വിശദീകരിച്ച യാഥാസ്ഥിതിക പാരായണ സ്വഭാവം. ഭൂതക്കാഴ്ചകളിലെ ഓരോ സന്ദര്‍ഭങ്ങളും ജാതിയെകുറിച്ചും സാമൂഹിക പുരോഗതിയെകുറിച്ചും മനുഷ്യന്‍ എന്ന നിലയിലെ വ്യക്തികളുടെ ആന്തരിക പരിണിതിയെ കുറിച്ചും നിരവധി ചോദ്യങ്ങളുന്നയിക്കുകയും പഴയ ചോദ്യങ്ങള്‍ക്ക് പുതിയ ഉള്ളടക്കങ്ങളോട് കൂടിയ ഉത്തരങ്ങള്‍ തേടുകയെന്ന രാഷ്ട്രീയ കടമയിലേയ്ക്ക് നമ്മെ തള്ളിവിടുകയും ചെയ്യുന്നു.

 

പ്രകാശന ചടങ്ങില്‍ ബി.മുരളി സംസാരിക്കുന്നു


 

കാലത്തിലേക്ക് ചില ചിറകടികള്‍
സുധീശ് രാഘവന്റെ ആദ്യപുസ്തകമാണ് ഈ കൃതിയെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. എഴുത്ത് വിദ്യയില്‍ എഴുതിമാത്രം അഭിവൃദ്ധി പ്രാപിക്കേണ്ട ചില സാങ്കേതികമികവുകളുണ്ട്. ആ ന്യൂനതകള്‍ നിങ്ങള്‍ക്ക് ഈ കൃതിയില്‍ കണ്ടെത്താനാകും.അതേസമയം ഒരു തുടക്കക്കാരനെന്ന നിലയില്‍ ഈ കൃതി പ്രമേയത്തില്‍ പുലര്‍ത്തുന്ന സമഗ്രത നിങ്ങളെ അതിശയിപ്പിക്കുകയും ചെയ്യും.

കേരളത്തിന്റെ അതിരുകള്‍ കവിഞ്ഞ് വളരുന്ന മലയാളത്തിന്റെ സാധ്യതകള്‍ക്ക് സുധീശ് രാഘവന്‍ ഒരു പ്രതീക്ഷയാണ്. ആടുജീവിതവും, മഞ്ഞവെയില്‍ മരണങ്ങളും മലയാളത്തിനു നല്‍കിയ ബഹ്റൈന്റെ മണ്ണില്‍ നിന്നാണ് ഭൂതക്കാഴ്ചകളും കൈരളിക്ക് സമ്മാനിക്കുന്നത് എന്നതില്‍ ഏതൊരു ബഹ്റൈന്‍ മലയാളിക്കും അഭിമാനിക്കാന്‍ വകയുണ്ട്.

ബഹുഭാഷാ സമൂഹങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളി കേരള ചരിത്രത്തെ വീണ്ടും വായിക്കുന്നത് നമ്മുടെ പുരോഗതിയുടെ വാചോടോപങ്ങളെ വിചാരണ ചെയ്യാതിരിക്കില്ല. ഭാഷയുടേയും ബോധത്തിന്റെയും യാഥാസ്ഥികതയ്ക്ക് മേല്‍ അത് കൊടുങ്കാറ്റഴിച്ചുവിടും . ‘ഭൂതക്കാഴ്ചകള്‍’ അതിന്റെ പ്രാരംഭചലനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രശലഭത്തിന്റെ ചിറകടികളാണ്.
 
 
 
 

2 thoughts on “ഭൂതക്കാഴ്ചകള്‍::: കാലച്ചുവടുകള്‍കൊണ്ട് ഒരു ചതുരംഗം

  1. കൂണുമുളക്കുന്നതു പോലെ കടലില്‍ നിന്നു മുളച്ചുപൊന്തുന്ന ഗള്‍ഫ് നഗരങ്ങളില്‍ ഉള്ള് പൊള്ളയായ വേഷങ്ങളാടുന്ന പ്രവാസസജീവിതം സമ്മാനിച്ച ശവതുല്യമായ യാഥാര്‍ത്ഥ്യത്തെ എഴുത്തുകാരന്‍ തന്റെ ഭൂതകാലമെന്ന ബലവത്തായ ഒരായുധം കൊണ്ട് തരണം ചെയ്യാന്‍ ശ്രമിക്കുന്നതാണ് ഭൂതകാഴ്ചകള്‍,
    കൊള്ളാം നല്ല തമാശ.ചില൪ അങ്ങിനെയാണ്.ശവമായി വരും,ശവമായി ജീവിക്കും,ശവമായി തിരിച്ചു പോകും!
    പ്രവാസിയെ കൊന്നു തിന്ന് മതിയായില്ലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *