ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

 
 
ഡെല്‍ഹിയിലെ തെരുവുകളില്‍ ഒഴുകിയ കൊടുങ്കാറ്റുകളെ കുറിച്ച് വീണ്ടും – രൂപേഷ് ഒ ബി എഴുതുന്നു
 
 
പത്ത് മെട്രോ സ്റേഷനുകള്‍ അടച്ചിട്ടും, ഇന്ത്യാഗേറ്റിലേക്കും, ജന്തര്‍മന്ദറിലേക്കുമുള്ള ജനസഞ്ചാരം നിരോധിച്ചും, നിരോധനാജ്ഞ പ്രഖ്യാപിച്ചും, പോലീസും, അര്‍ദ്ധസൈനികരും, ആര്‍.പി.എഫും. മറ്റുംചേര്‍ന്ന് സൈനികവലയം തീര്‍ത്തും ഡല്‍ഹിയെ സൈനിക നിയന്ത്രണത്തിലാക്കി. നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് പോലീസിനെ വിറളി പിടിപ്പിച്ചത്. പെണ്‍കുട്ടികളെ അറസ്റ് ചെയ്ത് പോലീസ് സ്റേഷനുകളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചു. അവരുടെ വീടുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് ജനാധിപത്യ ഭരണകൂടം ഇതിനെ നേരിട്ടത്. – രൂപേഷ് ഒ ബി എഴുതുന്നു
 
 

 
 
ഡല്‍ഹിയില്‍, ക്രൂരമായ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പലവിധ ചര്‍ച്ചകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അവയില്‍ മിക്കതും സമൂഹത്തിലെ സ്ത്രീവിരുദ്ധ സമീപനങ്ങളെ മുന്‍നിര്‍ത്തിയുള്ളവയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉയര്‍ന്നു വന്ന യുവജന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട വന്‍പ്രക്ഷോഭങ്ങളിലൊന്നായി മാറി. അതിലെ രാഷ്ട്രീയ സൂചകങ്ങള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇന്ത്യന്‍ ജനാധിപത്യ ഭരണകൂടത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നുണ്ട് ഈ സമരം.

രൂപേഷ് ഒ ബി

എന്തുകൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇതിന് മുമ്പും നടന്ന നിരവധി ബലാത്സംഗങ്ങള്‍ക്കെതിരെ ഇത്രയും ശക്തമായ അസംതൃപ്തി രൂപപ്പെട്ടില്ല ? ഈ ചോദ്യം ഏറെ പ്രസക്തമാണ്. എന്നാല്‍ ഈ യുവജനരോഷം അതിന്റെ പേരില്‍ അപ്രസക്തമാവുന്നില്ല. ഒന്ന് മറ്റൊന്നിന്റെ എതിര്‍ സ്വഭാവമായി കാണാനും കഴിയില്ല. അത്കൊണ്ട്തന്നെ അരുന്ധതിറോയിയുടെ ചോദ്യം പ്രസക്തവും, അവരുടെ ഉത്തരം അതിലളിതവും സങ്കുചിതവുമാകുന്നു. ഈ വിഷയമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയും രാഷ്ട്രീയവുമായി ഇതെങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതാണ് വിഷയം.
നമ്മുടെ ജനാധിപത്യ ഭരണകൂടം തൊലിക്കുള്ളില്‍ ഒളിച്ചുവെച്ച അടിയന്തരാവസ്ഥയെ പേറുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ അത് പുറത്താവുകയും ചെയ്യുന്നു. ഒരു വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമ്പോഴേക്കും ഭരണകൂടം അത്രമേല്‍ അസ്വസ്ഥമാകുന്നതാണ് ഇപ്പോള്‍ നടക്കുന്ന യുവജന പ്രക്ഷോഭവും കാണിക്കുന്നത്. ഈ അസ്വസ്ഥത തങ്ങളുടെ പരാജയങ്ങള്‍ തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന ക്രിയാത്മകമായ അസ്വസ്ഥയല്ല. മറിച്ച് അസഹിഷ്ണുതാപരമായ അസ്വസ്ഥതയാണത്. ഏത് നിമിഷവും ഫാസിസത്തിലേക്ക് വഴുതി വീഴാവുന്ന ഒന്ന്.
 

നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു.


 
ഭരണകൂടം സമരത്തെ നേരിട്ട വിധം

പത്ത് മെട്രോ സ്റേഷനുകള്‍ അടച്ചിട്ടും, ഇന്ത്യാഗേറ്റിലേക്കും, ജന്തര്‍മന്ദറിലേക്കുമുള്ള ജനസഞ്ചാരം നിരോധിച്ചും, നിരോധനാജ്ഞ പ്രഖ്യാപിച്ചും, പോലീസും, അര്‍ദ്ധസൈനികരും, ആര്‍.പി.എഫും. മറ്റുംചേര്‍ന്ന് സൈനികവലയം തീര്‍ത്തും ഡല്‍ഹിയെ സൈനിക നിയന്ത്രണത്തിലാക്കി. നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് പോലീസിനെ വിറളി പിടിപ്പിച്ചത്. പെണ്‍കുട്ടികളെ അറസ്റ് ചെയ്ത് പോലീസ് സ്റേഷനുകളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചു. അവരുടെ വീടുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് ജനാധിപത്യ ഭരണകൂടം ഇതിനെ നേരിട്ടത്.
ഒടുവില്‍ പ്രതിഷേധം തണുപ്പിക്കാന്‍ ഡോക്ടര്‍മാരുടെ തീരുമാനമില്ലാതെ രഹസ്യമായി കുട്ടിയെ സിംഗപ്പൂരിലേക്ക് കടത്തി. ഒരേപോലുള്ള ആംബുലന്‍സുകള്‍ തയ്യാറാക്കി പലദിശകളിലേക്ക് തിരിച്ച് വിട്ടാണ് രഹസ്യകര്‍മ്മം നിര്‍വ്വഹിച്ചത്. കുട്ടി മരിച്ചതിനു ശേഷവും ഈ നിഗൂഢത തുടര്‍ന്നു. ശരീരം പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിച്ച് ആരോരുമറിയാതെ സംസ്കരിക്കാന്‍ ശ്രമിച്ചു. ശ്മശാനാധികൃതരുടെ എതിര്‍പ്പുമൂലം ഇത് 7.30വരെ നീണ്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്ഥലത്തേക്ക് പ്രവേശനം നല്‍കിയില്ല. രണ്ടായിരത്തോളം പോലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പ്രദേശം വളഞ്ഞിരുന്നു. ഇവയൊക്കെ ചില സൂചകങ്ങളാണ്, ഭയത്തില്‍ നിന്ന് ഉറവയെടുക്കുന്ന ഫാസിസത്തിന്റെ സൂചകങ്ങള്‍. ജനാധിപത്യത്തിന്റെ ചിരി ഉച്ചത്തിലുള്ള ഒരു മുദ്രാവാക്യത്തിനുമുന്നില്‍ മായുകയും പകരം സൈനികന്റെ മുഷ്ടി അതിനെ സംബോധന ചെയ്യുകയും ചെയ്യുമെന്ന് ഓര്‍മ്മപ്പെടുത്തുന്നതിന്റെ സൂചകങ്ങള്‍.
 

ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവജന മുന്നേറ്റം ഈ വ്യവസ്ഥാപിതത്വങ്ങള്‍ക്ക് പുറത്തായിരുന്നു. ഒരു ചായ സല്‍ക്കാരത്തില്‍ കൈപിടിച്ചു കുലുക്കി, കെട്ടിപ്പിടിച്ച് അവസാനിപ്പിക്കാന്‍ പറ്റിയവിധമല്ല പ്രശ്നത്തിന്റെ കിടപ്പെന്ന് ബോധ്യപ്പെടുന്നയിടത്താണ് ഭയം തുടങ്ങുന്നത്.


 
ഉയരുന്ന ചൂണ്ട് വിരലുകള്‍

ഭയത്താല്‍ വിറളിപിടിച്ച സര്‍ക്കാരിന്റെ നീക്കങ്ങള്‍ ജനാധിപത്യത്തിന്റെ ദുര്‍ബലമായ ഉള്‍ക്കാമ്പിനെ സൂചിപ്പിക്കുന്നുണ്ട്. ഇത് ജനാധിപത്യ വാദികളെ അസ്വസ്ഥപ്പെടുത്തുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യം അത്രമേല്‍ ദുര്‍ബലമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഭയം അടിയന്തിരാവസ്ഥയിലേക്കുള്ള ഒരു ചുവട് വെപ്പ് കൂടിയാണെന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരും.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഭരണകൂടം സ്വയമേവ ഒരു സാമാന്യ പുരുഷനായി പെരുമാറാന്‍ തുടങ്ങുന്നു. പേശീബലവും, യുദ്ധമുറകളും, അടിച്ചമര്‍ത്തലുകളുമായി സ്റേറ്റ് അതിന്റെ പുരുഷത്വം പ്രകടിപ്പിക്കുന്നു. അത്കൊണ്ട് തന്നെ ഡല്‍ഹി രണ്ട് പുരുഷത്വ പ്രകടനങ്ങള്‍ക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ ജീവനെടുത്തെങ്കില്‍ മറ്റൊന്ന് അതിനെതിരായ പ്രതിഷേധത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ നേരിട്ടു എന്നതാണ്. സേനാവിഭാഗങ്ങള്‍ ഹീനമായ പുരുഷത്വത്തിന്റെ സ്വഭാവങ്ങളെ ആന്തരികവല്‍ക്കരിച്ചവയാണെന്ന് ഇന്ന് തര്‍ക്കമറ്റവിധം വെളിവാക്കപ്പെട്ടതുമാകുന്നു.
ഏതൊരു ജനാധിപത്യ വാദിയെയും ഉത്കണ്ഠപ്പെടുത്തുന്നവയാണ് ഈ സംഭവങ്ങള്‍. കാരണം അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നാല്‍ ഇന്ത്യന്‍ ഭരണകൂടം അതിനെ ചോരയില്‍ മുക്കിക്കൊല്ലുമെന്നും, വളരെയെളുപ്പത്തില്‍ അടിയന്തിരാവസ്ഥയുടെ കറുത്തദിനങ്ങളിലേക്ക് അത് നടന്നുചെല്ലുമെന്നും നമ്മള്‍ സംശയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ദൌര്‍ബല്യമാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യവസ്ഥാപിത ചട്ടപ്പടി സമരങ്ങള്‍ക്ക് പുറത്ത് ഉയര്‍ന്ന് വരുന്ന ഏതൊരു സമരത്തേയും ഭരണകൂടത്തിന് ഭയമാണ്. ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവജന മുന്നേറ്റം ഈ വ്യവസ്ഥാപിതത്വങ്ങള്‍ക്ക് പുറത്തായിരുന്നു. ഒരു ചായ സല്‍ക്കാരത്തില്‍ കൈപിടിച്ചു കുലുക്കി, കെട്ടിപ്പിടിച്ച് അവസാനിപ്പിക്കാന്‍ പറ്റിയവിധമല്ല പ്രശ്നത്തിന്റെ കിടപ്പെന്ന് ബോധ്യപ്പെടുന്നയിടത്താണ് ഭയം തുടങ്ങുന്നത്. ജീവത്തായ എല്ലാ പ്രശ്നങ്ങളോടും അനുഷ്ഠാനപരമായി പ്രതികരിക്കുകയും, അതിലുടനീളം ഒത്തുതീര്‍പ്പുകള്‍ക്കും വിലപേശലുകള്‍ക്കുമുള്ള ഇടം ബാക്കിയാക്കുകയും ചെയ്തുകൊണ്ടാണ് വ്യവസ്ഥാപിത സമരങ്ങള്‍ നടന്നുവരുന്നത്. അതില്‍ സര്‍ക്കാരിന് ഭയപ്പെടാനൊന്നുമില്ല.
 

ഹസാരെയുടെ സമരത്തിലും ഈ ക്രമം തെറ്റലുണ്ടായിരുന്നു. ഈ സമരങ്ങളുടെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അതിന്റെ വര്‍ഗ്ഗ ജാതി സ്വഭാവങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അതുണ്ടായ സാഹചര്യവും ഉണ്ടാക്കിയ പ്രകമ്പനങ്ങളും അതിലളിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കും.


 
തെരുവിലെ ആളൊഴുക്കുകള്‍ ഭയപ്പെടുത്തുന്നതാരെ ?

അത്തരം സമരങ്ങള്‍ എത്രദിവസം നീളുമെന്നും, ഏത് പരിധിവരെ മുന്നോട്ടുപോകുമെന്നും ഇരുകൂട്ടര്‍ക്കും നല്ല ബോധ്യമുണ്ടായിരിക്കും. അതിനിടയില്‍ അവ ഒത്തുതീര്‍പ്പാകുന്നു. മനുഷ്യമനസ്സിന്റെ ഏതോ കോണില്‍ ആഞ്ഞ് തറച്ച ഒരു വേദനയാണ് ഡല്‍ഹിയിലെ യുവജനമുന്നേറ്റം. അതിന്റെ അണപൊട്ടലില്‍ ആരോടു സംസാരിക്കും, ആര്‍ക്ക് ബിരിയാണി നല്‍കും എന്ന ചിന്തകള്‍ അപ്രസക്തമായി പോകുന്നു. വ്യവസ്ഥാപിതമായ കണക്കുകൂട്ടലുകളുടെ വഴികള്‍ തെറ്റുകയും, ഉത്തരങ്ങള്‍ പ്രവചനാതീതമാകുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ഭയത്തിലേക്ക് ഭരണകൂടം ചെന്ന് പതിക്കുന്നത്. ഹസാരെയുടെ സമരത്തിലും ഈ ക്രമം തെറ്റലുണ്ടായിരുന്നു. ഈ സമരങ്ങളുടെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അതിന്റെ വര്‍ഗ്ഗ ജാതി സ്വഭാവങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അതുണ്ടായ സാഹചര്യവും ഉണ്ടാക്കിയ പ്രകമ്പനങ്ങളും അതിലളിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കും. ഒരു പക്ഷേ ഭാവിയിലെ സാമൂഹിക ചലനങ്ങളാവും അതിനെ വ്യക്തമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങും വിധം നമ്മുടെ മുന്നില്‍ നിര്‍ത്തുക.

യുവാക്കളും, മുതിര്‍ന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കുന്നവരുണ്ട്. അത് ശരിയായിരിക്കില്ല. കാരണം ഇന്ത്യന്‍ യുവത്വത്തിന്റെ മഹാഭൂരിപക്ഷവും സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ ആശയാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടവരും നയിക്കപ്പെടുന്നവരുമാണ്. അത് കൊണ്ട് തന്നെ ലിംഗസമത്വത്തിലൂന്നിയ ബോധവിസ്ഫോടനത്തിന്റെ സൂചകമല്ല ഈ സമരം. തീര്‍ച്ചയായും അത്തരം ചിന്തകള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനം ഈ സമരത്തിലുണ്ട്. മാധ്യമങ്ങളിലൂടെ കുറച്ചുകൂടി വ്യക്തമായി അത് പുറത്ത് എത്തുന്നുമുണ്ട്.
 

രാഷ്ട്രീയ നേതൃത്വങ്ങളോട് അവിശ്വാസം വെച്ചു പുലര്‍ത്തുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചു വരികയും അവരുടെ അസംതൃപ്തികള്‍ വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നില സംജാതമായിട്ടുണ്ട്. കൃത്യമായ നേതൃത്വമോ, ദിശയോ, ആശയരൂപങ്ങളോ അതിനെ ഒന്നിപ്പിക്കുന്നില്ല. ഇത് ഒരു ഫോര്‍മേഷന്റെ ആദ്യഘട്ടമാണ്.


 
അരാഷ്ട്രീയതയുടെ രാഷ്ട്രീയം 
ക്രൂരതയുടെ നടുക്കവും, അതില്‍ നിന്നുണരുന്ന മനുഷ്യത്വവും ചേര്‍ന്ന വൈകാരികതയാണ് ഈ സമരത്തിന്റെ ഊര്‍ജ്ജപ്രവാഹം. ആ വൈകാരികതയുടെ മുഖ്യതന്തു പുരുഷനിര്‍മ്മിതവുമായ ‘മാനം’ തന്നെയാണ്. ക്രൂരതയും, ‘മാന’വും മനുഷ്യത്വവും ചേര്‍ന്ന ഒരു സവിശേഷ ചേരുവ സമരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതി ഭീകരമായ പിഢനത്തോടുള്ള പ്രതികരണങ്ങളില്‍ വ്യാപകമായി ദര്‍ശിക്കാവുന്ന വധശിക്ഷ ആവശ്യപ്പെടല്‍, അംഗ വിച്ഛേദത്തിലൂടെ ഇഞ്ചിഞ്ചായി കൊല്ലല്‍, പരസ്യവധം, ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതികള്‍ പെണ്‍കുട്ടിക്കുമേല്‍ പ്രയോഗിച്ച നിയമവിരുദ്ധമായ ക്രൂരതയെ നിയമവിധേയമായ ക്രൂരതയാക്കി മാറ്റാനുള്ള ആവേശം കാണാവുന്നതാണ്. മനോതലത്തില്‍ ഇവ രണ്ടും ഒന്നുതന്നെയാണ്. ഇവയ്ക്കിടയിലും സ്ത്രീപക്ഷ പരമായ സമീപനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല.

രാഷ്ട്രീയ നേതൃത്വങ്ങളോട് അവിശ്വാസം വെച്ചു പുലര്‍ത്തുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചു വരികയും അവരുടെ അസംതൃപ്തികള്‍ വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നില സംജാതമായിട്ടുണ്ട്. കൃത്യമായ നേതൃത്വമോ, ദിശയോ, ആശയരൂപങ്ങളോ അതിനെ ഒന്നിപ്പിക്കുന്നില്ല. ഇത് ഒരു ഫോര്‍മേഷന്റെ ആദ്യഘട്ടമാണ്. തുടര്‍ന്നങ്ങോട്ട് ഇവ എങ്ങനെ പ്രകടിപ്പിക്കപ്പെടും എന്ന് കാണാനിരിക്കുന്നതേയുള്ളൂ. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനിടയില്‍ സ്തംഭിച്ച് പോവുന്നുണ്ട്. ഇടതുപക്ഷ നേതൃത്വങ്ങള്‍ പോലും നിസ്സഹായരാവുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും, ഭരണസംവിധാനത്തോടുമുള്ള അസംതൃപ്തി വരുംകാലങ്ങളില്‍ ഏതുമട്ടിലാണ് രാഷ്ട്രീയ രൂപം കൈവരിക്കുക എന്നത് പ്രവചനാതീതമാണ്. എങ്കിലും ശതകോടീശ്വരന്‍മാരും, രാഷ്ട്രീയപ്രഭുക്കളും, മക്കളും മരുമക്കളും നടത്തുന്ന രാഷ്ട്രീയ ചൂതാട്ടങ്ങള്‍ക്ക് നേരെയുള്ള സമരങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു എന്ന് സംശയരഹിതമായി പറയാന്‍ കഴിയും. എന്നാല്‍ വിപ്ളവകരമായ ഉള്ളടക്കങ്ങളാല്‍ അത് പ്രചോദിപ്പിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുമോ എന്നത് ആശങ്കയുണര്‍ത്തുന്ന ചോദ്യം തന്നെയാണ്. അങ്ങനെ സംഭവിക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാന്‍മാത്രം തെളിവുകള്‍ ഇപ്പോഴും നമുക്ക് ലഭ്യമല്ല. ഇന്ത്യന്‍ വലതുപക്ഷ ആശയാവലികള്‍ അത്ര ശക്തമായത്കൊണ്ട്തന്നെ ആ ആശങ്ക ഒട്ടും അസ്ഥാനത്തല്ല.

ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

One thought on “ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

  1. അരുദ്ധധി റോയിയുടെ ചോദ്യം അതിലളിതവും സങ്കുചിതവും ആകുന്നതു അവര്‍ സംസാരിക്കുന്നതു സവര്‍ണര്‍ക്കുവേണ്ടിയല്ല എന്നതുതന്നെ കാരണം, മറിച്ചു അവര്‍ ശബ്ധമില്ലാതവരുടെ ശബ്ദം ആകുന്നു എന്നതാണ് പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *