‘ജനകീയ സമരങ്ങള്‍ക്ക് അവധി കൊടുക്കേണ്ട സമയമായി’

 
 
 
 
മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പരിസ്ഥിതി ഗവേഷണ രംഗത്ത് സജീവമായ ഒരാളുടെ തിരിഞ്ഞുനോട്ടങ്ങള്‍, തിരിച്ചറിവുകള്‍.
ഡോ. എസ് ശങ്കറുമായി യുവഗവേഷക ധന്യബാലന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 
 

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.
പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്. ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു-ഡോ. ശങ്കറുമായി ധന്യ ബാലന്‍ സംസാരിക്കുന്നു

 

 

വെറുതെയാരും കാടു നന്നാക്കില്ല
 
അക്കാദമിക് ഗവേഷകന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി സജീവമാണ് താങ്കള്‍. താങ്കള്‍ എപ്പോഴും പറയുന്നതുപോലെ from soil science to people.മണ്ണിനെ പഠിക്കുന്നതില്‍ നിന്ന് മനുഷ്യനെ അറിയുന്നതിലേക്കുള്ള മാറ്റം. ശാസ്ത്രജ്ഞനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലത്ത് ഗവേഷണത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മറ്റുമുണ്ടായിരുന്ന ധാരണകള്‍ തന്നെയാണോ ഇന്നും? പല കാലങ്ങള്‍ എങ്ങനെയൊക്കെയാണ് താങ്കളുടെ ധാരണകളെ മാറ്റിമറിച്ചത്?

ധാരണകളില്‍ അല്ല, സമീപനങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടായത്. ഒരു മണ്ണു ഗവേഷകന്‍ (soil scientist) എന്ന നിലയില്‍ 15 വര്‍ഷത്തോളം ഞാന്‍ മണ്ണിനെ അടുത്തറിഞ്ഞു. മണ്ണിനെ സംരക്ഷിക്കുക, മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ വെള്ളം സംഭരിക്കാന്‍ അനുവദിക്കുക, മണ്ണിന്റെ വളക്കൂറ് നന്നാക്കുക-ഇതെല്ലാം മനസ്സിലാക്കി. മാത്രമല്ല, ഇതിനെല്ലാം മരങ്ങള്‍ വളരെ അത്യാവശ്യമാണ് കേരളത്തിന്റെ ചെരിഞ്ഞ ഭൂതലത്തില്‍ ധാരാളം മഴ ലഭിക്കുമ്പോള്‍ മണ്ണു സംരക്ഷിക്കാന്‍ മരങ്ങള്‍ വേണം, കാടു വേണം, വൃക്ഷസമൂഹം വേണം.

കാട്ടിലെ മരങ്ങള്‍ നാം സംരക്ഷിക്കുന്നുണ്ട്, നാട്ടിലും ഒരു agro forestry വേണമെന്നതാണ് ്എന്റെ സമീപനം. നമ്മുടെ വീട്ടുവളപ്പില്‍ ഒരു ‘കാര്‍ഷിക വനവത്ക്കരണം’ എന്ന സമീപനത്തിലേക്കാണ് 15 വര്‍ഷത്തെ soil science ‘യുദ്ധ’ത്തിനു ശേഷം ഞാന്‍ എത്തിയത്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ നടുക നമ്മുടെ മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തി നമുക്കാവശ്യമുള്ള സാധനങ്ങള്‍ സ്വയം ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുക.

ആദ്യം ഞാന്‍ മണ്ണിനെ മനസ്സിലാക്കി മണ്ണ് സംരക്ഷിക്കാനായി 15 വര്‍ഷത്തോളം ജനങ്ങളെ ബോധവത്ക്കരിച്ചു. മരങ്ങള്‍ നടാനായി പ്രേരിപ്പിച്ചു പിന്നീട് ചിന്തിച്ചപ്പോള്‍ മണ്ണ് സംരക്ഷിക്കാന്‍ മരം വേണം, മരം നടാന്‍ മനുഷ്യരും. മണ്ണ് , മരം , മനുഷ്യന്‍ എന്ന ത്രിത്വം – അതായത് മൂന്ന് ഘട്ടങ്ങള്‍ ആണ് എന്റെ ജീവിതത്തിലുണ്ടായത് . മണ്ണ് ശാസ്ത്രജ്ഞന്‍, കാര്‍ഷിക വനവത്ക്കരണ ശാസ്ത്രജ്ഞന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍.

ജനങ്ങള്‍ മരങ്ങള്‍ നടണമെങ്കില്‍, അവരുടെ പ്രശ്നങ്ങള്‍ ആദ്യമേ പരിഹരിക്കപ്പെടണം. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനം മണ്ണിനേയോ മരത്തേയോ വനത്തേയോ സംരക്ഷിക്കുകയുള്ളൂ. അതായത്, കാര്യങ്ങള്‍ ഒരു enterprise എന്ന തലത്തിലേക്ക് പോവുകയാണ്. ചെറിയ ചെറിയ സുസ്ഥിരാധിഷ്ഠിത ജൈവവിധ്യ സംരംഭങ്ങളിലൂടെ ഇത് നടപ്പിലാക്കാം. വെറുതെ കാടു നന്നാക്കാന്‍ ആരും മുന്നോട്ടു വന്നുവെന്നു വരില്ല.

കഴിഞ്ഞ ദിവസം,നമ്മള്‍ സംസാരിച്ച ഒരു ആദിവാസി അയാള്‍ക്ക് അറിയാവുന്ന ഒരു ചെടിയ്ക്ക് ക്യാന്‍സറിനെതിരായ മരുന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പറഞ്ഞു. അതയാള്‍ക്ക് ചെയ്യാനായാല്‍, അയാള്‍ക്ക് ലാഭമുണ്ടായാല്‍ അതിലൊരു വിഹിതം വനംസംരക്ഷണത്തിന് അല്ലെങ്കില്‍ ജൈവവൈവിധ്യസംരക്ഷണത്തിനായി അയാള്‍ക്ക് ചെലവിടാനാകും. Enterprises can always save the world and biodiversity. കച്ചവടമനോഭാവം എന്ന് വേണമെങ്കില്‍ ഇതിനെ വിമര്‍ശിക്കാം പക്ഷെ, വെറും മനസ്സിന്റെ ഗുണം അല്ലെങ്കില്‍ ഒരു നേര്‍ച്ച പോലെ ദൌത്യം പോലെ പ്രകൃതി സംരക്ഷണം നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ enterprise എന്ന ചിന്താഗതിയിലേക്ക് എല്ലാവരും മാറേണ്ടിവരും.

 

 

റോഡു വരുമ്പോള്‍ കാടുകള്‍ക്ക് സംഭവിക്കുന്നത്
 
താങ്കളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് കാണുന്നത്? തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം സാധ്യതകളെ, പരിമിതികളെ, തിരിച്ചറിവുകളെ എങ്ങനെ കാണുന്നു?

70കളുടെ ആദ്യം സയലന്റ് വാലി പ്രസ്ഥാനമാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണു തുറന്നത്. വനം നശിച്ചു പോകുമ്പോള്‍ ഒരു പരിസ്ഥിതി ശോഷണം (degradation) നടക്കുന്നുണ്ട് കാടു നശിക്കുമ്പോഴുള്ള ഇത്തരം ശോഷണത്തെക്കുറിച്ചായിരുന്നു ഞാന്‍ പി.എച്ച്.ഡി ചെയ്തത്. കാട്ടുമണ്ണ് അതിന്റെ മുകളിലെ മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ എങ്ങനെ പാറയാകുന്നു? പാറയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മണ്ണുണ്ടാകുന്നത്. തിരിച്ച് മണ്ണ് നഷ്ടപ്പെടുമ്പോള്‍ ഒരു laterization നടക്കുന്നു. ഇങ്ങനെയാണ് വനസംരക്ഷണം എന്ന ആശയത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടത്.

അങ്ങനെയാണ്, ഒരുപാടു സ്ഥലങ്ങളില്‍ നിയമനം ലഭിച്ചിട്ടും പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലേക്ക് (KFRI) എത്തിയത്. 32 കൊല്ലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാനായി, ഒത്തിരി കാണാനായി, ഒത്തിരി പേരെ പരിചയപ്പെടാനിടയായി. ഏറ്റവും പ്രധാനം, വളരെയധികം വനത്തെ സംരക്ഷിക്കാനായി എന്നതാണ്.

വികസനത്തില്‍നിന്നും കോടാലിയില്‍ നിന്നും വനത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞു. 14 പരിസ്ഥിതി ആഘാത പത്രികകള്‍ പഠിച്ച് സമര്‍പ്പിച്ചു. അതില്‍ 13 എണ്ണവും വനം സംരക്ഷിക്കണം എന്നുതന്നെയായിരുന്നു. കുഞ്ഞോം മുതല്‍ പാനൂര്‍ വരെ കാടിന് അകത്തുള്ള റോഡായാലും മാഹിപ്പുഴയുടെ മുകളിലേക്കുള്ളതോ പറമ്പിക്കുളത്തേക്കുള്ളതോ ആയ റോഡായാലും, സൈലന്റ് വാലിയിലേക്കുള്ള റോഡായാലും നെല്ലിയാമ്പതിയില്‍ നിന്നും വാഴച്ചാലിലേക്കുള്ള റോഡായാലും ഇതെല്ലാം വേണ്ട എന്നു പറയുമ്പോള്‍ നാം പറയുന്നത് വനത്തെ റോഡുകളില്ലാതെ സംരക്ഷിക്കണം എന്നതാണ്. കാരണം, എവിടെയൊക്കെ റോഡു വരുന്നുവോ അവിടെയെല്ലാം മനുഷ്യനും വരുന്നു. വികസനം വരുന്നു. ആ പ്രദേശത്തെ ഇല്ലാതാക്കുന്നു.

buffer zone ഇക്കോ ടൂറിസം മറ്റൊരു പ്രധാന ഇടപെടലായിരുന്നു. ഇക്കോ ടൂറിസം വക്താക്കള്‍ വിഭാവനം ചെയ്ത ടൂറിസം കാട്ടിനകത്തായിരുന്നു. നമ്മള്‍ അതിനെ കാട്ടില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നു. കാടിന്റെ buffer zone സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം എന്ന നിലയിലേക്ക് മാറ്റി. അതായത് Eco tourism vs responsible tourism എന്ന നിലയിലേക്ക് മാറ്റി. ഇന്ന് എല്ലാവരും ഇതേ ആശയം പറയുന്നു. ഉത്തരവാദിത്വമുള്ള ടൂറിസവും പരിസ്ഥിതി സംരക്ഷണ ടൂറിസവും ഇതൊക്കെയാണ് പറയുന്നത് ്.

ഇതില്‍ enterprise എന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഗുണമുണ്ടാകുന്നു. സന്ദര്‍ശകരും സന്തോഷിക്കുന്നു. മറ്റൊരു പ്രധാന കാര്യം നിര്‍ദ്ദേശിച്ചിരുന്നത് സന്ദര്‍ശകര്‍ക്കുള്ള ബോധവത്കരണമാണ് നിങ്ങളൊരു ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ പ്രകൃതിയുമായി ചേര്‍ന്നുപോവുന്നവിധം ജീവിക്കാനാണ് പഠിക്കേണ്ടത്. കാട് സംരക്ഷിക്കണം എന്നും മരത്തിനെ സ്നേഹിക്കണമെന്നും മൃഗങ്ങളെ ഉപദ്രവിക്കാന്‍ പാടില്ലെന്നുമെല്ലാം പഠിച്ചാണ് നിങ്ങള്‍ തിരിച്ചുവരുന്നത്. അങ്ങനെയൊരു ടൂറിസത്തിന്റെ അടിത്തറ ഉണ്ടാക്കാന്‍ ഇക്കോ ടൂറിസത്തിന് കഴിഞ്ഞു.

ഒരു ടൂറിസം കേന്ദ്രത്തില്‍ എത്ര സന്ദര്‍ശകര്‍ വേണം, അല്ലെങ്കില്‍ ഒരു ടൂറിസം മേഖലക്ക് പരമാവധി എത്ര പേരെ താങ്ങാന്‍ കഴിയുമെന്നും പഠനം വിഭാവനം ചെയ്തു. പക്ഷേ അത് നടപ്പിലാക്കാനായില്ല. അങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് കേരളത്തിലെ മിക്ക വനപ്രദേശങ്ങളിലും ഇന്ന് നടക്കുന്ന വിനാശകരമായ, ആഭാസകരമായ^ ടൂറിസം എന്ന പേരില്‍ നടക്കുന്ന, കാട് മുഴുവന്‍ നശിപ്പിക്കുന്ന അപകടം ഒഴിവാക്കാനാവുമായിരുന്നു. കോര്‍ ഏരിയയിലെ ജീപ്പ് സവാരിയും, കാടിനകത്തെ ബഹളവും മദ്യപാനവും പിന്നെ പെരിയാറിലെപോലുള്ള ബോട്ട് സവാരിയും, തിരക്കും, അപകടങ്ങളും, മരണവും ഒഴിവാക്കാമായിരുന്നു. കുറുവാദ്വീപിനെപോലുള്ള കോര്‍ഏരിയയില്‍ ജില്ലാ ടൂറിസം പ്രമോഷനല്‍ കൌണ്‍സില്‍ നടത്തുന്ന ആഭാസടൂറിസവും സൈലന്റ് വാലിയിലെ കോര്‍ പ്രദേശത്തെ ടൂറിസവും എല്ലാം മാറ്റാനാകുമായിരുന്നു. ഇതാണ് ചെയ്യാന്‍ വിട്ട് പോയ ഒരു കാര്യം. ബാക്കി നില്‍ക്കുന്ന പ്രവൃത്തി.

 

ധന്യ ബാലന്‍


 

ജനങ്ങളെ അറിയാതെ ഗവേഷണം നടത്താനാവില്ല
 
ആക്റ്റിവിസവും അക്കാദമിക പ്രവര്‍ത്തനവും ചേര്‍ന്നുപോവാന്‍ ബുദ്ധിമുട്ടാണെന്ന് പൊതുവെ ഒരഭിപ്രായമുണ്ട്. ആ പൊതു അഭിപ്രായത്തിന് വെളിയിലാണ് താങ്കളുടെ ജീവിതം. എങ്ങനെയാണ്, ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞത്?

സഖാവ് അച്യുതമേനോന്‍ വിഭാവനം ചെയ്ത കേരള വനഗവേഷണ കേന്ദ്രം (KFRI ) ഉള്‍പ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലക്ഷ്യം രാജ്യത്തെ വിഭവങ്ങള്‍ എങ്ങനെ പരിപാലിക്കാം എന്നുളളതായിരുന്നു. അല്ലാതെ വെറും ഒരു ആണവ ഗവേഷണമോ, ഭൌതികശാസ്ത്ര ഗവേഷണമോ മൈക്രോസ്കോപ്പിലൂടെ നോക്കുന്ന ബയോടെക്നോളജിയോ ആയിരുന്നില്ല. ജനങ്ങളുമായി ബന്ധമുള്ള, വികസനവുമായി ബന്ധമുള്ള, വിഭവസംരക്ഷണവുമായി ബന്ധമുള്ള സ്ഥാപനങ്ങായിരുന്നു അദ്ദേഹം തുടങ്ങിവെച്ചത്.

KFRI യില്‍ ജോലി ചെയ്യുമ്പോള്‍ Activism ഇല്ലാതെ, ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ, ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ജനങ്ങളെ ബോധവത്കരിക്കാതെ നമുക്ക് ഗവേഷണം നടത്താനാവില്ല. ആര്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്നു എന്നുള്ള ചോദ്യം എപ്പോഴും ഇവിടെ ഉയരുന്നു. ദന്തഗോപുരത്തിലെ ശാസ്ത്രജ്ഞരായി, താഴെ ഇറങ്ങാതെ ഒരുപാട് പേപ്പറുകള്‍ പ്രസിദ്ധീകരിച്ച്, നരച്ച കോട്ടുമിട്ട് രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സ്വന്തം ബയോഡാറ്റ വലുതാക്കുന്നതിന് പകരം, നിങ്ങള്‍ എന്താണ് സാധാരണ മനുഷ്യന് വേണ്ടി ചെയ്യുന്നത് എന്ന് ചിന്തിക്കുക.

ഉദാഹരണമായി അട്ടപ്പാടിയിലെ ഒരു വികസനം, അതിന്റെ കാഴ്ചപ്പാട് എന്താവണം, അല്ലെങ്കില്‍ ഒരു റോഡുനിര്‍മ്മാണം പരിസ്ഥിതി അനുസൃതമായി എങ്ങനെ നിര്‍മ്മിക്കാം ഈ കാടുകള്‍ എങ്ങനെ സംരക്ഷിക്കാം, അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നിങ്ങനെ. ആ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഗവേഷണം ആക്റ്റിവിസമായി മാറുകയാണ്. ഏതൊരു സംഗതി ആയാലും^ പൂയംകുട്ടിയായാലും പാത്രക്കടവ് ആയാലും സയലന്റ്വാലി ആയാലും നമ്മള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഗവേഷണം ചെയ്യുന്നു. അതിന്റെ ഫലങ്ങള്‍ പ്രസിദ്ധികരിക്കുന്നു അതിന്റെ കൂടെ തന്നെ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു.

ഉദാഹരണമായി തെന്‍മല പാക്കേജിന്റെ കാര്യം. ഗവേഷണ റിപ്പോര്‍ട്ട് കൊടുത്തശേഷം നമ്മള്‍ ഒരു 10 തവണയെങ്കിലും ആ നാട്ടുകാരെ ലളിതമായി ഭാഷയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കണം അതൊരു ദൌത്യമാണ്. അവര്‍ പദ്ധതിക്ക് എതിരാണെങ്കില്‍ നമ്മള്‍ അതിന് കൂട്ട് നില്‍ക്കണം. നമ്മള്‍ ആക്റ്റിവിസത്തിന്‍ൊപ്പം കാര്യങ്ങള്‍ പഠിക്കുകയാണ്. എന്നെ പഠിപ്പിച്ചത് ഏറ്റവും ഉല്‍പ്പാദനക്ഷമമായത് (most productive) നിത്യഹരിതവനങ്ങള്‍ ആണെന്നാണ്. ഞാന്‍ പഠിപ്പിച്ചത് പവിഴപ്പുറ്റുകള്‍ ആണ് അതെന്നാണ്. ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ളത് എന്നാണ്.

 

പശ്ചിമ ഘട്ട രക്ഷായാത്രയിലെ ദൃശ്യം


 

ആക്റ്റിവിസത്തിന് ഇടങ്ങളുണ്ട്
 
എന്തുതന്നെയായാലും ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് കേരള വനഗവേഷണ കേന്ദ്രവും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതായ ചിട്ടവട്ടങ്ങള്‍ സ്വാഭാവികമാണ്. അവയോടൊക്കെ യോജിച്ചു പോവാനാവുക എന്നത് താങ്കളെപ്പോലുള്ള ഒരാള്‍ക്ക് എളുപ്പമാവില്ല. പ്രത്യേകിച്ച് ആദ്യ കാലങ്ങളില്‍. എങ്ങനെയാണ്, ഇത്തരം പ്രശ്നങ്ങള്‍ അതിജീവിച്ചത്?

എനിക്ക് തോന്നുന്നത്, അങ്ങനെ ഒരു ബുദ്ധിമുട്ട് ഇവിടെ ഉണ്ടായില്ല എന്നു തന്നെയാണ്. കാരണം അച്യുതമേനോനാണ് ഈ സ്ഥാപനം വിഭാവനം ചെയ്തത്. ഇതിന്റെ ആദ്യ ഡയറക്ടര്‍ നെഹ്റൂവിയന്‍ ജനാധിപത്യത്തില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നഒരാളായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും തന്നെ ആക്റ്റിവിസ്റ്റുകളുമായിരുന്നു. ഡോ. വിജയനാവട്ടെ, ഡോ. ഈസയാവട്ടെ^എല്ലാവരും. അങ്ങനെ എല്ലാവരും ആക്റ്റിവിസ്റ്റുകളായതു കൊണ്ട് ഇവിടെ ഒരു ആക്റ്റിവിസ്റ്റ് ഇടമുണ്ടായിരുന്നു. അതിനാല്‍ തന്നെ, സര്‍ക്കാര്‍ ചട്ടക്കൂടുകളുടേതായ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

തൊഴില്‍പരമായ യാതൊരു വീഴ്ചകളും അത് കാരണം ഉണ്ടായിട്ടില്ല. നമ്മുടെ ആവശ്യത്തിന്, നമ്മുടെ അഭിപ്രായം മാത്രം മാനിച്ചാണ് അത് നടന്നത്. ഒരിക്കലും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ പാടില്ല എന്നോ ഇത് ഇങ്ങനെയല്ല വേണ്ടതെന്നോ ആരും മുകളില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. കാരണം വനംവകുപ്പാണ് നമ്മുടെ പ്രൊജക്റ്റുകള്‍ എല്ലാം തരുന്നത്. വനം സംരക്ഷിക്കുക എന്നത് നമ്മുടെ ദൌത്യവുമാണ്. വനം സംരക്ഷിക്കേണ്ടതില്ല എന്നവര്‍ ഒരിക്കലും പറയില്ല. വനമില്ലാതാക്കി റോഡ് വേണ്ട എന്ന് റിപ്പോര്‍ട്ട് എഴുതുവാന്‍ വളരെ എളുപ്പമാണ്. റോഡ് വേണം എന്ന് വനംവകുപ്പ് തന്നെ പറയുമ്പോഴാണ് പ്രയാസം.

 

ഡോ. ശങ്കര്‍ 1975ല്‍.


 

ചെറുകിട ശത്രുക്കളുടെ കാലമാണിത്
 
കേരളത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങളെ പല കാലങ്ങളായി അടുത്തറിയുന്ന ഒരാളാണ് താങ്കള്‍. എന്താണ് ഇപ്പോള്‍ നമ്മുടെ അവസ്ഥ? പല തലമുറകളായി വിതച്ച അവബോധത്തിന്റെ വിത്തുകള്‍ പടര്‍ന്നു പന്തലിച്ചോ?

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥകള്‍ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.

പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്.

ഭരണത്തെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പാരിസ്ഥിതികമായി സംഭവിച്ചത് വലിയ ഐറണികളാണ്. പഞ്ചായത്ത് തലത്തിലുള്ള തീരുമാനങ്ങളുടെ കാലം വന്നപ്പോള്‍ പാരിസ്ഥിതിക വിനാശം വര്‍ധിക്കുകയാണ്. പണ്ട് വലിയ തീരുമാനങ്ങളുടെ കാലമായിരുന്നു. ഉദാ: പൂയംകുട്ടി പദ്ധതി വരണമെന്ന തീരുമാനം. അവിടെ കാര്യങ്ങള്‍ വ്യക്തമാണ്. എതിര്‍ക്കാന്‍ ഒരു ശത്രുവേയുള്ളൂ. ഒരു വൈദ്യുതിമന്ത്രി, ഒരു വൈദ്യുതി ബോര്‍ഡ്. ശത്രുവിനെ ഒറ്റയടിക്ക് നമുക്കറിയാം.

എന്നാല്‍, ഇന്നതല്ല അവസ്ഥ. ഓരോ പഞ്ചായത്തിലും കുന്നും തോടുമെല്ലാം വെട്ടിവെളുപ്പിച്ച്, നന്നാക്കുന്നു. ഒരു ശത്രുവിന് പകരം അനേകം ശത്രുക്കള്‍ വരുന്നു. ഒരു വമ്പന്‍ തീരുമാനത്തിന് പകരം അനേകം വശങ്ങളില്‍നിന്ന് അനേകം ചെറു തീരുമാനങ്ങള്‍. കൂടംകുളത്ത് ഉദയകുമാറിന് ഒരു മുഖ്യശത്രുവേ ഉള്ളൂ ^കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, കേരളത്തിലെ അനേകം തോടുകള്‍, കാടുകള്‍, പുഴകള്‍ ഇവയ്ക്കെല്ലാം ശത്രുക്കള്‍ പലതാണ്. പല തട്ടിലുള്ളവര്‍. തത്പരകക്ഷികള്‍ അനേകം. അതായത് കാശുണ്ടാക്കാന്‍ താത്പര്യമുള്ള കക്ഷികള്‍.

ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു.

എല്ലാവരും പരിസ്ഥിതി വാദികളാവുന്ന കാലം കൂടിയാണിത്. നല്ലതിനെയും ചീത്തയേയും എല്ലാത്തിനെയും എതിര്‍ക്കുന്നത് ശരിയല്ല.

അട്ടപ്പാടിയില്‍ കാറ്റാടി വരുന്നത് ആദിവാസി ഭൂമിയിലാണ്, ആ ഭൂമി എങ്ങനെ ഏറ്റെടുക്കും എന്നു ചിന്തിക്കുന്നതിനു പകരം കാറ്റാടിയുടെ ഇടയിലൂടെ വരുന്ന കാറ്റ് കൊണ്ടാല്‍ തെങ്ങ് കായ്ക്കില്ല, മാവ് കായ്ക്കില്ല എന്നൊക്കെയാണ് പറയുന്നത്. ഇപ്രകാരമുള്ള ദുഷ്പ്രചരണങ്ങളും പരിസ്ഥിതി മേഖലയെ ബാധിക്കുന്നുണ്ട്. കാര്യങ്ങള്‍ ഗൌരവമായി പഠിക്കാത്ത പലരും വെറും ആവേശത്തിന്റെ പേരില്‍ പലതും പറഞ്ഞുപോകുകയാണ്. കറണ്ടെടുത്താല്‍ വെള്ളത്തിന്റെ ശക്തി പോകും മുതലായ വാദങ്ങള്‍ പോലെ. ആ ഒരു സ്വഭാവത്തില്‍ നിന്നും മാറണം. പരിസ്ഥിതി പ്രശ്നങ്ങള്‍ കേരളത്തില്‍ ഭീകരപ്രശ്നം തന്നെയാണ്. വലിയ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. പക്ഷെ, ചെറിയ അനേകം പദ്ധതികള്‍ വന്നക്കാം.

 

ഡോ. ശങ്കര്‍ മോസ്കോയിലെ പഠനകാലത്ത്


 

ഇത്തിരി നേരം വെറുതെയിരിക്കാം
 
നമ്മുടെ പരിസ്ഥിതി സമരങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണിപ്പോള്‍? ജനകീയ സമരങ്ങള്‍ ഏതു വഴിക്കാണ് നീങ്ങുന്നത്?

എനിക്ക് തോന്നുന്നത് കുറച്ചു കാലത്തേക്ക് സമരങ്ങള്‍ക്ക് അവധി കൊടുത്ത് കാര്യങ്ങള്‍ ചിന്തിക്കാം എന്നാണ്. ഇപ്പോള്‍ നടക്കുന്നത് എന്തിനെയും എതിര്‍ക്കുക എന്നതാണ്. അതിനൊരിക്കലും ജനകീയ പിന്തുണ ഉണ്ടാകില്ല. ഒരു വിട്ടുവീഴ്ച മനോഭാവം ഇന്നത്തെ സമരങ്ങള്‍ക്കില്ല. ഒരു reconciliation ലേക്ക് പോകുന്നതിനുള്ള സാവകാശം നമുക്ക് വേണം. കാര്യപ്രസക്തമായ സമരങ്ങള്‍ ഇല്ലെങ്കില്‍ , അതിന്റെ ഭാഗമായ ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ ആസൂത്രണം ചെയ്യുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നെല്ലിയാമ്പതി സംരക്ഷണത്തിനു വേണ്ടിയുള്ള കൂടിച്ചേരല്‍ ഓര്‍മ്മയുണ്ട്. അതൊരു യോഗമായിരുന്നു. ഒപ്പം തന്നെ, ഗവേഷകനായ ഗവേഷകനായ അമിതാബ് ബച്ചന്‍ കാടര്‍ക്ക് വേണ്ടി രചിച്ച പാഠപുസ്തക പ്രകാശനവും ഇവിടെ ഉണ്ടായിരുന്നു. ഇതിലേതില്‍ പോകണം എന്നതാണ് ഒരു പ്രശ്നം നെല്ലിയാമ്പതി പ്രശ്നത്തിനായി ഒരു മീറ്റിങ് നടത്തി നമുക്കാരുടെയും ശ്രദ്ധ ആകര്‍ഷിക്കാനാവില്ല. അവിടത്തെ ഒരോ എസ്റേറ്റിലും പോയി അവരുടെ പ്രശ്നം മനസ്സിലാക്കി അവിടെയുള്ളവരുടെ തീരുമാനവും അഭിപ്രായവും അറിയുകയാണ് ആദ്യം വേണ്ടത്. ജനകീയസമരങ്ങള്‍ക്ക് തല്‍ക്കാലം ഒരു അവധി പ്രഖ്യാപിക്കേണ്ട സമയമായി എന്നു തന്നെ പറയാം.

 

ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും?


 

ജെ.സി.ബി കാലത്തെ പരിസ്ഥിതി വ്യവഹാരം
 
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അവസ്ഥയെന്താണ്? വരും കാലത്തെ എങ്ങിനെയാണ് പ്രതീക്ഷിക്കുന്നത്?

വ്യവഹാരങ്ങള്‍ എല്ലാം വളരെ ധൃതിപ്പിടിച്ചും ഭയങ്കര ആഘാതം സൃഷ്ടിച്ചും ആണ് നടക്കുന്നത് കാരണം ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും? വലിയ ടിപ്പര്‍ ലോറികള്‍, കരിങ്കല്‍ മാഫിയ ഇവയെല്ലാം ഇന്ന് പ്രശ്നങ്ങളാണ്.

32 വര്‍ഷത്തെ പീച്ചി വാസത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ആനക്കൂട്ടം NH47 വരെ വന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഭൂചലനം ഉണ്ടായത്. 3.6 റിക്ടര്‍ സ്കെയിലിന്റെ ഭൂചലനം. ഇത്തരം ചലനങ്ങള്‍ ഭൂകമ്പ സാധ്യതയേറിയ പ്രദേശങ്ങളുടെ വികസനം എങ്ങനെ നടത്തണമെന്ന ആലോചനകളിലേക്ക് നയിക്കണം. കഠിനമായ പഠനങ്ങള്‍ വേണം. പക്ഷേ അവയൊന്നും നടക്കുന്നില്ല..

 

 

പ്രതീക്ഷ ചെറുമാധ്യമങ്ങളില്‍
 
ഇനിയുള്ളകാലം പരിസ്ഥിതി സംരക്ഷണത്തിന് മാധ്യമങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കാനാവുമോ? വികസനം, പരിസ്ഥിതി ഇവയിലെ മാധ്യമ ഇടപ്പെടലുകള്‍ വരും കാലത്ത് എങ്ങനെയായിരിക്കും?

മാധ്യമങ്ങളെ മാത്രം പഴിച്ചിട്ട് കാര്യമില്ല. കാരണം അവരെ നിയന്ത്രിക്കുന്നത് മുതലാളിമാരാണ്. മുതലാളിമാരെ നിയന്ത്രിക്കുന്നത് സര്‍ക്കുലേഷന്‍, പരസ്യ താല്‍പ്പര്യങ്ങളാണ്. പണമാണ്. പരസ്യക്കാശ് കിട്ടണമെങ്കില്‍ അവര്‍ എന്തു ചെയ്യേണ്ടിവരുമെന്ന് നമുക്കറിയില്ല. ആവശ്യമുള്ള താത്പര്യകക്ഷികളില്‍ നിന്ന് പരസ്യത്തിനായി കാശ് വാങ്ങുമ്പോള്‍ ഏത് വാര്‍ത്ത കൊടുക്കണം , കൊടുക്കരുത് എന്ന സമ്മര്‍ദ്ദം ഉണ്ടാകും.

വലിയ മാധ്യമങ്ങള്‍ക്ക് വലിയ പരിസ്ഥിതി ഇടപെടലുകള്‍ ഉണ്ടാക്കാന്‍ ഇനിയാവില്ല. എന്നാല്‍, ചെറിയ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറെ ഉണ്ട്. റോബിന്റെ കേരളീയം മാസികയെപ്പോലെ, ലിറ്റില്‍ മാഗസിനുകളെപ്പോലെ, പ്രാദേശിക പരിസ്ഥിതി മാഗസിനുകളെപ്പോലെയുള്ളവയുടെ കാലമായിരിക്കും ഇനി. ഇവയെല്ലാം നാളെ കൂടുതല്‍ വായിക്കപ്പെടും. അത്തരം ശ്രമങ്ങള്‍ക്ക് ഇനി പ്രസക്തിയേറും.

(അവസാനിച്ചു)

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’
 
 

One thought on “‘ജനകീയ സമരങ്ങള്‍ക്ക് അവധി കൊടുക്കേണ്ട സമയമായി’

  1. പ്രിയപ്പെട്ട ശങ്കര്‍,ധന്യ ബാലന്‍,
    നന്നായി.നല്ല ലേഖനം!മനസ്സു തുറന്നാല്‍ ഇനിയും നമുക്ക് ഇവിടെ എല്ലാം ഭംഗിയാക്കാം.
    കൂട്ടത്തില്‍,അടിസ്ഥാനമായി,നമ്മള്‍ ചെയ്യേണ്ട ചിലതുകൂടി ഉണ്ട്.കേട്ടാല്‍ ഭ്രാന്തെന്ന് പറഞ്ഞേക്കാം:
    നമ്മുടെ പച്ചപ്പ്‌ നിലനിര്‍ത്തുന്നത്‌ ചിത്രശലഭങ്ങള്‍ കൂടിയാണ് എന്ന കാര്യം ആര്‍ക്കും അറിഞ്ഞുകൂടാ.ഇന്ന് വര്‍ണ്ണഭംഗിയുള്ള ശലഭങ്ങള്‍ ഒക്കെ,മണിമാളികയിലെ കണ്ണാടിക്കൂട്ടില്‍ വസന്തം വിരിയിച്ചുകൊണ്ടിരിയ്ക്കയാണ്.ഇത്തരം നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ കൂടി ഒരു ബോധവല്‍ക്കരണം ആവശ്യപെടുന്നു.
    ഇക്കാര്യത്തിലേയ്ക്ക് കണ്ണ് തുറക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണം.

Leave a Reply

Your email address will not be published. Required fields are marked *