പീജിയുടെ ലോകം; എന്റെയും

 
 
 
പുസ്തകങ്ങളിലൂടെ ലോകം ചുറ്റിയ ഒരാളും കടലിലൂടെ ലോകം ചുറ്റിയൊരാളും തമ്മിലുള്ള മുഖാമുഖം.
പീജിയുടെ ലോകത്തെക്കുറിച്ച് നിരഞ്ജന്‍ എഴുതുന്നു

 
 

ഒടുവില്‍, ആ പുസ്തകവും അടഞ്ഞു.
ലോകത്തെ സ്വന്തം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത,
അറിവിന്റെ വലിയൊരു വഴി-മലയാളത്തിന്റെ സ്വന്തം പീജി.
പുസ്തകങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ലോകസഞ്ചാരങ്ങള്‍.
ഇടതുപക്ഷ രാഷ്ട്രീയം പകര്‍ന്ന വെളിച്ചത്തിലായിരുന്നു ആ യാത്ര.
രാഷ്ട്രീയ വായനയിലൂടെയുള്ള ജ്ഞാനഭരിതമായ ആ ദീര്‍ഘ സഞ്ചാരങ്ങള്‍
പിന്നീട്, മലയാളത്തിന്റെ പല തലമുറകള്‍ക്ക് വെളിച്ചമായി.
അത്തരമൊരു തലമുറയിലെ ഒരാള്‍ ആ വെളിച്ചത്തെ വായിക്കുകയാണിവിടെ.
കവിയും മറീന്‍ എഞ്ചിനീയറുമായ നിരഞ്ജന്‍.
പുസ്തകങ്ങളിലൂടെ ലോകം ചുറ്റിയ ഒരാളും
കടലിലൂടെ ലോകം ചുറ്റിയൊരാളും തമ്മിലുള്ള മുഖാമുഖം കൂടിയാണിത്.
ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത
നിരഞ്ജന്റെ കുറിപ്പ് നാലാമിടം പുന:പ്രസിദ്ധീകരിക്കുന്നു

 
 

“ലാറ്റിനമേരിക്കയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പല തവണകളിലായി പിന്നെയും സഞ്ചരിച്ചു. അവധിക്കു വരുമ്പോഴൊക്കെ പി.ജിയുടെ ദേശാഭിമാനിലോകവും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ലോകവും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഞാന്‍ വായിച്ചെടുത്തുകൊണ്ടിരുന്നു. അത് ഒരു വീര്‍പ്പുമുട്ടലായി വിടാതെ പിന്തുടരുകയും ചെയ്തു”-നിരഞ്ജന്‍ എഴുതുന്നു

 
 

 
 
എന്റെ തലമുറയിലെ ഇടതുപക്ഷത്തേക്ക് തലതിരിഞ്ഞവര്‍ക്കെല്ലാം പ്രതീക്ഷകള്‍ തന്നുപോന്നിരുന്ന രണ്ടുപേരിലൊരാള്‍ പി.ജിയാണ്. ആദ്യത്തെയാള്‍ സ: ഇ.എം.എസ്.നമ്പൂതിരിപ്പാട്. ചരിത്രം ഏതൊക്കെ വഴികളിലൂടെയാണോ കടന്നുപോകേണ്ടിയിരിക്കുന്നത്, അതുപോലെ കൃത്യമായും കാര്യങ്ങള്‍ നടന്നുപോയിക്കൊണ്ടിരിക്കുന്നു എന്ന് സ: ഇ.എം.എസ്സും ലോകത്തെല്ലായിടത്തും അത് അങ്ങനെത്തന്നെ എന്ന് പി.ജിയും സ്ഥിരമായി ചിന്തയിലും ദേശാഭിമാനിയിലും എഴുതിക്കൊണ്ടിരുന്നു.

നിരഞ്ജന്‍


ഇടയ്ക്കിടയ്ക്ക് കഴിഞ്ഞ വര്‍ഷം ഇന്നയിന്ന കാര്യങ്ങളെ ശരിയായി വിലയിരുത്തുന്നതില്‍ ഇ.എം.എസ് എന്നയാള്‍ക്ക് ഇന്നയിന്ന തെറ്റുകള്‍ പറ്റിയിട്ടുണ്ട് എന്ന് മറ്റാരുടെയോ കാര്യം പറയുന്നതുമാതിരി ഇ.എം.എസ് എഴുതാറുണ്ടെങ്കിലും പി.ജി. അത്തരം സന്ദേഹങ്ങളൊന്നും അക്കാലത്ത് പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ദേശാഭിമാനിയുടെ ഉള്‍പ്പേജുകോളത്തില്‍ ‘നിക്കരാഗ്വ ചുവന്നു’ എന്ന മട്ടിലൊക്കെ പി.ജി എഴുതുന്നതു വായിച്ചു രോമാഞ്ചം കൊണ്ട ആ കാലത്ത് ജനിച്ചുവളര്‍ന്ന പ്രദേശത്തിനു ചുറ്റുമുള്ള തൃക്കടീരി, ചെര്‍പ്പുളശേãരി, പൂക്കോട്ടുകാവ് പഞ്ചായത്തുകളേക്കാള്‍ എനിക്കു പരിചയം ലാറ്റിനമേരിക്കയെ ആയിരുന്നു. ലോര്‍ക്കയേയും നിക്കനോര്‍ പാറയേയും, പുലാക്കാട്ട് രവീന്ദ്രനേക്കാള്‍ കൂടുതല്‍ അറിയുമെന്ന തോന്നല്‍. സ്വാഭാവികമായും പി.ജി ആയിരുന്നു നമ്മുടെ ആള്..

 

പിനോഷെയോട് എതിര്‍പ്പുണ്ടെങ്കിലും കമ്യൂണിസം സോഷ്യലിസം എന്ന വാക്കുകളോടൊക്കെ മൂപ്പര്‍ക്ക് അലര്‍ജി .അലന്‍ ഡേയോട് സ്നേഹമുണ്ട്, നെരൂദയോടും. അത്രയേയുള്ളൂ..! മാത്രമല്ല 'അമീഗോ.. കമ്യൂണിസ്റുകാരെയൊക്കെ ആദ്യം കാണുമ്പോള്‍ തന്നെ വെടിവെച്ചുകൊല്ലണം'' എന്നും ഒരു ക്രിസ്ത്യന്‍ ഡെമോക്രാറ്റായ കാര്‍ലോസ് എനിക്ക് സ്നേഹപൂര്‍വ്വം ഉപദേശിച്ചുതന്നു.


 

വലത്തോട്ടൊഴുകുന്ന നദികള്‍
ഈ ലോകവീക്ഷണവുമായാണ് 1991ല്‍ ഞാന്‍ കപ്പലില്‍ ജോലിക്കു കയറിയത്. ആദ്യത്തെ യാത്രയാവട്ടെ നമ്മുടെ സ്വന്തം ലാറ്റിനമേരിക്കയിലേക്ക്. ന്യൂ ഓര്‍ലിയന്‍സില്‍ നിന്നും പനാമാ കനാല്‍ കടന്ന് ‘കമ്പനിയ സുദ് അമേരിക്കാനാ ഡി വാപോര്‍സ്’ (സൌത്ത് അമേരിക്കന്‍ സ്റീംഷിപ്പ് കമ്പനി എന്നു വിവര്‍ത്തനം) എന്ന ഉടമസ്ഥരുടെ എം.വി.ലോവ എന്ന കപ്പലില്‍. ലോവ എന്നത് ചിലിയിലെ ഒരു നദിയുടെ പേരാണ്. കേരളം പോലെത്തന്നെ പടിഞ്ഞാട്ടൊഴുകുന്ന നദികള്‍ ധാരാളമുള്ള ചിലിയിലെ നദികളുടെ പേരു തന്നെയായിരുന്നു ബാക്കി കപ്പലുകള്‍ക്കെല്ലാം. ലിമറിന്‍, ലിര്‍ക്കേ, ലാഹ, ലോണ്ട്വേ, മയപ്പോ, കോപ്പയാപ്പോ എന്നിങ്ങനെ. കൂടെ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികം ചിലിയില്‍ നിന്നുള്ളവര്‍. നെരൂദയുടെ നാട്ടുകാര്‍. കൂട്ടത്തില്‍ ജനറല്‍ പിനോഷെയുടെ കാലത്ത് സ്പെയിനിലേക്കു പോയ ആളുകളും ഉണ്ട്.

ബോസണ്‍ കാര്‍ലോസ് ലോബോസ് അത്തരമൊരു കക്ഷിയായിരുന്നു. വെട്ടിയൊതുക്കിയ താടിയും തീക്ഷ്ണമായ കണ്ണുകളും അരയിലെ തുകലുറയില്‍ എപ്പോഴും കൊണ്ടു നടക്കുന്ന കത്തിയും. കാഴ്ചയില്‍ ഒരു വിപ്ലവകാരി തന്നെ. മൂപ്പരുടെ സ്പെയിനിലെ പ്രവാസത്തെക്കുറിച്ചുകൂടി കേട്ടതോടെ ഞാന്‍ ഒരു സഖാവിനെക്കിട്ടിയ സന്തോഷത്തിലായി. പക്ഷെ നിരാശയായിരുന്നു ഫലം. പിനോഷെയോട് എതിര്‍പ്പുണ്ടെങ്കിലും കമ്യൂണിസം സോഷ്യലിസം എന്ന വാക്കുകളോടൊക്കെ മൂപ്പര്‍ക്ക് അലര്‍ജി .അലന്‍ ഡേയോട് സ്നേഹമുണ്ട്, നെരൂദയോടും. അത്രയേയുള്ളൂ..!

മാത്രമല്ല ‘അമീഗോ.. കമ്യൂണിസ്റുകാരെയൊക്കെ ആദ്യം കാണുമ്പോള്‍ തന്നെ വെടിവെച്ചുകൊല്ലണം” എന്നും ഒരു ക്രിസ്ത്യന്‍ ഡെമോക്രാറ്റായ കാര്‍ലോസ് എനിക്ക് സ്നേഹപൂര്‍വ്വം ഉപദേശിച്ചുതന്നു. ഒരു വര്‍ഷം മുമ്പുവരെ ലെവിയടച്ചു പുതുക്കിപ്പോന്നിരുന്ന പഴയ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉള്ളിലിരുന്ന് എന്നെ പ്രകോപിപ്പിച്ചെങ്കിലും തല്‍ക്കാലം ഒരു ഇളിഞ്ഞ ചിരിയോടെ ഞാന്‍ എല്ലാം കേട്ടു.

 

ജനറല്‍ പിനോഷെയുടെ ഒരു ആരാധകനെ 'ദുഷ്ടന്‍' എന്നതില്‍ കുറഞ്ഞൊന്നും വിശേഷിപ്പിക്കാന്‍ എന്റെ വെള്ളിനേഴി പഞ്ചായത്ത് മനസ്സ് സമ്മതിക്കേണ്ടതല്ല. പക്ഷെ ആ ദുഷ്ടനായ മനുഷ്യന്‍ നെരൂദയുടെ കടുത്ത ആരാധകനും കൂടിയാണ് എന്നതാണ് എന്നെ കുഴക്കിയത്.


 

പിനോഷേ+ നെരൂദ
അടുത്ത ഷോക്ക് തന്നത് റീഫര്‍ എഞ്ചിനീയര്‍ മേയ എന്ന മേയാ വേഗാ ലൂയിസ് ആല്‍ബര്‍ട്ടോ ആണ്. അദ്ദേഹം ജനറല്‍ പിനോഷെയുടെ കടുത്ത ആരാധകനായിരുന്നു. അലന്‍ ഡേയുടെ മരണത്തില്‍ പിനോഷേക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരുന്നതുപോലെത്തന്നെ അത് ഫിഡല്‍ കാസ്ട്രോ സമ്മാനിച്ച റൈഫിള്‍ ഉപയോഗിച്ച് നടത്തിയ ആത്മഹത്യയാണെന്നും എന്നെ വിശ്വസിപ്പിക്കാന്‍ മേയ പാടുപെട്ടു. ജനറല്‍ പിനോഷെയുടെ ഒരു ആരാധകനെ ‘ദുഷ്ടന്‍’ എന്നതില്‍ കുറഞ്ഞൊന്നും വിശേഷിപ്പിക്കാന്‍ എന്റെ വെള്ളിനേഴി പഞ്ചായത്ത് മനസ്സ് സമ്മതിക്കേണ്ടതല്ല.

പക്ഷെ ആ ദുഷ്ടനായ മനുഷ്യന്‍ നെരൂദയുടെ കടുത്ത ആരാധകനും കൂടിയാണ് എന്നതാണ് എന്നെ കുഴക്കിയത്. നെരൂദയുടെ ‘നൂറു പ്രണയഗീതകങ്ങളും’ (Cien sonetos de amor), ഇരുപതു പ്രണയകവിതകളും (Veinte poemas de amor) ഒക്കെ പെട്ടിയില്‍ നിന്നെടുത്ത് മനോഹരമായ സ്പാനിഷില്‍ (ലോകത്തെ ഏറ്റവും സെക്സിയായ ഭാഷ സ്പാനിഷ് ആണെന്നാണ് പറയപ്പെടുന്നത്. ‘ഫിഷ് കാള്‍ഡ് വാണ്ട’ എന്ന ഹോളിവുഡ് ചിത്രത്തില്‍ സ്പാനിഷ് കേള്‍ക്കുമ്പോള്‍ ഉത്തേജിതയാവുന്ന ഒരു കഥാപാത്രമുണ്ട്. ) കാബിനിലിരുന്ന് മദ്യപിക്കുമ്പോള്‍ എന്നെ വായിച്ചുകേള്‍പ്പിച്ചിട്ടുണ്ട്. എന്റെ മുറിസ്പാനിഷ് കേള്‍വിയിലും ആ വായനയിലെ ആത്മാര്‍ത്ഥത എന്നെ സ്പര്‍ശിച്ചിട്ടുമുണ്ട്. ആകപ്പാടെ കുഴങ്ങിയ എന്നെ എന്തായാലും ദേശാഭിമാനിയുടെ നാലാം പേജിലെ പി.ജി കൈവിട്ടുകളഞ്ഞു എന്നു മാത്രമല്ല ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. ഒടുവില്‍ വാള്‍പ്പറൈസോയില്‍ അലഞ്ഞുനടന്ന് ‘വിവാ അലന്‍ ദേ’ എന്ന കുറേ ചുവന്ന ചുവരെഴുത്തുകള്‍ കണ്ടാണ് ഞാന്‍ ആശ്വസിച്ചത്.

 

ഒരു വന്‍ തിരയില്‍ കമിഴ്ന്നടിച്ചുപോകാവുന്ന ഒരു ചെറുതോണിയില്‍ തിങ്ങിഞെരുങ്ങിയിരുന്ന് അമേരിക്ക എന്ന 'ഫ്രാഡു'രാജ്യത്തിലേക്ക് ഇത്തരമൊരു സാഹസികയാത്ര പുറപ്പെടാന്‍ അവരെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യം ഞാനവരോടു ചോദിച്ചു. ഒറ്റ വാക്കില്‍ ഉത്തരം വന്നു. 'ഞങ്ങള്‍ക്ക് സന്തോഷമില്ല..!'


 

ക്യൂബയും സന്തോഷവും
ലാറ്റിനമേരിക്കയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പല തവണകളിലായി പിന്നെയും സഞ്ചരിച്ചു. അവധിക്കു വരുമ്പോഴൊക്കെ പി.ജിയുടെ ദേശാഭിമാനിലോകവും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ലോകവും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഞാന്‍ വായിച്ചെടുത്തുകൊണ്ടിരുന്നു. അത് ഒരു വീര്‍പ്പുമുട്ടലായി വിടാതെ പിന്തുടരുകയും ചെയ്തു. സ: ഇ.എം.എസ് മരിച്ചതോടെ പുതിയൊരു ശൂന്യതയും അനുഭവപ്പെട്ടു.

അറിയാവുന്ന മുറിസ്പാനിഷ് മറന്നുതുടങ്ങിയ കാലത്താണ് അവിചാരിതമായ ഒരു ലാറ്റിനമേരിക്കന്‍ കൂട്ടിമുട്ടല്‍ ഉണ്ടാവുന്നത്. യു.എസ്.എ യിലെ ഹൂസ്റണിലേക്കു പോവുകയായിരുന്ന ഞങ്ങളുടെ കപ്പലിന് അമേരിക്കന്‍ കോസ്റ് ഗാര്‍ഡിന്റെ ഒരു അടിയന്തിരസന്ദേശം ലഭിച്ചു. ക്യൂബന്‍ അഭയാര്‍ത്ഥികളുമായി നീങ്ങുന്ന ഒരു തോണി പരിസരത്തുണ്ട്. അവരെ കണ്ടുപിടിച്ച് കപ്പലില്‍ കയറ്റുക. കുറച്ചുനേരത്തെ തിരച്ചിലിനു ശേഷം അഞ്ചുപേര്‍ തിങ്ങിയിരിക്കുന്ന ഒരു ചെറുതോണി ആടിയുലഞ്ഞുനില്‍ക്കുന്നതു കണ്ടു- ഞങ്ങളുടെ കൈവീശലും ആര്‍പ്പുവിളികളും കണ്ട് ശങ്കിച്ചു ശങ്കിച്ചാണെങ്കിലും അവര്‍ ഞങ്ങളുടെ കപ്പലിനോടടുത്തു.

ദ്വിഭാഷിയാവാനുള്ള ചുമതല ഏറ്റെടുത്ത് ഗാങ് വേയുടെ താഴെ വരെ പോയി ഞാനവരെ വിളിച്ചു. അവശനിലയിലായിരുന്ന അവര്‍ അഞ്ചുപേരെ എല്ലാവരും ചേര്‍ന്ന് കൈപിടിച്ചു കയറ്റി. അവര്‍ക്ക് ആകപ്പാടെ അറിയേണ്ടിയിരുന്നത് ഞങ്ങളവരെ അമേരിക്ക വരെ എത്തിക്കുമോ എന്നായിരുന്നു. ക്ഷീണിച്ച മുഖവുമായി കയറിവരുന്ന അവരെക്കണ്ടപ്പോള്‍ സ്റീന്‍ബക്കിന്റെ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളില്‍’ നിന്ന് കയറിവരുന്ന കഥാപാത്രങ്ങളെപ്പോലെ തോന്നി. പരിക്ഷീണരെങ്കിലും ഒരു ലക്ഷ്യത്തിലേക്കടുക്കുന്ന വിദൂരമായ തിളക്കം അവരുടെ കണ്ണുകളില്‍ കണ്ടു.

ലൂസിയാനയുടെ തീരത്തെവിടെയെങ്കിലും വെച്ച് അവരെ കോസ്റ് ഗാര്‍ഡിനു കൈമാറുക എന്നതായിരുന്നു ഞങ്ങളുടെ ദൌത്യം. അതു വരെ അവര്‍ക്കായി കപ്പലില്‍ ഒരു കാബിന്‍ ഒരുക്കി. അവര്‍ക്ക് പുതിയ വസ്ത്രങ്ങളും ഭക്ഷണവും കൊടുത്തു. ഒരു വന്‍ തിരയില്‍ കമിഴ്ന്നടിച്ചുപോകാവുന്ന ഒരു ചെറുതോണിയില്‍ തിങ്ങിഞെരുങ്ങിയിരുന്ന് അമേരിക്ക എന്ന ‘ഫ്രാഡു’രാജ്യത്തിലേക്ക് ഇത്തരമൊരു സാഹസികയാത്ര പുറപ്പെടാന്‍ അവരെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യം ഞാനവരോടു ചോദിച്ചു. ഒറ്റ വാക്കില്‍ ഉത്തരം വന്നു. ‘ഞങ്ങള്‍ക്ക് സന്തോഷമില്ല..!’

ഈ സന്തോഷം എന്നത് അത്യധികം കുഴപ്പം പിടിച്ചവിധം ആപേക്ഷികമായതിനാല്‍ ആ ഉത്തരത്തിനു മുമ്പില്‍ ഞാനൊന്നു പകച്ചുപോയി..

‘ഗാന്ധിജിയും ഹരിജനോദ്ധാരണവും’ എന്നതിനു പകരം ‘മനുഷ്യനും സന്തോഷവും’ എന്നൊരു അതിലളിതമായ വിഷയം ഒരു സ്കൂള്‍ കുട്ടിക്ക് എഴുതാന്‍ കൊടുത്തെന്നിരിക്കട്ടെ. എത്ര വര്‍ണശബളമായ ആശയക്കുഴപ്പങ്ങളാണ് അവന്റെ മനസ്സിലൂടെ കടന്നുപോവുക. ! കുറച്ചുനേരം അത്തരമൊരു പരിഭ്രമത്തില്‍ ഞാന്‍ ഇരുന്നുപോയി. ലാറ്റിനമേരിക്ക, ക്യൂബ, അമേരിക്ക, മനുഷ്യന്‍ എന്നൊക്കെ കൂട്ടിയാലോചിച്ച് ആ അഭയാര്‍ത്ഥികള്‍ക്കു മുമ്പിലിരിക്കുമ്പോള്‍ ഓര്‍മ്മ വന്നത് പി.ജി യെ ആണ്. മറ്റൊന്നുകൊണ്ടുമല്ല ‘സന്തോഷം’ എന്ന അതിഭയങ്കരമായ രാഷ്ട്രീയസംശയത്തിന് മറുപടി പറയാന്‍ പി.ജിയെപ്പോലെ ധിഷണയുള്ള ഒരാള്‍ക്കേ കഴിയൂ എന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ്. പുറമേ എന്നെപ്പോലെ കുറേപ്പേരെ ആഗോളവിചാരങ്ങളിലേക്ക് നയിച്ച മുഖ്യപ്രതി എന്ന ഉത്തരവാദിത്തം അദ്ദേഹത്തിനാണ് എന്നതുകൊണ്ടും..

 

മൈക്കിനു മുമ്പിലെത്തിയപ്പോള്‍ പി.ജി ഉഷാറായി. ചങ്ങമ്പുഴതൊട്ട് തുടങ്ങി മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ കൃത്യമായ അപഗ്രഥനവഴികളിലൂടെ ഉഗ്രമായൊരു പ്രസംഗം കഴിഞ്ഞ് ഞങ്ങളുടെയൊന്നും കൊച്ചുവര്‍ത്തമാനം കേള്‍ക്കാനുള്ള ശാരീരികാരോഗ്യം ഇല്ലാത്തതുകൊണ്ട് അദ്ദേഹം നേരത്തെ വേദി വിട്ടിറങ്ങി. Image Courtesy: pgovindappillai.info


 

അതാണ്, പിജി!
കൃത്യം ഒരു വര്‍ഷം മുമ്പ് 2010 നവംബര്‍ 4 ന്, വേണമെങ്കില്‍ പി.ജി യോട് എന്റെ സംശയം നേരിട്ടു തീര്‍ക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഡി.വിനയചന്ദ്രന്റെ ‘മദനനും രമണനും തോളുരുമ്മി’ പ്രകാശനം ചെയ്ത കനകക്കുന്നിലെ ഡി.സി.പുസ്തകമേളയിലെ ചടങ്ങില്‍ മുഖ്യാതിഥി പി.ജി ആയിരുന്നു. അന്ന് വി.ടി.ജയദേവന്റെ ‘ഹരിതരാമായണ’വും ആര്യാംബികയുടെ ‘തോന്നിയ പോലൊരു പുഴയും’ ഇന്ദിരാ അശോകിന്റെ ‘ശംഖും’ അവിടെ പുറത്തിറങ്ങി. കൂട്ടത്തില്‍ എന്റെ ‘ചിലവു കുറഞ്ഞ കവിതകളും’. ഡി.വിനയചന്ദ്രന്റെ പുസ്തകം പി.ജി.യില്‍ നിന്ന് ഏറ്റുവാങ്ങാനും അവസരമുണ്ടായി.

വാര്‍ദ്ധക്യം ശാരീരികമായി അവശനിലയിലാക്കിയെങ്കിലും ശ്രവണശേഷിക്കുറവ് നന്നായി ബാധിച്ചിട്ടുണ്ടെങ്കിലും മൈക്കിനു മുമ്പിലെത്തിയപ്പോള്‍ പി.ജി ഉഷാറായി. ചങ്ങമ്പുഴതൊട്ട് തുടങ്ങി മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ കൃത്യമായ അപഗ്രഥനവഴികളിലൂടെ ഉഗ്രമായൊരു പ്രസംഗം കഴിഞ്ഞ് ഞങ്ങളുടെയൊന്നും കൊച്ചുവര്‍ത്തമാനം കേള്‍ക്കാനുള്ള ശാരീരികാരോഗ്യം ഇല്ലാത്തതുകൊണ്ട് അദ്ദേഹം നേരത്തെ വേദി വിട്ടിറങ്ങി.

ഇതിനിടയില്‍ ജയദേവന്റെ ഹരിതരാമായണം പ്രകാശിപ്പിച്ചപ്പോള്‍ ആദ്യമായി കാണുന്ന ആ പുസ്തകത്തിന്റെ പുറംചട്ട ആ കട്ടിക്കണ്ണട കൊണ്ട് ഒന്നുഴിഞ്ഞുനോക്കി പി.ജി പറഞ്ഞു ‘ഇപ്പോള്‍ ഹരിതരാഷ്ട്രീയത്തിന്റെ കാലമാണ്. ഇപ്പോഴിതാ ഹരിതരാമായണവും..!’ പിന്നെയും ഒരഞ്ചു മിനിട്ട് ഹരിതരാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും .പ്രകൃതിയും സാഹിത്യവും..

അതാണ്.. അതാണ്..പി.ജി..! (രണ്ടാമത്തെ ‘അതാണ്’ രാജമാണിക്യം ഭരത് മമ്മൂട്ടി ശൈലിയില്‍)

🙂
 
 
 
 

2 thoughts on “പീജിയുടെ ലോകം; എന്റെയും

  1. നിരഞ്ജന്‍,
    കുറെ നാളുകള്ക്കു ശേഷം, താങ്കളുടെ ലേഖനം വായിക്കുന്നു ……നന്നായിട്ടുണ്ട്…….കൂടുതല്‍ പ്രതീക്ഷിക്കുന്നു……..!!!

  2. പി ജി അനുസ്മരണം പ്രതീക്ഷിച്ചാണ് വന്നത്, പക്ഷെ,

    എന്തായാലും ലേഖനം നന്നായിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *