ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

 
 
 
 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ പച്ചക്കള്ളങ്ങളും ഉള്ളിലിരിപ്പുകളും. ഗോവര്‍ധന്‍ എഴുതുന്നു
 
 

എന്താണ് ഈ ഇടയലേഖനം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭാവി സങ്കല്‍പ്പം? എല്ലാ കുന്നുകളും ഇടിച്ചുനിരപ്പാക്കി ചരിവുകളില്ലാതെ നിരപ്പാക്കപ്പെട്ട ഭൂപ്രദേശവും, അതില്‍ താഴ്ന്നുതാഴ്ന്നു പോയ്ക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ നിരപ്പിനൊപ്പമെത്താന്‍ ഇനിയും ഏറെ ആഴത്തിലുള്ള കുഴല്‍ക്കിണറുകളും വിഷമിശ്രിതമായി മാറുന്ന ഉപരിതല ജലവും അതില്‍ കുളിച്ചും കുടിച്ചും ജീവിതസമ്പാദ്യമത്രയും ആശുപത്രികളില്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യരും അല്ലാതെ മറ്റെന്താവുമത്?

ഓരോ ആഘാതത്തെയും സവിശേഷമായി പഠിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തശേഷം ആ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പൂര്‍ണമായും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനത്തെ ഏല്‍പ്പിക്കണമെന്നും പറയുന്നു, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അത് കൊണ്ട് തന്നെയാണ് ഈ റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാധ്യതയാകുന്നത്-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ പച്ചക്കള്ളങ്ങളും ഉള്ളിലിരിപ്പുകളും. ഗോവര്‍ധന്‍ എഴുതുന്നു

 

 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പള്ളികളില്‍ വായിക്കപ്പെട്ട ഇടയലേഖനം നിലപാടിലെ ജാഗ്രതക്കുറവുകൊണ്ടും വസ്തുതകളുടെ ശരിയില്ലായ്മ കൊണ്ടുമാണ് ശ്രദ്ധേയമാവുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ മനുഷ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍കരിക്കുന്നതിനുമാണ് ഈ ലേഖനം എന്ന് അതിന്റെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതാണ് ലക്ഷ്യമെങ്കില്‍, റിപ്പോര്‍ട്ട് പൂര്‍ണമായും തര്‍ജ്ജുമ ചെയ്ത് പൊതുജനങ്ങളിലെത്തിക്കുകയാണ് എളുപ്പവഴി. അല്ലെങ്കില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്തൊക്കെയെന്ന് പൊതുജനങ്ങളെ അറിയിക്കുകയുമാവാം. ഇത് രണ്ടുമല്ലാതെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതും അതിന്റെ നിലപാടിന് കടക വിരുദ്ധവുമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്ന് വരുത്തിത്തീര്‍ക്കുന്നതുമാണ് ഇടയലേഖനം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത്? അതിലേക്ക് കടക്കുംമുമ്പ് ഇടയലേഖനത്തിലെ തെറ്റുകള്‍ എന്തൊക്കെയെന്ന് അറിയണ്ടേതുണ്ട്.

 

 

അരിയെത്ര, പയറഞ്ഞാഴി!
ഒരു ജനതയെ രണ്ട് നൂറ്റാണ്ടോളം പിന്നോട്ടുകൊണ്ടുപോവുന്നതും വിദേശരാജ്യങ്ങളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണത്തിന് അവരെ വിധേയരാക്കുന്നതുമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നാണ് ഇടയലേഖനം പറയുന്നത്. സത്യത്തില്‍ ഇതിനു നേര്‍ വിപരീതമാണ് റിപ്പോര്‍ട്ട്. ഒരിത്തിരി കാലം കൊണ്ട് എരിഞ്ഞുതീരാന്‍ സാധ്യതയുള്ള ഒരു ജനതയെ അതിജീവനത്തിന് പ്രാപ്തമാക്കാന്‍ വേണ്ട കര്‍മ്മപരിപാടികളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോഴത്തേതുപോലെ മു
ന്നോട്ടുപോയാല്‍ സാമാന്യജീവിതം തന്നെ അസാധ്യമാവുമെന്നുമുള്ള തിരിച്ചറിവും സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ മാര്‍ഗരേഖയുമാണ് വാസ്തവത്തില്‍ റിപ്പോര്‍ട്ട്.

57 ഓളം നിര്‍ദേശങ്ങളില്‍ 24 എണ്ണം മാത്രമാണ് ഇടയലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. അവയില്‍ തന്നെ എണ്ണം കൊടുത്തിട്ടുണ്ടെങ്കിലും പലതും മുന്‍പരാമര്‍ശങ്ങളുടെ വിശദീകരണം മാത്രമാണ്.

 

 

അല്ലെങ്കിലും എന്തിനാണീ പച്ചപ്പ്!
പരാമര്‍ശിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ആദ്യത്തേത്, ജനവാസകേന്ദ്രങ്ങളിലെല്ലാം കുറേ ഭൂമി മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത പ്രദേശമായി സംരക്ഷിക്കണം എന്നതാണ്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മനുഷ്യന്‍ കൂട്ടമായി താമസിക്കുന്ന ഗ്രാമങ്ങളും അതിന് ചുറ്റും വിശാലമായ ജനവാസമില്ലാത്ത പ്രദേശങ്ങളും എന്നതില്‍നിന്ന് വ്യത്യസ്തമായി ഒരൊറ്റ ഗ്രാമമെന്നോ നഗരമെന്നോ വിളിക്കാവുന്ന വിധം തുടര്‍ച്ചയായി മനുഷ്യവാസവും കൃഷിയും സാധ്യമായത് അത്തരം ചെറുകാടുകള്‍ നമുക്ക് ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ്.

ചുറ്റുപാടുമുള്ള പ്രദേശത്തെ ജലനിരപ്പ് താഴാതെ നോക്കിയും ധാരാളമായി ഔഷധസസ്യങ്ങളെ സൂക്ഷിച്ചും കൃഷിയിടങ്ങളില്‍ പരാഗണവും കീടനിയന്ത്രണവും നടത്തുന്ന ജീവികള്‍ക്ക് അഭയം നല്‍കിയും ഈ ചെറുകാടുകള്‍ അവയ്ക്കു ചുറ്റും ശുദ്ധവായുവും ജലവും കൃഷിയോഗ്യമായ മണ്ണും പ്രദാനം ചെയ്തിരുന്നു. ഇവയില്‍ പലതും വിശ്വാസം കൊണ്ട് സംരക്ഷിക്കപ്പെട്ട കാടുകളായിരുന്നു. ജനസാന്ദ്രത കൂടുന്നതിനനുസരിച്ച് ഹിന്ദുമതം തന്നെ ഈ കാടുകള്‍ വെട്ടാനുള്ള ഉപായം കണ്ടെത്തുകയും ചെയ്തു. സര്‍പ്പത്തെയോ ദേവനെയോ ദേവിയെയോ ആവാഹിച്ച് കുടത്തിലാക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ആചാരവിധികള്‍ നടപ്പിലാക്കപ്പെട്ടു. കാവുകളും ചെറുകാടുകളും ഇത്തരത്തില്‍ നഷ്ടപ്പെട്ടതിന്റെ തിക്തഫലം കേരളം അറിഞ്ഞുതുടങ്ങിയിട്ട് നാളുകളേറെയായി.

ഇനിയും ബാക്കിയുള്ള തുരുത്തുകള്‍ സംരക്ഷിക്കാന്‍ സഹായകമാവും വിധത്തില്‍ സ്ഥലമുടമക്ക് ധനസഹായം ചെയ്യാനുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശത്തെയാണ് ഇടയലേഖനം അപലപിക്കുന്നത്.

 

 

സഭയുടെ പട്ടയപ്പേടി
സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റരുത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു എന്നതാണ് ഇടയലേഖനത്തിലെ രണ്ടാമത്തെ വാദം. ഇത് വസ്തുതാ വിരുദ്ധമാണ്. നിലനില്‍ക്കുന്ന സര്‍ക്കാര്‍ വനഭൂമി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കപ്പെടരുത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ 44220 ഹെക്ടര്‍ വനഭൂമി കയ്യേറപ്പെട്ടുവെന്ന കണക്ക് ഈയടുത്ത ദിവസമാണ് പുറത്തുവന്നത്. ഇനിയും വനവിസ്തൃതി കുറഞ്ഞാല്‍ അത് ഈ പ്രദേശത്തെ വാസയോഗ്യമല്ലാതാക്കും എന്നാണ്, അതിനും ഒരു വര്‍ഷമെങ്കിലും മുമ്പ് പുറത്തുവന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് ഇടയലേഖനം പറയുന്നത് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പട്ടയം നിഷേധിക്കപ്പെടും എന്നതാണ്.

സഭയുടെ എതിര്‍പ്പിന്റെ കാതലായ കാരണം ഇടയലേഖനത്തിലെ ഈ പരാമര്‍ശത്തില്‍ നമുക്ക് വായിച്ചെടുക്കാം. സഭയുടെ പേടി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാരണം ഇപ്പോള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കയ്യേറ്റഭൂമികളുടെ പട്ടയം കിട്ടാതാവുമോ എന്നതാണ്. അതിനുമപ്പുറം വനഭൂമി കൈയേറ്റം എല്ലാ കാലത്തേക്കുമായി ഇല്ലാതാവുമെന്ന വിശ്വാസികളുടെ ആശങ്കയും. കോടതികളുടെയും തദ്വാരാ സര്‍ക്കാറുകളുടെയും പരിഗണനയിലിരിക്കുന്ന ഈ വിഷയം ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വ്യത്യസ്തമായി ഉപയോഗിക്കുന്നത്് തെറ്റിദ്ധാരണാജനകമാണ്.

കോടതിയിലിരിക്കുന്ന കേസുകളില്‍ ഇടപെടുവാനുള്ള അധികാരസ്ഥാപനമല്ല പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ കമ്മിറ്റി അഥവാ മാധവ് ഗാഡ്ഗില്‍ സമിതി. ആറു സംസ്ഥാനങ്ങളിലായി കിടക്കുന്ന അതിവിശാലമായ ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സംരക്ഷണം, അവയില്‍നിന്ന് പിറവിയെടുക്കുന്ന നദികളിലെ ജലം ഉപയോഗിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവസന്ധാരണത്തിന് നിര്‍ണായകമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടാവുന്നത്.

അവയെ കോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലിരിക്കുന്ന പട്ടയദാനവുമായി സാങ്കേതികമായി പോലും ബന്ധപ്പെടുത്താനാവില്ല. ‘വനഭൂമി’ എന്ന് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനെ ‘സര്‍ക്കാര്‍ഭൂമി’ എന്ന് ഇടയലേഖനത്തില്‍ മാറ്റിയെഴുതി വാദിച്ചിട്ടുണ്ടെങ്കിലും .

 

 

നാലാമത്തെ കുറ്റം
ഭൂമിയുടെ പ്രതലമത്രയും കോണ്‍ക്രീറ്റ് കൊണ്ട് നിറഞ്ഞ് ഒരിത്തിരി ജലം പോലും മണ്ണിലേക്കിറങ്ങാതെ ഒഴുകിയൊലിച്ചുപോവുന്ന അവസ്ഥയിലാണ് തറയോടും കരിങ്കല്ലും പാകി മണ്ണിന് ശ്വസിക്കാനും കുടിക്കാനും കഴിയാതാക്കരുതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ടത്. ഇടയലേഖനത്തിലെ നാലാമത്തെ കുറ്റം ഇതാണ്.

30 ഡിഗ്രിയിലധികം ചരിവുള്ള സ്ഥലത്ത് തന്നാണ്ട് കൃഷിയേക്കാള്‍ ഉചിതം ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന വിളകളാകുമെന്ന നിര്‍ദേശത്തെയാണ് ‘ചെരിവുള്ള കൃഷിയിടങ്ങളില്‍ തന്നാണ്ട് കൃഷി നിരോധിക്കു’മെന്ന് ഇടയലേഖനം വ്യാകുലപ്പെടുന്നത്. ചുറ്റുമുള്ള പരിസ്ഥിതിയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും തീരുമാനിക്കാന്‍ പ്രാദേശിക ഗ്രാമസഭകള്‍ക്ക് അധികാരം കൊടുക്കണമെന്നും അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശമായി ഈ റിപ്പോര്‍ട്ടിനെ കണക്കാക്കണമെന്നുമുളള പരിസ്ഥിതി വിദഗ്ദ സമിതിയുടെ നിലപാടിനെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കുന്നത്.

ഉയരങ്ങളില്‍ സമൃദ്ധമായി പെയ്യുന്ന മഴ കുത്തനെ ചരിച്ച കേരളത്തിന്റെ ഭൂപ്രകൃതിയില്‍ താഴേക്കുള്ള പ്രയാണം തുടങ്ങുമ്പോള്‍ ഇരുപത് ദിവസം ഇടവിട്ട് കീടനാശിനികള്‍ തളിക്കപ്പെടുന്ന ഏലത്തോട്ടങ്ങള്‍ കഴിയുമ്പോഴേക്കു തന്നെ ശുദ്ധജലമല്ലാതായിത്തീരുന്നു. പിന്നീട്, റബ്ബറിനൊപ്പം വിളയുന്ന, സമൃദ്ധമായി കളനാശിനികള്‍ ഉപയോഗിക്കപ്പെടുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ കൂടി കടക്കുന്നതോടെ അരുവികളില്‍ ജീവന്റെ സാന്നിധ്യം ഒരു പൊടിമീനായോ തവളയായോ പോലും കാണാതാവുന്നു. വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ക്കുകയല്ലാതെ കേരളത്തിലെ കുടിവെള്ള പദ്ധതികളിലെ ശുദ്ധീകരണ പ്രക്രിയയിലൊരിടത്തും ജലത്തിലലെ വിഷാംശം തിരിച്ചെടുക്കാനുള്ള സംവിധാനങ്ങളില്ല.

കേരളത്തില്‍ നിരവധിയായി ഉയര്‍ന്നുവരുന്ന ആശുപത്രികള്‍ യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെയല്ല വലിയതോതിലുള്ള, തീക്ഷ്ണതയാര്‍ന്ന രാസവിഷങ്ങളുടെ അമിതോപയോഗത്തിന്റെയും അവ മനുഷ്യനിലുണ്ടാക്കന്ന നിരവധിയായ അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. ഇത്തരുണത്തിലാണ് ,കീടനാശിനികളുടെ ഉപയോഗം സമയപരിധിക്കുള്ളില്‍ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യണമെന്നും ജൈവകൃഷിയിലേക്ക് മാറണമെന്നും അങ്ങിനെ മാറുമ്പോഴുള്ള വിളവിലെ ലാഭച്യുതി സര്‍ക്കാര്‍ വഹിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഇടയലേഖനത്തെ സംബന്ധിച്ച് അതും വലിയൊരപാധമാണ്. സ്വന്തമായി കഴിക്കാനായി വിഷം തളിക്കാത്ത വിളയുല്‍പാദിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി വിഷം തളിച്ച വിള വില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് കര്‍ഷകരെ ജൈവകൃഷിയിലേക്ക് മാറ്റുവാന്‍ പ്രോല്‍സാഹനം നല്‍കണമെന്നുമുള്ള നിര്‍ദേശവും സഭയ്ക്ക് സ്വീകാര്യമാവുന്നില്ല.

 

 

ഇടയലേഖനത്തിന്റെ ഭാവിസങ്കല്‍പ്പം
എന്താണ് ഈ ഇടയലേഖനം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭാവി സങ്കല്‍പ്പം? എല്ലാ കുന്നുകളും ഇടിച്ചുനിരപ്പാക്കി ചരിവുകളില്ലാതെ നിരപ്പാക്കപ്പെട്ട ഭൂപ്രദേശവും, അതില്‍ താഴ്ന്നുതാഴ്ന്നു പോയ്ക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ നിരപ്പിനൊപ്പമെത്താന്‍ ഇനിയും ഏറെ ആഴത്തിലുള്ള കുഴല്‍ക്കിണറുകളും വിഷമിശ്രിതമായി മാറുന്ന ഉപരിതല ജലവും അതില്‍ കുളിച്ചും കുടിച്ചും ജീവിതസമ്പാദ്യമത്രയും ആശുപത്രികളില്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യരും അല്ലാതെ മറ്റെന്താവുമത്?

ധാരാളമായുള്ള പ്രവാസി മലയാളികള്‍ക്ക് പണമേ കൊണ്ടുവരാനാവൂ. ശുദ്ധവായുവും ജലവും ഉര്‍വ്വരതയുള്ള മണ്ണും ഇവിടെത്തന്നെയുണ്ടാവാനേ വഴിയുള്ളൂ. എന്നിട്ടുപോലും മതങ്ങള്‍ക്കൊന്നിനും പരിസ്ഥിതിയിലുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ വിഷയങ്ങളേ അല്ല.

ഓരോ ആഘാതത്തെയും സവിശേഷമായി പഠിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തശേഷം ആ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പൂര്‍ണമായും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനത്തെ ഏല്‍പ്പിക്കണമെന്നും പറയുന്നു, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അത് കൊണ്ട് തന്നെയാണ് ഈ റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാധ്യതയാകുന്നത്. ദൌര്‍ഭാഗ്യവശാല്‍ ഹിന്ദുമതമോ ക്രിസ്തുമതമോ ഇസ്ലാമോ ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചിട്ടില്ല. ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിപോലും ഈ നിര്‍ദേശങ്ങളെ നെഞ്ചേറ്റിയിട്ടുമില്ല.

അതിനാല്‍, നമുക്ക് ഈ റിപ്പോര്‍ട്ട് ഒരു വട്ടമെങ്കിലും വായിച്ചു നോക്കേണ്ടതായിട്ടുണ്ട്. കാരണം, ഈ നേരമ്പോക്കുകള്‍ക്കൊടുവില്‍ അതിജീവനത്തിന്റെ വഴികള്‍ക്കായി ഉഴറുമ്പോള്‍ ഒരു പക്ഷേ പുതിയ മതവും പുതിയ രാഷ്ട്രീയവും ഉയിരെടുക്കുന്നത് ഈ റിപ്പോര്‍ട്ടില്‍നിന്നാവും.

 
 
 
 
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

2 thoughts on “ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

  1. ഇടയന്മ്മര്‍ക്ക് ഈ ലേഖനം അടിച്ചു കൊടുത്തത് മാണിയും ജോര്‍ജും ചേര്‍ന്ന് കേരളാ കോണ്‍ഗ്രസിന്റെ ആപ്പീസില്‍ വച്ചാണെന്ന് ആണെന്ന് ബോധമുള്ള ക്രിസ്ത്യാനികള്‍ക്ക് അറിയാം.

Leave a Reply to Appu Cancel reply

Your email address will not be published. Required fields are marked *