പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

 
 
 
 
ഡല്‍ഹി പ്രക്ഷോഭങ്ങളെക്കുറിച്ച അരുന്ധതിറോയിയുടെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിയോജനക്കുറിപ്പ്
-ജോ മാത്യു എഴുതുന്നു

അരുന്ധതി റോയിയൊക്കെ പറയുന്നതാവുമ്പോള്‍ അബദ്ധത്തിനുമുണ്ടാവുമല്ലോ ഒരു സ്റ്റാന്‍ഡേഡൊക്കെ. പീഡനത്തിനിരയായ കുട്ടി ഉന്നതജാതിക്കാരിയായതു കൊണ്ടും, പീഡകര്‍ താഴ്ന്ന ജോലിചെയ്യുന്നവരായതുകൊണ്ടുമാണ്‌ (അവരുടെ ജാതിസര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ കിട്ടിയിട്ടുണ്ടാവില്ല) ഇത്ര വലിയ പ്രതിഷേധം എന്നതാണ്‌ ഈ കണ്ടുപിടുത്തം. മാര്‍ട്ടിന്‍ നിമോളറുടെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു പാരഡി വരെ ഇന്‍റര്‍നെറ്റില്‍ കറങ്ങിനടക്കാന്‍ തുടങ്ങി. വെന്‍റിലേറ്ററില്‍ കിടക്കുന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പരാമര്‍ശിക്കാന്‍ മാധ്യമങ്ങളൊക്കെ പല പേരുകളാണ്‌ ഉപയോഗിക്കുന്നതെന്നിരിക്കെ, ആ കുട്ടിയുടെ ജാതിയും, സാമ്പത്തികനിലയുമൊക്കെ അരുന്ധതി റോയിക്കെങ്ങനെ മനസ്സിലായി? -ജോ മാത്യു എഴുതുന്നു
 
 

 
 
സ്വാര്‍ത്ഥരാഷ്ട്രീയക്കാരും, റൌഡികളുമൊക്കെ നുഴഞ്ഞുകയറി ഡെല്‍ഹിയിലെ യുവജനപ്രക്ഷോഭത്തിന്‍റെ ദിശ മാറ്റിയെന്ന് ഒരു പക്ഷം. തികച്ചും അരാഷ്ട്രീയമായ ഒരു വൈകാരിക ആള്‍ക്കൂട്ടത്തിന്‍റെ അനിവാര്യമായ ശിഥിലാന്ത്യം ശരിയായി പ്രവചിച്ചത് ഓര്‍ത്തും, പേര്‍ത്തും ആത്മനിര്‍വൃതിയുടെ ചാരുകസേരയില്‍ കിടന്ന് ന്യൂസ് ചാനലുകള്‍ മാറ്റി, മാറ്റിക്കാണുന്ന മറ്റൊരു അടക്കിപ്പിടിച്ച പക്ഷം. ഞായറാഴ്ച ഉച്ച വരെ ഒരു മലയാളി സാംസ്കാരിക സംഘടനയുടെ ഭാഗമായി ഇന്ത്യാഗേറ്റിലെ ഐക്യദാര്‍ഢ്യപ്രകടനത്തിലും , വൈകിട്ട് സമീപനഗരമായ നോയിഡയില്‍ മറ്റൊരു പ്രകടനത്തിലും പങ്കെടുത്ത് മടങ്ങിവരുമ്പോള്‍ ഈ രണ്ടുപക്ഷങ്ങളെയും സമീപിക്കാതെ വയ്യ. ആദ്യത്തെ പക്ഷത്തിനുള്ള ആദ്യത്തെ മറുപടി ആരുടെയും ആഹ്വാനമില്ലാതെ ഇത്രയേറെ യുവജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ അവിടെയെത്തിച്ചേരുമെന്നത് മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ കഴിയാത്ത കാര്യമൊന്നുമായിരുന്നില്ല എന്നതാണ്‌. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും, പീഡനങ്ങളെയും നിസ്സംഗമായി കണ്ടുശീലിച്ച ഒരു സമൂഹബോധത്തെ ശക്തിയായി പിടിച്ചുലയ്ക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ, മറ്റാര്‍ക്കെങ്കിലും വളച്ചൊടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ലക്ഷ്യവും,ദിശയുമൊന്നും ഈ പ്രക്ഷോഭത്തിനില്ല എന്നതാണ്‌ രണ്ടാമത്തെ ഉത്തരം. രാംദേവോ, കേജ്‍രിവാളോ , യുവമോര്‍ച്ചയോ മറ്റാരെങ്കിലുമോ ഈ വിഷയങ്ങള്‍ ഏറ്റെടുത്താല്‍ അവരെക്കൊണ്ട് ഇതേറ്റെടുപ്പിക്കാന്‍ കഴിഞ്ഞുവല്ലോ എന്ന സന്തോഷമേ സമരത്തിനിറങ്ങിയ കുട്ടികള്‍ക്കുണ്ടാവൂ. ഉണ്ടാകാവൂ.

ജോ മാത്യു

വ്യവസ്ഥാപിതരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആലോചിച്ച്, തീരുമാനിച്ച് ഏറ്റെടുക്കുന്നതിനു വെളിയില്‍ ഉയരുന്ന ഏത് ശബ്ദത്തേയും വിശേഷിപ്പിക്കാനുപയോഗിക്കാവുന്ന അസഭ്യപദമായി ‘അരാഷ്ട്രീയത’ എന്ന അമ്പ് ആവനാഴിയില്‍ സൂക്ഷിക്കുന്ന വില്ലാളികളോട് അങ്കത്തിനില്ല. ആയിരക്കണക്കിന്‌ ബലാല്‍സംഗങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ഈ ഒരു സംഭവത്തിനു മാത്രം കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തെയോര്‍ത്ത് രാഷ്ട്രീയതത്വചിന്താപരമായി വിയര്‍ക്കുന്നവരുടെ കൂടെയിരിക്കാന്‍ തോന്നുന്നില്ല. ഞങ്ങള്‍ ആഹ്വാനം ചെയ്യാതെ എങ്ങനെയാണ്‌ ഒരു “ജനരോഷം” ഉണ്ടാവുക എന്ന ന്യായമായ ശങ്ക തീര്‍ക്കാന്‍ അവര്‍ തടിച്ച പുസ്തകങ്ങള്‍ വീണ്ടും മറിച്ചുനോക്കട്ടെ. തുടക്കം ഈ സംഭവത്തില്‍ നിന്നാണെങ്കില്‍ അങ്ങനെയാകട്ടെ എന്നേ കരുതുന്നുള്ളു. ഇനിയും മാംസഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടേണ്ട ഒരു സ്ത്രീശരീരം മനസ്സിലൊരു തീവ്രപരിചരണമേശയില്‍ കിടന്നു പിടയുന്നതുകൊണ്ടാണ്‌ അതെങ്കില്‍ അങ്ങനെയാകട്ടെ. ആ വൈകാരികതയെ രാഷ്ട്രീയബോധത്തില്‍ നിന്ന് അന്യമായി കാണാന്‍ കഴിയുന്നില്ല.

ഇങ്ങനെ കണ്ടിട്ടില്ല മുമ്പൊരിക്കലും ഈ നഗരത്തില്‍. ട്രക്കുകളിലും, ബസ്സുകളിലും കൊണ്ടുവന്നു തട്ടിയിടുന്ന നിഷ്കളങ്ക ഗ്രാമീണമുഖങ്ങളില്‍ നിന്ന് നഗരകാഴ്ചാകുതൂഹലം ക്രമേണ വാര്‍ന്നൊഴിഞ്ഞ് പടരുന്ന വിരസതയും, നിര്‍വികാരതയും കണ്ടു കണ്ടാണ്‌ ഈ തെരുവുകളിലെ വന്മരങ്ങള്‍ പുകഴ്പെറ്റ മഹാറാലികളുടെ ഒടുവിലത്തെ യാമങ്ങളില്‍ കണ്ണ് ചിമ്മിയിട്ടുള്ളത്. ഈ തണുത്ത ദിവസങ്ങളില്‍ അതായിരുന്നില്ല കാഴ്ച. നേതാക്കളില്ലാത്ത സ്ത്രീകളുടെയും, യുവാക്കളുടെയും ചെറുസംഘങ്ങള്‍ പ്രതിരോധത്തിന്‍റെ ജലപീരങ്കികളിലേയ്ക്ക് നടന്നടുക്കുന്നു. ലിംഗസമത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പോലീസ് ലാത്തികള്‍ കോളജ് പെണ്‍കുട്ടികളെ നിലത്തു വീഴ്ത്തുന്നു. നീതി നടപ്പിലാക്കണമെന്നും, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയരുന്നു. മലയാളികള്‍ മാത്രമായി തുടങ്ങിയ നോയിഡയിലെ ചെറുപ്രകടനത്തില്‍ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും കണ്ട് മറ്റു നാട്ടുകാരും കൂടിച്ചേരുന്നു. ദേശീയതലസ്ഥാനമേഖലയില്‍ പലയിടത്തും സാധാരണജനങ്ങള്‍ ഇത്തരം ജാഥകള്‍ സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധങ്ങളുടെ നൈസര്‍ഗ്ഗികതയാണ്‌ ഇതിന്‍റെ രാഷ്ട്രീയം. ഇത് മറ്റെവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അതും.
 
 

ഡെല്‍ഹിയില്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ നിരന്തരം അപമാനിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ , അപ്പോഴൊന്നുമുണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്.

 

എന്തു കൊണ്ട് ഈ പ്രതിഷേധം?

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ ക്രൂരകൃത്യമല്ല ഇത്. കൊലക്കയറില്‍ കുടുക്കപ്പെടുകയോ, ഷണ്ഡീകരിക്കപ്പെടുകയോ ചെയ്യേണ്ടുന്ന ആദ്യപറ്റം കശ്മലന്മാരുമല്ല ഇവര്‍. ഏത് കലാപത്തിലേയും, സൈനികനടപടിയിലേയും കണക്കുകളില്‍ പെടാത്ത ഇരകള്‍ സ്ത്രീകളാണ്‌. വാര്‍ത്ത പുറത്ത് വരാതെ, പ്രതിഷേധസ്വരങ്ങളുയരാതെ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ കടന്നു പോകുന്ന ആയിരക്കണക്കിന്‌ സംഭവങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഗര്‍ഭിണികള്‍ക്കെതിരെ പോലും നടന്ന നരാധമത്വത്തിന്‍റെ നെഞ്ചുപിളര്‍ത്തുന്ന കഥകള്‍ ഗുജറാത്ത് കലാപത്തിനുശേഷം നമ്മെ തേടി വന്നു. സിഖ് കൂട്ടക്കൊലക്കാലത്തും നടന്നു അസംഖ്യം നിഷ്ഠൂരതകള്‍. പല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും സൈനികസേവനങ്ങളിലെ എണ്ണത്തില്‍ പെടാത്ത ഒരു ധര്‍മ്മം ബലാല്‍സംഗമാണെന്ന കാര്യം നമ്മെ ബോധ്യപ്പെടുത്താന്‍ അവിടുത്തെ സ്ത്രീകള്‍ക്ക് “ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ” എന്ന ബാനര്‍ പിടിച്ച് നഗ്നരായി തെരുവില്‍ പ്രതിഷേധിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന ഇറോം ശര്‍മ്മിളയുടെ നിരാഹാരസമരത്തിന്‍റെ തുടക്കം തന്നെ സൈനികര്‍ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമമാണ്‌. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലെ പ്രധാന ഇരകള്‍ സ്ത്രീകളാണ്‌. ഡെല്‍ഹിയില്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ നിരന്തരം അപമാനിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ , അപ്പോഴൊന്നുമുണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ബോധപൂര്‍വ്വം ഈ ചോദ്യം ചോദിക്കുന്നവരോട് പ്രതിഷേധവും, ആലോചനയില്ലാതെ അതേറ്റുപാടുന്നവരോട് സങ്കടവും അറിയിക്കാന്‍ കൂടെയാണ്‌ ഈ കുറിപ്പ്.
 
 

ഡെല്‍ഹിയിലെ ഉപരിമധ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന ചില കൊലപാതകക്കേസുകള്‍ക്ക് വളരെയേറെ മാധ്യമശ്രദ്ധ ലഭിക്കുന്നത് ഇന്ത്യാഗേറ്റിലെ മെഴുകുതിരി കത്തിക്കലിലൂടെയാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടന്ന എത്രയോ കൊലപാതകങ്ങള്‍ എവിടെയൊക്കെയോ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം ചില കേസുകള്‍ ദേശീയ വിഷയങ്ങളായി മാറാറുണ്ട്, പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെടാറുമുണ്ട്.

 

രണ്ട് വിമര്‍ശനങ്ങള്‍
രണ്ട് വിമര്‍ശനനിരീക്ഷണങ്ങളാണ്‌ മുഖ്യമായും ഉയര്‍ന്നു വരുന്നത്. ഒന്ന്, ഡെല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടത്താന്‍ പറ്റിയാല്‍ മാത്രമേ നീതി പെട്ടെന്ന് ലഭിക്കൂ എന്നതാണ്‌. ഇതില്‍ കുറേയേറെ വാസ്തവമുണ്ട്. ഡെല്‍ഹിയിലെ ഉപരിമധ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന ചില കൊലപാതകക്കേസുകള്‍ക്ക് വളരെയേറെ മാധ്യമശ്രദ്ധ ലഭിക്കുന്നത് ഇന്ത്യാഗേറ്റിലെ മെഴുകുതിരി കത്തിക്കലിലൂടെയാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടന്ന എത്രയോ കൊലപാതകങ്ങള്‍ എവിടെയൊക്കെയോ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം ചില കേസുകള്‍ ദേശീയ വിഷയങ്ങളായി മാറാറുണ്ട്, പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെടാറുമുണ്ട്.

എന്നാല്‍, ഇപ്പോഴത്തെ ഈ ജനകീയപ്രതികരണത്തെ ആ വിഭാഗത്തില്‍ തീരെ പെടുത്താനാവില്ല എന്നതാണ്‌ വാസ്തവം. ഉത്തരാഖണ്ഡിലെ ഏതോ പര്‍വ്വതമടക്കിലെ ഒരു ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയാണത്. ഈ തണുപ്പുകാലത്ത്, ഇന്ത്യാഗേറ്റില്‍ വഴുവഴുത്ത കാറുകളില്‍ വന്നിറങ്ങി, മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ ആ കുട്ടിയുടെ ക്രെഡെന്ഷ്യലുകള്‍ മതിയാവില്ല ഡെല്‍ഹിയിലെ ഉപരിവര്‍ഗ്ഗത്തിന്‌. വന്നത് വിദ്യാര്‍ത്ഥികളാണ്‌, മെട്രോയിലും ബസ്സിലുമൊക്കെയായി.

രണ്ടാമത്തേത് ഇത്രയും നിസ്സാരമായ ഒരു അബദ്ധമല്ല. അരുന്ധതി റോയിയൊക്കെ പറയുന്നതാവുമ്പോള്‍ അബദ്ധത്തിനുമുണ്ടാവുമല്ലോ ഒരു സ്റ്റാന്‍ഡേഡൊക്കെ. പീഡനത്തിനിരയായ കുട്ടി ഉന്നതജാതിക്കാരിയായതു കൊണ്ടും, പീഡകര്‍ താഴ്ന്ന ജോലിചെയ്യുന്നവരായതുകൊണ്ടുമാണ്‌ (അവരുടെ ജാതിസര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ കിട്ടിയിട്ടുണ്ടാവില്ല) ഇത്ര വലിയ പ്രതിഷേധം എന്നതാണ്‌ ഈ കണ്ടുപിടുത്തം. മാര്‍ട്ടിന്‍ നിമോളറുടെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു പാരഡി വരെ ഇന്‍റര്‍നെറ്റില്‍ കറങ്ങിനടക്കാന്‍ തുടങ്ങി. വെന്‍റിലേറ്ററില്‍ കിടക്കുന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പരാമര്‍ശിക്കാന്‍ മാധ്യമങ്ങളൊക്കെ പല പേരുകളാണ്‌ ഉപയോഗിക്കുന്നതെന്നിരിക്കെ, ആ കുട്ടിയുടെ ജാതിയും, സാമ്പത്തികനിലയുമൊക്കെ അരുന്ധതി റോയിക്കെങ്ങനെ മനസ്സിലായി?

തങ്ങളുടെ തൊട്ടടുത്ത് നടന്ന അതിക്രൂരമായ ഒരു സംഭവത്തെക്കുറിച്ച് അറിഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ആധുനിക ആശയവിനിമയസമ്പ്രദായങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ രോഷവും, വേദനയും പങ്കുവെച്ചപ്പോള്‍ സംഭവിച്ചതാണ്‌ അഭൂതപൂര്‍വ്വമായ ഈ ഒത്തുചേരല്‍. ഹോസ്റ്റലുകളില്‍ നിന്നും, അയല്‍നഗരങ്ങളായ നോയിഡയില്‍ നിന്നും, ഗുഡ്ഗാവില്‍ നിന്നുമാണ്‌ ഭൂരിഭാഗം കുട്ടികളുമെത്തിയത്. ആ കുട്ടികളെ ഏതെങ്കിലും വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായും, അവരുടെ പ്രവൃത്തിയെ ഒരു വര്‍ഗ്ഗതാല്‍പര്യമായും കാണുന്നത് അബദ്ധമാവും. അഭിപ്രായം പറയുകയെന്നത് ഒരു അധികാരവും, ചുമതലയുമായി കരുതുന്നവര്‍ക്ക് മുന്‍ധാരണകളുടെ ഫോര്‍മുലകളിലേക്ക് ഇന്ത്യാഗേറ്റ്, മെഴുകുതിരി, സൌത്ത് ഡെല്‍ഹി എന്നിങ്ങനെയുള്ള ഡാറ്റകള്‍ കയറ്റിവിട്ടാല്‍ പുറത്തുവരുന്നതരം റെഡിമെയ്ഡ് അബദ്ധങ്ങളാണിത്.


വൈകാരിക പ്രതികരണം
ഇതുവരെ നടന്നതും, ഇപ്പോഴും നടക്കുന്നതുമായ പരശ്ശതം സ്ത്രീപീഡനങ്ങളുടെ സന്ദര്‍ഭത്തിലൊന്നും ഇതു പോലൊരു പ്രതിഷേധം സംഭവിക്കാത്തതിനാല്‍, ഈ സന്ദര്‍ഭത്തിലും അത് സംഭവിക്കരുത് എന്ന് ശഠിക്കുന്നത് ക്രൂരവും ബാലിശവുമാണ്‌. മുന്‍തീരുമാനമില്ലാത്ത ഒരു വൈകാരിക പ്രതികരണം മാത്രമായി വിദ്യാര്‍ത്ഥികളുടെ സമരത്തെ കണ്ടാല്‍ മതി. കൃത്യത്തിലടങ്ങിയ ക്രൂരതയോടുള്ള വൈകാരികപ്രതികരണമായി കുറ്റവാളികളെ തൂക്കിലേറ്റുക, അവരെ ഷണ്ഡീകരിക്കുക മുതലായ മുദ്രാവാക്യങ്ങളാണ്‌ ഉയര്‍ന്നത് എന്നതും ശരിയാണ്‌.

ഇത്തരം കുറ്റകൃത്യങ്ങള്‍ ഭയം കൂടാതെ നടത്താനനുവദിക്കുന്ന ഡെല്‍ഹിയുടെ സാമൂഹ്യഘടനയുടെ അടിസ്ഥാനപ്രശ്നങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നുമില്ല. വിദ്യാര്‍ത്ഥികളുടെ ഒരു ക്ഷിപ്രപ്രതികരണത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവുന്നതല്ലെങ്കിലും അരുന്ധതി റോയിക്ക് കഴിയാത്തതല്ല അത്. ഈ കുറിപ്പിന്‍റെ പരിധിയില്‍ നിന്നു കൊണ്ട് പരിശോധിക്കാനാവുന്നതല്ല ആ വിഷയമെങ്കിലും ഏറ്റവും പ്രസക്തമായ ഏതാനും കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

പ്രസക്തമായ ചില കാര്യങ്ങള്‍

ഒന്ന്.

ഉത്തരദായിത്തം(Accountaability) തീരെ കുറഞ്ഞതോ, അവ്യക്തമോ ആയ ഒരു പോലീസ് സേനയാണ്‌ ഡെല്‍ഹിയിലേത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിന്‌ ഉത്തരം കൊടുക്കേണ്ട യാതൊരു ബാധ്യതയും ഇവിടുത്തെ പോലീസിനില്ല. സാങ്കേതികമായി ഉത്തരം കൊടുക്കേണ്ടത് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വഴി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്‌. സവിശേഷ സാഹചര്യം ഒന്നും ഉണ്ടായില്ലെങ്കില്‍ കമ്മീഷണര്‍ തന്നെ ഡെല്‍ഹി പോലീസിന്‍റെ പരമാധികാരി എന്നര്‍ത്ഥം. സേനയിലെ ഒരു പകുതിയുടെ ജോലി വിശിഷ്ട വ്യക്തികളെയും, അവരുടെ വാസസ്ഥലങ്ങളെയും സം‍രക്ഷിക്കുക എന്നതാണ്‌. ബാക്കി പകുതിയുടെ പകുതി നടന്നു കഴിഞ്ഞതും, രേഖയില്‍ സ്വീകരിച്ചതുമായ കേസുകളുടെ അന്വേഷണവും മറ്റു കാര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കപ്പെടുന്നു. അവശേഷിക്കുന്ന കാല്‍ ഭാഗമാണ്‌ ഈ മഹാനഗരത്തിന്‍റെ ക്രമസമാധാനപാലനം നടത്തുന്നത്.

രണ്ട്.
അധികാരത്തിന്‍റെ ഇടപെടല്‍ കൊണ്ട് ഇളവ് നേടാവുന്നതരം നിയമങ്ങളാലാണ്‌ ഈ നഗരം പുലരുന്നത്. അധികാരം എന്നത് കൊണ്ട് രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ പ്രയോഗിക്കുന്ന അധികാരവും, സ്വാധീനവും മാത്രമല്ല വിവക്ഷ. അതൊരു സംസ്കാരവും രീതിയുമാണ്‌. ഏതൊരു സാധാരണവ്യക്തിക്കും പൊതുമണ്ഡലത്തിലെ സന്ദര്‍ഭങ്ങളില്‍ വിശിഷ്ടവ്യക്തിയായി ഭാവിക്കാനുള്ള പ്രവണതയായി പടര്‍ന്നിരിക്കുന്ന ഒരു സംസ്കാരമാണത്. വിശിഷ്ടവ്യക്തിത്വങ്ങളുടെ അതിപ്രസരം തന്നെയാവാം ഈ പൊതു ബോധവും, അന്തരീക്ഷവും സൃഷ്ടിച്ചത്. വരുന്നിടത്ത് വെച്ച് നോക്കാം എന്നതാണ്‌ ഏത് നിയമത്തോടുമുള്ള ഒരു ശരാശരി ഡെല്‍ഹിക്കാരന്‍റെ നിലപാട്. അത് അവന്‍ നോക്കുകയും ചെയ്യും. അതിന്‍റെ പിന്‍ബലം പണമാകാം, ഏതെങ്കിലും തരത്തില്‍ അധികാരമുള്ള ആരോടെങ്കിലുമുള്ള പരിചയമാകാം, സ്വന്തനിലയ്ക്കുള്ള ഹൂങ്കാകാം, സംഘബലമാകാം, ഒന്നുമില്ലെങ്കില്‍ ഒച്ചയുയര്‍ത്തി സംസാരിക്കാനുള്ള കഴിവാകാം. ഇവിടുത്തെ റോഡുകളിലെ ഒരു സ്ഥിരം കാഴ്ച ഇതാണ്‌. ട്രാഫിക്ക് പോലീസ് എന്തെങ്കിലും നിയമലംഘനത്തിന്‍റെ പേരില്‍ ഒരു കാര്‍ തടഞ്ഞുനിര്‍ത്തുന്നുവെന്നിരിക്കട്ടെ.

അതിലുള്ളത് ഒരാളായാലും, നാലാളായാലും പുറത്തിറങ്ങി ഉടന്‍ മൊബൈലില്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്യുന്നു. എന്നിട്ട് ആ ഫോണ്‍ ട്രാഫിക്കുകാരന്‌ നേര്‍ക്ക് നീട്ടുന്നു. ” ലോ, ബാത്ത് കരോ”. ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ പിടിക്കപ്പെട്ടവന്‍റെ അമ്മാവനോ, ഇളയച്ഛനോ ആണ്‌. അയാള്‍ ആ പൊലീസുകാരന്‌ തിരിച്ചറിയാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനോ, മറ്റൊരു പോലീസുദ്യോഗസ്ഥനോ ഒന്നുമാകണമെന്നില്ല. സ്വരം കേട്ടാല്‍ മനസ്സിലാകും ഇത് വലിയ ആരോ ആണെന്ന്. കാര്‍ വിട്ടയക്കപ്പെടുകയും ചെയ്യും. “ജാന്‍തെ ഹോ, മെ കോന്‍ ഹും?”( അറിയുമോ , ഞാന്‍ ആരാണെന്ന്) എന്ന കനപ്പിക്കല്‍ കൊണ്ട് ഏതു നിയമത്തേയും ഉരുക്കാന്‍ കഴിയുന്ന ഖാസ് ആദ്മികള്‍ (വിശിഷ്ട വ്യക്തിത്വങ്ങള്‍) ഈ നഗരത്തില്‍ പതിനായിരക്കണക്കിനൊന്നുമല്ല, ലക്ഷക്കണക്കിനാണ്‌. നിര്‍ത്താതെ ഓടിച്ചു പോകുന്നവരും, നിരായുധരായ ട്രാഫിക്ക് പോലീസുകാരെ ആക്രമിച്ചു കടന്നുകളയുന്നവരും വേറെ.

മൂന്ന്.
സാധാരണക്കാര്‍ക്കോ, മധ്യവര്‍ഗ്ഗത്തിനോ വേണ്ടി പോലും രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല ഈ നഗരം. രണ്ടു തരത്തിലാണ്‌ ഈ നഗരം വികസിച്ചതും, വികസിക്കുന്നതും. ഒന്ന്, നിയമാനുസൃതമായി സര്‍ക്കാര്‍ ഏജന്‍സികള്‍ പണിയുന്ന പാര്‍പ്പിടകോളണികളിലൂടെ രണ്ട്, തികച്ചും നിയമവിരുദ്ധമായി വികസിക്കുകയും പിന്നീട് നിയമാനുസൃതം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന കോളണികളിലൂടെ‍. (നിയമവിരുദ്ധ കോളണികള്‍ നിയമവിധേയമാക്കും എന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം നടത്തുന്ന ഒരേയൊരു സംസ്ഥാനം ഡെല്‍ഹിയായിരിക്കും.) നിയമാനുസൃതകോളണികള്‍ തന്നെ കെട്ടിപ്പൊക്കുമെന്നല്ലാതെ മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ അവയോടനുബന്ധിച്ച് ഉണ്ടായിക്കൊള്ളണമെന്നില്ല. നിത്യജീവിതത്തിലെ മിക്ക ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ പര്യാപ്തമായ അളവില്‍ നിയമവിധേയസംവിധാനങ്ങളില്ല എന്നു പറയാം.

എന്നാല്‍ ആ സംവിധാനങ്ങളെല്ലാം തന്നെ ഉയര്‍ന്നു വരുന്നത് നിയമപരിപാലന ഏജന്‍സികളുമായുള്ള വ്യപസ്ഥാപിതമായ ധാരണകളിലൂടെയാണ്‌. പോലീസ് ഉള്‍പ്പെടെയുള്ള ചില സര്‍ക്കാര്‍ ഏജന്‍സികള്‍ കൈക്കൂലി വാങ്ങല്‍ ഇന്ന് നിര്‍ത്തിയാല്‍ വി.ഐ.പി ജില്ലകള്‍ക്കു വെളിയിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിത്തീരും. പാലും, പച്ചക്കറിയും കിട്ടില്ല, അരിയും സാധനങ്ങളും വാങ്ങാന്‍ അംഗീകൃതമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പലചരക്കുകട ഒരു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയാണുള്ളതെന്ന് ഒരു ധാരണയുമില്ല. മലയാളിക്കട എന്ന സംഗതിയേ ഉണ്ടാവില്ല. (ഞാന്‍ താമസിക്കുന്ന കോളണിയിലെ അംഗീകൃത മാര്‍ക്കറ്റുകളുടെ താഴത്തെ നിലയില്‍ വിദേശമദ്യം, തന്തൂരി ചിക്കന്‍, സോഡാ,ഗ്ലാസ്,ടച്ചിംഗ്സ് എന്നിവ ലഭ്യമാകുന്ന കടകള്‍ മാത്രമാണുള്ളത്. മേലത്തെ നിലയില്‍ ബാങ്കുകളും, മുത്തൂറ്റാദി പണമിടപാട് സ്ഥാപനങ്ങളും, കോച്ചിംഗ് സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു) പെട്ടെന്ന് ഒരു ദിവസം എല്ലാം നിയമപ്രകാരം നടക്കാന്‍ തുടങ്ങിയാല്‍ പിറ്റേന്ന് ഭാര്യ ഓഫീസില്‍ പോകില്ല. സ്വന്തം വാഹനം എടുത്തില്ലെങ്കില്‍ എനിക്ക് സമയത്ത് ഓഫീസിലെത്താനാവില്ല. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് വരില്ല. പൂര്‍വ്വകാലപ്രാബല്യത്തോടെ നടപ്പില്‍ വരുത്തിയാല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ തന്നെ അവിടെയുണ്ടാവില്ല. ആയിരക്കണക്കിന്‌ പാര്‍പ്പിടകോളണികളിലെ അധികമുറികളും, ബാല്‍ക്കണികളും തകര്‍ന്ന് ഡെല്‍ഹി മാസ്റ്റര്‍പ്ലാനിന്‍റെ ഒരു കാരിക്കേച്ചറായി നഗരം സ്വയം രൂപാന്തരപ്പെടും.

നാല്‌.
പോലീസിനു കൃത്യമായി മാസപ്പടി കൊടുക്കുന്നു എന്ന സുരക്ഷിതത്വബോധത്തോടെ പൊതുജനങ്ങളോട് തികഞ്ഞ അഹങ്കാരത്തോടെ പെരുമാറുന്ന സേവനദാതാക്കളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്‌ പൊതുഗതാഗതനടത്തിപ്പുകാര്‍. മെട്രോ വരുന്നതിനു മുമ്പ്, അടിമുടി അഴിമതിയില്‍ കുളിച്ച ഡി.ടി.സി എന്ന ശുഷ്കമായ സര്‍ക്കാര്‍ ഗതാഗതസംവിധാനമൊഴിച്ചാല്‍ ഈ നഗരത്തിലെ പൊതുഗതാഗതം മുഴുവന്‍ ഇക്കൂട്ടരുടെ കൈയിലായിരുന്നു. വിദ്യാര്‍ത്ഥികളും, സ്ത്രീകളുമടങ്ങുന്ന പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ ഇവരുടെ കാരുണ്യത്തിലാണ്‌ കഴിഞ്ഞു പോന്നത്. കുറേയൊക്കെ മെട്രോ വ്യാപിക്കുകയും, ഡി.ടി.സി കാര്യക്ഷമമാവുകയും ചെയ്തതിനുശേഷവും പലരൂപത്തില്‍ ഈ സമ്പ്രദായം നിലനില്‍ക്കുന്നു. ഡി.ടി.സി ഫീഡര്‍ ബസുകളായും, ചാര്‍ട്ടേഡ് ബസ്സുകളായുമൊക്കെ. അഞ്ചും എട്ടും ഗുണ്ടകള്‍ ചേര്‍ന്നാണ്‌ ഒരു ബസ്സ് നടത്തുക. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരൊക്കെയായി മാറാവുന്നവരാണ്‌ ഇവരൊക്കെ. മുന്‍കൂട്ടി നിശ്ചയിച്ച തരം ധിക്കാരവുമായി പണം വാങ്ങാന്‍ നിങ്ങളുടെയടുത്തെത്തുന്നത് ചിലപ്പോള്‍ പതിനാറ് തികയാത്ത പയ്യനായിരിക്കും. അവരുടെ തന്നെ കൂട്ടുകാര്‍ ഒരു പിച്ചാത്തി ആയുധമാക്കി ഒരു മുഴുവന്‍ ബസ്സും കൊള്ളയടിച്ചു കൊണ്ടുപോയെന്നും വരും. ഇപ്പോഴും നടക്കുന്ന കാര്യങ്ങളാണിവ. ഇതിലൊക്കെ അരുന്ധതി റോയി പറയുന്ന അടിസ്ഥാനതൊഴിലാളി വര്‍ഗ്ഗമേത് , ഇതിന്‍റെ മുതലാളിയാര്‌ , ബാഗ് തുറന്ന് പണമെടുത്തുകൊടുക്കുമ്പോള്‍ പോലീസ് കാര്യാലയത്തിന്‍റേയും, സ്റ്റേഷനുകളുടേയും മുന്നിലൂടെ ഈ വാഹനം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നതെങ്ങനെ, ഒച്ചയും ബഹളവുമായി ഈ ബസ് ഭരിച്ചുകൊണ്ടിരുന്ന സ്റ്റാഫ്/ഗുണ്ടാ സംഘം എവിടെ എന്നൊന്നും സാധാരണ യാത്രികര്‍ക്ക് മനസ്സിലാവാറില്ല.

കൊള്ളയ്ക്കു പകരം സ്ത്രീകളെ കടന്നു പിടിക്കലാണ്‌ കാര്യപരിപാടിയെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് ബസ്സില്‍ വരുമ്പോള്‍ ഒരു ജുവനൈല്‍ എന്‍റെ ബാഗ് തുറക്കാനാവശ്യപ്പെട്ടു, ഞാന്‍ വിസമ്മതിച്ചപ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ നാളെ ചേര്‍ന്നേക്കാമെന്നു തോന്നിക്കുന്ന മറ്റൊരു ജുവനൈല്‍ എന്നെ കത്തി കാണിച്ചു പേടിപ്പിച്ചു എന്നൊക്കെയാണ്‌ ജോലിസ്ഥലത്ത് നിന്ന് മടങ്ങിവരുന്ന സ്ത്രീകള്‍, പൊളിറ്റിക്കലി കറക്ട് ആയി, അരുന്ധതി റോയിമാരെ പേടിയുള്ള ഭര്‍ത്താക്കന്മാരോട് പറയുന്നത്. ഒരു കുറ്റകൃത്യവും അത് തടയേണ്ടവരോ, പിടിക്കേണ്ടവരോ അറിയാതെ നടക്കുന്നില്ല. “സ്വാധീന”മുള്ളവന്‍, വേണ്ട വിധം പരാതിപ്പെട്ടാല്‍ അര മണിക്കൂര്‍ കൊണ്ട് മടങ്ങിയെത്താത്ത ഒരു സ്വര്‍ണ്ണമാലയും, പേഴ്സും എവിടെയും മോഷ്ടിക്കപ്പെടുന്നില്ല. ഈ ‘സ്വാധീന സംസ്കാര’ ത്തിന്‍റെ ഇരകളാണ്‌ ഈ നഗരത്തിലെ പൊതുജനം.

അഞ്ച്.
നല്ല പി. ആര്‍ ഏജന്‍സിയെ വാടകയ്ക്കെടുത്തത് കൊണ്ട് മനോഹരമായ മുദ്രാവാക്യങ്ങള്‍ കൂറ്റന്‍ ഫ്ലക്സ് ബോഡുകളില്‍ എഴുതിവെച്ചിട്ടുണ്ടെന്നല്ലാതെ ഇവിടുത്തെ പോലീസ് ജനങ്ങളെ സേവിക്കാനുള്ളതല്ല. ഒരു ഓട്ടോറിക്ഷ ഓട്ടം പോകാന്‍ വിസമ്മതിച്ചാല്‍, അത് അത്രയേറെ പരിചിതമായ നിത്യാനുഭവമായതിനാല്‍, പോലീസിനോട് പരാതിപ്പെടാം എന്നൊരു ചിന്ത പോലും ആര്‍ക്കുമുണ്ടാവില്ല. അങ്ങനെയാരെങ്കിലും സമീപിച്ചാല്‍ പോലീസുകാര്‍ക്ക് തന്നെ ചിരി വരും. വെറുതെ കാണുന്നവരോടൊക്കെ വഴക്ക് കൂടുന്ന ഡെല്‍ഹിയിലെ പൊതുജനം വാസ്തവത്തില്‍ നിസ്സഹായരായ ഇരകളുടെ കൂട്ടമാണ്‌. ആ വഴക്കുശീലവും വഴങ്ങാത്ത വലിയ ഒരു ജനവിഭാഗത്തില്‍ നിന്നാണ്‌ തികച്ചും അപ്രതീക്ഷിതമായി ചില കൂട്ടര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്, വിദ്യാര്‍ത്ഥികളും സ്ത്രീകളും. ആ പെണ്‍കുട്ടിയോടും, സുഹൃത്തിനോടും കാട്ടിയ ക്രൂരത പ്രതിഷേധത്തിന്‍റെ പൊട്ടിത്തെറിക്കലിന്‌ ഒരു നിമിത്തമോ, പ്രേരകഘടകമോ ആയി. ലൈംഗികതയിലേക്കും, ബലാല്‍സംഗത്തിലെ സാമൂഹ്യ ഉത്തരവാദിത്തത്തിലേക്കും, ദളിത് പരിപ്രേക്ഷ്യത്തിലേക്കുമൊക്കെ ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീളുന്നുണ്ട്.

എന്നാല്‍ , നിയമപാലകരുമായുള്ള അത്ര രഹസ്യമല്ലാത്ത ബാന്ധവത്തിലൂടെ , എന്തു കുറ്റകൃത്യവും ഭയം കൂടാതെ ചെയ്ത് രക്ഷപ്പെട്ടു പോകാന്‍ ക്രിമിനലുകള്‍ക്ക് അനുവാദം ലഭിക്കുന്ന ഒരു നഗരഭരണസംവിധാനത്തിനെതിരെ അതിന്‍റെ ഇരകളില്‍പ്പെടുന്ന ചോരത്തിളപ്പുള്ള യുവത്വം പ്രതിഷേധസമരങ്ങളുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുളുമ്പിയതാണെന്ന നിരീക്ഷണം അവഗണിക്കപ്പെടുന്നു. ഈ സംഭവത്തില്‍ ഉള്‍പെട്ട യാദവ് ബസ്സിലെ തഴ്ന്നവര്‍ഗ്ഗക്കാരായ ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും മദ്യത്തിന്‍റെ ലഹരിയില്‍ ഒരു ഉന്നതകുലജാതയെ കണ്ടപ്പോള്‍ അടിച്ചമര്‍ത്തിവെച്ച ലൈംഗികവികാരം / വര്‍ഗ്ഗവൈരം ബലാല്‍സംഗമായി അണപൊട്ടിയൊഴുകിയതൊന്നുമല്ല ഇത്.

നാല്‍പ്പതോളം ബസ്സുകളുള്ള ഈ കമ്പനി നിത്യേന, യാത്രികരോടും, നിരത്തിലെ മറ്റു വാഹനങ്ങളോടും, ഒരു വ്യവസ്ഥാപരമായ സുരക്ഷാബോധത്തിന്‍റെ ബലത്തില്‍ നിര്‍ഭയം ചെയ്തുപോരുന്ന ധിക്കാരനടപടികളില്‍ ഇതൊരെണ്ണം ഇത്തിരി കടുത്തുപോയെന്നും, വിധിവൈപരീത്യം കൊണ്ട് പിടിക്കപ്പെട്ടുവെന്നും മാത്രമേയുള്ളു. (ഇതൊരു ഒറ്റപ്പെട്ട കമ്പനിയൊന്നുമല്ല. എത്രയെങ്കിലുമുണ്ട്. രാഷ്ട്രീയക്കാരും, പോലീസുകാരുമൊക്കെയാണ്‌ പലതിന്‍റെയും ഉടമസ്ഥര്‍.) ആ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരതയ്ക്ക് ആ അഞ്ചുപേരോടൊപ്പം വേറെയും ഒരുപാടാളുകള്‍ പ്രതികളാണ്‌. അതില്‍ മുതലാളിമാരും, നിയമപാലകരും, ഭരണകര്‍ത്താക്കളുമൊക്കെയുണ്ട്. അവര്‍ക്കൊക്കെ എതിരെയുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികളുടെ ക്ഷിപ്രപ്രതികരണത്തെ വായിക്കാനായിരുന്നു ഡെല്‍ഹി വാസാനുഭവവും, ആക്ടിവിസ്റ്റ് പരിചയവും, താന്‍ പറയുന്നത് ഒരുപാട് ആളുകളെ സ്വാധീനിച്ചേയ്ക്കാം എന്ന ഉത്തരവാദിത്തബോധവും അരുന്ധതി റോയിയെ പ്രേരിപ്പിക്കേണ്ടിയിരുന്നത്.

 

മുന്നൊരുക്കമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമായിരുന്നു അത്. ഏത് പൊട്ടിത്തെറിയും പോലെ ക്ഷണികവും. ക്രാന്തിസേനക്കാരും, രാംദേവിന്‍റേയും, വി.കെ സിംഗിന്‍റേയും അനുയായികളും നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതിനു മുമ്പേ, പിന്‍വലിയാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

 

പ്രതിഷേധത്തിന്‍െറ പ്രസക്തി
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു വാര്‍ത്ത പോലുമാകാതെ പോകുന്നതിലെ പ്രതിഷേധം പങ്കുവെയ്ക്കുന്നയാളാണ്‌ ഈ ലേഖകന്‍. ഡെല്‍ഹിയുടെ തൊട്ടടുത്ത് , ഹരിയാനയിലെ കര്‍ണാലില്‍ ഓരോ ആഴ്ചയും ദളിത് സ്ത്രീകള്‍ പീഠിപ്പിക്കപ്പെടുന്നു. ആരുടെയും പ്രതികരണത്തെ ഉണര്‍ത്താതെ. എന്നാല്‍ അതൊന്നും ഡെല്‍ഹിയിലെ കുട്ടികളുടെ പ്രതികരണത്തെ ബ്രാന്‍ഡ് ചെയ്യാനുള്ള കാരണങ്ങളല്ല. അവര്‍ അവരുടെ പരിസരത്തെ ഒരു സംഭവത്തോടാണ്‌ പ്രതികരിച്ചത്. അതിനു ദേശീയപ്രാധാന്യം അവര്‍ ഉണ്ടാക്കിയതല്ല. ബലാല്‍സംഗത്തെക്കാള്‍ ആ കൃത്യത്തിലെ ക്രൂരതയാവാം അവരെ പ്രകോപിച്ചിട്ടുണ്ടാവുക. ചില പാശ്ചാത്യനഗരങ്ങളില്‍ ഉണ്ടാകുന്ന ജനകീയപ്രതിഷേധമാതൃകകള്‍ അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാവാം.

ഏതു സംഭവത്തോടുമുള്ള പ്രതികരണം താന്‍ അംഗമായിരിക്കുന്ന മത,രാഷ്ട്രീയ സ്ഥാപനത്തിന്‍റെ നിലപാടിന്‌ അനുരൂപമായിരിക്കണമെന്ന ബോധ്യവും, ശാഠ്യവും കൊച്ചുകുട്ടികള്‍ പോലും പുലര്‍ത്തുന്നത് കൊണ്ടാണ്‌ മലയാളികള്‍ക്ക് അത്തരം ചട്ടക്കൂടുകള്‍ക്ക് വെളിയിലുള്ള പ്രതികരണങ്ങള്‍ അദ്ഭുതമുണ്ടാക്കുന്നത്. ഈ അദ്ഭുതത്തെ മറികടക്കാനാണ്‌ വലിയ സിദ്ധാന്തവല്‍ക്കരണങ്ങളില്‍ അവര്‍ അഭയം തേടുന്നതും. ഫേസ്ബുക്കും, ട്വിറ്ററുമുപയോഗിച്ച് സാമൂഹ്യവിപ്ലവം നടത്താമെന്ന നാഗരികയുവജനത്തിന്‍റെ വ്യാമോഹമെന്ന് തള്ളിക്കളയാന്‍ ധൃതി കൂട്ടേണ്ടതില്ല.

മുന്നൊരുക്കമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമായിരുന്നു അത്. ഏത് പൊട്ടിത്തെറിയും പോലെ ക്ഷണികവും. ക്രാന്തിസേനക്കാരും, രാംദേവിന്‍റേയും, വി.കെ സിംഗിന്‍റേയും അനുയായികളും നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതിനു മുമ്പേ, പിന്‍വലിയാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. നരേന്ദ്ര മോഡിയുടെ ദേശീയരാഷ്ട്രീയ പ്രവേശത്തേയും, സച്ചിന്‍ ടെണ്ടൂല്‍ക്കരുടെ വിടവാങ്ങലിനേയും വരെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്ത്രീകള്‍ക്കെതിരായ ക്രൂരതയെ ദേശത്തിന്‍റെ ആലോചനകളുടെ കേന്ദ്രസ്ഥാനത്ത് , കുറച്ചു നേരത്തേയ്ക്കെങ്കിലും പ്രതിഷ്ഠിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. യുവരോഷത്തിന്‍റെ ഒരു ചെറിയ ശരിയുണ്ടതില്‍. വലിയ രാഷ്ട്രീയശരികളുടെ ലാത്തികളും, സിദ്ധാന്തജലപീരങ്കികളും കൊണ്ട് നമുക്കതിനെ തടുക്കാതെയിരിക്കുകയെങ്കിലുമാവാം.

അവര്‍ അവരുടെ പരിസരത്തെ ഒരു സംഭവത്തോടാണ്‌ പ്രതികരിച്ചത്. അതിനു ദേശീയപ്രാധാന്യം അവര്‍ ഉണ്ടാക്കിയതല്ല. ബലാല്‍സംഗത്തെക്കാള്‍ ആ കൃത്യത്തിലെ ക്രൂരതയാവാം അവരെ പ്രകോപിച്ചിട്ടുണ്ടാവുക. ചില പാശ്ചാത്യനഗരങ്ങളില്‍ ഉണ്ടാകുന്ന ജനകീയപ്രതിഷേധമാതൃകകള്‍ അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാവാം.

അടിക്കുറിപ്പ്
“ആദ്യം അവര്‍ ദളിത് സ്ത്രീയെ ബലാല്‍സംഗം ചെയ്തു. ഞാന്‍ ശബ്ദമുയര്‍ത്തിയില്ല, കാരണം ഞാന്‍ ഒരു ദളിത് സ്ത്രീ ആയിരുന്നില്ല” എന്നു തുടങ്ങി ” ഒടുവില്‍ അവര്‍ ഉന്നതകുലജാതയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു, അപ്പോള്‍ വലിയ ശബ്ദമുയര്‍ന്നു” എന്നോ മറ്റോ നീളുന്ന , നിമോളറുടെ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു ദുരുപയോഗം ഇതിനിടെ കണ്ടു. വ്യവസ്ഥയുടെ അടിച്ചമര്‍ത്തലിനു വിധേയമാകുന്ന, എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്.

ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

29 thoughts on “പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

 1. ഒരു ദില്ലി വാസി തന്നെ ഇത്രയും വ്യക്തതയോടെ ഈ സമരത്തെ വിശകലനം ചെയ്തെഴുതിയതു വായിയ്ക്കാനായത് ഭാഗ്യമായി. ഈയൊരു വിഷയത്തില്‍ അരുദ്ധതി റോയിയെ എതിര്‍ത്തതിനു കുറെ ശകാരം കേട്ട ആളെന്ന നിലയില്‍ ഇപ്പോള്‍ എന്റെ നിലപാടിന്റെ സാധുത എനിയ്ക്കു കൂടുതല്‍ ബോധ്യമാകുന്നു. ലേഖകനു അഭിനന്ദനങ്ങള്‍..

 2. It is very informative on Delhi life and expose the reasons of agitation without using theoretical sociology. A down to earth analysis. Appreciate it.

 3. വ്യവസ്ഥയുടെ അടിച്ചമര്‍ത്തലിനു വിധേയമാകുന്ന, എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്.well done…nannaayi paranju,,,pandu john nte sinimayil poyathinte gunam.

  • An excellent analysis of the situation on people’s aspirations for justice and accountability. I fully agree with the comments of the author when he says, “എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്”.

 4. വളരെ വ്യക്ത്യമായി പറഞ്ഞിരിക്കുന്നു….ഒട്ടും ബയസ്ഡ് അല്ലാത്ത എഴുത്ത്……..

 5. Clear case of misreading Arundhathi. She was giving her own explanation why public anger is there only in this particular incident. She never opposed the ongoing agitation. So the heading of this article itself is misleading.
  Do the author think rape always have only one dimension- gender? Do we need to neglect all other factors?

