പപ്പീലിയോ ബുദ്ധ: സാങ്കേതിക ന്യായങ്ങള്‍ക്ക് ചില മറുചോദ്യങ്ങള്‍

 
 
 
പപ്പീലിയോ ബുദ്ധക്കെതിരായ സാങ്കേതിക ന്യായങ്ങളുടെ രാഷ്ട്രീയവായന. എന്‍.പി ആഷ് ലി എഴുതുന്നു
 
 
ചലച്ചിത്ര ശരീരത്തില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്ത സെന്‍സര്‍ബോര്‍ഡ് ഇടപെടലുകള്‍ക്കുശഷം, അംബേദ്കറുടെ നിശ്ശബ്ദമാക്കിയ പ്രസംഗവും അവ്യക്തമാക്കിയ ഗാന്ധി ദൃശ്യങ്ങളുമായി ജയന്‍ ചെറിയാന്റെ ‘പപ്പീലിയോ ബുദ്ധ’ ഫെബ്രുവരി അവസാനം തിയറ്ററുകളിലെത്തുന്നു. എന്നാല്‍, പ്രബുദ്ധ മലയാളിയുടെ കൊടിയടയാളമെന്ന് പറഞ്ഞുപോരുന്ന തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉണ്ടായ ദുരനുഭവവും സൌജന്യ പ്രദര്‍ശനം മുടക്കാനുള്ള പൊലീസ് ഇടപെടലുകളുമടക്കം അനേകം സംഭവങ്ങള്‍ നമുക്കു മുന്നില്‍ കറുത്ത പാടുകളായി ശേഷിക്കുന്നു.
ഈ സാഹചര്യത്തില്‍, സിനിമക്കെതിരെയും പ്രദര്‍ശനത്തിനെതിരെയും പല മട്ടില്‍ പ്രചരിക്കുന്ന സാങ്കേതിക വാദങ്ങളുടെ രാഷ്ട്രീയവായന. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകന്‍ എന്‍.പി ആഷ് ലി എഴുതുന്നു

 

 
പപ്പീലിയോ ബുദ്ധ എന്ന സിനിമയെ തിരുവനന്തപുരം ഫെസ്റ്റിവല്‍ തള്ളിക്കളഞ്ഞതും പിന്നീട് സന്‍സര്‍ ട്രൈബ്യൂണലിന്റെ അനുമതിയെ തുടര്‍ന്ന് നടത്താന്‍ ശ്രമിച്ച പ്രദര്‍ശനം തടഞ്ഞതും തീര്‍ത്തും സാങ്കേതിക കാരണങ്ങള്‍ മാത്രമാണ് എന്നൊരു ധാരണ പ്രചരിച്ചും പ്രചരിപ്പിച്ചും വരുന്നതായി കാണുന്നു. തെരഞ്ഞെടുപ്പിനുള്ള അവകാശം സമിതികള്‍ക്കില്ലേ, അവരുടെ സ്വയം ഭരണാവകാശത്തെ നിഷേധിക്കാമോ, സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ടിഫിക്കറ്റ് ഹാജരാക്കാത്തത് കാരണമല്ലേ തിരുവനന്തപുരം ഓഡിറ്റോറിയത്തിലെ സ്വകാര്യ\സൌജന്യ പ്രദര്‍ശനം തടഞ്ഞത് എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ പോക്ക്.
 

 
ചലച്ചിത്രമേളയുടെ ദൌത്യരേഖയുടെ ലംഘനം
നാട്ടുകാരില്‍നിന്ന് നികുതി ആയി പിരിക്കുന്നതില്‍നിന്ന് കിട്ടുന്ന സ്വന്തം ഫണ്ടും വിദേശ ഏജന്‍സികളില്‍നിന്ന് സ്വരൂപിക്കുന്ന ഫണ്ടും ഉപയോഗിച്ച് നാട്ടുകാരെ സിനിമ എന്ന മാധ്യമവുമായും സൌന്ദര്യശാസ്ത്ര പരീക്ഷണങ്ങളുമായും ആഗോള ചിന്താപരിസരവുമായും സാമൂഹ്യ ചുറ്റുപാടുകളുമായും രാഷ്ട്രീയ ധാരകളുമായും പരിചയപ്പെടുത്തുകയാണല്ലോ ഗവണ്‍മെന്റ് നടത്തുന്ന ഏത് ചലച്ചിത്രോല്‍സവത്തിന്റെയും ദൌത്യം. എല്ലാ ചലച്ചിത്രോല്‍സവങ്ങള്‍ക്കും അവരുടെ ദൌത്യപ്രസ്താവന ഉണ്ടായിരിക്കുകയും ചെയ്യും.

എന്‍.പി ആഷ്ലി

ഈ രേഖയും പ്രാദശികാവശ്യങ്ങളും സ്വന്തം അഭിരുചിയും അനുസരിച്ച് ജനാധിപത്യപരമായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ഉത്തരവാദിത്തമേല്‍പിക്കപ്പട്ടവരാണ് തെരഞ്ഞെടുപ്പ് സമിതി. തങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇവര്‍ സര്‍വതന്ത്ര സ്വതന്ത്രരോ കലാപരമായും സാമൂഹ്യമായും സ്വന്തം തെരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ ഉത്തരവാദിത്തമില്ലാത്തവരോ അല്ല. എന്നുവെച്ചാല്‍, പപ്പീലിയോ ബുദ്ധ എന്ന സിനിമയെ തള്ളിക്കളഞ്ഞതിന് കാരണം ബോധിപ്പിക്കാനും ആ തിരസ്കാര പ്രകിയയെ സംബന്ധിച്ചുള്ള സത്യാവസ്ഥ ജനങ്ങളെ ധരിപ്പിക്കാനും സമിതി അംഗങ്ങള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ട്.
ചലച്ചിത്രോല്‍സവത്തിന്റെ ദൌത്യരേഖയനുസരിച്ച് ‘പപ്പീലിയോ ബുദ്ധ’യെ പുറത്തുനിര്‍ത്താനാവില്ല. മൂന്നാം ലോകരാജ്യങ്ങളിലെ സാമൂഹ്യാവസ്ഥകളെയും സമകാലികാവസ്ഥകളെയും കുറിച്ചുള്ള സിനിമകള്‍ കാണിക്കുക എന്നത് ഈ ഫെസ്റ്റിവലിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ കാര്യമാണ്.
 

 
അപ്പോള്‍ ആ സിനിമകളോ?
രാഷ്ട്രീയ പ്രകോപനമുണ്ടാക്കും എന്ന് വാദിക്കുകയാണെങ്കില്‍ ഒരു രാഷ്ട്രീയനേതാവിനെയും വിമര്‍ശിക്കുന്ന സിനിമകള്‍ കാണിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള ഇഷ്ടം പോലെ സിനിമകള്‍ കാണിച്ചിട്ടുണ്ടല്ലോ ഇതുവരെ.രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന സംഘടനയെ കാവല്‍ മാലാഖമാരായി വാഴ്ത്തുന്ന ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയെ മേളയില്‍ മലയാള സിനിമയുടെ വര്‍ത്തമാനമായി അവതരിപ്പിച്ച സ്ഥിതിക്ക് മുദ്രാവാക്യ സ്വഭാവമുള്ള സിനിമയോട് ഇത്തവണത്തെ ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് വിരോധമുണ്ടെന്ന് കരുതാന്‍വയ്യ. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഫെസ്റ്റിവലിനയച്ചപ്പോള്‍ ഇല്ലായിരുന്നുവെന്നാണെങ്കില്‍ ഫെസ്റ്റിവലുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ടിഫിക്കറ്റുകള്‍ ആവശ്യമില്ലല്ലോ എന്നു ചോദിക്കേണ്ടി വരും.

ഇപ്പറഞ്ഞതൊക്കെ ശരിയാണെങ്കിലും കലാപരമായി ചിത്രം തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നിലവാരം പുലര്‍ത്തിയില്ല എന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് തോന്നിയെങ്കില്‍ അത് മാനിക്കേണ്ടതാണ്. (അവരുടെ അഭിരുചിയെ സംബന്ധിച്ച് വേറെ ചര്‍ച്ച ചെയ്യേണ്ടി വരുമെങ്കിലും). അക്കാര്യം ജനങ്ങള്‍ക്ക് മുമ്പില്‍ പറയാന്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്ന് മാത്രം. മറിച്ച് രാഷ്ട്രീയമായ കാരണങ്ങളോ മേലാള സമ്മര്‍ദ്ദമോ അവഗണനക്ക് കാരണമായിട്ടുണ്ടെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്. ഉക്കാര്യത്തില്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്തം സമിതി അംഗങ്ങള്‍ക്കുണ്ട്.

പ്രദര്‍ശനം മുടക്കാന്‍ ചില മുടന്തന്‍ ന്യായങ്ങള്‍
ഡല്‍ഹിയിലെ സെന്‍സര്‍ ടൈബ്യ്രൂണല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം പപ്പീലിയോ ബുദ്ധയുടെ സൌജന്യ പ്രദര്‍ശനം നടത്താനുള്ള ശ്രമം പോലിസ് ഇടപെട്ടു നിര്‍ത്തിപ്പിച്ചതിലാണ് നിയമങ്ങളെ നിഷ്പ്രഭമാക്കാനും കാര്യങ്ങള്‍ തെറ്റായി അവതരിപ്പിക്കാനും ഉള്ള ചിലരുടെ മിടുക്ക് വ്യക്തമാവുന്നത്.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കിയ ഓഡിറ്റോറിയം അധികൃതരുടെ അടുത്ത് പ്രദര്‍ശന ദിവസം രാവിലെ എത്തിയ ഇന്റലിജന്‍സ് അധികാരികള്‍ പറഞ്ഞത് ‘സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ജനം പ്രശ്നമുണ്ടാക്കും’ എന്നാണ്. കാണാനെത്തിയവര്‍ (അവരും ജനം തന്നെയാണല്ലോ) സിനിമ കാണിക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പ്രദര്‍ശനം അനുവദിക്കാനാവില്ല എന്ന സാങ്കേതികതയാണിവര്‍ പറഞ്ഞത്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കുകയാണെങ്കില്‍ പ്രദര്‍ശനതിന് സംരക്ഷണം നല്‍കാനുള്ള ബാധ്യതയുള്ള പൊലീസാണ് ഇങ്ങനെ പറയുന്നത്. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ആരോ പടച്ചുവിടുന്ന ആള്‍ക്കൂട്ടത്തെയും (ജനങ്ങളിലാരും കണ്ടിട്ടില്ലാത്ത ഈ സിനിമ ആള്‍ക്കൂട്ടത്തെ അക്രമാസക്തമാക്കുമെന്ന് ഏത് ദിവ്യദൃഷ്ടി ഉപയോഗിച്ചാണാവോ കണ്ടുപിടിച്ചത്) അവരുടെ ഗുണ്ടായിസത്തെയും നേരിടുകയാണ് പൊലീസിന്റെ പണി. അവരുടെ ജോലി ചെയ്തു കൊടുക്കുകയല്ല. പൊലീസ് ആരെയാണ് പേടിക്കുന്നത്?
 

 
പുറത്തുപറയാന്‍ ചില ന്യായവാദങ്ങള്‍
സെന്‍സര്‍ബോര്‍ഡ് സര്‍ടിഫിക്കറ്റ് ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് മാത്രം ബാധകമായതാണെന്നിരിക്കെ, സൌജന്യ പ്രദര്‍ശനത്തെ സംബന്ധിച്ച് ഈ സാങ്കേതികതയ്ക്കു പ്രസക്തിയുണ്ടോ? അങ്ങിനെയാണെങ്കില്‍ എല്ലാ നാടകങ്ങളും പ്രസംഗങ്ങളും സെന്‍സര്‍ ചെയ്യേണ്ടതാവുമല്ലോ.

സിനിമയെന്ന മാധ്യമത്തിനല്ല സെന്‍സര്‍ഷിപ്പുള്ളത്, സിനിമയെന്ന വ്യവസായത്തിനാണ്. കാരണം അതിനു വിവിധ തരം നികുതികളും സംഘടനകളും സബ്സിഡികളുമുണ്ട്. (നമ്മുടെ പല നവധാരാ സിനിമകളും സബ്സിഡികളോടെയും നികുതിയിളവുകളോടെയും സര്‍ക്കാര്‍ മെഷീനറിയുടെ കീഴില്‍ത്തന്നെ നിര്‍മ്മിച്ചവയാണു താനും). ഇതല്ല പാപ്പീലിയോ ബുദ്ധയുടെ സ്ഥിതി എന്നിരിക്കെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി അവര്‍ക്കെന്തിന്?

കാരണമെന്തായാലും കാര്യം വ്യക്തമാണ്. പപ്പീലിയോ ബുദ്ധ എന്ന സിനിമ കാണിക്കരുത്. അതിനു കാരണമായി പൊതുജന വികാരം എന്നു പറയേണ്ടിടത്ത് അത് പറയും. പല സമയത്ത് പല ഒഴിവുകഴിവുകള്‍ കണ്ടുപിടിച്ച് പറയുന്നത് സത്യസന്ധതയില്ലായ്മയുടെ മാത്രമല്ല ഭീതിയുടേതു കൂടി ലക്ഷണമാണ്. ആരെയോ പേടിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല, ആ ആരോ ഈ സിനിമയെ പുറത്തുപറയാന്‍ നിവൃത്തിയില്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് എതിര്‍ക്കുന്നതെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.
 

 
ഗാന്ധിയും ഇ.എം.എസും ദളിതരും
സിനിമ ഗാന്ധിയെ അപമാനിക്കുന്നു എന്നാണ് പറഞ്ഞുകേട്ട ഒരാരോപണം. ഒരു ദളിത് യുവജനഗ്രൂപ്പ് ഭരണകക്ഷിക്കുവേണ്ടി തങ്ങളുടെ ഭൂസമരത്തെ അട്ടിമറിക്കാനെത്തുന്ന ഗാന്ധിയനെതിരായി ഗാന്ധിയുടെ കോലം കത്തിക്കുന്നത് സിനിമയില്‍ കാണിക്കുന്നുണ്ട്. അവരുടെ പ്രകോപനപരമായ ചെയ്തിക്കെതിരെയും മേപ്പാറ എന്ന പ്രദേശം നിയമവിരുദ്ധമായി കൈയേറിയതിനെതിരെയും പൊലീസ് അടിച്ചമര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ ബുദ്ധപ്രതിമയും അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും ചിത്രങ്ങളും നശിപ്പിക്കപ്പെടുന്നതും കാണിക്കുന്നുണ്ട്. അതുപോലെ ഒരു ദലിത് പരിസ്ഥിതി പ്രവര്‍ത്തകന്‍ തന്റെ ആരാധ്യരുടെ ചിത്രങ്ങളില്‍നിന്ന് ഇ.എം.എസിന്റെ ചിത്രം മാറ്റി ബുദ്ധന്റേത് വെയ്ക്കുന്ന രംഗമാണ് ഇ.എം.എസിനെ അപമാനിക്കുന്നതാണെന്ന് പറയുന്നത്. ദളിതര്‍ ഇ.എം.എസിനെ ആരാധിച്ചോളണമെന്ന് ആര് എവിടെയിരുന്നാണാവോ തീരുമാനമാക്കിയത്?

പാഠപുസ്തകങ്ങളിലൂടെയും ഗവണ്‍മെന്റ് മെഷീനറിയുടെ ഉപയോഗത്തിലൂടെയും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടാക്കിയിട്ടുള്ള ഔദ്യോഗിക ബിംബങ്ങള്‍ക്കെതിരായ ഒരു ദളിത് counter cannon ഉണ്ടായി വരുന്നത് രേഖപ്പെടുത്തുന്നത് ‘വീരപുരുഷന്‍മാരെ’ അപമാനിക്കലാണെന്ന് ഭാവിച്ചിട്ട് വൈകാരികവല്‍കരണത്തിലൂടെ സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളെ മുഴുവന്‍ ചര്‍ച്ചയില്‍നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യുകല്ലേ ഇവിടെ നടന്നത്?

ദളിത് രാഷ്ട്രീയത്തെ തിരസ്കരിക്കാനുള്ള പദ്ധതിയല്ലേ ഇവിടെ വെളിപ്പെട്ടുവരുന്നത്? കോണ്‍ഗ്രസ് ആയാലും കമ്യൂണിസ്റ്റ് ആയാലും ബി.ജെ.പി ആയാലും ദളിതരെ സമരം ചെയ്യാനും കലാപമുണ്ടാക്കാനും ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കാനും കൊടിപിടിക്കാനും അംഗബലം കാട്ടാനും, തങ്ങള്‍ക്ക് രക്ഷാധികാരത്വം വഹിക്കാനുമുള്ള വിഭാഗമായി കണ്ടുവരുന്ന സാഹചര്യത്തില്‍, സാമൂഹ്യ -സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളില്‍ ദളിതര്‍ സ്വത്വം കണ്ടെത്തുന്നതും സംഘടിക്കുന്നതും പേടിയോടെ കാണുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഈ പേടി ധാര്‍ഷ്ഠ്യമായും അധികാര പ്രകടനമായും ദുര്‍വിനിയോഗമായും ആണ് പലപ്പോഴും പുറത്തുവരിക.
 

 
താല്‍പ്പര്യങ്ങള്‍ വെളിവാകുമ്പോള്‍ സംഭവിക്കുന്നത്
ജാതീയത അസത്യങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന (മാറ്റിക്കൊണ്ടിരിക്കാവുന്ന) ഒഴികഴിവുകളുടെയും ഭീതിപ്പെടുത്തലിന്റെയും ഒരു മിശ്രിതമായാണ് പൊതുമണ്ഡലത്തില്‍ എന്നും നിലനിന്നുപോന്നിട്ടുള്ളത്. സ്ഥൈര്യമോ നീതിബോധമോ പ്രക്രിയാപരമായ സത്യസന്ധതയോ (procedural honesty) കലാപരമായ ഉത്തരവാദിത്വമോ ( artistic accountability)ജാതീയതക്കുണ്ടാവുന്നില്ല.

ഇതുപോലെ പ്രസക്തമാണ് അധികാരത്തിന്റെ അദൃശ്യത. ജനങ്ങളുടെ മുമ്പില്‍ സെലക്ഷന്‍ കമ്മിറ്റിയും പൊലീസുകാരും മാത്രമേയുള്ളൂ. ഇവര്‍ പ്രവര്‍ത്തിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് ഒരിക്കലും ജനമറിയുന്നില്ല. ഈ ‘ആരോ’ എന്ന ഘടകത്തെ ദൃശ്യമാക്കുകയെന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒരു കടമ. അദൃശ്യതയിലാണ് കുടിലമായ അധികാരത്തിന്റെ ശക്തി നിലനില്‍ക്കുന്നത്. താല്‍പ്പര്യങ്ങള്‍ വെളിവാക്കപ്പെട്ടു കഴിയുമ്പോള്‍ ശക്തി ചോര്‍ന്നുപോവുന്നതാണ് ഏത് അധികാരവും. വിശേഷിച്ചും ജനം നല്‍കിയ അധികാരം.

അത്തരമൊരു ചോദ്യം ചെയ്യലിലേക്ക് നീളുമ്പോഴാണ് ‘പാപ്പീലിയോ ബുദ്ധ’ കേരളീയ ദളിത് സമരങ്ങളെ രേഖപ്പടുത്തുന്ന സിനിമ എന്നതില്‍നിന്ന് വളര്‍ന്ന് കേരളത്തിന്റെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ നവീകരണത്തിനും നമ്മുടെ ജനാധിപത്യവല്‍കരണത്തിനുമുള്ള ഒരു വേദിയും വേളയുമായിത്തീരുക.

3 thoughts on “പപ്പീലിയോ ബുദ്ധ: സാങ്കേതിക ന്യായങ്ങള്‍ക്ക് ചില മറുചോദ്യങ്ങള്‍

  1. സമൂഹത്തില്] പ്രചരിക്കുന്ന ആശയങ്ങള്]ക്കടിസ്ഥാമായിരിക്കും അവിടുള്ള ജനത്തിന്റെ സ്വഭാവം. ഇ.എം.എസിന്റെ ചിത്രം മാറ്റുന്നതോ ഗാന്ധിയുടെ കോലം കത്തിക്കുന്നതോ ഒന്നും ആ വ്യക്തിളോടുള്ള വെറുപ്പിന്റെ പ്രകടനമല്ല. അത് ആശയപരമായ ശ്രദ്ധമാറ്റലാണ്. സങ്കുചിതമായ കണ്ണുകളിലൂടെ നോക്കുമ്പോള്] മഹത്തരമെന്നു തോന്നുന്ന ഇത്തരം സിനിമകളും മറ്റും സത്യത്തില്] മതേതര പ്രസ്ഥാനങ്ങളെ തകര്]ത്ത് രാജ്യങ്ങളെ ഫസിസ്റ്റ് ഭീകരതയില്] തളച്ചിടാനുള്ള ലോക വ്യാപകമായ ശ്രമങ്ങള്]

    ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്
    http://mljagadees.wordpress.com/2012/12/18/ems-caste/

Leave a Reply

Your email address will not be published. Required fields are marked *