പറുദീസയിലേക്കുള്ള ദൂരം

 
 
 
 
ആര്‍. ശരത്തിന്റെ പറുദീസയെ മുന്‍നിര്‍ത്തിയുള്ള സാംസ്കാരിക വിചാരം. ഡോ. അജയ് ശേഖര്‍ എഴുതുന്നു
 
 
ചലച്ചിത്രമെന്ന നിര്‍ണായക ബഹുജന മാധ്യമത്തിലൂടെ കേരളത്തിന്റെ ഈ സവിശേഷ സാംസ്കാരിക പ്രശ്നപരിസരത്തെ തൊടാനുള്ള ശ്രമമാണ് ആര്‍. ശരത്തും വിനു ഏബ്രഹാമും തമ്പിയാന്റണിയും കൂടി പറുദീസ (2012) എന്ന സിനിമയില്‍ നടത്തിയിരിക്കുന്നത്. മതപൌരോഹിത്യ ആണ്‍കോയ്മയുടെ ദമനങ്ങളേയും ഹിംസാത്മകതയേയും വെളിച്ചപ്പെടുത്തുന്നുവെങ്കിലും ദലിത് ക്രൈസ്തവീയതയുടെ പ്രതിസന്ധികളെ ഭാഗികമായി സ്പര്‍ശിക്കാന്‍ മാത്രമേ ചിത്രത്തിനാകുന്നുള്ളു.

മലയോരമേഖലയിലെ പള്ളിയില്‍ വികാരിയായ ആഞ്ഞിലിത്താനത്തച്ചനും കപ്പിയാരായ ജോസും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. വികാരിയച്ചനായി ശ്രീനിവാസനും കപ്പിയാരായി തമ്പിയാന്റണിയും സൂക്ഷ്മമായി അടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. പള്ളിയിലെ കുശിനിക്കാരിയും അനാഥയുമായ ത്രേസ്യ പല അഗമ്യഗമനങ്ങള്‍ക്കും ഇരയാകേണ്ടിവരുന്നു. പള്ളിയും പട്ടക്കാരും കൈക്കാരുമെല്ലാമടങ്ങുന്ന ഒരു പൌരോഹിത്യ-ആണ്‍കോയ്മാ-മൂലധന വ്യവസ്ഥിതിയില്‍ ആരോരുമില്ലാത്ത പണിക്കാരിയായ പെണ്ണ് ലൈംഗികമായും അധ്വാനപരമായും ചൂഷണം ചെയ്യപ്പെടുന്നു. ശ്വേതയവതരിപ്പിക്കുന്ന ഈ നാടന്‍പെണ്ണിന്റെ പ്രതിനിധാനം വ്യക്തമായും ആണ്‍കോയ്മാനോട്ടങ്ങളിലും കാമനാ മൂല്യങ്ങളിലും പരസ്യ തന്ത്രങ്ങളിലും പോസ്ററിങ്ങിന്റെ രാഷ്ട്രീയത്തിനകത്തും രൂപപ്പെടുത്തിയിരിക്കുന്നതാണ്. എന്നാല്‍ പ്രബലമായ പുരുഷാധിപത്യ മൂല്യങ്ങളുടെ അധീശത്വത്തിന്‍ കീഴില്‍ ഒരു പെണ്ണിന്റെ നിസ്സാരതയേയും നിരാശ്രയത്വത്തേയും ദൃശ്യവല്‍ക്കരിക്കുന്നതില്‍ സൂചിതാര്‍ഥത്തില്‍ തിരക്കഥയും ചലച്ചിത്രാവിഷ്കാരവും വിജയിച്ചിരിക്കുന്നു- ആര്‍. ശരത്തിന്റെ പറുദീസയെ മുന്‍നിര്‍ത്തിയുള്ള സാംസ്കാരിക വിചാരം. ഡോ. അജയ് ശേഖര്‍ എഴുതുന്നു

 

 

ഓര്‍ക്കുമ്പോള്‍ ഖേദമുള്ളില്‍ ആരംഭിക്കുന്നേ…
പൊയ്കയില്‍ അപ്പച്ചന്‍
 
അടിമകളേയും ഏഴകളേയും പാപികളേയും പുറന്തള്ളപ്പെട്ടവരേയും ഉയിര്‍പ്പിക്കുന്ന ക്രിസ്തുരാജ്യം കൈവരുത്താനുള്ള ചരിത്രപരമായ വലിയ വേലയിലാണ് തിരുസഭയും ബോധകരും. കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിലും രാഷ്ട്രീയ മാറ്റത്തിലും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മിഷനറി ഇടപെടലും പൌരസ്ത്യസഭകളുടെ വിദ്യാഭ്യാസ^ബോധന പ്രവര്‍ത്തനങ്ങളും. യേശുവിന്റെ അതിരുകളില്ലാത്ത അന്‍ പും ത്യാഗവും ശക്തമായ വിമോചന രാഷ്ട്രീയവും ജീവിതപ്പോരാട്ടവും അധിനിവേശിത ലോകത്തെമ്പാടും എന്ന പോലെ തെന്നിന്ത്യയിലെ ഒട്ടനവധി ജനതകളേയും വെളിച്ചത്തിലേക്കും സാമൂഹ്യ പുരോഗതിയിലേക്കും നയിച്ചിട്ടുണ്ട്. അമ്പതു കൊല്ലം മുമ്പു വരെ കേരളത്തിലെ തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമായിരുന്ന അടിസ്ഥാന അവര്‍ണ ജനതകളെ നവോത്ഥാന സാംസ്കാരിക വിപ്ലവങ്ങളിലേക്കും സാമൂഹ്യസമരത്തിലേക്കും പ്രചോദിപ്പിച്ചതും കൊളോണിയല്‍ ആധുനികതയും ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആയിരുന്നു.

ഡോ. അജയ് ശേഖര്‍


അധിനിവേശവും വിമോചനവും
പത്തൊമ്പതാം നൂറ്റാണ്ടില്‍ നാഞ്ചിനാടിനെ ഇളക്കിമറിച്ച മാറുമറയ്ക്കല്‍ സമരത്തിനു വഴിതെളിച്ചതും നാടാര്‍ സമുദായത്തിനിടയില്‍ പ്രവര്‍ത്തിച്ച ക്രിസ്തുവിന്റെ എണ്ണം പറഞ്ഞ പ്രബോധകരായിരുന്നു. പാശ്ചാത്യ അധിനിവേശത്തിന്റെ മുഖപ്പാളകള്‍ എന്നതിലുപരിയായ വിമോചനചരിത്രവും ആത്മീയ ദൌത്യവും ക്രൈസ്തവ സുവിശേഷത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും തെന്നിന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. വിമോചനാത്മകമായ ഒരു മുറിവായാണ് ഗായത്രി സ്പിവക്കിനെ പോലുള്ള അക്കാദമിക കീഴാള പഠിതാക്കള്‍ പോലും പടിഞ്ഞാറന്‍ അധിനിവേശത്തെ കാണുന്നത്.

സിന്ധു തടത്തിലെ ദ്രാവിഡനാഗരികതയുടെ ഛേദത്തെ തുടര്‍ന്ന് നാലായിരം കൊല്ലത്തെ ജാതിയുടേയും വേദാധികാരത്തിന്റേയും സ്മൃതിശ്രുതി വഴക്കങ്ങളുടേയും മൃഗീയമായ ബ്രാഹ്മണിക വാഴ്ച്ചയെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവും നീതിയും തെല്ലൊന്നസ്ഥിരപ്പെടുത്തി. ഫൂലേയുടേയും അംബേദ്കറുടേയും ഉദയം ഈ സവിശേഷ ഭൂമികയിലാണ്. കേരളത്തില്‍ ചാന്നാര്‍ കലാപങ്ങളെ തുടര്‍ന്ന് അയ്യാവൈകുണ്ഠനിലും ചട്ടമ്പിസ്വാമിയിലും നാരായണഗുരുവിലും മഹാത്മാ അയ്യങ്കാളിയിലും പൊയ്കയിലപ്പച്ചനിലും കൂടി അടിസ്ഥാന ജനസമൂഹങ്ങള്‍ സാമൂഹ്യനീതിയുടേയും വിമോചനത്തിന്റേയും പുതിയ കാലങ്ങളേയും ലോകങ്ങളേയും സാധ്യമാക്കുകയുണ്ടായി.

 

തമ്പിയാന്റണി


 

മിഷനറി മതങ്ങള്‍
ക്രിസ്തുമതം കേരളത്തിലെ ആദ്യത്തെ മിഷനറി മതമല്ല. ക്രിസ്തുവിന് മൂന്നൂറു കൊല്ലം മുമ്പു തന്നെ ജൈനരും ആജീവികരും ബൌദ്ധരുമായ ചമണ ബോധകര്‍ അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്ന ചേരനാട്ടിലെത്തി അക്ഷരവെളിച്ചവും നീതിബോധവും സംഘകാലത്തെ പാണരും പറയരും വില്ലോരും ചാന്റോരും ഉഴവരുമടങ്ങുന്ന തദ്ദേശീയ ഗണങ്ങള്‍ക്കിടയില്‍ പടര്‍ത്തുകയുണ്ടായി. ലോകചരിത്രത്തിലെ തന്നെ ആദ്യ മിഷനറി മതങ്ങളായ ജൈനബുദ്ധ നൈതികതകളുടെ ആയിരത്താണ്ടിലധികമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന്റേയും തെന്നിന്ത്യയുടേയും മാനവിക, നൈതിക, ജനായത്ത സംസ്കാരങ്ങളുടെ ആധാരഭൂമികയാണ്. ബ്രാഹ്മിലിപിയും വട്ടെഴുത്തുമെല്ലാം തമിഴകത്ത് അവതരിപ്പിച്ചത് ചമണമുനിമാരായ ‘ശൂന്യരും ഹീനരുമായ’ (നാസ്തികര്‍ എന്ന അര്‍ഥത്തില്‍ പില്‍ക്കാലത്ത് ബ്രാഹ്മണിസം ഉപയോഗിച്ച അധിക്ഷേപവാക്കുകള്‍) സുവിശേഷകരാണ്. എട്ടാം നൂറ്റാണ്ടോടെ രാജവംശങ്ങളേയും വരേണ്യരേയും വശത്താക്കിക്കൊണ്ട്, ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കനത്ത കീഴാളഊര്‍ജവും ബുദ്ധിപൂര്‍വം ഉപയോഗിച്ചുകൊണ്ട് ബ്രാഹ്മണിക ഹിന്ദുമതം കേരളത്തില്‍ അധീശത്വം സ്ഥാപിച്ചു.

ചമണപ്പള്ളികളും സംഘവിഹാരങ്ങളും സംഘാരാമങ്ങളും സവര്‍ണക്ഷേത്രങ്ങളാക്കപ്പെട്ടു. ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥിതിയും തീണ്ടലും നടപ്പാക്കി ജാതിയെന്തെന്നറിയാതിരുന്ന ജനങ്ങളെ ഭിന്നിപ്പിച്ചു നശിപ്പിച്ചു. വിഭജിപ്പിച്ചു ഭരിക്കുക എന്ന അധീശതന്ത്രം ബ്രാഹ്മണിക ആന്തരാധിനിവേശമാണ് ഇന്ത്യയിലാദ്യം നടപ്പാക്കിയത്. ചമണപാരമ്പര്യം തുടര്‍ന്ന ബ്രാഹ്മണിസത്തിനു കീഴ്വഴങ്ങാതിരുന്ന അടിസ്ഥാന ജനതകളെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ അവര്‍ണരാക്കി വര്‍ണവ്യവസ്ഥയ്ക്കും മനുഷ്യപദവിക്കും പുറത്താക്കി.

കേവലം ശൂന്യരും ഹീനരുമായ ചണ്ടാളകോടികളെ അഞ്ചാം വേദക്കാരെന്നും പഞ്ചമരെന്നും നീചയോനികളെന്നും ആട്ടിയകറ്റി അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചു തെഴുത്തു, മധ്യകാലങ്ങളില്‍ കേരള സവര്‍ണത. അവരുടേതായിരുന്ന വട്ടങ്ങളും അമ്പലങ്ങളും അവരുടെ നേരേ കൊട്ടിയടച്ചു. പഴയ ചമണപ്പള്ളികളായിരുന്ന പുതിയ സവര്‍ണ ക്ഷേത്രങ്ങളുടെ അടുത്തുള്ള വഴികളില്‍ പോലും അവര്‍ക്കു വിലക്കു നടപ്പാക്കിയത് അവരെങ്ങാനും സംഘടിതരായി സ്വന്തം പള്ളികളും വട്ടങ്ങളും അമ്പലങ്ങളും തിരിച്ചു പിടിക്കുമോ എന്ന ഉള്‍ഭയം ഒന്നുകൊണ്ടുതന്നെ. മാവേലിക്കരയിലേയും കരുമാടിയിലേയും കറ്റാനത്തേയും പട്ടണത്തേയും ബുദ്ധ വിഗ്രഹങ്ങള്‍ ഇന്നത്തെ സവര്‍ണക്ഷേത്രങ്ങളുടെ കുളങ്ങളില്‍ നിന്നോ സമീപത്തുള്ള പാടങ്ങളില്‍ നിന്നോ ആണ് വീണ്ടെടുക്കപ്പെട്ടത്.

 

ശ്രീനിവാസന്‍


 

ക്ഷുദ്രനിലയുടെ പൊരുള്‍
ആദിശങ്കരനും കിങ്കരന്‍മാരും വില്വമംഗലം സ്വാമിയാര്‍മാരുമാണ് (ചുരുങ്ങിയത് മൂന്നു വില്വമംഗലങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍) ചമണ മതഹിംസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് ഹിന്ദുസന്യാസിയായ വിവേകാനന്ദന്‍ തന്നെ തന്റെ സാഹിത്യ സര്‍വ്വസ്വത്തില്‍ ഏറ്റുപറയുന്നു. സനാതനിയായ ആ വംഗയുവയോഗിക്കു പോലും ഭ്രാന്താലയം എന്നു വിളിക്കേണ്ടി വന്ന കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ക്ഷുദ്രനില നിര്‍മിച്ചത് ബ്രാഹ്മണ്യവും അതിന്റെ സൃഷ്ടിയായ വര്‍ണ^ജാതി വ്യവസ്ഥിതിയും കൂടിയാണ്. നായിലും നാണം കെട്ടുള്ള പാദദാസരുടെ കുപ്പിണിവേലകളും മാടമ്പിത്തരവും അവര്‍ണരുടെ ദുരിതവും സഹനവുമേറ്റി. കിരാതമായ അയിത്തവും അടിമത്തവും അവര്‍ണരുടെ അതിജീവനചരിത്രത്തിനു വഴിമാറി, ഐതിഹാസികമായിരുന്നു നൈതികതയുടെ ആ നവോത്ഥാനം.

പാശ്ചാത്യാധിനിവേശ ആധുനികതയും മിഷനറി ഇടപെടലും തന്നെയാണ് ഈ അഴുകിയ ദുരവസ്ഥയില്‍ നിന്നും ഇന്ത്യയിലെ ബഹുജനങ്ങളേയും പിന്നണി ജനതകളേയും മോചിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിനു തൊട്ടുമുമ്പ് മഹാരാഷ്ട്രത്തില്‍ മഹാത്മാ ഫൂലേ തന്റെ ബലിരാജ്യത്തെ ക്രിസ്തുരാജ്യവുമായി താരതമ്യം ചെയ്തു. ഇംഗ്ലീഷുകാരാണ് നമുക്കു സന്യാസം തന്നതെന്ന് കേരളപുത്രനായ നാരായണഗുരു അസന്ദിഗ്ധമായി പ്രസ്താവിച്ചു. രണ്ടുതലമുറയോളം ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയ ദലിത് കുടുംബത്തില്‍ നിന്നാണ് ഇന്ത്യയുടെ ജനായത്ത ഭാവിയും നവബുദ്ധനുമായ ഡോക്ടര്‍ അംബേദ്കര്‍ ഉയര്‍ന്നു വന്നത്.

യഥാര്‍ഥത്തില്‍ ക്രിസ്തുരാജ്യവും ചമണരാജ്യമായ ബലിരാജ്യവും ഒന്നു തന്നേ. നസറേത്തിലെ യേശു തന്നെയാണ് തഥാഗതനു ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയ ഉത്തര ബുദ്ധന്‍. രണ്ടുപേരും ജാതിയേയും ബ്രാഹ്മണ്യത്തേയും ഇന്ത്യയില്‍ വെല്ലുവിളിച്ചു കൊണ്ടേയിരിക്കുന്നു, ചട്ടങ്ങളെ മാറ്റിയെഴുതിക്കൊണ്ടേയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ “ജാതിഭാരതം” എന്ന കവിതയില്‍ അംബേദ്കറെ കുറിച്ചു പറഞ്ഞതു പോലെ ഈ വിമോചനപ്പോരാളികളുടെ നാമം നന്ദി തിങ്ങുന്ന ഹൃദയത്തോടെ ഭാവിഭാരതം ശരണമന്ത്രമായി ജപിക്കുമെന്നതില്‍ സംശയമില്ല. ഇനിയും വരാനിരിക്കുന്നവനെന്നു ചമണബോധകര്‍ പറഞ്ഞ മൈത്രേയനും യേശുവെന്ന പെരുംതച്ചനല്ലയോ. കശ്മീരിലെ സൂഫിദേവാലയത്തില്‍ ഈ സാമസിഹയെ ഒരു ബോധിസത്വനായി തന്നെയാണ് ഇന്നും അന്വേഷകരും സന്ദേഹികളുമായ അരക്ഷിത ജനങ്ങള്‍, മുസ്ലീങ്ങളും ഹിന്ദുക്കളുമടങ്ങുന്ന സഹോദരര്‍ ആരാധിക്കുന്നത്.

കേരളത്തിലാണെങ്കിലും വിശാലമായ ജനനന്‍മയിലേക്കായി ചമണ മിഷനറിമാര്‍ അടിത്തറപാകിയുറപ്പിച്ച അക്ഷരവിദ്യയും വൈദ്യവൃത്തിയും ആതുരസേവന പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോയത് ക്രൈസ്തവ സന്യാസിമാര്‍ തന്നെയാണ്. യേശുവിനെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ ഈ നിസ്വാര്‍ത്ഥ സേവകര്‍ ആത്മത്യാഗത്തിലൂടെ കഴിഞ്ഞ ആയിരത്തിലധികം വര്‍ഷമായി നടത്തുന്ന ആത്മീയവും ഭൌതികവുമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെ അന്തര്‍ധാരയാണ്.

 

ജഗതി ശ്രീകുമാര്‍


 

ബ്രാഹ്മണിക മൂല്യങ്ങളുടെ സ്വാംശീകരണം
അതേസമയം തന്നെ വരേണ്യതയുടേയും ജാതിയുടേയും അധീശവും ബ്രാഹ്മണികവുമായ മൂല്യങ്ങള്‍ കേരളത്തിലെ തിരുസഭയേയും ബാധിച്ചിട്ടുണ്ട്. അധിനിവേശ ആധുനികത തുറന്ന സാമ്പത്തികസാധ്യതകളിലൂടെ, കച്ചവടത്തിലൂടെയും വ്യവസായത്തിലൂടെയും തോട്ടംകൃഷിയിലൂടെയും അല്‍പ്പം മൂലധനം കൈവന്നപ്പോള്‍ ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സംത്രാസങ്ങള്‍ വിജൃംഭിച്ചു.

വംശീയ മേന്‍മാവാദവും ബ്രാഹ്മണിക പാരമ്പര്യവാദവും മറ്റും ആന്തരാധിനിവേശത്തിന്റെ അധീശ സന്ദര്‍ഭത്തിലകപ്പെട്ടു പോയ ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വത്വപ്രതിസന്ധിയുടെ അടയാളങ്ങളും കൂടിയാകാം. ബ്രാഹ്മണര്‍ തന്നെ ആറാം നൂറ്റാണ്ടിനു ശേഷമാണ് തമിഴകത്തെത്തി സ്ഥിരവാസം ഉറപ്പിക്കുന്നതെന്ന അടിസ്ഥാന ചരിത്ര വസ്തുതയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ബ്രാഹ്മണരുടെ ഒന്നാം നൂറ്റാണ്ടിലെ മാര്‍ഗംകൂടലെന്ന അപഹാസ്യവാദം പലരും മുന്നോട്ടു വച്ചത്. പട്ടണം പര്യവേഷണം ഇന്ന് വ്യക്തമാക്കുന്നതു പോലെ ക്രിസ്തുവിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമായിവിടെ വന്നിട്ടുണ്ടെങ്കില്‍ തന്നെ മാനസാന്തരപ്പെടുത്തിയത് ജൂതരും ചമണരും ഗോത്രാചാരങ്ങളില്‍ ചരിച്ചവരുമായ തെന്നിന്ത്യന്‍ ജനതകളെ തന്നെയാണ്.

കേരള ക്രൈസ്തവതയുടെ ഇത്തരം ഇരുണ്ട വംശീയ മുഖങ്ങളെ വെളിപ്പെടുത്തുന്ന ഭാവനാഖ്യാനങ്ങള്‍ മലയാള കഥനലോകത്ത് സി. അയ്യപ്പന്റേതായി ഉണ്ട്. യഥാര്‍ഥത്തില്‍ പൊയ്കയിലപ്പച്ചനിലാണ് ഈ ബോധോദയം തുടങ്ങുന്നത്. അടിമത്തത്തേയും പണംപറ്റുന്ന ദൈവവേലയേയും ബൈബിളിനേയും കുറിച്ച് അപ്പച്ചന്‍ അഗാധവും മൌലികവുമായ വിമര്‍ശം തന്റെ പാട്ടുകളിലൂടെ അഴിച്ചു വിട്ടു. പിന്നീടിങ്ങോട്ട് ദലിതരായ നിരവധി കവികളും എഴുത്തുകാരും ദലിത് ക്രൈസ്തവീയതയുടെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ബലിയാടുകളുടെ വംശാവലി’യിലൂടെ പ്രൊഫസര്‍ യേശുദാസന്‍ സൈദ്ധാന്തികവും വിമര്‍ശജാഗ്രവുമായ വിശകലനം കേരള ദലിതക്രൈസ്തവീയതയെ കുറിച്ചു നടത്തിയിരിക്കുന്നു.

 

ശ്വേത


 

പറുദീസ പറയുന്നത്
ചലച്ചിത്രമെന്ന നിര്‍ണായക ബഹുജന മാധ്യമത്തിലൂടെ കേരളത്തിന്റെ ഈ സവിശേഷ സാംസ്കാരിക പ്രശ്നപരിസരത്തെ തൊടാനുള്ള ശ്രമമാണ് ആര്‍. ശരത്തും വിനു ഏബ്രഹാമും തമ്പിയാന്റണിയും കൂടി പറുദീസ (2012) എന്ന സിനിമയില്‍ നടത്തിയിരിക്കുന്നത്. മതപൌരോഹിത്യ ആണ്‍കോയ്മയുടെ ദമനങ്ങളേയും ഹിംസാത്മകതയേയും വെളിച്ചപ്പെടുത്തുന്നുവെങ്കിലും ദലിത് ക്രൈസ്തവീയതയുടെ പ്രതിസന്ധികളെ ഭാഗികമായി സ്പര്‍ശിക്കാന്‍ മാത്രമേ ചിത്രത്തിനാകുന്നുള്ളു.

മലയോരമേഖലയിലെ പള്ളിയില്‍ വികാരിയായ ആഞ്ഞിലിത്താനത്തച്ചനും കപ്പിയാരായ ജോസും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. വികാരിയച്ചനായി ശ്രീനിവാസനും കപ്പിയാരായി തമ്പിയാന്റണിയും സൂക്ഷ്മമായി അടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. പള്ളിയിലെ കുശിനിക്കാരിയും അനാഥയുമായ ത്രേസ്യ പല അഗമ്യഗമനങ്ങള്‍ക്കും ഇരയാകേണ്ടിവരുന്നു. പള്ളിയും പട്ടക്കാരും കൈക്കാരുമെല്ലാമടങ്ങുന്ന ഒരു പൌരോഹിത്യ-ആണ്‍കോയ്മാ-മൂലധന വ്യവസ്ഥിതിയില്‍ ആരോരുമില്ലാത്ത പണിക്കാരിയായ പെണ്ണ് ലൈംഗികമായും അധ്വാനപരമായും ചൂഷണം ചെയ്യപ്പെടുന്നു.

ശ്വേതയവതരിപ്പിക്കുന്ന ഈ നാടന്‍പെണ്ണിന്റെ പ്രതിനിധാനം വ്യക്തമായും ആണ്‍കോയ്മാനോട്ടങ്ങളിലും കാമനാ മൂല്യങ്ങളിലും പരസ്യ തന്ത്രങ്ങളിലും പോസ്ററിങ്ങിന്റെ രാഷ്ട്രീയത്തിനകത്തും രൂപപ്പെടുത്തിയിരിക്കുന്നതാണ്. എന്നാല്‍ പ്രബലമായ പുരുഷാധിപത്യ മൂല്യങ്ങളുടെ അധീശത്വത്തിന്‍ കീഴില്‍ ഒരു പെണ്ണിന്റെ നിസ്സാരതയേയും നിരാശ്രയത്വത്തേയും ദൃശ്യവല്‍ക്കരിക്കുന്നതില്‍ സൂചിതാര്‍ഥത്തില്‍ തിരക്കഥയും ചലച്ചിത്രാവിഷ്കാരവും വിജയിച്ചിരിക്കുന്നു.

ത്രേസ്യയുടെ ഗര്‍ഭത്തിന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വരുന്ന കപ്യാര്‍ ജോസ് ഉരുള്‍പൊട്ടലില്‍ പെട്ട് നാടുവിടുകയും പിന്നീട് വികാരിയച്ചനായി തിരികെ വരുകയും ചെയ്യുന്നു. പഴയ ആദര്‍ശധീരതയും വിമോചനപരതയും വിപ്ലവാഭിമുഖ്യവും കൈവിടാത്ത പുതിയ മണ്ണൂരച്ചന്‍, ദലിത് കോളനിയില്‍ വായനശാലയും വെളിച്ചവുമെത്തിക്കുന്നു. വ്യക്തിപരമായി ഒരു ക്രൈസ്തവ ബോധിസത്വനായ ഈ പള്ളിവികാരിയുടെ പരിത്യാഗവും പരോപകാരവുമാണ് സ്ഥാപനവല്‍ക്കരിച്ച തിരുസഭയുടെ ബ്രാഹ്മണ്യത്തേയും മൂലധനത്തിന്റെ ആക്കമേറിയ മുഖ്യധാരാ വിശ്വാസികളുടെ വംശീയ വരേണ്യതയേയും പ്രതിരോധിക്കുന്നതായി ചലച്ചിത്രാഖ്യാനത്തിലുള്ളത്.

ജഗതി ശ്രീകുമാര്‍ പകര്‍ന്നാടുന്ന കൈക്കാരന്‍ ഔതച്ചായന്‍ മൊതലാളിയുടെ കുല്‍സിത വേലയില്‍ പെട്ട് പഴയ കപ്പിയാര്‍ ജോസായ പുതിയ മണ്ണൂരച്ചന് സഭാവസ്ത്രം ഊരേണ്ടി വരുന്നു. പഴയ വികാരിയായ ആഞ്ഞിലിത്താനത്തച്ചനാണിപ്പോള്‍ സഭാപിതാവ്. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണയുണ്ടായിട്ടും കപ്പിയാര്‍ ജോസ് യേശുവിന്റെ വിമോചന മാര്‍ഗത്തിലൂടെ, സ്നേഹമെന്ന പെരിയ കടവുളയിലേക്ക് സ്വയം സ്വതന്ത്രമായി മുന്നേറാന്‍ തീരുമാനിക്കുന്നു. പദ്മാസനത്തില്‍ ധ്യാനലീനനായിരിക്കുന്ന ബോധിസത്വനായ ക്രിസ്തുവിന്റെ ഇഷ്ടചിത്രം മാത്രമെടുത്ത് തിരുവസ്ത്രമൂരി തന്റെ ചവിട്ടുവണ്ടിയില്‍ കാഷായധാരിയായി മലയിറങ്ങുന്നു, അന്തിക്രിസ്തുവെന്നധിക്ഷേപിക്കപ്പെട്ട ആ സൌമ്യനായ വിപ്ലവകാരി. അശരണര്‍ക്കായി സ്വന്തമായി ആതുരാലയവും അനാഥാലയവും നടത്തിക്കൊണ്ട് വരുംതലമുറയില്‍ വിവേകത്തേയും ബോധത്തെയും ഉദിപ്പിച്ചുകൊണ്ട് തന്റെ അത്മസുഖവും അപരസുഖവും വിനീതനായി കണ്ടെത്തുന്നു ആ യേശുരൂപന്‍.

 

 

ആത്മാവിന്റെ കല
സുന്ദരവും അര്‍ഥപൂര്‍ണവുമായ ദൃശ്യങ്ങളിലൂടെ തമ്പിയാന്റണിയുടെ രൂപത്തേയും ഭാവത്തേയും ക്രിസ്തുവിലേക്കു കലാത്മകമായി ദൃശ്യവിവര്‍ത്തനം ചെയ്യുന്നതില്‍ സംവിധായകനും ഛായാഗ്രാഹകനും നന്നായി പരിശ്രമിച്ചിരിക്കുന്നു. നമുക്കു പരിചയമുള്ള യേശുവിന്റെ രൂപം പലപ്പോഴും യൂറോപ്യന്‍ നവോത്ഥാന ദൃശ്യഭാവനയുടെ പ്രകാശനമാണെങ്കിലും മധ്യേഷ്യയുടെ യേശുവിനോട് അടുത്തുനില്‍ക്കുന്നതാണ് തമ്പിയാന്റണിയുടെ ദീപ്തമായ രൂപപരിണാമം. മലമുകളില്‍ ചിന്തയിലാണ്ട ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന അവിസ്മരണീയമായ ദൃശ്യമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിന്റെ കാവ്യാത്മകതയും ആഖ്യാന വിവക്ഷകളുമേറ്റുന്നു.

തമ്പിയാന്റണിയുടെ രൂപഭാവങ്ങളും സൌമ്യവും ഗഹനവുമായ ശബ്ദവും ഓരോ നൈതികാന്വേഷകരിലുമുള്ള ക്രിസ്തുവെന്ന ആന്തരാനുഭവത്തെ മൂര്‍ത്തമാക്കി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. ശബ്ദത്തിലൂടെയും ശരീരത്തിലൂടെയും സ്പര്‍ശത്തിലൂടെയും സുഖപ്പെടുത്തുന്ന യഥാര്‍ഥ ആതുരസേവകനെ നാം അടുത്തറിയുന്നു. ചലച്ചിത്രമാധ്യമത്തിന്റെ ഇന്നത്തെ സാധ്യതകളെല്ലാമെടുത്ത്, ആനിമേഷനും വര്‍ണസംയോജനവുമടക്കം ഉപയോഗിച്ചാണ് സംവിധായകന്‍ ആ ആഴത്തിലുള്ള ആത്മീയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. ചലച്ചിത്രം കാഴ്ച്ചയുടേയും കേള്‍വിയുടേയും മാത്രമല്ല ആത്മാവിന്റെ കലകൂടിയാണെന്ന് നാം തിരിച്ചറിയുന്നു.

 

 

ഗാഢമായ ചലച്ചിത്രാഖ്യാനം
മലകളും മഞ്ഞും മരങ്ങളും നിറയുന്ന മലയോര ഗ്രാമത്തിന്റെ പുലര്‍കാല ദൃശ്യങ്ങള്‍ അത്യന്തം ഹൃദയഹാരിയാണ്. റബ്ബര്‍ എന്ന ഏകനാണ്യവിളയുടെ പാരിസ്ഥിതിക അധിനിവേശത്തില്‍ ഏതാണ്ടില്ലാതായ മധ്യകേരളത്തിലെ കിഴക്കന്‍ മലയോരങ്ങളുടെ ദൃശ്യശ്രാവ്യചാരുത മുഴുവന്‍ ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലും പതിഞ്ഞിരിക്കുന്നു. ഇളകിയാടുന്ന ഇലകളേയും ഒഴുകുന്ന ജലത്തേയും അവയുടെ ശബ്ദോര്‍ജങ്ങളോടെ ചലച്ചിത്രാഖ്യാനത്തില്‍ ആവിഷ്ക്കരിക്കുന്നതില്‍ സംവിധായകന്‍ ശരത്തും ഛായാഗ്രാഹകന്‍ സാജന്‍ കളത്തിലും പശ്ചാത്തല ശബ്ദസംവിധായകന്‍ ഐസക് തോമസ് കൊട്ടകപ്പള്ളിയും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നു.

പുലര്‍കാലത്തുള്ള പൊന്‍വെളിച്ചത്തിലാണ് ഭൂരിഭാഗം ദൃശ്യങ്ങളും പകര്‍ത്തിയിരിക്കുന്നത്. വെളിച്ചത്തിനനുസരിച്ചുള്ള കൃത്യമായ കോണുകളില്‍ നിന്നുള്ള വര്‍ണമിഴിവേറിയ ഷോട്ടുകളും വ്യതിരിക്തമായ ചലനദൃശ്യങ്ങളും ഏറെ ആകര്‍ഷകമാണ്. ഭാഷണഭേദത്തിനനുസരിച്ച് പ്രതിപാത്രം ഫോക്കസുമാറുന്ന ദൃശ്യാഖ്യാനശൈലിയും ടെലിദൃശ്യങ്ങളും വൈഡ് ആംഗിള്‍ ഷോട്ടുകളും ഏറെ സൂക്ഷ്മമായ ചലച്ചിത്രാനുഭവം തരുന്നതാണ്. തികച്ചും ദൃശ്യവും ശ്രാവ്യവുമാണ് ശരത്തിന്റെ ഗാഢമായ ചലച്ചിത്രാഖ്യാനം.

 

 

ജഗതിയും ശ്രീനിവാസനും
അഭിനേതാക്കളെന്ന നിലയില്‍ ഔതച്ചനായ ജഗതിയുടേയും ആഞ്ഞിലിത്താനത്തച്ചനായും പിന്നീട് സഭാപിതാവായും ശ്രീനിവാസന്റേയും പരസ്പരം കിടപിടിക്കുന്ന പെര്‍ഫോമന്‍സുകളാണ് പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നത്. പാപവും പുണ്യവും പ്രായശ്ചിത്തവും പശ്ചാത്താപവും കാരുണ്യവും കലരുന്ന പെരിയ വൈദികന്റെ പതര്‍ച്ചകളേയും പകര്‍ച്ചകളേയും ശ്രീനിയെന്ന ഇരുത്തംവന്ന മുതിര്‍ന്ന നടന്‍ വെല്ലുവിളിയോടെ ഏറ്റെടുക്കുന്നു. അനായാസമുള്ളതും ആക്കമേറിയതുമായ സ്ഥിരം ശൈലിയിലാണ് ജഗതി പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് വിജയ് യേശുദാസ് പാടി ഓസേപ്പച്ചന്‍ തന്നെ അഭിനയിക്കുന്ന ഗാനവും ഹൃദ്യമായിരിക്കുന്നു.

പാലു കുടിക്കുന്ന ഗണപതിയെ പോലെ കണ്ണീരൊഴുക്കുന്ന മാതാവിനെ വിറ്റു കാശുണ്ടാക്കുന്നവരെ കളിയാക്കുന്ന ചലച്ചിത്രാഖ്യാനം പുത്തന്‍പണക്കാരായ സിറിയന്‍ കുഞ്ഞാടുകളുടെ ദലിത് ക്രൈസ്തവ സഹോദരങ്ങളോടുള്ള പരമപുച്ഛവും വെളിപ്പെടുത്തുന്നുണ്ട്. കോളനിയിലെ എളിയ വേലകള്‍ കഴിഞ്ഞു ചവിട്ടുവണ്ടിയുമുന്തി വരുന്ന മണ്ണൂരച്ചനെ പുത്തന്‍ ഓഫ് റോഡ് വെഹിക്കിളില്‍ പട്ടിലും പൊന്നിലും ബ്യൂട്ടീപാര്‍ലറിലും മാമോദീസാമുക്കിയ പുത്തന്‍ അച്ചിയുമായി വരുന്ന യുവനസ്രാണി പൊതുവഴിയില്‍ പൊതിരെയങ്ങു പിഴിഞ്ഞു കളയുന്നു. ആഖ്യാനത്തിന്റെ ആദ്യഭാഗത്ത് തന്റെ പഴയ ബ്രിട്ടീഷ് വില്ലീസ് ജീപ്പില്‍ കയറ്റിയാണ് ത്രേസ്യയേയും പിന്നീട് ആഞ്ഞിലിത്താനത്തച്ചനേയും ഔതച്ചായന്‍ എങ്ങോട്ടൊക്കെയോ തിടുക്കത്തില്‍ കൊണ്ടുപോയതെന്നും നാമോര്‍ക്കും.

 


 

പ്രതിനിധാന വ്യവഹാരം
കേരള ക്രൈസ്തവീയതുടെ സങ്കീര്‍ണമായ വിമോചന നാള്‍വഴികളേയും പതര്‍ച്ചകളേയും നാടകീയമായും വ്യംഗ്യമായും വിമര്‍ശ പ്രതിനിധാനം ചെയ്യുന്നതില്‍ ചലച്ചിത്രം ആത്മാര്‍ഥത കാട്ടുന്നു.

എന്നാല്‍ ഇന്ത്യയിലെ എല്ലാ മതങ്ങളേയും കാലാന്തരത്തില്‍ അധിനിവേശം ചെയ്തു വിഴുങ്ങിയിരിക്കുന്ന ബ്രാഹ്മണിക മൂലധന ആണ്‍കോയ്മയെ വിമര്‍ശ വിശകലനം ചെയ്യുകയും ബഹുജന സമക്ഷം തുറന്നു കാട്ടുകയും അവരുടെ ജീവിത സമരത്തേയും മാനവികവും നൈതികവുമായ വിദ്യാഭ്യാസത്തേയും സാമൂഹ്യ രാഷ്ട്രീയ അവബോധത്തേയും വിമോചനാത്മകമായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രതിനിധാന വ്യവഹാരം ചിത്രം സാധ്യമാക്കുന്നുവോ എന്നാരായേണ്ടതുണ്ട്.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *