പീസി 314

നിയമസഭയില്‍ നമ്മുടെ സ്ഥാനപ്പേര് ചീഫ് വിപ്പ് എന്നാണ്. എങ്കിലും സ്വഭാവത്തില്‍ നമ്മള്‍ പഴയ പോലീസു നിയമപ്രകാരമുളള ഹേഡ് കുട്ടന്‍ പിളള , തെറിവിളി പാപ്പി, കൊമ്പന്‍ വര്‍ക്കി തുടങ്ങിയവരെയാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. വിപ്പ് ആകുമ്പോള്‍ അങ്ങനെയാകാനേ തരമുളളൂ-ശിവന്‍ എഴുതുന്നു

നിയമസഭയില്‍ നമ്മുടെ സ്ഥാനപ്പേര് ചീഫ് വിപ്പ് എന്നാണ്. എങ്കിലും സ്വഭാവത്തില്‍ നമ്മള്‍ പഴയ പോലീസു നിയമപ്രകാരമുളള ഹേഡ് കുട്ടന്‍ പിളള , തെറിവിളി പാപ്പി, കൊമ്പന്‍ വര്‍ക്കി തുടങ്ങിയവരെയാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. വിപ്പ് ആകുമ്പോള്‍ അങ്ങനെയാകാനേ തരമുളളൂ. നിയമസഭയില്‍ സ്വന്തം പാര്‍ട്ടിയുടെ അച്ചടക്കം കാത്തു സൂക്ഷിക്കണമെങ്കില്‍ നന്്മ നിറഞ്ഞ മറിയവും ചൊല്ലി കൊന്തയും പിടിച്ചിരുന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് നമുക്ക് പണ്ടേ അറിയാം!
ജഡ്ജിയായാലും വൈദ്യുതി വകുപ്പുദ്യോഗസ്ഥരായാലും ചെയ്യേണ്ട ജോലി മര്യാദയ്ക്കു ചെയ്തില്ലെങ്കില്‍ നമ്മളു കയറി ഇടപെടും. വൈദ്യുതി വകുപ്പുദ്യോഗസ്ഥന്‍ കറണ്ടു കൊടുത്തില്ലെങ്കില്‍ അവനു മുന്നില്‍ ചെന്ന് മുട്ടുകുത്തിക്കേണ് അഹിംസാ മാര്‍ഗത്തില്‍ സത്യാഗ്രഹമിരിക്കും എന്നൊന്നും ആരും കരുതേണ്ട. നമ്മെ സംബന്ധിച്ചിടത്തോളം അഹിംസയൊന്നും അങ്ങ്് പൂഞ്ഞാറ്റില്‍ പോലും ഇല്ല. നമ്മുടെ വഴി വേറെയാണ്. അതിനാലാണ് നന്‍മ നിറഞ്ഞ മറിയത്തോട് സാമൃമുളള ചില പദങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ വൈദ്യുതി വകുപ്പുദ്യോഗസ്ഥരെ ബോധവത്കരിച്ചത്. ബോധവത്കരണം കഴിഞ്ഞയുടനെ കേട്ടുനിന്നവര്‍ ചെവി ഡെറ്റോളൊഴിച്ചു കഴുകിയെന്നൊക്കെയാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തിയത്.
പ്ക്ഷേ ഫലമുണ്ടായി……..
കറണ്ടു വന്നു!
എല്ലായിടത്തും വെളിച്ചം….
ടി സംഭവത്തിന്റെ പേരില്‍ അങ്ങ് പൂഞ്ഞാറ്റിലും ഈരാറ്റു പേട്ടയിലുമൊക്കെ നമുക്ക് ധാരാളം കയ്യടിയും കിട്ടിയിരുന്നു!

നിയമം നമുക്ക് കരതലാമലകമാണ്. പൌരബോധം ആണെങ്കില്‍ പറയുകയും വേണ്ട..അതുകൊണ്ട് തന്നെ നിയമത്തിനു നിരക്കാത്ത വല്ലതും കണ്ടാലുടന്‍ പ്രതികരിച്ചു പോകും!
അങ്ങനെയിരിക്കെയാണു വിജിലന്‍സ് ജഡ്ജിയദ്ദേഹം ഒരു വേണ്ടാതീനം കാട്ടിയതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്ല കുട്ടി സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു പാവം പുതുപ്പളളിക്കാരനെതിരെ തുടരന്വേഷണത്തിനുത്തരവിടുന്നു…! അതും തീര്‍പ്പാക്കിയ കേസിന്‍മേലാണ്. ചട്ടപ്പടി തുടരന്വേഷണം നടത്തണമെങ്കില്‍ അന്വേഷണത്തില്‍ പാളിച്ച വന്നതായി കോടതിക്ക് ബോധ്യപ്പെടണം എന്നാണ് ലാ.. പക്ഷേ ഇവിടെ ഇതൊന്നും ചൂണ്ടിക്കാട്ടിയിട്ടുമില്ല.
നമുക്ക് എങ്ങനെ സഹിക്കാന്‍ കഴിയും…പാവപ്പെട്ട പുതുപ്പളളിക്കാരന്‍ മുടി പോലും ചീകാറില്ല. കുപ്പായത്തിലാണെങ്കില്‍ അപ്പടി കൂട്ടിത്തുന്നലുകളും. സംഗതി അറിഞ്ഞയുടനെ പുതുപ്പളളിക്കാരന്‍ ഒളള പണീം കളഞ്ഞ്് ശേഷിച്ചകാലം പുതുപ്പളളി പളളിയിലെ കുര്‍ബാനയും കൈക്കൊണ്ട് ജീവിച്ചു കൊളളാം എന്ന് വിളിച്ചു കൂവുകയും ചെയ്തു.
പക്ഷേ ചാണ്ടി അയഞ്ഞാലും തൊമ്മന്‍ മുറുകും എന്ന ചൊല്ലു പോലെ നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു…
ഇങ്ങനയുളള അപ്പാവികള്‍ക്കു മേലെ കുതിര കയറിയാല്‍ ഏതു ജഡ്ജിക്കെതിരെയും നാം പ്രതികരിക്കും!
സംഗതി അറിഞ്ഞയുടന്‍ സ്റാച്യു കവലയില്‍ പോയി നാലു പായ പേപ്പറു വാങ്ങിക്കൊണ്ടുവന്നു. ആരോടും ചോദിക്കാനും പറയാനും ഒന്നും പോയില്ല. നേരെ ഒരു കത്തങ്ങെഴുതി. രാഷ്ട്രപതിഭവന്റെ വിലാസമെഴുതി സ്റാമ്പുമൊട്ടിച്ച് പെട്ടിയിലിട്ട ശേഷമേ നമ്മളന്ന് ഊണു പോലും കഴിച്ചുളളൂ.. കത്തിന്റെ പകര്‍പ്പ് പുതുപ്പളളിക്കാരന്‍ അപ്പാവിയടക്കം നിരവധി പേര്‍ക്ക് പിന്നീടു കൊടുത്തു. പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ചില ശിങ്കങ്ങള്‍ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ സമയക്രമം പാലിച്ച് ജഡ്ജിമാരെ തെറിവിളിക്കാറുണ്ട്. പൌര സ്വാതന്ത്രൃം തന്നെയാണ് അവരുടെയും പ്രശ്നം. പക്ഷേ നിയമം നമ്മുടെയത്ര വശമില്ലാത്തതിനാലാകാം ബസ് സ്റാന്റിലും ചന്തക്കവലയിലും മരച്ചുവട്ടിലും ഒക്കെ നിന്ന് തനി വാമൊഴി വഴക്കഭാഷയിലാണ് മേല്‍പ്പടിയാന്‍മാര്‍ ജഡ്ജിമാരെ തെറിവിളിക്കാറ്. ജഡ്ജിമാരെ വെല്ലുവിളിക്കുന്ന കാര്യത്തില്‍ നമ്മുടെ മുന്നണി ഇത്തിരി പുറകോട്ടുമാണ്. ആ കുറവും ഇതോടെ തീരുന്നെങ്കില്‍ തീരട്ടെ എന്നു കരുതി.
വൈദ്യുതിക്കാരെ തെറിവിളിച്ചപ്പോള്‍ കിട്ടിയ കയ്യടി ഇവിടെയും നമ്മള്‍ പ്രതീക്ഷിച്ചു.
പക്ഷേ നമ്മുടെയത്ര പൌരബോധമില്ലാത്തതിനാലാകാം ആദ്യം കൈവിട്ടത്് പുതുപ്പളളിക്കാരന്‍ അപ്പാവി തന്നെയാണ്. ഞാനൊന്നുമറിഞ്ഞില്ലേ പുതുപ്പളളി പുണ്യാളാ എന്നും പറഞ്ഞ്് അപ്പാവി തലമുടിയും പറത്തി ഒറ്റ നടത്തം! തുടര്‍ന്ന് പാര്‍ട്ടിയിലെ പൌഡറിട്ടു നടക്കുന്നതും പൌഡറിടാതെ നടക്കുന്നതുമായ സര്‍വ്വ പാര്‍ട്ടികളും നമ്മെ കൈവിട്ടുകളഞ്ഞു.! പിന്നാലെ മറ്റുളള ഘടകന്‍മാരും കൈവിട്ടു. ഇനി പാലായിലെ മാണിച്ചായന്‍ മാത്രമാണ് പ്രതീക്ഷ. പാലാ- ഏറ്റുമാനൂര്‍ റോഡിനോടു കാണിക്കുന്ന സ്നേഹമെങ്കിലും ഈ പൂഞ്ഞാറുകാരനോടു കാണിക്കുമായിരിക്കും എന്നാണ് പ്രതീക്ഷ!
പക്ഷേ നമ്മള്‍ അങ്ങനെയൊന്നും തോല്ക്കുന്നവനല്ല. ജനസേവനം മാത്രമാണ് നമ്മുടെ ജന്മോദ്യേശ്യം തന്നെ..! വേണ്ടിവന്നാല്‍ ചീഫ് വിപ്പ് സ്ഥാനം പുല്ലു പോലെ വലിച്ചെറിഞ്ഞും നമ്മള്‍ ജനത്തെയങ്ങ് സേവിക്കും. അല്ല പിന്നെ……

One thought on “പീസി 314

  1. പണ്ട് രാം ലീല മൈതാനിയില്‍ ഒരു കാവിയിട്ട പുംഗവന്‍ ചെയ്ത പബ്ലിസിറ്റി സ്ടുണ്ട് ആസ്വദിച്ച നമ്മള്‍ പൌരന്മാര്‍ക്ക് ഇതും സഹിക്കാവുന്നതെ ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *