പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം

 
 
 
 
പശ്ചിമഘട്ട പാനല്‍റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.
ഡോ. എ. ലത എഴുതുന്നു

 
 

കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാണ് പശ്ചിമഘട്ടമെന്ന അതിപുരാതനമായ മലനിരകള്‍. അവശേഷിക്കുന്ന തുണ്ടു കാടുകളും ഒഴുകാന്‍ വെമ്പല്‍ കൊള്ളുന്ന കൊച്ചുപഴുകളും ഭൂപടത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിലെ കുന്നിന്‍ നിരകളും ഇവിടെ സംവത്സരങ്ങളായി നിലനിന്നുപോരുന്ന ആദിവാസി സംസ്കാരവും അനന്യമായ ജൈവസമ്പത്തും എല്ലാം ഒരുമിച്ച് സംരക്ഷിക്കാനും ഭാവിയിലേക്ക് പരിപാലിക്കാനും ഉതകുന്ന ഒരു വികസന കാഴ്ചപ്പാടാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ഇതൊരു തുടക്കം മാത്രം.

പരിസ്ഥിതിയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും സങ്കീര്‍ണ്ണതകളോടും കൂടി നെഞ്ചോട് ചേര്‍ത്ത് വെച്ച്, രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പിന്‍ബലത്തോടു കൂടിയതും തുറന്ന സമീപനത്തോടുകൂടിയതും ആയ, പാരിസ്ഥിതിക പ്രാധാന്യമുള്ളതും വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ ആസൂത്രണ Ecologically Sensitive and inclusive planning) പ്രക്രിയയിലേക്ക് കേരളം ചുവടുവയ്ക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം എന്നതാണ് പശ്ചിമഘട്ട പാനല്‍റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.ഡോ. എ. ലത എഴുതുന്നു

 
 

 
 

ഏതു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാലും അതിന്റെ മേല്‍ ചര്‍ച്ചയും തര്‍ക്കങ്ങളും നടക്കുക സ്വാഭാവികം മാത്രം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വാര്‍ത്താമാധ്യമങ്ങളിലും രാഷ്ട്രീയ തലങ്ങളിലും സര്‍ക്കാര്‍ തലത്തിലും സജീവ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്ന ഒരേയൊരു റിപ്പോര്‍ട്ട് എന്ന ബഹുമതി പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിന് അവകാശപ്പെടാം. നാളിതുവരെ കാണാത്ത താത്പര്യവും, തര്‍ക്കങ്ങളും പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് പ്രബുദ്ധ കേരളീയരുടെ ഇടയില്‍ തുറന്നുവിട്ടിട്ടുണ്ട്. ഒരുപാട് ലേഖനങ്ങള്‍, പൊതുചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍ ഇതിനകം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടന്നുകഴിഞ്ഞു. ഇടുക്കിയിലെ തോട്ടം മേഖലയുടെ ആശങ്ക റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിയമബലത്തോടെ (പരിസ്ഥിതി സംരക്ഷണ നിയമം, 1986) നടപ്പിലായി കഴിഞ്ഞാല്‍ പിന്നെ ‘മൂന്നുമൂട് കപ്പ’ പോലും നടാന്‍ കഴിയില്ല എന്നുള്ളതാണ്. കേരള സര്‍ക്കാര്‍ ഇതിനെ ‘രാക്ഷസമായ’ (draconian) റിപ്പോര്‍ട്ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തുകൊണ്ട് കേരള സര്‍ക്കാര്‍ ഒരു നീണ്ട റിപ്പോര്‍ട്ട് തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഏകദേശം 1500 കുറിപ്പുകളാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചത്. റിപ്പോര്‍ട്ടിനോട് യോജിച്ചും വിയോജിച്ചും കുറിപ്പുകള്‍ അയച്ചിട്ടുണ്ട്. ഇത്രയധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ പരിസ്ഥിതി മന്ത്രാലയം മറ്റൊരു എളുപ്പവഴി കണ്ടുപിടിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിക്കുക. അപ്രകാരം ആഗസ്റ് 17ന് പ്രൊഫ. കസ്തൂരിരങ്കന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.

9 അംഗ കസ്തൂരിരംഗന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ള ടേംസ് ഓഫ് റഫറന്‍സ് ഇവയാണ്.

1(a). ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ മുതലായവര്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിനെ സമഗ്രമായി വിലയിരുത്തുക. അതില്‍ തന്നെ പ്രത്യേക പരാമര്‍ശം താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ക്കായിരിക്കും; പശ്ചിമഘട്ട പ്രദേശത്തിന്റെ സാമ്പത്തിക – സാമൂഹിക വളര്‍ച്ച ഉള്‍കൊണ്ടുകൊണ്ടും അതേ സമയം അനന്യമായ ജൈവവൈവിധ്യവും വനജീവിസമ്പത്തും, സസ്യസമൂഹവും മറ്റും സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി കൊണ്ടുമുള്ള വിശകലനം

1(b). പശ്ചമിഘട്ട പ്രദേശത്തില്‍ വസിക്കുന്ന ആദിവാസി, വനവാസി, സമൂഹങ്ങളുടെയും തദ്ദേശവാസികളുടെയും കാലാകാലങ്ങളായി കാടിനെയും ജൈവസമ്പത്തിനേയും ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടേയും അവകാശങ്ങള്‍, ആവശ്യങ്ങള്‍, വികസന സങ്കല്‍പ്പങ്ങള്‍ എന്നിവ കണക്കിലെടുത്തു കൊണ്ടുള്ള വിശകലനം.

1(c). കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ട പ്രദേശത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അപഗ്രഥനം.

1(d). യുനെസ്കോ പശ്ചിമഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക പൈതൃക ഇടങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍

1(e). സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഭരണഘടനാപരമായ പ്രശ്നങ്ങളെ വിലയിരുത്തല്‍

2. പശ്ചിമഘട്ടം ഉള്‍ക്കൊള്ളുന്ന ആറ് സംസ്ഥാനങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളും പരിസ്ഥിതി സംഘടനകളും വിദഗ്ധരും മറ്റുമായി സമഗ്രമായ ചര്‍ച്ചകള്‍ നയിക്കുക.

3. പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള നീക്കങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് യുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

4. കേന്ദ്ര സര്‍ക്കാരിന് യുക്തമായി തോന്നുന്ന മറ്റു പ്രധാന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയെ കൂടി പരിശോധിക്കുക.

പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും മേല്‍ സൂചിപ്പിച്ച ടേംസ് ഓഫ് റഫറന്‍സും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ആക്ഷന്‍പ്ളാന്‍ സമര്‍പ്പിക്കുകയെന്നതാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൌത്യം. മൂന്നുമാസം കാലാവധിയാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയ്ക്ക് നല്‍കിയത്. ഒക്ടോബര്‍ 17ന് പുറപ്പെടുവിച്ച ഓഫീസ് ഓര്‍ഡര്‍ പ്രകാരം കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കാലാവധി 2013 ഫെബ്രുവരി 16 വരെ നീട്ടികൊടുത്തിട്ടുണ്ട്.

 
 

ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടവ
ഇത്തരുണത്തില്‍ പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ചില വസ്തുതകളുണ്ട്, വിഷയങ്ങളുണ്ട്. പശ്ചിമഘട്ടമെന്ന അതിലോലമായതും അതിസങ്കീര്‍ണ്ണമായതുമായ ആവാസവ്യവസ്ഥയെ അതിന്റെ പൂര്‍ണതയോടെയും സമഗ്രതയോടെയും മനസ്സിലാക്കിയിട്ടുള്ള വ്യക്തികള്‍ – ശാസ്ത്രലോകം തന്നെ വളരെ വിരളമാണ്. മനുഷ്യന്റെ തെറ്റായ ഇടപെടലുകള്‍ കാരണം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, പകരം വെക്കാന്‍ പറ്റാത്ത ജൈവവൈവിധ്യവും ആവാസവ്യവസ്ഥ ബന്ധങ്ങളും നമ്മുടെ കേവലം കണക്കുകള്‍ക്കുമപ്പുറമാണുതാനും.

കാടിന്റെ ഇല്ലാതായ തുടര്‍ച്ചയും നഷ്ടപ്പെടുന്ന ജൈവ-അജൈവബന്ധങ്ങളും നമുക്കു നഷ്ടപ്പെട്ട പുഴകളും, വറ്റുന്ന ജലായശങ്ങളും തുടര്‍ച്ച നഷ്ടപ്പെട്ട പുഴയോരകാടുകളും അപ്രത്യക്ഷമായ മണല്‍ത്തിട്ടകളും എല്ലാം കൂട്ടിവായിക്കാനും അവ കേരളമെന്ന കൊച്ചുസംസ്ഥാനത്തിന്റെ സാമൂഹിക – സാമ്പത്തിക അടിത്തറയെ എങ്ങനെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുനിഷ്ഠമായ വിശകലനം നടത്താനും നാം ഇതുവരെ തയ്യാറായിട്ടില്ല.

ജലസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെയുള്ള പറഞ്ഞുപഴകിയ വാക്കുകള്‍ ഭരണകര്‍ത്താക്കളടക്കം പൊതുസമൂഹവും സന്നദ്ധസംഘടനകളും നിര്‍ലോഭം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ കേരളീയരുടെ എല്ലാതരം സുരക്ഷയും പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയുടെ നിലനില്‍പ്പുമായി ഇഴുകി ചേര്‍ന്നുകിടക്കുന്നു എന്ന വസ്തുത അഭിമുഖീകരിക്കാന്‍ നാം ഇന്നും തയ്യാറാകുന്നില്ല.

ആദിവാസി സമൂഹങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിയോടുള്ള ആത്മീയ-ജൈവബന്ധത്തിലൂന്നിയ, പാരമ്പര്യബന്ധത്തിലൂന്നിയ കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തില്‍ നിന്നും നാം ഒന്നും പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല ആദിവാസി സമൂഹങ്ങളെ തങ്ങളുടെ ഇടങ്ങളില്‍നിന്നും നമ്മുടെ ജൈവബന്ധങ്ങളില്ലാത്ത മുഖ്യധാര ചിന്താഗതിയിലേക്കും ജീവിതശൈലിയിലേക്കും കൊണ്ടുവരാന്‍ നാം നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ടുതാനും. ശോഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചുകൊണ്ടുവരാന്‍ ആദിവാസി സമൂഹങ്ങളുടെ ഉള്ളറിവിന് സാധിക്കുമായിരുന്ന അവസരം കൂടി ഈ മുഖ്യധാരയിലേക്കുള്ള വലിച്ചിഴക്കലില്‍ കാരണം നഷ്ടപ്പെടുമോ എന്ന പേടിയും ഇല്ലാതില്ല.

കഴിഞ്ഞ 35 വര്‍ഷങ്ങളില്‍ കേരളത്തില്‍ മാറിമാറി വരുന്ന വികസനസങ്കല്‍പ്പങ്ങളും അതുമായി ബന്ധപ്പെട്ടുനടന്നുവരുന്ന പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്.

പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രബിന്ദു സൈലന്റ്വാലി സംരക്ഷണ കാലഘട്ടത്തില്‍ കാടായിരുന്നു. അണക്കെട്ടുകള്‍ക്കു വേണ്ടിയും വ്യവസായങ്ങള്‍ക്കു വേണ്ടിയും റോഡുകള്‍ക്കു വേണ്ടിയും സെലക്ഷന്‍ ഫെല്ലിംഗിന്റെ പേരിലും മറ്റും തുടച്ചു മാറ്റിയ കാടും, കാടിന്റെ തുടര്‍ച്ചയും നമ്മെ അസ്വസ്ഥരാക്കിയിരുന്നു. കേരളത്തില്‍ ഒരുപാട് ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും പ്രകൃതി സംരക്ഷണത്തിനോട് പ്രതിബന്ധതയുള്ള ഒരുതലമുറയെ തന്നെ വാര്‍ത്തെടുക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കി.

കഴിഞ്ഞ 35 വര്‍ഷങ്ങള്‍കൊണ്ട് വികസനത്തിന്റെ പേരില്‍ നടന്നുവരുന്ന പ്രകൃതിവിഭവ ചൂഷണത്തിന്റെ തോതും രീതിയും മാറിയിരിക്കുന്ന കാഴ്ച നമുക്ക് കാണാം, ‘കാട്ടില്‍നിന്നും നാട്ടിലേക്ക്’ എന്ന രീതിയിലാണ് നാശത്തിന്റെ വഴി. കുന്നിടിക്കല്‍, കരിങ്കല്‍ ക്വാറികള്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും മുറിച്ചുപോകുന്ന ഹൈവേകള്‍-റോഡുകള്‍, പുഴ/കായല്‍ മണല്‍ വാരല്‍, നെല്‍വയല്‍ നികത്തല്‍, കിണറുകളും കുളങ്ങളും നികത്തല്‍, നഗരങ്ങളുടെയും ചെറുപട്ടണങ്ങളുടേയും അതിവികസനം എന്നിങ്ങനെ നീണ്ട ഒരു പട്ടിക തന്നെ നിരത്താന്‍ സാധിക്കും.

 
 

വസ്തുതാപരമായ ആത്മപരിശോധന
വികസനത്തിനുവേണ്ടി വിട്ടുകൊടുക്കുന്ന പ്രകൃതി വിഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയ സമൂഹം ഒന്നിരുന്നുചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇന്ന് പിന്തുടര്‍ന്നു പോരുന്ന ഈ വികസന മാതൃകക്ക് അതിരുകളുണ്ടോ? അതിരുകള്‍ ഇല്ല എന്ന രീതിയില്‍ തുടര്‍ന്നുപോരുന്ന ഈ കാഴ്ചപ്പാടിന് ‘അതിവേഗം ബഹുദൂരം’ മുന്നേറാന്‍ ബുദ്ധിമുട്ടാണ് എന്നു തന്നെയാണ് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍ ഏതൊക്കെയാണെന്ന് വസ്തുതാപരമായ ആത്മപരിശോധന നടത്തിയാല്‍ നമുക്ക് ഒരു നീണ്ട പട്ടിക തയ്യാറാക്കാന്‍ കഴിയും. ഇവയില്‍ പലതിനും വ്യക്തമായ കണക്കുകള്‍ പോലുമില്ല എന്നതാണ് വാസ്തവം. ചില പ്രധാന പ്രശ്നങ്ങള്‍ മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നു.

1. കുടിവെള്ളക്ഷാമം – പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതും ചര്‍ച്ചചെയ്യുന്നു. ജലവിതാനം കുറഞ്ഞുവരുന്നതും, ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളും – വയല്‍ നികത്തല്‍, കുന്നിടിക്കല്‍, മണല്‍വാരല്‍- എന്നിവയുടെ ആകെ തുക.

2. ജലത്തിന്റെ ഗുണമേ• മോശമായി. പല പഠനങ്ങളും സൂചിപ്പിക്കുന്നത് പുഴകളിലേയും ജലാശയങ്ങളിലേയും വെള്ളത്തിന്റെ ഗുണമേ• പല കാരണങ്ങള്‍ കൊണ്ട് ശോഷിച്ചിരിക്കുന്നു എന്നതാണ്. സ്വയം ശുദ്ധീകരിക്കുവാനുള്ള സ്വാഭാവികമായ കഴിവ് ( self purification ) നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതിന് പ്രധാന കാരണമായി കാണാം. യോജിപ്പിരിക്കുന്നു എന്നതാണ് പുഴകള്‍ക്ക് സ്വയം ശുദ്ധീകരിക്കാനുള്ള സ്വാഭാവികമായ കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കാന്‍ കാരണം.

3. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടു. ഭൂമിയുടെ സ്വാഭാവിക കിടപ്പും ചെരിവും മണ്ണിന്റെ സ്വഭാവവും തിരിച്ചറിയാതെയുള്ള തെറ്റായ ഭൂവിനിയോഗവും കാടിന്റെ ശോഷണവും കീടനാശിനി – രാസവളപ്രയോഗവും ഇതിന് പ്രധാന കാരണമായി കാണാം.

4. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും വര്‍ദ്ധിച്ചുവരുന്ന തെറ്റായ ഭൂവിനിയോഗവും ജലത്തിന്റെ സ്വാഭാവിക drainage pattern മാറ്റി മറിക്കുന്ന കൃഷിരീതികള്‍ ഈ അവസ്ഥക്കു ആക്കം കൂട്ടി.

5. പുഴകളിലെ വേനല്‍ക്കാലനീരൊഴുക്ക് കുറഞ്ഞു. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന നമ്മുടെ പുഴകള്‍ പലതും കടലില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്നു. ഒരു പുഴത്തടത്തില്‍ പുഴയുടെ നീരൊഴുക്കിലേക്ക് സംഭാവന ചെയ്യുന്ന എല്ലാ ജൈവ -അജൈവ ഘടകങ്ങള്‍ക്കും ശോഷണം സംഭവിക്കുമ്പോള്‍ (വൃഷ്ടിപ്രദേശത്തെ കാടിന്റെ ശോഷണം, അണക്കെട്ടുകള്‍ കാരണം നീരൊഴുക്കില്‍ വന്നു ചേര്‍ന്നിട്ടുള്ള വ്യതിയാനം, പുഴയോരക്കാടുകളുടെ നാശം, മണല്‍ വാരല്‍ പോലുള്ളവ) അതു പുഴയുടെ സ്വാഭാവിക നീരൊഴുക്കു നിര്‍വഹിക്കുന്ന ജൈവികവും ഭൌതികവുമായ ((ecological & bio physical) പല കാര്യങ്ങള്‍ക്കും ഭംഗം സംഭവിക്കുമ്പോള്‍ അതു നീരൊഴുക്കില്‍ പ്രതിഫലിക്കുന്നു.

 
 

വികസന വഹനശേഷി
മേല്‍ സൂചിപ്പിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും നിദാനം പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുന്ന രീതിയിലും തോതിലും വന്നിട്ടുള്ള വളരെ നിരുത്തരവാദിത്തപരമായ സമീപനത്തിലാണ്. ഒരു ഭൂപ്രദേശത്തിന്റെ വഹനശേഷിക്കപ്പുറം (carrying capacity) അവിടുത്തെ പ്രകൃതിവിഭവങ്ങളെ നാം ചൂഷണം ചെയ്യാന്‍ തുടങ്ങിയാല്‍ അത് ഏതു രീതിയിലാണ് തിരിച്ചടിക്കുക ചെയ്യുക എന്നത് പലപ്പോഴും പ്രവചിക്കാന്‍ കൂടി ബുദ്ധിമുട്ടാണ്.

എന്നാല്‍ വഹനശേഷി അപഗ്രന്ഥിക്കുക വഴി ആ ഭൂപ്രദേശത്ത് എത്രമാത്രം വികസനം അഥവാ മനുഷ്യന്റെ ഇടപെടല്‍ ആകാം അഥവാ ആകരുത് എന്നത് നിര്‍വചിക്കാന്‍ സാധിക്കും. ഹിമാലയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന പല നദികളിലും നൂറുകണക്കിന് അണക്കെട്ടുകള്‍ പണിയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ഒരുക്കുമ്പോള്‍ ഈ തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന വാദങ്ങള്‍ ഒരു പുഴയില്‍ എത്ര അണക്കെട്ടുകള്‍ പണിയാം – പുഴയുടെ വഹനശേഷിയെന്താണ് – ഇത്രയധികം അണക്കെട്ടുകള്‍ ഒരു പുഴയില്‍ മൊത്തത്തില്‍ വരുത്തി വെക്കാവുന്ന ആഘാതം എന്തൊക്കെയാകാം – (cumulative impact assessment) എന്നിവയാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്തിലും ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് മാധവ് ഗാഡ്ഗില്‍ പാനല്‍ വഹനശേഷിക്കനുസൃതമായ ഒരു വികസന രീതിക്കുമാത്രമേ ഇനി നിലനില്‍പ്പുള്ളൂ എന്നുള്ള സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെക്കുമ്പോള്‍ അത് തള്ളിക്കളയാന്‍ നിര്‍വാഹമില്ലാതാകുന്നതും.

കേരളത്തിലെ ഭരണ – രാഷ്ട്രീയരംഗത്തുള്ളവര്‍ പശ്ചിമഘട്ട പാനലിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ഇവിടെ വികസനം മുരടിക്കും എന്ന് വാദിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടുള്ള വികസനസമീപനം എടുക്കുന്നു എന്നുതന്നെ വേണം കരുതാന്‍. ഒരു പക്ഷെ എന്താണ് പരിസ്ഥിതി പ്രധാനമേഖല (ecologically sensitive area) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്താല്‍ അവിടെ ഏതുതരത്തിലുള്ള ഭൂവിനിയോഗവും പ്രകൃതി-മനുഷ്യവിഭവ പരിപാലനവും സാധ്യമാവും എന്നും പൊതുസമൂഹത്തില്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടാത്തതിന്റെ അഭാവമാകാം ഇത്തരം സംശയങ്ങള്‍ക്ക് കാരണം.

നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വികസനസമീപനം പാരിസ്ഥിതിക ആഘാതങ്ങളെ ശരിയായ രീതിയിലും വ്യാപ്തിയിലും ആഴത്തിലും അപഗ്രഥിക്കുന്നില്ല. ഒരു ഭൂപ്രദേശത്തിന്റെ വികസന വഹനശേഷിയും കണക്കിലെടുക്കുന്നില്ല. ഉദാഹരണത്തിന് ഒരു പഞ്ചായത്തില്‍ എത്ര കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്കാം, ഒരു പുഴയില്‍ എത്ര അണക്കെട്ട് പണിയാം, ഒരു പുഴയില്‍ നിന്നും എത്രത്തോളം മണല്‍/വെള്ളം ഊറ്റിയെടുക്കാം. ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍, പ്രസ്തുത പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഒഴിവാക്കാനാകാത്തതും പരിഹരിക്കാനാകാത്തതുമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ വരുത്തിവെക്കുമെന്ന അവബോധത്തോടെ, കാഴ്ചപ്പാടോടെയുള്ള വികസന സമീപനം ഉണ്ടാക്കുന്നില്ല.

ഇതു തന്നെയാണ് ഏറ്റവും ലളിതമായ തലത്തില്‍ വികസന വഹനശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വികസനവുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും പാരിസ്ഥിതിക പ്രാധാന്യമുള്ള ആസൂത്രണം നടപ്പിലാക്കുകയെന്നതാണ് ESA അടിസ്ഥാനപ്പെടുത്തിയുള്ള പ്രകൃതിവിഭവങ്ങളുടെ ആസൂത്രണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ ഇടുക്കിയിലെ കര്‍ഷകര്‍ ഭയക്കുന്നതുപോലെ ESA അനുസൃതമായിട്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നാല്‍ കൃഷി നിര്‍ത്തി മലനാട് ഉപേക്ഷിച്ച് താഴ്വാരങ്ങളിലേക്ക് ഇറങ്ങേണ്ടിവരും എന്ന വാദത്തില്‍ കഴമ്പില്ല.

ESA വികസന സമീപനത്തില്‍ ആ ഭൂപ്രദേശത്ത് ജീവിക്കുന്ന ജനസമൂഹങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നില്ല, അവര്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുന്നില്ല. വന്യജീവി സംരക്ഷണനിയമം (Wildlife Protection Act) പോലെ വിലക്കുകല്‍പ്പിക്കുന്ന നിയമത്തിന്റെ കീഴിലല്ല, പരിസ്ഥിതി സംരക്ഷണം നിയമത്തിന്റെ (Environmental Protection Act, 1986) കീഴിലാണ് ഒരു പ്രദേശം പരിസ്ഥിതി പ്രാധാന്യമേഖല ESA യായി പ്രഖ്യാപിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ 1989 മുതല്‍ ഒരുപാട് ESA കള്‍ പരിസ്ഥിതി സംരക്ഷണം നിയമത്തിന്റെ (1986) കീഴില്‍ വിജ്ഞാപനം ചെയ്തുകഴിഞ്ഞു.

പശ്ചിമഘട്ട മേഖലയില്‍ മാതേരാന്‍, മഹാബലേശ്വര്‍ – പാഞ്ച്ഗനി എന്നീ രണ്ട് ടൂറിസം പ്രാധാന്യമുള്ള മേഖലകളിലാണ് ആദ്യത്തെ ESA വിജ്ഞാപനങ്ങള്‍ നിലവില്‍ വന്നത്. ഇവ രണ്ടും വിജ്ഞാപനം ചെയ്യുന്നതില്‍ സന്നദ്ധസംഘടനകള്‍ ഏറിയ പങ്ക് വഹിച്ചിട്ടുണ്ടുതാനും. മറ്റു നിയമാനുസൃത സംരക്ഷിത മേഖലകളില്‍ നിന്നും വ്യത്യസ്തമായി (ബഫര്‍ സോണ്‍, ദേശീയോദ്യാനം, വന്യജീവി സങ്കേതങ്ങള്‍) ESA വിജ്ഞാപനം ഒരു ജനകീയ പങ്കാളിത്ത പ്രക്രിയയില്‍ കൂടിയാണ് ഉടനീളം നടപ്പിലാക്കുക. ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യുവാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കാന്‍, 2000 ത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ പ്രണബ്സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പാരിസ്ഥിതിക അളവുകോലാണ് (Ecological criteria) അവലംബം. അതുപോലെ തന്നെ 2003ലെ വിജയരാഘവന്‍ കമ്മിറ്റിയുടെ ഹില്‍സ്റേഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്.

 
 

കടമ്പകള്‍ ഏറെ

മേഖലാ അഥവാ ഡിപാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന വികസന പ്രക്രിയയില്‍നിന്നും വ്യതസ്തമായി ഒരു ഭൂപ്രദേശത്തിന്റെ (landscape) മൊത്തം പാരിസ്ഥിതിക – മാനുഷിക – സാമൂഹിക – സാംസ്കാരിക വികസന സാധ്യതകളും പ്രശ്നങ്ങളും വിലയിരുത്തി, ഭൂപ്രദേശതല ആസൂത്രണം(landscape level planning) നടപ്പിലാക്കുകയെന്നതാണ് ഋടഅ കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭൂപ്രദേശത്തിന്റെ മൊത്തം ജനവിഭാഗത്തിന്റെ പങ്കാളിത്തവും സമരവും ഇതിനാവശ്യമായിവരുന്നു.

ഒരുപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. താഴെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങളാണ് മുഖ്യമായും പരിപാലിക്കപ്പെടേണ്ടത്.

1. ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യാന്‍ സാധ്യതകളുണ്ടോ എന്നുള്ള പരിശോധന-പ്രൊണാബ് സെന്‍ കമ്മിറ്റി 2000, ഹില്‍ സ്റേഷന്‍ കമ്മിറ്റി, 2003 എന്നിവയില്‍ പ്രതിപാദിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം.

2. ESA ആയി പ്രഖ്യാപിക്കാന്‍ പറ്റിയ പ്രദേശമാണെന്ന് തീര്‍ച്ചപ്പെടുത്തി കഴിയുമ്പോള്‍ ഭൂപ്രദേശത്തിന്റെ അതിരുകള്‍ തിട്ടപ്പെടുത്തുക. കഴിവതും നിര്‍മറിത്തട അടിസ്ഥാനത്തില്‍ അതിരുകള്‍ തീരുമാനിക്കുന്നതിന് അഭികാമ്യം.

3. മേല്‍ സൂചിപ്പിച്ച (1) (2) വച്ച് ഒരുകരട് രൂപരേഖ തയ്യാറാക്കുക. ആ ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക വിലോലത, ജനസംഖ്യ, കാലാവസ്ഥ, ഭൂവിനിയോഗം, നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, സസ്യ – ജന്തു വൈവിധ്യവും തദ്ദേശീയതയും, മനുഷ്യ – വന്യജീവി സംഘര്‍ഷം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്രരൂപരേഖയാണ് തയ്യാറാക്കേണ്ടത്. പ്രസ്തുത രൂപരേഖയില്‍ ഒരു പ്രദേശം ESA ആയി പ്രഖ്യാപിക്കാനുള്ള യോഗ്യതകളും ഉള്‍പ്പെട്ടിരിക്കുന്നു.

4. കരടു രൂപരേഖ പ്രസ്തുത ഭൂപ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സമക്ഷം ചര്‍ച്ചയ്ക്ക് വയ്ക്കുക (വിവിധ വകുപ്പുമേധാവികള്‍, ജില്ലാ കളക്ടര്‍, കൃഷിക്കാര്‍, പഞ്ചായത്തുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്യാദി). അവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും മനസ്സിലാക്കുക.

5. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരടുരൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുക.

6. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മേല്‍ സൂചിപ്പിച്ച പ്രക്രിയ നടപ്പിലാക്കുന്നതെങ്കില്‍ ഗ്രാമസഭകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് രൂപരേഖ തയ്യാറാക്കുക. ഉദാഹരണത്തിന് ESA ആയി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ഭൂപ്രദേശത്തിന്റെ ഉള്ളില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍, അഞ്ചിടങ്ങളിലും ഗ്രാമസഭ വളിച്ചുകൂട്ടി/ ഗ്രാമപഞ്ചായത്ത് തലത്തില്‍ മീറ്റിംഗുകള്‍ വിളിച്ചുകൂട്ടി രൂപരേഖ ചര്‍ച്ചയ്ക്കു വെക്കേണ്ടതാണ്. ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും ഇതു വഴി ദൂരീകരിക്കേണ്ടതാണ്.

7. അതാതു സംസ്ഥാനത്തിന്റെ ടൌണ്‍ ആന്റ് കണ്‍ട്രി ആക്ട് പ്രകാരമാണ് ESA രൂപരേഖകള്‍ തയ്യാറാക്കേണ്ടത്. മാത്രമല്ല, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ESA നോട്ടിഫിക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഓരോ ESA യ്ക്കും പ്രാദേശിക മാസ്റര്‍ പ്ളാനുകള്‍ തയ്യാറാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വായിക്കും. ഒരു ഭൂപ്രദേശം ESA ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടത്തെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് 20 വര്‍ഷത്തേക്കുള്ള നയരേഖകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ടിയിരുന്നത്.

പ്രസ്തുത മാസ്റര്‍ പ്ളാനില്‍ പാരിസ്ഥിതിക പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കാവുന്നതും നടപ്പിലാക്കാന്‍ പറ്റാത്തതുമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശം ESA ആയി പ്രഖ്യാപിച്ചാല്‍ അതില്‍ പുതിയ ഖനനം, മാരകമായ രാസ വ്യവസായങ്ങള്‍ എന്നിവയ്ക്ക് തീര്‍ത്തും നിരോധനം ഏര്‍പ്പെടുത്തുന്നതാണ്. മേഖല അടിസ്ഥാനത്തില്‍ വ്യവസായങ്ങള്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ടൂറിസം, റോഡ് ഗതാഗതം, കാട്, നാട്ടിലെ മരങ്ങള്‍, ജൈവവൈവിധ്യം, കൃഷി, പ്രകൃതിസമ്പത്ത്, പ്ളാസ്റ്റിക്കിന്റെ ഉപയോഗം, മലിനീകരണം, അണക്കെട്ടുകളുടെ പ്രവര്‍ത്തനം, വൃഷ്ടിപ്രദേശത്തിന്റെ സംരക്ഷണം, ജലവിഭവപരിപാലനം എന്നിങ്ങനെ ഓരോ മേഖലയ്ക്കും 20 വര്‍ഷത്തേക്കുള്ള നയരേഖകള്‍ തയ്യാറാക്കുകയും നിലവിലുള്ള വികേന്ദ്രീകരണ ഭരണസംവിധാനം വഴി നടപ്പിലാക്കുകയും ചെയ്യണം.

8. പാരിസ്ഥിതിക പുനരുജ്ജീവനപ്രവര്‍ത്തനങ്ങളില്‍ വഴിയോര മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, നീര്‍മറിത്തട പുനരുജ്ജീവനം, വൃഷ്ടിപ്രദേശത്തെ കാടിന്റെ പുനരുജ്ജീവനം, മാലിന്യസംസ്കരണം, പുഴയോര കാടുകളുടെ പുനഃസ്ഥാപനം, ജൈവകൃഷിയിലേക്കുള്ള ഘട്ടംഘട്ടമായിട്ടുള്ള മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

 
 

റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം
മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.

കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാണ് പശ്ചിമഘട്ടമെന്ന അതിപുരാതനമായ മലനിരകള്‍. അവശേഷിക്കുന്ന തുണ്ടു കാടുകളും ഒഴുകാന്‍ വെമ്പല്‍ കൊള്ളുന്ന കൊച്ചുപഴുകളും ഭൂപടത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിലെ കുന്നിന്‍ നിരകളും ഇവിടെ സംവത്സരങ്ങളായി നിലനിന്നുപോരുന്ന ആദിവാസി സംസ്കാരവും അനന്യമായ ജൈവസമ്പത്തും എല്ലാം ഒരുമിച്ച് സംരക്ഷിക്കാനും ഭാവിയിലേക്ക് പരിപാലിക്കാനും ഉതകുന്ന ഒരു വികസന കാഴ്ചപ്പാടാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ഇതൊരു തുടക്കം മാത്രം.

പരിസ്ഥിതിയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും സങ്കീര്‍ണ്ണതകളോടും കൂടി നെഞ്ചോട് ചേര്‍ത്ത് വെച്ച്, രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പിന്‍ബലത്തോടു കൂടിയതും തുറന്ന സമീപനത്തോടുകൂടിയതും ആയ, പാരിസ്ഥിതിക പ്രാധാന്യമുള്ളതും വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ ആസൂത്രണ Ecologically Sensitive and inclusive planning) പ്രക്രിയയിലേക്ക് കേരളം ചുവടുവയ്ക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം എന്നതാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.
 
 
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)

Leave a Reply

Your email address will not be published. Required fields are marked *