ആചാരവെടികള്‍

 
 

സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുന്നു ഡോ:സുദീപ് കെ എസ്
 
 

ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല” എന്നൊക്കെ പലരും അതിനോട് പ്രതികരിച്ചുകണ്ടു. “പിണറായിക്ക് സൂഫിയാ മദനിയില് ആണോ കണ്ണെ”ന്നു കാര്‍ട്ടൂണ്‍ വരച്ച ആളാണ്‌ ഈപ്പറയുന്ന ഗോപീകൃഷ്ണന്‍ എന്ന കാര്യം അവരൊക്കെ മറന്നതാണോ എന്നറിയില്ല. മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാര്‍ട്ടൂണ്‍ വെടികളും ഈ മാന്യദേഹത്തിന്റെ (ഒരുപക്ഷേ ഭൂരിപക്ഷം വരുന്ന മാതൃഭൂമി വായനക്കാരുടെയും) സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നില്ലേ? – ഡോ:സുദീപ് കെ എസ് എഴുതുന്നു

 
 

 
 

ഒന്ന് 

“പ്രസവിക്കുന്നതിലെ സ്വകാര്യത വേണ്ടെന്നുവച്ച് ചിത്രീകരണത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍പ്പോലും ചലച്ചിത്ര സംവിധായകന്‍ അതിന് തയ്യാറാവരുതായിരുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ബഹു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വെടി പൊട്ടിച്ചത്. അല്ലെങ്കിലും ഈ സ്ത്രീകള്‍ക്കൊന്നും ഒരു വിവരമില്ല എന്നും നമ്മള്‍ ‘ആണുങ്ങള്‍’ തന്നെ വേണം കാര്യങ്ങളൊക്കെ നേരാം വണ്ണം നടക്കുന്നു എന്നുറപ്പുവരുത്താന്‍ എന്നും ഒരാണായ ബ്ലെസ്സി അതിന് സമ്മതിച്ചത് ശരിയായില്ല എന്നുമൊക്കെ ആയിരിക്കാം പുള്ളി ഉദ്ദേശിച്ചത്. അല്ലാതെന്തു പറയാന്‍!

“സിനിമയില്‍ മാതൃത്വത്തെ അവഹേളിക്കുന്നുണ്ടെങ്കില്‍ നടപടി എടുക്കും എന്നും സെന്‍സര്‍ ബോര്‍ഡ് സിനിമ പരിശോധിക്കുമ്പോള്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണം എന്നും സംസ്ഥാനത്തെ വനിതാ കമ്മീഷനും ഒരു വെടി മുഴക്കി. ആചാരങ്ങളില്‍ നിന്ന് വനിതകളും മുക്തരല്ലല്ലോ. (ആണിന്റെ കയ്യില്‍ നിന്ന് കരണത്ത് ഒരടി കൊണ്ടാലേ പെണ്ണ് നന്നാവുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്ന ‘കാര്യം നിസ്സാരം’, ‘വാത്സല്യം’, ‘ദി കിംഗ്’, ‘ഞങ്ങള്‍ സന്തുഷ്ടരാണ്’, ‘ഡോക്ടര്‍ ലൗ’ തുടങ്ങിയ എത്രയോ സിനിമകളെക്കുറിച്ച് വനിതാ കമ്മീഷന്‍ എന്തു കരുതുന്നു എന്നറിഞ്ഞാല്‍ കൊള്ളാം എന്ന് ഒരാഗ്രഹം ഇല്ലാതില്ല.)”

“അമേരിക്കയില്‍ സ്വകാര്യത ലംഘിച്ചതിന്റെ ഏറ്റവും വലിയ കേസുണ്ടായത് പ്രസവമുറിയില്‍ പുറത്തുനിന്ന് ഒരാള്‍ കടന്നുകയറിയതിനാലാണ്. ഇവിടെ, അതേ സ്വകാര്യത വിപണനം ചെയ്യുകയാണ്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കാം, പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്‌”  എന്നാണത്രേ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്.ഒരഡ്വക്കേറ്റാവുമ്പോള്‍ കോടതിയെയും നിയമത്തെയും അവകാശത്തെയും കുറിച്ചൊക്കെ കേസിനെപ്പറ്റിയൊക്കെ ആധികാരികമായി പറയാമല്ലോ. അമേരിക്കയില്‍ ബ്രിട്ട്നി സ്പിയേഴ്സ് ക്യാമറയ്ക്ക് മുന്നില്‍ പ്രസവിച്ചത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. പിന്നെ, അമ്മ / അച്ഛന്‍ / മുത്തച്ഛന്‍ / മുത്തശ്ശി ഒക്കെ കുഞ്ഞിനേയും കൊണ്ട് പോകുന്നിടത്തൊക്കെ കുഞ്ഞിന്റെ സ്വകാര്യത വയലേറ്റ് ചെയ്യപ്പെടുകയാണ്, സിനിമയില്‍ ആവുമ്പോള്‍ മാത്രം അതൊരു വിഷയമാവുന്നത് ഈപ്പറഞ്ഞ ആചാരത്തിന്റെ അസ്കിത തന്നെയാണ് എന്നുവേണം മനസ്സിലാക്കാന്‍. ഈ വിഷയത്തില്‍ മറ്റൊരു വെടി സഖാവ് ജി സുധാകരന്‍ വക ആയിരുന്നു
 
 

 
 

രണ്ട് 

മംമ്താ മോഹന്‍ദാസ്‌ എന്ന സിനിമാനടിയും അവരുടെ ഭര്‍ത്താവും വിവാഹമോചനം തേടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നതിനുപിന്നാലെ മാതൃഭൂമിയില്‍ ശ്രീ ഗോപീകൃഷ്ണന്‍ ഈ വാര്‍ത്ത വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു (ആ പത്രത്തോടും കാര്‍ട്ടൂണിനോടും ഒപ്പം അവര്‍ പ്രചരിപ്പിക്കുന്ന സംസ്കാരം ഞാനായിട്ടോ നാലാമിടമായിട്ടോ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ല എന്നതുകൊണ്ട്‌ ഈ കുറിപ്പിന്റെ കൂടെ ആ കാര്‍ട്ടൂണ്‍ ചേര്‍ക്കുന്നില്ല.)”ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല” എന്നൊക്കെ പലരും അതിനോട് പ്രതികരിച്ചുകണ്ടു. “പിണറായിക്ക് സൂഫിയാ മദനിയില് ആണോ കണ്ണെ”ന്നു കാര്‍ട്ടൂണ്‍ വരച്ച ആളാണ്‌ ഈപ്പറയുന്ന ഗോപീകൃഷ്ണന്‍ എന്ന കാര്യം അവരൊക്കെ മറന്നതാണോ എന്നറിയില്ല. മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാര്‍ട്ടൂണ്‍ വെടികളും ഈ മാന്യദേഹത്തിന്റെ സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നില്ലേ?

(കല്യാണം കഴിഞ്ഞാല്‍ ഞാന്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കും, അത് ഭര്‍ത്താവ് പറഞ്ഞിട്ടല്ല എന്റെ തീരുമാനമാണ് എന്നൊക്കെ പറയുന്ന നായികമാര്‍ നിറഞ്ഞ നമ്മുടെ നാട്ടില്‍, കല്യാണം കഴിഞ്ഞ ശേഷം നായികയായി രണ്ടു ബാക്ക് റ്റു ബാക്ക് റിലീസുകളും അതിലൊന്നില്‍  ടൈറ്റില്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനവും നടത്തി തിളങ്ങിനില്‍ക്കുന്ന സമയത്താണ് മംമ്ത ഈ അസഹിഷ്ണുത നേരിടുന്നത് എന്നത് തികച്ചും യാദൃച്ഛികമാണോ ആവോ.)
 
 

 
 
മൂന്ന്

ആലപ്പുഴയില്‍ ഒരു ബീച്ചില്‍ കാറ്റുകൊള്ളാനിരുന്ന ഒരാണിനെയും പെണ്ണിനെയും അറസ്റ്റ് ചെയ്തുകൊണ്ട് സാക്ഷാല്‍ പോലീസ് ആണ് മറ്റൊരു വെടി പൊട്ടിച്ചത്. പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നത് എന്തിനാണ് എന്ന് ചോദിച്ചാണത്രേ പോലീസ് ഇവര്‍ക്കെതിരെ തട്ടിക്കയറിയത്‌. (“നിനക്കൊക്കെ നടക്കാന്‍ റോഡല്ലാതെ വേറെ സ്ഥലമൊന്നും കിട്ടിയില്ലേടാ” എന്നോ മറ്റോ ഒരു ഡയലോഗ് ഉണ്ടായിരുന്നത് ‘ജൂനിയര്‍ മാന്‍ഡ്രേക്കി’ലാണോ?)അതിലേറെ ഭയം തോന്നിയത് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകള്‍ കണ്ടപ്പോളാണ്. ഒരുമിച്ചിരുന്ന സ്ത്രീയും പുരുഷനും വിവാഹിതരാണ് എന്നടിവരയിട്ടു പറയാന്‍, അതുകൊണ്ട് അവര്‍ ഒരുമിച്ച് ബീച്ചിലിരുന്നത് തെറ്റല്ല എന്ന് ‘തെളിയിക്കാന്‍’, കഷ്ടപ്പെടേണ്ടിവന്നു മിക്ക പ്രതിഷേധശബ്ദങ്ങള്‍ക്കും. പോരാത്തതിന്, ‘മതചിന്ഹങ്ങള്‍ ധരിക്കാതിരിക്കാനുള്ള അവകാശം’ എന്നത് മാത്രമായി ഇതുമായി ബന്ധപ്പെട്ട് മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരേയൊരു വിഷയം.

 
 
നാല് 
 
 
“യു എസിലെ സ്കൂളില്‍ കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വേര്‍പിരിഞ്ഞതാണെന്നും ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നു എന്നും റിപ്പോര്‍ട്ട്..” എന്നാണ് കണക്റ്റിക്കട്ട് സ്കൂള്‍ ദുരന്തത്തെക്കുറിച്ചുള്ള ഒരു മനോരമ വാര്‍ത്ത തുടങ്ങുന്നത്. എല്ലാത്തിനും കാരണം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതാണ് എന്ന് ഏതു ‘മണ്ടനും’ മനസ്സിലാവും. (ഗോപീകൃഷ്ണന്‍ അടക്കം ഉള്ള ജനപ്രിയര്‍ ഉപയോഗിക്കുന്ന അതേ ലോജിക്ക് തന്നെ).

ഇനി സമാനമായ വേറേതെങ്കിലും സംഭവത്തില്‍ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയല്ല എന്നിരിക്കട്ടെ. സ്വഭാവ വൈകല്യമുള്ള ആളുടെ മാതാപിതാക്കള്‍ ഇപ്പോഴും വേര്‍പിരിയാതെ ഒരുമിച്ചു കഴിയുന്നു എങ്കില്‍ ആ യുവാവിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിട്ടില്ല എന്നതാകാം അയാളുടെ വികലമായ മാനസികാവസ്ഥയ്ക്ക് കാരണമായത്‌ എന്ന് ചിന്തിക്കാന്‍ ആചാരം ഇവരെ അനുവദിക്കുമോ? അങ്ങനെയും ഒരു സാധ്യത ഇല്ലാതില്ലല്ലോ — “കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിട്ടില്ല എന്നും ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നു എന്നും റിപ്പോര്‍ട്ട്..” എന്ന്?

2 thoughts on “ആചാരവെടികള്‍

Leave a Reply to BRIJEESH KUMAR Cancel reply

Your email address will not be published. Required fields are marked *