ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല

 
 
 
 
കേജ്‍രിവാള്‍ സംവാദം അവസാനിക്കുന്നു.
ഉപസംഹാരം കുറിച്ച് ഉദയ് കിരണ്‍ എഴുതുന്നു

 

 

കേജ്‍രിവാളിന്റെ പാര്‍ട്ടി രൂപവല്‍കരണത്തിന്റെ പശ്ചാത്തലത്തില്‍ നാലാമിടം തയ്യാറാക്കിയ സംവാദം ഇവിടെ അവസാനിക്കുന്നു. സംവരണ വിരുദ്ധ സമരത്തിലൂടെ അരങ്ങത്തെത്തുകയും വിവരാവകാശ നിയമത്തിനായുള്ള പോരാട്ടങ്ങളിലൂടെ കളം പിടിക്കുകയും അണ്ണാ ഹസാരേയെ മുന്‍നിര്‍ത്തി നടത്തിയ അഴിമതി വിരുദ്ധ, ലോക്പാല്‍ പ്രക്ഷോഭങ്ങളിലൂടെ ദേശീയ ശ്രദ്ധ കൈവരിക്കുകയും ചെയ്ത അരവിന്ദ് കേജ്‍രിവാള്‍ എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമീപകാലങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളും തുടര്‍ന്നുണ്ടായ പാര്‍ട്ടി രൂപവല്‍കരണവും വരുംകാലങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന അന്വേഷണമായിരുന്നു ഈ സംവാദം.
ദേശീയ തലത്തില്‍ ശ്രദ്ധേയരായ മലയാളി മാധ്യമ പ്രവര്‍ത്തകരും അക്കാദമിക്, രാഷ്ട്രീയ വിശകലനങ്ങളിലൂടെ നാലാമിടം വായനക്കാര്‍ക്ക് സുപരിചിതരായ കോളമിസ്റ്റുകളുമാണ് സംവാദത്തില്‍ അണിനിരന്നത്.

 
 

 
 
ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം-ഉദയ് കിരണ്‍ എഴുതുന്നു

 


 

‘മല എലിയെ പെറ്റ’ കഥയായിരിക്കും കുഞ്ഞുന്നാളില്‍ അരവിന്ദ് കേജ്‍രിവാള്‍ ഏറ്റവുമധികം കേട്ടു ബോറടിച്ച കഥ. പരിണാമഗുപ്തിയില്‍ വെള്ളം ചേര്‍ക്കാത്ത ഈ കഥയില്ലാച്ചൊല്ല് ,പക്ഷേ ,പില്‍ക്കാലത്തും അദ്ദേഹത്തെ വിടാതെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്‌. ഇഷ്ടത്തോടെയല്ലെങ്കിലും ആ ചൊല്ലിന്‍റെ ദൃശ്യാവിഷ്കാരത്തിലെ മുഖ്യവേഷക്കാരനാവുകയാണ് അദ്ദേഹത്തില്‍ വന്നു വീണ നിയോഗം. ഹസാരെക്കാലം മുതല്‍ തുടങ്ങിയതാണത്. ഓരോ വട്ടവും മലയുടെ വലുപ്പം കൂടിക്കൂടിവരുന്നത് കൊണ്ടാണ്‌ എലി കാഴ്ചയില്‍ ചുരുങ്ങിച്ചുരുങ്ങി വരുന്നത്. പാര്‍ട്ടി പ്രഖ്യാപനം അങ്ങനെയൊന്നുമാവില്ല എന്നു വിശ്വസിക്കാനാണ്‌ ശുഭാപ്തിവിശ്വാസം പ്രേരിപ്പിച്ചത്. ഉപമിക്കാന്‍ പഴയ കഥ മതിയാവില്ലെന്നും ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പോലെ എന്തെങ്കിലുമൊന്നു കരുതേണ്ടിവരുമെന്നും നിശ്ചയിച്ചു വെച്ചു.

 
 

തുടക്കം പിഴച്ചതെങ്ങനെ?
എന്നാല്‍, കണക്കുകൂട്ടലില്‍ ചെറിയ ഒരു പിഴവുമായാണ്‌ നവംബര്‍ 26 ന്‌ അരവിന്ദ് കേജ്‍രിവാളിന്‍റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടക്കമിട്ടത്. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത് 1950 ജനുവരി 26 നാണെങ്കിലും, ഭരണഘടനാനിര്‍മ്മാണസഭ അതിന്‍റെ പൂര്‍ത്തിയായ കരട് രൂപം അവതരിപ്പിച്ച്, സ്വീകരിച്ചത് 1949 നവംബര്‍ 26 നായിരുന്നു. നിയമനിര്‍മ്മാണത്തിന്‍റെ ‘പൌരസമൂഹബദലു’കളുടെ പേരില്‍ ഇന്ത്യയുടെ സമീപകാല രാഷ്ട്രീയവ്യവഹാരങ്ങളില്‍ ഇടം നേടിയ കേജ്‍രിവാളിന്‍റെ പാര്‍ട്ടിക്ക് സ്വയം അവതരിക്കാന്‍ ലക്ഷണപരവും, പ്രതീകാത്മകവുമായ യോഗ്യതകള്‍ നവംബര്‍ 26 എന്ന ദിവസത്തില്‍ കണ്ടെത്തപ്പെടുകയായിരുന്നു. ഇതുവരെയും തീരെ പര്യവേക്ഷണം ചെയ്യപ്പെടാത്തവയാണ്‌ ആ ദിവസത്തിന്‍റെ സാധ്യതകള്‍ എന്നതും ഒരു ഘടകമാവാം.

മുംബൈ ഭീകരാക്രമണം നടന്നതും നവംബര്‍ 26 നാണെന്നത് ഓര്‍ക്കാത്തതുകൊണ്ടാവില്ല. പക്ഷേ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികം, ദേശത്തിനു മുഴുവന്‍ പ്രധാനമായ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ വരവിനെ മാധ്യമശ്രദ്ധയില്‍ മറികടക്കില്ല എന്ന ന്യായമായ കണക്കുകൂട്ടല്‍ കൊണ്ടാവാം ആ ദിനം തന്നെ ഉറപ്പിച്ചത്. എന്നാല്‍ കസബിന്‍റെ വധശിക്ഷ കാര്യങ്ങളെ ഇത്തിരി ഒന്ന് വ്യത്യസ്തമാക്കി. മുംബൈയില്‍ മരണം വാരിവിതറിയവരില്‍ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞ ഒരേയൊരാളിന്‌ അര്‍ഹമായ ശിക്ഷ കൊടുത്തതിന്‍റെ അടുത്ത ദിവസം തന്നെ ആക്രമണത്തിന്‍റെ വാര്‍ഷികം വരുമ്പോള്‍ ആ ആക്രമണത്തിന്‍റെ ഇരകളേയും, അവരുടെ ബന്ധുമിത്രാദികളെയും തേടി പതിവിലധികം ടി.വി ക്യാമറകള്‍ക്ക് പോകേണ്ടിവരുന്നുണ്ട്. മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ ദേശം മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചു പങ്കെടുക്കേണ്ട ഒരു സംഭവത്തില്‍ നിന്നാണ്‌ ഈയളവില്‍ ശ്രദ്ധ ചോര്‍ന്നു പോയത്. സാധാരണഗതിയില്‍ ഇത് അത്ര വലിയ ഒരു പ്രശ്നമല്ലെങ്കിലും, അരവിന്ദ് കേജ്‍രിവാള്‍ അത്തരം ഒരു സാധാരണ വ്യക്തിയോ, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനം ഒരു സാധാരണ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല. ഇതുവരെ ഒരു പ്രധാനമന്ത്രിക്കും,രാഷ്ട്രപതിക്കും ലഭിച്ചിട്ടില്ലാത്ത തരത്തില്‍ മണിക്കൂറുകളോളവും, ദിവസങ്ങളോളവും തുടര്‍ച്ചയായി ദേശത്തെ അഭിസംബോധന ചെയ്യാന്‍, ഹസാരെക്കാലത്ത്, അവസരം കിട്ടിയ ആളാണ്‌ അരവിന്ദ് കേജ്‍രിവാള്‍‍. പിന്നീട്, സുപ്രധാനമായ ചില വെളിപ്പെടുത്തലുകള്‍ നടത്താനൊരുങ്ങിയപ്പോഴും ദൃശ്യമാധ്യമക്കണ്ണുകളുടെ അനുഗ്രഹധാവള്യം പ്രവഹിച്ചുകൊണ്ടേയിരുന്നു.

ഇതിന്‍റെ ഒരു യുക്തിപരമായ തുടര്‍ച്ചയാവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണസമയത്തും സംഭവിക്കുക എന്ന് പ്രതീക്ഷിക്കുന്നത് അതിരുകടന്ന കണക്കുകൂട്ടലൊന്നുമാവില്ല. എന്നാല്‍, അജ്മല്‍ കസബോ, 26/11 ആചരണമോ കൂടുതല്‍ ഇടം കവര്‍ന്നതു കൊണ്ടല്ല, ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ, പൊതുവെ മാധ്യമങ്ങള്‍ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രൂപീകരണത്തിന്‌ പല വാര്‍ത്തകളിലൊന്ന് എന്ന സ്ഥാനം മാത്രമേ കൊടുത്തുള്ളു. നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ അങ്ങനെയാണ്‌; തീരെ പ്രതീക്ഷിക്കാത്ത ചില ഘട്ടങ്ങളില്‍ വല്ലാത്ത പക്വത പ്രദര്‍ശിപ്പിച്ചും, വസ്തുതകള്‍ക്ക് ആനുപാതികമായ പ്രാധാന്യം മാത്രം കൊടുത്തും അവര്‍ നമ്മെ ഞെട്ടിച്ചുകളയും.

 

നാം ഇനി പറയുന്ന കേജ്‍രിവാള്‍ ഒരു പ്രതീകമാണ്‌. അയാള്‍ക്ക് യഥാര്‍ത്ഥ കേജ്‍രിവാളിനേക്കാള്‍ ഇത്തിരി വണ്ണവും പൊക്കവും കൂടിയാലും കുഴപ്പമില്ല.


 

എന്ത് ചെയ്യും, കേജ്‍രിവാള്‍?
അരവിന്ദ് കേജ്‍രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ രണ്ടു വഴിയാണുള്ളത്. ഒന്ന്, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് രാജിവെച്ച് പൊതുരംഗത്തിറങ്ങിയതു മുതല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്‍റെ രീതികളെ വിശകലനം ചെയ്ത്, അതിനെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥയിലേക്ക് സന്നിവേശിപ്പിച്ച്, ഫലങ്ങളും, ലക്ഷണങ്ങളും മനോമുകുരത്തില്‍ തെളിഞ്ഞുവരാന്‍ കാത്തിരിക്കുക എന്നതാണ്‌. രണ്ടാമത്തേത്, അഴിമതിയൊഴിച്ച് മറ്റൊന്നിനെക്കുറിച്ചും വ്യക്തമായ നിലപാടില്ലാത്ത ഒരു പാര്‍ട്ടിയും, അതിന്‍റെ നേതാവും ഭാവിയില്‍ ഉയര്‍ന്നുവരുന്ന മറ്റു പരശ്ശതം പ്രശ്നങ്ങളോട് എന്ത് സമീപനമാവും സ്വീകരിക്കുക എന്നതിനെക്കുറിച്ച് സ്വന്തം നിലയില്‍ നിഗമനങ്ങളുണ്ടാക്കി ഫലം പറയുക എന്നതാണ്‌.

ആദ്യത്തേതിന്‌, ഉപേക്ഷിക്കപ്പെട്ട ഒരു കെമിസ്റ്റ്രി ലാബിലെ പരീക്ഷണത്തിന്‍റേയും, രണ്ടാമത്തേതിന്‌ മഷിനോട്ടത്തിന്‍റേയും സ്വഭാവമാണ്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരനായ ഒരാളുടെ ജീവചരിത്രം എഴുതിപ്പൂര്‍ത്തിയാക്കാന്‍ നമുക്ക് പ്രത്യേക കൌതുകമില്ലെങ്കിലും, ഈ ചോദ്യത്തേയും, ഈ അന്വേഷണത്തേയും നമുക്ക് ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നു. കാരണം ആ അന്വേഷണം നമ്മുടെ വര്‍ത്തമാനകാല സാമൂഹ്യ,രാഷ്ട്രീയ അവസ്ഥകളിലൂടെയാണ്‌ നടത്തേണ്ടി വരികയെന്നതിനാല്‍ നാം തന്നെ ചിന്തിച്ചുറപ്പിച്ചുവെച്ച ധാരണകളേയും, നമ്മുടെ ചില വിശകലനങ്ങളേയും അത് യുക്തിയുടെ വെയില്‍ കൊള്ളിക്കുമെന്നതാണ്‌. നാം ഇനി പറയുന്ന കേജ്‍രിവാള്‍ ഒരു പ്രതീകമാണ്‌. അയാള്‍ക്ക് യഥാര്‍ത്ഥ കേജ്‍രിവാളിനേക്കാള്‍ ഇത്തിരി വണ്ണവും പൊക്കവും കൂടിയാലും കുഴപ്പമില്ല. ഗ്ലാമറും, വ്യക്തിപ്രഭാവവും കുറച്ചുകൂടിയായാലും പരാതിയില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു പോകാന്‍ പാടില്ലാത്തത് അത്രയെളുപ്പത്തില്‍ പിടി തരാത്ത നമ്മുടെ ജീവിതയാഥാര്‍ത്ഥ്യം മാത്രമാണ്‌.

 

ഒറ്റയ്ക്കൊറ്റയ്ക്ക് പുറപ്പെടുന്ന ഈ വിലയിരുത്തലുകളെയെല്ലാം, ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയില്‍ വെച്ച് സംയോജിപ്പിച്ചാല്‍ കിട്ടുന്നതെന്തോ, അതാണ്‌, വിദഗ്ദ വിശകലനങ്ങളുടെ അഭാവത്തില്‍, കേജ്‍രിവാള്‍ പ്രതിഭാസത്തിന്‍റെ സാകല്യം.


 

പ്രതിഭാസം എന്ന നിലയില്‍
കേജ്‍രിവാള്‍ പ്രതിഭാസത്തെക്കുറിച്ചുള്ള നമ്മുടെ സുചിന്തിതമായ അഭിപ്രായങ്ങളിലൊന്ന് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടേയും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു എന്നതിലപ്പുറത്ത്, രാഷ്ട്രത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചൊന്നും അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വ്യക്തമല്ല എന്നതാണ്‌. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്‍റെ ഭാഗമായിട്ടാണ്‌ ഒരു നയരൂപീകരണശ്രമവും തുടങ്ങിയിട്ടുള്ളതായി നാം അറിയുന്നത്. പല സുപ്രധാനവിഷയങ്ങളിലുമെത്തുമ്പോള്‍ ഈ സംഘത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളും, വൈരുദ്ധ്യങ്ങളും എത്രയെങ്കിലും ഉയര്‍ന്നു വരാനുള്ള സാധ്യതയും ഏതാണ്ട് വ്യക്തമായി നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കേജ്‍രിവാളിന്‍റെ സ്വഭാവത്തില്‍ അഹങ്കാരോന്മാദത്തിന്‍റെ (Megalomania) അംശങ്ങളുണ്ടെന്നും, തീരുമാനങ്ങളെടുക്കുന്നതില്‍ ഏകാധിപത്യസ്വഭാവം പുലര്‍ത്തുന്നുവെന്നതുമാണ്‌ നമ്മുടെ മറ്റൊരു വിലയിരുത്തല്‍. ശരിയായ ദിശയിലുള്ള ശരിയായ മുന്നേറ്റമാണ്‌ അദ്ദേഹം നടത്തുന്നതെങ്കിലും ഇത്രയേറെ ജീര്‍ണ്ണിച്ച ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ അത് മതിയാവില്ലെന്നും, ഇത്തരം ശ്രമങ്ങള്‍ ഇനിയും നിരവധി തവണ ആവര്‍ത്തിക്കേണ്ടതുണ്ടെന്നുമുള്ള മറ്റൊരു കാഴ്ചപ്പാടും ഇതോടൊപ്പമുണ്ടാകുന്നുണ്ട്.

ഇവയൊക്കെ കേജ്‍രിവാളിന്‍റെ രാഷ്ട്രീയപ്രസക്തിയേയും, സാംഗത്യത്തേയും സമഗ്രമായി പരിശോധിക്കാതെ നടത്തപ്പെടുന്ന ഒറ്റപ്പെട്ട വിലയിരുത്തലുകളാണെന്നു കാണാന്‍ പ്രയാസമില്ല. പൊതുവെ, ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതിന്‍റെ സ്വഭാവമാണ് അവയ്ക്ക്‌. ഒരു അഭ്യുദയകാംക്ഷിസ്പര്‍ശമോ, ഒരു അകന്ന നിരീക്ഷകന്‍റെ ഉപദേശകഭാവമോ ഒക്കെ അതില്‍ തിരിച്ചറിയാന്‍ കഴിയും. സമൂലമായ പഠനത്തിനൊന്നും സമയമായില്ല, ആദ്യം രാഷ്ട്രീയത്തില്‍ അയാള്‍ തന്‍റെ സ്ഥാനം ഉറപ്പിക്കട്ടെ എന്ന ഒരു നിലപാട് രാഷ്ട്രീയ വിശകലനവിദഗ്ദര്‍ സ്വീകരിച്ചുവോ എന്ന് സംശയിക്കാം. കുറേക്കൂടെ പ്രകടസ്വഭാവമുള്ള രണ്ട് വിമര്‍ശനങ്ങള്‍ ഇവയായിരുന്നു. ഒന്ന്, കോണ്‍ഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്നു. രണ്ട്, കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ മൌനം പാലിക്കുന്നു. ഈ രണ്ട് ആരോപണങ്ങളെയും പ്രതീകാത്മക നടപടികളിലൂടെ അദ്ദേഹം അടുത്ത കാലത്ത് നിശ്ശബ്ദമാക്കുകയും ചെയ്തു. കേജ്‍രിവാളിനെ വിശകലനപരമായി സമീപിക്കാന്‍ പ്രതീകപഠനത്തിന്‍റെ സങ്കേതങ്ങളും, ഉപകരണങ്ങളുമാണ് കൂടുതല്‍ ഉപകരിക്കുക. കാരണം, പ്രതീകങ്ങളിലൂടെയാണ്‌ അദ്ദേഹം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഒറ്റയ്ക്കൊറ്റയ്ക്ക് പുറപ്പെടുന്ന ഈ വിലയിരുത്തലുകളെയെല്ലാം, ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയില്‍ വെച്ച് സംയോജിപ്പിച്ചാല്‍ കിട്ടുന്നതെന്തോ, അതാണ്‌, വിദഗ്ദ വിശകലനങ്ങളുടെ അഭാവത്തില്‍, കേജ്‍രിവാള്‍ പ്രതിഭാസത്തിന്‍റെ സാകല്യം. പിന്നെയും ബാക്കിയാകുന്ന മൌനങ്ങളില്‍ അര്‍ത്ഥം നിറച്ചുതുടങ്ങുമ്പോഴാണ്‌, നാം നേരത്തെ പറഞ്ഞ മഷിനോട്ടത്തിന്‍റെ സ്ഥാനത്ത് കുറച്ചു കൂടെ ശാസ്ത്രീയമായ ഒരു ആലോചനാരീതി നമുക്ക് കൈവരിക. കേജ്‍രിവാളിനെക്കുറിച്ചുള്ള വിമര്‍ശനപരമായ ആദ്യ വിലയിരുത്തല്‍ നമുക്ക് പരിശോധിക്കാം.

 

അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ പോലും നമ്മെ രോഷം കൊണ്ട് തിളപ്പിക്കാന്‍ പര്യാപ്തവുമാണ്‌. ഇത്തരം ഒരു വൈകാരികസന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാണ്‌ അഭ്യസ്തവിദ്യനായ ഒരു നാഗരികന്‍ കേജ്‍രിവാളിനെ സ്വീകരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ ചെയ്യുക എന്ന രാഷ്ട്രീയതീരുമാനം എടുക്കേണ്ടത്.


 

അഴിമതി എന്ന ഒറ്റവഴി
അഴിമതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും കേജ്‍രിവാളിന്‌ നിലപാടില്ലെന്നും, അഥവാ ഉണ്ടെങ്കില്‍ വ്യക്തമല്ലെന്നതുമാണ്‌ ഈ വിലയിരുത്തല്‍. വലിയ ഒരു പരിമിതി അല്ലെങ്കില്‍ ദൌര്‍ബല്യം എന്ന നിലയിലാണ്‌ നാം ഇതു പറയുന്നത്. എന്നാല്‍ ഇത് ഒരു പരിമിതിയോ ദൌര്‍ബല്യമോ അല്ല, കേജ്‍രിവാളിന്‍റെ ഏറ്റവും വലിയ ശക്തിയാണ്‌. അല്ലെങ്കില്‍, അങ്ങനെ ശക്തിയാകാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള ദൌര്‍ബല്യമാണ്‌. രണ്ടു കാര്യങ്ങളാണ്‌ ഇതില്‍ നിന്ന് അനിഷേധ്യമാം വിധം ജന്യമാകുന്നത് . ഒന്ന്, അരവിന്ദ് കേജ്‍രിവാളിന്‌ അഴിമതിയെ കുറിച്ച് ശക്തമായ ഒരു നിലപാടുണ്ട്. അത് ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റ് നിറയ്ക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും നിലപാടുകള്‍ക്കും, നടപടികള്‍ക്കും നേര്‍വിപരീതസ്ഥാനത്താണ്‌. രണ്ട്, നമുക്ക് അഴിമതിയെക്കുറിച്ച് ഒരു നിലപാട് ഉണ്ടാകേണ്ടതുണ്ട്. ആ നിലപാടിനു അനുബന്ധമായി കേജ്‍രിവാളിനെക്കുറിച്ചും നമുക്ക് ഒരു നിലപാടുണ്ടാകണം.

നമുക്കു മേല്‍ യാതൊരു അധികാരവുമില്ലാത്ത ഒരാള്‍ മുന്നോട്ടുവെയ്ക്കുന്ന ഏകാധിപത്യ ഉള്ളടക്കമുള്ളതും, തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടതുമായ ഈ ഓപ്ഷന്‍ നമ്മെ ഏതു വിധത്തിലാണ്‌ ബാധിക്കുക എന്ന സംശയം ഉന്നയിക്കപ്പെട്ടേയ്ക്കാം. പ്രത്യക്ഷമായ നിര്‍ബന്ധത്തിന്‍റെ രൂപമില്ലാതെ തന്നെ പ്രതിശ്ചായാനഷ്ടത്തെക്കുറിച്ചുള്ള ഭയവും, ധാര്‍മ്മികരോഷവുമായി ഇത് നമ്മില്‍ പ്രവര്‍ത്തിക്കാം. അഴിമതിയുടെ പക്ഷത്താണെന്ന തോന്നല്‍ ഉണ്ടാക്കുമോ എന്ന ഉള്‍ഭയം, കേജ്‍രിവാളിനെക്കുറിച്ചുള്ള വിമര്‍ശനപരമായ വിശകലനങ്ങളില്‍ പോലും നമ്മെ ജാഗരൂകരും, കരുതലുള്ളവരുമാക്കുന്നത് ഇതിന്‍റെ ഫലമായാണ്‌. നമ്മുടെ വ്യവസ്ഥയെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ പോലും നമ്മെ രോഷം കൊണ്ട് തിളപ്പിക്കാന്‍ പര്യാപ്തവുമാണ്‌. ഇത്തരം ഒരു വൈകാരികസന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാണ്‌ അഭ്യസ്തവിദ്യനായ ഒരു നാഗരികന്‍ കേജ്‍രിവാളിനെ സ്വീകരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ ചെയ്യുക എന്ന രാഷ്ട്രീയതീരുമാനം എടുക്കേണ്ടത്.

 

സാധാരണജനങ്ങള്‍ക്ക് ഭയവും, അകല്‍ച്ചയും അനുഭവപ്പെടാതിരിക്കാനും, അടുപ്പം തോന്നാനും ''ആം ആദ്മി'' എന്ന പേര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതൊരു 'ബ്രാന്‍ഡ് നെയിം' ആണ്‌. ആ ബ്രാന്‍ഡ് നെയിമിന്‍റെ പേറ്റന്‍റ് അവകാശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസുമായി തികച്ചും വ്യാപാരയുക്തിക്കനുസൃതമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുമുണ്ട്.


 

മെഗലോമാനിയാക് അടയാളം
അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനരീതികളിലെ ഫാഷിസ്റ്റ് അംശത്തെക്കുറിച്ചാണ്‌ ശങ്കിച്ചുകൊണ്ട് നാം നടത്തുന്ന മറ്റൊരു വിലയിരുത്തല്‍. പ്രത്യയശാസ്ത്രവും, പ്രവര്‍ത്തനപദ്ധതിയും, പ്രകടനപത്രികയുമൊക്കെയുള്ള ഒരു സംഘടനാരൂപത്തിന്‌ പകരമായി കേജ്‍രിവാള്‍ മുന്നോട്ടുവെക്കുന്നത് തന്നെത്തന്നെയാണ്‌. അതിനൊക്കെ പകരമാകാന്‍ പറ്റും താന്‍ എന്ന അതിഭീമന്‍ മെഗലോമാനിയാക് സങ്കല്‍പത്തെയാണ്‌ സ്വഭാവത്തിലെ ഗുപ്തമായ ഒരു ഏകാധിപത്യപ്രവണതയായി നാം ചുരുക്കിക്കാണുന്നത്. നാം ഒരു ‘പരിമിതി’ എന്ന നിലയില്‍ കണ്ട, ‘അഴിമതിയൊഴികെ മറ്റൊന്നിനെക്കുറിച്ചുമുള്ള നിലപാടില്ലായ്മ’ വാസ്തവത്തില്‍ ഒരു മെഗലോമാനിയാക് അടയാളമാണ്‌. ഇതുവരെ സാമ്പിള്‍ പ്രകടനങ്ങള്‍ അവതരിപ്പിച്ച ഞാനാണ്‌ നിങ്ങളുടെ മുമ്പില്‍, ഇനി എന്നെ വിശ്വസിക്കുക, മറ്റൊന്നും അന്വേഷിക്കേണ്ടതില്ല, കള്ളന്മാര്‍ മാത്രം കടന്നുകൂടിയ ജനാധിപത്യവ്യവസ്ഥ ഞാന്‍ ശുദ്ധീകരിക്കും, എന്‍റെ പിന്നില്‍ അണിനിരക്കുക എന്ന നിലപാടാണത്.

വോട്ട് ചെയ്യേണ്ട മഹാഭൂരിപക്ഷമായ സാധാരണജനങ്ങള്‍ക്ക് ഭയവും, അകല്‍ച്ചയും അനുഭവപ്പെടാതിരിക്കാനും, അടുപ്പം തോന്നാനും ”ആം ആദ്മി” എന്ന പേര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതൊരു ‘ബ്രാന്‍ഡ് നെയിം’ ആണ്‌. ആ ബ്രാന്‍ഡ് നെയിമിന്‍റെ പേറ്റന്‍റ് അവകാശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസുമായി തികച്ചും വ്യാപാരയുക്തിക്കനുസൃതമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുമുണ്ട്. നിങ്ങളുടെ പേരില്‍, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്, ഇനി നിങ്ങള്‍ക്കെന്താ ഞങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്താല്‍ എന്നാണ്‌ ഡെല്‍ഹിയില്‍ അടയിരുന്നു വിരിയിച്ച്, ഡെല്‍ഹിയില്‍ പറന്നു ശീലിപ്പിച്ച്, “ഡെല്‍ഹി” പിടിച്ചെടുക്കാന്‍ വിട്ടയയ്ക്കുന്ന ‘ആം ആദ്മി’ പാര്‍ട്ടി ഇന്ത്യന്‍ ഗ്രാമങ്ങളോട് ചോദിക്കാന്‍ പോകുന്നത്.

 

അഴിമതിക്കാരും, ധൂര്‍ത്തന്മാരും,രാഷ്ട്രീയപ്രഭുകുടുംബക്കാരുമായ ആളുകളെ മാറ്റി അവിടെയിരിക്കുകയും, നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ശുദ്ധി പുന:സ്ഥാപിക്കുകയും ചെയ്യുക. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ''Restore factory settings? '' എന്ന ഓപ്ഷന്‍ പോലൊന്നാണ്‌ കേജ്‍രിവാളിന്‍റെ സാമൂഹ്യവിപ്ലവസങ്കല്‍പ്പം.


 

വ്യവസ്ഥയുടെ ജീര്‍ണ്ണത
നമ്മുടെ ജീര്‍ണ്ണിച്ച ഭരണവ്യവസ്ഥയെ മുഴുവന്‍ ശുദ്ധീകരിക്കാനും, പൊളിച്ചെഴുതാനുമുള്ള വിപ്ലവകരമായ ശ്രമത്തിന്‍റെ ശ്രദ്ധേയമായ തുടക്കമാണിതെന്നും, അത് ഇനിയും പലരാല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണെന്നുമാണ്‌ മറ്റൊരു വിലയിരുത്തല്‍. ഈ വിലയിരുത്തലിന്‍റെ ഒരു സൌകര്യം അതില്‍ നമുക്ക് കേജ്‍രിവാളിനെക്കുറിച്ച് ഒന്നും തന്നെ പറയേണ്ടതില്ല എന്നതാണ്‌. ഇന്ത്യന്‍ വ്യവസ്ഥയിലെ അഴിമതിയുടെ മഹാഗ്രന്ഥങ്ങളുടെ ഏതെങ്കിലും നാലുതാളുകള്‍ പകര്‍ത്തിയാല്‍ അത് ഞെട്ടിപ്പിക്കുകയും, ധാര്‍മ്മികരോഷം കൊണ്ട് വിറപ്പിക്കുകയും ചെയ്യുന്ന ഒന്നായി തീരും. ഒരുതരം reverse justification ലൂടെ വ്യവസ്ഥയുടെ ജീര്‍ണ്ണത കേജ്‍രിവാളിന്‍റെ സാധുതയുടെ ആധാരമായി മാറുന്നു. കേജ്‍രിവാളിന്‍റെ രാഷ്ട്രീയഫലപ്രാപ്തിയെക്കുറിച്ചുള്ള ഒരു സന്ദേഹം പ്രകടിപ്പിക്കുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ച് സംശയങ്ങളില്ല എന്ന കുട്ടിത്തവും ഈ വിചാരത്തിലുണ്ട്.

ഇന്ത്യന്‍ വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനെക്കുറിച്ചും, മാറ്റിമറിക്കുന്നതിനെക്കുറിച്ചുമുള്ള കേജ്‍രിവാളിന്‍റെ ‘വിപ്ലവ’ സങ്കല്‍പ്പം ഇതാണ്‌ : ഇപ്പോള്‍ പരമോന്നത നിയമനിര്‍മ്മാണസഭയില്‍ ഇരിക്കുന്ന അഴിമതിക്കാരും, ധൂര്‍ത്തന്മാരും,രാഷ്ട്രീയപ്രഭുകുടുംബക്കാരുമായ ആളുകളെ മാറ്റി നല്ലവരും, സത്യസന്ധരുമായ ആളുകള്‍ -സാധാരണ ജനം എന്ന് ഭാഷ്യം- അവിടെയിരിക്കുകയും, നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ശുദ്ധി പുന:സ്ഥാപിക്കുകയും ചെയ്യുക. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പുതിയ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി, പുതുകൌതുകം കൊണ്ട് പലതും ഞെക്കി, ഒടുവില്‍ ഒന്നും മനസ്സിലാകാത്ത സ്ഥിതി വരുമ്പോള്‍, രക്ഷയ്ക്കെത്തുന്ന ”Restore factory settings? ” എന്ന ഓപ്ഷന്‍ പോലൊന്നാണ്‌ കേജ്‍രിവാളിന്‍റെ സാമൂഹ്യവിപ്ലവസങ്കല്‍പ്പം.

 

ഒരു എന്‍. ജി. ഒ യെ രാഷ്ട്രത്തിന്‍റെ വലുപ്പത്തിലേക്കും, വ്യാപ്തിയിലേക്കും ഊതിവീര്‍പ്പിക്കലാണ്‌ ആം ആദ്മി പാര്‍ട്ടി. വേറൊരു തരത്തില്‍, ഉപഭോക്തൃവസ്തുക്കളുടെ ഉല്‍പ്പാദന,വിതരണനിയമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയനീതിവിതരണത്തിന്‍റെ സ്വഭാവം അതിനുണ്ട്.


 

അതേ, അധികാര വ്യവസ്ഥ
വ്യവസ്ഥയ്ക്കു വെളിയില്‍ നിന്നുകൊണ്ട്, അതിന്‍റെ ജീര്‍ണ്ണതയ്ക്കെതിരെ കലാപം നടത്തുന്നുവെന്ന പ്രതീതി നിലനിന്നിരുന്ന സമയത്ത്, ലഭിച്ചിരുന്ന മാധ്യമങ്ങളുടെ ‘അര്‍പ്പിതമനോഭാവ’ത്തെയും , ആ ഘട്ടത്തില്‍ ഒരു അലങ്കാരമായിരുന്ന ധാര്‍മ്മികകോപത്തെയും അതേ വ്യവസ്ഥയ്ക്കുള്ളില്‍ ഇടം നേടാനൊരുങ്ങുമ്പോഴും കൂടെ കൂട്ടാം എന്ന ഒരു ധാരണ കേജ്‍രിവാളിനെ ഭരിക്കുന്നുണ്ട്. വാസ്തവത്തില്‍ താന്‍ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രീകൃതാധികാരവ്യവസ്ഥയുടെ അതേ ഘടനാനിയമങ്ങളാണ്‌ കേജ്‍രിവാളിന്‍റെ രാഷ്ട്രീയാവതാരത്തിനും. മുകളില്‍ നിന്ന് താഴേയ്ക്കാണ്‌ എല്ലാ അധികാരഘടനാവ്യവസ്ഥകളിലേതും പോലെ ഈ പുതിയ പ്രസ്ഥാനത്തിലേയും ആശയത്തിന്‍റെ പ്രവാഹനിയമം. പ്രവര്‍ത്തകരുടെ നിര നഗരങ്ങളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും രാജ്യത്തെ ഗ്രാമീണരും, നാഗരികരുമായ സാധാരണക്കാര്‍ക്കു വേണ്ടിയായിരിക്കും. ഈ വസ്തുതയ്ക്ക് ഒരു ഗ്യാരണ്ടി എന്ന നിലയിലാണ്‌ ‘ആം ആദ്മി’ എന്ന പേരുതന്നെ സ്വീകരിച്ചിരിക്കുന്നത്.

ഒരു എന്‍. ജി. ഒ യെ രാഷ്ട്രത്തിന്‍റെ വലുപ്പത്തിലേക്കും, വ്യാപ്തിയിലേക്കും ഊതിവീര്‍പ്പിക്കലാണ്‌ ആം ആദ്മി പാര്‍ട്ടി. വേറൊരു തരത്തില്‍, ഉപഭോക്തൃവസ്തുക്കളുടെ ഉല്‍പ്പാദന,വിതരണനിയമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയനീതിവിതരണത്തിന്‍റെ സ്വഭാവം അതിനുണ്ട്. പുതിയ കാലത്തെ തമാശകളിലൊന്നായ ‘കോര്‍പ്പറേറ്റ് സാമൂഹ്യപ്രതിബദ്ധത’ യുടെ ഛായയും ഈ ‘സേവന’ രാഷ്ട്രീയത്തില്‍ കലര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേറ്റുകളില്‍ നിന്ന് -സത്യസന്ധരായ എന്ന വിശേഷണം വേണമെങ്കില്‍ ചേര്‍ക്കാം- പണം സ്വീകരിക്കുന്നതില്‍ കേജ്‍രിവാള്‍ യാതൊരു തെറ്റും കാണുന്നില്ലെന്ന് ഓര്‍മ്മിക്കുക. ഇന്ത്യയിലെ എല്ലാ സാധാരണക്കാരുടേയും പ്രശ്നങ്ങളും, ആവശ്യങ്ങളും ഐകരൂപ്യമാണെന്നും അത് തങ്ങള്‍ക്ക് ഇവിടെയിരുന്ന് ‘ചിന്തിച്ച്’ കണ്ടെത്താവുന്നതുമാണെന്ന ഉറച്ച ധാരണയുള്ള കേജ്‍രിവാളിനോട് ഈ ഘട്ടത്തിലെങ്കിലും ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കേണ്ട കാതലായ ഒരു ചോദ്യമുണ്ടായിരുന്നു ; ‘ഈ സാധാരണക്കാരില്‍ ദളിതര്‍ ഉള്‍പ്പെടുമോ’ എന്ന ഒരു സാധാരണ ചോദ്യം.

 

ദരിദ്രരാജ്യ ടാഗിനോടും , സബ്സിഡിയോടും , സംവരണത്തോടും , പട്ടിണിമരണങ്ങളോടും , പ്രത്യയശാസ്ത്രങ്ങളോടുമൊക്കെ തികഞ്ഞ വിരക്തിയുള്ള ഇക്കൂട്ടരെ പിണക്കാതിരിക്കാനാണ്‌ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുമുള്ള നിലപാടുകള്‍ വ്യക്തമാക്കാതിരുന്നത്.


 

ആരൊക്കെ ഒപ്പം കൂടും?
അരാഷ്ട്രീയതയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്ന കേജ്‍രിവാളിന്‍റെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനിടയുള്ള നാഗരികജനവിഭാഗങ്ങള്‍ ഏതോക്കെയാണ്‌? നിലവിലിരിക്കുന്ന വ്യവസ്ഥയുടെ ഫലപ്രാപ്തിയില്‍ വിശ്വാസം നഷ്ടപ്പെട്ടവരില്‍ ഒരു വിഭാഗം കൂടെ ചേര്‍ന്നേയ്ക്കാം. കോണ്‍ഗ്രസിന്‍റെ അഴിമതിയെ എതിര്‍ക്കാനാഗ്രഹിച്ചിട്ടും, ബി.ജെ.പിയുടെ വര്‍ഗ്ഗീയനിലപാടുകളോടുള്ള എതിര്‍പ്പു മൂലം നേരിട്ടോ, പരോക്ഷമായോ കോണ്‍ഗ്രസിന്‌ ഉപകാരപ്രദമാകും വിധം വോട്ട് ചെയ്യേണ്ടിവരുന്ന ജനവിഭാഗത്തെയും ഈ പ്രസ്ഥാനം ആകര്‍ഷിച്ചേയ്ക്കാം.

മറ്റൊരു വിഭാഗത്തിനു കൂടെ ഈ പ്രസ്ഥാനം ആകര്‍ഷകമാണ്‌. ആഗോളവല്‍ക്കരണാനന്തരകാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ വളര്‍ന്നു വന്നതും, ഇപ്പോഴും വ്യതിരിക്തമായ ഒരു സാമൂഹ്യവ്യക്തിത്വം അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ ഈ വിഭാഗം മുഖ്യമായും മധ്യ-ഉപരിമധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണ്‌. ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഇല്ലാത്ത സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും, തങ്ങളുടെ സാമ്പത്തികശക്തിക്ക് ആനുപാതികമായ അധികാരം ലക്ഷ്യം വെക്കുന്നവരുമാണിവര്‍. രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഒന്നടങ്കം അഴിമതിക്കാരാണെന്ന സ്റ്റീരിയോടൈപ്പ് ദര്‍ശനങ്ങള്‍ ഏറ്റവുമധികം ഉച്ചത്തില്‍ ചൊല്ലുന്ന ഈ വിഭാഗം അങ്ങനെ ചെയ്യുന്നത്, ധനസമ്പാദനത്തിലെ നീതിപരതയെക്കുറിച്ചുള്ള എന്തെങ്കിലും നിഷ്ഠ കൊണ്ടോ, സങ്കല്‍പ്പം കൊണ്ടോ അല്ല. പണത്തേക്കാളുപരി അധികാരം എന്ന ‘എക്ട്രാ പ്രിവിലേജ്’ ആസ്വദിച്ചുകഴിയുന്ന, തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള പ്രതിയോഗികളോടുള്ള മനോഭാവമാണ്‌ – ഒരുതരം ശ്രേഷ്ഠവര്‍ഗ്ഗ അസഹിഷ്ണുതയാണ്‌- ഇവരുടെ നിലപാടുകളെ നിയന്ത്രിക്കുന്നത്. നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പൂര്‍ണ്ണസംതൃപ്തി കണ്ടെത്താന്‍ കഴിയാതിരുന്ന ഈ വിഭാഗത്തിന്‍റെ രാഷ്ട്രീയ പൊട്ടന്‍ഷ്യല്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് അണ്ണാ ഹസാരെയുടെ സമരകാലത്താണ്‌. ആഗോളവല്‍ക്കരണത്തിന്‍റെ ‘സാംസ്കാരിക സൂപ്പര്‍മാര്‍ക്കറ്റിലെ’ ഉപഭോക്താക്കളായ ഇക്കൂട്ടരുടേത് സജാത്യവല്‍ക്കരിക്കപ്പെട്ട രസമുകുളങ്ങളും, അഭിരുചികളുമാണ്‌. അവയാകട്ടെ ഇന്ത്യന്‍ ശരാശരിയില്‍ നിന്ന് ബഹുകാതം ഉയരത്തിലുമാണ്‌.

ദരിദ്രരാജ്യ ടാഗിനോടും , സബ്സിഡിയോടും , സംവരണത്തോടും , പട്ടിണിമരണങ്ങളോടും , പ്രത്യയശാസ്ത്രങ്ങളോടുമൊക്കെ തികഞ്ഞ വിരക്തിയുള്ള ഇക്കൂട്ടരെ പിണക്കാതിരിക്കാനാണ്‌ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുമുള്ള നിലപാടുകള്‍ വ്യക്തമാക്കാതിരുന്നത്. അഴിമതിയോടാണെങ്കില്‍ അവര്‍ക്കു ഭയങ്കര കലിയുമാണ്‌. ‘ ആം ആദ്മി’ യെ ഒരു ബ്രാന്‍ഡ് ആയി സ്വീകരിക്കാന്‍ അവര്‍ക്ക് വിഷമമില്ല. ബ്രാന്‍ഡായിക്കഴിഞ്ഞാല്‍ ഗാന്ധിജിയും, ചെഗുവേരയുമൊക്കെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് പോലുമാകുന്നതു പോലെ.

കേജ്‍രിവാള്‍ ഇനി എന്താണ്‌ ചെയ്യാന്‍ പോവുക എന്ന മഷിനോട്ടത്തില്‍ താല്‍പര്യമില്ല എന്ന് നേരത്തെ പറഞ്ഞുവെങ്കിലും, ഇതുവരെ കണ്ട കാഴ്ചകള്‍ സ്വയം നീട്ടിത്തരുന്ന നോട്ടങ്ങളില്‍ നിന്ന് പിന്‍വലിയാനുമാവില്ല. അതു തന്നെയും വ്യക്ത്യധിഷ്ഠിതമായ ഒരു ഒരു നിലപാട് എന്ന നിലയിലേ അവതരിപ്പിക്കാനാവൂ. അടിമുടി അഴിമതിയും, സ്വജനപക്ഷപാതവും, അസാന്മാര്‍ഗ്ഗികമായ ധനാര്‍ത്തിയും നിറഞ്ഞ ഒരു വ്യവസ്ഥയോട് പ്രതിഷേധവും, രോഷവുമുണ്ടെങ്കില്‍ എന്തുകൊണ്ട് കേജ്‍രിവാളിന്‍റെ പാര്‍ട്ടിയില്‍ ചേരുകയോ, അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല എന്ന സാങ്കല്‍പ്പികചോദ്യത്തിനുള്ള ആത്മനിഷ്ഠമായ ഉത്തരത്തിന്‍റെ ആധികാരികത മാത്രമേ അതിനവകാശപ്പെടാനാകൂ.

 

കേജ്‍രിവാള്‍ ബാക്കിവെയ്ക്കുന്ന നിശ്ശബ്ദതയുടെ അറകള്‍, വെറുതേയങ്ങനെ ഒഴിഞ്ഞുകിടക്കുകയല്ലെന്നും അതിനു പിന്നില്‍ ഒരു കണക്കുകൂട്ടലുണ്ടെന്നുമാണ്‌ നാം കണ്ടത്. പിന്നീട്, തീര്‍ച്ചപ്പെടുത്തിയാല്‍ മതിയാകുന്ന വിഷയങ്ങളിലല്ല, ഈ മൌനങ്ങള്‍.. അവയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കാണാവുന്നവയില്‍ ഉദാരവല്‍ക്കരണം, മതേതരത്വം, സംവരണം എന്നിവ ഉള്‍പ്പെടുന്നു.


 

അളന്നു മുറിച്ച മൌനങ്ങള്‍
കേജ്‍രിവാള്‍ നിറയ്ക്കാതെ ബാക്കിവെയ്ക്കുന്ന നിശ്ശബ്ദതയുടെ അറകള്‍, ഒന്നിനും വേണ്ടിയല്ലാതെ വെറുതേയങ്ങനെ ഒഴിഞ്ഞുകിടക്കുകയല്ലെന്നും അതിനു പിന്നില്‍ ഒരു കണക്കുകൂട്ടലുണ്ടെന്നുമാണ്‌ നാം കണ്ടത്. പിന്നീട്, തീര്‍ച്ചപ്പെടുത്തിയാല്‍ മതിയാകുന്ന, ദ്വിതീയതലപ്രാധാന്യം മാത്രമുള്ള വിഷയങ്ങളിലല്ല, അളന്നുതിട്ടപ്പെടുത്തിയ ഈ മൌനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. അവയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നമുക്ക് കാണാവുന്നവയില്‍ ഉദാരവല്‍ക്കരണം, മതേതരത്വം, സംവരണം എന്നിവ ഉള്‍പ്പെടുന്നു. ഇവയേയും ഇവയില്‍ നിന്ന് ജനിക്കുന്നതും, ഇവയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ നിരവധി വിഷയങ്ങളെയും അപ്രസക്തമാക്കുന്ന വിധത്തില്‍ അഴിമതിക്കും, അഴിമതി വിരുദ്ധസമരത്തിനും അടിയന്തിരപ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയപരമായ തന്ത്രത്തിന്‌, ഒരു പക്ഷെ അടുത്ത വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കാനായേക്കും. അന്നാണ്‌ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നതും.

നാഗരികസമ്മതിദായകര്‍ നിറഞ്ഞ ഡെല്‍ഹിയില്‍ അഴിമതി മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാകും എന്ന കണക്കുകൂട്ടല്‍ തികച്ചും അസ്ഥാനത്തല്ല. മറ്റു വിഷയങ്ങളെക്കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാമൂഹ്യഘടനയല്ല, ഡെല്‍ഹിയുടേത്. (ഡെല്‍ഹിയില്‍ ഗ്രാമങ്ങളും, ഗ്രാമീണവോട്ടര്‍മാരും ഉണ്ടെങ്കിലും അവരുടെ മുന്‍ഗണനാക്രമത്തിന്‌ നാഗരികവോട്ടര്‍മാരുടേതിനോടാണ്‌ കൂടുതല്‍ സാദൃശ്യം.) ഭരണനിര്‍വ്വഹണവുമായി മാത്രം ബന്ധപ്പെട്ടതും, ഭരണത്തിനു പിന്നിലെ ആശയത്തേയും, ദര്‍ശനത്തെയും സ്പര്‍ശിക്കാത്തതുമായ ഒരു നയപത്രികയോ, പ്രവര്‍ത്തനപദ്ധതിയോ അതിനുമുമ്പെ അവതരിപ്പിച്ചേക്കാം. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ താത്വികനിലപാടുകളെടുക്കേണ്ടി വരുമ്പോള്‍, ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച് അംഗീകാരം നേടിയ ഒരു ഐഡിയോളജിയുടെ അഭാവത്തില്‍, സംഘടന തിരിഞ്ഞുവീഴുന്ന നിലപാടുതറ ഒന്നുകില്‍ നേതാവിന്‍റെ ഇഷ്ടവൈചിത്ര്യങ്ങളാലോ (whims and fancies) വ്യവസ്ഥയുടെ സ്വാഭാവികക്രമീകരണത്താലോ (default settings) ആണ്‌ നിര്‍ണ്ണയിക്കപ്പെടുക. എന്താവും ഈ സ്വാഭാവിക ക്രമീകരണം അല്ലെങ്കില്‍ ഡിഫോള്‍ട്ട് സെറ്റിംഗുകള്‍?

 

ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ - നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം.


 

ആര്‍.എസ്.എസ് ലാളന
അടിസ്ഥാന ഘടകവ്യാപ്തി ഹിന്ദി ഹൃദയമേഖലയില്‍ ഒതുങ്ങിനില്‍ക്കുന്നതും, അതിനു വെളിയിലുള്ള ഭാരതത്തില്‍ നിന്ന് അനുരൂപസ്ഥിതി (conformity) മുന്‍കൂറായി പ്രതീക്ഷിക്കുന്നതുമായ ബി.ജെ.പിയുടെ അതേ ഘടനാ സ്വഭാവമാണ്‌ ആം ആദ്മി പാര്‍ട്ടിക്കും. ദക്ഷിണേന്ത്യയായാലും, കിഴക്കു ദേശമായാലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായാലും, ന്യൂനപക്ഷങ്ങളായാലും, ദളിതരായാലും അനുരൂപവല്‍ക്കരണത്തിലൂടെ ‘മുഖ്യധാര’ യുടെ അഥവാ ദേശീയതയുടെ ഭാഗമാണെന്നു തെളിയിക്കുക അവരരുടെ ഉത്തരവാദിത്തമായിരിക്കുന്ന ഘടനയാണിത്. എന്തു പരിമിതികളോടെയാണെങ്കിലും കോണ്‍ഗ്രസിന്‌ ചരിത്രപരമായ കാരണങ്ങളാല്‍ ലഭിച്ചിട്ടുള്ള ദേശീയവീക്ഷണത്തെയല്ല ആം ആദ്മി പാര്‍ട്ടിക്ക് ഡിഫോള്‍ട്ട് സെറ്റിംഗ്സായോ, പാരമ്പര്യമായോ കിട്ടുക. പ്രകടമായ അക്രാമകവര്‍ണ്ണങ്ങളില്ലാത്ത ഹിന്ദുത്വത്തിന്‍റെ ഇളംപട്ടുടുത്ത, ഉദാരവല്‍കൃത മുതലാളിത്ത സങ്കല്‍പ്പങ്ങളാണ്‌ ആം ആദ്മി പാര്‍ട്ടിയുടെ മുറ്റത്ത് തുള്ളിക്കളിക്കുക.

ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം.

ഇതിലെ ശ്രദ്ധേയമായ ഒരു വസ്തുത ഒരു ദര്‍ശനമോ, പ്രത്യയശാസ്ത്രമോ രൂപം കൊടുക്കുന്നതിനു പിന്നില്‍ നടക്കേണ്ട ബൌദ്ധികപ്രവര്‍ത്തനമോ, ചരിത്രാപഗ്രഥനമോ, നാളെയേക്കുറിച്ചുള്ള സങ്കല്‍പ്പനമോ ഇതിനു വേണ്ടിവരുന്നില്ല എന്നതാണ്‌. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്നു നടത്തുന്നത് അത്തരമൊരു പ്രവൃത്തിയാണെന്ന് കരുതാന്‍ വയ്യ. (ഏതു ദൂരം വരെ അവര്‍ക്ക് കൂടെ നടക്കാന്‍ കഴിയും എന്ന് കണ്ടറിയണം.) ആധാരതത്വങ്ങളുടെ ഇടം ഒഴിച്ചിട്ടുകൊണ്ട്, ഇന്ത്യയെ ഒരു ബൃഹദ് മുനിസിപ്പല്‍ കോര്‍പ്പറേഷനായി സങ്കല്‍പ്പിക്കുന്ന പ്രകടനപത്രികയുമായി ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാന്‍ കഴിയും. പ്രാഥമികഭൂമികയായി സ്വീകരിക്കുന്ന ഭൂമിശാസ്ത്രപരവും, സാമൂഹ്യപരവുമായ മേഖലയുടെ പ്രബലബോധധാരകള്‍ക്ക്, ഒരുതരം സ്വാഭാവികനിര്‍ണ്ണയവാദത്തിന്‍റെ അടിസ്ഥാനത്തില്‍, സംഘടനയുടെ ആശയപരവും, ദാര്‍ശനികവുമായ ഒഴിമുറികള്‍ നിറയ്ക്കാന്‍ സ്വാതന്ത്ര്യം നല്‍കുക എന്നതാണ്‌ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുന്ന നയത്തിന്‍റെ കാതല്‍.

ഹിന്ദുത്വത്തിന്‍റെ ബാഹ്യഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട്, നവലിബറല്‍ സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന സാമൂഹ്യബോധത്തിന്‍റെ പുതിയ ജനുസ്സിന്‌ ഒരു മുഖവും, രൂപഘടനയും ഉണ്ടാവേണ്ടതുണ്ട്. ആ മുഖമാകാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്ക് പ്രസക്തിയുമുണ്ട്. സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്നതരം ഹിന്ദുത്വദര്‍ശനത്തിന്‌, ആഗോളവല്‍ക്കരണത്തിന്‍റെ സാംസ്കാരിക-സൂപ്പര്‍മാര്‍ക്കറ്റ് വ്യവസ്ഥയെ തടസ്സമില്ലാതെ ആശ്ലേഷിക്കാന്‍ കഴിയുന്ന സ്വഭാവഘടനയുണ്ട്.(എങ്കിലും ആ സ്വഭാവഘടനയെ പൂര്‍ണ്ണമായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ അഭാവവുമുണ്ട്.)

 

ബി.ജെ.പി. പോലും പരസ്യമായി എതിര്‍ക്കുന്ന ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തെ കുറിച്ച് അദ്ദേഹത്തിനൊന്നും പറയാനില്ല. ആം ആദ്മിയെ മാത്രം നേരിട്ടു ബാധിക്കുന്ന, ലോകബാങ്ക് തിട്ടൂരത്തിന്‍റെ നിര്‍വ്വഹണമായ 'സബ്സിഡിക്കു പകരം പണം' എന്ന, പരിപാടിയെക്കുറിച്ചുമില്ല എതിര്‍ത്തോ, യോജിച്ചോ ഒരു വാക്ക്.


 

ഒരേ രുചി, ഒരേ വേഷം
സജാത്യവല്‍ക്കരണ(homogenisation)ത്തിലധിഷ്ഠിതമാണ്‌ രണ്ടും എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട സദൃശഘടകം. വൈജാത്യത്തെയും, വിഭിന്നതയെയും ഇല്ലാതാക്കാന്‍ മാനകരൂപങ്ങളെ മുന്‍നിര്‍ത്തുന്ന രീതി രണ്ടിലുമുണ്ട്. ലോകം മുഴുവന്‍ ഒരേ രുചിയും, ഒരേ വേഷവും, ഒരേ ഭാഷയും, ഒരേ സംവേദനശീലവും പുലരുന്ന ആദര്‍ശലോകമാണല്ലോ ആഗോളഗ്രാമം. ‘ഹിന്ദുത്വം’ എന്ന ഏകകം കൊണ്ട് ഹിന്ദുമതത്തിലെ തന്നെ സകല വൈജാത്യങ്ങളേയും, ഭാരതദേശത്തെ മറ്റു വംശ,വര്‍ഗ്ഗ,സംഘ വ്യക്തിത്വങ്ങളെയും, പ്രാന്തജീവിതങ്ങളെയും ഹരിക്കുന്ന രീതിക്ക് ഇതിനോട് ഭ്രാതൃഭാവമാണുള്ളത്. ‘സമത്വം’ പോലെയുള്ള ശ്രേഷ്ഠവും സുന്ദരവുമായ സങ്കല്‍പ്പങ്ങള്‍ക്ക് പ്രയോഗത്തിലൂടെ അനീതിയുടെ സ്വഭാവം കൈവരുന്നതിന്‌ രണ്ടിലും ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്.

ആഗോളതാപനനിയന്ത്രണത്തിന്‍റേയും, സ്വതന്ത്രവ്യാപാരത്തിന്‍റേയും സന്ദര്‍ഭങ്ങളില്‍ വികസിതമുതലാളിത്ത രാജ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സമത്വസിദ്ധാന്തവും, ദളിത് സംവരണത്തിന്‍റേയും, ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെയും, ദരിദ്രജനങ്ങള്‍ക്കുള്ള സബ്സിഡിയുടെയും സന്ദര്‍ഭങ്ങളില്‍ മുന്നോക്കക്കാര്‍ അവതരിപ്പിക്കുന്ന സമത്വസിദ്ധാന്തവും നീതിനിഷേധത്തിന്‍റെ സൌന്ദര്യവല്‍ക്കരണമാണ്‌. ‘ഹിന്ദുത്വ’ പദ്ധതിയിലെ മാനകവല്‍ക്കരിക്കപ്പെട്ട ഭാരതപൌരനും ആഗോളവല്‍കൃതകമ്പോളത്തിലെ മാനകവല്‍ക്കരിക്കപ്പെട്ട ഉപഭോക്താവിനുമിടയിലെ പൊതുസ്വീകാര്യതയുള്ള ഒരു ലോജിക്കിന്‍റെ സ്ഥാപനമാകും ആം ആദ്മി പാര്‍ട്ടിയിലൂടെ സംഭവിക്കുക. ജാതി,മതവിവേചനമോ, വര്‍ഗ്ഗീയതയോ, പ്രത്യക്ഷമായ അസഹിഷ്ണുതാപ്രകടനമോ, സാമ്പത്തികവിവേചനമോ ഇല്ലാതെ തന്നെ നാഗരികസമ്പന്നവര്‍ഗ്ഗത്തിനും, സമ്പന്നകര്‍ഷകര്‍ക്കും വെളിയില്‍ സ്വന്തം പേരു പോലും നഷ്ടപ്പെട്ട സാധാരണക്കാരന്‍ – ആം ആദ്മി- കൂനിക്കൂടിയിരിക്കുന്നു.

മറിച്ചുള്ള എന്തെങ്കിലും വിദൂരമായ സൂചനകള്‍ പോലും നല്‍കാതിരിക്കുന്നതില്‍, പാര്‍ട്ടി രൂപീകരിച്ച്, മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായതിനു ശേഷവും കേജ്‍രിവാള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്നത്തെ സജീവരാഷ്ട്രീയ ചര്‍ച്ചാവിഷയങ്ങളിലൊന്നും ഒരു അഭിപ്രായവും പ്രകടിപ്പിച്ച്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ആം ആദ്മിയിലേക്ക് പ്രതീക്ഷയുടെ ഒരു അരണ്ട കിരണം പോലുമയയ്ക്കുന്നില്ല, കേജ്‍രിവാള്‍‍. രാഷ്ട്രീയകാരണങ്ങളാലായാലും ബി.ജെ.പി. പോലും പരസ്യമായി എതിര്‍ക്കുന്ന ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തെ കുറിച്ച് അദ്ദേഹത്തിനൊന്നും പറയാനില്ല. ആം ആദ്മിയെ മാത്രം നേരിട്ടു ബാധിക്കുന്ന, ലോകബാങ്ക് തിട്ടൂരത്തിന്‍റെ നിര്‍വ്വഹണമായ ‘സബ്സിഡിക്കു പകരം പണം’ എന്ന, പരിപാടിയെക്കുറിച്ചുമില്ല എതിര്‍ത്തോ, യോജിച്ചോ ഒരു വാക്ക്.

 

ജനങ്ങളുടെ സ്വപ്നത്തെ ഭയക്കുന്ന വ്യവസ്ഥയേയും, ആ വ്യവസ്ഥയെ തങ്ങള്‍ക്കു വേണ്ടി പരിഷ്കരിച്ച്, പരിഷ്കരിച്ച് അനന്തകാലം നിലനിര്‍ത്താന്‍ യത്നിക്കുന്ന പക്ഷത്തേയും സൂചിപ്പിക്കാനാണ്‌ ചരിത്രം വലതുപക്ഷം എന്ന സംജ്ഞയുണ്ടാക്കിയത്. ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷബദലുകളില്ല.


 

തെരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത്
അടുത്തകൊല്ലം ഡെല്‍ഹി തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, എന്താണ്‌ സംഭവിക്കുക എന്നതിനേക്കുറിച്ച് ഒരു ഏകദേശചിത്രം പല നിരീക്ഷകര്‍ക്കും കാണാന്‍ കഴിയുന്നുണ്ട്. ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്തിയില്ലെങ്കിലും, കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കുകയും, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുന്നതില്‍ നിമിത്തമാകാന്‍ കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു അസ്തിത്വമായി. അതുകൊണ്ടാവാം ബി.ജെ.പിയുടെ ‘ബി ടീം’ എന്ന ലേബല്‍ കൊടുക്കാന്‍ പലരും താല്‍പര്യപ്പെടുന്നത്. ബി.ജെ.പിയിലെ പണവും, സ്വാധീനശേഷിയുമുള്ള സ്ഥാനാര്‍ത്ഥിത്വമോഹികള്‍ ‘സീറ്റ് തന്നില്ലെങ്കില്‍ കേജ്രിവാളിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നു മല്‍സരിക്കും’ എന്ന് നേതാക്കളോട് സ്വരമുയര്‍ത്തുന്നതിനെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടി എന്നെങ്കിലും പാര്‍ലമെന്‍റില്‍ ഏതാനും സീറ്റുകള്‍ നേടി ശിഷ്ടകാലം ബി.ജെ.പി യുടെ ഘടകകക്ഷിയായി പുലരുമോ, കുറെക്കൂടെ സീറ്റുകള്‍ നേടി നിയമനിര്‍മ്മാണത്തിലെ കോര്‍പ്പറേറ്റ് ഇടപെടലിന്‍റെ പ്രാതിനിധ്യം വഹിക്കുമോ, അതോ കേജ്‍രിവാള്‍ പ്രധാനമന്ത്രിയാകുമോ എന്നൊക്കെയാലോചിച്ച് കലങ്ങാതെ, തെളിഞ്ഞ ഒരു ചുവരെഴുത്ത് വായിച്ചു നിര്‍ത്താം. വലതുപക്ഷം കാട്ടിത്തരുന്ന ഒരു ഇടതുമായക്കാഴ്ചയാണിത്. ഇടതുപക്ഷം ആ പേരു വഹിക്കുന്ന പാര്‍ട്ടികളെയെന്നതിലുപരി, ഒരു വ്യവസ്ഥയില്‍ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ പക്ഷത്ത് നിന്ന് ഉണ്ടാകുന്നതോ, ഉണ്ടാകാനിരിക്കുന്നതോ ആയ നീതിസമരത്തെയും, വിമോചനത്തെയുമാണ്‌ പ്രതിനിധീകരിക്കുക. ഒരു യാഥാര്‍ത്ഥ്യമായല്ലെങ്കില്‍ സ്വപ്നമായെങ്കിലും. ജനങ്ങളുടെ സ്വപ്നത്തെ ഭയക്കുന്ന വ്യവസ്ഥയേയും, ആ വ്യവസ്ഥയെ തങ്ങള്‍ക്കു വേണ്ടി പരിഷ്കരിച്ച്, പരിഷ്കരിച്ച് അനന്തകാലം നിലനിര്‍ത്താന്‍ യത്നിക്കുന്ന പക്ഷത്തേയും സൂചിപ്പിക്കാനാണ്‌ ചരിത്രം വലതുപക്ഷം എന്ന സംജ്ഞയുണ്ടാക്കിയത്. ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷബദലുകളില്ല.

 
 

അടിയില്‍ കുറിക്കുന്നത്

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ ആം ആദ്മി പാര്‍ട്ടി അങ്കം കുറിക്കാന്‍ പോകുന്നത്. അത് വളരെ യുക്തവും, ഉചിതവുമാണുതാനും. ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റ് പിടിച്ചെടുക്കാനുള്ള പ്രയാണം ആരംഭിക്കേണ്ടത്, രണ്ടര കിലോമീറ്റര്‍ അകലെയുള്ള ഡെല്‍ഹി അസംബ്ലിയില്‍ നിന്നു തന്നെയാണ്‌. നടപ്പുക്ഷീണം കുറയും.
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

2 thoughts on “ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല

  1. ഇതും ഒരു സാദാരണ പാർട്ടി മാത്രം ആയി പോകുമെന്നാണ് എനിക്ക് തോന്നുന്നത്. തലക്കെട്ടിൽ പറയുന്നത് പോലെ ഇരകളുടെ സ്വപ്നത്തിനു ഒരു വലതു പക്ഷ ബദൽ ഒരിക്കലും സാധ്യമല്ല. കാരണം വലതു പക്ഷം ഇരകളെ ശ്രഷ്ടിക്കുന്നവരുടെതാണ്. അധികാരം കയ്യില കിട്ടുമ്പോൾ ഇവർ എന്ത് ചെയ്യും എന്ന് നോക്കാം. വച്ചടോപങ്ങൾ ഇല്ലാതെ പ്രവർത്തികളിൽ പുതുമയുള്ള, പൂര്നതയുള്ള, സത്യസന്ധനായ ഒരു നേതാവിനെ ഇന്ടക്കിന്നു ആവശ്യമുണ്ട്.

  2. hmm…
    Left sided observation.
    Kejrival party will have a unique existance that is different from Congress and BJP atleast for 20 -2 5 years. It is not going to be a B team of RSS. But RSS may support Kejrival

Leave a Reply

Your email address will not be published. Required fields are marked *