കാറ്റുകൊണ്ടൊരു കടല്‍

 
 
 
 
ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങും പോലെ തോന്നും -കെ. പി ജയകുമാര്‍ എഴുതുന്നു

 

 

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു-കെ. പി ജയകുമാര്‍ എഴുതുന്നു

 

രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നുകൊണ്ട് കാറ്റിന്റെ നിലയ്ക്കാത്ത തിരകളിലാടിയുലഞ്ഞ്, താഴെ നിതാന്തമായ ശൂന്യതയിലേക്ക് കാലിട്ട് അദൃശ്യമായ സമുദ്രത്തെ തൊടുമ്പോഴാണ് ഓരോ യാത്രയും പൂര്‍ണ്ണമാവുക. Photo:KP Jayakumar


 

ഹൈറേഞ്ചില്‍ കടലില്ല. പക്ഷേ, രാമക്കല്‍മേട്ടിലേക്കുള്ള ഓരോ യാത്രകളും കടലോര്‍മ്മകളിലേക്കുള്ള മടക്കങ്ങളാണ്. കാറ്റിന്റെ നിലയ്ക്കാത്ത തിരയിളക്കങ്ങളില്‍ ഇടയ്ക്ക് കോള്‍കൊണ്ടും ഇടനേരം ശാന്തമായും അദൃശ്യമായൊരു സമുദ്രം. കീഴ്മലനാട്ടില്‍ നിന്നും കിഴക്കോട്ട് കുത്തനെ ഉയര്‍ന്നുയര്‍ന്നു തുടങ്ങുന്ന നെടുങ്കന്‍ മലങ്കോട്ടകള്‍ ഉച്ചസ്ഥായിയില്‍ നിലച്ചുപോകുന്നതും പിന്നീട് തമിഴകത്തേക്ക് കിഴുക്കാംതൂക്കായി ആണ്ട് പോകുന്നതുമാണ് ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രം. നെടുങ്കണ്ടത്തിന് കിഴക്ക് രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നുകൊണ്ട് കാറ്റിന്റെ നിലയ്ക്കാത്ത തിരകളിലാടിയുലഞ്ഞ്, താഴെ നിതാന്തമായ ശൂന്യതയിലേക്ക് കാലിട്ട് അദൃശ്യമായ സമുദ്രത്തെ തൊടുമ്പോഴാണ് ഓരോ യാത്രയും പൂര്‍ണ്ണമാവുക.

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു.

 

ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോള്‍.. Photo: KP Jayakumar


 

അദൃശ്യസാഗരം
പിന്നീട് പലപ്പോഴായി കുന്നിറങ്ങി. തീവണ്ടിയാപ്പീസുകളിലും തീവണ്ടിമുറികളിലും കടല്‍ക്കരയിലും ചുറ്റിത്തിരിഞ്ഞ് തിരികെ മലകയറി. ഇന്ന് ഈ കടലോര പട്ടണത്തില്‍ നിന്ന് ഇടക്കെല്ലാം മലമുടിയിലേക്ക് തിരിച്ചുപോകുന്നത് ആ അദൃശ്യ സാഗരത്തിന്റെ വിളിക്കു പിന്നാലെയാണെന്ന് ചിലപ്പോഴെല്ലാം തോന്നിയിട്ടുണ്ട്.
കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കാം. താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക് കാലും തൂക്കിയിട്ട് ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങും പോലെ തോന്നും. കാറ്റ് നിര്‍ത്താതെ വീശിക്കൊണ്ടേയിരിക്കും.

സഹ്യ പര്‍വ്വത നിരകളിലെ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് രാമക്കല്‍മേട്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വത നിരകള്‍ കേരളത്തെയും തമിഴകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍പ്പെടുത്തി നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോള്‍.

 

അധ്യാപകനും കവിയുമായ ഡി വിനയചന്ദ്രന്‍ മാഷിനോട് നാട്ടിലേക്ക് വരുന്നോ എന്നു ചോദിച്ചു. ആ വാരാന്ത്യ യാത്രയില്‍ മാഷ് ഒപ്പം വന്നു. മാഷിന് കാട്ടിക്കൊടുക്കാന്‍ ഒരു സ്ഥലമേയുണ്ടായിരുന്നുള്ളു. രാമക്കല്‍ മേട്. Image Courtesy: S Salim Kumar


 

വിനയചന്ദ്രിക
സര്‍വ്വകലാശാലാ പഠനത്തിനായി മലയിറങ്ങിയ കാലത്ത്. പട്ടണ ശീലങ്ങളിലേക്ക് ജീവിതം പാകപ്പെടാതെ കിടന്ന സമയത്ത് , എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉറച്ച നാളുകളിലൊന്നില്‍ അധ്യാപകനും കവിയുമായ ഡി വിനയചന്ദ്രന്‍ മാഷിനോട് നാട്ടിലേക്ക് വരുന്നോ എന്നു ചോദിച്ചു. ആ വാരാന്ത്യ യാത്രയില്‍ മാഷ് ഒപ്പം വന്നു. മാഷിന് കാട്ടിക്കൊടുക്കാന്‍ ഒരു സ്ഥലമേയുണ്ടായിരുന്നുള്ളു. രാമക്കല്‍ മേട്. മാഷിനോടൊപ്പം മലമുടിയിലെത്തി. നാട്ടിലെ കൂട്ടുകാരായ സലിനും സുരേഷും വി ബി രാജനുമുണ്ടായിരുന്നു.

ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് പോകാം. നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. കാറ്റിരമ്പത്തേക്കാള്‍ ഉച്ചത്തില്‍ മാഷ് കാട് ചൊല്ലി.

 

ഈ പര്‍വ്വത നിരയുടെ അടിവാരത്തായി ഒരു ക്ഷേത്രമുണ്ട്. വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും.Photo:KP Jayakumar


 

ഒറ്റയ്ക്കൊരു കോവില്‍
ഈ പര്‍വ്വത നിരയുടെ അടിവാരത്തായി ഒരു ക്ഷേത്രമുണ്ട്. അടുത്തെങ്ങും ആള്‍പാര്‍പ്പിന്റെ ലക്ഷണം പോലുമില്ലാത്ത ഈ തമിഴക ഭൂമിയില്‍ ഒറ്റയ്ക്കൊരു കോവില്‍.’ തമിഴ്നാട്ടില്‍ അപൂര്‍വ്വമായി കാണുന്ന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും. ആ ദിവസങ്ങളില്‍ വലിയ തിരക്കാണിവിടെ. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ബസുകളില്‍ ആളുകളെത്തും. സന്ധ്യക്കുമുമ്പുതന്നെ ഉല്‍സവാഘോഷങ്ങള്‍ തീര്‍ന്ന് ആളുകള്‍ മടങ്ങും’-ചരിത്രകാരന്‍ കൂടിയായ വി ബി രാജന്‍ വിശദീകരിച്ചു.

ഒരുകാലത്ത് ഈ പ്രദേശം ജനനിബിഡമായിരുന്നുവെത്ര. കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം ജനങ്ങള്‍ ഇവിടം വിട്ടുപോയെന്നും അതല്ല യുദ്ധം ഊരുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണെന്നും അനുമാനങ്ങള്‍ ഏറെയുണ്ട്. ഇവിടെയുണ്ടായിരുന്നവര്‍ ചുറ്റുമുള്ള എട്ട് ഊരുകളിലേക്കായി പിരിഞ്ഞുപോയെന്നും അവരുടെ പിന്‍മുറക്കാരാണ് വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ചു ശനിയാഴ്ചകളിലായി നടക്കുന്ന ഉല്‍സവത്തിന് വന്നുചേരുന്നതെന്നും ഐതിഹ്യം.

 

ഈ മലമുടിയില്‍ നിന്ന് നോക്കിയാല്‍ അദൃശ്യമായ സമുദ്രത്തിന്റെ അടിത്തട്ടോളം കാണാം. വെയില്‍ മഞ്ഞയും പച്ചയും തവിട്ടും കലര്‍ന്ന മണ്ണിന്റെ ചതുരങ്ങള്‍. . Photo: KP Jayakumar


 

കാട്ടുപാതയിലൂടെ കുത്തനെ
മലമുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കുത്തനെ താഴേക്കിറങ്ങിയാല്‍ അരമണിക്കൂര്‍ കൊണ്ട് ഈ സങ്കല്‍പ്പ സമുദ്രത്തിന്റെ അടിത്തട്ടിലെത്താം. വിനയ ചന്ദ്രന്‍ മാഷ് മുന്നിട്ടിറങ്ങി. പിന്നാലെ ഞങ്ങളും. കുറ്റിക്കാടുകള്‍ക്കിടയിലൂടെ ചുറ്റിവളഞ്ഞ് അടിത്തട്ടിലെത്തി. കണ്ണെത്താദൂരത്തോളം വിജനമായ കടലപ്പാടം. ക്ഷേത്രത്തിനു ചുറ്റും നടക്കുന്നതിനിടെ പെട്ടെന്ന്, ഒരത്ഭുത വസ്തു സലിന്റെ കൈയില്‍ കിട്ടി. ദ്രവിച്ചു തുടങ്ങിയ ഭീമാകാരമായ ഒരു പല്ല്. കാട്ടാനയുടെ പല്ലായിരിക്കാമെന്ന് അഭിപ്രായം വന്നു. ‘ഇങ്ങു താ ഞാന്നോക്കാം…’ വിനയചന്ദ്രന്‍ മാഷ് അത് കൈക്കലാക്കി. അടുത്തുനിന്ന ഒരു കുറ്റി തേക്കിന്റെ ഇലയെടുത്ത് അത് പൊതിഞ്ഞ് പിന്നില്‍ പിടിച്ചു. വിജനമായ ആ അമ്പലപ്പറമ്പില്‍ നിന്ന് ‘അഞ്ചിതള്‍ വിനായകം’ ചൊല്ലി മുഴുമിപ്പിക്കുമ്പോഴേക്കും ആ പല്ലിന്റെ കഥ ഞങ്ങള്‍ മറന്നുപോയിരുന്നു.

ഈ മലമുടിയില്‍ നിന്ന് നോക്കിയാല്‍ അദൃശ്യമായ സമുദ്രത്തിന്റെ അടിത്തട്ടോളം കാണാം. വെയില്‍ മഞ്ഞയും പച്ചയും തവിട്ടും കലര്‍ന്ന മണ്ണിന്റെ ചതുരങ്ങള്‍. അങ്ങിങ്ങ് മണ്ണപ്പം ചുട്ടതുപോലെ ചെറു കുന്നുകള്‍. സഞ്ജീവനി മലകള്‍ എന്നാണവ അറിയപ്പെടുന്നത്. ഹനുമാന്‍ ലങ്കയിലേക്ക് മരുത്വാ മലയുമായി പോയപ്പോള്‍ അടര്‍ന്നുവീണ പര്‍വ്വത ശകലങ്ങളാണ് ഈ കുന്നുകളെന്ന് ഐതിഹ്യം.

ജലശൂന്യമായ ഈ സമുദ്രാടിത്തട്ടിലൂടെ കൃഷിയിടങ്ങളെ മുറിച്ച് ഏതോ ജനപഥം തേടി വളഞ്ഞു പുളഞ്ഞുപോകുന്ന ഏകാന്തമായ പാത. നോക്കിനോക്കിയിരുന്നാല്‍ സൈക്കിളിലോ കാല്‍നടയായോ പോകുന്ന ഒറ്റയൊറ്റ മനുഷ്യരെക്കാണാം. കാഴ്ചയുടെ അറ്റത്ത് ചിതറിക്കിടക്കുന്ന ചില നഗര ഭാഗങ്ങള്‍. കമ്പം, ഉത്തമപാളയം, രാജപ്പന്‍പെട്ടി, കോമ്പ… അവ്യക്തമായ പട്ടണ ശകലങ്ങള്‍.

 

രാമക്കല്‍ മേട്ടിലെ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് മലമുടിയില്‍ തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സിമന്റു പ്രതിമ. കുറവനും കുറത്തിയും മകനും അടങ്ങുന്ന ഒരാദിവാസി കുടുംബം. രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. Photo:KP Jayakumar


 

രാമനും സീതയും
രാമക്കല്‍മേട് എന്നാല്‍ രാമനും സീതയും ലക്ഷ്മണനും വനവാസ കാലത്ത് താമസിച്ച പ്രദേശമാണെന്ന് കവലയിലെ പെട്ടിക്കടക്കാരന്‍ വിനോദ സഞ്ചാരികളോട് ‘ചരിത്രം’ പറയുന്നത് ഇപ്പോഴും തുടരുന്നുണ്ടാവണം. എന്നാല്‍ സീതാരാമന്‍മാരുമായി സ്ഥലനാമപരമായി രാമക്കല്‍മേടിന് ബന്ധമൊന്നുമില്ല. രാമം എന്നാല്‍ കുരങ്ങ് എന്നാണ് അര്‍ത്ഥം. രാമന്‍മാര്‍ ധാരാളം നിരനിരയായിരിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നായതിനാലാണ് രാമക്കല്‍മേട് എന്ന പേര് വന്നതെന്നാണ് ഒരുല്‍പത്തികഥ. ‘രാമം പോടുക’ എന്ന തമിഴ് പ്രയോഗത്തിന് കുറി തൊടുക എന്നാണത്രെ അര്‍ത്ഥം. തമിഴകത്തുനിന്നു നോക്കിയാല്‍ നെറ്റിയില്‍ കുറിവരച്ചതുപോലെ പാടുകളുള്ള വലിയ വലിയ പാറക്കെട്ടുകള്‍ കാണാം. രാമം പോട്ട കല്ല് എന്ന പ്രയോഗത്തില്‍ നിന്നാണ് രാമക്കല്ലും രാമക്കല്‍ മേടും ഉണ്ടായതെന്നും മറ്റൊരു ചരിത്രം. എന്തായാലും രാമായണ കഥയേക്കാള്‍ വിശ്വാസ യോഗ്യമാണ് ഈ ഉല്‍പത്തി കഥകള്‍.

വിനോദ സഞ്ചാര കേന്ദ്രമായി നാള്‍ക്കുനാള്‍ രൂപം മാറുന്ന രാമക്കല്‍ മേട്ടിലെ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് മലമുടിയില്‍ തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സിമന്റു പ്രതിമ. കുറവനും കുറത്തിയും മകനും അടങ്ങുന്ന ഒരാദിവാസി കുടുംബം. രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.

അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒന്ന്. ഒരു കലാസൃഷ്ടി. മലമുടികളുടെ ഉയരത്തെ രൂപംകൊണ്ട് അതിലംഘിച്ച് അതങ്ങനെ നിലകൊള്ളുന്നു.

സമുദ്രം ബാക്കിവച്ചുപോയ അനവധി ശിലാശില്പങ്ങളിലൂടെയാണ് രാമക്കല്‍ മേട് അതിന്റെ പുരാവൃത്തം തിരയുന്നത്. കണ്ണുകളടച്ച്. ശരീരത്തെ തഴുകി കടന്നുപോകുന്ന കാറ്റിന്റെ നിലയ്ക്കാത്ത തിരമാലയില്‍ കുളിച്ച്, ഏറ്റവും ഉയരത്തിലുള്ള ഈ ശിലാകൂടത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍, കാലുകളില്‍ പ്രാചീനമായ അതേ ജലസ്പര്‍ശം.

 

കണ്ണുകളടച്ച്. ശരീരത്തെ തഴുകി കടന്നുപോകുന്ന കാറ്റിന്റെ നിലയ്ക്കാത്ത തിരമാലയില്‍ കുളിച്ച്, ഏറ്റവും ഉയരത്തിലുള്ള ഈ ശിലാകൂടത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍, കാലുകളില്‍ പ്രാചീനമായ അതേ ജലസ്പര്‍ശം. Photo: Sarath


 
 
 
 

5 thoughts on “കാറ്റുകൊണ്ടൊരു കടല്‍

 1. Thank you for the nice article… you have got this place into my bucket list for this year! Would have been better if you had provided the detailed route for the benefit of travel enthusiasts…

 2. ലോകത്തിനു കുറേക്കൂടി ചെരുപ്പംയിരുന്ന കാലത്ത് ജോലിയുടെ ഭാഗമായി മാസത്തില്‍ ഒരിക്കല്‍ നെടുംകണ്ടത്തു പോകുമായിരുന്നു . അപ്പോഴെല്ലാം രാമക്കല്‍ മേട്ടില്‍ പോയി കണ്ണുകളടച്ച്. ശരീരത്തെ തഴുകി കടന്നുപോകുന്ന കാറ്റിന്റെ നിലയ്ക്കാത്ത തിരമാലയില്‍ കുളിച്ച്, ഏറ്റവും ഉയരത്തിലുള്ള ഈ ശിലാകൂടത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍, കാലുകളില്‍ പ്രാചീനമായ അതേ ജലസ്പര്‍ശം അനുഭവിച്ചിരുന്നു .വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ നാട്ടില്‍ പുലരികളിലും രാവുകളിലും പകലുകളിലും കടലിന്റെ മണംപൂണ്ട കാറ്റിന്റെ സ്പര്‍ശം അനുഭവിക്കുമ്പോള്‍ മലമുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കുത്തനെ താഴേക്കിറങ്ങിയാല്‍ അരമണിക്കൂര്‍ കൊണ്ട് ഈ സങ്കല്‍പ്പ സമുദ്രത്തിന്റെ അടിത്തട്ടിലെത്തി വീണ്ടും കാണാന്‍ കൊതിപ്പിക്കുന്നു ഈ എഴുത്ത് . പക്ഷെ വയ്യ . രോഗങ്ങള്‍ യാത്ര അനുവദിക്കുന്നില്ലല്ലോ

 3. ശ്രീ ജയകുമാര്‍,
  നല്ലൊരു ലേഖനം…………………,അതിലുപരി രാമക്കല്‍ മേട്ടിലേക്ക് ഒരു യാത്ര പോയ പ്രതിതീ…….!keep writng……………….!

  Krishnaa

 4. http://www.mathrubhumi.com/travel/article/district_focus/idukki/idukki_ramakkalmedu/115798/

  Location

  Ramakkalmedu is a border tourist spot and hill station in Karunapuram panchayath, 15 km east to Nedumkandam, in Thekkady Munnar road

  How to reach

  By road: 36 km north to Kumili (40 km from Thekkady via Puliyanmala and Tukkupalam. Kattappana 20 km, Munnar 70 km. Buses and taxis are available from Kumily, Kattappana and Nedumkandam. You can reach Ramakkalmedu from Kumili via Chellarkovil by a taxi. You can go to Cumbum , in TN via Cubummedu.

  By rail: Changanacherry 90 km, Kottayam 150 km
  By Air: Madurai 145 km, Ernakulam 185 km

  Contact

  Std code: 04868.Karunapuram Grama panchayath office 236207, Nedumkandam circle inspector office 233260.

Leave a Reply

Your email address will not be published. Required fields are marked *