  Also very keen to know the position of Malayali samskarika sangatana on Soni Sori case.

 6. നന്നായി എന്നല്ല ഉഗ്രനായി എന്ന് തന്നെ പറയട്ടെ ജോയി മാഷെ! പലരും റീ-പോസ്റ്റ്‌ ചെയ്ത കമന്റ്‌ ഞാനും കൂടി ഒന്ന് പോസ്റ്റ്ട്ടെ..

  “എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്”.

 7. നന്നായി ജോ,
  അല്ലെങ്കിലും ഒഴുക്കിനെതിരെ നീന്തിയാല്‍
  മാത്രമേ മാദ്യമശ്രദ്ധ കിട്ടൂളൂന്നു മറ്റാരെക്കാളും നന്നായി ആയമ്മക്കറിയാം.
  ഇപ്പോഴും അവരുടെയൊക്കെ പഴകി പുഴുത്ത പുസ്തകങ്ങള്‍ക്കുള്ളിലും
  വെള്ളി വെളിച്ചതിനോടുള്ള ആര്‍ത്തിക്കുള്ളിലും ദളിതം, സവര്‍ണ്ണം അതോക്കെയെ ഉള്ളൂ
  മനുഷ്യനോ മാനുഷികമൊ അല്ല . ഏതു പ്രശ്നങ്ങളും ഈ രണ്ടു കള്ളികള്‍ക്കുള്ളില്‍ ചേര്‍ക്കാന്‍ മാത്രമേ അവര്‍ക്കറിയൂ .
  ശോ വിട്ടുപോയി , സാമൂഹ്യനീതി എന്നും ഒരു കാച്ചുണ്ട്.
  തങ്ങള്‍ മാത്രം ശെരി, മറ്റെല്ലാം പൊള്ള എന്ന വികല വിരൂപ ചിത്തങ്ങളില്‍ നിന്ന് ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ പോരെ?!

 8. നിമോല്ലെരുടെ ചിന്താ ശകലം ആരെയെങ്ങിലും പൊള്ളിച്ചു എങ്കില്‍ അത് അതില്‍ അടങ്ങിയിരിക്കുന്ന യാഥാര്‍ത്ഥ്യം കൊണ്ട് തന്നെ ആണ് … രാജ്യത്തെ പൊതുവില്‍ ബാധിക്കുന്ന ഒരു പ്രശ്നത്തിലും , അത് സാമ്പത്തിക നയങ്ങള്‍ ആകട്ടെ , അതിര്‍ത്തികളിലും മധ്യ ഭാരതത്തിലെ ഗ്രാമങ്ങളിലും നടക്കുന്ന ഭരണകൂട ഭീകരതകള്‍ ആകട്ടെ, മത വര്‍ഗീയ പ്രശ്നങ്ങള്‍ ആകട്ടെ , ഒന്നിലും ഈ പറഞ്ഞ ഡല്‍ഹിയിലെ തെരുവ് കൂട്ടത്തിന്റെ പ്രതിഷേധം ഉണര്‍ന്നു കണ്ടില്ല …അപ്പോഴെല്ലാം അത് മറ്റാരുടെയോ പ്രശ്നങ്ങളോ “കഴിവുകെട്ട” രാഷ്ട്രീയ ക്കാരുടെ കസര്‍ത്ത് കളോ ഒക്കെ ആയിരുന്നു ഈ പറയുന്ന പ്രതികരിക്കുന്ന യുവത്വത്തിനു ! ഇപ്പോള്‍ തങ്ങളുടെ മൂക്കിനു താഴെ , നാളെ തങ്ങളില്‍ ഒരാള്‍ക്ക്‌ നേരിടേണ്ടി വന്നേക്കാവുന്ന ഒരു പ്രശ്നം വന്നപ്പോള്‍ മാത്രം ആണ് അവര്‍ ഉണര്‍ന്നത് …ആ സാഹചര്യത്തില്‍ നിമോലെര്‍ പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും ഉയര്‍ന്നു വരും ! ഇത് വരെ അതെല്ലാം “മറ്റുള്ളവരുടെ പ്രശ്നം” ആയി അവഗണിച്ച ഒരു സമൂഹത്തിനു പ്രശ്നം വരുമ്പോള്‍, പിന്തുണയ്ക്കായി നോക്കുമ്പോള്‍ ഒരു പക്ഷെ അവിടെ ആരും ഉണ്ടായില്ല എന്നതില്‍ അതിശയിക്കാന്‍ ഇല്ല തന്നെ !

  പിന്നെ : ജോ മാത്യു കാടിന് ചുറ്റും അടിച്ചു പരത്തി പറഞ്ഞു എങ്കിലും , ഇത് വരെ പൊതു കാര്യങ്ങളില്‍ ഡല്‍ഹി യുവത്വം കാണിച്ച കുറ്റകരം ആയ അനാസ്ഥയെ ഒന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു കണ്ടില്ല …ഇനി കഴിഞ്ഞ ആഴ്ച മുതല്‍ ഡല്‍ഹി യുവത്വം പൊതു കാര്യ പ്രസക്തര്‍ ആയി എങ്കില്‍ , ഒരു മികച്ച ലോകം പ്രതീക്ഷിക്കുന്നു !!!

  • അരുന്ധതി ചൂണ്ടിക്കാട്ടിയ ഒരു വസ്തുതക്കും കൃത്യമായ മറുപടി നല്കാന്‍ ലേഖകന് കഴിഞിട്ടില്ല .അവര്‍ ഉന്നയിച്ച എല്ലാ കാര്യങളും അതേപടി നിലനില്‍ക്കുന്നു !

 9. സര്‍ അരുന്ധതി റോയി സമരത്തില്‍ പങ്കെടുക്കരുതെന്ന് വിലക്കിയിട്ടുണ്ടോ..ലേഖനം ഇഷ്ടായി..

 10. ആധികാരികമായും വസ്തുനിഷ്ട്ടമായും എഴുതി ജോ. അഭിനന്ദനങ്ങള്‍ .
  ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു വാര്‍ത്ത പോലുമാകാതെ പോകുമ്പോള്‍ അതിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി അരുന്ധതി റോയ്‌ ചെയ്തതായികൂടെ ആ പ്രസ്ഥാവന. ആരും തിരിഞ്ഞ് നോക്കാത്ത സമരങ്ങളില്‍ പോലും വളരെ കാര്യമായി തന്നെ പങ്കെടുത്തിട്ടുള്ള അഭിപ്രായം പറഞ്ഞിട്ടുള്ള ഒരു ഭൂതകാലം കൂടി അവര്‍ക്കുണ്ടല്ലോ. അന്നൊന്നും വേണ്ടത്ര ജനപിന്തുണ കിട്ടാത്തതില്‍ അവര്‍ക്കും കാണും രോക്ഷം. എന്തായാലും ദുഷിച്ച വ്യവസ്ഥതിക്കെതിരെയുള്ള എല്ലാ സമരങ്ങളും ഉണ്ടാവേണ്ടതാണ്, അത്തരം ഷോക്കുകളിലൂടെ മാത്രമേ ഉറങ്ങുന്ന അധികാര വര്‍ഗ്ഗത്തെ ഉണര്‍ത്താന്‍ കഴിയൂ. അവിടെ മെറിറ്റ്‌ നോക്കുന്നതിലോ താരതമ്യം ചെയ്യുന്നതിലോ കഥയില്ല. ഒരാള്‍ പെട്രോളൊഴിച്ച് തെരുവില്‍ കത്തിയെരിഞ്ഞത് കൊണ്ടാണ് അറബ് വസന്തമുണ്ടായതെന്ന് പറയുന്നതില്‍ കഴമ്പില്ല. അങ്ങിനെയൊരു വിപ്ലവത്തിന് വേണ്ട എല്ലാ സാമൂഹ്യസാഹചര്യങ്ങളും അവിടെയുണ്ടായിരുന്നു എന്നതാണ് പ്രധാനം, ആ സംഭവം അത് തുടങ്ങാന്‍ ഒരു നിമിത്തമായെന്നു മാത്രം. അത് കൊണ്ട് ഇത്രയധികം ജനങ്ങള്‍ ഒത്ത് കൂടി ഒരെറ്റ കാരണം കൊണ്ട് തന്നെ ഡല്‍ഹിയിലെ സാമൂഹ്യഅന്തരീക്ഷത്തില്‍ ജനങ്ങള്‍ക്ക്‌ അതൃപ്തി വളരെ വ്യക്തം. കര്‍ശനവും കാര്യക്ഷമവുമായി നിയമം നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാരിന് കഴിയട്ടെ.

 11. ‘എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്.’

  പീഡിക്കപെദുന്നവര്‌ക്കു ഒരു ശബ്ദം മാത്രം ആവട്ടെ…

 12. നാം ഏതു സംഭവത്തോട് പ്രകരിക്കുന്നു എന്നതല്ല എന്തിനെതിരെ പ്രതികരിക്കുന്നു എന്നതാണ് പ്രസക്തം. ജനിച്ചു വീണാല്‍ മരിക്കും വരെ ജീവിക്കാന്‍ അവകാശം വേണ്ടേ അത് സംരക്ഷിക്കാം നിയമങ്ങള്‍ വേണ്ടേ . അത് സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ വേണ്ടേ.ഈ പ്രതികരണങ്ങളും പ്രതിഷേധങ്ങളും തണുക്കും. പ്രതീക്ഷ നശിച്ച ഒരു സമൂഹം വീണ്ടും അലമുറയിടും ഒരു പുതിയ സംഭവവുമായി. ഈ സമൂഹത്തിലെ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന സ്ത്രീ ശബ്ദങ്ങള്‍ പോലും മൗനത്തിലാണ്… ഒന്നും അസാധ്യമല്ല… മനസ്സ് വച്ചാല്‍ … നേടേണ്ടത് നാം നേടിയേ തീരു എന്ന് തീരുമാനിച്ചാല്‍ ….

 13. തികച്ചും നല്ല വായനക്ക് വകയുണ്ട്. നമ്മുടെയൊക്കെ പ്രതിഷേധം ഇതില്ലോടെ അനുഭവിക്കാം. അരുണ്ടതി നടത്തിയത് അനവസരത്തില്‍ ആയിരുന്നു. എന്ന് വെച്ച് നമ്മളുടെ മാധ്യമങ്ങള്‍ സ്ഥിരം കാണിക്കുന്ന “mere negligence” പല സമാന സംഭവങ്ങളിലും കാണാറുണ്ട്. ഒരു പക്ഷെ അത് പറയാന്‍ പറ്റിയ സമയം ഇതായിരുന്നിരിക്കാം. ഇതെഴുതുമ്പോള്‍ ആ കുട്ടി മരിച്ചിരിക്കുന്നു..!

  നമ്മളുടെ പൊതു ബോധം മനുഷ്യത്വത്തില്‍ വാഴട്ടെ, രാഷ്ട്രീയമായ്‌ നല്ല നിലവാരം പുലര്തുന്നതിനോപ്പം സഹ ജീവികളോടും സുമനസ്സുകളോടും അര്‍ഹിക്കുന്ന പരിഗണനയും സ്നേഹവും കൊടുക്കാനും സാധിക്കണം.

 14. പുരുഷാധിപത്യം അരക്കിട്ടുരപ്പിക്കുന്ന മത-രാഷ്ട്രീയ- സ്റ്റേറ്റ് സംവിധാനങ്ങളെ ഒഴിവാക്കി ‘ക്രിമിനല്‍ പുരുഷ’ കൂട്ടങ്ങളെ മാത്രം ഉന്നം വെച്ചിറങ്ങുന്ന സംഹിതകള്‍ പലപ്പോഴും തല്ക്കാ്ലത്തേക്ക് ഉള്ള ഒരു മയക്കു മരുന്ന് പോലെ ആകാറുണ്ട്. ദല്‍ഹി റേപ്പ് കേസില്‍ അതും കടന്നു ഒരു വിചാരധാര രൂപപ്പെട്ടുവരുന്നുണ്ട്. അരുന്ധധി റോയിയുടെ അനവസരത്തിലുള്ള വിലയിരുത്തലും അതിനോട് ബന്ധപ്പെട്ട്ടു ജോ മാത്യു എന്നാ ആള്‍ എഴുതിയ കമന്റും …വായിച്ചു. ഈ കേസില്‍ ദളിത്ഇതര വിഭാഗത്തില്‍ പ്പെട്ട ആണ് പ്രതികള്‍. എന്നിട്ടും ഇത്തരമൊരു നീചമായ പ്രശ്നത്തില്‍ റോയി യുടെ പ്രസ്താവനയെ( സമ്പന്ന യുവതിയും പാവപ്പെട്ട പ്രതികളും- മാധ്യമ ശ്രദ്ധക്ക് വേണ്ടിയുള്ള വില കുറഞ്ഞ തന്ത്രം ആകാം.) തൂങ്ങി പ്പിടിച്ചു ‘വ്യവസ്ഥയുടെ അടിച്ചമര്ത്ത ലിനു വിധേയമാകുന്ന, എല്ലാ വര്ഗ്ഗ ത്തിലും പെട്ട സ്ത്രീകളോട് ഒരു വര്ഗ്ഗ്മെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്.എന്ന വിലയിരുത്തല്‍
  രാജ്യം മൊത്തം അനുശോചനം രേഖപ്പെടുത്തുമ്പോള്‍ അവര്ക്കെ തിരെ അനാവശ്യമായി തിരിക്കാനുള്ള ജോ മാത്യുവിന്റെ വിലകുറഞ്ഞ അഭ്യാസം ആയിപ്പോയി

 15. പ്രതികരണ ശേഷിയുള്ള ഒരു യുവജനതയെ കണ്ട് സമാധാനിക്കുകയാണു ഇവിടെ. ഏതൊക്കെ യുക്തിക്കും വസ്തുതകള്‍ക്കും മുമ്പിലും ഉയര്‍ന്നു നില്‍ക്കുന്നത് അതുതന്നെയാണു.

 16. അരുന്ധതി റോയ് വിലക്കിയിട്ടും പങ്കെടുത്തതില്‍ അഭിമാനിക്കുന്നു എന്നു പറയുന്നതില്‍ ചില ഭംഗികേടുകളുണ്ട്. ഒന്നാമത്തേത് അവര്‍ ആരേയും വിലക്കിയില്ല എന്നതു തന്നെ. നിങ്ങള്‍ എന്തുകൊണ്ട് ഇവിടെ സമരത്തിനു പോയി എന്നല്ല മറിച്ച് എന്തുകൊണ്ട് മറ്റൊരിടത്തും പോയില്ല എന്നതായിരുന്നു അവരുടെ ചോദ്യം. അവിടൊന്നും പോകാത്തതുകൊണ്ട് ഇവിടെ പോകരുത് എന്ന് അവര്‍ പറഞ്ഞിതായി അറിവില്ല.

 17. അരുന്ധതി റോയി സമരത്തില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് എന്തിന് ജോ മാത്യു നുണ പറയുന്നു? അന്നു ലഭ്യമായിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അരുന്ധതി പറഞ്ഞതില്‍ ചില വസ്തുതാപരമായി തെറ്റുകളുണ്ടായിരുന്നു. പലരും ദില്ലി സമരത്തിന് വൈകാരികമായി കല്പിച്ച വലിയ പ്രാധാന്യം അവര്‍ സമരത്തിന് ഒരു പക്ഷെ നല്കിയിട്ടുണ്ടാവില്ല. അവര്‍ക്ക് അവരുടെതായ അഭിപ്രായങ്ങളുണ്ടാകാം. പക്ഷെ അവര്‍ വിലക്കിയെന്നു പറയുന്നത് തികച്ചും കളവാണ്. രാജ്യം മുഴുവന്‍ നിരവധി പ്രതിഷേധങ്ങളില്‍ പങ്കുകൊള്ളുന്നവളാണ് അരുന്ധതി. ദില്ലി സമരത്തെ വിലയിരുത്തുന്നതില്‍ അരുന്ധതിയുമായി അഭിപ്രായ വിത്യസങ്ങള്‍ ഉണ്ടാകാം. അവര്‍ ചൂണ്ടികാണിച്ച ചില പ്രധാനകാര്യങ്ങളെ കാര്യങ്ങളെ കാണാതിരിക്കേണ്ട ആവശ്യമെന്ത്‌

Leave a Reply to Salih Cancel reply

Your email address will not be published. Required fields are marked *