ഗുജറാത്ത്: ഇതോ സമാധാനം?

 
 
 
 
സമാധാനത്തിന്റെ ഗുജറാത്ത് പാഠങ്ങള്‍. എ.എം. സജിത്ത് എഴുതുന്നു
 
 

പ്രോപ്പര്‍ട്ടി ഷോ കാണാനെത്തിയ തന്നോട്, സ്റാളിലെ ഒരു ഹിന്ദു പെണ്‍കുട്ടി പറഞ്ഞത് റഹീല്‍ ധാത്തിവാല ഉദ്ധരിക്കുന്നുണ്ട്. മിക്ക സ്റാളുകളിലേയും സെയില്‍സ് പ്രതിനിധികള്‍ ഹിന്ദുപെണ്‍കുട്ടികളായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ: ഞങ്ങള്‍ സസ്യഭുക്കുകളാണ്, അവര്‍ (മുസ്ലിംകള്‍) മാംസഭുക്കുകളും. പിന്നെ ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് ജീവിക്കും? മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ വിഭജനം നിലനില്‍ക്കുന്ന അഹമ്മദാബാദ് പോലെയൊരു നഗരത്തില്‍ മുസ്ലികള്‍ക്കും ഹിന്ദുക്കള്‍ക്കും വീടുകള്‍ വാങ്ങാന്‍ പ്രത്യേകം പ്രോപ്പര്‍ട്ടി ഷോ നടത്തുന്നതില്‍ ഒരു അസാധാരണത്വവുമില്ല എന്ന് മനസ്സിലാക്കാം ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്ന്. നമ്മുടെ മതേതരത്വം എത്രമാത്രം അര്‍ഥശൂന്യമായ, പാഴ്വാക്കാണ് എന്നതിന്റെ തെളിവ്-ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘മലയാളം ന്യൂസ് ‘ എഡിറ്റര്‍ എ.എം. സജിത്ത് എഴുതുന്നു

 

 

ബ്രിട്ടനില്‍ സാമൂഹികശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന അഹമ്മദാബാദുകാരിയായ റഹീല്‍ ധാത്തിവാല ഗുജറാത്തില്‍ ദൃശ്യമാകുന്ന സമാധാനാന്തരീക്ഷത്തെ രസകരമായി വിവരിക്കുന്നത് ഇങ്ങനെയാണ്: ചുളുങ്ങി കീറാറായ ഒരു തുണിക്കഷണം എടുക്കുക. എന്നിട്ട് നാലുവശത്തും വലിച്ചുപിടിച്ച് പിന്നുകുത്തുക. ചുളിവില്ലാത്ത, ഉപയോഗിക്കാന്‍ കൊള്ളാവുന്ന ഒരു തുണിക്കഷണമാണ് അതെന്ന് നമുക്ക് തോന്നും.

എ.എം. സജിത്ത്

ഇനി പിന്നുകള്‍ മാറ്റുക. തുണി പഴയതുപോലെ ചുളുങ്ങി ഉപയോഗശൂന്യമാണെന്ന് മനസ്സിലാകും. പതിറ്റാണ്ട് നീണ്ട കിരാതത്വങ്ങള്‍ക്ക് ശേഷം അഹമ്മദാബാദിലും ഗുജറാത്തിന്റെ ഇതരഭാഗങ്ങളിലും സമാധാനം ഇതുപോലെയാണ്. അത് വശങ്ങളില്‍ പിന്നുകുത്തി വലിച്ചുകെട്ടിയ തുണിക്കഷണം പോലെയാണ്. പിന്ന് ഊരിയാല്‍, തുണി പഴയതു തന്നെ.

എല്ലാവരും സന്തുഷ്ടര്‍, എല്ലായിടത്തും വികസനം, പുരോഗതി, അന്തരീക്ഷത്തില്‍ ‘സദ്ഭാവന’യുടെ മുഴക്കങ്ങള്‍. തുണിക്കഷണത്തിലെ പിന്ന് ഊരിമാറ്റൂ. യാഥാര്‍ഥ്യം കാണാം. ഞൊറിവീണ തുണി, തുള വീണ സമാധാനം. 2002 ന് ശേഷം വന്‍തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ ഗുജറാത്തിലുണ്ടായിട്ടില്ല എന്നത് ശരിതന്നെ. എന്നാല്‍ അന്നത്തെ കലാപം എപ്രകാരം രാഷ്ട്രീയമായ ആവശ്യമായിരുന്നുവോ, അതുപോലെ രാഷ്ട്രീയമായ മറ്റൊരാവശ്യമാണ് ഇന്നത്തെ കലാപ വിരുദ്ധ അവസ്ഥ. രണ്ടും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭിന്ന പരീക്ഷണങ്ങള്‍. അല്ലെങ്കില്‍ മോഡിസത്തിന്റെ ഉപോല്‍പന്നങ്ങള്‍.

 

മോഡിയാകട്ടെ, ഗാന്ധിനഗറിലെ സിംഹാസനം വിട്ട് ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച മനോരാജ്യങ്ങളിലാണ്. മോഡിയുടെ മോഹം ദേശീയ തലത്തില്‍തന്നെ ബി.ജെ.പിയെ രണ്ടായി പിളര്‍ത്തിയിരിക്കുന്നു.


 

കണ്ണ് ഇന്ദ്രപ്രസ്ഥത്തിലേക്ക്
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ഗുജറാത്തിന്റെ പടിവാതില്‍ക്കലാണ്. വര്‍ഗീയരഥം തെളിച്ചുകൊണ്ടുള്ള മോഡിയുടെ താണ്ഡവത്തിന് ഇത്തവണയും വിരാമമാകുമെന്ന് ആരും ഉറപ്പിച്ചു പറയുന്നില്ല. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് പതിവുപോലെ പരുങ്ങലിലാണ്. മോഡിയുടെ കരാളഹസ്തങ്ങളില്‍ ചതഞ്ഞ ന്യൂനപക്ഷ മനസ്സുകളിലെ മുറിവുണക്കാന്‍ അവര്‍ക്കുമാകുന്നില്ല. ഭീതിയുടെ, ആക്രമണത്തിന്റെ, ലഹളയുടെ പിടിയില്‍ വീണ്ടും പോകാന്‍ താല്‍പര്യമില്ലാത്തവര്‍ ചിന്തിക്കും, മോഡി തന്നെ ഭരിക്കട്ടെ. കലാപങ്ങളില്‍നിന്ന് നാട് മാറിനില്‍ക്കട്ടെ. ചുളുങ്ങിയ തുണി വലിച്ചുകെട്ടിയതുപോലെ കൃത്രിമമായ സമാധാനത്തിന്റെ മറവില്‍ മോഡിയും കൂട്ടരും ഭരണം ആസ്വദിക്കട്ടെ.

ഗുജറാത്തിനെ സംബന്ധിച്ച് വ്യക്തമായ നയങ്ങളോ പരിപാടികളോ ഇപ്പോഴുമില്ല, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്. മോഡിക്കുമുന്നില്‍ അവരും പരുങ്ങുകയാണ്. മോഡിയാകട്ടെ, ഗാന്ധിനഗറിലെ സിംഹാസനം വിട്ട് ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച മനോരാജ്യങ്ങളിലാണ്. മോഡിയുടെ മോഹം ദേശീയ തലത്തില്‍തന്നെ ബി.ജെ.പിയെ രണ്ടായി പിളര്‍ത്തിയിരിക്കുന്നു. പാര്‍ട്ടിയിലെ അച്ചടക്കം തകരുകയും ഭിന്നതയുടെ വിത്തുകള്‍ ആഴത്തില്‍ പാകപ്പെടുകയും ചെയ്തിരിക്കുന്നു. സ്വന്തം പാര്‍ട്ടിക്കുപോലും പിടിച്ചാല്‍ കിട്ടാത്ത പരുവത്തിലാണ് മോഡി. അപ്പോഴാണോ കോണ്‍ഗ്രസിന്റെ ചതുരുപായങ്ങള്‍?

 

ഒരിക്കല്‍ മുസ്ലിംകളെ അരുംകൊല ചെയ്യാന്‍ ഉത്തരവിട്ട മോഡി, ഇപ്പോള്‍ മുസ്ലിംകളോട് ചേര്‍ന്നു നില്‍ക്കുകയും അവരെ പച്ചഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായ അനിവാര്യത കൊണ്ടാണ്. ഗുജറാത്തിലാണ് വികസനം എന്നു പറയുന്ന അബ്ദുല്ലക്കുട്ടിക്കും ഇന്ത്യാടുഡേക്കും അത് ഉദ്ധരിക്കുന്ന പി.കെ, കുഞ്ഞാലിക്കുട്ടിക്കും ഇത് പിടികിട്ടാത്തത് അതുകൊണ്ടാണ്.


 

വികസന മോഹം വന്നതിങ്ങനെ
നിരപരാധികളുടെ രക്തച്ചൊരിച്ചില്‍ കണ്ട ക്രൂരമായ വര്‍ഗീയ ലഹളയുണ്ടാക്കിയാണ് മോഡി ഗുജറാത്തിലെ സിംഹാസനത്തില്‍ അമര്‍ന്നിരുന്നത്. മുസ്ലിംകള്‍ക്ക് രക്ഷയില്ലാത്ത, ഹിന്ദുക്കള്‍ക്ക് മാത്രം പരിഗണന കിട്ടുന്ന നാടെന്ന പ്രചാരണമാണ് ഗുജറാത്തിലെ വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലേക്കും അതുവഴി മോഡിയുടെ നിരന്തര വിജയങ്ങളിലേക്കും നയിച്ചത്. എന്നാല്‍ കലാപകലുഷിതമായ ഒരു നാടിന്റെ ചിത്രംകൊണ്ടു മാത്രം ദല്‍ഹിയിലേക്കുള്ള സിംഹാസനം തനിക്ക് ലഭിക്കില്ലെന്ന് മോഡി മനസ്സിലാക്കി. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള വന്‍കിട രാജ്യങ്ങള്‍പോലും മോഡിസത്തോട് മുഖം തിരിച്ചപ്പോള്‍ പുതിയൊരു പ്രതിച്ഛായ അദ്ദേഹത്തിന് ആവശ്യമായി വന്നു. അതാണ് വ്യവസായ പുരോഗതിയുടെ ഗുജറാത്ത് എന്ന സൃഷ്ടിപ്പിലേക്ക് വഴിമാറിയത്. അതാണ് കലാപരഹിതമായ വര്‍ഷങ്ങള്‍ ഗുജറാത്തിന് സമ്മാനിച്ചത്.

ഒരിക്കല്‍ മുസ്ലിംകളെ അരുംകൊല ചെയ്യാന്‍ ഉത്തരവിട്ട മോഡി, ഇപ്പോള്‍ മുസ്ലിംകളോട് ചേര്‍ന്നു നില്‍ക്കുകയും അവരെ പച്ചഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായ അനിവാര്യത കൊണ്ടാണ്. ഇത് ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്നതും ഗുജറാത്തുകാര്‍ തന്നെ. അതുകൊണ്ടാണ് റഹീല്‍ ധാത്തിവാലക്ക് ഗുജറാത്തിലെ തുണിക്കഷണം എളുപ്പത്തില്‍ കാണാനാകുന്നത്. ഗുജറാത്തിലാണ് വികസനം എന്നു പറയുന്ന അബ്ദുല്ലക്കുട്ടിക്കും ഇന്ത്യാടുഡേക്കും അത് ഉദ്ധരിക്കുന്ന പി.കെ, കുഞ്ഞാലിക്കുട്ടിക്കും പിടികിട്ടാത്തത്.

 

മുസ്ലിംകളെ രക്തത്തില്‍ കുളിപ്പിച്ചുകിടത്തിയ അഹമ്മദാബാദില്‍ ഈയിടെ മുസ്ലിംകള്‍ക്കായി മാത്രം ഒരു പ്രോപ്പര്‍ട്ടി ഷോ നടത്തിയ കാര്യം ആരെങ്കിലും അറിഞ്ഞുവോ? അഹമ്മദാബാദിലായിരുന്നു സംഭവം.


 

അഹമ്മദാബാദിലെ പ്രോപ്പര്‍ട്ടി ഷോ
മുസ്ലിംകളെ രക്തത്തില്‍ കുളിപ്പിച്ചുകിടത്തിയ അഹമ്മദാബാദില്‍ ഈയിടെ മുസ്ലിംകള്‍ക്കായി മാത്രം ഒരു പ്രോപ്പര്‍ട്ടി ഷോ നടത്തിയ കാര്യം ആരെങ്കിലും അറിഞ്ഞുവോ? അഹമ്മദാബാദിലായിരുന്നു സംഭവം. നഗരത്തില്‍ മുസ്ലിംകള്‍ക്ക് മാത്രമായി വീടുകളും വാണിജ്യസ്ഥാപനങ്ങളും വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പ്രോപ്പര്‍ട്ടി ഷോയിലൂടെ ലക്ഷ്യമിട്ടത്. ഇന്ത്യയെന്ന മഹത്തായ മതേതര റിപ്പബ്ലിക്കിലാണിത് നടക്കുന്നത് എന്നോര്‍ക്കണം. പക്ഷെ ദേശീയ മാധ്യമങ്ങള്‍പോലും ഗുജറാത്തില്‍ മുസ്ലിംകളോടുള്ള ഇഷ്ടത്തിന്റെ സൂചനയായാണ് ഇതിനെ കണ്ടതെന്നത് എത്ര വിചിത്രം.

ഈ പ്രോപ്പര്‍ട്ടി ഷോ കാണാനെത്തിയ തന്നോട്, സ്റാളിലെ ഒരു ഹിന്ദു പെണ്‍കുട്ടി പറഞ്ഞത് റഹീല്‍ ധാത്തിവാല ഉദ്ധരിക്കുന്നുണ്ട്. മിക്ക സ്റാളുകളിലേയും സെയില്‍സ് പ്രതിനിധികള്‍ ഹിന്ദുപെണ്‍കുട്ടികളായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ: ഞങ്ങള്‍ സസ്യഭുക്കുകളാണ്, അവര്‍ (മുസ്ലിംകള്‍) മാംസഭുക്കുകളും. പിന്നെ ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് ജീവിക്കും? മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ വിഭജനം നിലനില്‍ക്കുന്ന അഹമ്മദാബാദ് പോലെയൊരു നഗരത്തില്‍ മുസ്ലികള്‍ക്കും ഹിന്ദുക്കള്‍ക്കും വീടുകള്‍ വാങ്ങാന്‍ പ്രത്യേകം പ്രോപ്പര്‍ട്ടി ഷോ നടത്തുന്നതില്‍ ഒരു അസാധാരണത്വവുമില്ല എന്ന് മനസ്സിലാക്കാം ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്ന്. നമ്മുടെ മതേതരത്വം എത്രമാത്രം അര്‍ഥശൂന്യമായ, പാഴ്വാക്കാണ് എന്നതിന്റെ തെളിവ്.

റഹീല്‍ ധാത്തിവാല

അഹമ്മദാബാദില്‍ ഹിന്ദുക്കള്‍ കൂട്ടമായി അധിവസിക്കുന്ന ഒരു മേഖലയിലാണ് റഹീല്‍ പാര്‍ത്തിരുന്നത്. ഇതിന് കാരണം അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. താന്‍ മുസ്ലിമായിരുന്നെങ്കിലും തന്റെ ഭര്‍ത്താവ് ഇന്ത്യക്കാരനായ ജൂതനാണ്. തന്റെ മാതാപിതാക്കള്‍ക്ക് അഹമ്മദാബാദിലെ ഹിന്ദു ഗെട്ടോകളില്‍ ഒരിക്കലും ഒരു വീട് വാങ്ങാനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഗുജറാത്തിന്റെ യാഥാര്‍ഥ്യം. ഇവിടെയാണ് നമ്മുടെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സഹായരായി വോട്ടുകള്‍ ഉഴുതുമറിക്കാന്‍ വീണ്ടുമിറങ്ങുന്നത്. മേല്‍സൂചിപ്പിച്ച പ്രോപ്പര്‍ട്ടി ഷോയില്‍ പട്ടേലുമാരും മുസ്ലിം ബില്‍ഡര്‍മാരും കൈകോര്‍ത്ത് മുസ്ലിംകള്‍ക്കായി പാര്‍പ്പിടങ്ങള്‍ പണിത് വില്‍ക്കാന്‍ വെച്ചിരിക്കുന്നത് മുസ്ലിം കുടികളില്‍ തന്നെയാണ്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരു വീടുപോലും മുസ്ലിമിന് വാങ്ങാനാവില്ല.

 

ഇല്ലെങ്കില്‍ ഗുജറാത്ത് ഇനിയും ഹിന്ദുത്വ പരീക്ഷണശാലയായി തന്നെ തുടരും. ഉഗ്രമായ മതവിഭജനങ്ങളുടെ തടവറയില്‍, പളപളപ്പുള്ള വികസനത്തിന്റെ വായ്ത്താരികളുമായി ഗുജറാത്തും അവിടത്തെ ഒരു വിഭാഗം ജനങ്ങളും നമ്മുടെ രാഷ്ട്രഗാത്രത്തില്‍ കറുത്ത വടുക്കളായി അവശേഷിക്കും.


 

ഗുജറാത്ത് യാഥാര്‍ഥ്യം
അഭിപ്രായവ്യത്യാസങ്ങള്‍ പലതുണ്ടാകാമെങ്കിലും ജാതിയും മതവും മറന്ന് എല്ലാവരും ഒത്തുചേര്‍ന്ന് കൂട്ടമായി താമസിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഈ ഗുജറാത്ത് യാഥാര്‍ഥ്യം വേഗം ഉള്‍ക്കൊള്ളാനാവില്ല. നമ്മെ നടുക്കുകയും നമ്മുടെ മതേതരബോധത്തില്‍ മൂര്‍ച്ചയേറിയ ആണികള്‍ അടിച്ചുകയറ്റുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയാത്തതാണ് നമ്മുടെ ദേശീയ പാര്‍ട്ടികളുടെ ദുര്യോഗം.

ഇടതുപക്ഷവും മതേതരപക്ഷവുമെല്ലാം അപ്രസക്തമായ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ എഴുന്നേറ്റുനില്‍ക്കാനാവുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. മോഡിയുടെ സിംഹാസനത്തില്‍ വിള്ളല്‍ വീഴ്ത്താനാവുന്ന പ്രാദേശികമായ ഘടകങ്ങളുമുണ്ട്, കേശുഭായ് പട്ടേലിനെപ്പോലെ. അവയെ ഒന്നിപ്പിക്കുകയും ഒരേലക്ഷ്യത്തിലേക്ക് വിട്ടുവീഴ്ചാ മനോഭാവത്തോടെ ചേര്‍ത്തുവെക്കുകയും ചെയ്ത് ഗുജറാത്തിനെ മതേതരത്വത്തിന്റെ പരീക്ഷണശാലയാക്കി മാറ്റാന്‍ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിക്ക് കഴിയുമോ എന്നതാണ് ചോദ്യം.

ഇല്ലെങ്കില്‍ ഗുജറാത്ത് ഇനിയും ഹിന്ദുത്വ പരീക്ഷണശാലയായി തന്നെ തുടരും. ഉഗ്രമായ മതവിഭജനങ്ങളുടെ തടവറയില്‍, പളപളപ്പുള്ള വികസനത്തിന്റെ വായ്ത്താരികളുമായി ഗുജറാത്തും അവിടത്തെ ഒരു വിഭാഗം ജനങ്ങളും നമ്മുടെ രാഷ്ട്രഗാത്രത്തില്‍ കറുത്ത വടുക്കളായി അവശേഷിക്കും.
 
 
Article on Gujarat by Raheel Dhattiwala
Hindus, Muslims: divided citizens in ‘Vibrant Gujarat’
 
 
Previous Articles on Gujarat
മോഡിയുടെ ഗാന്ധി വധം ആട്ടക്കഥ

ഇരകള്‍ക്ക് നീതി നല്‍കൂ മോഡി സര്‍; എന്നിട്ടാവാം ഉപവാസം

മുന്‍.ഡി.ജി.പി പറയുന്നു, സഞ്ജീവ് ഭട്ടിനെ കുറിച്ച് ആശങ്കപ്പെടാനുണ്ട്
 
 

7 thoughts on “ഗുജറാത്ത്: ഇതോ സമാധാനം?

 1. Mr. Sajith,

  I remember on last Laka Sabha election, IDC discussion, “your vote for whom” in that discussion, sajih also participated, you between the line you favored to congress and UDF. Gujarat is not a rare example of securalism, IN 1984 riot in Delhi another example. Dont exaggerate Gujarat. You may visit ‘ASSAM” and visit the refugee camp. Present India’s utmost challege is ” CORRUPTION”.

  • Haris,
   Corruption is another issue. Definitely, we have to combat it. When we prepare an article on the circumstance of Gujrat elections, naturally we talk about that particular issue and place. That doesn’t mean that Assam is not there or it is unimportant.
   Also, I never suggested to vote for any particular party in any meeting. At the same time pointed out the possibilities before an an voter. That also based on objective circumstances, not based on party politics.
   Thank you for your comments and observations.-Sajith

 2. എന്താ സുഹൃത്തേ,

  മോഡിയെ കുറ്റം പറയാന്‍ നിങ്ങള്ക്ക് ഒരു അവകാസവും ഇല്ല, കോണ്‍ഗ്രസിന്റെ ആസനം തന്ങ്ങി ഇനി മോടി വിരുദ്ധ വികാരം കൊണ്ട് നടക്കേണ്ട. മോടി ഇതു മുസ്ലിമിനെയാ കൊന്നത് എന്ന് പറയാമോ??
  എന്താ കാശ്മീരില്‍ നിന്നും ഒരിപ്പോരേണ്ടി വന്ന പാവങ്ങലെക്കുറിച്ചു ഒന്നും പറയാനില്ലേ???

 3. Dear Sajit,

  You are comparing Gujrat with kerala n trying to point that Kerala is better . But we just have polished secularism ,we wont have riots but criminals working with quotation team , muvattupuzha college teacher issue was a better example. Also here we are dividing everything based on religion even university chancellor to even grade 4 job.

  So no way we can say Kerala is better …

 4. Sajith,
  Agreeing what you said is absolutely correct, I would like to say that your article sheds light only on one side. This is the same with muslim community there, in muslim dominated area they dont prefer hindu community. Basically there is a big lack of trust between these communities. The politicians have only added fuel to fire, but the fire always existed. Its not only for muslims, Its mainly for non-veg eating people, even if you belong to hindu community. Even though we may feel surprised of the above news you cant help it. Even this is a part of secularism where different belief should co-exist.

 5. ഞങ്ങള്‍ സസ്യഭുക്കുകളാണ്, അവര്‍ (മുസ്ലിംകള്‍) മാംസഭുക്കുകളും. പിന്നെ ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് ജീവിക്കും? മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ വിഭജനം നിലനില്‍ക്കുന്ന അഹമ്മദാബാദ് പോലെയൊരു നഗരത്തില്‍ മുസ്ലികള്‍ക്കും ഹിന്ദുക്കള്‍ക്കും വീടുകള്‍ വാങ്ങാന്‍ പ്രത്യേകം പ്രോപ്പര്‍ട്ടി ഷോ നടത്തുന്നതില്‍ ഒരു അസാധാരണത്വവുമില്ല എന്ന് മനസ്സിലാക്കാം ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്ന്. നമ്മുടെ മതേതരത്വം എത്രമാത്രം അര്‍ഥശൂന്യമായ, പാഴ്വാക്കാണ് എന്നതിന്റെ തെളിവ്.

  ഒന്നിച്ചു ഒരു തെരുവില്‍ താമസിച്ചാല്‍ മതേതരത്വം ഉണ്ടാകുമോ… പരസ്പരം കലഹിച്ചു ഒന്നിച്ചു ജീവിക്കുന്നതിലും നല്ലത് മറ്റുള്ളവരുടെ മതാചാരങ്ങളെ ബഹുമാനിച്ചുകൊണ്ട് രണ്ടായി താമസിക്കുന്നതല്ലേ…
  മറ്റുമതങ്ങളെ സഹിഷ്ണുതയോടുകണ്ടാല്‍ മാത്രമേ മതേതരത്വം ഉണ്ടാകു.. അത് മനസ്സില്‍ നിന്ന് ഉണ്ടാവേണ്ടതാണ് അല്ലാതെ ഹിന്ദുവും മുസ്ലിമും ഒന്നിച്ചു താമസിച്ചാല്‍ ഒരു മതേതരത്വവും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല….. കേരളത്തെ അവസാനം പരാമര്‍ശിച്ചു കണ്ടു, മതേതരത്വത്തിന്റെ മേലടയിടുകയും ഒരു ഉളുപ്പും ഇല്ലാതെ ജാതി പറയുകയും ചെയ്യുന്നവരെ ഞാന്‍ ഇവിടെ മാത്രമേ കണ്ടിട്ടുള്ളൂ…. വര്‍ഗീയത നേരിട്ട് പ്രകടിപ്പിക്കുന്നവരെക്കാള്‍ സുക്ഷിക്കേണ്ടത് ഇത്തരക്കരെയാണ്…

Leave a Reply to നവീന്‍ Cancel reply

Your email address will not be published. Required fields are marked *