മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

 
 
 
 
ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
 
 
ഹസാരെയുമായി വഴി പിരിഞ്ഞതിനും, പുതിയ രാഷ്ട്രീയ പാര്‍ടി എന്ന ആശയം മുന്നോട്ടു വെച്ചതിനും ശേഷമുള്ള ദിവസങ്ങളിലും ഈ പകുതി വെന്ത അവസ്ഥയ്ക്ക് സാരമായ മാറ്റം ഉണ്ടായിട്ടില്ല. എങ്കിലും കേജ് രിവാലിന്റെ രാഷ്ട്രീയ നാന്ദി ശ്രദ്ധേയമായ ഒരു ഷോക്ക് വാല്യൂ സൃഷ്ടിച്ചിട്ടുണ്ട് . കോണ്‍ഗ്രസ്സിലെ ഒന്നാം കുടുംബത്തെയും, രാജ്യത്തെ ഒന്നാം നമ്പര്‍ കോര്‍പൊരേററിനെയും, മുഖ്യ പ്രതിപക്ഷത്തിന്റെ അധ്യക്ഷനെയും നേരിട്ട് പ്രതി ചേര്‍ക്കുക വഴി രാജ്യത്തെ രാഷ്ട്രീയത്തില്‍ വിശുദ്ധ പശുക്കളുടെ കാലം അവസാനിച്ചു എന്ന് പറയാന്‍ കേജ് രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും ആയിട്ടുണ്ട്. ഈ ഷോക്ക് വാല്യൂ ഈ പാര്‍ടിയുടെ സ്ഥാപന ദിനങ്ങളില്‍ കൂടുതല്‍ ആകര്‍ഷണവും ശ്രദ്ധയും സമ്മാനിച്ചിട്ടുമുണ്ട്- ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു

 

 

ഒരു വര്‍ഷം മുന്‍പ് അന്നാ ഹസാരെയുമായി ചേര്‍ന്ന് ലോക്പാല്‍ ബില്‍ സമരം നടത്തിയ സമയം മുതല്‍ അരവിന്ദ് കേജ് രിവാളുമായി ഇടക്കിടെ ആശയവിനിമയം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ഹസാരെ നേതാവായിരുന്ന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനും ഒരു തരത്തില്‍ അതിന്റെ പ്രത്യയശാസ്ത്ര ചിന്തകനും ഒക്കെയാണ് കേജ് രിവാള്‍ എന്ന് അന്നേ പറഞ്ഞു കേട്ടിരുന്നതിനാല്‍ വിശാലമായ ചില പ്രശ്നങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കാര്യമായ ഒരു ഇടപെടല്‍ നടത്താന്‍ ആഞ്ഞു നില്‍ക്കുന്ന ഒരു ‘ക്ഷുഭിത യൌവനമാണ് ‘ ഈ 44 കാരന്‍ എന്ന് ആദ്യ കൂടിക്കാഴ്ച്ചകളില്‍ തന്നെ തോന്നിയിരുന്നു. പക്ഷെ ഇതിനപ്പുറം ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കാനും കൊണ്ടുനടക്കാനും നയിക്കാനും പര്യാപ്തമായ ലോക വീക്ഷണവും സാമൂഹിക ബോധവും പരിചയവും സംഘടനാ പാടവവും ഈ മനുഷ്യനുണ്ടോ ? ഈ ചോദ്യവും ആദ്യ കൂടിക്കാഴ്ച്ചകളില്‍ നിന്ന് തന്നെ വീണ്ടും വീണ്ടും ഉയര്‍ന്നു വന്നിരുന്നു.

 

Image Courtesy: Forbes India


 

പാതി വെന്ത ആശയങ്ങളുടെ സങ്കലനം
ഒരു വര്‍ഷത്തെ നിരന്തരമായ ഇടപഴകലിനും നിരീക്ഷണത്തിനും ശേഷവും ഈ ചോദ്യത്തിന് എന്നില്‍ നിന്ന് തന്നെ കിട്ടിയ ആദ്യ മറുപടിക്ക് വലിയ മാറ്റമില്ല . അത് ഇങ്ങനെയാണ് -കേജ് രിവാലും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉദാത്തമായ ചില ചിന്തകളാലും ആശയങ്ങളാലും പ്രചോദിതരാണ് . പക്ഷെ ഇന്ത്യയെ കുറിച്ചുള്ള സമഗ്രമായ ഒരു തിരിച്ചറിവോ അതിന്റെ സാമുഹിക രാഷ്ട്രീയ ദിശ മാറ്റി മറിക്കാനുള്ള മൂര്‍ത്തമായ പദ്ധതിയോ കേജ് രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും ഇല്ല. അത് വളര്‍ന്നു വരാം. പക്ഷെ , ഇപ്പോള്‍, സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോവുന്ന സാഹചര്യത്തില്‍ പോലും ഇത് സംഭവിക്കാനുള്ള സൂചനകള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുന്നില്ല

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മണിക്കൂറോളം നീണ്ട ഒരു സംഭാഷണത്തിന് ഇടയില്‍ കേജ് രിവാളിനോടു ചോദിച്ചത് ഓര്‍ക്കുന്നു; അഴിമതി വിരുദ്ധ ലോക്പാല്‍ , ജനപ്രതിനിധികളെ തിരിച്ചു വിളിക്കല്‍ എന്നീ രണ്ടു മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ഭൂപരിഷ്കരണം, ഉദാരവല്‍ക്കരണം, നിയോ ലിബറല്‍ ആശയങ്ങളുടെ ആഘാതം, ഭരണത്തിലെ കോര്‍പറേറ്റ് സ്വാധീനം എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? തീവ്രവാദം , ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ പേരിലുള്ള ന്യൂനപക്ഷ താഡനം എന്നിവയെ കുറിച്ച് മറ്റൊരു അവസരത്തിലും ചോദിക്കുകയുണ്ടായി.

എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ആത്യന്തിക പരിഹാരം അധികാര വികേന്ദ്രികരണം ആണ് എന്ന് മാത്രമാണ് ഈ അവസരങ്ങളില്‍ ഒക്കെ കേജ് രിവാളിന് പറയാന്‍ ഉണ്ടായിരുന്നത്. എല്ലാ നയപരമായ വിഷയങ്ങളിലും ഉള്ള തീരുമാനമെടുക്കല്‍ പ്രക്രിയ വികേന്ദ്രികരിച്ചാല്‍ തന്നെ ഒരു വിധം സമസ്യകള്‍ ഒക്കെ തീരും എന്ന് ഈ ചെറുപ്പക്കാരന്‍ ഉറച്ചു വിശ്വസിക്കുന്നതായി തോന്നി. ജനകീയ അധികാരത്തിന്റെ വേദികള്‍ എന്ന് ഭരണഘടന അനുശാസിക്കുന്ന ജനപ്രതിനിധി സഭകള്‍ അഴിമതിയിലും ജീര്‍ണതയിലും ആണ്ടിരിക്കുന്നതിനാല്‍ ഗ്രാമ സഭകളെയും മൊഹല്ല കൂട്ടായ്മകളെയും ( നഗര ജനസമൂഹ കൂട്ടായ്മ ) ഒന്നിച്ചു ചേര്‍ത്ത് കൊണ്ടുള്ള ഒരു നയരൂപീകരണ പ്രക്രിയയെ കുറിച്ചും ചില അമൂര്‍ത്ത ആശയങ്ങള്‍ ഈ കൂടികാഴ്ചകളില്‍ കേജ് രിവാളില്‍ നിന്ന് ഉയന്നിരുന്നു. ആകെ കൂടി ചില പകുതി വെന്ത ആശയങ്ങളുടെ ഒരു സങ്കലനം.

 

യോഗേന്ദ്ര യാദവ്


 

ഷോക്ക് വാല്യൂ
ഹസാരെയുമായി വഴി പിരിഞ്ഞതിനും, പുതിയ രാഷ്ട്രീയ പാര്‍ടി എന്ന ആശയം മുന്നോട്ടു വെച്ചതിനും ശേഷമുള്ള ദിവസങ്ങളിലും ഈ പകുതി വെന്ത അവസ്ഥയ്ക്ക് സാരമായ മാറ്റം ഉണ്ടായിട്ടില്ല. എങ്കിലും കേജ് രിവാലിന്റെ രാഷ്ട്രീയ നാന്ദി ശ്രദ്ധേയമായ ഒരു ഷോക്ക് വാല്യൂ സൃഷ്ടിച്ചിട്ടുണ്ട് . കോണ്‍ഗ്രസ്സിലെ ഒന്നാം കുടുംബത്തെയും, രാജ്യത്തെ ഒന്നാം നമ്പര്‍ കോര്‍പൊരേററിനെയും, മുഖ്യ പ്രതിപക്ഷത്തിന്റെ അധ്യക്ഷനെയും നേരിട്ട് പ്രതി ചേര്‍ക്കുക വഴി രാജ്യത്തെ രാഷ്ട്രീയത്തില്‍ വിശുദ്ധ പശുക്കളുടെ കാലം അവസാനിച്ചു എന്ന് പറയാന്‍ കേജ് രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും ആയിട്ടുണ്ട്. ഈ ഷോക്ക് വാല്യൂ ഈ പാര്‍ടിയുടെ സ്ഥാപന ദിനങ്ങളില്‍ കൂടുതല്‍ ആകര്‍ഷണവും ശ്രദ്ധയും സമ്മാനിച്ചിട്ടുമുണ്ട് .

പക്ഷെ ഇത് കൊണ്ട് മാത്രം ദേശത്തിന്റെ ദശ മാറുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആവുന്നില്ല . കേജ് രിവാലിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ഇത് തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഈ പുതിയ പാര്‍ടിയുടെ അമരക്കാരില്‍ ഒരാളായി വളര്‍ന്നു വരുമെന്നു കരുതപ്പെടുന്ന യോഗേന്ദ്ര യാദവ് അവരില്‍ ഒരാളാണ് . രാജ്യത്തിന്റെ ഭാവിക്ക് നിര്‍ണായകമായ നിരവധി വിഷയങ്ങളില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ വഴി നിലപാട് സ്വരൂപിക്കുന്ന ഒരു പ്രക്രിയയിലാണ് തങ്ങള്‍ എന്നാണ് യാദവ് പറഞ്ഞത്.

തീര്‍ച്ചയായും ഈ ചര്‍ച്ചകള്‍ നല്ലത് തന്നെ. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചടുലവും,തീക്ഷ്ണവും, ഒട്ടൊക്കെ ഭ്രാന്തവും ആയ അന്തരീക്ഷത്തില്‍ ദീര്‍ഘമായ ആലോചനകള്‍ക്കും, ഇടക്കിടെയുള്ള ആരോപണങ്ങള്‍ക്കും അപ്പുറം മൂര്‍ത്തമായ നിലപാടുകളും നടപടികളും പെട്ടെന്ന് സ്വരൂപിക്കേണ്ട ആവശ്യകത കൂടി ഉയര്‍ന്നു വരും. അത് എത്ര മാത്രം കേജ് രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും അറിയാം അല്ലെങ്കില്‍ അവര്‍ അത് എത്ര മാത്രം ഉള്‍ക്കൊണ്ടിരിക്കുന്നു എന്നത് കൂടി മനസിലായാലേ ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്തെന്ന് ശരിക്കും അളക്കാനാവൂ.

ഇപ്പോഴത്തെ സ്ഥിതിയില്‍ ഇത് സംബന്ധിച്ച ഒരു മാനദണ്ഡം പോലും ഈ ക്ഷുഭിത യൌവന സംഘത്തിന് ഉണ്ടെന്നു പറയാന്‍ പറ്റില്ല.
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

2 thoughts on “മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

  1. എല്ലാ പാര്‍ടികളും അഴിമതി മുങ്ങി കിടക്കുമ്പോള്‍ പിടിവള്ളിയാവും എന്ന് പ്രതിക്ഷികാം

  2. ഹലോ വെങ്കിടേഷ് താങ്കളുടെ മുഴുവന്‍വേവാ……..കുറിപ്പ്വവായിച്ചു നന്നായിട്ടുണ്ടു
    ഏതൊരുരാഷ്ട്രീയ,സാമൂഹ്യപ്രവ൪ത്തകനും അവശ്യംവേണ്ടത് വ്യക്തമായ കാഴ്ചപ്പാ
    ടും ദീ൪ഘവീക്ഷണവുമാണ്.അതാണ് ഇവ൪ക്ക്ഇല്ലാതെപോയത് അതുകൊണ്ടാണ്
    വേവാതെപലതുംപുറത്ത് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *