ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍.. എസ്.പി. രവി എഴുതുന്നു

 
 

ESA/ESZ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പാടില്ലെന്ന് പറയുന്നില്ല. പരിസ്ഥിതിക്കിണങ്ങുന്ന പുരോഗതിക്കായി ജനപങ്കാളിത്തത്തോടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി അതിനനുസരിച്ച് പുരോഗമനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് ഇടുക്കിയിലേയും വയനാട്ടിലേയും ജനങ്ങള്‍ കുടിയിറങ്ങേണ്ടിവരുമെന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. WGEEP റിപ്പോര്‍ട്ടില്‍ വിവിധ സോണുകളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ മിക്ക നിര്‍ദ്ദേശങ്ങളും നിലവിലുള്ള പരിസ്ഥിതി സംരക്ഷണനിയമങ്ങളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ എന്നു കാണാം. ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള നിയമങ്ങള്‍/- നയങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്-എസ്.പി. രവി എഴുതുന്നു

 

 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ധസമിതി(Western Ghats Ecology Expert panel – WGEEP) രൂപീകരിച്ചത് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയമാണ്. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്‍പന്തിയില്‍ പരിസ്ഥിതി-വനം മന്ത്രാലയം (MoEF) തന്നെയാണ്. 2010 മാര്‍ച്ചില്‍ WGEEP രൂപീകരിക്കുമ്പോഴും 2011 ആഗസ്റില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷവും മന്ത്രാലയത്തിന്റെ നിലപാടിലുണ്ടായ മാറ്റത്തിന് ഒരൊറ്റ വിശദീകരണമേയുള്ളൂ.

കേരളത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി എന്നറിയപ്പെടുന്ന WGEEP രൂപീകരിക്കുന്നതിനു മുന്‍കൈയ്യെടുത്ത അന്നത്തെ പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു. (മുന്‍കാലങ്ങളിലെപ്പോലെ തങ്ങളുടെ മുന്നിലെത്തുന്ന മിക്ക പദ്ധതികള്‍ക്കും ജയറാം രമേഷിന്റെ കാലത്തും MoEF പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. വേദാന്തയുടെ ബോക്സൈറ്റ് ഖനനം, അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങി വിരലിലെണ്ണാവുന്ന ചില പദ്ധതികളെ മാത്രമാണദ്ദേഹം എതിര്‍ത്തത്. എന്നാല്‍ ഇതുപോലും വികസന തീവ്രവാദികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.)

ഗാഡ്ഗില്‍ കമ്മിറ്റിയുടെ പഠനം നടക്കുമ്പോള്‍ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാവുന്ന വിധത്തില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം അത് പൊതുജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാനാണ് MoEF ശ്രമിച്ചത്. റിപ്പോര്‍ട്ടിനോട് വിയോജിപ്പുള്ള ഖനി, വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ കേന്ദ്രവകുപ്പുകള്‍ക്കും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കിക്കൊണ്ട് അവരുടെ എതിര്‍പ്പ് എഴുതി വാങ്ങാനാണ് പരിസ്ഥിതി-വനം മന്ത്രാലയം ശ്രമിച്ചത്. (റിപ്പോര്‍ട്ടിനെ സ്വാഭാവികമായും എതിര്‍ക്കുന്ന ഗോവയിലെ ഖനിലോബികള്‍ക്ക് കേന്ദ്രത്തില്‍ സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെതന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നുവത്രേ!)

വിവരാവകാശനിയമപ്രകാരം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തെറ്റായ കാരണങ്ങള്‍ നിരത്തി റിപ്പോര്‍ട്ട് നല്‍കാതിരിക്കാനാണ് MoEF ശ്രമിച്ചത്. കേന്ദ്രവിവരാവകാശകമ്മീഷണറുടെ ഉത്തരവുപോലും പാലിക്കാതെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച MoEF ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നുകൂടി രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയശേഷമാണ് തങ്ങളുടെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും WGEEP റിപ്പോര്‍ട്ടി•ല്‍ അഭിപ്രായമറിയിക്കാന്‍ ആറുമാസത്തിലധികം സമയം നല്‍കിയ MoEF രണ്ടു വാല്യങ്ങളിലായി അനുബന്ധങ്ങള്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം പേജുള്ള ഈ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ദിവസം മുതല്‍ 45ദിവസം മാത്രമാണ് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ ലഭ്യമാക്കിയത്. (ഈ ചുരുങ്ങിയ സമയത്തിനിടയില്‍ത്തന്നെ പൊതുജനങ്ങളില്‍ നിന്നും 1200 കത്തുകളാണ്/ഇമെയിലുകളാണ് മന്ത്രാലയത്തിനു ലഭിച്ചത്.)

ഇതിനിടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി പശ്ചിമഘട്ടസംസ്ഥാനങ്ങളിലെ വിവിധപരിസ്ഥിതി സംഘടനകള്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ (NGT) സമീപിച്ചിരുന്നു. NGT അവരുടെ ഇടക്കാല ഉത്തരവില്‍, ഗാഡ്ഗില്‍ കമ്മിറ്റി ESZ 1 ല്‍ പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ പുതുതായി ഏതെങ്കിലും പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുകയാണെങ്കില്‍ അത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കണമെന്നു പറഞ്ഞു. ഇതിനെതിരെ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം NGT – യെ സമീപിച്ചെങ്കിലും അവര്‍ മുന്‍ ഉത്തരവു ശരിവയ്ക്കുകയാണ് ചെയ്തത്.

നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കൊപ്പം പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ആവശ്യപ്പെട്ട കര്‍ണ്ണാടകയിലെ ഗുണ്ടിയ ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കണമെന്ന് MoEF നു കീഴില്‍ പ്രവര്‍ത്തിക്കുന്ന നദീതടപദ്ധതികള്‍ക്കായുള്ള എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (EAC) ആവശ്യപ്പെട്ടതും WGEEP റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിത്തന്നെ കാണണം. ESZ 1 ല്‍ WGEEP റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കെതിരായ പദ്ധതികള്‍ക്കനുമതി നല്‍കുന്നതിന് NGT യുടെ വിലക്കുള്ളതിനാല്‍ മാത്രം EAC യുടെ ശുപാര്‍ശയ്ക്കനുസരിച്ച് ഗുണ്ടിയ പദ്ധതിക്കനുമതി നല്‍കാന്‍ MoEF എനായില്ല.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച് പശ്ചിമഘട്ടത്തില്‍ ഇനിയും വിനാശകരമായ പല പദ്ധതികളും നടപ്പാക്കാനുളള അധികൃതരുടെ ശ്രമങ്ങള്‍ക്ക് ചഏഠ യുടെ ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി തടയിട്ടിട്ടുണ്ട്. എന്നാല്‍ ആത്യന്തികമായി ഈ റിപ്പോര്‍ട്ടിന്റെ അന്ത്യകൂദാശ നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് MoEF ഇതിനു കാര്‍മികത്വം വഹിക്കാനുള്ള ചുമതല ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

 
 

കസ്തൂരിരംഗന്‍ കമ്മിറ്റി
WGEEP റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രമന്ത്രാലയങ്ങളുടേയും മററുള്ളവരുടേയും പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടിനെ സമഗ്രമായി പരിശോധിക്കാനാണ് ഡോ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഹൈ ലെവല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് (HLWG) രൂപീകരിച്ചത് എന്നാണ് ഒഘണഏ യുടെ ടേംസ് ഓഫ് റഫറന്‍സ് (ToR) പറയുന്നത്.

ജൈവവൈവിധ്യം, വന്യജീവികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിന് സവിശേഷ ശ്രദ്ധ നല്‍കിക്കൊണ്ട് മേഖലയുടെ സാമ്പത്തിക, സാമൂഹിക വളര്‍ച്ച ഉറപ്പാക്കുക, തദ്ദേശീയരുടേയും ആദിവാസികളുടേയും അവകാശങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുക, കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിശോധിക്കുക, യുനെസ്കോയുടെ പൈതൃകപദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ TOR ആവശ്യപ്പെടുന്നു. WGEEP റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനും HLWG- നോടാവശ്യപ്പെട്ടിട്ടുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റിയിലെ അനുദ്യോഗസ്ഥഅംഗങ്ങള്‍ മിക്കവരും അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരായിരുന്ന സ്ഥാനത്ത്, മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ഭൌതികശാസ്ത്രജ്ഞനുമായ ഡോ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള HLWG- ല്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പോലുമില്ല. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും മറ്റു തല്‍പ്പരകക്ഷികളുമായും, വിശേഷിച്ച് പരിസ്ഥിതി രംഗത്തുള്ളവരുമായും (Environmentalists and conservation specialists) ചര്‍ച്ചകള്‍ നടത്തണമെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ToR ല്‍ പറയുന്നുണ്ടെങ്കിലും പരിസ്ഥിതി രംഗത്തുള്ളവരുമായി ചര്‍ച്ച നടത്തേണ്ടതില്ല എന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.(Minutes of HLWG meeting on 28/08/12, 18/08/12). ഗാഡ്ഗില്‍ കമ്മിറ്റി പരിസ്ഥിതിവിഷയങ്ങള്‍ വിശദമായി പരിശോധിച്ചതിനാല്‍ ആവര്‍ത്തനം ആവശ്യമില്ലെന്നാണിവരുടെ ന്യായം.

ബന്ധപ്പെട്ട സംസ്ഥാനങ്ങളോട്, WGEEP റിപ്പോര്‍ട്ടിനോടുള്ള അവരുടെ എതിര്‍പ്പുകള്‍ വ്യക്തമാക്കാവുന്ന രീതിയിലുള്ള ചോദ്യാവലിക്ക് മറുപടി നല്‍കാനാവശ്യപ്പെടുകയും പശ്ചിമഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുന്ന സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്ത HLWG- ന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാണല്ലോ. ഗാഡ്ഗില്‍ കമ്മിറ്റി കണക്കാക്കിയ പരിസ്ഥിതി പ്രധാന സോണുകളുടെ അതിരുകള്‍ ശരിയല്ലെന്നും അവ പുനര്‍നിര്‍ണ്ണയിക്കണമെന്നുമുള്ള HLWG- ന്റെ വിലയിരുത്തല്‍ കൂടിയാകുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തകനാകാന്‍ തന്നെയാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നീക്കമെന്ന സംശയം ബലപ്പെടുകയാണ്. അതിരപ്പിള്ളി, ഗുണ്ടിയ തുടങ്ങിയ വിഷയങ്ങളിലും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി മാത്രം ചര്‍ച്ച നടത്താനാണ് കസ്തൂരിരംഗന്‍ കമ്മിറ്റി തയ്യാറെടുക്കുന്നത്. 2012 ആഗസ്റ് 18ന് രണ്ട് മാസത്തെ കാലാവധിയുമായാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതെങ്കിലും ഇപ്പോള്‍ അവരുടെ കാലാവധി 4മാസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.

 
 

കേരളത്തിന്റെ എതിര്‍പ്പുകള്‍
മഴമേഘങ്ങളുമായെത്തുന്ന മണ്‍സൂണ്‍ വാതങ്ങളെ തടുത്തുനിര്‍ത്തി മഴ പെയ്യിച്ചും, നാടിനെ സമൃദ്ധമാക്കുന്ന നദികള്‍ക്ക് ജ•മേകിയും, കാലാവസ്ഥയെ നിയന്ത്രിച്ചും, ഔഷധസസ്യങ്ങളും കാര്‍ഷികവിളകളുടെ വന്യജനുസ്സുകളും പ്രദാനം ചെയ്തും, ഉള്‍നാടന്‍-തീരദേശമത്സ്യസമ്പത്തിനെ പരിപോഷിപ്പിച്ചും വലിയ സേവനമാണ് പശ്ചിമഘട്ട മലനിരകളും അവിടുത്തെ വനങ്ങളും നമുക്ക് നല്‍കിയിരുന്നത്.

നമ്മെ സംരക്ഷിക്കുന്ന ഈ മലനിരകളെ അതിന്റെ സകലവിശുദ്ധിയോടെയും നിലനിര്‍ത്തേണ്ട ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാരുകള്‍ ഇത്രയുംകാലം ഈ ദൌത്യം നിറവേറ്റുന്നതില്‍ പരാജയമായിരുന്നു. നാടിന്റെ നിലനില്‍പ്പിനുവേണ്ടി പഴയതെറ്റുകള്‍ കുറേയൊക്കെ തിരുത്തുവാനും ഇനിയെങ്കിലും ഈ ജൈവവിസ്മയത്തെ സംരക്ഷിക്കുവാനുമുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ഈ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ട സംസ്ഥാനസര്‍ക്കാര്‍ ഗോവയിലെ ഖനിലോബികള്‍ക്കും മററു സ്ഥാപിതതാല്‍പര്യങ്ങള്‍ക്കുമൊപ്പം ഈ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അത് കേരളത്തിന്റെ വികസനത്തെ ഇല്ലാതാക്കുമെന്നും സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളുപയോഗിച്ച് ഇവിടെ വളരെ കാര്യക്ഷമമായി പരിസ്ഥിതി സംരക്ഷണം നടക്കുന്നുണ്ടെന്നും പുതിയ നിയന്ത്രണങ്ങളുടേയോ പുതിയ അഥോറിറ്റിയുടേയോ ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിനയച്ച കത്തിലെ രത്നച്ചുരുക്കം.

 
 
സംസ്ഥാനം ഉന്നയിച്ച പ്രധാന എതിര്‍പ്പുകള്‍ ഇവയാണ്.

1. ഗാഡ്ഗില്‍ കമ്മിറ്റി അവരുടെ പഠനത്തിനായി കണക്കാക്കിയ അതിരുകള്‍ അന്തിമമല്ലെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തെ വിവിധ സോണുകളായി തിരിച്ചത് തെറ്റാണ്.

2. സോണ്‍ 1ന് ചില മാനദണ്ഡങ്ങള്‍ പറയുന്നുണ്ടെങ്കിലും രണ്ടിനും മൂന്നിനും കൃത്യമായ മാനദണ്ഡമില്ല.

3. സംസ്ഥാനത്ത് നിലവിലുള്ള (ഇരുപതോളം) നിയമങ്ങള്‍ ഇവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമാണ്. കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിനുകീഴില്‍(EPA 1986) പശ്ചിമഘട്ടപരിസ്ഥിതി അഥോറിറ്റി (Western Ghats Ecology Authority WGEA) രൂപീകരിച്ചാല്‍ അത് സംസ്ഥാന നിയമങ്ങള്‍ക്ക് അതീതമായിരിക്കും.

4. ഉയര്‍ന്ന പാരിസ്ഥിതിക അവബോധമുള്ള ജനത ഇവിടുത്തെ പരിസ്ഥിതിയുടെ കാവല്‍ക്കാരായി (Watch Dogs) ഉള്ളതിനാല്‍ ഇവിടെ പുതിയ ഒരു അഥോറിറ്റി ആവശ്യമില്ല. WGEA രൂപീകരിക്കുകയാണെങ്കില്‍ തന്നെ സംസ്ഥാനത്തെ അതിന്റെ പരിധിയില്‍നിന്നൊഴിവാക്കണം.

5. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38863 ചതുരശ്രകിലോമീറ്ററില്‍ 21856 ചതുരശ്രകിലോമീറ്റര്‍ (56ശതമാനം) പശ്ചിമഘട്ടത്തിലാണ്. 1279.3ച.കി.മീ ഉള്‍നാടന്‍,. തീരദേശ തണ്ണീര്‍ത്തടങ്ങളും 300 ച.കി.മീ തീരദേശസംരക്ഷണനിയമത്തിന്റെ (CRZ) പരിധിയിലുമാണ്. 3818 ച.കി.മീറ്റര്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമത്തിന്റെ പരിധിയിലാണ്.

ആകെ 26983.6 ച.കി.മീറ്റര്‍ (69.4 ശതമാനം) ഭൂപ്രദേശം വിവിധനിയന്ത്രണങ്ങളിലാണ്. ബാക്കി 11879.4 ച.കി.മീറ്റര്‍ (30.6 ശതമാനം) പ്രദേശം മാത്രമാണ് സംസ്ഥാനത്ത് ജനവാസത്തിനും കൃഷിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭ്യമായിട്ടുള്ളത്. ഇനിയും നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനു താങ്ങാനാകില്ല. 50വര്‍ഷം പഴക്കമെത്തിയ അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യണം തുടങ്ങിയ ചില നിര്‍ദ്ദേശങ്ങള്‍ പൈശാചികമാണ്. ഇത് നടപ്പാക്കിയാല്‍ ചുരുങ്ങിയ സമയത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായി ഇരുട്ടിലാകും.

 
 

തെറ്റായ വിവരങ്ങളും പച്ചക്കള്ളങ്ങളും
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില അവ്യക്തതകളെ പെരുപ്പിച്ചു കാണിച്ചും തെറ്റായ വിവരങ്ങളും പച്ചക്കള്ളങ്ങളും പറഞ്ഞുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കത്ത് തയ്യാറാക്കിയിരിക്കുന്നത്. ESZ- കളുടെ അതിരുകളെ സംബന്ധിച്ച് ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴുള്ള അതിരുകള്‍ ഗ്രാമസഭാതലം മുതലുള്ള ചര്‍ച്ചകളിലൂടെ അന്തിമമായി പുനര്‍നിര്‍ണ്ണയിക്കണമെന്ന് റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രക്രിയ സമയബന്ധിതമായി നടപ്പാക്കിയാല്‍ അതിരുകള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഇതിനു മുന്‍പുതന്നെ പൂര്‍ണ്ണമായും പശ്ചിമഘട്ടത്തില്‍ പെടാത്ത താലൂക്കുകളെ സംബന്ധിച്ച് പശ്ചിമഘട്ടത്തിനു പുറത്തുള്ള പ്രദേശങ്ങള്‍ക്ക് സോണുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല എന്ന് വ്യക്തമാക്കേണ്ടതാണ്.

സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളുപയോഗിച്ച് വളരെ ഫലപ്രദമായി പരിസ്ഥിതി സംരക്ഷണം നടക്കുന്നുണ്ടെന്ന വാദം മുഴുവന്‍ കേരളീയരേയും കളിയാക്കുന്നതിനു തുല്യമാണ്. കത്തിലെ ഏറ്റവും വലിയ കള്ളം സംസ്ഥാനത്തെ 30.6ശതമാനം സ്ഥലത്ത് മാത്രമേ ജനവാസവും കൃഷിയും വികസനവുമുള്ളൂ എന്ന വാദമാണ്. ശോഷിച്ച വനങ്ങള്‍ ഉള്‍പ്പടെ 15ശതമാനം സ്ഥലം പോലും ജനവാസവും കൃഷിയും മറ്റുമില്ലാതെ ഇന്ന് സംസ്ഥാനത്തുണ്ടാകില്ല. WGEA യുടെ ഘടനയേയും ചുമതലകളേയും കുറിച്ച് കുറേക്കൂടി ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതിനോട് യോജിക്കാമായിരുന്നു. എന്നാല്‍ WGEA വേണ്ടെന്നു പറയുന്നത് പശ്ചിമഘട്ടത്തെ ഇനിയും കൊള്ളയടിക്കാന്‍ വേണ്ടിയാണെന്നേ കണക്കാക്കാനാകൂ.

ESA/ESZ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പാടില്ലെന്ന് പറയുന്നില്ല. പരിസ്ഥിതിക്കിണങ്ങുന്ന പുരോഗതിക്കായി ജനപങ്കാളിത്തത്തോടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി അതിനനുസരിച്ച് പുരോഗമനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് ഇടുക്കിയിലേയും വയനാട്ടിലേയും ജനങ്ങള്‍ കുടിയിറങ്ങേണ്ടിവരുമെന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. WGEEP റിപ്പോര്‍ട്ടില്‍ വിവിധ സോണുകളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ മിക്ക നിര്‍ദ്ദേശങ്ങളും നിലവിലുള്ള പരിസ്ഥിതി സംരക്ഷണനിയമങ്ങളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ എന്നു കാണാം. ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള നിയമങ്ങള്‍/- നയങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും ഈ റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്. പശ്ചിമഘട്ടത്തിന്റെ നാശത്തിന്റെ തോത് കുറയ്ക്കാനും പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ റിപ്പോര്‍ട്ട് പ്രയോജനപ്പെടും. ഈ റിപ്പോര്‍ട്ടിനെ കുഴിച്ചു മൂടാനുള്ള സംഘടിതശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചേ മതിയാകൂ.
 
 
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

One thought on “ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

  1. കേരളത്തിലെ ഉരുള്‍ പൊട്ടുന്ന എല്ലാ സ്ഥലവും ഗാഡ് ഗില്‍ /കസ്തുരി രംഗന്‍ റിപ്പോര്‍ട്ട്‌ പറഞ്ഞിട്ടുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ആണ് ഉള്ളത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ഉള്ള കൃഷി രീതികളും ചെറിയ പ്രകൃതി സൗഹൃദ വീടുകളുമാണ് നിര്‍മ്മിക്കേണ്ടത്. വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളില്‍ പ്രകൃതിക്കു ദോഷകരമാണ്. അറിഞ്ഞു കൊണ്ട് ഇനിയും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരെ തിരിച്ചറിയുക.

Leave a Reply to jomy jose Cancel reply

Your email address will not be published. Required fields are marked *