മാസ് ഹിസ്റ്റീരിയകള്‍ക്കിടെ ഒരു മാധ്യമശ്രമം

 
 
 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച കുറിപ്പുകള്‍ക്ക് ഒരാമുഖം.

 
 

ഈ പശ്ചാത്തലത്തിലാണ്, എന്താണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും അതിലെന്താണ് പറയുന്നതെന്നും വസ്തുതാപരമായി പരിശോധിക്കേണ്ടതിന്റെ പ്രസക്തി ഏറുന്നത്. മാസ് ഹിസ്റ്റീരിയക്കപ്പുറം കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. പശ്ചിമഘട്ടത്തിന് ജീവശ്വാസമേകാന്‍ യത്നിക്കുന്ന റിപ്പോര്‍ട്ടിനെ ഒരാവര്‍ത്തി വായിക്കുകപോലും ചെയ്യാതെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അത്തരം ഇടപെടലുകള്‍ അനിവാര്യമായി മാറുകയാണ്. തൃശൂരില്‍നിന്ന് 14 വര്‍ഷമായി പ്രസിദ്ധീകരണം തുടരുന്ന ജാഗ്രതയുടെ കേരളീയം സഞ്ചരിക്കുന്നത് ആ ദിശയിലേക്കാണ്. 14ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളീയം പുറത്തിറക്കിയ പശ്ചിമഘട്ടം പ്രത്യേകലക്കം ഭാവി കേരളത്തിനു മുഖം നോക്കാനുള്ള കണ്ണാടിയാണ്.

 

 

കണ്ണുകാണാത്തവര്‍ ആനയെ വരച്ച പഴങ്കഥ അത്ര അകലെയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങള്‍. റിപ്പോര്‍ട്ട് കാണുക പോലും ചെയ്യാത്തവര്‍ അഭിപ്രായം പറയും. അത് കേട്ടവര്‍ കേട്ടവര്‍ വിശകലനം നടത്തും. ഒന്നും കേള്‍ക്കാത്തവര്‍ അന്തിമ വിധിയെഴുതും എന്ന മട്ട്. കേരളത്തിന്റെ നിലനില്‍പ്പിനെയും മലയാളി സമൂഹത്തിന്റെ അതിജീവനത്തെയും കുറിച്ച് ഗൌരവമായി സംസാരിക്കുന്ന റിപ്പോര്‍ട്ട് കേരള നിയമസഭ ഇന്ന് ചര്‍ച്ച ചെയ്യുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്താണ് പറയുന്നതെന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് ഒരു പിടിയും കിട്ടിയിട്ടില്ല. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങളാവട്ടെ, ജനപക്ഷത്ത് നില്‍ക്കുന്നു എന്ന വ്യാജേന ഈ കഴുതകളിക്ക് കൂട്ടുനില്‍ക്കുകയാണ്.

ഇക്കളികള്‍ കേരളത്തിന് പുത്തരിയേയല്ല. മുല്ലപ്പെരിയാറില്‍ നടന്നത് കൃത്യമായി അതായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പൊടുന്നനെ ഒരു പ്രചാരണം അരങ്ങുതകര്‍ക്കുന്നു. സോഷ്യല്‍നെറ്റ് വര്‍ക് സൈറ്റുകള്‍ കൂട്ടനിലവിളിയുമായി അതേറ്റു പിടിക്കുന്നു. മാധ്യമങ്ങള്‍ പ്രചാരം കൂട്ടാനുള്ള മുന്തിയ ഐറ്റമായി അതിനെ ഏറ്റെടുക്കുന്നു. വോട്ടുബാങ്ക് മുന്നില്‍ കണ്ട് ഇടതും വലതുമായ നമ്മുടെ കക്ഷി രാഷ്ട്രീയക്കാര്‍ അതിന് ഒത്താശ പാടുന്നു. ഏതുനിമിഷവും അണപൊട്ടി കൊല്ലപ്പെടുമെന്ന ഭീതി മാസ്ഹിസ്റ്റീരിയപോലെ പടര്‍ന്നു പിടിക്കുന്നു. തമിഴ്-മലയാളി ജനതകള്‍ ശത്രു രാജ്യങ്ങളെപ്പോലെ അണപ്പല്ലിറുമ്മി നടക്കുന്നു. ഒരു ഹോളിവുഡ് ചിത്രം ദേശസ്നേഹത്തിന്റെ അളവുകോലായി വാഴ്ത്തപ്പെട്ട ആ നാളുകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോഴറിയാം ഭീതി വിതയ്പ്പെട്ടതെങ്ങിനെയെന്ന്.

ഒരാവര്‍ത്തി പോലും വായിക്കാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ച് തള്ളിക്കളയാന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മതസംഘടനകളും ഉദ്യോഗസ്ഥവൃന്ദവും എല്ലാം ചേര്‍ന്നു നടത്തുന്ന ഈ ശ്രമങ്ങളും ലക്ഷണമൊത്ത മാസ് ഹിസ്റ്റീരിയയുടെ ഉപോല്‍പ്പന്നം തന്നെയാണ്. യുക്തിയും സാമാന്യബോധവും അരികിലേക്ക് വകഞ്ഞു മാറ്റപ്പെടുകയും പച്ച നുണകളും ബോധപൂര്‍വം മെനഞ്ഞെടുക്കപ്പെട്ട അര്‍ധസത്യങ്ങളും മുന്നണിയിലേക്ക് കയറിവരികയും ചെയ്യുന്ന അതേ നാടകം തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇതിന്റെ ക്ലൈമാക്സ് പക്ഷേ, മുല്ലപ്പെരിയാര്‍ നാടകത്തിലേതു പോലെയാവണമെന്നില്ല. വാര്‍ധക്യം മൂത്ത് മരണാസന്നയായ ഡാമുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഉയര്‍ത്തിക്കാട്ടി അന്ന് അലമുറയിട്ട മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇപ്പോള്‍ നേരെ എതിര്‍വശത്താണെന്നത് ശ്രദ്ധിക്കുക. കാലം കഴിഞ്ഞ ഡാമുകളൊക്കെ ഡീ കമീഷനിങ് ചെയ്യണമെന്ന് പറഞ്ഞ ഗാഡ്ഗിലിനെയും കൂട്ടരെയും തല്ലിക്കൊല്ലണമെന്നാണ് പുതിയ മുറവിളികള്‍.

 

 
കേരളീയം പ്രത്യേക ലക്കം
ഈ പശ്ചാത്തലത്തിലാണ്, എന്താണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും അതിലെന്താണ് പറയുന്നതെന്നും വസ്തുതാപരമായി പരിശോധിക്കേണ്ടതിന്റെ പ്രസക്തി ഏറുന്നത്. മാസ് ഹിസ്റ്റീരിയക്കപ്പുറം കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. പശ്ചിമഘട്ടത്തിന് ജീവശ്വാസമേകാന്‍ യത്നിക്കുന്ന റിപ്പോര്‍ട്ടിനെ ഒരാവര്‍ത്തി വായിക്കുകപോലും ചെയ്യാതെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അത്തരം ഇടപെടലുകള്‍ അനിവാര്യമായി മാറുകയാണ്. തൃശൂരില്‍നിന്ന് 14 വര്‍ഷമായി പ്രസിദ്ധീകരണം തുടരുന്ന ജാഗ്രതയുടെ കേരളീയം സഞ്ചരിക്കുന്നത് ആ ദിശയിലേക്കാണ്. 14ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളീയം പുറത്തിറക്കിയ പശ്ചിമഘട്ടം പ്രത്യേകലക്കം ഭാവി കേരളത്തിനു മുഖം നോക്കാനുള്ള കണ്ണാടിയാണ്.

പൊതുസമ്പത്തായ പശ്ചിമഘട്ടം നേരിടുന്ന ഭീഷണികളുടെ സമകാലിക അവസ്ഥകള്‍ വിലയിരുത്തുന്ന ഈ ലക്കം ദുരന്തങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്നതിനൊപ്പം പരിഹാരങ്ങളിലേക്കുള്ള സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ നിലയിലുള്ള മാനുഷിക ഇടപെടലുകള്‍ മഴക്കാടുകളെ ഏതെല്ലാം വിധത്തിലാണ് ബാധിക്കുന്നതെന്നും 1980ലെ വനസംരക്ഷണ നിയമം വനം വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയമപരമായി തടഞ്ഞിട്ടും ഇന്നും കാട് കാടല്ലാതായി മാറുന്നതെങ്ങനെയെന്നും ഈ ലക്കം വിശദമാക്കുന്നു.

രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനായി കാടുകള്‍ പൂര്‍ണ്ണമായും വെട്ടിക്കളഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ കാഴ്ച്ചപ്പാട് എങ്ങനെയാണ് പശ്ചിമഘട്ടത്തില്‍ ഇടപെട്ടതെന്ന ചരിത്രവും കേരളീയം തുറന്നുകാട്ടുന്നുണ്ട്. പശ്ചിമഘട്ടത്തിലെ എപ്പോഴും അവഗണിക്കപ്പെടുന്ന പൈതൃകമായ ആദിവാസികളുടെ ദുരവസ്ഥകള്‍ അന്വേഷിക്കുന്നതിനൊപ്പം ആദിവാസി വനാവകാശ നിയമത്തിന്റെ പൂര്‍ത്തീകരണത്തിലൂടെ വനഭരണവും വനസംരക്ഷണാധികാരവും ജനാധിപത്യവത്കരിക്കപ്പെടേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്കം ചര്‍ച്ച ചെയ്യുന്നു.

പാരിസ്ഥിതിക ശോഷണത്തിന്റെ ദുരിതങ്ങളില്‍ മുങ്ങിത്തുടങ്ങിയിരിക്കുന്ന ജനതയ്ക്ക് മുന്നിലേക്ക്, ഒരു പുനര്‍വിചിന്തനത്തിന് അവസരമൊരുക്കിക്കൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എത്തിയതെങ്കിലും കേരളത്തിന്റെ വികസനം മുരടിക്കുമെന്നതിനാല്‍ അത് തള്ളിക്കളയണം എന്ന നിലപാടാണ് സര്‍ക്കാറും കൈക്കൊണ്ടിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാറും മലയോര കര്‍ഷകരും പങ്കുവയ്ക്കുന്ന ആശങ്കകള്‍ക്ക് അര്‍ത്ഥമുണ്ടോ എന്നും കേരളീയം പരിശോധിക്കുന്നു.

വിവിധ തലങ്ങളില്‍ നിന്നുകൊണ്ട് പശ്ചിമഘട്ടത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയവരുമായുള്ള സംഭാഷണമാണ് മറ്റൊരു ഭാഗം. 25 വര്‍ഷം മുമ്പ് നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുകയും യാത്ര ഉദ്ഘാടനം ചെയ്തവരില്‍ ഒരാളായ, ചിപ്കോ സമരനായകന്‍ ചണ്ഢീപ്രസാദ് ഭട്ട് ചിപ്കോ സമരവഴികളും പശ്ചിമഘട്ടാനുഭവങ്ങളും ഓര്‍ത്തെടുക്കുകയും ചെയ്യുന്നു. പരിഷ്കൃത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷത്തെ ദാര്‍ശനികമായി വിലയിരുത്തുന്ന ഹെന്റി ഡേവിഡ് തോറോയുടെ പഴയ കുറിപ്പോടെയാണ് ലക്കം ഉപസംഹരിക്കുന്നത്.

കേരളം വ്യാപകമായി വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതാണ് ഈ ലേഖനങ്ങള്‍. എന്നാല്‍, വ്യാപകമായ മാര്‍ക്കറ്റിങ് ശേഷിയോ സാമ്പത്തിക അടിത്തറയോ ഇല്ലാത്തതിനാല്‍, കേരളീയം പോലൊരു ബദല്‍ മാധ്യമശ്രമത്തിന് അതത്ര എളുപ്പമേയല്ല. അതിനാല്‍, ഈ ലക്കത്തിലെ കാതലായ നാല് ലേഖനങ്ങള്‍ നാലാമിടം പ്രസിദ്ധീകരിക്കുകയാണ്, ഇവിടെ. ഒപ്പം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ അജണ്ടകള്‍ ചൂണ്ടിക്കാട്ടുന്ന ഗോവര്‍ധന്റെ ലേഖനവും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു

 

 
 
140 പേജുകളുള്ള പ്രത്യേക ലക്കത്തിന് 50 രൂപയാണ് വില. ഫോണ്‍: 09747062146 (ശരത്ത്)
 
 
 
 
Gadgil Report Special

ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

One thought on “മാസ് ഹിസ്റ്റീരിയകള്‍ക്കിടെ ഒരു മാധ്യമശ്രമം

  1. “വോട്ടുബാങ്ക് മുന്നില്‍ കണ്ട് ഇടതും വലതുമായ നമ്മുടെ കക്ഷി രാഷ്ട്രീയക്കാര്‍ അതിന് ഒത്താശ പാടുന്നു.”-ജാഗ്രതയുടെ കേരളീയം ലക്കം 14
    ഇക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ…ഇത്രയെല്ലാം അനുഭവങ്ങള്‍ കേരളീയര്‍ക്കും ഇന്ത്യക്കാര്‍ക്കും ഉണ്ടായിട്ടും…എന്തടിസ്ഥാനത്തിലാണ് ‘വോട്ട് ബാങ്ക്’ എന്ന ആ പ്രയോഗം ഇടതുപക്ഷത്തിനെക്കൂടി വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിച്ചത്? ഇത്രയും ക്രൂര-അസാംസ്കാരിക പ്രവര്‍ത്തങ്ങളൊക്കെ ഇക്കാലം കൊണ്ട് ഉണ്ടാക്കിയ യു ഡി എഫ് എന്ന നോക്കുകുത്തിയുടെ ഒപ്പം നിര്‍ത്തിയത് മോശമായി…ജാഗ്രത കാണുന്നത് എല്ലാവര്‍ക്കും ഇവിടെ ഇടതുപക്ഷത്തിനെ ചീത്ത പറയാനാണ്…ഇന്ന് കേരളത്തിലും,ഇന്ത്യയില്‍ ഒട്ടുക്കും അത്തരം ദുഷിച്ച വര്‍ത്തമാനം ഇടതു പക്ഷത്തിനെതിരെ പറയാന്‍ ഒരൊറ്റ രാഷ്ട്രീയ കക്ഷികള്‍ക്കും ജന്മാവകാശം പോലുമില്ല.ഇതു ജാഗ്രതയുടെ കേരളീയം പറഞ്ഞാലും തരക്കേടില്ല.

Leave a Reply

Your email address will not be published. Required fields are marked *