നീയും നിന്റെ അയല്‍ക്കാരനും ചില മയക്കുവെടികളും

 
 
 
 
അയല്‍ക്കാരനെ സ്നേഹിക്കുന്നതിന്റെ പരിണാമ വഴികള്‍.
ഗാസ കുരുതിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതങ്ങളിലേക്ക്
ഒരു സഞ്ചാരം. അനില്‍ വേങ്കോട് എഴുതുന്നു

 
 
ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ ചതഞ്ഞരഞ്ഞ കുട്ടികളുടെ മുഖങ്ങളുള്ള ഫെയ്സ് ബുക്ക് പേജുകളും പത്രങ്ങളും നിവര്‍ന്നിരിപ്പുണ്ട്. ഗാസയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം നൂറു കവിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റേയും പൌരാവകാശത്തിന്റേയും കാവല്‍ മാലാഖമാരായ രാജ്യങ്ങള്‍ മൌനത്തിന്റെ കഠിന വ്രതത്തിലാണ്. സമാധാനത്തിനു നൊബേല്‍ സമ്മാനിതനായ ഒബാമ രണ്ടാമതും വിജയിച്ചു വന്നതു യുദ്ധത്തിന്റെ വേഗതകൂട്ടുന്നതായി നാം കണ്ടു. എണ്ണയ്ക്ക് തീപിടിക്കുമ്പോള്‍ വെള്ളമൊഴിച്ചാല്‍ തീപടര്‍ന്നു പിടിക്കുന്നതുപോലെ സമാധാനദൂതന്‍ മിസൈല്‍ വേഗം കൂട്ടുന്നു. എല്ലാ ഭരണാധികാരികളും തനി നിറം പുറത്തെടുക്കുന്നത് അവരുടെ രണ്ടാം വരവിലാണ്. ഒബാമയ്ക്കിത് തേറ്റകള്‍ കോമ്പല്ലുകളാക്കി പുറത്തെടുക്കാനുള്ള സമയമാണിത്- ഗാസയിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ അനില്‍ വേങ്കോട് എഴുതുന്നു

 

 

ഏറ്റവും പ്രശസ്തമായ ബൈബിള്‍ വചനമേതെന്ന് ചോദിച്ചാല്‍ ആരും പറയുന്ന ഉത്തരം ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്നതായിരിക്കും. കൃസ്ത്യാനികള്‍ മാത്രമല്ല ബൈബിളിന്റെ പുറംചട്ടപോലും ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തവരും യേശുവിനെ അറിയുന്നതും കൊണ്ടുനടക്കുന്നതും ഈ വചനത്തിലൂടെയാണ്. യേശു അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കാന്‍ പറയുന്ന നേരത്ത് അദ്ദേഹം ജീവിച്ചിരുന്ന പ്രദേശത്ത് ഇന്നത്തെപ്പോലെതന്നെ അയല്‍ക്കാരനെ സ്നേഹിക്കുക അസംഭാവ്യമായിരുന്നു. അതുകൊണ്ടാണ് ജീസസില്‍ നിന്ന് ഇങ്ങനെയൊരു വചനം വന്നത്.

മാത്രമല്ല ആരാണ് അയല്‍ക്കാരന്‍ എന്നതിനു ചില വിശദീകരണങ്ങളും ബൈബിള്‍ തരുന്നു. യേശുവിന്റെ കാലത്തെ ജറുസലേമിലെ അയല്‍ക്കാരന്‍ മലയാളിയുടെ അയല്‍ക്കാരനെപ്പോലെ ആയിരുന്നോ? ഈ വചനം കേള്‍ക്കുമ്പോള്‍ സര്‍വ്വകാലത്തിനും സര്‍വ്വദേശത്തിനുമായി പറഞ്ഞ ഒരു സാമാന്യ നിയമമായിട്ടേ നാം വിലയിരുത്താറുള്ളൂ. അതുകൊണ്ട് തന്നെ ഈ വചനത്തിന്റെ സവിശേഷാര്‍ത്ഥം നാം നോക്കാറില്ല. മാത്രമല്ല അതീവ ശ്രദ്ധയോടെ തിരുവചനങ്ങളെ അനുധാവനം ചെയ്യുന്ന വിശ്വാസികള്‍ പോലും ഈ സാമാന്യ പ്രസ്താവങ്ങളെ ആഴത്തില്‍ ജീവിതത്തിന്റെ പരമാണുക്കളിലേയ്ക്ക് ആവാഹിച്ച് നടപ്പിലാക്കേണ്ടതായി പരിഗണിച്ചിട്ടുമില്ല.

 

graffiti: Banksy


 

എന്തിന് അയല്‍ക്കാരന്‍?
എന്തിന് നാം അയല്‍ക്കാരനെ സ്നേഹിക്കണം? എന്ത് നന്മയാണ് അത് കൊണ്ടുവരുന്നത്? എങ്ങനെയാണ് നാം ഈ ഗുണം കൈവരിക്കുന്നത്? ഇങ്ങനെ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മനുഷ്യനു മുമ്പില്‍ അനവധിയാണ്. യാതൊരു പ്രതിഫലനവുമില്ലാതെ (reflection) വെറുതേ വലിച്ചെറിയാവുന്ന ഒന്നാണോ എന്റെ സ്നേഹം. ഞാനൊരാളെ സ്നേഹിക്കുകയാണങ്കില്‍ അയാള്‍ക്ക് വേണ്ടി ത്യാഗപൂര്‍വ്വം സ്നേഹം ചൊരിയേണ്ട ബാധ്യത എനിക്കുണ്ടെന്ന് സമ്മതിക്കാം. കാരണം ഒരര്‍ത്ഥത്തില്‍ എന്റെ ഐഡിയല്‍സ് ഞാന്‍ മറ്റൊരാളില്‍ കണ്ടെത്തി സ്നേഹിക്കുന്നു അപ്പോള്‍ ഞാന്‍ സ്നേഹിക്കുന്നത് എന്നെതന്നെയാണല്ലോ. പക്ഷേ അയല്‍ക്കാരന്‍ ഒരു പൂര്‍ണ്ണ അപരിചിതനാവുമ്പോള്‍ പ്രശ്നം കൂടുതല്‍ ഗൌരവതരമാകുന്നു.

എനിക്ക് വിലമതിക്കാവുന്ന ഒന്നും അവനിലില്ലെങ്കില്‍ എന്റെ വൈകാരിക ജീവിതത്തെ സ്പര്‍ശിക്കാനാകാതെ പോയാല്‍ അയാളെ സ്നേഹിക്കുക ദുഷ്കരം തന്നെ. ഞാന്‍ എല്ലാ മനുഷ്യരെയും സ്നേഹിക്കണം. അല്ലെങ്കില്‍ അതൊരു കടുത്ത നീതികേടാണ്. അതുകൊണ്ട് ഒരു യൂണിവേഴ്സല്‍ ലവ് ഞാനയാള്‍ക്ക് നേരെ നീട്ടിയാലോ? ബഷീര്‍ പറയുന്നതുപോലെ പല്ലിയോടും പുഴുക്കളോടും കാടിനോടും പുഴയോടുമുള്ളമാതിരി. അപ്പോളാ സ്നേഹത്തിന്റെ ആളോഹരി വിഹിതം വളരെക്കുറഞ്ഞുപോകും, ഞാന്‍ എന്നെ സ്നേഹിക്കുന്നപോലെയാവില്ല ആ സ്നേഹത്തിന്റെ സാന്ദ്രത.

അനില്‍ വേങ്കോട്


അകലത്തിന്റെ ശക്തി
സ്നേഹത്തിന്റെ പ്രയോഗ സാദ്ധ്യതകള്‍ ഇത്തരത്തില്‍ കടുത്ത പരീക്ഷണങ്ങളെ നേരിടുകയാണ്. അതിനാല്‍ ആധുനികമനുഷ്യന്‍ ഒരു പരസ്പര ധാരണയുടെ നിശബ്ദമായ കോണ്‍ ട്രാക്റ്റ് ഒപ്പുവച്ചതുപോലെയാണ് ഇന്ന് പെരുമാറുന്നത്. നീയെന്റെ അടുത്തേയ്ക്ക് ഒരു പരിധിയില്‍ കൂടുതല്‍ വരരുത്. ഞാനും അങ്ങോട്ട് വരാതിരിക്കാം. ഇതാണ് സാര്‍വ്വലൌകിക സ്നേഹത്തിന്റെ പുതിയ മുഖം. അങ്ങനെ നിന്റെ വിയര്‍പ്പുമണം, നിന്റെ ബാധ്യതകള്‍, ഒന്നും എന്റെ ജീവിത പരിസരത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കുന്നതിനു ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. അതിനാല്‍ ഏറ്റവും നല്ല അയല്‍ക്കാരന്‍ മരിച്ച അയല്‍ക്കാരനാവുന്നു. അയാള്‍ നമ്മെ ഹറാസ് ചെയ്യുകയോ ഹറാസിനു വിധേയനാവുകയോ ചെയ്യുന്നില്ല.

സ്നേഹം അടുപ്പത്തിന്റെ ശക്തിയെന്നതില്‍ നിന്നും അകലത്തിന്റെ ശക്തിയായി തലകീഴ്മറിഞ്ഞു. ജനാധിപത്യത്തിലും ഇന്ന് സംഭവിക്കുന്നത് ഇതാണ്. അത് ജനങ്ങള്‍ പരസ്പരം പുലര്‍ത്തേണ്ട അകലത്തിന്റെ പൊതുവ്യവസ്ഥയായി നമ്മെ ചൂഴ്ന്ന് നില്‍ക്കുന്നു. അതിനുള്ളില്‍ മുതലാളിത്ത ചൂഷണവും ആക്രമണവും അന്തരീക്ഷമര്‍ദ്ദം പോലെ അറിയാഭാരമായി സാധാരണമായിരിക്കുന്നു.

 

 

നമ്മുടെ അയല്‍പക്കങ്ങള്‍
മലയാളിയുടെ അയല്‍ക്കാരനാരായിരുന്നു? നമ്മുടെ അയല്‍ക്കാരന്‍ നമ്മുടെ ജീവിതത്തില്‍ ഭൌെതികവും ആത്മീയവുമായ മേഖലകളില്‍ വലിയ തോതില്‍ സംഗമിച്ചുനില്‍ക്കുന്ന ഒരു വസ്തുതയായിരുന്നു. അടുപ്പിലേയ്ക്ക് വേണ്ട തീ പോലും നമ്മള്‍ പകര്‍ന്നുമാറിയിരുന്നു. വീട്ടിലേയ്ക്ക് വരുന്ന അതിഥികള്‍ക്കായി പുറം വാതില്‍ വഴി അകത്തെത്തുന്ന കസേരയുടേയും പഞ്ചസാരയുടേയും പാലിന്റെയും രൂപത്തില്‍ അയല്‍ക്കാരന്‍ നമ്മുടെ ജീവിതത്തില്‍ നമ്മെക്കവിഞ്ഞ് വളര്‍ന്നു നിന്നിരുന്നു. ഉറക്കെക്കരഞ്ഞാലോ അസമയത്ത് കണ്ടാലോ കാരണമന്വേഷിച്ചു വരുന്നവര്‍, തീപിടിച്ചപ്പോഹ വെള്ളമായും വെള്ളം പെരുകിവന്നപ്പോള്‍ പൊങ്ങുതടിയായും രക്ഷയായവര്‍.

ഇവിടെ മനുഷ്യര്‍ തനിച്ചായിരുന്നില്ല, പരസ്പരാശ്രയത്തില്‍ കൊരുത്ത് ഓരോ വിളിയുടേയും അങ്ങേതലയ്ക്കല്‍ മറ്റൊരാള്‍ ഉണര്‍ന്നിരുന്നു. ജാതിയുടെയും ജന്മിത്തത്തിന്റേയും ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും നാം ഒറ്റക്കായിരുന്നില്ല. ഇന്നതിനു വലിയ മാറ്റങ്ങള്‍ വന്നു. അയല്‍ക്കാരനുണരും മുമ്പ് തലേദിവസത്തെ മാലിന്യം പൊതിഞ്ഞ് നിക്ഷേപിക്കാവുന്ന ‘ഡമ്പിംഗ് യാഡു’കളായി അയല്‍പക്കങ്ങഹ വളരെ വേഗം മാറുകയാണ്. ഇന്ന് ഓരോ വീടും തനിച്ചു നില്‍പ്പാണ്. മരിച്ചു അഴുകി നാറിയാലും അയല്‍ക്കാരനറിയാത്തവിധം നാം ദൂരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ വീടിനെ രക്ഷിക്കുന്നത് മുന്‍ വാതിലില്‍ ഒട്ടിച്ച മനുഷ്യദൈവങ്ങളൂടേയോ സുവിശേഷ രക്ഷകന്മാരുടേയോ സ്റിക്കറുകളാണ്. വീടിന്റെ അയല്പക്കമെന്നതുപോലെ രാജ്യങ്ങളുടെ അയല്‍പക്കവും അകലത്താല്‍ അടയാളപ്പെടുത്തുന്നു. അയല്‍ക്കാരായ ക്രിക്കറ്റ് കളിക്കാര്‍ വരുമെന്ന് പറഞ്ഞിരുന്ന മൈതാനത്തിന്റെ പിച്ച് കുത്തിക്കിളച്ചും നമ്മുടെ ആത്മാവില്‍ തൊട്ട ഊഷ്മളഗാനങ്ങള്‍ പകര്‍ന്ന അയല്‍ക്കാരനായ പാട്ടുകാരനെ ഇവിടെ പാടിക്കില്ലായെന്ന് പ്രതിജ്ഞ ചെയ്തും തെക്കേയിന്ത്യനായവന്റെ ചോരയ്ക്കായി വാളോങ്ങിയും വിദ്വേഷം കലക്കിമറഞ്ഞ നേതാവിന്റെ മൃതശരീരം ദേശീയപതാകയില്‍ പൊതിഞ്ഞുകിടക്കുന്നത്, ഗാസയിലെ ചോരവാര്‍ന്നൊലിക്കുന്ന കുരുന്നുകളുടെ ഫോട്ടോയ്ക്കിടയില്‍ എനിക്ക് കാണാനാവുന്നു. ഇങ്ങനെ സാര്‍വ്വത്രികമായ നീതികേടിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ്നേഹത്താല്‍ ഞാനും എന്റെ അയല്‍ക്കാരും എങ്ങനെ യേശുവിന്റെ സ്നേഹവചനങ്ങളെ പിന്‍ പറ്റും.

 

 

ഗാസയുടെ അയല്‍ക്കാര്‍
ആരായിരുന്നു പശ്ചിമേഷ്യയിലെ അയല്‍ക്കാരന്‍. അവിടെയെന്നും അയല്‍ക്കാരന്‍ ശത്രുവെന്ന വാക്കിന്റെ പര്യായമായിരുന്നു. പരസ്പരം കാണുമ്പോള്‍ സമാധാനമുണ്ടാകട്ടെയെന്ന ആശംസവന്നതുപോലും അതുകൊണ്ടാണ്. അവിടെ സമാധാനം ഇന്നേതുപോലെ എന്നും അസുലഭമായ വസ്തുതയായിരുന്നു. ജറുസലേമും ഗാസയും പാലസ്തീനുമൊക്കെയടങ്ങുന്ന പ്രദേശം നേരിട്ടുക്കണ്ടവര്‍ക്ക് ബോധ്യമാവുന്ന ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പറയാതെ പറയുന്നത് ഈ വൈരത്തിന്റെ പതിയിരുപ്പുകളെക്കുറിച്ചാണ്.

സെമിറ്റിക്ക് പാരമ്പര്യത്തിന്റെ ഉത്ഭവ സ്ഥാനത്തുനിന്ന് തുടങ്ങി വേറിട്ട വിശ്വാസങ്ങളുടേയും കാത്തിരിപ്പിന്റേയും അനുഷ്ഠാനങ്ങളുടേയും വൈവിധ്യത്തില്‍ ഇന്ന് ഗാസയില്‍ കാണുന്ന ദുരിതത്തിന്റെ വിത്തുകളുണ്ട്. എല്ലാ മതങ്ങളും ഒരേ നന്മയുടെ പ്രഘോഷണമാണെന്നെക്കെയുള്ള മയക്കുവെടികള്‍ കൊണ്ട് ഈ വ്രണത്തിന്റെ വേദന ശമിക്കുമെന്ന് കരുതാനാവില്ല. ചരിത്രാതീതത്തില്‍ നിന്നും ആനുകാലികതയിലേയ്ക്ക് പറിച്ചുനട്ട വൈരാഗ്യങ്ങള്‍ മിസൈലുകളായി ഭൂമിയുടെ ജീവന്‍ പിളര്‍ക്കുന്നു. പഴയ മുന്‍വിധികള്‍ കാത്തിരുന്നു കാത്തിരുന്നു പശ്ചിമേഷ്യന്‍ കടലുകളില്‍ കപ്പല്‍പ്പടയെ വിന്ന്യസിക്കുന്നു.

ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ ചതഞ്ഞരഞ്ഞ കുട്ടികളുടെ മുഖങ്ങളുള്ള ഫെയ്സ് ബുക്ക് പേജുകളും പത്രങ്ങളും നിവര്‍ന്നിരിപ്പുണ്ട്. ഗാസയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം നൂറു കവിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റേയും പൌരാവകാശത്തിന്റേയും കാവല്‍ മാലാഖമാരായ രാജ്യങ്ങള്‍ മൌനത്തിന്റെ കഠിന വ്രതത്തിലാണ്. സമാധാനത്തിനു നൊബേല്‍ സമ്മാനിതനായ ഒബാമ രണ്ടാമതും വിജയിച്ചു വന്നതു യുദ്ധത്തിന്റെ വേഗതകൂട്ടുന്നതായി നാം കണ്ടു. എണ്ണയ്ക്ക് തീപിടിക്കുമ്പോള്‍ വെള്ളമൊഴിച്ചാല്‍ തീപടര്‍ന്നു പിടിക്കുന്നതുപോലെ സമാധാനദൂതന്‍ മിസൈല്‍ വേഗം കൂട്ടുന്നു. എല്ലാ ഭരണാധികാരികളും തനി നിറം പുറത്തെടുക്കുന്നത് അവരുടെ രണ്ടാം വരവിലാണ്. ഒബാമയ്ക്കിത് തേറ്റകള്‍ കോമ്പല്ലുകളാക്കി പുറത്തെടുക്കാനുള്ള സമയമാണിത്.

 

 

ആഗോള മോഷണതന്ത്രം
പശ്ചിമേഷ്യന്‍ യുദ്ധം കാലങ്ങളായി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അത് പുതിയ നേട്ടങ്ങളെക്കുടി ലക്ഷ്യം വയ്ക്കുന്നു. വര്‍ത്തമാനത്തിലും ചരിത്രാതീതത്തിലും ഒരേസമയം ജീവിച്ചുകൊണ്ട് മനുഷ്യന്‍ ഇരുതലയുള്ള ആയുധമാകുന്നത് ഇവിടെ കാണാനാകും. പത്തു വര്‍ഷം മുമ്പ് തിരുവന്തപുരം ജില്ലയില്‍ പരക്കെ മോഷണങ്ങള്‍ നടത്തിയിരുന്ന ഒരു സംഘത്തെ അറസ്റുചെയ്ത് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. മോഷ്ടിക്കാനായി ആളുകള്‍ ഉറങ്ങുന്നതു നോക്കിയിരിക്കുകയല്ല മറിച്ച് അന്നേരം ആളുകളെ ഉണര്‍ത്തുന്ന വിദ്യ ദീര്‍ഘകാലം വിജയകരമായി അവര്‍ നടപ്പിലാക്കിയിരുന്നു. ഈ സംഘം മോഷണത്തിനു കയറുന്ന സ്ഥലത്ത് എന്തെങ്കിലും തീവച്ചു നശിപ്പിക്കുകയാണ് പതിവ്. വയ്ക്കോല്‍ കൂനയോ ഓലപ്പുരകളോ അങ്ങനെയെന്തെങ്കിലും തീവയ്ക്കും. തീയിലേയ്ക്ക് നാട്ടുകാരുടെ ശ്രദ്ധതിരിയുന്നതും ബുദ്ധിമുട്ടൊന്നും കൂടാതെ മോഷണം പൂര്‍ത്തിയാക്കി സംഘം സ്ഥലം വിടും.

ഈ മോഷണ സംഘത്തിന്റെ നാടന്‍വിദ്യ രാഷ്ട്രാന്തരീയ അധികാരലബ്ധിക്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഗാസയില്‍ മിസൈലുകള്‍ വീണ് പൊട്ടുമ്പോള്‍ അറബ് ലോകത്തിന്റെ ശ്രദ്ധ അങ്ങോട്ട് തിരിയുകയും എണ്ണയോ പൊന്നോ ലോകാധീശമോ കക്കാനുള്ള ഒരു കാളക്കണ്ണന്റെ കലികാലലീലകള്‍ ഫലവത്താവുന്നത് ഈ യുദ്ധത്തില്‍ കാണാനാകും.

 

 

ചേരിചേര്‍ന്നും ചേരാതെയും
എന്റെ കുട്ടിക്കാലത്ത് നാട്ടിലെ ഒരു പഞ്ചായത്തു പ്രസിഡന്റിനെപ്പോലെ സുപരിചിതനായിരുന്നു ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത്. ഇന്ത്യ പൊതുവേയും ഇന്ദിര പ്രത്യേകിച്ചും അറാഫത്തിനെ നമ്മുടെ ഒരു ദേശീയ നേതാവിനെപ്പോലെ സുപരിചിതനും സുഹൃത്തുമാക്കിതീര്‍ത്തു. ഇടതുപക്ഷക്കാര്‍ പോലും അംഗീകരിച്ച ഇന്ത്യയുടെ വിദേശനയത്തിലൂടെ ഓരോ ഇന്ത്യക്കാരനും ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം കൊണ്ടു. സിയോണിസ്റ് ഭീകരതയുടെ ചരിത്രവും വര്‍ത്തമാനവും നാട്ടിലെ ചായക്കടകളില്‍ കൂടി ചര്‍ച്ചയ്ക്കെടുത്തു.

രാജീവ് ഗാന്ധിയുടെ കാലത്തോടെ ഇതിനു വലിയ മാറ്റങ്ങള്‍ വന്നു. ദാരിദ്യ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കൊടിയ പകലുകളിലും ചേരി ചേരാതെയും മൂന്നാം ലോകത്തിന്റെ പ്രതിരോധ ദുര്‍ഗ്ഗങ്ങള്‍ തീര്‍ത്തും നാം ഉയര്‍ത്തിക്കൊണ്ട് വന്ന ഇരകളോടുള്ള ചങ്ങാത്തം വീണുടയുന്നതാണ് നാം പിന്നീടുകണ്ടത്. ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം സമ്പൂര്‍ണ്ണമായി കയ്യാളുന്ന ബ്യൂറോക്രാറ്റുകള്‍ ചുവടുവച്ചു തുടങ്ങുന്നത് അക്കാലത്താണ്. ഒരിക്കല്‍ യാത്രയക്ക് പോലും വിലക്കുണ്ടായിരുന്ന ഇസ്രായേലിലേയ്ക്ക് സൈനിക സഹകരണങ്ങള്‍ നീളുകയും ചങ്ങാത്തം ബലപ്പെടുകയും ചെയ്തു. ബി ജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇസ്രായേല്‍ സ്നേഹം പതിന്മടങ്ങ് ശക്തിപ്രാപിച്ചു. ഇന്ന് ഇസ്രായേല്‍ ഏകപക്ഷീയമായി സിവിലിയന്‍മാരെ കൊന്നിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ കുറ്റകരമായ മൌെനത്തിലാണ്.

60 ലക്ഷം യഹൂദരെയാണ് ഹിറ്റ്ലര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച് പുകച്ചുകൊന്നത്. ഭരണകൂട ഭീകരയുടെ കറുത്തമുഖങ്ങള്‍ ലോകത്ത് മറ്റേത് ജനതയെക്കാളും നന്നായി അറിയാവുന്നവരാണവര്‍. നഷ്ടപ്പെടലിന്റെ കൊടിയ നീറ്റല്‍ അറിയാത്ത ഒരൊറ്റ യഹൂദനും ഉണ്ടാവില്ല. എന്നിട്ടും സഹോദരാ നിനക്കെങ്ങനെ ഇത്ര നിഷ്ഠൂരമായി ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഫൈറ്റര്‍ വിമാനങ്ങളെ പറഞ്ഞുവിടാന്‍ കഴിയുന്നു. മനുഷ്യന്‍ ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലായെന്നാണോ?

അല്ലയോ നല്ലവനായ സമരിയാക്കാരാ നീ അന്തിമ വിധിയെക്കുറിച്ച് ഈശ്വരന്‍ തന്ന വാക്കില്‍ വിശ്വസിക്കുന്നില്ലയോ? അങ്ങനെയെങ്കി? നീ ഈ കുട്ടികളെ കൊല്ലുന്നതെന്തിന്? സ്ത്രീകളെ ആട്ടിപ്പായിക്കുകയും വിധവകളാക്കുകയും ചെയ്യുന്നതെന്തിന്? ഒരിക്കല്‍ ഇരുളില്‍ വെളിച്ചം കൊണ്ടവര്‍ വരച്ചവരകളെ മായ്ച്ചുകളയുന്നതെന്തിന്?
 
 
 
 

3 thoughts on “നീയും നിന്റെ അയല്‍ക്കാരനും ചില മയക്കുവെടികളും

  1. ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രങ്ങളില്‍, തന്ത്ര പ്രധാന സ്ഥലങ്ങളില്‍ പോലും പാകിസ്ഥാന്‍ പിന്തുണയോടുകൂടി കിരാതമായ ആക്രമണം ഉണ്ടായിട്ടും ഇന്ത്യ എന്നും കൂടെ നിന്നിരുന്ന പലസ്തിന്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ വായ്‌ ഒന്ന് തുറന്നു സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചില്ലല്ലോ.പകരം പാകിസ്ഥാനെ പ്രീതിപ്പെടുത്താന്‍ മരണകാരണമായ മൌനം പാലിച്ചു.കാരണം അവര്‍ക്ക് പ്രധാനം നയങ്ങള്‍ അല്ല “ഞമ്മന്റെ…ആണ് ” ഇത്തരുണത്തില്‍ ഇന്ത്യ നോക്കേണ്ടത് ഇന്ത്യയുടെ സുരക്ഷയോ അതോ പാകിസ്താന്റെ മുന്നില്‍ പോലും തോല്‍ക്കുന്ന നയങ്ങളോ ..?. ഇന്ത്യയുടെ നയങ്ങള്‍ ഇന്ത്യയുടെ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് വേണ്ടത് അല്ലാതെ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ അല്ല വേണ്ടത്.അത്യാധുനിക ആയുധങ്ങള്‍ ,പ്രതിരോധ സംവിധാനങ്ങള്‍,ഇസ്രയേല്‍ അടക്കം ഉള്ള രാജ്യങ്ങളില്‍ നിന്നും വാങ്ങി ഉപയോഗിച്ചതുകൊണ്ടാണ് എന്നും കൊലപാതകങ്ങള്‍ നടന്നിരുന്ന കശ്മീര്‍ ഇന്നത്തെ അവസ്ഥയില്‍ ശാന്തമായത്. ഇന്ത്യയുക്ക് ഭീക്ഷണി ഇസ്രയേല്‍ അല്ല പാകിസ്ഥാനും ചൈനയും ആണ് , അതിനാല്‍ നയങ്ങളും അതിനനുസരിച്ച് തന്നെ വേണ്ടേ രൂപപ്പെടുത്താന്‍..?

  2. സെമിറ്റിക്ക് പാരമ്പര്യത്തിന്റെ ഉത്ഭവ സ്ഥാനത്തുനിന്ന് തുടങ്ങി വേറിട്ട വിശ്വാസങ്ങളുടേയും കാത്തിരിപ്പിന്റേയും അനുഷ്ഠാനങ്ങളുടേയും വൈവിധ്യത്തില്‍ ഇന്ന് ഗാസയില്‍ കാണുന്ന ദുരിതത്തിന്റെ വിത്തുകളുണ്ട്. എല്ലാ മതങ്ങളും ഒരേ നന്മയുടെ പ്രഘോഷണമാണെന്നെക്കെയുള്ള മയക്കുവെടികള്‍ കൊണ്ട് ഈ വ്രണത്തിന്റെ വേദന ശമിക്കുമെന്ന് കരുതാനാവില്ല.

    – വളരെ അര്‍ത്ഥവത്തായ നിരീക്ഷണങ്ങള്‍. രോഗത്തിന്റെ പൂക്കള്‍ കിളിര്‍ക്കുന്നത് ഈ വിത്തുകളില്‍ നിന്നാണ്. ഈ വിത്തുകളുള്ളിടത്തോളം കാലം വ്രണങ്ങള്‍ കരിയാതെ നില്‍ക്കും, പുറമേ പുരട്ടുന്ന ലേപനങ്ങള്‍ താല്‍ക്കാലിക ശാന്തി കൊണ്ടുവരുമെങ്കിലും.

  3. എല്ലാ ഭരണാധികാരികളും തനി നിറം പുറത്തെടുക്കുന്നത് അവരുടെ രണ്ടാം വരവിലാണ്.

    വളരെ ശരിയായ നിരീക്ഷണം….

Leave a Reply

Your email address will not be published. Required fields are marked *