ബോംബെയിലെ വിളപ്പില്‍ശാലകള്‍

 
 
 
 
വിളപ്പില്‍ശാലയും ഗോവണ്ടിയും പറയുന്നത്.
എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു.
ചിത്രങ്ങള്‍: എബ്രഹാം എന്‍. ജെയിംസ്

 
 

ഗോവണ്ടിയിലെ റഫീക്ക് നഗര്‍ കോളനി ഇന്ന് നിലനില്‍ക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടാണ്. ചണ്ടി ഡിപ്പോ ആയതിനാല്‍ സര്‍ക്കാര്‍ അവിടേക്ക് എത്തിനോക്കാറില്ല. ചണ്ടി ഡിപ്പോ ഉള്ളിടത്തോളം കാലം ഇതിനു ചുറ്റും കോളനികള്‍ നിലനില്‍ക്കും. ഈ ചേരിനിവാസികളുടെ കക്കൂസും ഈ മാലിന്യകൂമ്പാരം തന്നെയാണ്. നാല്‍പതു വര്‍ഷം മുമ്പാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങുന്നത. ധാരാവിയിലെ മാലിന്യ നിക്ഷേപ കേന്ദ്രം അതിന്റെ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ചണ്ടി ഡിപ്പോ സജീവമാകുന്നത്. നഗരസഭയെ സംബന്ധിച്ച് ഈ പ്രദേശം മനുഷ്യവാസമില്ലാത്ത ചണ്ടി ഡിപ്പോ ആണ്. അതിനാല്‍, ഇവിടെ മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ എത്തിക്കേണ്ട ആവശ്യവും ഇല്ല-മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു.ചിത്രങ്ങള്‍: എബ്രഹാം എന്‍. ജെയിംസ്

 

 

2001ല്‍ വിളപ്പില്‍ശാല പ്രശ്നം സജീവമാകാന്‍ തുടങ്ങിയ സമയത്ത്, കേരള സര്‍വകലാശാലയുടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ എം എ വിദ്യാര്‍ഥി ആയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സുഹൃത്ത് രജിത്തിന്റെ എം എ തീസിസിന്റെ വിഷയം മാത്രമായിരുന്നു വിളപ്പില്‍ശാല.

എസ്. മുഹമ്മദ് ഇര്‍ഷാദ്

പത്തു വര്‍ഷത്തിനു ശേഷം ബോംബെ എന്ന മഹാനഗരത്തില്‍ ഇരുന്ന് വിളപ്പില്‍ശാല സമരത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്നാല്‍, അതൊരു പഠനവിഷയം മാത്രമല്ല. ഒരുപക്ഷെ വിളപ്പില്‍ശാലയേക്കാള്‍ വലിയ മാലിന്യ കൂമ്പാരങ്ങള്‍ ചുറ്റുമുള്ളതു കൊണ്ടാവാം. ഈ നഗരത്തില്‍ വിളപ്പില്‍ശാലയേക്കാള്‍ രൂക്ഷമായ മാലിന്യ കൂമ്പാരം ഒരു സമരത്തിനും ഇട നല്‍കാതെ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് നിലനില്‍പ്പിന്റെ ഉപാധിയായി തീരുന്നു.

വിളപ്പില്‍ശാല സമരത്തെയോ, നിരാഹാരസമരം കിടന്ന പഞ്ചായത്ത് പ്രസിഡന്റിനെയോ സമരസമിതിയെയോ ഒരുതരത്തിലും കുറച്ചു കാണാനുള്ള ശ്രമമല്ല ഈ ലേഖനം. മറിച്ച് ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ഒരു തരത്തിലും ഇടം നല്‍കാതെ വര്‍ഷങ്ങളായി മാലിന്യ കുമ്പാരത്തിനുള്ളില്‍ ജീവിതം തള്ളിനീക്കുന്ന, ഒരു പക്ഷെ വിളപ്പില്‍ശാല പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളേക്കാള്‍ വരുന്നവരുടെ ജീവിതം, വിളപ്പില്‍ശാല അടക്കമുള്ള മാലിന്യ സമരങ്ങളെ അടുത്തുകാണുന്ന മലയാളി കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് മാത്രമാണീ ലേഖനത്തിന്റെ ഉദ്ദേശ്യം.

 

Photo: Abraham N James


 

ചേരികളുടെ ബോംബെ
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ബോംബെയിലാണ്. അംബാനിയുടെ വീട്. ഒരുതവണ കാണുന്ന ആരും ഒരുനിമിഷം അന്ധാളിക്കും. അതിന്റെ വലുപ്പം മാത്രമല്ല അതിനു കാരണം. വെറും നാലു പേര്‍ക്ക് വേണ്ടിയാണല്ലോ ഇത് എന്ന കാര്യമാണ്. ഇതേ നഗരത്തില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും കുടുതല്‍ ശിശു മരണനിരക്ക് ഉള്ള ചേരികള്‍ എന്ന് കൂടെ അറിയുമ്പോഴാണ് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് . ചേരികള്‍ ആണ് ബോംബെയുടെ സ്വതം. ചേരികളാണ് ബോംബയെ നിലനിര്‍ത്തുന്നതും.

1995 ലെ ചേരി പുനരധിവാസ നിയമം നടപ്പിലാക്കിയതിനു ശേഷം ഉണ്ടായ എല്ലാ ചേരികളും സര്‍ക്കാര്‍ ഭാഷയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ആണ്. ഇത്തരം ചേരികളില്‍ സര്‍ക്കാരിന്റെ ഒരു വിധ പൊതുവിതരണ സംവിധാനങ്ങളും ലഭ്യമല്ല. വെള്ളം മുതല്‍ അരി വരെ പൊതുവിപണിയില്‍ നിന്ന് വാങ്ങണം. ആയിരം ലിറ്റര്‍ വെള്ളത്തിന് മൂന്ന് രൂപ ബോംബെ മുനിസിപ്പാലിറ്റി ഈടാക്കുമ്പോള്‍ ഇത്തരം അനധികൃത ചേരികളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഒരു ലിറ്റര്‍ വെള്ളത്തിന് രണ്ടു രൂപ വില നല്‍കിയാണ് പാചകം മുതല്‍ കുളി വരെ നടത്തുന്നത്. വെള്ളത്തിന്റെ ഉപയോഗക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇവിടെ അനവധിയാണ്.

കേരളത്തിലെ റോഡു വക്കില്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ പ്ലാസ്റിക് സഞ്ചികള്‍ കണ്ടു ശീലിച്ചവര്‍ക്ക് അഞ്ചു നില കെട്ടിടത്തിന്റെ ഉയരം വരുന്ന മാലിന്യ കൂമ്പാരവും അതില്‍ നിന്ന് പ്ലാസ്റിക് നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ട മനുഷ്യരും മാലിന്യം ജീവിതം മാത്രമല്ല നിലനില്‍പ്പ് കൂടിയാണ് എന്ന് കാണിച്ചു തരും.

 

Photo: Abraham N James


 

മാലിന്യങ്ങള്‍ കാത്ത് ഒരു ജനത
ഗോവണ്ടിയിലെ റഫീക്ക് നഗര്‍ കോളനി ഇന്ന് നിലനില്‍ക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടാണ്. ചണ്ടി ഡിപ്പോ ആയതിനാല്‍ സര്‍ക്കാര്‍ അവിടേക്ക് എത്തിനോക്കാറില്ല. ചണ്ടി ഡിപ്പോ ഉള്ളിടത്തോളം കാലം ഇതിനു ചുറ്റും കോളനികള്‍ നിലനില്‍ക്കും. ഈ ചേരിനിവാസികളുടെ കക്കൂസും ഈ മാലിന്യകൂമ്പാരം തന്നെയാണ്. നാല്‍പതു വര്‍ഷം മുമ്പാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങുന്നത. ധാരാവിയിലെ മാലിന്യ നിക്ഷേപ കേന്ദ്രം അതിന്റെ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ചണ്ടി ഡിപ്പോ സജീവമാകുന്നത്. നഗരസഭയെ സംബന്ധിച്ച് ഈ പ്രദേശം മനുഷ്യവാസമില്ലാത്ത ചണ്ടി ഡിപ്പോ ആണ്. അതിനാല്‍, ഇവിടെ മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ എത്തിക്കേണ്ട ആവശ്യവും ഇല്ല.

ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഏറ്റവും കുടുതല്‍ ദുരിതം അനുഭവിച്ച മേഖലകളില്‍ ഒന്നാണ് ചണ്ടി ഡിപ്പോക്ക് ചുറ്റുമുള്ള ശിവജി നഗര്‍ കോളനിയും റഫീഖ് നഗര്‍ കോളനിയും. ബോംബയിലെ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളതും ഈ കോളനികളില്‍ ആണ് .

ദിവസവും വന്നു ചേരുന്ന മാലിന്യങ്ങള്‍ അതും മാംസമടക്കം ഈ പ്രദേശത്തെ ജീവിതം നമ്മുടെ കാഴ്ച്ചപ്പാടില്‍ ദുസ്സഹമാക്കുന്നു. എന്നാല്‍ ഈ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദിവസേനയുള്ള മാലിന്യ നിക്ഷേപമാണ് ജീവനോപാധി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതുകൊണ്ടുമാത്രമാണ് അവര്‍ ഇവിടെ ജീവിക്കുന്നതും.

റിലയന്‍സ് കമ്പനി ഈ മാലിന്യ കൂമ്പാരം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത്രയും ഭൂമി ബോംബയില്‍ മറ്റെവിടെയും കിട്ടില്ല. നാളെ ഈ ഭൂമി മുഴുവന്‍ റിലയന്‍സ് ഏറ്റെടുത്താലും ഈ മനുഷ്യര്‍ സമരം ചെയ്യാന്‍ ഇറങ്ങില്ല. കാരണം, ഇവരെ സംബന്ധിച്ചിടത്തോളം ഇത്ര കാലം ഇവിടെ ജീവിക്കാന്‍ അനുവദിച്ചത് തന്നെ സര്‍ക്കാറിന്റെ ദയ. മാത്രമല്ല പോകേണ്ടിവന്നാല്‍ എവിടേക്ക് എന്നത് മറ്റൊരു പ്രശ്നം.

ചേരികളിലെ താമസക്കാരുടെ എണ്ണം ദിനേന കുടിവരുന്ന സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. അതാതു ദിവസത്തെ ജീവിതത്തിനപ്പുറം ഇവിടെ ഒന്നും തന്നെയില്ല. ദിവസവും മാലിന്യം നിറച്ച വണ്ടികള്‍ കടന്നു വന്നില്ലെങ്കില്‍ പട്ടിണിയാകുന്ന മനുഷ്യര്‍ ഒരിക്കലും സമരം ചെയ്യാന്‍ തയ്യാറാവില്ല. ഇവിടെ സത്യഗ്രഹത്തിന് പ്രസക്തിയില്ല, ഒരു ജനകീയ സമരവും ഇവിടെ ഉണ്ടാകില്ല, ഒരു മാധ്യമങ്ങളും ഇവിടെ വരില്ല.

 

Photo: Abraham N James


 

ഗോവണ്ടിയും വിളപ്പില്‍ശാലയും
വിളപ്പില്‍ശാല എന്നത് കേരളത്തില്‍ ഒരു പ്രദേശത്തിന്റെ പേര് മാത്രമല്ല കേരളത്തിന്റെ സമകാലീന ജീവിതത്തെ അടയാളപെടുതുന്ന ഇടങ്ങള്‍ കൂടിയാണ് . മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്ന വികസന മാതൃകയാണ് ഇന്ന് കേരളം പിന്തുടരുന്നത് , അതുകൊണ്ട് തന്നെ വിളപ്പില്‍ശാല എന്നത് കേരളത്തില്‍ ആവര്‍ത്തിക്കപെടുന്ന ഒരു പ്രതിഭാസമായി തീരും എന്നതാണ് സത്യം. ഏലൂര്‍, ഞെളിയന്‍പറമ്പ്, കൂരീപ്പുഴ എന്നീ പ്രദേശങ്ങള്‍ ഇന്ന് കേരളത്തിലെ ചണ്ടി ഡിപ്പോ ആണ്. ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ വികസന ഭുപടത്തില്‍ നിന്ന അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇത് കേവലം ഒരു പ്രയോഗം മാത്രമല്ല. ഇത്തരം ഭൂമിശാസ്ത്രപരമായ പുറംതള്ളപെടലുകളിലുടെ മാത്രമേ ഇത്തരം പ്രദേശങ്ങളില്‍ സര്‍ക്കാറിന് അധികാരം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത്തരം വികസന നയത്തിന്റെ പിന്‍ബലത്തിലാണ് ഗോവണ്ടി ചണ്ടിഡിപ്പോ നിലനില്‍ക്കുന്നത്.

കേരളത്തിലെ പൊതു സമരബോധത്തെ ആവേശം കൊള്ളിച്ചു കൊണ്ട് വിളപ്പില്‍ ശാല സമരം അവസാനിക്കുമ്പോള്‍ ഗോവണ്ടിയിലെ ചേരി നിവാസികള്‍ മാലിന്യം നിറച്ച ലോറികള്‍ക്കായി കാത്തിരിക്കുകയാണ്. കേരളത്തിലെ പൊതു സമരബോധത്തെ ആവേശം കൊള്ളിച്ചു കൊണ്ട് വിളപ്പില്‍ ശാല സമരം അവസാനിക്കുമ്പോള്‍ ഗോവണ്ടിയിലെ ചേരി നിവാസികള്‍ മാലിന്യം നിറച്ച ലോറികള്‍ക്കായി കാത്തിരിക്കുകയാണ്. ഇത്തരം ഒരു കാത്തിരുപ്പ് കേരളത്തില്‍ ഒരു പക്ഷെ ഉണ്ടാകില്ലായിരിക്കാം. പക്ഷെ ഇത്തരം പ്രദേശങ്ങളെ സൃഷ്ടിക്കുന്ന വികസന നയത്തില്‍ നിന്ന് കേരളം പിന്നോക്കം പോയിട്ടില്ല എന്നത് ഒരുഭീഷണി തന്നെയാണ്.

നഗരങ്ങളിലെ മാലിന്യം ഗ്രാമങ്ങളില്‍ കൊണ്ട് തള്ളുന്നു എന്ന് പറയാനും കഴിയില്ല, കാരണം കേരളത്തിലെ നഗര^ഗ്രാമ ജീവിത രീതികള്‍ തമ്മില്‍ വ്യത്യാസം ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. വിളപ്പില്‍ശാലയില്‍ സമരം ഉണ്ടാകുന്നത് സര്‍ക്കാര്‍ എന്ന അധികാരകേന്ദ്രത്തെ ഈ പ്രശ്നത്തില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞത് കൊണ്ടാണ്. എന്നാല്‍ എല്ലായ്പ്പോഴും ഇത് സാധ്യമല്ല

കേരളത്തിലെ ഇത്തരം സമരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ സമരം മാത്രമായി മാറ്റുന്നതില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. മലയാളിയുടെ ജീവിത രീതിയും, പരിസ്ഥിതിയോടുള്ള സമീപനവും മാറ്റി വച്ചു കൊണ്ട് ഇത്തരം സമരങ്ങളെ വിലയിരുത്താന്‍ കഴിയില്ല. വിളപ്പില്‍ശാല സമരത്തില്‍ ഉണ്ടായ ബഹുജന പങ്കാളിത്തം കേരളത്തിലെ നെല്‍വയല്‍ സംരക്ഷണ സമരത്തിന് ഉണ്ടായിട്ടില്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്.

വിളപില്‍ ശാലയില്‍ സമരത്തിന് കാരണമാകുന്ന വിഷയങ്ങള്‍ ബോംബേ നഗരത്തില്‍ അപ്രസക്തമാകുന്നത് ഇവര്‍ക്ക് രാഷ്ട്രീയ ഇച്ഛാ ശക്തിയില്ലാത്തത് കൊണ്ടല്ല. മറിച്ച് രാഷ്ട്രീയം ഇവിടെ ജീവിത സാഹചര്യങള്‍ മാറ്റിതീര്‍ക്കാന്‍ അപര്യാപ്തമായ ഒന്നായി തീരുന്നത് കൊണ്ട് കൂടിയാണ്.
 
 

Photo: Abraham N James


 
 

Photo: Abraham N James


 
 

Photo: Abraham N James


 
 
 
 

3 thoughts on “ബോംബെയിലെ വിളപ്പില്‍ശാലകള്‍

 1. അപ്പോള്‍ പറഞ്ഞു വരുന്നത് ഒരു ജീവിതോപാധി എന്ന നിലയില്‍ ‘ ചവറും നല്ലതാണ്’ എന്നാണോ ?

 2. നഗരങ്ങളിലെ മാലിന്യം ഗ്രാമങ്ങളില്‍ കൊണ്ട് തള്ളുന്നു എന്ന് പറയാനും കഴിയില്ല എന്ന വാദം കേരളത്തില്‍ നില്‌നില്‌ക്കില്ല്. കാരണം തിരുവനന്തപുരം നഗര സഭ നഗര മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഒരിട്മായാണ്‌ വിളപ്പില്‍ ശാല ചവറ സംസ്കരണ ഫാക്ടറി ആരംഭിച്ചത്. ചവര്‍ സംസ്കരണം നടത്താതെ ചവര്‍ നിക്ഷേപ കേന്ദ്രമായി വിളപ്പില്‍ ശാല മാറിയത് മുതലാണ്‌ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകാന്‍ തുടങ്ങിയത് എന്ന് ഓര്‌മിക്കുമല്ലോ. ഒരു ജനവാസ കേന്ദ്രത്ത്തില്‍ ചവര്‍ നിക്ഷേപിക്കുന്നതും ഒരു ചവര്‍ നിക്ഷേപ കേന്ദ്രത്തില്‍ ജനവാസം കുഉടുന്നതും തമ്മില്‍ വ്യത്യാസമുണ്ട് . ഗോവണ്ടിയില്‌ ചവര്‌ ജീവനോപാധിയാകുമ്പോള്‌ വിളപ്പില്‍ ശാലയില്‌ ചവര്‌ ജനജീവിതം താറുമാരാക്കി. ഇത് കക്ഷി രാഷ്റ്റ്രീയ ഭേദമന്യേ എല്ലാവരും അംഗ്ഗീകരിക്കുന്ന വസ്തുതയാണ്‌. ഈ രണ്ട് സ്ഥലങ്ങളുടെയും ചരിത്രം വ്യത്യസ്ട്ഃഅമാണ്‌ . ഒരു കാര്‍ഷിക സമൂഹത്തില്‌ ചവരിന്‌ താത്വിക മാനഗളുന്റാവില്ല. അതിനു സാമ്പത്തിക പ്രാധാന്യവും ഉണ്ടാകില്ല. മറിച്ച് ചവര്‌ ജഞ്ഞീവിതത്ത്തിന്‌ ഭീഷണിയായി കാണുന്നു. നഗരങ്ങളില്‍ ചവറിന്‍ സാമ്പത്തിക തലങ്ങളുന്റാകാം. അതിനാള്‍ ഗോവണ്ടിയും വിളപ്പില്‍ശാലയും ഒന്നല.

  • vilappilsala സമരം വര്‍ഷങ്ങള്‍ക്കു മുന്പ് MA തെസിസ് ആയി പഠിക്കാന്‍ എടുത്തപ്പോള്‍ എന്റെ ഗൈഡ് ‍ പറഞ്ഞു ഇതൊരു നിസാര prasnamalla സബ്ദം ഇല്ലാത്തവന്റെ ദേഹത്തേക്ക് വീഴുന്ന നാഗരികതയുടെ ദര്ഷ്ട്യമാണ് ആ ചവറുകള്‍ എന്ന്. 2001 ലെ vilappilsala ഇത്രയും ജനങ്ങള്‍ പ്രതികരണ ശേഷി ഉള്ളവര്‍ ആയിരുന്നില്ല, അവര്‍ ചവറു ഫാക്ടറി, പോബ്സണ്‍ എന്നാ പ്ലാന്റ് owners ടിപ്പര്‍ ലോറികള്‍ എല്ലാം വളരെ ഭയപീട്ടിരുന്നു. ഒരു ഗ്ലാസ്‌ ചായ വെക്കുംബോലെക്കും അതിനെ പൊതിഞ്ഞിരിക്കുന്ന ഒരുപാട് ഈച്ചകള്‍, ഇടയ്ക്കിടെ വരുന്ന ദുര്‍ഗന്ധം, അവര്‍ paraum ഫക്ടര്യ്ക്കാര്‍ ചവറ ഇളക്കുന്നു അതാണ്,ദുരിതങ്ങള്‍ ഏറെ ആയിരുന്നു.

   മനുഷ്യ ജീവന് കേരളത്തിലെടു പോലെ ഉള്ള വില മുംബൈയില്‍ ഇല്ല എന്നതിനലയിരിക്കും അതോ ലേഖകന്‍ പറഞ്ഞ പോലെ മുംബൈയില്‍ രാഷ്ട്രീയം ജീവിത സാഹചര്യങള്‍ മാറ്റിതീര്‍ക്കാന്‍ അപര്യാപ്തമായ ഒന്നായി തീരുന്നത് കൊണ്ട് കൂടിയാണ്.
   ശുദ്ധ വായുവും, വെള്ളവും, നിശബ്ദതും ഇതുവരെ അനുഭവിച്ചറ്റ് ഒരു നാള്‍ വേണ്ടെന്നു വെക്കെണ്ടാതുണ്ടോ എന്നും നഗര മാലിന്യം peranayi outskirtukal വേണോ എന്നതു പ്രസക്തമാണ്‌.
   Vilappilsalayile ജനങളുടെ സമതതോടെ അവരെ പുനരധിവസിച്ചാലും അവിടെ ജനവാസമുണ്ടാകും, ഭിവണ്ടിയിലെ ആളുകളെ പോലെ ഒട്ടും സബ്ദമില്ലതവരും സ്വപ്‌നങ്ങള്‍ അധികമില്ലതവരും ആയിരിക്കും അവര്‍ എന്ന് മാത്രം . ഇന്നത്തെ കേരളത്തിലെ സാഹചര്യം അനുസരിച്ച് അതില്‍ ഒരു പാഡ് പേര്‍ bengalikalo , ഒരിസ്സക്കാരോ ആയി എന്നും വരം.

Leave a Reply to Sajisundhar Cancel reply

Your email address will not be published. Required fields are marked *