ഓരോ ബലാല്‍സംഗത്തിലും ഓരോ മനുഷ്യനും പങ്കാളികളാണ്- എസ് ആര് നന്ദകുമാര്‍ എഴുതുന്നു
ബലാല്‍സംഗം മനുഷ്യന്റെ തന്നെ കണ്ടുപിടുത്തമാകുന്നത് അത് മനുഷ്യന്\പുരുഷന് മാത്രം ചെയ്തു പോരുന്ന ഒന്നായതിനാലല്ല, മറിച്ച് മനുഷ്യനില്‍ മാത്രം അത് ലിംഗാധികാരപ്രകടനത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. ഇണയുടെ/സ്ത്രീയുടെ ശരീരത്തിനുമേല്‍ തനിക്കുണ്ടെന്ന് പുരുഷന് കരുതുന്ന അധീശബോധം മനുഷ്യനില്‍ മാത്രം സന്നിഹിതമായ ഒന്നാണ്. ഈ ബോധം ഒരു സാമൂഹ്യനിര്മിതിയാകയാല് ഓരോ ബലാല്‍സംഗവും അത്യന്തിമായി ഒരു സമൂഹ്യപ്രയോഗം കൂടിയാണ്. അധാര്‍മികരും ദുഷ്ചിത്തരുമായ ഒരു പറ്റം കുറ്റവാളികളെ മാത്രം പാഴിചാരിക്കൊണ്ട് സാമൂഹികതയ്ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. ഓരോ ബലാല്‍സംഗത്തിലും നമ്മളറിഞ്ഞാലും ഇല്ലെങ്കിലും അബോധമായി ഓരോ മനുഷ്യനും പങ്കാളികളാണ്- എസ് ആര് നന്ദകുമാര്‍ എഴുതുന്നു
മനുഷ്യരിലൊഴികെ മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഇണയെ പ്രാപിക്കാന്‍ ബലപ്രയോഗം നടത്തുന്ന കീഴ്വഴക്കം ഇല്ലാത്തതിനാല്‍ ബലാല്‍സംഗത്തെ ‘മൃഗീയം’ എന്ന് വിശേഷിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. ഇണയുടെ സമ്മതം കൂടാതെയുള്ള എല്ലാതരം ലൈംഗികപ്രയോഗങ്ങളെയുമാണ് വിശാലാര്‍ഥത്തില്‍ ബലാല്‍സംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ താറാവ്, നായ്ക്കള്‍, ചിലതരം ഡോള്‍ഫിനുകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ ഒട്ടേറെ ജന്തുക്കള്‍ക്കിടയില്‍ ബലാല്സംഗങ്ങള് സര്‍വസാധാരണമാണ് എന്ന് കാണാം.
വാസ്തവത്തില്‍ ബലാല്‍സംഗം മനുഷ്യന്റെ തന്നെ കണ്ടുപിടുത്തമാകുന്നത് അത് മനുഷ്യന്\പുരുഷന് മാത്രം ചെയ്തു പോരുന്ന ഒന്നായതിനാലല്ല, മറിച്ച് മനുഷ്യനില്‍ മാത്രം അത് ലിംഗാധികാരപ്രകടനത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. ഇണയുടെ/സ്ത്രീയുടെ ശരീരത്തിനുമേല്‍ തനിക്കുണ്ടെന്ന് പുരുഷന് കരുതുന്ന അധീശബോധം മനുഷ്യനില്‍ മാത്രം സന്നിഹിതമായ ഒന്നാണ്. ഈ ബോധം ഒരു സാമൂഹ്യനിര്മിതിയാകയാല് ഓരോ ബലാല്‍സംഗവും അത്യന്തിമായി ഒരു സമൂഹ്യപ്രയോഗം കൂടിയാണ്. അധാര്‍മികരും ദുഷ്ചിത്തരുമായ ഒരു പറ്റം കുറ്റവാളികളെ മാത്രം പാഴിചാരിക്കൊണ്ട് സാമൂഹികതയ്ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. ഓരോ ബലാല്‍സംഗത്തിലും നമ്മളറിഞ്ഞാലും ഇല്ലെങ്കിലും അബോധമായി ഓരോ മനുഷ്യനും പങ്കാളികളാണ്.
ഒരു കുറ്റത്തെ, അതിനെ സാധ്യമാക്കിയ പ്രശ്നപരിസരങ്ങളില്‍ നിന്നും വ്യവസ്ഥാപരവും രാഷ്ട്രീയവുമായ കാര്യകാരണങ്ങളില്‍ നിന്നും വിച്ഛേദിച്ച് അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല വഴി അതിന്റെ കുറ്റവാളിയെ ശിക്ഷിക്കുക എന്നതാണ്. കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നതോടെ സാമൂഹിക മനസ്സാക്ഷി സംതൃപ്തിയടയുന്നു. ഇപ്രകാരം വ്യവസ്ഥാപിതമാര്ഗ്ഗങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും സാമൂഹികമനസ്സാക്ഷിയെ സംതൃപ്തിപ്പെടുത്തി സമൂഹ്യവ്യവസ്ഥയുടെ സുഭദ്രത ഉറപ്പുവരുത്തുക എന്നതാണ് ഇതൊരു സമൂഹത്തിലെയും നീതിന്യായവ്യവസ്ഥയുടെ ധര്‍മ്മം. (പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിന് വധശിക്ഷ നല്കുന്ന വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ഇത് വെട്ടിത്തുറന്നു പറയുകയും ചെയ്തു, തെളിവുകള്‍ക്കപ്പുറം ജനങ്ങള്‍ ഈ വിധി ആഗ്രഹിക്കുന്നു എന്ന്!)
മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഇരുപത്തിമൂന്നുകാരിയെ ആറുപേര്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിച്ചവശയാക്കി റോഡില്‍ വലിച്ചെറിയുകയും ചെയ്ത രാഷ്ട്രത്തെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന മുറിവിളി നാലുപാടു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ബലാല്‍സംഗത്തിന്റെ സാമൂഹ്യരാഷ്ട്രീയത്തെക്കുറിച്ചു നാം ചര്‍ച്ച ചെയ്യേണ്ടത്.
രണ്ട്
ബലാല്‍സംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെയും അഭിസംബോധന ചെയ്യപ്പെടേണ്ടത് അതിലുള്‍പ്പെടുന്ന ഹിംസയുടെ പ്രശ്നമാണ്. ഒരു ആണധികാരസമൂഹത്തില് ലൈംഗികതയെ മെരുക്കുവാനും സ്ത്രീശരീരങ്ങളെ ആണ്‍കോയ്മയ്ക്ക് കീഴില്‍ വിന്യസിക്കുവാനുമുള്ള വാഞ്ഛയുടെ ഭാഗമായാണ് ഹിംസ സമൂഹത്തില്‍ പ്രകാശിതമാകുന്നത്. വീടുകങ്ങളില്‍ നിത്യേന നടക്കുന്ന ബലാല്‍സംഗങ്ങളും തൊഴിലിടങ്ങളിലെ ചൂഷണങ്ങളും പൊതുവിടങ്ങളിലെ പീഡനാനുഭവങ്ങളും ഇതേ സാമൂഹിക ഹിംസയുടെ കോളത്തില്‍ തന്നെയാണ് എഴുതിചേര്ക്കേണ്ടത്. കള്ള് കുടിച്ചു വരുന്ന ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് അയാള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടതിനാലല്ല, ആന്തരികവല്ക്കരിക്കപ്പെട്ട ഹിംസയുടെ അബോധം മറനീക്കി പുറത്തുവന്നതിനാലാണ്. ആണധികാരപ്രത്യയശാസ്ത്രത്തെ ആഴത്തില്‍ ഉള്‍വഹിക്കുന്ന സമൂഹത്തില്‍ ഹിംസ നമ്മുടെ പ്രവര്‍ത്തികളെയും ചിന്തകളെയും നിയന്ത്രിക്കുന്ന സര്‍വവ്യാപിയായ സാമൂഹ്യസ്ഥാപനമായാണ് പ്രവൃത്തിക്കുക.
‘Rape and crisis of Indian Masculinity’ എന്ന ലേഖനത്തില്‍ രത്ന കപൂര്‍ നിരീക്ഷിക്കുന്നപോലെ, ഒരു കാലത്ത് പുരുഷന്റെ അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെ മാത്രം വീടകങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും കടന്നു വരികയും തങ്ങളുടെ സ്വത്വവും കര്‍തൃത്വവും സ്ഥാപിചെടുക്കുകയും ചെയ്യുന്നത് ശരാശരി ഇന്ത്യന്‍ പുരുഷനില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിക്കുകയും തന്റെ ആണത്തം പ്രതിസന്ധിയെ നേരിടുന്നതായി ഭീതിപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭീതികളും വിഹ്വലതകളുമാണ് ഹിംസയുടെ രൂപത്തില്‍ പുറത്തുവരുന്നത്. അല്ലാതെ ഇത് വെറും കാമദാഹതിന്റെയോ സാഹചര്യത്തിന്റെയോ പ്രശ്നമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു കൊണ്ടോ കൂടുതല്‍ സി സി ടി വികള്‍ സ്ഥാപിച്ചു കൊണ്ടോ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കിക്കൊണ്ടോ ഈ പ്രശനം പരിഹരിക്കപ്പെടാനും പോകുന്നില്ല.
മൂന്ന്
ദില്ലി സംഭവമടക്കം ബലാത്സംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ബേജാറ് അതിലുള്‍പ്പെട്ട ഹിംസയുടെ പൈശാചികതയല്ല, ഇരയായ പെണ്‍കുട്ടിയുടെ മാനമാണ്. ശാരീരിക/ലൈംഗികാക്രമണങ്ങളെ ‘മാനഭംഗ’മായി തര്‍ജ്ജമ ചെയ്യുന്നതിന് പിന്നില്‍ പുരുഷാധികാരയുക്തി തന്നെയാണ് ചിറകു വിരിക്കുന്നത്. ദില്ലിയിലെ പ്രക്ഷോഭങ്ങളുടെ പിറ്റേന്ന് ദേശാഭിമാനിയുടെ തലക്കെട്ട്, ‘മാനം കാക്കാന്‍ ഇന്ത്യ ഉണര്‍ന്നു’ എന്നായിരുന്നു! സ്ത്രീ ലൈംഗികാക്രമങ്ങള്‍ക്ക് ഇരയാവുമ്പോള്‍ ഉടനെ മാനം ചര്ച്ചാകേന്ദ്രവിഷയമായി മാറുന്നു ; ഹിംസയെക്കുറിച്ച് സൌകര്യപൂര്‍വ്വം മൌനം പാലിക്കുന്നു. ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സിനിമയിലും സ്ലാവോയ് സിസേക് സാമൂഹ്യശാസ്ത്രത്തിലുമുപയോഗിച്ച ഒരു സംവര്‍ഗം കടമെടുത്തു പറഞ്ഞാല്‍, ‘മാനം’ ഒരു മക്ഗഫിന് ആണ്. നിയതമായ ഒരര്‍ത്ഥവും ഉത്പാദിപ്പിക്കാത്ത പൊള്ളയായ ഒരു കാരണമാണ് അത്.
എന്നാല്‍ ആഖ്യാനം മുന്നോട്ട് പോകണമെങ്കില്‍ ഇത് കൂടിയേ തീരൂ. ആണധികാരപ്രത്യശാസ്ത്രത്തിന്റെ പുനരുത്പ്പാദനത്തെ സാധൂകരിക്കുന്ന അതിന്റെ തന്നെ സാമഗ്രികളിലൊന്നാണ് ‘മാനം’. കര്‍ക്കശമായ നിര്‍വചനം അതിനെ സംബധിച്ചിടത്തോളം അസാധ്യമാണ്; കാരണം അതിന്റെ ആര്ത്ഥികസീമകളെ നിര്‍ണയിക്കുന്നത് നിലനില്‍ക്കുന്ന സദാചാരവ്യവസ്ഥയാണ്. ഒരു ആശയം ജനങ്ങള്‍ സ്വീകരിച്ച് കഴിയുമ്പോള്‍ അത് ഭൌതിക ശക്തിയായി മാറുന്നുവെന്ന മാര്‍ക്സിന്റെ നിരീക്ഷണം ശരി വെച്ചുകൊണ്ട് ‘മാനം’ എന്ന അമൂര്‍ത്ത സങ്കല്പം നമ്മുടെ ലൈംഗികവൃത്തികളെയും കാഴ്ചപ്പാടുകളെയും നിര്‍ണയിക്കുന്ന അധീശശക്തിയാവുന്നു. ‘മാന’നഷ്ടത്തിന്റെ ഭീഷണിയുയര്‍ത്തിക്കൊണ്ട് സ്ത്രീകളെ നിരന്തരഭയത്തിന്റെ നിഴല്‍പ്പാടില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇപ്രകാരം ബലാല്‍സംഗത്തെ മാനഭംഗമായി വിവര്‍ത്തനം ചെയ്യുന്ന ഏതു പ്രതികരണവും നിലപാടുകളും ആത്യന്തികമായി ആണ്‍കോയ്മയ്ക്ക് തന്നെയാണ് കീഴവഴങ്ങുന്നത്.
ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ കുറിച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പങ്കുവെക്കപ്പെടുന്ന ആശങ്കകളിലൊന്ന് ആ കുട്ടിക്ക് ഇനി എങ്ങനെ ഒരു സ്വാഭാവിക വിവാഹജീവിതം സാധ്യമാകും എന്നാണ്. അതായത് അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ക്ക് സ്വാഭാവികമെന്ന് നമ്മള് കരുതുന്ന കുടുംബജീവിതം സാധ്യമാകുന്നതെങ്ങനെ എന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം!
ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ മാത്രം നിര്‍വഹിക്കാന്‍ രൂപീകരിക്കപ്പെട്ട കുടുംബഘടനയെ ആണധികാരം ആദര്‍ശാത്മക ബന്ധമാതൃകയുടെ പരിവേഷങ്ങളണിയിച്ചത് അതിലെ സ്ത്രീവിരുധവും ജനാധിപത്യവിരുധവുമായ ഉള്ളടക്കങ്ങളെ ഒളിച്ചു കടത്തുന്നതിനായിരുന്നു.കന്യകാത്വം, പാതിവൃത്യം, മാനം തുടങ്ങിയവയുടെ വ്യവഹാരരൂപീകരണത്തിലൂടെ പുരുഷന് വിമര്‍ശനരഹിതമായി കീഴ്വഴങ്ങുന്ന സ്ത്രീകര്തൃത്വങ്ങളെ നിര്‍മിക്കുവാനും സ്ത്രീലൈംഗികതയെ കര്‍ശനമായി അടിച്ചമര്‍ത്താനും കഴിയുന്നു. താലിച്ചരടിന്റെ ‘സംരക്ഷണ’യില്‍ സ്ത്രീകള്‍ വീട്ടകങ്ങളില്‍ തളച്ചിടപ്പെടുന്ന സ്വാഭാവിക കുടുംബജീവിതത്തിന് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഇനിമേല്‍ യോഗ്യയല്ല എന്നതാണ് പലരെയും ഖിന്നരാക്കുന്നത്.
നാല്
ബലാല്‍സംഗങ്ങളെക്കുറിച്ച് നാം കേട്ടു തുടങ്ങുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. നമ്മുടെ കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര കൊല്ലത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗക്കേസുള്‍ 1661 ആണെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ഇരയാവുന്ന വാര്‍ത്തകള്‍ നിത്യേനെയെന്നോണം റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ദില്ലിയിലെ ബസ്സില്‍ വെച്ചുള്ള ബലാല്സംഗത്തെക്കാളും നിന്ദ്യവും നീചവുമായ തരത്തില്‍ ഭരണകൂടം നടത്തിയ ബലാല്‍സംഗങ്ങളുണ്ട്. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങളുണ്ട്. ദളിതരെയും ആദിവാസികളെയും സവര്‍ണജാതിക്കാര്‍ തങ്ങളുടെ അവകാശമെന്ന പോലെ ബലാല്‍സംഗം ചെയ്യുന്നുമുണ്ട്. അപ്പോഴൊക്കെയും നമ്മള് നമ്മുടെ ചാരുകസേരകളില്‍ അലസഭാഷണങ്ങളുമായി വിശ്രമിക്കുകയായിരുന്നു. സോണി സോറി എന്ന ആദിവാസി അധ്യാപികയെ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത ശേഷം ബലാല്‍സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗങ്ങളില്‍ കരിങ്കല്‍ക്കഷണങ്ങള്‍ അടിച്ചുകയറ്റുകയും ചെയ്ത സംഭവത്തില്‍ ദില്ലിയിലേത് പോലെ ജനരോഷം അണ പൊട്ടി ഒഴുകുകയുണ്ടായില്ല. പ്രതിഷേധങ്ങള്‍ക്ക് അവയുടെ രാഷ്ട്രീയമുണ്ടെന്ന് സാരം.
അതുകൊണ്ടാണ് അരുന്ധതി റോയ് ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക് വര്‍ഗ്ഗവും ജാതിയുമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. നാഗരിക-മധ്യവര്‍ഗ സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. അല്ലാതെ സ്ത്രീകള്‍ക്കെതിരെയുള്ള സാമൂഹികഹിംസയില് മനംനൊന്തിട്ടൊന്നുമല്ല. എന്നിരുന്നാല്‍ പോലും ഇത്തരമൊരു സമരം ആണധികാര ലിംഗരാഷ്ട്രീയത്തെയും സാമൂഹികഹിംസയെയും അനാവൃതമാക്കുകയും പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നതിനാലും , പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതിനാലും വര്‍ത്തമാനത്തിന്റെ അനിവാര്യത തന്നെയാണ്
ബലാത്സംഗത്തിനുള്ള ശിക്ഷാവിധിയെ പറ്റി ഇസ്ലാമില്‍ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. കഠിന ശിക്ഷ നല്‍കിയാലേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും ആളുകള്‍ പിന്മാറൂ. ഒപ്പം സ്ത്രീകള്‍ പുരുഷനെ ലൈംഗികമായി ആകര്‍ഷിക്കും വിധം ഉള്ള വസ്ത്രങ്ങള്‍ അണിയാതിരിക്കുവാന് ശ്രദ്ധിക്കണം. അര്‍ദ്ധരാത്രിയില്‍ പുരുഷന്മാര് മാത്രം ഉള്ള ബസ്സില്‍ സഞ്ചരിച്ചതിന്റെ ഫലമാണ് ആ പെണ്‍കുട്ടിക്ക് നെരെ ആക്രമണം നടക്കുവാന്‍ ഒരു കാരണം എന്ന് മറന്നു കൂട. അര്‍ദ്ധരാത്രിയില്‍ സുരക്ഷിതമല്ലാത്ത ഇടത്ത് സ്ത്രീകള്‍ വീടുവിട്ട് പുറത്ത് പോകേണ്ട കാര്യമെന്ത്?
shame on you…അവിടെയും മതത്തെ പ്രതിഷ്ടിച്ചു…. മുസ്ലിങ്ങള്‍ ആരെയും റേപ് ചെയ്യാറില്ല അല്ലെ …….വീട്ടിനുള്ളില്‍ വരെ കയറി വന്നു ബലാല്‍സംഗം ചെയ്യുന്നുണ്ടെന്ന കാര്യം മറക്കേണ്ട ….
രാത്രി പുരുഷന് മാത്രം വിഹാരികുവാനുള്ളതെന്ന വസതുത മനസിലാക്കി തന്നതില്‍ സന്തോഷം ..സ്ത്രിയുടെ വസ്ത്രം കണ്ടു കാമം പോട്ടുന്നത്തത് സ്ത്രിയുടെ കുഴപ്പമല്ല .അത് പുരുഷന്റെ മാനസിക വൈകല്യമാണ് .ഇത്തരം പ്രശ്നം മുള്ളപുരുഷ സുഹ്ര്തുകള് വിടിനുള്ളില്‍ സ്വന്തം അമ്മയെ പോലും കാണാതെ കാലം കഴികട്ടെ
veruthe vaayicha pora entaanu aashayam enn manssilaakanam…
ഒരു കാലത്ത് പുരുഷന്റെ അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെ മാത്രം വീടകങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും കടന്നു വരികയും തങ്ങളുടെ സ്വത്വവും കര്‍തൃത്വവും സ്ഥാപിചെടുക്കുകയും ചെയ്യുന്നത് ശരാശരി ഇന്ത്യന്‍ പുരുഷനില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിക്കുകയും തന്റെ ആണത്തം പ്രതിസന്ധിയെ നേരിടുന്നതായി ഭീതിപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭീതികളും വിഹ്വലതകളുമാണ് ഹിംസയുടെ രൂപത്തില്‍ പുറത്തുവരുന്നത്. അല്ലാതെ ഇത് വെറും കാമദാഹതിന്റെയോ സാഹചര്യത്തിന്റെയോ പ്രശ്നമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു കൊണ്ടോ കൂടുതല്‍ സി സി ടി വികള്‍ സ്ഥാപിച്ചു കൊണ്ടോ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കിക്കൊണ്ടോ ഈ പ്രശനം പരിഹരിക്കപ്പെടാനും പോകുന്നില്ല.
എന്നാലിനി സദാചാരത്തിന്റെ നടത്തിപ്പ് താലിബാനെ ഏല്‍പ്പിക്കാം..സ്ത്രീകള്‍ കഴിയുന്നതും വീട്ടിലിരിക്കണം..കഴിയുമെങ്കില്‍ കണ്ണിന്റെ സ്ഥാനത്തെ സൂക്ഷ്മമായ രണ്ടു ദ്വാരങ്ങള്‍ മാത്രമുള്ള ദേഹമാസകലം മൂടുന്ന കുപ്പായം ധരിച്ചു ഇരുട്ടുള്ള മുറിയില്‍ അടച്ചിരിക്കണം..ഭക്ഷണം ഉണ്ടാക്കുക, കുട്ടികളെ നോക്കുക..ഈ അവസരങ്ങളില്‍ പുറത്തു വരാം. ഇരുട്ട് മുറി പുരുഷന്റെ മറ്റു ക്രിയകള്‍ക്കു തടസ്സമാകില്ല..
ബാലാല്സംയഗങ്ങളില് എന്നല്ല, മിക്ക അതിക്രമങ്ങളിലും മാനനഷ്ടം തന്നെയാണ് പ്രധാന പ്രശ്നം. ബലാല്സംിഗക്കെസുകളില് മാത്രമല്ല, ഏതു കുറ്റകൃത്യത്തിലും മാനനഷ്ടമാണ് പ്രധാന പ്രശ്നം. സമൂഹം ഭദ്രമായി നിലകൊള്ളുന്നത് മാനവും അഭിമാനവും സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെയാണ്.
നല്ല അധ്യാപകര്‍ അല്ലെങ്കില്‍ നല്ല രക്ഷിതാക്കള്‍ മക്കളെ അവരുടെ സുഹൃത്തുക്കളുടെ മുന്നിലിട്ട് ശിക്ഷിക്കാത്തതിന്റെ കാരണവും ആ കുട്ടിക്ക് മാനഭംഗം സംഭവിക്കരുത് എന്നതാണ്. സ്ത്രീകളാല്‍ ഒരു പുരുഷന് ബലാല്ക്കാ രത്തിനു വിധേയനായാല്‍ അയാള്‍ക്കും സംഭവിക്കുന്നത് മാനഭംഗം തന്നെയാണ്. ബലപ്രയോഗത്തിലൂടെ സ്വവര്‍ഗ്ഗ രതി നടത്തിയാലും മാനഭംഗം തന്നെയാണ് പ്രശ്നം. മാനഭംഗം കാര്യമായ മാനസിക പ്രശ്നങ്ങള്ക്ക്ണ കാരണമാവും. മാനഭംഗം ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ്.
പിതാവിന്റെയോ അധ്യാപകന്റെയോ, ശിക്ഷനത്തിന്റെ ഭാഗമായുള്ള ‘ഹിംസ’, രണ്ടു വിപരീത ഫലങ്ങള്‍ ഉളവാക്കുന്നത് ആ ശിക്ഷ (ഹിംസ) നടപ്പാക്കുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്. വളരെ ചെറിയ കുഞ്ഞുങ്ങളില്‍ പോലും ആ വ്യത്യാസം നമുക്ക് കാണാം. അഭിമാനം സംരക്ഷിച്ചു കൊണ്ട് ശിക്ഷ നടപ്പാക്കപ്പെട്ടാല്‍ അവിടെ അനുഗുണമായ ഫലങ്ങള്‍ നമുക്ക് കാണാം.
അത് കൊണ്ട് തന്നെ, ഹിംസയുടെ പ്രശ്നം താരതമ്യേന impact കുറഞ്ഞതാണ്. ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നത് മാനനഷ്ടം തന്നെയാണ്. ഒരാളുടെ അഭിമാനത്തെ പരസ്യമായി ചോദ്യം ചെയ്യുക എന്നത് തന്നെയാണ് പ്രശ്നം. ബലാല്സംയഗക്കെസുകളിലും അത് തന്നെയാണ് പ്രശ്നം.
ഭാര്യയെ ഭര്ത്താ്വ് ബലാല്സംതഗം ചെയ്താല്‍ പുറത്തു വരുന്നത് ഹിംസ ആണെങ്കില്‍ ആ ഹിംസ കൊണ്ട് ആ ഭാര്യക്കോ, ഭര്ത്താനവിനോ , കുടുമ്പത്തിനോ സമൂഹത്തിനോ ഉള്ള പ്രശ്നം എന്താണ്? പ്രശ്നം അഭിമാനത്തിനു ഏല്ക്കു ന്ന ക്ഷതം തന്നെയാണ്; അല്ലാതെ ശരീരത്തില്‍ ഒരു മുറിവുണ്ടായതോ കുറച്ചു ചോര നഷ്ടപ്പെട്ടതോ അല്ല! മാനത്തിന് ഏല്ക്കു്ന്ന ക്ഷതം ആ ഭാര്യയുടെ മറ്റു മേഖലകളിലും തുടര്‍ന്ന് കുട്ടികളെ വളര്‍ത്തു ന്നതിലും, അത് വഴി സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്.
സ്ത്രീകളുടെ സാമൂഹിക വളര്ച്ചത സൃഷ്ടിച്ച അങ്കലാപ്പ് കൊണ്ടാണ് പുരുഷന്മാര് ബലാല്സംടഗം നടക്കുന്നത് എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. സ്ത്രീകള്‍ തനി അടിമകളെ പോലെ ജീവിച്ച കാലത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ലേ? സ്ത്രീകള്‍ വല്ലാതെ പുരോഗമിച്ചു പുരുഷനോടൊപ്പം എത്തി എന്നവകാശപ്പെടുന്ന രാജ്യങ്ങള്‍ സ്ത്രീകള്ക്കെ തിരിലുള്ള അതിക്രമങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതാവാന്‍ കാരണം എന്ത്? മൂന്നാം ലോക രാജ്യങ്ങള്ക്ക്ട പകരം സാമാന്യം പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ എങ്ങനെ ലിസ്റ്റില്‍ ഒന്നാമതായി? (http://www.nationmaster.com/graph/cri_rap-crime-rapes) പെണ്ണുങ്ങളുടെ വളര്‍ച്ചpയിലുള്ള അസൂയകൊണ്ട് ആണുങ്ങള് അവരുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന വാദം എത്ര ബാലിശമാണ്? ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ആണ് ജാതിയുണ്ടെന്നു അരുന്ധതി പറഞ്ഞത്, അല്ലാതെ ബാലാല്സംങഗത്തിനല്ല, ഇനി അങ്ങനെ പറഞ്ഞാലും അത് തനി മണ്ടത്തരം എന്നെ പറയാനാവൂ.
//പ്രതിഷേധങ്ങള്‍ക്ക് അവയുടെ രാഷ്ട്രീയമുണ്ടെന്ന് സാരം.//
ഈയൊരു വാദഗതിയാണ് ഇവിടെ മനസ്സിലാകാത്തത്. ഇതുവരെ നിങ്ങള്‍ ആരും ഇതുപോലെ പ്രതികരിച്ചില്ല അതുകൊണ്ട് ഈ സംഭവത്തിലും പ്രതികരിക്കരുത്…എന്ന് പറയുന്നതിലെ സാംഗത്യം.!!! പ്രസിദ്ധരായ ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചതിന് ശേഷം മാത്രമേ അല്ലെങ്കില്‍ അവരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ആഹ്വാനപ്രകാരം നടത്തുന്ന പ്രധിഷേധം മാത്രമേ പലര്‍ക്കുമിവിടെ അന്കീകരിക്കാന് കഴിയൂ… ഈ പ്രധിഷേധത്തില്‍ താങ്കള്‍ എന്തിനെയാണ് ഭയക്കുന്നത്…അക്ടിവിസ്ടുകളുടെ സ്ഥാനം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ ഇവിടെ ആര്‍ക്കെങ്കിലും പണിയില്ലാതാവുമെന്നു പരിതാപമുണ്ടോ? തലസ്ഥാനനഗരിയിലെ ഈ പ്രധിഷേധം കേവലം ഒരു ഡല്‍ഹി കൂട്ട ബലാത്സംഗത്തിനെതിരെയുള്ള പ്രതികരണമല്ല…ഇത് വരെ നടന്നീട്ടുള്ള അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അഴിമതികള്‍ക്കും എതിരെയുള്ള യുവതയുടെ മൂടിവെക്കപെട്ട പ്രധിഷേധാഗ്നിപര്വതത്ത്തിന്റെ പൊട്ടിത്തെറിച്ച ലാവയായിരുന്നു എന്ന് വേണം കണക്കു കൊട്ടാന്‍ .!!!
കഠിനമായ ശിക്ഷ, സൗദിയിലും ഇറാനിലും പരീക്ഷിച്ചു വരുന്നു..വധ ശിക്ഷയും നടപ്പിലാകുന്നു.എന്നാലും അവിടെയും വീണ്ടും വീണ്ടും റേപ്പ് നടക്കുന്നു. റേപ്പ്,ഇതില്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രികയാണ്. പിന്നെ അമേരിക. പിന്നെ നമ്മള്. ഒരു കാര്യം വ്യക്തം. ഉദാര ലൈംഗീകതയോ സൗദി നിയമങ്ങളോ റേപ്പ് ഇല്ലാതാക്കുന്നില്ല. വീടുകള്ഉള്ളിലാണ് എയ്റ്റവും അധികം ഇത് നടക്കുന്നത് എന്ന് മറന്നു കൂടാ. അഥവാ ലോകത്തെ ബഹു ഭൂരിപക്ഷം റേപ്പും പുറം ലോകം അറിയപ്പെടുന്നില്ല. ഈ ദുരന്തം നിര്‍മാര്‍ജനം ചെയ്യാന്‍ അടിസ്ഥനപരമായിട്ടു വേണ്ടത് സ്ത്രീകളെ ബഹുമാനിക്കാനും, അംഗീകരിക്കാനും ഉള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഓരോ വീടുകളില്‍ നിന്നും അത് തുടങ്ങണം. പ്രത്യേകിച്ചും സ്കൂളില്‍ നിന്നും. ജനാധിപത്യ പ്രക്രിയയുടെ ഒരു ഘട്ടമാനത്.