മണ്ണിന്റെ മക്കളും 20 വര്‍ഷം പഴയൊരു ബോംബെ ഭീകരാക്രമണവും

 
 
 
 
മുംബൈ കലാപത്തെക്കുറിച്ച് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം. സുദീപ് കെ.എസ് എഴുതുന്നു
 
 
1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് വോട്ടുപിടിച്ചു എന്ന പേരില്‍ 1999 മുതല്‍ 2001 വരെ വോട്ടവകാശം നിഷേധിക്കപ്പെട്ടതാണ് ഠാക്കറെ നിയമത്തിന്റെ കയ്യില്‍ അനുഭവിച്ച ഒരേയൊരു ശിക്ഷ. ആറു വര്‍ഷത്തേയ്ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് 1995-ല്‍ വന്ന സുപ്രീം കോടതി വിധിയാണ് ‘മുന്‍കാല പ്രാബല്യത്തോടെ’ 1999-ല്‍ നടപ്പിലാക്കപ്പെട്ടത്‌. ഫലത്തില്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം നീണ്ടുനിന്നു ആ ശിക്ഷയുടെ കാലാവധി.

ഠാക്കറെ മരിച്ചിട്ടും അങ്ങേര്‍ പല സന്ദര്‍ഭങ്ങളിലായി തന്റെയും തന്റെ പാര്‍ട്ടിയുടെയും നേട്ടങ്ങള്‍ക്കായി പലപ്പോഴും വിജയകരമായിത്തന്നെ ഉപയോഗിച്ച ഈ രണ്ടു മുദ്രാവാക്യങ്ങളും നമ്മെ ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. വെറുപ്പിലും വിധ്വംസകതയിലുമൂന്നിയ ഈ മുദ്രാവാക്യങ്ങളെ നമ്മുടെ നാട്ടിലെ വിവിധ സമൂഹങ്ങള്‍ എങ്ങനെയെല്ലാം നേരിടും എന്ന ചോദ്യം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നു ഈ മരണം- സുദീപ് കെ.എസ് എഴുതുന്നു

 

 

ബാലാസാഹെബ് കേശവ് ഠാക്കറെ (बालासाहेब केशव ठाकरे) എന്ന ബാല്‍ ഠാക്കറെ മരിച്ചു.

ബോംബെ അഥവാ മുംബയ് എന്ന മഹാനഗരത്തെ ദശകങ്ങളോളം വിറപ്പിച്ചുനിര്‍ത്തിയ, ബോംബെയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെയും പല ദലിത്, സോഷ്യലിസ്റ്റ് നേതാക്കന്മാരെയുമൊക്കെ അടിച്ചും കൊന്നും തകര്‍ത്തുകളഞ്ഞ ഒരു ഗുണ്ടാസംഘത്തെ നയിച്ച തലവനാണ് ഇതോടെ ഇല്ലാതായത്. മരിച്ചിട്ടും ബോംബെയിലെ വ്യവസായികളും രാഷ്ട്രീയക്കാരും സാധാരണക്കാരുമൊക്കെ ഇയാളെ പേടിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു, കേരളത്തില്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ എന്നപോലെ. മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളും ആചാരവെടിയുമൊക്കെയായി ആ ശവസംസ്കാരച്ചടങ്ങ്‌ കൊഴുപ്പിച്ചു. ഇനി ഇതിനെ പേടിക്കണ്ടല്ലോ എന്ന സന്തോഷവും ഒരുപക്ഷേ അതിനുപിന്നില്‍ ഉണ്ടായിരിക്കാം.

“Mumbai paralysed by fear for three days after a man who was supposed to be fearless. As far as I know, a fearful person inspires fear and a loving person inspires love and respect.” — ആ മഹാനഗരത്തിന്റെ ഭാഗമായ എന്റെ സുഹൃത്ത് രചന ഫെയ്സ്ബുക്കില്‍ പറഞ്ഞു. അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഠാക്കറെയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണെന്ന് വിചാരിച്ചുകാണും. (അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് ഇവിടെ).

 

Photo: Pithwa Hemant


 

സ്തുതി വചനങ്ങള്‍.
അങ്ങനെയല്ലാതെ അങ്ങേരെ സത്യത്തില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുമുണ്ട്. ശിവസേന മെലിഞ്ഞെങ്കിലും ഇനിയും തൊഴുത്തില്‍ കെട്ടാറായിട്ടില്ല. ഠാക്കറെക്കുവേണ്ടി തല്ലുണ്ടാക്കാന്‍ ആളുണ്ട് എന്നതുകൂടിയാണല്ലോ ഈ പേടിയ്ക്കൊരു കാരണം.

കേരളത്തിലും ഠാക്കറെയ്ക്ക് ആരാധകരുണ്ട്. മരിച്ച ആളിനെ കുറ്റം പറയുന്നതിലെ അനൌചിത്യവും മരിച്ചവരോട് ആദരവ് കാട്ടേണ്ടതിന്റെ ആവശ്യവുമൊക്കെ ഊന്നിപ്പറഞ്ഞു രംഗത്തുവന്നവരില്‍ ഒരാള്‍ രണ്‍ജി പണിക്കര്‍ പത്രാധിപരായ (ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള?) ‘മെട്രോ വാര്‍ത്ത’ എന്ന പത്രത്തിന്റെ ലേഖകന്‍ ശ്രീ റെജികുമാറാണ്. മരണം ശത്രുവിന്‍റെതായാലും പരിഹാസം പരമകാരുണികന്‍ പൊറുത്തു എന്നു വരില്ല എന്നൊക്കെ പുള്ളി ഫെയ്സ്ബുക്കില്‍ എഴുതിത്തകര്‍ത്തു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ മരിച്ചുവീഴുന്നവരെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ. “കറയറ്റ രാജ്യസ്നേഹം. ഒപ്പം സ്വന്തം സംസ്ഥാനത്തെ ജനതയുടെ ക്ഷേമം. ഇന്ത്യന്‍ എന്നതില്‍, ഹിന്ദു എന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത അഭിമാനം. മറാത്തി ഭാഷയോടുള്ള അഭിനിവേശം..” ഇങ്ങനെ പോയി സ്തുതി വചനങ്ങള്‍.

ഈ പറഞ്ഞ കാര്യങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ അവിടെ നില്‍ക്കട്ടെ — മലയാളിയുടെയും തമിഴന്റെയും കടകള്‍ കത്തിക്കുന്നതും മുസ്ലീങ്ങളെ കൊല്ലാന്‍ പറയുന്നതും സിക്കുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതും പിന്നീട് ബിസിനസ്സുകാരായ സിക്കുകാരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി അക്രമം ഒതുക്കുന്നതുമൊക്കെ രാജ്യസ്നേഹത്തില്‍ പെടുമോ എന്നൊക്കെ പലരും ചോദിച്ചുകഴിഞ്ഞു. എന്നാല്‍ ഈ സ്തുതിഗീതകത്തിന്റെ അവസാന ഭാഗത്ത് കുറച്ചുകൂടി പ്രസക്തമായ, നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിപ്രകാരമാണ്‌:

“നമ്മുടെ നാട്ടിലെ അന്യസംസ്ഥാനക്കാര്‍ എങ്ങനെയെങ്കിലും ഒന്നു പോയിക്കിട്ടിയാല്‍ മതിയെന്നായിട്ടുണ്ട് പല ഗ്രാമങ്ങളിലും.! ചിലേടങ്ങളില്‍ നാട്ടുകാര്‍ അവരുടെ കോളനികളില്‍ കയറി അടിക്കുന്നു എന്ന വാര്‍ത്തകളും വരുന്നു…! താക്കറെയേക്കാള്‍ കടുത്ത നിലപാടാണ് പലേടത്തും ബംഗാളി- ബീഹാറി- ഒഡീഷി സംഘങ്ങളോട് നാട്ടുകാര്‍ സ്വീകരിക്കുന്നത്..!..

..മണ്ണിന്‍റെ മക്കള്‍ വാദം താക്കറെ നിര്‍ത്തിയപ്പോള്‍ തമിഴരും കന്നഡിഗരും മലയാളികള്‍ അടക്കമുള്ളവരും ഏറ്റെടുത്തു. അനധികൃതവും അനിയന്ത്രിതവുമായ കുടിയേറ്റം ഇരുപതുകോടി വരുന്ന തദ്ദേശ മറാത്തി ജനതയ്ക്ക് ഉണ്ടാക്കുന്ന കെടുതികള്‍ അനുഭവിച്ചറിഞ്ഞപ്പോഴാണ് താക്കറെ പ്രതിരോധം തീര്‍ത്തത്. അത് ഒരു തെറ്റായിരുന്നില്ല എന്ന് ഇപ്പോള്‍ കേരളവും തിരിച്ചറിയുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലും അതിന്‍റെ ചെറുരൂപം അപ്പുറവും ഇപ്പുറവും പ്രകടമായി..!..

..’താക്കറെ എന്ന പ്രസ്ഥാനം’ ഒരു തെറ്റായിരുന്നില്ല. അത് കാലത്തിന്‍റെ അനിവാര്യതയായിരുന്നു. സമകാലിക കേരളത്തിലെ കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന, സൃഷ്ടിക്കാന്‍ പോകുന്ന ഭീകരമായ സാമൂഹ്യപ്രശ്നങ്ങള്‍ തന്നെയായിരിക്കും അതിനു തെളിവ്. വിദൂരമല്ലാത്ത ഭാവിയില്‍ ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും കാക്കനാടും തിരുവല്ലയും… സമാനമായ മറ്റു പ്രദേശങ്ങളും സ്വീകരിക്കുക താക്കറെയുടെ പഴയ മോഡല്‍ തന്നെയായിരിക്കും..”

ഇത് നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന, നമുക്ക് കണ്ണടയ്ക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴര്‍ക്കെതിരെ നിലകൊണ്ട മലയാളികളില്‍ ഇപ്പോള്‍ ‘കീരിക്കാടന്‍ ചത്തേ’ എന്നാര്‍മ്മാദിക്കുന്ന മലയാളികളില്‍ ഒരു വിഭാഗമെങ്കിലും ഉണ്ടായിരുന്നിരിക്കണം. നമ്മുടെ നാട്ടിലെ മുഖ്യ പ്രശ്നക്കാര്‍ അന്യസംസ്ഥാന തൊഴിലാളികളാണ് എന്ന് കരുതുന്നവരില്‍, ബംഗാളികളും ഒഡീഷക്കാരും വന്ന് നമ്മുടെ നാട്ടിലെ വൃത്തിയും വെടിപ്പും ഇല്ലാതാക്കി എന്ന് കരുതുന്നവരില്‍ എല്ലാം ഇവരില്‍ ചിലര്‍ ഉണ്ടായാലും എനിക്കത്ഭുതമില്ല. കേരളത്തില്‍ ദീപാവലിയ്ക്കും പൊങ്കലിനുമൊഴികെ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ നിയന്ത്രണം വേണം, ഇല്ലെങ്കില്‍ മലയാള സിനിമ തകരും എന്ന് പറയുന്ന മോഹന്‍ലാല്‍ അടക്കമുള്ള സിനിമാക്കാരും പിന്തുടരുന്നത് ഠാക്കറെയുടെ പഴയ ‘മണ്ണിന്റെ മക്കള്‍’ വാദം തന്നെയാണ്. (ഇപ്പോള്‍ അനന്തരവന്‍ രാജ് ഠാക്കറെയും അങ്ങേരുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും വിജയകരമായി ഏറ്റെടുത്തിട്ടുണ്ട് ഈ മുദ്രാവാക്യം.) ഇനിയൊരു സാമ്പത്തിക മാന്ദ്യം വന്നാല്‍, ഗള്‍ഫ് നാടുകളില്‍ നിന്നെങ്ങാന്‍ മലയാളികള്‍ക്ക് തിരിച്ചുപോരേണ്ടിവന്നാല്‍, ഇവിടെ ഈ വാദം ഇനിയും രൂക്ഷമായേക്കാം. അതൊഴിവാക്കാന്‍ എന്താണ് വഴിയെന്ന് നാം ഇപ്പോഴേ ചിന്തിക്കേണ്ടതുണ്ട്.

ഈ വാദം മലയാളികള്‍ ഉന്നയിക്കുമ്പോള്‍ അതിന് ഇവിടെ സ്വീകാര്യത ലഭിക്കുന്നതിനെക്കുറിച്ച് സംഗീതകാരന്‍ അജിത്‌ കുമാര്‍ എ എസ് ഫെയ്സ്ബുക്കില്‍ത്തന്നെ ഒരു സ്റ്റാറ്റസ് മെസേജിലൂടെ തന്റെ ആശങ്കകള്‍ പങ്കുവച്ചു. ഠാക്കറെ സ്തുതിയിലോ ‘മണ്ണിന്റെ മക്കള്‍’ ദേശീയതയുടെ പ്രകീര്‍ത്തനത്തിലോ അഭിരമിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് അപകടകരമായ ഈ മുദ്രാവാക്യങ്ങളെ ഭയപ്പാടോടെ കാണുന്ന ഒന്നായിരുന്നു അത്.

 

'ബോംബെ' സിനിമ


 

സിനിമയില്‍ കാണാതെ പോയ ഒരു ഭീകരാക്രമണം

ഈ ഠാക്കറെ ആരാധകന്‍ പിന്നീടൊരു കമന്റില്‍ പറയുന്നു — “താക്കറെയെ പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണം എത്രയോ വര്‍ഷം മുന്‍പേ നടന്നേനെ?”

മുഖ്യമായും ‘മറാഠി മാണുസ്’ (മറാഠി മനുഷ്യര്‍) അഥവാ ‘ഭൂമിപുത്ര’ (മണ്ണിന്റെ മക്കള്‍) വാദത്തിലൂടെ തൊള്ളായിരത്തി അറുപതുകളില്‍ ഉയിര്‍കൊണ്ട ശിവസേനയെപ്പറ്റിയല്ല അത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മുസ്ലീം വിരോധത്തിന്റെയും ബലത്തില്‍ എണ്‍പതുകളുടെ അവസാനത്തോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച ശിവസേനയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.

മുംബൈ ഭീകരാക്രമണം എത്രയോ വര്‍ഷം മുന്‍പേ ഠാക്കറെയുടെ കാര്‍മ്മികത്വത്തില്‍ത്തന്നെ നടന്നു എന്ന് ഒരുപക്ഷേ അയാള്‍ക്ക്‌ അറിയുന്നുണ്ടാവില്ല. അതിന്റെ ഓമനപ്പേരാണ്‌ ‘ബോംബെ റയട്ട്സ്’ അഥവാ ബോംബെ കലാപം. നടന്നത് 1992 ഡിസംബര്‍, 1993 ജാനുവരി മാസങ്ങളില്‍. കേള്‍ക്കാന്‍ എന്ത് രസം, കേട്ടാല്‍ തോന്നും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള എന്തോ അടിപിടി ആണെന്ന്. അതും ബാബറി മസ്ജിദ് തകര്‍ത്തതിന് തൊട്ടു പിന്നാലെയാവുമ്പോള്‍ മുസ്ലീങ്ങള്‍ തുടങ്ങിവെച്ചതാണ് എന്നേ തോന്നൂ. സംഭവം മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലല്‍ ആയിരുന്നു എന്ന് അറിയുന്നവര്‍ക്കല്ലേ അറിയൂ.

പ്രമുഖ സിനിമാസംവിധായകനായ മണിരത്നം പോലും ആ പേര് കേട്ടും നിറം പിടിപ്പിച്ച കഥകള്‍ കേട്ടും മയങ്ങി ബോംബെ തെരുവുകളില്‍ രണ്ടുകൂട്ടരും പരസ്പരം കൊല്ലാന്‍ നടക്കുന്ന രംഗങ്ങളുള്ള ഒരുശിരന്‍ സെക്കുലര്‍ പടം പിടിച്ചു. ഞാന്‍ നാഗ്പൂരില്‍ ആയിരുന്നപ്പോള്‍ ആണ് ‘ബോംബെ’ ഇറങ്ങിയത്‌, ആദ്യദിവസം തന്നെ പടം കണ്ട് ഞാനും എന്റെ സുഹൃത്തുക്കളും അന്ന് കോരിത്തരിക്കുകയും ചെയ്തു. ബോംബെയില്‍ എത്തുന്നതുവരെ അങ്ങനെ ഏതാണ്ട് ഒന്നായിരുന്നു ‘ബോംബെ റയട്ട്സ്’ എന്ന് തന്നെയായിരുന്നു ഞാന്‍ വിശ്വസിച്ചത്.

ഞാന്‍ മാത്രമല്ല പല സെക്കുലര്‍/ഇടതുപക്ഷ ജീവികളും ഈ കുരുക്കില്‍ത്തന്നെ വീണു പിടഞ്ഞു, പലരും ഇന്നും പിടഞ്ഞുകൊണ്ടിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ബോംബെയിലുണ്ടായിരുന്ന സുനില്‍ കൃഷ്ണന്‍ തികഞ്ഞ ‘നിഷ്പക്ഷത’യോടെ ഈ ‘കലാപങ്ങളെ’പ്പറ്റി എഴുതുന്നത്‌ എന്ന് നോക്കാം : “അധോലോക നായകന്മാര്‍ അടക്കി വാഴുമ്പോളും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ (അന്നത്തെ ബോംബെ). എന്നാല്‍ മസ്ജിദിന്റെ തകര്‍ച്ചയോടെ നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.
ഡിസംബര്‍ 6 ന്റെ പിറ്റേന്ന് തന്നെ മുംബൈയില്‍ അശാന്തിയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു. അങ്ങിങ്ങ് അക്രമവും കലാപവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ ഏറി വന്നു. ഞങ്ങള്‍ അതിനിടെ നാട്ടിലേക്ക് പോരുകയും ചെയ്തു.

നാട്ടിലുള്ള സമയത്ത് പത്രങ്ങളില്‍ കൂടി മുംബൈയിലെ വിവരങ്ങള്‍ അറിഞ്ഞു. നഗരം മുഴുവന്‍ കലാപം ആളിപ്പടരുന്നു എന്നറിഞ്ഞു. ശിവസേനയായിരുന്നു മുസ്ലീം വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്..” (താക്കറെ: ചോരച്ചാലുകള്‍ ഒഴുകിയ തെരുവിന്റെ അധിപന്‍!, ഡൂള്‍ ന്യൂസ്). വലിയ സഖാവ് പറഞ്ഞതുപോലെ ‘തര്‍ക്കമന്ദിരം’ എന്നു പറഞ്ഞില്ലല്ലോ എന്നാശ്വസിക്കാം.

 

ജസ്റ്റിസ് ശ്രീകൃഷ്ണ


 

ധീരമായ ഒരന്വേഷണം

വാമൊഴികള്‍ക്കപ്പുറം നമുക്കാശ്രയിക്കാന്‍ ആകെയുള്ളത് ഈ ‘കലാപ’ത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. പല സീനിയര്‍ ജഡ്ജിമാരും ഭയന്ന് പിന്മാറി നില്‍ക്കുമ്പോഴാണ് അന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ അന്വേഷണച്ചുമതല ഏറ്റെടുക്കാന്‍ തയ്യാറായത്. അന്നേ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇടത് /സെക്കുലര്‍ വൃത്തങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിന്റെ പ്രധാന കാരണം ജസ്റ്റിസ് ശ്രീകൃഷ്ണ വിശ്വാസിയായ ഒരു ഹിന്ദുവാണ്, അതുകൊണ്ട് നിഷ്പക്ഷമായ ഒരന്വേഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കമ്മീഷന്‍ അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തി. (അന്വേഷണങ്ങള്‍ക്കൊടുവില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടങ്ങിയത് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ‘എന്ന മാര്‍ക്സ് വചനം ഉദ്ധരിച്ചുകൊണ്ടാണ്.)

1995-ല്‍ ശിവസേന ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നു. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരാകുമെന്നു മനസ്സിലാക്കിയ ശിവസേന സര്‍ക്കാര്‍ 1996-ല്‍ കമ്മീഷന്‍ പിരിച്ചുവിട്ടു. പിന്നീട് 1993 മാര്‍ച്ചില്‍ നടന്ന ബോംബെ സ്ഫോടനങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ടാണ് കമ്മീഷന് വീണ്ടും ജീവന്‍ നല്‍കിയത്.

 

ബോംബെ കലാപം Image Courtesy: Outlook India


 

ചെറുത്തുനില്‍പ്പ് എന്ന കള്ളക്കഥ

1992 ഡിസംബര്‍ 6 മുതല്‍ 10 വരെയും പിന്നീട് 1993 ജാനുവരി 6 മുതല്‍ 20 വരെയുമായി രണ്ട് എപ്പിസോഡിലാണ് ഈ ‘കലാപം’ അരങ്ങേറിയത്. ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീങ്ങള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു എന്നും അതിനോടുള്ള ചെറുത്തുനില്‍പ്പായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയത് എന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം [ഈ മുഖവുര കാണുക]. ഈ വാദത്തെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തള്ളിക്കളഞ്ഞ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുക എന്ന മുദ്രാവാക്യവുമായി അദ്വാനി നടത്തിയ രഥയാത്ര അത് സഞ്ചരിച്ച വഴികളിലെല്ലാം മുറിവുകളുണ്ടാക്കുകയും മുറിവുകള്‍ക്ക്‌ പുതുജീവന്‍ നല്‍കുകയും ചെയ്തു എന്നതായിരുന്നു ഒന്നാമത്തേത്. രഥയാത്രയ്ക്കും മുമ്പേ തന്നെ അന്തരീക്ഷം കലുഷിതമായിത്തുടങ്ങിയിരുന്നു. രാമക്ഷേത്രത്തിനുവേണ്ടി ഹിന്ദുക്കള്‍ ഒന്നിക്കണം എന്ന ആഹ്വാനവുമായി ‘രാമന്റെ പാദുകങ്ങള്‍’ വച്ചുള്ള പ്രകടനങ്ങളും ‘ചൌക്ക് സഭ’കളും പൊതുയോഗങ്ങളും എല്ലാമായി 1992 ജൂലായ്‌ മുതല്‍ ഡിസംബര്‍ വരെ ബി ജെ പി നടത്തിയ കാമ്പെയിന്‍, അതിന്റെ കൂടെ അവര്‍ ഭീഷണിയുടെ സ്വരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. ‘രാമജന്മഭൂമി’യില്‍ ബാബറി മസ്ജിദ് പണിതത് ഹിന്ദുക്കളോട് ചെയ്ത ചതിയാണെന്നും ഇതിനു പകരമായി മുസ്ലീങ്ങളെ ഈ രാജ്യത്തുനിന്നും നാടുകടത്തും എന്നുമെല്ലാം മുദ്രാവാക്യങ്ങള്‍ മുഴങ്ങി (റിപ്പോര്‍ട്ട് , അദ്ധ്യായം 1, ഭാഗം 2.4). ഇത്തരം പ്രകോപനങ്ങളെ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായതുമില്ല. (സുധാകര്‍ റാവു നായിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്നത് ). ഈ കലുഷിതാവസ്ഥയോടുള്ള സിമി, ബോംബെ മുസ്ലീം ആക്ഷന്‍ കമ്മിറ്റി എന്നീ മുസ്ലീം സംഘടനകളുടെ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി എന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

1992 ഡിസംബര്‍ 6-ന് ബാബറി പള്ളി പൊളിച്ചതില്‍ രോഷാകുലരായ മുസ്ലീങ്ങളാണ് കലാപങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നതായിരുന്നു ശിവസേന സര്‍ക്കാര്‍ ഉയര്‍ത്തിയ, ലിബറല്‍/സെക്കുലര്‍ ആയവരടക്കമുള്ള ഇന്ത്യയിലെ സവര്‍ണ്ണ മദ്ധ്യവര്‍ഗ്ഗം പൊതുവേ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ട, അതുകൊണ്ടുതന്നെ ഏറെ പ്രചാരം സിദ്ധിച്ച, മറ്റൊരു കഥ. ‘സ്വാഭാവികമായ രോഷം’ എന്ന ഈ വാദവും കമ്മീഷന്‍ അപ്പാടെ അംഗീകരിച്ചില്ല.

ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തോടൊപ്പം ഹിന്ദു സംഘടനകള്‍ നടത്തിയ ആഘോഷപ്രകടനങ്ങളും ഡിസംബറില്‍ നടന്ന ആദ്യവട്ടം കലാപങ്ങള്‍ക്ക് തിരികൊളുത്തി എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അന്നുതന്നെ മുസ്ലീങ്ങള്‍ നഗരത്തിന്റെ പല ഭാഗത്തും തെരുവിലിറങ്ങിയെങ്കിലും ആദ്യമൊന്നും ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നില്ല എന്നും ഈ പ്രകടനങ്ങളെ മുന്‍വിധിയോടെയും തത്വദീക്ഷയില്ലാതെയും നേരിട്ട പോലീസ് അവരെ അക്രമാസക്തരാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു എന്നും കമ്മീഷന്‍ നിരീക്ഷിച്ചു. (അദ്ധ്യായം 2, ഭാഗം 1.26 December 1992)

ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് ശിവസേന നേതാക്കളായ ബാബുറാവു മാനെയുടെയും രാമകൃഷ്ണ കേനിയുടെയും നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ തെരുവുകളിലൂടെ ഇരുന്നൂറിലേറെ വരുന്ന ശിവ’സൈനികര്‍’നടത്തിയ സൈക്കിള്‍ യാത്രയും അതിനൊടുവില്‍ ചെമ്പൂരിലെ കാലാ കില്ലയില്‍ വെച്ചുനടന്ന യോഗവും ആണ് പള്ളി തകര്‍ക്കപ്പെട്ട വാര്‍ത്ത വന്നതിനു ശേഷം ബോംബെയില്‍ നടന്ന ആദ്യത്തെ വര്‍ഗ്ഗീയമായ സംഭവമായി കമ്മീഷന്‍ അടയാളപ്പെടുത്തിയത്. (അദ്ധ്യായം 1, ഭാഗം 4: 6th December 1992). അതിനുശേഷം നഗരത്തില്‍ പലയിടത്തും സമാനമായ ‘ആഹ്ലാദപ്രകടനങ്ങള്‍’ അരങ്ങേറി.

1993 ജാനുവരി ഒന്നിന് ഠാക്കറെയുടെ പത്രാധിപത്യത്തിലുള്ള ശിവസേന മുഖപത്രമായ ‘സാംന’യില്‍ “Hindunni Akramak Vhayala Have”(‘ഹിന്ദുക്കള്‍ ആക്രമകാരികളാവണം’) എന്ന പേരില്‍ ഒരു ലേഖനം വന്നു. ഹിന്ദുക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല എന്നാരോപിച്ച് ശിവസേന ജാനുവരി നാലിന് ജോഗേശ്വരി പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ ചാച്ചാ നഗര്‍ പള്ളി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന കുറച്ചു മുസ്ലീങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ജാനുവരി അഞ്ചിന് രാത്രി നാല് ഹിന്ദു ചുമട്ടുതൊഴിലാളികള്‍ കത്തിക്കുത്തേറ്റു മരിച്ചു. ചുമട്ടുതൊഴിലാളി യൂണിയനുകള്‍ അന്നും പിറ്റേന്നും ബന്ദിന് ആഹ്വാനം ചെയ്തു. ഇത് സംഭവത്തിന് പബ്ലിസിറ്റി കൊടുത്തു. മുസ്ലീങ്ങളാണ് ഇതിനുപിന്നില്‍ എന്ന് ശിവസേന അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രചരിപ്പിച്ചു. ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്ക് സ്വയം രക്ഷയ്ക്ക് വാളെടുക്കേണ്ടിവരും എന്ന് അന്നുവൈകുന്നേരം നടന്ന പൊതുയോഗങ്ങളില്‍ യൂണിയന്‍ നേതാക്കള്‍ പ്രസംഗിച്ചു. (അദ്ധ്യായം 2, ഭാഗം 1.7).

ജാനുവരി ആറിന് വീണ്ടും കത്തിക്കുത്തുകളും അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആരാണ് ഇതിനുപിന്നില്‍ എന്ന് വ്യക്തമായിരുന്നില്ല. അക്രമികള്‍ അക്രമം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷരായി. ഒരു ഹിന്ദുവും ഒരു മുസ്ലീമും കത്തിക്കുത്തുകളില്‍ മരിച്ചു. പരിക്കേറ്റവരില്‍ ഏറെയും ഹിന്ദുക്കളായിരുന്നു. അന്നുരാത്രി ഒമ്പതുമണിയോടെ ശിവസേനയുടെ നഗരസഭാ സാമാജികന്‍ മിലിന്ദ് വൈദ്യയുടെയും സഞ്ജയ്‌ ഗവാഡേ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെയും നേതൃത്വത്തില്‍ പരസ്യമായി വാളുമേന്തി ശിവസൈനികര്‍ മാഹിമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലീം വേട്ടയ്ക്കിറങ്ങി. (അദ്ധ്യായം 2, ഭാഗം 1.8: 6th January 1993 to 20th January 1993). ഇത് അക്രമപരമ്പരയുടെ രണ്ടാം എപ്പിസോഡിനു തുടക്കം കുറിച്ചു. ജാനുവരി എട്ടിന് പുലര്‍ച്ചെ രാധാഭായി ചാള്‍ എന്നറിയപ്പെട്ട ജോഗേശ്വരിയിലെ ഒരു ചേരിപ്രദേശത്ത്‌ ഉറങ്ങിക്കിടന്ന ഒരു ഹിന്ദു കുടുംബത്തെ പുറത്തുനിന്നു പൂട്ടിയിട്ട് ചില അക്രമികള്‍ വീടിനു തീവച്ചു. മാധ്യമങ്ങള്‍ ഈ സംഭവത്തെ പരമാവധി സെന്‍സേഷനല്‍ ആക്കുന്നതില്‍ വിജയിച്ചു. (അദ്ധ്യായം 2, ഭാഗം 1.11)

അതിനുശേഷം നടന്നത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണമായിരുന്നു എന്ന് ഈ റിപ്പോര്‍ട്ട് വിലയിരുത്തി. ജാനുവരിയില്‍ നടന്നത് ചുമട്ടുതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തോടും രാധാബായി ചാള്‍ സംഭവത്തോടുമുള്ള പ്രതികരണവും ഒരു ഹിന്ദു ചെറുത്തുനില്‍പ്പും ആണ് എന്ന വാദത്തോട് റിപ്പോര്‍ട്ട് ഇങ്ങനെ പ്രതികരിക്കുന്നു : “As far as the causes for January 1993 phase of the rioting is concerned, the Commission does not accept the theory that it was merely a backlash of the Hindus because of the stabbings, Mathadi murders incidents and the Radhabai Chawl incident.. The events which took place between the period 12th December 1992 and 5th January 1993 indicate that there were attacks going on against the Muslims and their properties in different areas” (അദ്ധ്യായം 2, ഭാഗം 1.27 January 1993)

“1993 ജാനുവരി 8 മുതല്‍ക്കെങ്കിലും ശിവസേനയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ശാഖാ പ്രമുഖര്‍ മുതല്‍ ശിവസേനാ തലവനായ ബാല്‍ ഠാക്കറെ വരെയുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുസ്ലീങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടു. ശിവസേന തുടങ്ങിവെച്ചത് താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി ലോക്കല്‍ ക്രിമിനലുകളും ഏറ്റെടുത്തു. സംഭവം കൈവിട്ടുപോയി എന്ന് പിന്നീട് മനസ്സിലായപ്പോള്‍ അക്രമം അവസാനിപ്പിക്കാന്‍ ശിവസേന നേതാക്കള്‍ക്കുതന്നെ ആഹ്വാനം ചെയ്യേണ്ടിവന്നു. റിപ്പോര്‍ട്ടില്‍ ഠാക്കറെയെ വിശേഷിപ്പിക്കുന്നത് “veteran general commanding his loyal Shiv Sainiks to retaliate by organised attacks against Muslims” എന്നാണ്. (അദ്ധ്യായം 2, ഭാഗം 1.27)

 

ഉത്തരേന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കിടെ 2008 ഒക്ടോബറില്‍ നവി മുംബൈയില്‍ റെയില്‍ ബോര്‍ഡ് പരീക്ഷക്കെത്തിയ ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥിയെ ശിവസൈനികന്‍ ആക്രമിക്കുന്നു Photo: Frontline


 

മണ്മറഞ്ഞു പോയ റിപ്പോര്‍ട്ട്

ഏറെക്കാലത്തേയ്ക്ക് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്‌ വൈകിക്കുന്നതില്‍ മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ വിജയിച്ചു. ഒടുവില്‍ 1998-ല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശ്രീകൃഷ്ണ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ഠാക്കറെയെ ശിക്ഷിക്കണം എന്നും സെക്കുലര്‍ വൃത്തങ്ങളില്‍ നിന്ന് ശബ്ദമുയര്‍ന്നു. എന്നാല്‍ 1993 ജാനുവരി മുതല്‍ 2002 ജൂലായ്‌ വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന പി സി അലക്സാണ്ടര്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്തി. മാറിമാറിവന്ന ശിവസേന, കോണ്‍ഗ്രസ് മന്ത്രിസഭകളുടെ ഒത്താശയോടെ ആ റിപ്പോര്‍ട്ട് അങ്ങനെ മണ്മറഞ്ഞു പോവുകയും ചെയ്തു. (അദ്ദേഹത്തിന് പിന്നീട് ലഭിച്ച രാജ്യസഭാ സീറ്റും പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള പരിഗണനയും ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.)

2008-ല്‍ ഒരു മുംബൈ കോടതി മുന്‍ ശിവസേനാ എം പി മധുകര്‍ സര്‍പോട്ട്ദാറെയും മറ്റു രണ്ടു പാര്‍ട്ടി നേതാക്കളെയും രണ്ടുവര്‍ഷത്തെ തടവിന് വിധിച്ചു. ഉടന്‍ തന്നെ ജാമ്യത്തില്‍ പുറത്തുവന്ന സര്‍പോട്ട്ദാര്‍ 2010 ഫെബ്രുവരി 20-ന് മരണമടഞ്ഞു. തനിക്കുവിധിക്കപ്പെട്ട ജയില്‍ശിക്ഷ അനുഭവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഈ കേസില്‍ ഠാക്കറെയെ തൊടാനാകട്ടെ ഒരു കോടതിയ്ക്കും സര്‍ക്കാരിനും ധൈര്യം ഉണ്ടായതുമില്ല.

 

ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിനെതിരായി നടന്ന ശിവസേനാ ആക്രമണം


 

അവശേഷിക്കുന്ന ചോദ്യങ്ങള്‍

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് വോട്ടുപിടിച്ചു എന്ന പേരില്‍ 1999 മുതല്‍ 2001 വരെ വോട്ടവകാശം നിഷേധിക്കപ്പെട്ടതാണ് ഠാക്കറെ നിയമത്തിന്റെ കയ്യില്‍ അനുഭവിച്ച ഒരേയൊരു ശിക്ഷ. ആറു വര്‍ഷത്തേയ്ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് 1995-ല്‍ വന്ന സുപ്രീം കോടതി വിധിയാണ് ‘മുന്‍കാല പ്രാബല്യത്തോടെ’ 1999-ല്‍ നടപ്പിലാക്കപ്പെട്ടത്‌. ഫലത്തില്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം നീണ്ടുനിന്നു ആ ശിക്ഷയുടെ കാലാവധി.

ഠാക്കറെ മരിച്ചിട്ടും അങ്ങേര്‍ പല സന്ദര്‍ഭങ്ങളിലായി തന്റെയും തന്റെ പാര്‍ട്ടിയുടെയും നേട്ടങ്ങള്‍ക്കായി പലപ്പോഴും വിജയകരമായിത്തന്നെ ഉപയോഗിച്ച ഈ രണ്ടു മുദ്രാവാക്യങ്ങളും നമ്മെ ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. വെറുപ്പിലും വിധ്വംസകതയിലുമൂന്നിയ ഈ മുദ്രാവാക്യങ്ങളെ നമ്മുടെ നാട്ടിലെ വിവിധ സമൂഹങ്ങള്‍ എങ്ങനെയെല്ലാം നേരിടും എന്ന ചോദ്യം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നു ഈ മരണം.

 

വാല്‍ക്കഷണം :
1993 മാര്‍ച്ചിന് ശേഷം 1992 ഡിസംബര്‍ / 1993 ജാനുവരി

1993 മാര്‍ച്ചില്‍ നടന്ന ബോംബെ സ്ഫോടനങ്ങള്‍ക്ക് ശേഷമാണ് ‘ബോംബെ റയട്ട്സ്‌ ‘ ഉണ്ടായത് എന്ന വിചിത്രമായൊരു വാദവും പില്‍ക്കാലത്ത് ഹൈന്ദവ സംഘടനകളും അവരുടെ സില്‍ബന്ദികളായ സവര്‍ണ്ണഹിന്ദു മിഡില്‍ക്ലാസും കൂടി കെട്ടിപ്പൊക്കി. ബോംബെയില്‍ ഉള്ളവരൊഴികെ മറ്റു പലരും അത് വിശ്വസിക്കുകയും ചെയ്തു. “The 1993 bomb blasts triggered religious violence.” എന്നാണ് Being indian എന്ന പുസ്തകത്തില്‍ പവന്‍ വര്‍മ്മ എഴുതിയത് (ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഈ തലതിരിഞ്ഞ ‘പൊതുബോധ’ത്തെപ്പറ്റി പത്രപ്രവര്‍ത്തകനായ ദിലീപ് ഡിസൂസ 2006-ല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരുന്നു).

 
 
 
 

9 thoughts on “മണ്ണിന്റെ മക്കളും 20 വര്‍ഷം പഴയൊരു ബോംബെ ഭീകരാക്രമണവും

  1. വളരെ നല്ല ലേഖനം. എപ്രകാരമാണ് മുസ്ലിമുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതെന്നത് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഭാഷയെ വച്ച് ചപ്പടാച്ചി എഴുതാത്തതിനും ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു സുധീപിനു നന്ദി. മുസ്ലിമുകള്‍ ഈ രാജ്യത്തെ പൌരന്മാരാണ്. അവര്‍ക്കിവിടെ മറ്റുള്ളവരെ പോലെ ജീവിക്കുവ്ാന് അവകാശമുണ്ട്.

  2. നല്ല ലേഖനം. ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഇത്ര ലളിതവും വസ്തുനിഷ്ഠവുമായ സംഗ്രഹം മുമ്പു വായിച്ചിട്ടില്ല.

    എഴുപതുകളിലെ ബോംബെയെപ്പറ്റി അച്ഛന്‍ പറഞ്ഞ കേട്ടറിവേയുള്ളു. പക്ഷേ ഇന്നത്തെ ബോംബെ മലയാളികള്‍ പോലും അതിന്റെ പാഠങ്ങള്‍ മറന്നെന്നു തോന്നുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ “ഓര്‍മ്മകള്‍ എന്തുകൊണ്ട് ഉണ്ടായിരിക്കണം എന്ന് ഇതു വ്യക്തമാക്കുന്നു”.

    വധശിക്ഷയ്ക്ക് എതിരായതു കൊണ്ട്, കസബിനെ വധിച്ചതിലോ, ഠാക്കറയേ ആരും വധിക്കാതിരുന്നതിലോ സന്തോഷം കണ്ടെത്തുന്നില്ല. അയാളെ നമ്മുടെ നിയമത്തിനു സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നു. ഒരു പക്ഷേ “സ്വതന്ത്ര ഭാരതത്തിലെ” ആദ്യത്തെ ആരാധിക്കപ്പെട്ട 916 പരിശുദ്ധ ഫാസിസ്റ്റ്. ഇനിയും ഇത്തരം ഇനങ്ങള്‍ പിറക്കാതിരുന്നെന്കില്‍ എന്നു മാത്രം ആഗ്രഹിച്ചു പോകുന്നു.

  3. ഈ അടുത്ത് വായിച്ചിട്ടുള്ളതില്‍ മികച്ച ലേഖനം…!

  4. നോർത്തിന്ത്യൻ ഇൻഫ്ല്ഡ്സിനെ പറ്റി “ആകുലപ്പെടുന്ന” ഈ അടുത്ത കാലത്ത് പോലുള്ള സിനിമകൾ പറയുന്നത് ഇതേ മണ്ണിന്റെ മക്കൾ വാദം തന്നെയല്ലേ.. നാടോടി സ്ത്രീകളെ തടഞ്ഞു നിർത്തിയുള്ള ഭാണ്ഡ പരിശോധനയിലും, ചില പ്രത്യേക സംസ്ഥാനക്കാരെ മൊബൈലിൽ തീവ്രവാദികളുടെ ഫോട്ടോ പരിശോധനയിലും മലയാളി കാണിക്കുന്നത് ഈ വംശീയതയുടെ ചില പ്രകട സൂചനകളും..

Leave a Reply

Your email address will not be published. Required fields are marked *