ഗാസയിലെ മകന് ഞാനെന്ത് മറുപടി നല്‍കും?

 
 
 
 
കത്തുന്ന ഗാസ മുനമ്പില്‍നിന്ന് ഒരു കുറിപ്പ്. ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ റാമി അല്‍ മഗ്ഹരി എഴുതുന്നു

 
 

പശ്ചിമേഷ്യ വീണ്ടും കത്തിയാളുകയാണ്. മൂന്ന് ദിവസമായി തുടരുന്ന ഫലസ്തീന്‍ -ഇസ്രായേല്‍ സംഘര്‍ഷം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി സിവിലിയന്‍മാരെയാണ് ഇല്ലാതാക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ ആറു കുട്ടികളടക്കം 28 പേരും ഗാസയില്‍നിന്നുള്ള ആക്രമണത്തില്‍ ഇസ്രായേലില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ 62 കുട്ടികളും 43 സ്ത്രീകളുമടക്കം 253 സിവിലിയന്‍മാര്‍ക്ക് പരിക്കുള്ളതായി ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിനെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രമായ ‘ഹാരറ്റ്സ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പോര്‍ വിമാനങ്ങളും ടാങ്കുകളും ഗാസമുനമ്പിനെ ലക്ഷ്യമിട്ട് അടുക്കുന്നതായി കൌണ്ടര്‍ കറന്റ്സ് പ്രസിദ്ധീകരിച്ച അലക്സ് കെയ്ന്‍, ആഡം ഹോറോവിറ്റ്സ് എന്നിവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈജിപ്തിലെ പുതിയ ഭരണകൂടം ഇടപെട്ടതോടെ പ്രശ്നം പുതിയ മാനങ്ങളിലേക്ക് വളരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയില്‍ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഉപരോധം കാരണം ആവശ്യത്തിന് ചികില്‍സാ സൌകര്യങ്ങളോ മരുന്നുകളോ ഇല്ലാത്തത് അവസ്ഥ ഏറെ വഷളാക്കിയിരിക്കുന്നു. അത്തരമൊരിടത്ത് പ്രവര്‍ത്തിക്കുന്നതിനിടെ അഭിമുഖീകരിക്കുന്ന പൊള്ളുന്ന ഒരനുഭവം പങ്കുവെക്കുകയാണ്, ഗാസയിലെ മാധ്യമപ്രവര്‍ത്തകന്‍ റാമി അല്‍ മഗ്ഹരി. കൌണ്ടര്‍ കറന്റ്സ് പ്രസിദ്ധീകരിച്ച കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം

 

 

എന്താണ് അവര്‍ക്ക് വേണ്ടത്? ഇസ്രായേലികള്‍ നമ്മളില്‍നിന്ന് എന്താണ് തേടുന്നത്?- 13 കാരനായ എന്റെ മകന്‍ മുനീര്‍ ചോദിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രായേല്‍ തുടരുന്ന രൂക്ഷമായ വ്യോമാക്രമണത്തിനിടെ, മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഗാസ മുനമ്പാകെ ഇത്തിരി നേരം കറങ്ങി, ഞാനിപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ.

റാമി അല്‍ മഗ്ഹരി


കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ്, ഹമാസിന്റെ മുതിര്‍ന്നൊരു സൈനിക കമാണ്ടറെ ഇസ്രായേല്‍ വധിച്ചു. അതിനുശേഷം ഞാന്‍ തുടര്‍ച്ചയായി ഫോളോഅപ്പ് വാര്‍ത്തകള്‍ ചെയ്തു കൊണ്ടിരിക്കയാണ്. കഴിഞ്ഞ ആഴ്ചയാണ്, ഖാന്‍യൂനിസിലെ വീടിനു പുറത്ത് ഫുട്ബാള്‍ കളിച്ചുകൊണ്ടിരിക്കെ അഹമ്ദ അബു ദഖ്ഖയെന്ന 13കാരന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഈ വിവരം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍.

എന്റെ മകനും അഹമ്മദും സമപ്രായക്കാരാണ്. സ്കൂള്‍ കുട്ടികള്‍. ഇരുവര്‍ക്കും വ്യത്യസ്ത ഇഷ്ടങ്ങള്‍. അഹമ്മദ് കടുത്ത കാല്‍പ്പന്ത് ആരാധകനാണ്. പിതാവിനെപ്പോലെ വാര്‍ത്തകളിലാണ് മുനീറിന് താല്‍പ്പര്യം. വാര്‍ത്തയുടെ കാര്യം പറയാനോ എന്തെങ്കിലും അന്വേഷിക്കാനോ ആയിരിക്കും മുനീര്‍ എന്നെത്തേടിയെത്തുന്നത്.

അസഹനീയവും കടുത്തതുമായ ഗാസയിലെ സാഹചര്യങ്ങളിലാണ് അഹമ്മദും മുനീറും വളര്‍ന്നതും കുട്ടിക്കാലം ചെലവിട്ടതും. ഒരേ പ്രായക്കാരും ഒരേ സാഹചര്യത്തില്‍ കഴിയുന്നവരുമാകയാല്‍ അവരിരുവരും ഒരുപോലെ കൊണ്ടുനടക്കുന്നതാവാം ആ ചോദ്യം- ഈ ഇസ്രായേലികള്‍ക്ക് ഞങ്ങളില്‍നിന്ന് എന്താണ് വേണ്ടത്?

അഹമ്മദിന് ഇതിനകം അതിനുത്തരം ലഭിച്ചു. അവന്റ ചെറിയ ഉടല്‍ തുളച്ചെത്തിയ ഇസ്രായേലി വെടിയുണ്ട അഹമ്മദിന്റെ ജീവനെടുത്തു.

ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ രോഷാകുലനാണ് മുനീര്‍. അടുത്തെങ്ങാന്‍ ഒരു സ്ഫോടനം നടന്നാല്‍ മതി ഉമ്മയുടെയും അനിയത്തിമാരുടെയും സഹോദരന്റെയും സുരക്ഷയെച്ചൊല്ലി അവന്‍ കലങ്ങിമറിയും. മാധ്യമപ്രവര്‍ത്തകനായ പിതാവില്‍നിന്ന് തന്റെ ചോദ്യത്തിന് കൃത്യമായ ഒരുത്തരം വേണം, അവന്.

അവന് മനസ്സിലാവുന്ന ഒരുത്തരത്തിനായി തലപുകയുകയാണ് ഞാന്‍.

 

അഹമ്മദിന്റെ മൃതദേഹം


 

സമാധാനമാണ് എനിക്കു വലുത്

ഞാനെന്നും സമാധാനത്തിലാണ് വിശ്വസിച്ചിരുന്നത്. സഹവര്‍തിത്വത്തിലും. അക്രമങ്ങളില്‍നിന്ന് ഞാനെന്നും അകലം പാലിച്ചു. എനിക്കു മുനീറിന്റെ പ്രായമുള്ളപ്പോഴാണ് 1987ലെ ആദ്യ ഫലസ്തീന്‍ മുന്നേറ്റം. വൃത്തിയുള്ള അന്തരീക്ഷത്തില്‍ മനുഷ്യനെപ്പോലെ സ്വതന്ത്രനായി ജീവിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് അന്നുമുതലേ ഞാന്‍ വിശ്വസിച്ചിരുന്നു.

അക്കാലത്തെ ഒരു സംഭവമെനിക്കോര്‍മ്മയുണ്ട്. ഒരു നിരീക്ഷണ ദൌത്യത്തിനായി യു.എന്‍ സെക്രട്ടറി ജനറല്‍ ജാവിയര്‍ പെരസ് അന്ന് ഗാസ തുണ്ട് സന്ദര്‍ശിക്കുന്നു. വിവരമറിഞ്ഞ്, മധ്യ ഗാസ തുണ്ടിലെ മഗ്ഹാസിയിലുള്ള കുടുംബവീടിന്റെ മുന്‍വശം ചൂലുകൊണ്ട് വൃത്തിയാക്കുകയായിരുന്നു ഞാന്‍.

‘ഓ, യു.എന്‍ പ്രതിനിധി കാണാന്‍ വൃത്തിയാക്കുകയാണല്ലേ’- അയല്‍വാസിയായ ഇബ്രാഹിം മന്‍സൂര്‍ എന്നോടു ചോദിച്ചു.

അതെ-ഞാന്‍ മറുപടി നല്‍കി. ‘നാം ജീവിതത്തെ സ്നേഹിക്കുന്നവരാണെന്ന് അവര്‍ അറിയട്ടെ’.

സത്യമായും അതു തന്നെയായിരുന്നു എന്റെ സ്വപ്നം. 2001ല്‍ യു.എന്‍ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു മാധ്യമ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനോടും മറ്റും ഇടപെടാന്‍ അവസരം ലഭിച്ചപ്പോള്‍ ഗാസയിലെ മനുഷ്യരെക്കുറിച്ച് ഞാന്‍ സംസാരിച്ചു. പരിശീലന പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ ആന്റ് ഡികോളനൈസേഷന്‍ സെന്റര്‍ മേധാവി സലിം ഫഹ്മാവിയോട് ഞാനാ വൃത്തിയാക്കല്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു.

യു.എന്‍ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം സമാധാനത്തിനും സഹവര്‍തിത്വത്തിനും വേണ്ടി ഞാനെന്റെ കരിയര്‍ സമര്‍പ്പിച്ചു. മറ്റെല്ലാ രാജ്യത്തുമുള്ളതുപോലെ ജീവിതത്തെ ആഴത്തില്‍ സ്നേഹിക്കുന്ന ഒരു ജനതയാണ് ഫലസ്തീനിലുള്ളതെന്ന് പുറത്തുള്ളവരോട് പറയാന്‍ ഞാന്‍ നിരന്തരം പരിശ്രമിച്ചു.

 

ഇസ്രായേല്‍ സൈനികര്‍ അതിര്‍ത്തിയില്‍


 

നിങ്ങള്‍ക്ക് ജീവിക്കാന്‍ അനുവാദമില്ല
മുനീറിന്റെ ചോദ്യത്തിലേക്ക് തിരികെ വരാം. എന്നുമെപ്പോഴും സമാധാനത്തിന്റെ ശക്തിയാണ് യുദ്ധത്തേക്കാള്‍ വിലമതിക്കുന്നതെന്ന് വിശ്വസിക്കുന്ന എനിക്ക് എന്റെ മകനോട് വ്യക്തമായി അവന്റെ ചോദ്യത്തിനു മറുപടി പറയേണ്ടിയിരുന്നു. ഞാന്‍ മുനീറീനോട് പറഞ്ഞു. ‘അവര്‍ക്ക് നമ്മുടെ മാനുഷികത നശിപ്പിക്കണം , മറ്റു രാജ്യങ്ങളെ പോലെ സമാധാനമായി ജീവിക്കാനുള്ള നമ്മുടെ സ്വപ്നം തകര്‍ക്കണം, നമ്മളെ കടലിലേക്ക് വലിച്ചെറിയണം’

മുനീറിന് തീര്‍ത്തും സൈദ്ധാന്തികമായ ഒരുത്തരം കിട്ടി, അവനിപ്പോള്‍ അത് പൂര്‍ണ്ണമായി മനസിലായില്ല എങ്കിലും അവന്റെ ഓര്‍മ്മ പല ചിത്രങ്ങളേയും ഓര്‍ത്തെടുക്കുകയാവും, ആ ചിത്രങ്ങളെ കണക്കുകളിലേക്കും , വിവരങ്ങളിലേക്കും വിവര്‍ത്തനം ചെയ്യാതെ തന്നെ.

കൊല്ലപ്പെട്ട അഹമ്മദിനും അവന്റെ മാതാപിതാക്കള്‍ക്കും ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയിരുന്നു. ‘നിങ്ങള്‍ക്ക് ഫുട്ബോള്‍ കളിക്കാനുള്ള അനുവാദമില്ല , അതിപ്പോള്‍ നിങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ പോലും. നിങ്ങള്‍ക്ക് സന്തോഷിക്കാനുള്ള അനുവാദമേയില്ല, ജീവിക്കാനും’.

മുനീറിനെ മഗാസിയിലുള്ള എന്റെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഒപ്പം അവന്റെ സഹോദരന്‍ മുഹമ്മദുണ്ട്. അനിയത്തിമാരായ അസീലില്‍, നദീന്‍, ഉമ്മ എല്ലാവരുമുണ്ട്. അവിടെയിരുന്ന്, ഇസ്രയേലി സൈനിക അതിക്രമത്തിന്റെ ചോരയിറ്റുന്ന ദൃശ്യങ്ങള്‍ നിറഞ്ഞ ടി വി കാണുകയാണവര്‍.

മുനീറിനും മുഹമ്മദിനും ഇപ്പോള്‍ കമ്പ്യൂട്ടറില്‍ കളിക്കാന്‍ പോലുമുള്ള അനുവാദമില്ല , അത്യാവശ്യ ജോലികള്‍ക്കായി മുഴുവന്‍ സമയവും ഞാനാ മുറി ഉപയോഗിക്കുകയാണ്. നിറയെ ആശങ്കകളും അവ്യക്തകളും ക്ലേശങ്ങളും മാത്രം

നോക്കൂ. ഗാസ മുനമ്പില്‍ നിന്ന് പരുക്കേറ്റ് കൊണ്ടു വരുന്നവരെ സ്വീകരിക്കാന്‍ തെക്കന്‍ അതിര്‍ത്തിയില്‍ ഈജിപ്ഷ്യന്‍ ഭാഗത്തുള്ള റാഫ ക്രോസിങ്ങ് ടെര്‍മിനല്‍ തയ്യാറായി കഴിഞ്ഞു. അടുത്തുള്ള ഈജിപ്ഷ്യന്‍ ആശുപത്രികളില്‍ ചികില്‍സാ സൌകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്- മുനീര്‍ ഇപ്പോള്‍ എന്നോട് പറയുന്നു.

 

ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഗാസയിലെ കെട്ടിടം


 
 

11 മാസം പ്രായമായ മകന്റെ മൃതദേഹവുമായി ഗാസയിലെ ബി.ബി.സി ലേഖകന്‍ ജിഹദ് മശറാവി


 
 
 
 

5 thoughts on “ഗാസയിലെ മകന് ഞാനെന്ത് മറുപടി നല്‍കും?

  1. അവന് മനസ്സിലാവുന്ന ഒരുത്തരത്തിനായി തലപുകയുകയാണ് ഞാന്‍. അതെ അവന്‍ എന്റെ മകനെപ്പോലെ തന്നെ എന്റെയും മകനാണ്. നമ്മുടെ മക്കള്‍….

  2. I am not able to make any answer right now, because still Israel jets dropping bombs on Palestenians. Israel destroying everything. They kill kids, boys, youths. I request you to read Mathrubhumi weekly, there is one interview with Methil Radhakrishnan who is famous writer in Kerala. Then we will know how our writers taking stands. Really an anti humanistic view. What a devil world..

  3. Yes , everybody is asking the same question.we should give an answer to our sons in Palestine, we should give an answer to our sons in Israel …. we should give an answer to our million and millions of sons everywhere in the world. And if we r reluctant to give an answer due to the religious animosity our sons will never forgive us..

  4. “സമാധാനം” എന്നത് ഒരു ഫാക്ടറി ഉല്പന്നം അല്ല .മറിച്ച് ഭിന്നതകളെ മറികടന്നു ,മനസുകളില്‍ രൂപപ്പെടേണ്ട തന്റെ ശത്രുവിനോടുള്ള സഹിഷ്ണതയുടെ പരമമായ രൂപം ആണ്. മറക്കലും പൊറുക്കലും വിട്ടുവീഴ്ചകളും നല്‍കുന്ന സ്വര്‍ഗതുല്യ ഫലമാണ്‌ സമാധാനം. ഗാസയില്‍, ജമ്മുകാശ്മീരില്‍, സോമാലിയയില്‍, മ്യാന്മാറില്‍ …..തുടങ്ങി വൈരം വിളയുന്ന ഭൂവില്‍ ഓരോരുത്തരും ഓരോ പക്ഷത്തെ ഏറ്റെടുത്ത്‌ ആയുധം നല്‍കി ഒരിക്കലും അവസാനിക്കാത്ത അശാന്തിയുടെ അന്തക വിത്തുകള്‍ വിതക്കുന്നു .ഇവിടെ ‘പക്ഷം ചേരല്‍’ അല്ല വേണ്ടത് മറിച്ച് ശത്രുവിനെയും സ്നേഹിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അവിടെ ഉള്ള ഇരു പക്ഷത്തെയും എത്തിക്കാന്‍ ശ്രമിക്കുക ആണ് വേണ്ടത്. അല്ലാത്തിടത്തോളം കാലം ഇനിയും ലോകമനസാക്ഷിയെ വെല്ലുവിളിച്ചുകൊണ്ട് ‘ഗാസയും , കാശ്മീരും.’ …പുകഞ്ഞുകൊണ്ടേയിരിക്കും ..!

Leave a Reply

Your email address will not be published. Required fields are marked *