മദര്‍ ആശുപത്രിയില്‍ സംഭവിക്കുന്നത്

 
 
 
 
സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്ന മദര്‍ ആശുപത്രി നഴ്സിങ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. – വത്സന്‍ രാമംകുളത്ത് എഴുതുന്നു

 
 

തൃശൂര്‍ മദര്‍ ആശുപത്രിയില്‍ 75 ദിവസത്തിലേറെയായി തുടരുന്ന നഴ്സുമാരുടെ സമരം കേരളത്തിലെ ആശുപത്രികള്‍ മുഴുവന്‍ സ്തംഭിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങുന്നത്. മാനേജ്മെന്റുകളുടെ മര്‍ക്കട മുഷ്ടിയും സര്‍ക്കാറിന്റെ കഴിവുകേടും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും നിസ്സംഗതയുമാണ് ഈ അവസ്ഥക്ക് വഴിതെളിച്ചത്.

കേവലം സംഘടനാശക്തിക്കപ്പുറം ജീവിതം വഴിമുട്ടിയവരുടെ പോരാട്ടമാണ് തൃശൂരില്‍നിന്ന് കത്തിയാളുന്നത്. സമരത്തിന് പിന്തുണ നല്‍കി ഒളരിയിലെത്തിയ അയ്യായിരത്തിലേറെ നഴ്സുമാര്‍ക്ക് വിവിധ ആശുപത്രി മാനേജ്മെന്റുകള്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് . മദറിലെ മാത്രം പ്രശ്നമായി ഇതോടെ സമരം തീരുകയില്ലെന്നുറപ്പ്. സ്ഥിതിയാകെ സ്ഫോടനാത്മകമാണ്. തൊഴില്‍വകുപ്പിനും കോടതിക്കും കൈകാര്യം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം മാനേജ്മെന്റ് പ്രതികാരനടപടികളുമായും നിഷേധ നിലപാടുകളുമായും മുന്നോട്ട് പോകുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ശേഷിക്കുന്നത്- മാധ്യമ പ്രവര്‍ത്തകനായ വത്സന്‍ രാമംകുളത്ത് എഴുതുന്നു. Image Courtesy: UNA Facebook Page

 

 

തൃശൂര്‍ മദര്‍ ആശുപത്രിയില്‍ 75 ദിവസത്തിലേറെയായി തുടരുന്ന നഴ്സുമാരുടെ സമരം കേരളത്തിലെ ആശുപത്രികള്‍ മുഴുവന്‍ സ്തംഭിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങുന്നത്. മാനേജ്മെന്റുകളുടെ മര്‍ക്കട മുഷ്ടിയും സര്‍ക്കാറിന്റെ കഴിവുകേടും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും നിസ്സംഗതയുമാണ് ഈ അവസ്ഥക്ക് വഴിതെളിച്ചത്.

ന്യായമായ വേതനത്തിനും ആനുകൂല്യങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തന സ്വാതന്ത്യ്രത്തിനും വേണ്ടി കേരളത്തിലെ നഴ്സുമാര്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) കൊടിക്കീഴില്‍ ഒരു വര്‍ഷത്തിലേറെയായി പ്രക്ഷോഭത്തിലാണ്. നിരന്തര സമരങ്ങളിലൂടെ നിരവധി ആശുപത്രികളില്‍ അവര്‍ അവകാശങ്ങള്‍ പിടിച്ചു വാങ്ങി. എന്നാല്‍, എന്തു വില കൊടുത്തും സമരത്തെ അടിച്ചമര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ആശുപത്രി മുതലാളിമാരാവട്ടെ സമവായ കരാറുകള്‍ ലംഘിച്ചും ശിക്ഷണനടപടികള്‍ സ്വീകരിച്ചും പ്രകോപനങ്ങള്‍ തുടരുകയാണ്. നിയമപ്രകാരമുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും നഴ്സുമാര്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥമായ സര്‍ക്കാറാവട്ടെ ആശുപത്രി മുതലാളിമാര്‍ നടത്തുന്ന ചൂഷണത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാതെ ‘നിങ്ങള്‍ സമരം ചെയ്യൂ, ഞങ്ങള്‍ ചര്‍ച്ച നടത്തിത്തരാം’ എന്ന മട്ടിലാണ്.

വത്സന്‍ രാമംകുളത്ത്


ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ ഒളരിയിലെ മദര്‍ ആശുപത്രി സമരം പ്രസക്തമാവുന്നത്. മദറിലെ നഴ്സുമാര്‍ തുടരുന്ന സമരം 75 ദിവസം പിന്നിട്ടു. എട്ടുദിവസമായി നിരാഹാരമിരിക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ മദറിലെ നഴ്സ് പി രശ്മിയുടെ ആരോഗ്യനില വഷളായിരിക്കുന്നു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലയിലെ പ്രൈവറ്റ് ആശുപത്രികളിലെ നഴ്സുമാരെല്ലാം പണിമുടക്കി മദറിനുമുന്നിലെ സമരപന്തലിലാണ്. ജില്ലയിലെ ആശുപത്രികള്‍ സ്തംഭനാവസ്ഥയിലാണ്. തൃശൂര്‍^കാഞ്ഞാണി റോഡില്‍ ഗതാഗത സ്തംഭനവും നടക്കുന്നു. സംസ്ഥാനം ഭരിക്കുന്നവരും രാഷ്ട്രീയ പാര്‍ട്ടികളും എന്നാല്‍, ഇപ്പോഴും നിസ്സംഗതയാണ് തുടരുന്നത്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പേരിനു മാത്രമായി. നീതീകരിക്കാനാവാത്ത സമീപനമാണ് നഴ്സുമാരുടെ സമരത്തിനുനേരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനും(കെ.പി.എച്ച്.എ) മദര്‍ മാനേജ്മെന്റും സ്വീകരിക്കുന്നത്.

കേവലം സംഘടനാശക്തിക്കപ്പുറം ജീവിതംവഴിമുട്ടിയവരുടെ പോരാട്ടമാണ് തൃശൂരില്‍നിന്ന് കത്തിയാളുന്നത്. സമരത്തിന് പിന്തുണ നല്‍കി ഒളരിയിലെത്തിയ അയ്യായിരത്തിലേറെ നഴ്സുമാര്‍ക്ക് വിവിധ ആശുപത്രി മാനേജ്മെന്റുകള്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് . മദറിലെ മാത്രം പ്രശ്നമായി ഇതോടെ സമരം തീരുകയില്ലെന്നുറപ്പ്. സ്ഥിതിയാകെ സ്ഫോടനാത്മകമാണ്. തൊഴില്‍വകുപ്പിനും കോടതിക്കും കൈകാര്യം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം മാനേജ്മെന്റ് പ്രതികാരനടപടികളുമായും നിഷേധ നിലപാടുകളുമായും മുന്നോട്ട് പോകുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ശേഷിക്കുന്നത്.

 

 

കരാര്‍ലംഘനങ്ങളുടെ തുടര്‍ക്കഥ
2011 നവംബറില്‍ കേരളത്തിലാദ്യമായി നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത് ഒളരിയിലെ മദര്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയിലെ മുഴുവന്‍ നഴ്സമാരും തങ്ങളുടെ അവകാശത്തിനും തൊഴില്‍ സുരക്ഷയ്ക്കുമായി പുറത്തിറങ്ങി മുദ്രാവാക്യം മുഴുക്കി. മുംബൈയില്‍ നഴ്സുമാരുടെ സമരം കത്തിയാളിനില്‍ക്കെയായിരുന്നു ഇവിടത്തെ സമരം. ആതുര സേവനത്തിനിറങ്ങിയവരുടെ ദുരിതങ്ങളും പീഡനങ്ങളും ഇതോടെ പുറത്തറിഞ്ഞു. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സമരം ശക്തിപ്പെടുംമുമ്പെ, രണ്ടാം മണിക്കൂറില്‍ തൊഴില്‍വകുപ്പ് ഇടപെട്ട് തൊഴില്‍ കരാറുണ്ടാക്കി. 2011 നവംബര്‍ 16ന് രൂപംകൊണ്ട കേരള സ്റേറ്റ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തിലാണ് അന്ന് സമരം നടന്നത്.

രാഷ്ട്രീയ കുതന്ത്രങ്ങളോ, ട്രേഡ് യൂണിയന്‍ തന്ത്രങ്ങളോ വശമില്ലാതിരുന്ന 11 പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പോരാട്ടം കേരളത്തിലെ നഴ്സുമാര്‍ക്ക് പുതുജീവനായി മാറുകയായിരുന്നു. സമരരംഗത്ത് പുതിയ കാല്‍വെപ്പായതിനാല്‍ യു.എന്‍.എയെ സഹായിക്കാന്‍ എത്തിയ എ.ഐ.ടി.യു.സിയെന്ന കേന്ദ്ര ട്രേഡ് യൂണിയനാണ് തൊഴില്‍ കരാറുണ്ടാക്കുന്നതിലും ഒപ്പംനിന്നത്. അന്നത്തെ ഡി.എം.ഒ ആയിരുന്ന ഡോ.ശ്രീദേവിയുടെയും ജില്ലാ ലേബര്‍ ഓഫറുടെയും സാന്നിധ്യത്തിലുണ്ടായ കരാറില്‍ യു.എന്‍.എ നേതാക്കളും ആശുപത്രി എം.ഡി ഡോ.ഹക്കീമുള്‍പ്പടെയുള്ള മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ചു.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം കുറഞ്ഞത് 15,000 രൂപയെങ്കിലും ആക്കണം, രോഗീ/നഴ്സ് ആനുപാത ം(ജനറല്‍ വാര്‍ഡ് 1:5, ഐ.സി.യു1:1) പാലിക്കണം, ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണം, ബോണ്ട് വ്യവസ്ഥ പരിപൂര്‍ണ്ണമായും നിര്‍ത്തലാക്കണം, ഒരു വര്‍ഷ സേവനത്തിനുശേഷം നഴ്സുമാരെ സ്ഥിരപ്പെടുത്തുകയും സ്ഥിര ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുകയും വേണം, സ്റാഫിനും കുടുംബത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം^ഇവയായിരുന്നു യു.എന്‍.എ മുന്നോട്ട് വച്ച ആവശ്യങ്ങള്‍. ഇതില്‍ മാനേജ്മെന്റിന്റെ അധികാര പരിധിയില്‍ വരുന്നവ ചര്‍ച്ചയില്‍ തീര്‍പ്പാക്കി. ത്രീ ഷിഫ്റ്റ് 60 ദിവസത്തിനകം നടപ്പാക്കാനും ഒരു വര്‍ഷത്തിനുശേഷമുള്ളവരെ സ്ഥിരപ്പെടുത്തി സ്ഥിരജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കാനുമാണ് തൊഴില്‍വകുപ്പിന്റെയും ഡി.എം.ഒയുടെയും മുന്നില്‍ കരാറായത്.

സമരം തീര്‍ന്നു. പിറ്റേമാസം ശമ്പളം നല്‍കിയപ്പോള്‍ പക്ഷേ, മാനേജ്മെന്റ് കരാര്‍ പാലിച്ചില്ല. തൊട്ടടുത്ത മാസവും വഞ്ചന ആവര്‍ത്തിച്ചു. ത്രീ ഷിഫ്റ്റ് നടപ്പാക്കാമെന്ന് പറഞ്ഞ 60 ദിവസവും ഇതിനകം പിന്നിട്ടിരുന്നു. ഫെബ്രുവരിയില്‍ മദറിലെ നഴ്സുമാര്‍ രണ്ടാംഘട്ട സമരം തുടങ്ങി. ആ സമയമായപ്പോഴേക്കും യു.എന്‍.എ കേരളത്തിലാകെ വ്യാപിച്ചിരുന്നു. ആതുരസേവന രംഗത്തെ മുഴുവന്‍ ചൂഷണങ്ങളും ചര്‍ച്ചയായി. കൂടുതല്‍ ആശുപത്രിയിലേക്ക് സമരവും വ്യാപിച്ചു. യു.എന്‍.എയുടെ സമരത്തെ മാനേജ്മെന്റുകള്‍ എങ്ങിനെ നേരിട്ടുവെന്നത് എറണാകുളം അമൃതയിലെ സമരവും ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതും സാക്ഷ്യമായി.

മദറിലെ സമരം വിജയം കണ്ടു. വീണ്ടും പുതിയ കരാറുണ്ടായി. ഈ കരാറില്‍ ‘നിര്‍ണായക’മായ കാര്യങ്ങള്‍ എഴുതി ചേര്‍ക്കുന്നതില്‍ എ.ഐ.ടി.യു.സിയെന്ന ട്രേഡ് യൂണിയന്റെ പങ്ക് ചെറുതായിരുന്നില്ല. ഒരു വര്‍ഷം പിന്നിട്ടവര്‍ക്ക് മാത്രം അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാല്‍ മതിയെന്ന അന്നത്തെ കരാറിനെ ഏറ്റവുമധികം ഇന്ന് വിമര്‍ശിക്കുന്നതും യു.എന്‍.എയെ എതിര്‍ക്കുന്നതും അതേ എ.ഐ.ടി.യു.സിയാണ്. ഫെബ്രുവരിയിലെ കരാറും മാനേജ്മെന്റ് ലംഘിച്ചു. ഇതോടെ മാനേജ്മെന്റുമായി നഴ്സുമാര്‍ ശീതസമരത്തിലായി.

മാസങ്ങള്‍ പിന്നിട്ടിട്ടും, പല തവണ സമരങ്ങളും ഒത്തുതീര്‍പ്പു കരാറുകളുമുണ്ടായിട്ടും തൊഴില്‍ കരാര്‍ പാലിക്കാന്‍ മാനേജ്മെന്റ് തയ്യാറാവാത്തതാണ് മദര്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഇതോടൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ത്രീഷിഫ്റ്റ് സമ്പ്രദായം സംബന്ധിച്ച് തൃശൂരിലെ എലൈറ്റ് മിഷന്‍ ആശുപത്രി ഹൈക്കോടതിയില്‍ നടത്തുന്ന കേസില്‍ മദര്‍ മാനേജ്മെന്റും കക്ഷിചേര്‍ന്നു. കെ.പി.എച്ച്.എയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും(ഐ.എം.എ) ഇടപെടലുകളാണ് യു.എന്‍.എയുമായുണ്ടാക്കിയ കരാറുകള്‍ ലംഘിക്കപ്പെടുന്നതിന് കാരണമെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.

 

മദര്‍ ആശുപത്രിയില്‍ 2011 നവംബറില്‍ നടന്ന യു.എന്‍.എ രൂപവല്‍കരണ യോഗത്തില്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ സംസാരിക്കുന്നു


 

സ്ഥലംമാറ്റം എന്ന ശിക്ഷ
യു.എന്‍.എ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും എതിരെ പ്രതികാര നടപടികള്‍ ഇതോടെ ശക്തമായി. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യുട്ട് ആക്ട്^ഒമ്പത്(എ) പ്രകാരം മൂന്നുമാസം കൂടുമ്പോള്‍ ഇന്റേണല്‍ ട്രാന്‍സ്ഫറുകള്‍ സ്വാഭാവികമാണ്. ഇത്തരം ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടാറില്ലായിരുന്നു. മദറിലും സ്ഥിതി സമാനം. വീണ്ടും സമരം പൊട്ടിപ്പുറപ്പെടുമെന്നുറപ്പായതോടെയാണ് ‘ഇന്റേണല്‍ ട്രാന്‍സ്ഫറിന്’ മാനേജ്മെന്റ് തീരുമാനമെടുത്തു. ഗൂഢലക്ഷ്യത്തോടെയുണ്ടായ ആദ്യ സ്ഥലംമാറ്റം യു.എന്‍.എ ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയുമായ അരുണ്‍ വില്‍സണെതിരെയായിരുന്നു. അത്യാഹിത വാര്‍ഡുകളില്‍ നിന്നും ഐ.സി.യുകളില്‍ നിന്നുമെല്ലാം കൂട്ടത്തോടെ സ്ഥലമാറ്റങ്ങളുണ്ടായി. ഗുണ്ട^പലിശ^വാഹന ഇടപാട് മാഫിയയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവിനെ രോഗമില്ലാതെതന്നെ ആശുപത്രിയില്‍ ‘അഡ്മിറ്റ്’ ചെയ്യുകയും അയാള്‍ തങ്ങിയ മുറിയിലേക്ക് ബോധപൂര്‍വ്വം യു.എന്‍.എ നേതാക്കളെ ഡ്യൂട്ടിക്ക് അയക്കുകയും ചെയ്തു. ഈ റൂമില്‍ പരിചരണത്തിനെത്തിയ ദിവസം രാത്രി ഡ്യൂട്ടികഴിഞ്ഞിറങ്ങിയ അരുണ്‍ വില്‍സണെ നടുറോഡില്‍ ടൂവീലര്‍ തടഞ്ഞ് വധഭീഷണി മുഴക്കി. ‘മാനേജ്മെന്റിനും ആശുപത്രിക്കും എതിരെയുള്ള നിന്റെ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ നിന്നെ അവസാനിപ്പിക്കും’ എന്നായിരുന്നു തടഞ്ഞുനിര്‍ത്തിയവരുടെ ആക്രോശമെന്ന് അരുണ്‍ പറയുന്നു.

ആശുത്രിയില്‍ ‘രോഗാവസ്ഥ’യില്‍ കിടന്നിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ വക പിറ്റേന്ന് പ്രസ്താവനയും വന്നു. മദറിലെ നഴ്സുമാര്‍ക്ക് രോഗീ പരിചരണം വശമില്ലെന്നും മരുന്ന് മാറ്റിതന്ന് തന്നെ ഗുരുതരാവസ്ഥയിലെത്തിച്ചെന്നുമായിരുന്നു പ്രസ്താവം. ആശുപത്രിയിലെ സമരം മൂലമാണ് യഥാസമയം ചികിത്സകിട്ടാതെ തന്റെ പിതാവ് മരിച്ചതെന്ന ആശുപത്രി എം.ഡിയുടെ പ്രതികരണവും കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. ഇതോടെ, എം.ഡിയുടെ പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റുമോര്‍ട്ടം ചെയ്യണമെന്ന് യു.എന്‍.എ നേതാക്കള്‍ പത്രസമ്മേളനം നടത്തി. ഇതോടെ പക വര്‍ധിച്ചു.

പിന്നീടങ്ങോട്ട് അശാസ്ത്രീയ സ്ഥലമാറ്റങ്ങളും നഗ്നമായ കരാര്‍ ലംഘനങ്ങളും കുറുക്കുവഴികളിലൂടെ നഴ്സുമാരെ ചതിയില്‍പ്പെടുത്തുവാനുമുള്ള ശ്രമങ്ങളുമാണുണ്ടാത്. യു.എന്‍.എ നേതാക്കളെ ഉന്നംവച്ച് ആശുപത്രിയിലെ കംപ്യൂട്ടറില്‍ നീലചിത്രം ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരുന്ന ഡോക്ടറെ നഴ്സുമാര്‍ കയ്യോടെ പിടികൂടിയത് ശത്രുതയുടെ ആക്കം കൂട്ടി. മൂന്നുമാസം എന്ന ചട്ടം ലംഘിച്ച് നടത്തിയിരുന്ന ഇന്റേണല്‍ ട്രാന്‍സ്ഫറുകള്‍ രോഗികളെയും ഡോക്ടര്‍മാരെയും ദുരിതത്തിലാക്കി. നഴ്സുമാര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു. പണിയറിയാത്തവരാണെന്ന് ചിത്രീകരിച്ച് രോഗികള്‍ക്ക് മുന്നില്‍നിര്‍ത്തി നഴ്സുമാരെ അപഹാസ്യരാക്കി. സഹികെട്ട നഴ്സുമാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. സെപ്തംബര്‍ 21ന് നഴ്സുമാര്‍ പണിമുടക്കി പുറത്തിറങ്ങി.

 

 

സമരത്തെ നേരിട്ട വിധം
സമരം തുടങ്ങിയ ആദ്യനാളുകളില്‍ ആശുപത്രിക്കകത്ത് തീവ്രപരിചരണ വിഭാഗങ്ങളിലും കുട്ടികളുടെ വാര്‍ഡുകളിലും കഴിഞ്ഞിരുന്നവര്‍ക്കൊപ്പം ഏതാനും നഴ്സുമാര്‍ ഉണ്ടായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവരാരും അറ്റന്റന്‍സ് രജിസ്ട്രറില്‍ ഒപ്പുവച്ചിരുന്നില്ല. ഹാജര്‍ ഒപ്പുവക്കാത്തവരാരും ആശുപത്രിയില്‍ വേണ്ടെന്ന നിലപാടെടുത്ത മാനേജ്മെന്റ് ഈ നഴ്സുമാരെ പുറത്താക്കാന്‍ ശ്രമം നടത്തി. രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നവരും ഇതിനെ എതിര്‍ത്തതോടെ മാനേജ്മെന്റ് വെട്ടിലായി. നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ആശുപത്രിയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ കൂടി പുറത്താക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങളിറങ്ങുമെന്ന് അവര്‍ താക്കീത് നല്‍കി. നാട്ടുകാരും രോഗികളും നഴ്സുമാര്‍ക്കൊപ്പമാണെന്ന് അറിഞ്ഞതോടെ പ്രതികാരം വര്‍ധിച്ചു.

മറ്റു ട്രേഡ് യൂണിയനുകളെ കൂട്ടുപിടിച്ച് യു.എന്‍.എയെ തകര്‍ക്കാനും ഇതിനിടെ ശ്രമം നടന്നു. ഇതിനായി വന്‍ തുക ചെലവഴിച്ചതായായാണ് ആരോപണം. മദറില്‍ നടക്കുന്നത് വര്‍ഗീയസമരമാണെന്ന് എ.ഐ.ടി.യു.സിയുടെ പ്രസ്താവന ഇതോട് അനുബന്ധിച്ചുണ്ടായി. ഫെബ്രുവരിയില്‍ യു.എന്‍.എ ഉണ്ടാക്കിയ കരാര്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഗുണം കിട്ടുന്നതല്ലെന്നും പിന്നീട് പ്രസ്താവനയിറങ്ങി. സി.പി.എമ്മും സി.ഐ.ടി.യുവും സമരത്തോട് ആദ്യം സമരസപ്പെട്ടില്ല.

നഴ്സുമാര്‍ ധര്‍ണ്ണയിരുന്ന ആശുപത്രിമുറ്റത്ത് ചെടിച്ചട്ടികള്‍ നിറച്ചും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തും അസൌകര്യങ്ങളുണ്ടാക്കി. സമരത്തിനിറങ്ങിയ നഴ്സുമാരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അറസ്റുചെയ്യിപ്പിച്ചു. അഡ്വ.വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ ഇടപെട്ടാണ് നഴ്സുമാരെ തൃശൂര്‍ ടൌണ്‍ വെസ്റ് സ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. ആശുപത്രിക്ക് മുന്നില്‍ കെട്ടിയിരുന്ന സമരപന്തല്‍ രാത്രിയുടെ മറവില്‍ തകര്‍ത്തു. ജില്ലാ ലേബര്‍ ഓഫിസറും എറണാകുളത്ത് റീജ്യണല്‍ ലേബര്‍ അസി.കമ്മിഷണറും തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണറും ഹൈക്കോടതിയില്‍ മീഡിയേഷന്‍ കമ്മിറ്റിയും വിളച്ച ചര്‍ച്ചയില്‍ ആദ്യഘട്ടത്തിലൊന്നും മാനേജ്മെന്റ് പങ്കെടുത്തില്ല. പിന്നീട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും കെ.പി.എച്ച്.എയുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം നിന്ന് സമരം തീര്‍പ്പാക്കാന്‍ തയ്യാറായില്ല. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തങ്ങള്‍ക്ക് വിലയുണ്ടാവില്ലെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതും മാനേജ്മെന്റിന്റെ കര്‍ക്കശ നിലപാടിന് ശക്തികൂട്ടി.

സമരം നീണ്ടതോടെ ജില്ലയിലെ മുഴുവന്‍ നഴ്സുമാരും പണിമുടക്കി മദറിലെത്തി. പന്ത്രണ്ടായിരത്തോളം നഴ്സുമാരെ ആശുപത്രി പരിസരത്ത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതോടെ തൃശൂര്‍^കാഞ്ഞാണി സംസ്ഥാന പാത ിപൂര്‍ണ്ണമായും സ്തംഭിച്ചു. നഴ്സുമാരെ അറസ്റുചെയ്യാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. അതിനിടെ, വനിതാ നഴ്സുമാര്‍ തങ്ങിയ ഹോസ്റലുകളില്‍ മെസ് സൌകര്യം ഇല്ലാതാക്കി. ഭക്ഷണം പാചകം ചെയ്യാനായി ഗ്യാസ് സിലിണ്ടറുമായി ഹോസ്റലിലേക്ക് കയറിയ വനിതകളെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റുചെയ്തു. സി.ഐ ഉള്‍പ്പടെയുള്ള പുരുഷ പൊലീസുകാര്‍ അറസ്റിന് തുനിഞ്ഞതും പ്രതിഷേധത്തിനിടയാക്കി.

 

 

സമരത്തിനൊപ്പം ജനകീയ ശക്തി
മദര്‍ ആശുപത്രിയിരിക്കുന്ന തൃശൂര്‍ പട്ടണത്തിലെ ഒളരി മേഖലയാകെ സമരത്തിനൊപ്പമാണ്. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം, മഹിളാ മോര്‍ച്ച, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ടി.യു.സി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതി എന്നിവയെല്ലാം സമരത്തിനൊപ്പമാണ്. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ഡി.ദേവരാജന്‍, സി.പി.ഐ സംസ്ഥാന എക്സിക്യീട്ടീവ് കമ്മിറ്റിയംഗവും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.രാജന്‍, മഹളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ സമരപന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചു.

വിവിധ ഗ്രാമീണ സംഘങ്ങളും നാടന്‍പാട്ട് സംഘങ്ങളും സമരപന്തലിലെത്തി. സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ നഴ്സുമാരുടെ സഹനകഥ തെരുവ് നാടകമാക്കി അവതരിപ്പിച്ചു. ഡോ.ബിനായക് സെന്‍, സുഹാസ് കൊലേക്കര്‍ എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. ബി.ആര്‍.പി ഭാസ്കര്‍, പ്രഫ.സാറാ ജോസഫ്, സിവിക് ചന്ദ്രന്‍, കെ.വേണു, ഗ്രോ വാസു, കെ.അജിത, വൈശാഖന്‍ മാസ്റര്‍, സി.രാവുണ്ണി, അഡ്വ.പി.എ.പൌരന്‍, സി.ആര്‍.നീലകണ്ഠന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സെബാസ്റ്യന്‍ തുടങ്ങിയവരും പിന്തുണയര്‍പ്പിച്ചു.

 

 

വഴുതുന്ന ചര്‍ച്ചകള്‍
ജില്ലാ ലേബര്‍ ഓഫിസറാണ് പ്രശ്നത്തില്‍ ശ്രമകരമായ ഇടപെടല്‍ നടത്തിയത്. റീജ്യണല്‍ ലേബര്‍ അസി.കമ്മിഷറും ലേബര്‍ കമ്മിഷണറും ഇടപെട്ടു. ജില്ലയിലെ നഴ്സുമാരൊന്നടങ്കം സമരത്തിനിറങ്ങിയോടെ കളക്ടര്‍ ശ്രമം തുടങ്ങി. തൊഴില്‍ മന്ത്രി സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഹൈക്കോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ച് ചര്‍ച്ചകള്‍ വിളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ വന്ന് യു.എന്‍.എ നേതാക്കളെ കണ്ട് സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതെല്ലാം നടക്കുമ്പോഴും കേരള പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ആശുപത്രികളില്‍ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി തുടരുകയാണ്.

സമരത്തിന് പിന്തുണ അര്‍പ്പിച്ച് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ പണിമുടക്കുകയാണ്. ഇവരുടെയെല്ലാം വീടുകളിലേക്ക് പിരിച്ചുവിടല്‍ നോട്ടീസെത്തി. ആരെയും തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. നഴ്സുമാരുടെ സമരം ശക്തമായതോടെ ഗവ.ആശുപത്രികളിലും സഹകരണ ആശുപത്രികളിലും സ്ഥിതിഗതികള്‍ ഗുരുതരമായി. യു.എന്‍.എ യൂണിറ്റുള്ള സഹകരണ ആശുപത്രികളില്‍ അടുത്ത ദിവസം മുതല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുണ്ട്. ഗവ.ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും പണിമുടക്കുമെന്ന പ്രഖ്യാപനവും ഇതിനിടെയുണ്ടായി. യു.എന്‍.എയുമായി ഗവ.ആശുപത്രികളിലെ സംഘടനകള്‍ ചര്‍ച്ചക്കൊരുങ്ങിയിട്ടുണ്ട്.

 

 

പടരുന്ന രോഷാഗ്നി
മദര്‍ ആശുപത്രിയില്‍ പിരിച്ചുവിട്ട പതിനഞ്ചോളം നഴ്സുമാരെ തിരിച്ചെടുക്കുക, മദര്‍ സമരത്തിന്റെ ഭാഗമായി മറ്റു ആശുപത്രിയില്‍ നടപടിക്ക് നോട്ടീസ് കൈപ്പറ്റിയ അയ്യായിരത്തോളം നഴ്സുമാര്‍ക്കെതിരെയുള്ള പിരിച്ചുവിടല്‍ നീക്കം ഉപേക്ഷിക്കുക ഇവയാണ് സമരക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടായാല്‍ നഴ്സിങ് സമരത്തിന് അവസാനമാകും. മദറില്‍ നടപടിക്ക് വിധേയരായ നഴ്സുമാരെ തിരിച്ചെടുത്ത് ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ കമ്മിറ്റിയുടെ അന്വേഷണപ്രകാരം നടപടി വേണമെങ്കില്‍ ആകാമെന്നാണ് യു.എന്‍.എയുടെ നിലപാട്. എന്നാല്‍, ഇതുപോലും മാനേജ്മെന്റ് അംഗീകരിക്കുന്നില്ല.

തങ്ങള്‍ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണം നടത്തുമെന്നാണ് മാനേജ്മെന്റിന്റെ വാദം. ഹൈക്കോടതി സമിതി നടത്തുന്ന ശ്രമം പരാജയമടഞ്ഞാല്‍ വരുംദിവസങ്ങളില്‍ കേരളത്തിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും സ്തംഭിക്കുമെന്നുറപ്പാണ്. ഇതിനായി 25ന് ആശുപത്രികളില്‍ യു.എന്‍.എ യൂണിറ്റുകള്‍ നോട്ടീസ് നല്‍കും. മൂന്ന് ലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെ പിന്തുണയോടെയാണ് യു.എന്‍.എ സമരരംഗത്തുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെയാണ് രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് . പണിയെടുക്കുന്നവര്‍തന്നെ നേതൃത്വം നല്‍കുന്നതിനാലുള്ള പുച്ഛമാണ് യു.എന്‍.എ പോലുള്ള പുത്തന്‍തലമുറ യൂണിയനുകളോട് മറ്റു ട്രേഡ് യൂണിയനുകള്‍ക്കുള്ളത്. മാനേജ്മെന്റുകളുമായി രഹസ്യനീക്കത്തിലൂടെ യു.എന്‍.എയെയും സമരത്തെയും പൊളിക്കാനുള്ള നീക്കങ്ങളാണ് ഇത്തരം ‘പ്രമുഖ യൂനിയനുകള്‍’ നടത്തുന്നത്.

മുന്‍കാല ട്രേഡ് യൂണിയന്‍ നേതാവാണ് മദറില്‍ ഭരണവിഭാഗത്തിന്റെ തലപ്പത്തുള്ളത്. ഇത്തരം ആളുകളുടെ സഹായത്താലാണ് ഇതിനുള്ള ശ്രമങ്ങളെന്നും ആക്ഷേപമുണ്ട്. ആശുപത്രി മാനേജ്മെന്റുകള്‍ നിയോഗിക്കുന്ന സ്റാഫുകളെ വച്ച് യൂണിയനുകള്‍ ഉണ്ടാക്കുകയും ദുരൂഹമായ തൊഴില്‍കരാറുണ്ടാക്കുകയും ചെയ്യുന്ന മുഖ്യധാരാ ട്രേഡ് യൂണിയന്‍ രീതി അവസാനിക്കുമെന്നുറപ്പായതോടെയാണ് യു.എന്‍.എ പോലുള്ള പുതുതലമുറ ട്രേഡ് യൂണിയനുകള്‍ക്കെതിരായ നീക്കങ്ങളെന്നാണ് സൂചന.
 
 
നഴ്സ് സമരവുമായി ബന്ധപ്പെട്ട് നാലാമിടം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍
 
 
നഴ്സിങ് സമരം: തൊഴില്‍ മന്ത്രിക്ക് ഒരു തുറന്ന കത്ത്

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

ലേക് ഷോര്‍: ഈ സമരം തോല്‍ക്കരുത്

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്

ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല
 
 
 
 

One thought on “മദര്‍ ആശുപത്രിയില്‍ സംഭവിക്കുന്നത്

  1. ഇവിടുത്തെ നമ്മുടെ മാധ്യമങ്ങള്‍ ഉറങ്ങുകയാണോ അതോ ഉറങ്ങുന്നതായി അഭിനയിക്കുകയാണോ? ഐശ്വര്യറായിക്ക് കുട്ടി ഉണ്ടായതും, ശാരുഖ്ഖന്‍ കേരളത്തില്‍ വന്നതും എല്ലാം പത്രത്തിന്റെ മുന്‍വശത്ത് കൊടുക്കാന്‍ അറിയാം. ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ അവര്ക് അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *