ആപ്പിനുമുണ്ടാമൊരിടം

 
 
 
 

പയനീര്‍ ലേഖകന്‍ വി.ആര്‍ ജയരാജ് എഴുതുന്നു
 
 
ഒരര്‍ത്ഥത്തില്‍, നിലനില്‍ക്കാനുള്ള ധാര്‍മികാര്‍ഹത എല്ലാ നിലക്കും നഷ്ടപ്പെട്ട ഭരണരാഷ്ട്രീയ വര്‍ഗത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു സേഫ്റ്റിവാല്‍വാണ് കേജ് രിവാള്‍ സംഘം; അതിനു മുമ്പ് അണ്ണാ ഹസാരേ-ഭൂഷന്‍സ്-കേജ്രിവാള്‍-കിരണ്‍ബേഡി മധ്യവര്‍ഗ യോഗവും. നിരന്തരമായ അഴിമതി, ഉദ്യോഗസ്ഥ വൃന്ദവും പൊലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള സോദ്ദേശ്യവും അവിശുദ്ധവുമായ ഇഴചേരല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതിലൂടെ തെരഞ്ഞെടുത്തവരില്‍നിന്നും പൂര്‍ണമായി ഒഴിഞ്ഞുമാറി ദന്ദഗോപുരങ്ങളില്‍ സ്വയം അടച്ചിട്ട് പുറത്തേക്കു നോക്കി കൊഞ്ഞനംകുത്തല്‍, എല്ലാത്തിനുമുപരി എതുവിഷയത്തിലുമുള്ള നിരുത്തരവാദിത്തം…അങ്ങനെ എല്ലാംകൊണ്ടും രാഷ്ട്രീയ ഭരണവര്‍ഗം ജനങ്ങളുടെ ശത്രുവായി മാറിക്കഴിഞ്ഞു എന്നവര്‍ കരുതിയ -മനസ്സിലാക്കിയ -കാലത്താണ് അഴിമതി വിരുദ്ധ സഹന സമരമെത്തുന്നത്- പയനീര്‍ ലേഖകന്‍ വി.ആര്‍ ജയരാജ് എഴുതുന്നു

 

 

സൂക്ഷ്മത്തില്‍നിന്ന് സ്ഥൂലത്തിലേക്ക് ചരിക്കുന്ന ആ പഴയ സിദ്ധാന്ത പദ്ധതിക്ക് ആരാധകരേറുന്ന ഒരു കാലത്തിലൂടെയാണ് നാം ചരിക്കുന്നത്. ഈ പുനരാഗമനം ചരിത്രഗതിയിലെ ഒരു സ്വാഭാവിക പരിണതിയല്ല, സോദ്ദേശ്യ നിര്‍മിതലീലയാണ്. വ്യവസ്ഥകളോ വ്യവസ്ഥിതിയോ ഒരു മാറ്റത്തിനും വിധേയമാകുന്നില്ല എന്നുറപ്പു വരുത്താനുള്ള കൃത്യമായ പദ്ധതി. അതിന്റെ പശ്ചാത്തലത്തിലാണ് ദേശഭക്തി ജിംഗോയിസമായി മാറുന്നതും, മൂല ചിന്തയാവശ്യമില്ലാത്ത ഒരു വൈകാരിക തിന്‍മയായി ഭീകരവാദം മാറുന്നതും, എന്തിന് മഹാത്മാഗാന്ധി തന്നെ പ്രയോഗിച്ച സഹനസമരം തീവ്രവാദ സ്ഫുരണമാകുന്നതും.

മതബോധനത്തിന്റെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനമായ ഈ യാത്രാരീതി രാഷ്ട്രീയ പ്രക്രിയയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒരു കാലത്തെ ഇറ്റലിയിലും ജര്‍മനിയിലും ഇക്കാലത്തെത്തന്നെ ദൈവപോലിസ് നീതി കാക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ ക്രമങ്ങളിലും പദാര്‍ത്ഥം സമൂഹത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത രാജ്യങ്ങളിലും കണ്ടതാണ്, കാണുന്നതാണ്.

100 കോടി ജനങ്ങള്‍ക്കിനിയും തങ്ങളിന്നാട്ടിലെ പൌരന്‍മാരാണ് എന്ന് കൃത്യമായ ബോധ്യമില്ലെന്ന് ഭരണകക്ഷി നേതാവ് തന്നെ സമ്മതിക്കുന്ന ഭാരതത്തിലും ഈ സൂക്ഷ്മ-സ്ഥൂല റിവേഴ്സല്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ നാം നിത്യേന കാണുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശവും അധികാരവും, ന്യൂനപക്ഷത്തിന്റെ കാരുണ്യവും സൌജന്യവുമായി മാറുന്നതാണ് ഇതിന്റെ പ്രായോഗിക രൂപം. ഈ പശ്ചാത്തലത്തിലാണ് സന്നദ്ധസംഘടന പ്രവര്‍ത്തകരും അഭിഭാഷകരും മധ്യവര്‍ഗ ബുദ്ധിജീവികളും അങ്ങനെ പലരും ചേര്‍ന്ന്, ഇതേ സഞ്ചാരപഥത്തിലൂടെ തന്നെ മുന്നേറാന്‍ നിശ്ചയിച്ചുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി തൊടുത്തുവിട്ടിരിക്കുന്നത്.

 

ആപ് (താങ്കള്‍) കക്ഷിയുടെ താത്വികാചാര്യന്‍മാരില്‍ ഒരാളായ യോഗേന്ദ്രയാദവ് പറയുന്നത്, തലകീഴായി പ്രതിഷ്ഠിച്ച പിരമിഡായാണ് അവര്‍ പ്രവര്‍ത്തിക്കുക എന്നാണ്. അതില്‍ തെറ്റില്ല. മഹാത്മാ ഗാന്ധിതന്നെയും ഇക്കാര്യത്തിലവരെ പ്രശംസിക്കുമായിരുന്നു, പ്രത്യേകിച്ച് ഗ്രാമസ്വരാജ് തന്നെയാണ് ലക്ഷ്യം എന്നവര്‍ പ്രഖ്യാപിക്കുമ്പോള്‍.


 

തലകീഴായി പ്രതിഷ്ഠിച്ച പിരമിഡ്
മുന്‍വിധിയോടെയല്ല സമീപനം. എങ്കിലും ഇവിടെ ചില കുഴപ്പങ്ങള്‍ ഉണ്ടെന്ന് പറയാതെ വയ്യ. ആപ് (താങ്കള്‍) കക്ഷിയുടെ താത്വികാചാര്യന്‍മാരില്‍ ഒരാളായ യോഗേന്ദ്രയാദവ് പറയുന്നത്, തലകീഴായി പ്രതിഷ്ഠിച്ച പിരമിഡായാണ് അവര്‍ പ്രവര്‍ത്തിക്കുക എന്നാണ്. അതില്‍ തെറ്റില്ല. മഹാത്മാ ഗാന്ധിതന്നെയും ഇക്കാര്യത്തിലവരെ പ്രശംസിക്കുമായിരുന്നു, പ്രത്യേകിച്ച് ഗ്രാമസ്വരാജ് തന്നെയാണ് ലക്ഷ്യം എന്നവര്‍ പ്രഖ്യാപിക്കുമ്പോള്‍.. ‘പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ടെലിഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. സ്വന്തം പീടിക ആപ് പാര്‍ട്ടിയുടെ ഓഫീസാക്കാന്‍ സന്നദ്ധമാണ് എന്ന സന്ദേശങ്ങളും അതിലുണ്ടായിരുന്നു.’ എന്നാണ് യാദവ് കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചര്‍ച്ചക്കിടെ പറഞ്ഞത്.

കുഴപ്പം ഇവിടെ തന്നെയാണ്. ആം ആദ്മിയുടെ ഈ നിര്‍വചനത്തില്‍. വ്യവസ്ഥിതി മാറ്റത്തിന്റെ പേരുപറഞ്ഞ്, രാജ്യത്തെ ഏറ്റവും വലിയ മധ്യവര്‍ഗ സമൂഹത്തെ വിജയകരമായി നിര്‍മിച്ചെടുത്ത കമ്യൂണിസ്റ്റ് തന്ത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് ഇതിലെ അപകടം പെട്ടെന്ന് മനസ്സിലാകേണ്ടതാണ്. (മധ്യവര്‍ഗക്കാരന്റെ 30-40 സെന്റ് ‘സ്വന്തം ഭൂമി’ എപ്രകാരമാണ് മൂന്നേകാല്‍ ലക്ഷത്തില്‍ താഴെ മാത്രം വരുന്ന ആദിവാസികള്‍ക്ക് തലചായ്ക്കാനിടം ലഭിക്കാത്തതിന് കാരണമാകുന്നതെന്ന പിണറായി വിശദീകരണം കേട്ടവരാണ് നമ്മള്‍).

 

അവിടത്തെ മുദ്രാവാക്യവും ആ യാഥാര്‍ത്ഥ്യത്തിന്റെ കാതലായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. അതിനാലാണ് മോഷ്ടിക്കപ്പെടുന്ന ആദിവാസി ഭൂമിയോ 12 വര്‍ഷമായി നിരാഹാരം ശയിക്കുന്ന പെണ്‍കുട്ടിയോ അവര്‍ക്ക് ദൃഷ്ടിഗോചരമാകാതിരുന്നത്.


 

ആ ‘ജനങ്ങള്‍’ ആരൊക്കെ?
ആപ് കക്ഷിക്കാരുടെ ഉദയം നാം കണ്ടത് ജന്തര്‍മന്ദറിലും രാജ്ഘട്ടിലും രാംലീല മൈതാനിയിലൂടെയുമാണ്. (ഒടുവില്‍ മുംബൈയിലെ ആസാദ് മൈതാനിയിലെത്തിയപ്പോള്‍ അത് ചീറ്റിപ്പോയി). വധ്യന്‍ ശത്രുവെങ്കില്‍ ഹിംസ അഹിംസാവാദത്തിന് വിഘാതമാകുന്നില്ലെന്ന് വിശ്വസിക്കുകയും ബോധ്യതയാലോ ബുദ്ധിശൂന്യതയാലോ അപ്രകാരം തുറന്നുതന്നെ പറയുകയും ചെയ്യുന്ന വയോധികനായിരുന്നു ആദികാല നേതാവ്. റലേഗാവ് സിദ്ധിയെയും തിഹാറിലെ സഹനത്തെയും കുറിച്ച് ലൈവ് പ്രസംഗം നടത്തിയിരുന്ന, നാടിനെയും നാട്ടാരെയും കുറിച്ച് തരിമ്പും ബോധമില്ലാത്ത നാഗരിക ചാനല്‍ നിര്‍മാതാക്കള്‍ക്ക് ഇന്നാ പഴയ അണ്ണാ പ്രണയം കാണാനില്ല. ആ ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ സത്യഗ്രഹ വേദികളില്‍ കുമിഞ്ഞു കൂടിയ ‘ജനങ്ങള്‍’ ആണ് ഇന്നാടിന്റെ, ഗാന്ധിജി പാടിപ്പുകഴ്ത്തിയ ആത്മാവ് എന്നു പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കും എന്നു തോന്നുന്നില്ല.

‘ഞാനാണ് ഭാരതം’ എന്നും ‘ഞാനാണ് സാധാരണക്കാരന്‍’ എന്നുമാക്കെ തൊപ്പിയിലെഴുതി നെറ്റിയിലൊട്ടിച്ച സഹനസമരത്തെപ്പോലും ആഘോഷമാക്കി മാറ്റിയവര്‍, അവര്‍ പ്രതിനിധാനം ചെയ്ത വര്‍ഗം ഇന്നാടിന്റെ സമൂഹഗതികള്‍ എന്നാണ്, എങ്ങനെയാണ് മാറ്റിയത് എന്നു നമുക്കറിവില്ല. അവിടെ നാം കണ്ടവര്‍, ഏതു വ്യവസ്ഥിതിക്കു കീഴിലും ദീപസ്തംഭം മഹാശ്ചര്യം മാത്രം പാടി കാലം കഴിക്കുന്നവരായിരുന്നു. പിന്നെ എന്തുകൊണ്ടവര്‍ അവിടെ വന്നു എന്ന ചോദ്യം അവശേഷിക്കുന്നു. അതിന്റെ ഉത്തരമാകട്ടെ, എന്നിട്ടവര്‍ എവിടെപ്പോയി എന്നു ചോദിക്കുന്നത് പോലെ ലളിതവുമാണ്.

അഴിമതിക്കെതിരായ ആ സഹനസമരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയവരില്‍ പലരും ആദായ നികുതി കൃത്യമായടക്കാത്തതിന് നോട്ടീസ് കൈപ്പറ്റിയവര്‍ കൂടി ആയിരുന്നു. അപവാദത്തെ സാമാന്യവല്‍കരിക്കുകയല്ല, മറിച്ച് അവിടെ നാം കണ്ടവരുടെ സാമാന്യസ്വഭാവം ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമല്ല എന്നു പറയുകയായിരുന്നു; അവിടത്തെ മുദ്രാവാക്യവും ആ യാഥാര്‍ത്ഥ്യത്തിന്റെ കാതലായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. അതിനാലാണ് മോഷ്ടിക്കപ്പെടുന്ന ആദിവാസി ഭൂമിയോ 12 വര്‍ഷമായി നിരാഹാരം ശയിക്കുന്ന പെണ്‍കുട്ടിയോ അവര്‍ക്ക് ദൃഷ്ടിഗോചരമാകാതിരുന്നത്.

 

ബാക്കിയായവരാണ് അതേ സമരത്തെത്തന്നെ ഇന്ന് മറ്റൊരു രൂപത്തില്‍ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. സ്വരാജ്, പ്രാദേശിക പൌരശാക്തീകരണം എന്നിങ്ങനെ ചില വാക്കുകള്‍ കേള്‍ക്കാമെങ്കിലും പ്രായോഗികമായി നാം കാണുന്നത് പഴയ അജണ്ട തന്നെയാണ്.


 

മടങ്ങിപ്പോക്കും ബാക്കിയാവലും
അത്തരമൊരു സമരത്തിന് നീണ്ടുനില്‍ക്കാന്‍ അവകാശമില്ലെന്ന് അന്നേ പ്രവചിച്ചവരുണ്ട്.; അത് സത്യവുമായി. ഹസാരെ റലേഗാവ് സിദ്ധിയിലെ അമ്പലങ്ങളിലേക്കും, കിരണ്‍ ബേഡി, ഓസോണ്‍ പാളിയുടെ ക്ഷതമാണ് വിഷയമെങ്കില്‍ പോലും പൊലീസുകാരെ രാഷ്ട്രീയക്കാര്‍ അടിമകളാക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മടങ്ങിപ്പോയി; ഉത്സവം ആഘോഷിക്കാന്‍ വന്നവര്‍ അവരുടെ ഭവനങ്ങളിലേക്കും.

അവിടെ ബാക്കിയായവരാണ് അതേ സമരത്തെത്തന്നെ ഇന്ന് മറ്റൊരു രൂപത്തില്‍ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. സ്വരാജ്, പ്രാദേശിക പൌരശാക്തീകരണം എന്നിങ്ങനെ ചില വാക്കുകള്‍ കേള്‍ക്കാമെങ്കിലും പ്രായോഗികമായി നാം കാണുന്നത് പഴയ അജണ്ട തന്നെയാണ്. ചില വ്യവഹാര പ്രിയന്‍മാരെപ്പോലെ, കേജ് രിവാള്‍ സംഘത്തിന്, വിവരാവകാശ നിയമ പ്രവര്‍ത്തനത്തിന്റെ അതിരുകളില്‍ പെട്ടുകിടക്കുമ്പോള്‍, ആ പരിസരം ഉപേക്ഷിക്കാനാവില്ല.

ഇത് സിനിസിസമല്ല, ഇന്ത്യ പോലെ സങ്കീര്‍ണ്ണമായൊരു സാമൂഹിക സങ്കലനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ പ്രത്യയശാസ്ത്ര വിചാരമില്ലാത്തൊരു കൂട്ടായ്മയുടെ അര്‍ത്ഥമെന്താകാം എന്ന സംശയമാണ്.

 

അങ്ങനെയാണ് 'സിവില്‍ സമൂഹം' എന്നൊരു രാഷ്ട്രീയ പദാര്‍ത്ഥം നഗരങ്ങള്‍ ആസ്ഥാനമായി പൊട്ടിപ്പുറപ്പെട്ടത്. (പക്ഷേ, അതൊരു മിഥ്യയായിരുന്ന എന്ന് അവരില്‍ ചിലരെങ്കിലും ഇന്ന് മനസ്സിലാക്കുന്നു). സമരം ആഘോഷമാക്കി ജന്ദര്‍മന്ദിറിലും രാംലീല മൈതാനിയിലും തമ്പടിച്ചുറങ്ങുമ്പോഴും 'സിവില്‍സമൂഹം' ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നില്ല.


 

സേഫ്റ്റി വാല്‍വ്
ഒരര്‍ത്ഥത്തില്‍, നിലനില്‍ക്കാനുള്ള ധാര്‍മികാര്‍ഹത എല്ലാ നിലക്കും നഷ്ടപ്പെട്ട ഭരണരാഷ്ട്രീയ വര്‍ഗത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു സേഫ്റ്റിവാല്‍വാണ് കേജ് രിവാള്‍ സംഘം; അതിനു മുമ്പ് അണ്ണാ ഹസാരേ-ഭൂഷന്‍സ്-കേജ്രിവാള്‍-കിരണ്‍ബേഡി മധ്യവര്‍ഗ യോഗവും. നിരന്തരമായ അഴിമതി, ഉദ്യോഗസ്ഥ വൃന്ദവും പൊലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള സോദ്ദേശ്യവും അവിശുദ്ധവുമായ ഇഴചേരല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതിലൂടെ തെരഞ്ഞെടുത്തവരില്‍നിന്നും പൂര്‍ണമായി ഒഴിഞ്ഞുമാറി ദന്ദഗോപുരങ്ങളില്‍ സ്വയം അടച്ചിട്ട് പുറത്തേക്കു നോക്കി കൊഞ്ഞനംകുത്തല്‍, എല്ലാത്തിനുമുപരി എതുവിഷയത്തിലുമുള്ള നിരുത്തരവാദിത്തം…അങ്ങനെ എല്ലാംകൊണ്ടും രാഷ്ട്രീയ ഭരണവര്‍ഗം ജനങ്ങളുടെ ശത്രുവായി മാറിക്കഴിഞ്ഞു എന്നവര്‍ കരുതിയ -മനസ്സിലാക്കിയ -കാലത്താണ് അഴിമതി വിരുദ്ധ സഹന സമരമെത്തുന്നത്.

ഇതിനുമുമ്പും രാഷ്ട്രീയക്കാരനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണ മറ്റൊന്നായിരുന്നില്ല. അതിനാല്‍ തന്നെയാണ് നാലോ അഞ്ചോ പതിറ്റാണ്ടുമുതലിങ്ങോട്ടിറങ്ങിയ സിനിമകള്‍ ഭരണ-രാഷ്ട്രീയ വര്‍ഗത്തെ പുച്ഛിച്ചുകൊണ്ടേയിരുന്നത്. പക്ഷേ, പുതു സഹസ്രാബ്ദത്തിലെ ആദ്യ ദശകം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യമേയില്ലാത്ത, അവര്‍ക്കൊരു നിലക്കും ഉപകാരപ്പെടാത്ത, എല്ല നിലക്കും അവരുടെ തടിമേല്‍ ഇത്തിക്കണ്ണിയായി വളരുന്ന പ്രതിഭാസമാണ് തങ്ങള്‍ എന്ന് തെളിയിക്കുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞിരുന്നു. തട്ടിത്തിന്നല്‍, ഒളിവില്‍ ചെയ്യേണ്ട കാര്യമല്ല. അല്‍പസ്വല്‍പം പുറത്തറിഞ്ഞാലും ഒന്നും വരാനില്ല എന്നൊരു വിശ്വാസം അവര്‍ പ്രയോഗത്തിലാക്കി.

ജനാധിപത്യം ഏകകമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പോളിറ്റിയുടെ ലക്ഷ്യം, ധര്‍മ്മം, കര്‍മ്മം എല്ലാം തലതിരിച്ചുനിര്‍ത്തി അവര്‍ സ്വയം ഒരു ഒളിഗാര്‍ക്കിയായി പ്രഖ്യാപിച്ചു. അല്ലെങ്കില്‍ അതാണ് ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടേയിരിക്കുന്ന ചിത്രം. ഒടുവില്‍, ഫാന്‍ഫെയര്‍ സ്വഭാവമാണ് രാഷ്ട്രീയമെന്ന്കരുതുന്ന, ഏതു ദുര്‍ഭരണത്തിനു കീഴിലും പരാതിപ്പെടാതെ കാലക്ഷേപം കഴിച്ചു വന്ന മധ്യവര്‍ഗക്കാര്‍ക്കുപോലും ദഹിക്കാത്ത അവസ്ഥയിലെത്തി, കാര്യങ്ങള്‍. അങ്ങനെയാണ് ‘സിവില്‍ സമൂഹം’ എന്നൊരു രാഷ്ട്രീയ പദാര്‍ത്ഥം നഗരങ്ങള്‍ ആസ്ഥാനമായി പൊട്ടിപ്പുറപ്പെട്ടത്. (പക്ഷേ, അതൊരു മിഥ്യയായിരുന്ന എന്ന് അവരില്‍ ചിലരെങ്കിലും ഇന്ന് മനസ്സിലാക്കുന്നു). സമരം ആഘോഷമാക്കി ജന്ദര്‍മന്ദിറിലും രാംലീല മൈതാനിയിലും തമ്പടിച്ചുറങ്ങുമ്പോഴും ‘സിവില്‍സമൂഹം’ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നില്ല.

 

സ്വരാജ് എന്ന വലിയ മുദ്രാവാക്യം സ്വയം ഉരുവിടുന്നുണ്ടെങ്കിലും ആപ് കക്ഷിയുടെ പരിസരങ്ങളിലെവിടെയും ഒരു പ്രത്യയശാസ്ത്ര ബോധ്യങ്ങളും കാണുന്നില്ല; ആ പ്രതിഭാസം ജനിച്ചുവളര്‍ന്ന സാഹചര്യം നോക്കിയാല്‍ അങ്ങനെയുണ്ടാവാനുള്ളസാധ്യത തീരെയില്ല


 

പ്രത്യയ ശാസ്ത്ര ബോധ്യങ്ങള്‍
ഇന്നും കേജ് രിവാള്‍ സംഘം, ആപ് കക്ഷി, അത് മനസ്സിലാക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ മാത്രം യുക്തികള്‍ ഒന്നും കാണുന്നില്ല. രാഷ്ട്രീയ -ഭരണവര്‍ഗത്തിന്റെ അതിജീവനശേഷി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല; അഥവാ ഏതു വ്യവസ്ഥിതിക്കു കീഴിലും അതിജീവനം സാധ്യമാക്കാന്‍ കഴിയുന്ന തങ്ങളെന്ന അത്ഭുതം തന്നെയും അതിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞില്ല. അതിനാല്‍ത്തന്നെ, കോലാഹലം നിറഞ്ഞ ലോക്പാല്‍ വിവാദങ്ങള്‍ക്കും ‘സബ് നാ ഡംഗി ഹേ’ എന്ന കിരണ്‍ ബേഡി പ്രഖ്യാപനത്തിനും ഹസാരേ നിരാഹാരങ്ങള്‍ക്കും എല്ലാം ശേഷവും ഭരണ-രാഷ്ട്രീയ വര്‍ഗത്തിന്റെ പ്രഭാവം ശക്തമായിത്തന്നെ നിലനില്‍ക്കുന്നു.

ചുരുക്കത്തില്‍, ‘അഴിമതി’ എന്ന നാലക്ഷരത്തിനപ്പുറം എന്തിനെതിരെയാണ്, എന്തിന്റെ പേരിലാണ്, എന്തിനു വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന് അവര്‍ക്കറിയുമായിരുന്നില്ല. സ്വരാജ് എന്ന വലിയ മുദ്രാവാക്യം സ്വയം ഉരുവിടുന്നുണ്ടെങ്കിലും ആപ് കക്ഷിയുടെ പരിസരങ്ങളിലെവിടെയും ഒരു പ്രത്യയശാസ്ത്ര ബോധ്യങ്ങളും കാണുന്നില്ല; ആ പ്രതിഭാസം ജനിച്ചുവളര്‍ന്ന സാഹചര്യം നോക്കിയാല്‍ അങ്ങനെയുണ്ടാവാനുള്ളസാധ്യത തീരെയില്ല (മുല്ലപ്പൂ വിപ്ലവങ്ങളുടെ കാലാതിജീവനശേഷി നാം ഇനിയും കാണാതിരിക്കുകയാണ്; ലക്ഷണങ്ങള്‍ കൃത്യമായി കുറേയൊക്കെത്തന്നെ ഇപ്പോള്‍ കാണുന്നുമുണ്ട്).

ചുരുക്കത്തില്‍ സംഭവിച്ചത്, ജനാധിപത്യം സ്വകാര്യവല്‍കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ് എന്ന് ഭരണ-രാഷ്ട്രീയ വര്‍ഗത്തിന് മനസ്സിലാക്കാനുള്ള, ആ പിശകുകള്‍ എങ്ങനെ ഒഴിവാക്കണം എന്നറിയാനുള്ള അവസരം മാത്രമായി ഈ മധ്യവര്‍ഗ കേലാഹലം.

 

പ്രശ്നമല്ല, അതിന്റെ കാതലല്ല അവര്‍ സ്പര്‍ശിക്കുന്നത്. വളരെ കാല്‍പനികമായ, സ്വാര്‍ത്ഥ വീക്ഷണത്തിലധിഷ്ഠിതമായ വ്യക്തിയുടെ പ്രത്യയശാസ്ത്രമാണവരുടെ അന്ത:സത്ത. അത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാവുക പ്രയാസമാണ്. അതിനുണ്ടാക്കാന്‍ കഴിയുക ചലനത്തിന്റെ പ്രതീതി മാത്രമാണ്, ചരിത്രത്തില്‍ പലയിടത്തും നാമത് കണ്ടിട്ടുണ്ട്.


 

പ്രതീതി സര്‍ക്കസ്
ഈ പരിസരത്തുനിന്നാരംഭിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ദിശയെന്ത് എന്നറിയാന്‍ ഒരാള്‍ ഹാരോള്‍ഡ് ലാസ്കിയുടെ വിദ്യാര്‍ഥിയായിരിക്കണം എന്നു തോന്നുന്നില്ല. (ഇപ്പോള്‍ വ്യാപ്തിക്കാര്യത്തില്‍ തര്‍ക്കം പൊന്തിവന്നിട്ടുള്ള) സ്പെക്ട്രം തിരിമറികളിലും കല്‍ക്കരിപ്പാട വിതരണത്തിലും ഇവര്‍ ഉയര്‍ത്തിയ പ്രശ്നം പൊതുവിഭവം ആരൊക്കെയോ ചേര്‍ന്ന് ഭരണ^രാഷ്ട്രീയ വര്‍ഗത്തിന്റെ സഹായത്തോടെ മോഷ്ടിച്ചുകൊണ്ടുപോവുന്നു എന്നതായിരുന്നില്ല.; മറിച്ച് മോഷ്ടാക്കള്‍ക്കിടയില്‍ പാലിക്കേണ്ട സോഷ്യലിസ്റ്റ് മര്യാദകളുടേതായിരുന്നു. ഈ പരിപ്രേക്ഷ്യം തന്നെയാണ് ഇവര്‍ക്കകത്ത് ഒളിച്ചിരിക്കുന്ന ഏറ്റവും വലിയ അപകടം.

പ്രശ്നമല്ല, അതിന്റെ കാതലല്ല അവര്‍ സ്പര്‍ശിക്കുന്നത്. വളരെ കാല്‍പനികമായ, സ്വാര്‍ത്ഥ വീക്ഷണത്തിലധിഷ്ഠിതമായ വ്യക്തിയുടെ പ്രത്യയശാസ്ത്രമാണവരുടെ അന്ത:സത്ത. അത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാവുക പ്രയാസമാണ്. അതിനുണ്ടാക്കാന്‍ കഴിയുക ചലനത്തിന്റെ പ്രതീതി മാത്രമാണ്, ചരിത്രത്തില്‍ പലയിടത്തും നാമത് കണ്ടിട്ടുണ്ട്. ഈ പ്രതീതിക്കാവട്ടെ ദീര്‍ഘകാല പ്രചാദനമായി വര്‍ത്തിക്കാന്‍ കഴിയുകയുമില്ല എന്നതാണ് നാം ചരിത്രത്തില്‍ മനസ്സിലാക്കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാം ഭാരതത്തിലിത് പല തവണ കണ്ടു. കോടതിക്കകത്തു നടന്നുപോവാറുള്ള വ്യവഹാര വിഷയങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് ജനകീയ വിപ്ലവമാണെന്ന് കൊട്ടിഘോഷിച്ചാല്‍ അത് രാഷ്ട്രീയ പ്രക്രിയയാകില്ല. കേജ്രി വാളിന്റെ ആപ് പാര്‍ട്ടിയുടെ പുറപ്പാടു ഭൂമി അതാണ്.

 

രാഷ്ട്രീയ പ്രക്രിയയയെ സന്നദ്ധസംഘടനാ പ്രവര്‍ത്തനമായി പണിപ്പെട്ട് മാറ്റിയെടുക്കുന്ന 'ജനകീയ ആസൂത്രണ' സംരംഭങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗം തന്നെയാണ്. രാഷ്ട്രീയ-സാമ്പത്തിക ദാര്‍ശനികരും പണ്ഡിതരും അട്ടത്തേക്ക് വലിച്ചെറിയപ്പെടുകയും ആസൂത്രണ സമിതികളില്‍ അവരുടെ സ്ഥാനത്ത് കമ്പനി മേധാവികള്‍ കയറിക്കൂടുകയും ചെയ്യുന്നത് അങ്ങനെത്തന്നെയാണ്.


 

കൃത്യമായ രൂപകല്‍പ്പന
രാഷ്ട്രീയ പ്രക്രിയയുടെ ഈ അരാഷ്ട്രീയവല്‍ക്കരണം കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമായിക്കൊണ്ടിരിക്കുകയാണ് ഈയടുത്ത കാലത്ത്. ഇത് താനേ സംഭവിച്ചുപോകുന്നതല്ലെന്നും കൃത്യമായ രൂപകല്‍പ്പനയിലൂടെ പ്രവര്‍ത്തിക്കുന്നതാണെന്നും അറിയാത്തവര്‍ വിരളമാണ്. ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനോ വേവലാതിപ്പെടാനോ കഴിഞ്ഞിട്ടില്ലാത്ത, അവസരം ലഭിച്ചിട്ടില്ലാത്ത, കണക്കപ്പിള്ളമാരും പ്രഭുകുമാരന്‍മാരും ‘മികവ്’, ‘കാര്യപാപ്തി’, ‘വ്യക്തിശുദ്ധി’ തുടങ്ങിയവ മാത്രം അടിസ്ഥാനമാക്കുന്ന റിക്രൂട്ടിങ് സമ്പ്രദായങ്ങളിലൂടെ (ഇവരില്‍ ചിലരൊക്കെ തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുമുണ്ടാകാം) കമ്പനി കാര്യനിര്‍വഹണത്തിനെന്നപോലെ രാഷ്ട്ര ഭരണത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് സ്വാഭാവികവും നിഷ്കളങ്കവുമായ നയം മാറ്റങ്ങളുടെ ഫലമായി കാണുന്നത് മൌഢ്യമാണ്.

രാഷ്ട്രീയ പ്രക്രിയയയെ സന്നദ്ധസംഘടനാ പ്രവര്‍ത്തനമായി പണിപ്പെട്ട് മാറ്റിയെടുക്കുന്ന ‘ജനകീയ ആസൂത്രണ’ സംരംഭങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗം തന്നെയാണ്. രാഷ്ട്രീയ-സാമ്പത്തിക ദാര്‍ശനികരും പണ്ഡിതരും അട്ടത്തേക്ക് വലിച്ചെറിയപ്പെടുകയും ആസൂത്രണ സമിതികളില്‍ അവരുടെ സ്ഥാനത്ത് കമ്പനി മേധാവികള്‍ കയറിക്കൂടുകയും ചെയ്യുന്നത് അങ്ങനെത്തന്നെയാണ്. രാഷ്ട്രീയപ്രക്രിയയുടെ സ്ഥൂല-സൂക്ഷ്മ ദ്വന്ദം സ്വയം ഭൂവല്ല. ചെറുതും ചെറുതും ചെറുതും ചേര്‍ന്ന് വലുതുണ്ടാകുന്നുവെന്ന മഹാവേദാന്ത ദര്‍ശനത്തിന്റെ രാഷ്ട്രീയപ്രായോഗികതയുടെ പരിപ്രേക്ഷ്യത്തില്‍ ആപ് മാത്രം എന്തുകൊണ്ട് അന്യമാകണം? അതിനാല്‍ അവര്‍ക്കും കിട്ടും ഒരു സ്ഥാനം. അതവര്‍ അര്‍ഹിക്കുന്നു. അത്ര മാത്രം.
 
 
 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

7 thoughts on “ആപ്പിനുമുണ്ടാമൊരിടം

 1. You said it right. The ideological inconsistency or ignorance will soon make Aapp party reveal its real ideologies which i think will make it another dangerous element of the growing extreme right-wing elements in the country.

 2. നല്ല ലേഖനം. നാലാമിടത്തിനും വി.ആര്‍ ജയരാജിനും അഭിനന്ദനങ്ങള്‍.

 3. ഏറെ കാലത്തിനു ശേഷമാണ് ജയരാജിനെ വായിക്കുന്നത്.
  ഗുജറാത്ത് വംശഹത്യയെക്കുറിച്ച് മാധ്യമത്തിലെഴുതിയ
  ആ നീണ്ട ലേഖനമായിരുന്നു ആദ്യം വായിച്ചത്.
  ഇപ്പോഴും അതേ തീയുണ്ട് ജയരാജിന്റെ എഴുത്തില്‍.
  ലോജിക്കലായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ആ രീതിക്കും ഭാഷാചാതുരിക്കും ഇപ്പോഴും അതേ മൂര്‍ച്ചയുണ്ട്.

 4. അതെ. ആപ്പിനുമുണ്ട് ഒരിടം. എല്ലാം പോലെ മറ്റൊരിടം. അതിനപ്പുറം ആയുസ്സും ആരോഗ്യവും ഉണ്ടെന്ന് തോന്നുന്നില്ല ഈ അഴിമതി വിരുദ്ധ പ്രസംഗങ്ങള്‍ക്ക്.

 5. നാലാമിടത്തില്‍ കെജ്റിവാളിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം വായിച്ചിരുന്നു. നല്ല ശ്രമമാണത്. വ്യത്യസ്തത തോന്നിയത് ഈ ലേഖനമാണ്.

Leave a Reply to seb Cancel reply

Your email address will not be published. Required fields are marked *