മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

 
 
 
 
ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു. അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

ജിമ്മിജോര്‍ജ്


 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.
അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

 

കബഡി കബഡി എന്ന കളിവാക്ക് മുറിയാതിരിക്കാന്‍ എത്ര ആഴത്തില്‍ ശ്വാസം വേണമെന്ന് കുട്ടിക്കാലം അറിഞ്ഞത് പ്രാണായാമം പരിശീലിച്ചിട്ടല്ല. ഓടരുത്,ചാടരുത്, ഒച്ചവയ്ക്കരുത്…ഇങ്ങനെ പെരുകിയ വീട്ടുവിലക്കുകള്‍ക്കിടയില്‍, ‘പുറത്തുപോയി കളിച്ചോ’ എന്ന് പറഞ്ഞു പഴയ മരക്കസേരയിലെ മയക്കത്തിലേയ്ക്ക് പിന്നെയും ചായുന്ന പി. റ്റി മാഷ് വലിയ ഉദാരതയായിരുന്നു. അതിന്റെ അലസത അതിലുമെത്ര വലുതായിരുന്നുവെന്ന് വൈകിമാത്രം നാം തിരിച്ചറിഞ്ഞു.

ചെറു പട്ടണങ്ങളിലെ പള്ളിക്കൂടങ്ങളില്‍ കളിഇടങ്ങള്‍ ജിംനാസ്റിക് മുറികള്‍ക്ക് വഴിമാറുന്നുണ്ട്. കുഞ്ഞുങ്ങളുടെ അമിതവണ്ണത്തിനുമേല്‍ കരാട്ടെയുടെ വെള്ളക്കുപ്പായ മണിയിക്കുമ്പോള്‍ കളിയ്ക്കും അഭ്യാസത്തിനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു നാം അറിയുന്നില്ല. അരക്ഷിതമായൊരു മനസുണ്ടാകും അഭ്യാസങ്ങളുടെ അടിത്തട്ടില്‍, അദൃശ്യനായ ഒരു ശത്രുവും.കൈരളി സ്പോര്‍ട്സ് ക്ലബ് നിന്നിടത്താണ് ഇപ്പോള്‍ കൈരളി ജിംനേഷ്യം നില്‍ക്കുന്നത്. ആരോഗ്യമെന്നത് ഇന്ന് ശരീരത്തെക്കുറിച്ചുള്ള അതിരറ്റ ആത്മരതിയായി.മനോരോഗത്തിന്റെ വക്കോളമെത്തുന്ന ആകുലതയായി.

കൃഷിയായിരുന്നില്ല, കളിമൈതാനങ്ങളാണ് ആദ്യം നഷ്ടമായത്. ഇവ രണ്ടും മാഞ്ഞ ഇടങ്ങളിലാണ് ആശുപത്രികള്‍ പടര്‍ന്നു പൊന്തിയത്. മുടിഞ്ഞ മത്സരങ്ങളില്‍ കളിയുടെ ഹരവും ആവേശവും തുലഞ്ഞുപോയതില്‍പ്പിന്നെ യോഗ്യരെ അയോഗ്യരാക്കാനുള്ള തത്രപ്പാടില്‍ സ്പോര്‍ട്സ് ട്രാക്കുകളില്‍ ആശുപത്രിക്കിടക്കകള്‍ നിരന്നു. ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും ഡിസ്ചാര്‍ജ് രേഖകളുമായ് ഒരാള്‍ക്കൂട്ടം.

 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്.


 

ജീവിതത്തിനുപുറത്തേക്ക്
തെറിച്ചുപോയൊരു പന്ത്

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം.

ഒന്നാം ലോകയുദ്ധത്തിന്റെ വിട്ടുമാറാത്ത കെടുതികളില്‍,ഫ്യൂഡല്‍കാലത്തിന്റെ അനീതികളില്‍, കുടിയിറക്കങ്ങളുടെ സാമൂഹിക സംഘര്‍ഷങ്ങളില്‍ കരുത്തും ധൈര്യവുമുള്ള മനുഷ്യര്‍ കണ്ടെത്തിയ എതിര്‍വാക്കായിരുന്നു കുടിയേറ്റം. പുതിയ ഇടം തേടി , ഭൂമി തേടി വിദൂരവും വ്യത്യസ്തവുമായ പ്രകൃതിയിലേയ്ക്കുള്ള സഞ്ചാരം. 1928ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന്. കൃത്യമായി പറഞ്ഞാല്‍ പാലായില്‍ നിന്ന് കണ്ണൂരിലെ പേരാവൂരിലേയ്ക്ക് കുടിയേറിയ ഏഴ് കുടുംബങ്ങളില്‍ ഒന്നായിരുന്നു കുടക്കച്ചിറ.

 

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി


 

കുടക്കച്ചിറയുടെ പുരാവൃത്തങ്ങള്‍
ജോസഫ്കുട്ടിയുടേയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി 1932ല്‍ ജോര്‍ജ് ജോസഫ് ജനിച്ചു.യൂണിവേഴ്സിറ്റി തലത്തില്‍ വോളിബാള്‍ കളിക്കാരനായി ശ്രദ്ധനേടി.ഒരു സഹോദരി ഹോക്കിയിലും സഹോദരനൊരാള്‍ അത് ലറ്റിക്സിലും മികവ് കാട്ടി. പേരാവൂരിലെ ആദ്യത്തെ ബിരുദധാരിയും വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്. 1952ല്‍ മേരിയെ വിവാഹം കഴിച്ചതില്‍ പിന്നെ ജോസ്, ജിമ്മി, മാത്യു, സെബാസ്റ്യന്‍, ആനിമറിയ, ഫ്രാന്‍സിസ്,സ്റാന്‍ലി, വിന്‍സ്റന്‍,റോബര്‍ട്ട് , സില്‍വിയ ഇങ്ങനെ വീടുനിറയെ മക്കളുണ്ടായി.കുടിയേറ്റക്കാരന് ആള്‍ബലം പ്രധാനമായിരുന്നിരിക്കണം.സമ്പത്തുവേണം അല്ലെങ്കില്‍ സന്താനങ്ങള്‍ വേണം എന്നതായിരുന്നു നാട്ടുമൊഴിയെങ്കിലും വക്കീല്‍ രണ്ടും ഒന്നിച്ചാഗ്രഹിച്ചതാകാം.

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി. ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായുള്ള മത്സരങ്ങളില്‍ നിന്ന് മുപ്പത് മെഡലുകള്‍ വേറെയും.ഫ്രാന്‍സിസ് ബൈജു ജോര്‍ജ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ മികച്ച കായികതാരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1979 മുതല്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇന്റര്‍മെഡിക്കല്‍സില്‍ മാത്യുജോര്‍ജ് ചെസ് ചാമ്പ്യനായി. ഇതത്രയും കുടക്കച്ചിറയുടെ പള്ളിക്കൂടവഴികള്‍. കായികമായൊരു വിദ്യാരംഭം.

 

എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.


 

കളിക്കമ്പങ്ങളുടെ വീട്
ജിമ്മി ഒമ്പത് സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചപ്പോള്‍, ജോസ് പത്തും, സെബാസ്റ്യന്‍ പതിമൂന്നും ബൈജുജോര്‍ജ് പതിനൊന്നും മാത്യു മൂന്നും വര്‍ഷങ്ങള്‍ സംസ്ഥാന ടീമില്‍ അംഗങ്ങളായിരുന്നു. ഇങ്ങനെ ജോര്‍ജ് ബ്രദേഴ്സ് എന്ന വോളിബാള്‍ ടീമുണ്ടായി. എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.

1976ലും 77ലും ജോസും ജിമ്മിയും സെബാസ്റ്യനും ദേശീയ ടീമില്‍ അംഗങ്ങളായിരുന്നു. ജിമ്മിയും ജോസും ആറു നാഷണലുകളില്‍ ഒന്നിച്ചു കളിച്ചു.ജിമ്മി പത്തുവര്‍ഷവും ജോസ് ഏഴുവര്‍ഷവും സെബാസ്റ്യന്‍ ആറുകൊല്ലവും ദേശീയ വോളീബാള്‍ ടീമില്‍ പങ്കാളികളായി. 1993മുതല്‍ 2000 വരെ റോബര്‍ട്ട് ബോബി ജോര്‍ജ് ദേശീയ കായികമേളയില്‍ ട്രിപ്പിള്‍ ജംബില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടി. 1976 ലും 78ലും മാത്യുജോര്‍ജ് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ് നേടി. കുടക്കച്ചിറക്കാര്‍ പതിനെട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.സിയോള്‍, മാഞ്ചസ്റര്‍,ബുസാന്‍, സ് റ്റോക് ഹോം, പാരീസ് എന്നിവിടങ്ങളിലെ അന്തര്‍ദേശീയ കായിക മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ നിന്ന് കളിക്കമ്പങ്ങളുടെ വീട്ടിലേയ്ക്ക് മെഡലുകള്‍ വന്നു. ഒടുവില്‍ ബോബിയുടെ ഭാര്യ അഞ് ജു ബോബി ജോര്‍ജ് ചരിത്രം കുറിച്ചു. 2003ല്‍ പാരീസില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ട് ലോക അത് ലറ്റിക് മീറ്റില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കായിക താരം എന്ന ബഹുമതിയോടെ.

പതിനാറാമത്തെ വയസിലാണ് ജിമ്മി വോളിബാള്‍ സംസ്ഥാന ടീമില്‍ അംഗമായത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ദേശീയ ടീമിലെത്തി. 1976ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ വയസ് 21.കെ സി ഏലമ്മ, വി. പി കുട്ടികൃഷ്ണന്‍,സാലിജോസഫ്, സിറില്‍,കെ ഉദയകുമാര്‍^ ഇങ്ങനെ വോളിയില്‍ അര്‍ജുന അവാര്‍ഡ്നേടിയ മികച്ച കളിക്കാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അര്‍ജുന അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരം ജിമ്മിയായിരിക്കും.

 

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.


 

ആ ഒഴുക്കില്‍പ്പെട്ടവര്‍
കേരളത്തില്‍ വോളിബാളിന് പ്രചാരം നേടിക്കൊടുത്ത കളിക്കാരില്‍ പ്രമുഖന്‍ ജിമ്മി ജോര്‍ജായിരുന്നു .വടക്കന്‍ കേരളത്തില്‍ സെവന്‍സ് ഫുട്ബാളിനു ലഭിച്ച പ്രാധാന്യമാണ് തെക്കന്‍ കേരളത്തില്‍ വോളിയ്ക്ക് ലഭിച്ചത്.ജിമ്മിയുടെ കളികണ്ട ഹരത്തില്‍ ഗ്രാമങ്ങളുടെ വെളിമ്പുറങ്ങളില്‍, മൈതാനങ്ങളില്‍ എഴുപതുകളുടെ യൌവ്വനം കളിക്കാനിറങ്ങി.പിന്നെ ഓലകൊണ്ട് കുത്തിമറച്ച ഇടങ്ങളില്‍ മരത്തിന്റെ ഗാലറികളുണ്ടാക്കി ‘പ്രവേശനം പാസ് മൂലം നിയന്ത്രിച്ച’ വോളി റ്റൂര്‍ണമെന്റുകള്‍ നടന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ചെറുപ്പക്കാരുടെ സംഘങ്ങളില്‍ നിന്ന് ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു.കളിക്കമ്പങ്ങള്‍ കെട്ടു.ആളുകള്‍ പുറപ്പെട്ടുപോയത് ഇക്കുറി ഭൂമി തേടിയായിരുന്നില്ല, വേണ്ടത് തൊഴിലായിരുന്നു…

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. പിന്നറ്റത്തുനിന്നുനീട്ടിയടിക്കുന്ന സര്‍വീസുകള്‍ ചിലപ്പോള്‍ നെറ്റിനുമീതെ ഒഴുകിയിറങ്ങാന്‍ തുടങ്ങും. അതിനെ കുന്തിച്ചിരുന്ന് ഇരുമുഷ്ടികള്‍ ചേര്‍ത്ത് എടുത്തുയര്‍ത്തുമ്പോള്‍ മടങ്ങി വരുന്ന സ്മാഷുകള്‍ നിലം തൊടാതെ മടങ്ങും. പന്ത് കൈകളിലും ആകാശത്തിലുമായി ഏറെനേരം നില്‍ക്കും. ഗാലറികളില്‍ ബലൂണുകള്‍ പൊട്ടും. അബുദബിയുടെ രാത്രിജീവിതത്തിന്റെ വാദ്യഘോഷങ്ങള്‍ ജിമ്മിയുടെ ഓര്‍മ്മതൊടും.17 വര്‍ഷമായി അബുദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജിമ്മിജോര്‍ജ് വോളിബാള്‍ റ്റൂര്‍ണമെന്റ് നടക്കുന്നു.

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.ഒരോവര്‍ഷവും കളിയുടെ ഇടങ്ങള്‍ മാറുന്നു. മികച്ച കളിക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു.

 

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.


 

ജിമ്മി ഗള്‍ഫില്‍
1979 മുതല്‍ ’82 വരെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി കളിച്ച കാലത്താണ് ജിമ്മി ഗള്‍ഫില്‍ പ്രശസ്തനാകുന്നത്. വലിയ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും കുള്ളന്മാരുടെ കൊളാഷാണെന്ന് തിരിച്ചറിയുമ്പോള്‍ ജിമ്മി ജോര്‍ജ്ജ് വലിയ കളിക്കാരനും അതിലേറെ ഉയരമുള്ള മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഗള്‍ഫ് ഗ്യാലറികളെ ഇളക്കിമറിച്ച പ്രകടനങ്ങളാണ് ജിമ്മിക്ക് യൂറോപ്യന്‍ വോളിയിലേക്ക് വഴി തുറന്നത്. 1982ല്‍ ജിമ്മി ഇറ്റലിയിലെ കൊളാറ്റോ ക്ലബ്ബില്‍ ചേര്‍ന്നു. ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുകയും വോളിബോള്‍ കളിക്കുന്ന എല്ലായിടങ്ങളുടേയും താരമാവുകയും ചെയ്തു. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്നതിന്റെ ഇടവേളയില്‍ നാട്ടിലെത്തി 1985ല്‍ സൌെദി രാജ്യാന്തര വോളി മത്സരത്തിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചു.

1987 നവംബര്‍ 30ന് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഇറ്റലിയിലെ മിലന്‍ നഗരത്തിനടുത്ത് ഒരു കാറപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് മരിച്ചു. നഗരത്തില്‍ നിന്ന് അകന്ന് ഗ്രാമീണ അന്തരീക്ഷത്തിലാണ് ജിമ്മി ജീവിച്ചത്. അതുകൊണ്ടു തന്നെ കാര്‍പെന്‍ ടോളോയിലെയും മോന്‍തിക്കേരിയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജിമ്മിയുടേ ഓര്‍മ്മക്കായി മോന്‍തിക്കേരിയില്‍ മുപ്പതു കോടി രൂപ ചെലവില്‍ ഒരു സ് റ്റേഡിയം നിര്‍മ്മിക്കുകയും ജിമ്മിയുടെ മകന്‍ ജോ, അമ്മ ലൌലിയോടും അച്ഛന്റെ അനുജന്‍ സ്റാന്റിയോടുമൊപ്പം ഇറ്റലിയിലെത്തി അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജിമ്മിയുടെ ഓര്‍മ്മയ്ക്കായി ഇന്നും ഇറ്റലിയില്‍ ജൂനിയര്‍ വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്നു. മോന്‍തിക്കേരിയിലെ വോളിബാള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ലൂസിയാനോ ബരാറ്റി ജിമ്മിയെ ഇങ്ങനെ ഓര്‍മ്മിക്കുന്നു.

“Jimmy George’s humanity, his great hearts, his philosophy of life, his great jumps to reach the ball and hit it will never be forgotten.”

 

ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.


 

കായികമായൊരു ദേശാന്തരപ്പാത
മലയാളിയുടെ കുടിയേറ്റ ജീവിതത്തിന്റെ പാര്‍ശ്വ സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടിട്ടില്ല. അവിടെ കച്ചവടത്തിനും കലയ്ക്കും ആത്മീയതയ്ക്കും ഒപ്പം കായികമായൊരു ദേശാന്തരപ്പാത കൂടിയുണ്ട്. ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.

ഏതു കളിയും നിശ്ചിതമായ കളങ്ങള്‍ക്കുള്ളിലാണ്. കളിവിരുതനുസരിച്ച് ചിലര്‍ പക്കത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ ജയിച്ചുവരും. ചിലര്‍ ദേശം നിറഞ്ഞ് കളിയ്ക്കും.മറ്റുചിലരാകട്ടെ ഒറ്റയ്ക്കും കൂട്ടായും രാജ്യാതിര്‍ത്തി മുറിച്ച്പോകും. അവരോടൊപ്പം ദേശാന്തരങ്ങളില്‍ രാജ്യങ്ങള്‍ തന്നെ കളിക്കാനിറങ്ങും. കളി വെറും കളിയല്ലാതാവും. അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സ്വാധീനങ്ങള്‍ മറനീക്കും.

 

ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.


 

അക്രമാസക്തിയില്‍നിന്ന്
കളിയുടെ ലാഘവത്തിലേക്ക്

തീവ്രദേശീയതകളേയും അതിന്റെ രാഷ്ട്രീയത്തേയും നിര്‍മ്മിക്കുന്നതില്‍ രാജ്യാന്തര കായികമേളകള്‍ വഹിച്ചിട്ടുള്ള പങ്ക് സ്പോര്‍ട്സ് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നാകട്ടെ ലോകമാധ്യമ വ്യവസായം തന്നെ രാജ്യാന്തര കായിക മേളകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.രാഷ്ട്രീയവും മാധ്യമങ്ങളും കലയും കച്ചവടവും എന്നപോലെ ദേശങ്ങള്‍ക്ക് കുറുകെ വഴിവെട്ടുന്നതില്‍ സ്പോര്‍ട്സിന്റെ പങ്ക് വളരെ വലുതാണ്.ആ ദേശാന്തരപ്പെരുവഴിയിലൂടെ കളിക്കാരും കാണികളും മാത്രമല്ല ചിലപ്പോള്‍ ലോകംതന്നെയും കയറിവരും.ബ്രിട്ടീഷ് സാമ്രാജ്യത്വം കോമണ്‍ വെല്‍ത്തായി കളിക്കുമ്പോള്‍ ചരിത്രം കണ്ണുകെട്ടി തൊടാന്‍ വരും.അല്ലെങ്കില്‍ കരീബിയന്‍ കടലില്‍ ജമയ്ക്കയെ പരതാന്‍ ഉസൈന്‍ ബോള്‍ട്ട് ഒരു കാരണമാകും

ഒരു സാമൂഹിക ശാസ്ത്രവിഷയത്തെ വെറും കളിയല്ലേ എന്ന് നിസാരമാക്കാനാവില്ല. പുരുഷ ശരീരങ്ങളുടെ ആഘോഷം എന്ന നില വിട്ടത് മാറിത്തുടങ്ങി.എന്നാലിന്ന് ദാരിദൃമുക്തമാകുന്ന കേരളീയ ശരീരങ്ങള്‍ അടക്കിയ അക്രമ വാസനകളെ പുറത്തെടുത്തുകൊണ്ടിരിക്കുന്നു.ജനപ്രിയ കലകളിലെ ആണ്‍ വീടുകള്‍ ഗുണ്ടകളുടെ കുടുംബപുരാണമാകുമ്പോഴും മലയാളിയെ ഹരം കൊള്ളിക്കുന്നുണ്ട്. ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.
 
 

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം. അബൂദാബിക്കാലത്ത്.


 
 

സിയോള്‍ ഏഷ്യന്‍ ഗെയിംസിന്റെ മാര്‍ച്ച്പാസ്റ്റില്‍


 
 

സ്പോര്‍ട്സ് കൌമുദിയുടെ മുഖചിത്രം


 
 

അബൂദാബിക്കാലത്ത്.


 
 

ഇറ്റലിക്കാലത്തെ ചിത്രം


 
 

 
 
 
 

2 thoughts on “മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

 1. You have put it so well!
  “ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.”
  Jimmy was my hostel mate at St Joseph’s College Devagiri.(Calicut) some time in the beginning of my degree course 1972-1975.
  His elder brother, Jose was fondly addressed as ‘kaalan’ Jose by friends ..
  This was perhaps not just because he was the tallest person in our college but also because he with other seniors enjoyed playing practical jokes on hapless junior hostelers like me!
  Mathew, who remained University Chess Champion for several years to come and was rated among the toppers state level , was my formidable opponent in the hostel chess.

 2. the one & only sportsman,humanitarian & what not.A wonderfull personality,may that God called him early.Still a real pain in my heart,Long live Jimmy

Leave a Reply

Your email address will not be published. Required fields are marked *