മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

 
 
 
 
ഗാഡ്ഗില്‍ ശുപാര്‍ശകള്‍ക്കെതിരെ അട്ടഹസിക്കുന്നവര്‍ വിഡ്ഡിവേഷം കെട്ടുകയാണ്.സണ്ണി പൈകട എഴുതുന്നു

 
 

പശ്ചിമഘട്ടത്തിലെ കര്‍ഷക സമൂഹം കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരുമായ ആര്‍ത്തിപ്പണ്ടാരങ്ങളാണെന്ന മുന്‍വിധിയുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. അവര്‍ നഗരങ്ങളിലിരുന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പുകഴ്ത്തി ചര്‍ച്ചകള്‍ നടത്തുകയും മലയോരം മുടിക്കുന്ന അസുര ജനതയെ നിര്‍ദ്ദാക്ഷണ്യം കുടിയിറക്കണമെന്ന് വാദിക്കുകയും ചെയ്തെന്നുവരും. അത്തരം വാദഗതികളാവും കര്‍ഷക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഫലപ്രദമായി ഉപയോഗിക്കുക. പശ്ചിമഘട്ടത്തിലെ കര്‍ഷക ജനത അന്യഗ്രഹങ്ങളില്‍ നിന്നോ ശത്രു രാജ്യത്തു നിന്നോ ഒളിച്ചു കടന്നുവന്നവര്‍ അല്ല. കാലാകാലങ്ങളില്‍ ഇന്നാട്ടില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലേക്ക് കൃഷിക്കായി കുടിയേറിയവരാണ്-സണ്ണി പൈകട എഴുതുന്നു

 

 

ഞാനൊരു കര്‍ഷകനാണ്. പശ്ചിമഘട്ടത്തിലെ ഒരു മലയോര ഗ്രാമത്തില്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവന്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഏറെ ആശങ്കകളുണര്‍ത്തുന്ന വെളിപ്പെടുത്തലുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത് സ്വാഭാവികമായും ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മലയോര മേഖലയില്‍ ഒരു മൂട് മരച്ചീനി നടുവാന്‍ പോലും ഇനിയാവില്ല എന്നാണ് ഒരു ബിഷപ്പ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.

ഇതെല്ലാം, ശമ്പളത്തിന്റെയോ പെന്‍ഷന്റെയോ സുരക്ഷിതത്വമില്ലാതെ മലയോരങ്ങളില്‍ മണ്ണിലദ്ധ്വാനിച്ച് ജീവിക്കുന്ന ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും ഈ വിധത്തിലുള്ള ഒരു അങ്കലാപ്പോടെയാണ് ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വായിച്ചത്. മലയോര ജനതയെ കുടിയിറക്ക് എന്ന് പറഞ്ഞ് ഭീതിയുടെ ഗര്‍ത്തത്തിലേക്ക് ചിലര്‍ തള്ളിയിടുന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണെനിക്ക് മനസ്സിലായത്. അടിസ്ഥാനപരമായി കര്‍ഷക സൌഹൃദപരമായ ഒരു റിപ്പോര്‍ട്ടിനെ കര്‍ഷക വിരുദ്ധമായി ചിത്രീകരിക്കുന്നത് ആടിനെ ആദ്യം പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തെരുവിലിട്ട് തല്ലികൊല്ലാനാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.

 

മാധവ് ഗാഡ്ഗില്‍


 

എങ്ങനെ കര്‍ഷക വിരുദ്ധമാവും?
പാരിസ്ഥിതിക ലോലതയ്ക്കനുസരിച്ച്, ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിക്കുകയും (ESZ1, ESZ 2, ESZ 3) ഈ മൂന്നു മേഖലകളിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട നിരവധികാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഈ മൂന്നു മേഖലകളിലും ഭൂവിനിയോഗം, കെട്ടിടനിര്‍മ്മാണം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, മൃഗപരിപാലനം, കൃഷി, മത്സ്യബന്ധനം, ഊര്‍ജ്ജോല്‍പ്പാദനം, ഗതാഗതം, ഖനനം, വ്യാവസായിക പ്രവര്‍ത്തനം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ രംഗങ്ങളില്‍ പ്രകൃതി നാശം ഏറ്റവും കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ നടത്താവൂ എന്ന് വളരെ സൌമ്യമായി ശുപാര്‍ശ ചെയ്യുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ കര്‍ഷക വിരുദ്ധമാവും?

നിലവില്‍ ജനവാസമുള്ള സ്ഥലങ്ങളില്‍ ജനസംഖ്യാവര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ അവരുടെ താമസസൌകര്യങ്ങള്‍ക്കായി ഭൂവിനിയോഗത്തിലും മറ്റും ചില വിട്ടുവീഴ്ചകളാവാം എന്ന് ശുപാര്‍ശകളോടൊപ്പം തന്നെ വ്യക്തമാക്കിയിട്ടുള്ള ഈ റിപ്പോര്‍ട്ട് കുടിയിറക്കിനുള്ള കാഹളം മുഴക്കലാണെന്ന് ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും കീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം നിശ്ചിത വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കണമെന്നുമുള്ള നിര്‍ദ്ദേശം കര്‍ഷക വിരുദ്ധമാണെന്ന്, ജൈവകൃഷി അവബോധം ശക്തമായുള്ള ഇന്നത്തെക്കാലത്ത് സാമാന്യബുദ്ധിയുള്ളവര്‍ പറയില്ല. അതുപോലെ തന്നെ മൃഗപരിപാലനം നടത്തുന്നതിന് ഇന്‍സെന്റീവ് പേമെന്റ് ഏര്‍പ്പെടുത്തണമെന്നും, മൃഗപരിപാലനം ബയോഗ്യാസ് നിര്‍മ്മാണത്തിനും ജൈവവള നിര്‍മ്മാണത്തിനും സഹായകരമായതിനാല്‍ അതിന് സബ്സിഡി നല്‍കണമെന്നും ശുപാര്‍ശ ചെയ്ത കമ്മിറ്റി കര്‍ഷകരെ കുടിയിറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് പ്രചരിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ്?

 

 

ഇപ്പോഴെ ഉറക്കമിളയ്ക്കേണ്ടതുണ്ടോ?
ആകെക്കൂടി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ മലയോര ജനതയ്ക്ക് ആശങ്കയുണ്ടാക്കാവുന്ന വിധത്തിലുള്ള അവ്യക്തതയുള്ളത് വന്യമൃഗങ്ങളുടെ സഞ്ചാരത്തിനായുള്ള വന ഇടനാഴി സംബന്ധിച്ച് മാത്രമാണ്. കാരണം വന ഇടനാഴികളായി പ്രഖ്യാപിക്കപ്പെടുന്നത് ഏതൊക്കെ പ്രദേശങ്ങളാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടാവാം. അതിനുശേഷം മാത്രം കൃത്യതയോടെ പറയാന്‍ കഴിയുന്ന ഈ കാര്യം, ഇപ്പോഴെ വ്യാപകമായ കുടിയിറക്ക് എന്ന പ്രതീതി ജനിപ്പിക്കാന്‍ തല്പരകക്ഷികള്‍ ആയുധമാക്കുന്നുണ്ട്.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ആര്‍ക്കെങ്കിലും രഹസ്യമായി തീരുമാനമെടുത്ത് നടപ്പിലാക്കാവുന്ന ഒരുകാര്യമല്ല ഇതെന്നിരിക്കെ ഇക്കാര്യം ചൂണ്ടിക്കാണിച്ച്. കര്‍ഷക സൌഹൃദപരമായ ഒരു റിപ്പോര്‍ട്ടിനെയൊന്നാകെ തള്ളിക്കളയണമെന്ന് വാദിക്കുന്നതിലര്‍ത്ഥമില്ല. വന ഇടനാഴിക്കായി കുടിയിറക്ക് ആവശ്യമായി വരുമെന്ന് മതിയായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യതയോടെ വ്യക്തമാക്കപ്പെട്ടാല്‍ ആ ഘട്ടത്തില്‍ അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി നിലപാടെടുത്താല്‍ പോരേ. അതിനുപകരം, ആറ്റിലെ വെള്ളം വറ്റുകയും പട്ടിയുടെ തുടല്‍ പൊട്ടുകയും ചെയ്താല്‍ എന്നാലോചിച്ച് ഇപ്പോഴെ ഉറക്കമിളയ്ക്കേണ്ടതുണ്ടോ?

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ലക്ഷ്യംവച്ചുള്ളവയാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്നത് പ്രത്യേകിച്ചും ആ മേഖലകളില്‍ ജീവിക്കുന്നവരുടെയും പൊതുവില്‍ മറ്റു മേഖലകളില്‍ ജീവിക്കുന്നവരുടെയും നിലനില്പിനു വേണ്ടിയാണ്. ഇത് മനസ്സിലാക്കാന്‍ വലിയ പാരിസ്ഥിതിക അവബോധം ആവശ്യമില്ല. മലയോരങ്ങളില്‍ പോലും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമത്തെക്കുറിച്ച് മാത്രം യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മതി. എന്നിട്ടുമെന്തെ ചിലര്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കു നേരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്?

 

 

കര്‍ഷകജനതയുടെ വോട്ടു മൂല്യം
യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ കര്‍ഷകജനതയെ തെരുവിലിറക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത് കര്‍ഷകസ്നേഹം മൂലമല്ല. ഇത് മനസ്സിലാക്കാന്‍ കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ ശ്രദ്ധിച്ചാല്‍ മതി. പശ്ചിമ ഘട്ടത്തിലെ (ESZ1, ESZ 2, ESZ 3) മേഖലകളില്‍ പുതിയതായി ഖനനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കരുത്, ESZ1 ല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ഖനനങ്ങളും നിര്‍ത്തലാക്കണം, ESZ2 ല്‍ നിലവിലുള്ള ഖനന പ്രവര്‍ത്തനങ്ങളെ സാമൂഹികമായ കണക്കെടുപ്പുകള്‍ക്ക് വിധേയമാക്കണം, എല്ലാമേഖലകളിലെയും അനധികൃത ഖനനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണം, പുതിയ ക്വാറികള്‍ക്കും മണല്‍ ഖനനത്തിനും ESZ1 ല്‍ അനുമതി നല്‍കരുത്, മലിനീകരണമുള്ള വ്യവസായങ്ങള്‍ അനുവദിക്കരുത്, നിലവിലുള്ള വ്യവസായങ്ങള്‍ അഞ്ചു വര്‍ഷത്തിനകം പൂജ്യം മലിനീകരണത്തോതില്‍ എത്തണം, പുതിയ ഊര്‍ജ്ജോല്‍പാദന പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍, കാലാവധികഴിഞ്ഞ ഡാമുകളും താപനിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തുക, ഗതാഗത സൌകര്യങ്ങളുടെ പേരില്‍ എക്സ്പ്രസ് ഹൈവേകളും മറ്റു മൊഴിവാക്കി വളരെ അത്യാവശ്യത്തിന് മാത്രം പുതിയ ഹൈവേകളും റയില്‍വേ ലൈനുകളും, ടൂറിസം പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍, ഇതിനെല്ലാം പുറമെ നിര്‍ദ്ദിഷ്ട ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി കൊടുക്കരുത് തുടങ്ങിയ ശുപാര്‍ശകളാണ് ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെ തിരിയാന്‍ ചില കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ ശുപാര്‍ശകളൊന്നും പശ്ചിമഘട്ട മേഖലകളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നവയല്ലെന്ന് മാത്രമല്ല, ഇനി അവിടെ ജനിക്കാനിരിക്കുന്ന തലമുറകളുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നവയാണ്.

എന്നാല്‍ പശ്ചിമഘട്ടത്തിലെ കല്ലും, തടിയും, മണ്ണും, മണലും, ധാതുക്കളും വിറ്റ് കാശാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളവര്‍ക്ക് ഈ ശുപാര്‍ശകള്‍ വഴിമുടക്കികളാണ്. അതൊഴിവാക്കാനുള്ള യുദ്ധത്തില്‍ കാലാള്‍പ്പടയായി മുന്നില്‍ നിര്‍ത്താനാണ് കര്‍ഷകജനതയെ ഇളക്കിവിടാന്‍ ചിലര്‍ കരുക്കള്‍ നീക്കുന്നത്. ഈ യുദ്ധത്തിനായി കുതിരയെയും ആനയെയും തേരിനെയും മന്ത്രിയേയും വിലക്കു വാങ്ങാന്‍ അവര്‍ക്കറിയാം. കര്‍ഷകജനത എന്ന കാലാള്‍പ്പടയുടെ വോട്ടു മൂല്യം ചൂണ്ടിക്കാണിച്ചുവേണം അവര്‍ക്ക് യുദ്ധം ജയിക്കാന്‍.

 

 

യുദ്ധങ്ങളുടെ രസതന്ത്രം
കര്‍ഷകജനതയെ തെരുവിലിറക്കാനുള്ള തിരക്കഥ രചിക്കുന്നവര്‍ ഇത്തരം യുദ്ധങ്ങളുടെ രസതന്ത്രം നന്നായി അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭയെയും അതിന്റെ നിയന്ത്രണത്തിലുള്ള ദീപികപോലുള്ള പ്രസിദ്ധീകരണത്തെയും ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെയുള്ള പോര്‍മുനകളായി സജ്ജീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. അവരാണ്, വന്യമൃഗങ്ങള്‍ക്കുവേണ്ടി മനുഷ്യരെ വഴിയാധാരമാക്കുന്നു എന്ന് വിലപിക്കുന്നത്. ഈ പ്രകൃതിയൊന്നാകെ മനുഷ്യന്റെ അന്തമില്ലാത്ത ഉപഭോഗാര്‍ത്തിക്കായി ഉപയോഗിക്കാനുള്ളതാണ് എന്ന ‘തിയോളജി’ കാലഹരണപ്പെട്ടതാണെന്ന് അവരറിയുന്നില്ല. മനുഷ്യനും മറ്റ് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ക്കും പരസ്പരാശ്രിതത്വത്തോടെയെ ഇവിടെ നിലനില്‍ക്കാനാകൂ എന്ന ഇന്നത്തെ ബോധ്യങ്ങള്‍ക്കുനേരെ അജ്ഞത നടിച്ചുകൊണ്ട് ഇവര്‍ ജനങ്ങളെ നയിക്കുന്നത് തികഞ്ഞ ഭൌതിക ആര്‍ത്തിയുടെയും മത്സരങ്ങളുടെയും സര്‍വ്വനാശത്തിന്റെയും നിത്യനരകത്തിലേക്കാണ്.

കര്‍ഷകരക്ഷ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ അട്ടഹസിക്കുന്നവര്‍ വിഡ്ഡിവേഷം കെട്ടുകയാണ്. കര്‍ഷകര്‍ സ്വന്തം നിലക്ക് ഇത്തരം കമ്മിറ്റി റിപ്പോര്‍ട്ടുകളൊന്നും പഠന വിധേയമാക്കില്ല എന്ന ഒരു വിശ്വാസത്തിലാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങള്‍ നടക്കുന്നത്. കുടിയിറക്ക് ഭീതിപരത്തിയാല്‍, മുമ്പ് കുടിയിറക്ക് ഭീക്ഷണികളുണ്ടായപ്പോഴെല്ലാം ആരുടെയൊക്കെ ചിറകുകള്‍ക്കു കീഴിലാണോ അഭയം പ്രാപിച്ചത്, അവിടേക്ക് തന്നെ കര്‍ഷകര്‍ ഓടിയടുക്കുമെന്നാണ് ഈ നാടകങ്ങളുടെ തിരക്കഥ രചിക്കുന്നവര്‍ കണക്കു കൂട്ടുന്നത്. എന്നാലിന്ന് കാര്യങ്ങളെ സ്വതന്ത്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മലയോരങ്ങളിലുമുണ്ട് എന്നവര്‍ മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂ. ഈ വിഷയം മുന്‍നിര്‍ത്തി ഏതാനും മാസങ്ങളായി വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കാന്‍ ചിലര്‍ വളരെ ആസൂത്രിതമായി ശ്രമിച്ചിട്ടും ഇതുവരെ ജനങ്ങളില്‍ വലിയ ചലനങ്ങളൊന്നുമുണ്ടായിട്ടില്ലായെന്നതാണ് വസ്തുത.

 

 

ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം
ഇത് പരിസ്ഥിതി പ്രവര്‍ത്തകരും സ്വതന്ത്രകര്‍ഷസംഘടനകളും പക്വതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പശ്ചിമഘട്ടത്തിലെ കര്‍ഷക സമൂഹം കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരുമായ ആര്‍ത്തിപ്പണ്ടാരങ്ങളാണെന്ന മുന്‍വിധിയുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. അവര്‍ നഗരങ്ങളിലിരുന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പുകഴ്ത്തി ചര്‍ച്ചകള്‍ നടത്തുകയും മലയോരം മുടിക്കുന്ന അസുര ജനതയെ നിര്‍ദ്ദാക്ഷണ്യം കുടിയിറക്കണമെന്ന് വാദിക്കുകയും ചെയ്തെന്നുവരും.

അത്തരം വാദഗതികളാവും കര്‍ഷക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഫലപ്രദമായി ഉപയോഗിക്കുക. പശ്ചിമഘട്ടത്തിലെ കര്‍ഷക ജനത അന്യഗ്രഹങ്ങളില്‍ നിന്നോ ശത്രു രാജ്യത്തു നിന്നോ ഒളിച്ചു കടന്നുവന്നവര്‍ അല്ല. കാലാകാലങ്ങളില്‍ ഇന്നാട്ടില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലേക്ക് കൃഷിക്കായി കുടിയേറിയവരാണ്.

പശ്ചിമഘട്ടത്തിലെ എല്ലാമനുഷ്യ ഇടപെടലുകളുടെയും കണക്കെടുത്താല്‍ അവിടുത്തെ കര്‍ഷക സമൂഹം ഏല്‍പ്പിച്ചിരിക്കുന്ന ക്ഷതങ്ങളെക്കാള്‍ കൂടുതലാണ് വന്‍കിട പ്ളാന്റേഷനുകളും, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളും വ്യവസായ സംരംഭങ്ങളും വരുത്തിയിരിക്കുന്ന പ്രകൃതി നാശമെന്ന് കണ്ടെത്താനാവും. മാത്രവുമല്ല പൊതുഖജനാവിന് ഭാരമാകാതെ അദ്ധ്വാനിച്ചു ജീവിക്കുന്ന ഈ ജനത ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തിന്റെ പങ്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്നുണ്ട്. മലയോരങ്ങളില്‍ നിന്ന് കല്ലായും മണലായും തടിയായും കാര്‍ഷികവിഭവങ്ങളായും കറണ്ടായും ഒഴുകിപ്പോകുന്നതെല്ലാം തന്നെ സമതലങ്ങളിലെ ജനങ്ങളുടെ പക്കലേക്ക് കൂടിയാണെന്നതും വിസ്മരിക്കാനാവില്ല.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മലയോര മേഖലകളിലെ ജനങ്ങളോട് സൌഹൃദത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിനെങ്കിലും കഴിയുന്നില്ലായെന്നാണെന്റെ നിരീക്ഷണം. മലയോരകര്‍ഷകനെ കയ്യേറ്റക്കാരനായി കാണുന്ന ഒരു മനഃശാസ്ത്രം പല പരിസ്ഥിതി പ്രവര്‍ത്തകരിലുമുണ്ട്. സര്‍ക്കാര്‍ ശമ്പളത്തിന്റെയും പെന്‍ഷനുകളുടെയും സുരക്ഷിതത്വത്തില്‍ നഗരകേന്ദ്രീകൃത ജീവിതം നയിച്ചുകൊണ്ടാണ് ഇക്കൂട്ടരിലേറെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

Painting: Matt Mercer


 

കര്‍ഷകരല്ല ശത്രു
ചെറിയ തോതിലാണെങ്കിലും ഇരുപത്തഞ്ച് കൊല്ലത്തിലധികം കാലത്തെ പരിസ്ഥിതി പ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്ന് തികഞ്ഞ ബോധ്യത്തോടെയാണ് ഇക്കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നത്. ഇവിടെ ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ കുടിയിറക്ക് ഭീതി പരത്തി ജനങ്ങളെ ഇളക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് പശ്ചാത്തലമൊരുക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ നിലപാടിനെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ് (ഉദാ: ഓക്ടോബര്‍ ലക്കം കര്‍ഷകന്‍ മാസികയിലെ പരിസ്ഥിതി സംരക്ഷിക്കാന്‍ കര്‍ഷകരെ കുടിയിറക്കണോ? എന്നലേഖനം) പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആരെല്ലാമോ എവിടെയൊക്കെയോ പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ ശുപാര്‍ശകള്‍ക്കെതിരെ ജനവികാരമുണര്‍ത്തുന്നത്.

കേരളത്തിലെ ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് മേല്‍സൂചിപ്പിച്ച പ്രചരണത്തിന് കരുത്തു പകരും. അതു കൊണ്ടുതന്നെ ഈ സമയത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട് പശ്ചിമഘട്ട മലനിരകളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനലക്ഷങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്യുന്ന സമീപനം ഒഴിവാക്കപ്പെടണം. അതിനു തയ്യാറായില്ലെങ്കില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ ഊറിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ അവര്‍ രംഗത്തിറക്കിയിരിക്കുന്ന കര്‍ഷകമിശിഹാമാരുടെ പിന്നിലേക്ക് മലയോരജനത ഒഴുകിയെത്താന്‍ ഈ വിചാരണയും കുടിയിറക്ക് പിറുപിറുക്കലുകളും കാരണമാവുമെന്നവര്‍ക്കറിയാം. പിന്നെയെല്ലാം എളുപ്പമാണല്ലോ.
പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ വിശ്വാസമാര്‍ജ്ജിച്ചു കൊണ്ടും, അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാണിക്കാനുള്ള വലിയ പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയമാണിത്.

ഏറെ നിര്‍ണ്ണായകമായ ഈ ദൌത്യം കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തക സമൂഹം ഏറ്റെടുക്കുമോ. അതിനു പകരം പ്ളാച്ചിമടയിലും മുല്ലപ്പെരിയാറിലും ചില പരിസ്ഥിതി ബുദ്ധിജീവികള്‍ ചെയ്തപോലെ, രാഷ്ട്രീയ താല്പര്യത്തോടെയോ പക്വതയില്ലാത്ത പരിസ്ഥിതി വൈകാരികതയോടെയോ, സമരമുഖങ്ങളിലെ യഥാര്‍ത്ഥ ഇരകളുടെ സംഘശക്തിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനവുമായി ഇക്കാര്യത്തിലും മുന്നോട്ടു നീങ്ങുമോ? ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണകാര്യത്തില്‍ ഇനി എന്തു സംഭവിക്കുമെന്നത് തീര്‍ച്ചയായും ഈ ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക സമൂഹം സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന വിവേകവും ഉത്തരവാദിത്തവും ഉണ്ടാകട്ടേ.
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

2 thoughts on “മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

 1. Dear Sunny Paikad

  Really excellent observations. You could understand the crux of the problem that may be because of your consciousness which is the product of socio -political and spatial location of your environment
  Thank you, .
  Jos Chathukulam.

 2. I would like to know your vies on below concerns
  1)Forestry: private lands –> No monoculture plantation of exotics like eucalyptus; existing plantations of such exotics should be replaced by planting endemic species or allowing area to revert to grassland where it was originally grassland. — What are the monoculture exotics plantations? Rubber is monoculture and exotic. so is Tapioca,arecanut etc.. Can you clarify this?

  2)Forestry: private lands –> existing plantations of such exotics should be replaced by planting endemic species or allowing area to revert to grassland where it was originally grassland.—–How do you planning to convert it to grassland? is it not against the farmer to take his land and convert it to grassland?

  3)Forestry: private lands — > Phase out all use of chemical pesticides/ weedicides within five years Phase out, through a system of positive incentives, use of chemical fertilizers within five years — Do you think this is that simple? Have you tried commercial farming without pesticides?

  4)Phase out, through a system of positive incentives, use of chemical fertilizers within five years –>Isn’t this against farming? again is commercial farming that easy without all thses? do we have enough systems to support it?

  5)A building code should be evolved by the WGEA which include inter-alia eco-friendly building material and construction methods, minimising the use of steel, cement and sand, providing water harvesting methods, non-conventional energy and waste treatment The application or detailing of the framework can be done by local authorities to suit local conditions. —> How do you plan to make this happen? are you not restricting their right to live their lives?

  6)No new railway lines and major roads, except when highly essential and subject to EIA, strict regulation and social audit in ESZ1/ESZ2.—- How do you think people would live without new roads? whats are impacts of this in kerala’s rail developments? (Kannur-nanjangode) or for proposed alternate for NH212?

  7)report says no big dams in ESZ1..whats the impact of this in kerala’s energy needs?

  8)Plantations between the forest patches used by animals for movement should be abandoned and steps taken to gradually revert them back to forest where ever required. — how do you think to implement this without eliminating farmers?

  9)no artificial lighting will be used in ESZ.

Leave a Reply

Your email address will not be published. Required fields are marked *