നൊവേല്‍ കൊറോണ വൈറസ്: ഗള്‍ഫില്‍നിന്നൊരു മുന്നറിയിപ്പ്

 
 
 
 
നൊവേല്‍ കൊറോണ വൈറസ് എന്ന പുതിയ ഭീഷണിയെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍:. കോഴിക്കോട് വിമാനത്താവളത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹമീദ് കെ. വി എഴുതുന്നു
 
 
ലോകത്തിന് ഭീഷണിയുമായി ഒരു പുതിയ വൈറസ് കൂടിയെത്തുന്നു. പൂര്‍ണാര്‍ത്ഥത്തില്‍ പുതിയതെന്ന് പറയാനാവില്ല. ജലദോഷത്തിന് കാരണമായ കൊറോണ വൈറസിന് ജനിതകപരിണാമം സംഭവിച്ചാണ് ഈ വൈറസിന്റെ പിറവി. പുതിയ കൊറോണ വൈറസ് എന്ന അര്‍ത്ഥത്തില്‍ നൊവേല്‍ കൊറോണ വൈറസ് എന്നാണിതിന് പേരിട്ടത്. ജലദോഷ കാരണമായ കൊറോണ വൈറസ് അപകടകാരിയായി മാറിയതിന് ഏറെ മുന്നുദാഹരണങ്ങളുണ്ട്. ജനിതക പരിണാമത്തിലൂടെ അപകടകാരിയായി മാറിയ 1918ലെ സ്പാനിഷ് ഫ്ലൂ ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകളെ ഇല്ലാതാക്കിയിട്ടുണ്ട്. 2002ല്‍ ഇതുപോലെ രൂപം മാറിയെത്തിയ പക്ഷിപ്പനിയും (Severe Acute Respiratory Syndrome -SARS ) 2008ല്‍ പ്രത്യക്ഷപ്പെട്ട H1N1 പനിയും ലോകത്തിന് ഭീതി പരത്തിയിരുന്നു.

ഡോ. ഹമീദ് കെ. വി


ലോക ജനതയുടെ വലിയൊരു ഭാഗം സൌദിയില്‍ തമ്പടിക്കുന്ന ഹജ്ജ് കാലത്താണ് സൌദി അറേബ്യയിലും ഖത്തറിലും രണ്ട് പേരെ രോഗികളാക്കിയ ഈ രോഗബാധയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ ഏജന്‍സികളും പുതിയ രോഗത്തെക്കുറിച്ച് തിരക്കിട്ട പഠന ഗവേഷണങ്ങളിലാണ്. പക്ഷിപ്പനിക്ക് സമാനമെങ്കിലും ഈ വൈറസ് ബാധയെക്കുറിച്ച് അത്രയേറെ ആശങ്ക പുലര്‍ത്തേണ്ടതില്ലെന്നതാണ് ഇതുവരെയുള്ള നിഗമനം. രണ്ട് പേര്‍ക്ക് മാത്രമേ ഇതുവരെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്നതല്ല ഈ രോഗം എന്നതാണ് നിഗമനം. എങ്കിലും, രോഗബാധ മനുഷ്യവംശത്തിന് ഭീഷണിയാവുന്നതിന് മുമ്പ് പ്രതിരോധ നടപടികള്‍ തുടരാനും രോഗബാധയുണ്ടായ രാജ്യങ്ങളുടെ സഹായത്തോടെ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താനുമാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള സൌെദി, ഖത്തര്‍ യാത്രക്കാരെ നിരീക്ഷിക്കാനും രോഗബാധയെക്കുറിച്ച് ജാഗ്രത പുലര്‍ത്താനും ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും എല്ലാ വിമാനത്താവളങ്ങളിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് – ഈ മുന്നറിയിപ്പുകളുടെ വെളിച്ചത്തില്‍, രോഗത്തെക്കുറിച്ചും, ബോധവല്‍കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സമാനമായ മുന്നനുഭവങ്ങളെക്കുറിച്ചും കോഴിക്കോട് വിമാനത്താവളത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹമീദ് കെ. വി എഴുതുന്നു

 

 

ഈ ഹജ്ജ് കാലത്ത് ഒരു പുതിയ വൈറസിന്റെ വരവിനെക്കുറിച്ച് തിരിച്ചറിവുണ്ടായിരിക്കുന്നു. നൊവേല്‍ കൊറോണ വൈറസ്.ജലദോഷത്തിന് കാരണമായ കൊറോണ വൈറസിന് ജനിതകപരിണാമം സംഭവിച്ചാണ് ഈ വൈറസിന്റെ പിറവി. 2002ല്‍ ലോകവ്യാപകമായി പടര്‍ന്ന പക്ഷിപ്പനിക്ക് (Severe Acute Respiratory Syndrome -‘SARS ) സമാനമാണ് ഇത്. രോഗത്തെ തുടര്‍ന്ന് ഒരു സൌദി അറേബ്യന്‍ പൌരന്‍ മരിച്ചു. സൌദി യാത്ര കഴിഞ്ഞ ഉടന്‍ രോഗബാധിതനായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു ഖത്തര്‍ പൌരന്‍ ചികില്‍സയിലാണ്. ഇതുവരെ കേട്ടറിവില്ലാത്ത പുതിയ രോഗമാണ് ഇവര്‍ക്കെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ലോകാരോഗ്യ സംഘടനയും ലോകരാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ കടുത്ത ജാഗ്രതയിലാണ്.

സൌദിയില്‍നിന്നാണ് രോഗബാധയുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് ലോകമെങ്ങുമുള്ള ആയിരക്കണക്കിന് മുസ്ലിംകള്‍ സ്വന്തം നാടുകളില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയവും ഇക്കാര്യത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെറും രണ്ടു പേര്‍ക്ക് മാത്രമാണ് രോഗം കാണപ്പെട്ടത്. ഇതു തന്നെ പരസ്പരം പകര്‍ന്നതല്ലെന്നാണ് നിഗമനം. കാര്യമായ ആശങ്കക്ക് വകയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും രോഗ ലക്ഷണങ്ങളുമായി വരുന്ന സൌദി, ഖത്തര്‍ യാത്രക്കാരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്താതെ തന്നെ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.

പനി, ചുമ എന്നിവയോടു കൂടിയ സാധാരണ ജലദോഷപ്പനിയില്‍നിന്ന് വ്യത്യസ്തമായ കടുത്ത ശ്വാസകോശ രോഗമാണ് ഇതിന്റെ മുഖ്യലക്ഷണം. സൌദി, ഖത്തര്‍ യാത്രക്കാര്‍ക്കിടയില്‍ ഇത്തരം അവസ്ഥയിലുള്ള രോഗികളുണ്ടോ എന്ന കാര്യത്തില്‍ വിമാനത്താവളങ്ങളില്‍ സൂക്ഷ്മ നിരീക്ഷണമുണ്ടാവും. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ പ്രത്യേകം വേര്‍തിരിച്ച പരിശോധനകളൊന്നും വിമാനത്താവളങ്ങളില്‍ ഉണ്ടാവില്ല.

 

 

ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്തകള്‍
ബ്രിട്ടനില്‍നിന്നാണ് ഈ രോഗബാധയുടെ വാര്‍ത്ത പുറത്തുവന്നത്. സെപ്തംബറില്‍ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു ഖത്തര്‍ പൌരനാണ് ഈ രോഗം കണ്ടെത്തിയത്. സൌദി അറേബ്യയില്‍ക്കൂടി യാത്ര ചെയ്ത ശേഷം ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഒരാശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ന്യുമോണിയ വൃക്ക രോഗങ്ങളിലേക്കുകൂടി ഗതിമാറിയപ്പോള്‍ വിമാന ആംബുലന്‍സില്‍ യു.കെയില്‍ എത്തിക്കുകയായിരുന്നു. അവിടുത്തെ പരിശോധനയിലാണ് ഇതൊരു പുതിയ തരം വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

2012 ജൂണ്‍ മാസത്തില്‍ ലണ്ടനിലെ അതേ ആശുപത്രിയില്‍ സമാനസാഹചര്യങ്ങളില്‍ മരിച്ച സൌദി പൌരനും ഇതേ അസുഖമായിരുന്നെന്നും കണ്ടെത്തി. ന്യുമോണിയ മൂലം മരണപ്പെട്ട സൌദി പൌരന്റെ നെഞ്ചില്‍ നിന്ന് പോസ്ററ് മോര്‍ട്ടത്തില്‍ വേര്‍തിരിച്ചെടുത്ത വൈറസുമായുള്ള രൂപസാദൃശ്യവും ജനിതക പഠനങ്ങളിലെ യോജിപ്പും ഈ രണ്ട് രോഗങ്ങളും ഒരു പുതിയ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു.

മൂന്ന് മാസത്തെ കാലയളവില്‍ തിരിച്ചറിയപ്പെട്ട ഈ വൈറസ് ബാധ പരസ്പരം പകര്‍ന്നതല്ല എന്നത് വ്യക്തം. പഠനവിധേയരായ രോഗിയുടെ ബന്ധുക്കളിലും, ശുശ്രൂഷകരിലും ഈ രോഗം പടര്‍ന്നുകാണാത്തതിനാലും അവരുടെ രക്തത്തില്‍ ഈ രോഗാണുവിനെതിരെയുള്ള പ്രതിരോധ വസ്തുക്കളെ കാണാത്തതിനാലും ഇതൊരു പുതിയ വൈറസ് രോഗമാണെന്നും, അത് പരസ്പരം പകരുന്നതല്ല എന്നും ഉള്ള നിഗമനത്തില്‍ വിദഗ്ദര്‍ എത്തിച്ചേര്‍ന്നു.

ലോകത്ത് ഇന്നേവരെ ഈ രണ്ടു രോഗികളില്‍ മാത്രമേ ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളൂ. എങ്കിലും ഇതൊരു പുതിയ വൈറസ് ബാധയായതിനാലും അവക്കെതിരെയുള്ള പ്രതിരോധം മനുഷ്യശരീരത്തില്‍ ഇല്ലാത്തതിനാലും ലോകാരോഗ്യ സംഘടനലോകവ്യാപകമായി നിരീക്ഷണത്തിനും, പഠനത്തിനും ആഹ്വാനം ചെയ്തിരിക്കുന്നു. അംഗരാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ലോകാരോഗ്യ സംഘടന വിളംബരം ചെയ്തിട്ടുണ്ട്.

 

 

രൂപം മാറിയെത്തുന്ന രോഗം
ലോക വ്യാപകമായി കണ്ടുവരുന്ന ഒരു വൈറസാണ് കൊറോണ വൈറസ്. ജലദോഷം എന്നറിയപ്പെടുന്ന, നേരിയ പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തുമ്മല്‍ ഇത്രമാത്രം രോഗലക്ഷണങ്ങളുള്ള രോഗത്തിന്റെ ഹേതുവാണ് കൊറോണ വൈറസ്. 25-50 നാനോ മീറ്റര്‍ മാത്രം വലിപ്പമുള്ള ഇവയുടെ രൂപം സൂര്യന്റെ ചിത്രത്തോട് സമാനമാണ്. പേരുപോലെത്തന്നെ വട്ടത്തിലുള്ള ഒരു കവചവും അതിനുള്ളില്‍ ആര്‍.എന്‍.എ. എന്ന ന്യൂക്ളിയസിന്റെ ഒരു അഗാംശവും ഉള്ള ഇവക്ക് പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന പെപ്ളോമിയര്‍ എന്ന രോമസാദൃശ്യമുള്ള അവയങ്ങളും ഉണ്ട്.

ഈ കൊറോണ വൈറസിന്റെ പരിണാമത്തിലൂടെയാണ് ജലദോഷം, ന്യുമോണിയ, വൃക്ക രോഗങ്ങള്‍ എന്നിവ കൂടാതെ ദഹനേന്ദ്രിയങ്ങളിലും പടര്‍ന്നു കയറുന്ന പുതിയ കൊറോണ വൈറസ് പിറവിയെടുത്തത്. നൊവേല്‍ കൊറോണ വൈറസ് എന്ന ഈ രോഗഹതുേവിനെതിരെ പ്രകൃത്യാലുള്ള സംരക്ഷണമോ, അതുകൊണ്ടുതന്നെ കുത്തിവെപ്പുകളോ, ചികിത്സയോ ഇല്ലതന്നെ. ഈ വൈറസ് ബാധയേറ്റ രണ്ട് രോഗികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെങ്കിലും ഈ തിരിച്ചറിവിന്റെ പ്രാധാന്യവും, രോഗപ്രതിരോധ ശക്തിയില്ലാത്ത ഒരു സമൂഹത്തിന്റെ നിസ്സംഗതയും നാം തിരിച്ചറിയണം. ഇതിനെതിരെ പ്രതിരോധമുയര്‍ത്തുകയും ചെയ്യണം.

 

 

പക്ഷിപ്പനി അനുഭവം
2002 നവംബര്‍ മാസത്തിലാണ് സമാനമായ മറ്റൊരു വൈറസ് രോഗം ലോകമാകെ ഭീതി പരത്തിയത്. പക്ഷിപ്പനി (Severe Acute Respiratory Syndrome -‘SARS )എന്ന ഈ രോഗത്തിനും ഹേതു കൊറോണ വൈറസായിരുന്നു.

ചൈനയിലെ ഗുവാങ്സോംഗ് പ്രവിശ്യയിലാണ് ആദ്യം ഇതുണ്ടായത്. പിന്നീടിത് ലോകമറിയുന്നത് ചൈനക്കാരനായ ഒരു ഡോക്ടര്‍ രോഗബാധിതനായി ഹോങ്കോങ്ങിലെ ഒരു ആശുപത്രിയില്‍ മരണപ്പെട്ട ശേഷമാണ്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ ഇതര ദേശക്കാരായ മറ്റു പന്ത്രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാം അവരവരുടെ രാജ്യങ്ങളിലേക്ക് ഈ രോഗാണുബാധയുമായി പോകുകയും അന്നാടുകളില്‍ രോഗം പടര്‍ത്തുകയും ചെയ്തു.

പുതിയ വൈറസിനെതിരെ രോഗപ്രതിരോധ ശേഷിയില്ലാത്ത മനുഷ്യകുലത്തിലാകെ ഇത് തീ പോലെ പടര്‍ന്നു. അയര്‍ലന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യ എന്നീ രാജ്യങ്ങള്‍ ഇരകളായി. ഭാഗ്യത്തിന് ഇന്ത്യയില്‍ ഒരു രോഗി മാത്രമേ തിരിച്ചറിയപ്പെട്ടിട്ടുള്ളു. 2002 ജൂലായില്‍ ഈ രോഗം വിദഗ്ദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. രോഗ പ്രതിരോധത്തിന് ഉത്തരവാദിയും അതിനാല്‍ത്തന്നെ ശ്ലാഘനീയനുമായ ഡോ. ഉര്‍ബാനിയുടെ പേരില്‍ ഈ രോഗം അറിയപ്പെടുന്നു. രോഗാണു ബാധയുള്ളവരെയും രോഗാണു ഭീതിയുള്ളവരെയും മാറ്റി താമസിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ രീതി.

 

 

സ്വാധീനവും H1N1 വൈറസും
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇതുപോലെ മറ്റൊരു വൈറസ് ബാധ ഭീതി പരത്തിയത്. എച്ച്.വണ്‍ എന്‍.വണ്‍ വൈറസ് ബാധ. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഈ രോഗാണുവിന്റെ പ്രവേശനം തടയുന്നതില്‍ ഡോക്ടര്‍മാരും സഹായികളും വിമാനത്താവള / തുറമുഖ ഉദ്യോഗസ്ഥരും ജാഗരൂകരായിരുന്നു. അന്ന് വിമാന/ കടല്‍ യാത്രക്കാരെ ഇന്ത്യയില്‍ വരുമ്പോള്‍ പരിശോധിയ്ക്കുകയും, രോഗാണുബാധ സംശയിക്കപ്പെട്ടവരെയെല്ലാം സമ്പര്‍ക്ക രഹിതരാക്കുകയും ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കപ്പെടുകയും ചെയ്തിരുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വൈറസിനെ തിരിച്ചറിയുകയും, കുത്തിവെപ്പുകളും സുരക്ഷാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തതിനാല്‍ ഭീതി ശമിച്ചെങ്കിലും, അന്നു വിമാനത്താവളങ്ങളില്‍ വരി നില്ക്കാന്‍ മടിച്ച് കടന്നു കടന്നുകളഞ്ഞവരും, ഹുങ്ക്കൊണ്ട് പരിശോധന നിഷേധിച്ച് സ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടവരും പടര്‍ത്തിയ രോഗാണുക്കള്‍ ഇപ്പോള്‍ചില സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും ഇപ്പോള്‍ രോഗാണു പ്രതിരോധ വിധേയമാണ്.

 

 

മഞ്ഞപ്പനി: ഇന്ത്യയില്‍ ഇങ്ങനെ
ആഫ്രിക്കന്‍ രാജ്യങ്ങളിലും ചില അമേരിക്കന്‍ രാജ്യങ്ങളിലും ഇന്നും പടര്‍ന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പനി (യെല്ലോ ഫീവര്‍).) . ഒരു തരം കൊതുകുകളാണ് (ഈഡിസ് -Aedis) ഈ രോഗം വഹിക്കുന്നതും പടര്‍ത്തുന്നതും. ഈ കൊതുകുകളോട് സാദൃശ്യമുള്ളതും രോഗവാഹക ശക്തിയുള്ളവയുമായ കൊതുകുകളാണ് ഇവിടെയും മൂളിപ്പറക്കുന്നത്. ഇന്ത്യയില്‍ ഈ രോഗാണു സംസര്‍ഗ്ഗം ഇല്ലാത്തതിനാല്‍ രോഗപ്രതിരോധശേഷി സ്വാഭാവികമായി നേടിയിട്ടില്ല.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്ത് പ്രതിരോധശേഷി നേടിയശേഷമേ (10 ദിവസം കഴിഞ്ഞതിനുശേഷം) യാത്ര ചെയ്യാന്‍ പാടുള്ളു. ഈ നിയമങ്ങള്‍ കര്‍ശനമായും വായു / തുറമുഖ പോര്‍ട്ടുകള്‍ പാലിച്ചു വരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഇതല്ല അവസ്ഥ. രോഗാണു മുക്തമാക്കുന്ന ഈ നിയമങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു. അനാസ്ഥയും അറിവില്ലായ്മയും തന്നെ കാരണം. ഉദാഹരണമായി, രോഗം ഇടക്കിടെ താണ്ഡവമാടുന്ന ആഫ്രിക്കന്‍ നാടുകളിലേയും ചില അമേരിക്കന്‍ രാജ്യങ്ങളിലൂടെയുമുള്ള യാത്രയ്ക്കും താമസത്തിനും ആഭ്യന്തര യാത്രനിയമ പ്രകാരമുള്ള കുത്തിവെയ്പ്പുകള്‍ നിര്‍ബന്ധമാണ്. തിരികെ വരുന്ന യാത്രക്കാര്‍ക്ക്, ഇത്തരം രേഖയില്ലെങ്കില്‍, രോഗാണുബാധ ലക്ഷണങ്ങളുടെ പ്രാരംഭകാലം കഴിഞ്ഞുമാത്രമേ ആളുകളുമായും പരിസരങ്ങളുമായും ബന്ധപ്പെടുവാന്‍ പാടുള്ളു.

ഇതിന്, ഒരാഴ്ച കാലത്തേക്കെങ്കിലും യാത്രികനെ മാറ്റി താമസിപ്പിക്കുകയെ നിവൃത്തിയുള്ളു. ഈ അടുത്ത് ഇങ്ങിനെ മാറ്റിത്താമസിച്ച രണ്ട് യാത്രക്കാര്‍ സ്വാധീനമുപയോഗിച്ച് രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കഴിഞ്ഞിരുന്നു. രോഗത്തെയും രോഗപ്രതിരോധത്തെയും കുറിച്ചുള്ള വിവരം സ്വാംശീകരിക്കപ്പെടാത്തത് തന്നെയാണ് ഈ അനാസ്ഥക്ക് മുഖ്യ കാരണം.

നിയമം ലംഘിച്ച് നാട്ടിലെത്തിയ ഇവര്‍ക്ക് രോഗാണുബാധയുണ്ടായിരുന്നെങ്കിലോ? എന്താവുമായിരുന്നു അവസ്ഥ? ഈ രാജ്യമാകെ അവര്‍ മഞ്ഞപ്പനി പരത്തുമായിരുന്നു. രക്തസ്രാവവും മരണവും 80%വരെ സുനിശ്ചിതമായ ഈ രോഗം നമ്മെ അടിമകളാക്കി മാറ്റുന്നത് ഇല്ലാതായത് ഭാഗ്യം കൊണ്ടു മാത്രമാണ്.

ഈ അനുഭവങ്ങള്‍ തന്നെയാവണം, പുതിയ വൈറസ് ബാധയെ നേരിടുമ്പോഴും നമ്മുടെ മനസ്സിലുണ്ടാവേണ്ടത്. രോഗബാധയുടെ ഗൌരവസ്വഭാവം പൂര്‍ണമായും മനസ്സിലാക്കി സമൂഹമെന്ന നിലയില്‍ നാം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്. രോഗത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലിക ലാഭങ്ങള്‍ക്കായി മറികടക്കുന്ന സ്വഭാവം ഇനിയെങ്കിലും നാം ഉപേക്ഷിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായി സഹകരിക്കാതെ ഇത്തരം സാഹചര്യങ്ങളെ നേരിടുക എളുപ്പമാവില്ല.
 
 
 
 

2 thoughts on “നൊവേല്‍ കൊറോണ വൈറസ്: ഗള്‍ഫില്‍നിന്നൊരു മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *