വരൂ, ലോകമേ ഇന്ത്യയിലേക്ക്; നമുക്ക് നിയമം ലംഘിച്ച് കളിക്കാം

 
 
 
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കാറിന് എട്ടാമതും പിഴയീടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ഒരു താരതമ്യം. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു
 
 

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ -ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് എട്ടുതവണ പിഴയിട്ട പശ്ചാത്തലത്തില്‍ ഇന്ത്യയെക്കുറിച്ചോരോര്‍മ്മ. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു

 

 
റോഡ് നിയമം തെറ്റിച്ചതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് പിഴയിട്ടു. ഒന്നോ രണ്ടോ തവണയല്ല, കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എട്ടു തവണ!
ഹോളിവുഡ് ഗോസിപ്പുകളും, ക്രെെംസ്റ്റോറികളും ജൂലിയ ഗില്ലാര്‍ഡിന്റെയും പ്രതിപക്ഷ നേതാവ് ടോണി അബറ്റിന്റെയും പരസ്പര വ്യക്തിഹത്യകളും നിറയാറുള്ള ‘ഡെയ്ലി ടെലിഗ്രാഫ്’
പത്രത്തിന്റെ മൂന്നാം പേജിലെ ഈ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ നന്നായൊന്നു ഞെട്ടി. ഒരുമാതിരി നമ്മുടെ മന്ത്രിമാരൊക്കെ ഞെട്ടുന്ന പോലെ ഒരു ഞെട്ടല്‍.
ഡെയ്ലി ടെലിഗ്രാഫ് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തതോ, ജൂലിയ ഗില്ലാര്‍ഡിന്റെ സ്വകാര്യ കാര്‍ എങ്ങനെ നിയമം ലംഘിച്ചുവെന്നതോ ആയിരുന്നില്ല അത്ഭുതത്തിനു പിന്നില്‍. ഈ എട്ടുതവണയും പോലീസ് കാറിന് പിഴയിട്ടു എന്നതാണ്. പ്രധാനമന്ത്രിയുടെ പേരിലുള്ള വണ്ടി വഴിയില്‍ തടയാന്‍ എങ്ങനെ ധൈര്യം വന്നു, ആ പോലീസുകാരന്. വഴിയില്‍ തടഞ്ഞതും പോട്ടെ, ഡ്രെെവറുടെ കാലില്‍ സാഷ്ടാംഗം വീണ് മാപ്പിരക്കുന്നതിനു പകരം പിഴ എഴുതിക്കൊടുത്തിരിക്കുന്നു.

ദീജു ശിവദാസ്

ഒരുത്തന്‍ ചെയ്താല്‍ സഹിക്കാമായിരുന്നു. ക്ഷമിക്കാമായിരുന്നു. എട്ടുതവണ. എട്ടു വ്യത്യസ്ത പോലീസുകാര്‍. ആറുമാസത്തിനുള്ളില്‍ എട്ടു തവണ പ്രധാനമന്ത്രിയുടെ കാറിനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഹോ ഹോ.. ജനാധിപത്യത്തിന്റെ അന്തസ്സിനും ആണിക്കല്ലിനും നേരേ, ആ ജനാധിപത്യത്തില്‍ നക്കാപ്പിച്ച വാങ്ങുന്ന ഈ പോലീസുകാര്‍ കാട്ടിയ അഹന്ത കണ്ടില്ലേ.. ആദ്യം ചെയ്തവനെ അന്നു തന്നെ ഒരു പാഠം പഠിപ്പിച്ചിരുന്നെങ്കില്‍ ഇതെന്തെങ്കിലും വരുമായിരുന്നോ? ഒന്നുകില്‍ വല്ല ‘കണ്‍ട്രി സൈഡിലേക്കും’ സ്ഥലം മാറ്റണമായിരുന്നു, അല്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അപമാനിച്ചതിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും, പോലീസുകാരന്റെ കുടുംബത്തെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കല്ലെറിയുകയും വേണമായിരുന്നു. കുറഞ്ഞത് അത്രയെങ്കിലും വാര്‍ത്ത വന്നില്ലെങ്കില്‍ പിന്നെ രാജ്യത്തെ ഭരണകൂടത്തിനും ഭരണകര്‍ത്താക്കള്‍ക്കും എന്തു വില.
 

 
അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

ക്ഷമിക്കണം. ഞാന്‍ ഇന്ത്യയിലല്ലല്ലോ.. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്ന, ഏറ്റവുമധികം ജനങ്ങളെ പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലേ പോലീസുകാരന്റെ അഹങ്കാരത്തിന് ശരിയായ ശിക്ഷ നല്‍കാന്‍ കഴിയൂ. ഇന്ത്യയെ കണ്ടു പഠിക്കണം ഈ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ജര്‍മ്മനിയുമൊക്കെ. ജനാധിപത്യത്തില്‍ തൊട്ടുകളിക്കുന്ന ഒരുത്തനെയും വിടരുത്. അവനേത് പോലീസുകാരനായാലും ശരി. പ്രധാനമന്ത്രിയേയോ, മുഖ്യമന്ത്രിയേയോ അല്ല, ഒരു ഇട്ടാവട്ട പാര്‍ട്ടിയുടെ പഞ്ചായത്ത് നേതാവിന്റെ വണ്ടി ഒരുത്തനെ ഇടിച്ചിട്ടു പോയാലും ഇടി കൊണ്ടവനെ അറസ്റ് ചെയ്യണം, വഴി മുടക്കിയതിന്റെ പേരില്‍. അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

പക്ഷേ ഇത് ഓസ്ട്രേലിയ ആയിപ്പോയില്ലേ. ഇവര്‍ക്കെന്ത് ജനാധിപത്യം. ഇവിടെ പ്രധാനമന്ത്രി ആയാലും ഫെഡറല്‍ കോടതി ജഡ്ജി ആയാലും റോഡിലിറങ്ങിയാല്‍ നിയമം പാലിക്കണം. ഇല്ലെങ്കില്‍ പിഴ ഉറപ്പ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വണ്ടി എട്ടു തവണ പിടിച്ചിട്ടും പോലീസുകാര്‍ സുഖമായി ഇന്നും ഓഫീസില്‍ പോകുന്നത്. പിഴയിടുമ്പോള്‍ അതടക്കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം കണ്ട് ഖജനാവില്‍ കൈയിടാമെന്നും കരുതണ്ട. സ്വന്തം പോക്കറ്റ് തപ്പിയാലേ പറ്റു. ജനപ്രതിനിധിയാണെങ്കില്‍ ഒരു 25 ഡോളര്‍ അധികം പിഴ കൊടുക്കണമെന്ന് മാത്രം. വകുപ്പുതല പ്രോസസിംഗ് ഫീസ് എന്ന പേരില്‍!
 

 
ജഡ്ജിക്ക് കിട്ടിയത്
എം പിമാരുടെ ചെലവിനെക്കുറിച്ച് പാര്‍മെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ പിഴക്കണക്കുകള്‍ വ്യക്തമാക്കുന്നത്. റെഡ് ലൈറ്റില്‍ നിര്‍ത്താതെ പോയതിനും വേഗപരിധി ലംഘിച്ചതിനുമൊക്കയാണത്രേ ഈ പിഴ. പോലീസ് പിടിക്കുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് മാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അതിനി പ്രധാനമന്ത്രി സാക്ഷാല്‍ ഗില്ലാര്‍ഡ് തന്നെയായാലും ഒരു ചുക്കുമില്ല. പിഴയടച്ച്, സ്വന്തം പേരില്‍ കുറച്ച് ഡീമെറിറ്റ് പോയിന്റും സ്വന്തമാക്കാമെന്ന് മാത്രം.

ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി (ഇന്ത്യന്‍ സുപ്രീം കോടതിക്ക് സമാനം ) ജഡ്ജിയായി വിരമിച്ച മാര്‍ക്കസ് റിച്ചാര്‍ഡ് ഐന്‍ഫീല്‍ഡിന് 2006ല്‍ സംഭവിച്ചതും അതു തന്നെ. അനുവദനീയമായതിലും വേഗത്തില്‍ വണ്ടിയോടിച്ചതിന്റെ പേരില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന്‍റെ വീട്ടിലേക്ക് പോലീസ് ഒരു ടിക്കറ്റയച്ചു. 77 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയടക്കണം എന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോയ ജസ്റിസ് ഐന്‍ഫീല്‍ഡ്, സംഭവസമയത്ത് വണ്ടിയോടിച്ചിരുന്നത് താനല്ല, ഒരു സുഹൃത്താണെന്ന് സത്യവാങ്മൂലവും നല്‍കി. ഇത് തെറ്റെന്ന് തെളിഞ്ഞതോടെ 2009 മാര്‍ച്ചില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അടുത്ത കാലത്താണ് പുള്ളി പുറത്തിറങ്ങിയത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. നിയമം ലംഘിച്ചതിന്റെ പേരില്‍ പോലീസ് വഴി തടഞ്ഞ് നിര്‍ത്തിയപ്പോഴും നോട്ടീസയച്ചപ്പോഴുമൊന്നും ഞാന്‍ മന്ത്രിയാണെന്നും എം പിയാണെന്നും പറഞ്ഞ് ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്ങാനും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ പണി തന്നെ പോയേക്കും.
 

 
വരൂ, നമുക്ക് നിയമം ലംഘിക്കാം!
റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. ഒരു ആക്സിഡന്റ് കഴിഞ്ഞ് പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനാണ് ഈ ശിക്ഷ. സ്കോട്ലന്റിലെങ്ങാണ്ട് വച്ച് അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, പ്രശസ്തര്‍ക്കും പ്രമുഖര്‍ക്കുമെല്ലാം സുഖമായി ജീവിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് സ്വാഗതം എന്ന്. നിയമം ലംഘിച്ചതിന്റെ പേരില്‍ നമ്മുടെ നാട്ടിലെ ഏതെങ്കിലുമൊരു മന്ത്രിക്ക് പിഴയോ ശിക്ഷയോ കിട്ടിയ കഥ കേട്ടിട്ടുണ്ടോ? എന്തിന് മന്ത്രി, മന്ത്രിയുടെ അമ്മയുടെ അനിയത്തിയുടെ അമ്മാവന്റെ മകന്റെ അനന്തരവന്റെ രണ്ടാനച്ഛന്റെ അനന്തരവനെ ഒരു ആക്സിഡന്റ് കേസില്‍ പിടിക്കുന്ന പോലീസുകാരന് വരില്ലേ വിളി, തല്‍സമയം. ആ വിളി കേട്ടില്ലെങ്കില്‍ പിറകേ വരും സസ്പെന്‍ഷനും പിന്നെ പാര്‍ട്ടിക്കാരുടെ വക വരെ തന്തക്കു വിളിയും.

കാറിന്റെ മുന്‍ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റിടണം എന്നതാണ് നമ്മുടെ നാട്ടിലെ നിയമം. ഇട്ടില്ലെങ്കില്‍ ‘വെവരമറിയും.’ പക്ഷേ കാറിന്റെ മുന്‍പിലെ സീറ്റില്‍ മാത്രമിരിക്കുന്ന മന്ത്രിമാര്‍ പലരുമുള്ള നാട്ടില്‍ ഒരാളെങ്കിലും ബെല്‍റ്റിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്ങനെ കാണാന്‍, ഫിലിമൊട്ടിച്ചും കര്‍ട്ടനിട്ടും ഗ്ലാസ് മറക്കരുതെന്ന ഉത്തരവും ‘പിടി’യും പിടിപാടുമില്ലാത്ത സാധാരണക്കാരന് മാത്രമല്ലേ. ഇനി കണ്ടെന്നു തന്നെയിരിക്കട്ടെ, അതെങ്ങാനും ചോദ്യം ചെയ്യാന്‍ പോയാല്‍ അപ്പോഴും ‘വെവരമറിയും’. മന്ത്രി പിന്നിലിരുന്നാലും മുന്നിലെ ഗണ്‍മാനും, എര്‍ത്തുമൊന്നും ബെല്‍റ്റിടണമെന്നില്ല. എന്തിന്, ഒരു ബസില്‍ വെച്ച് ഒരാളെ തച്ചുകൊന്ന ഗണ്‍മാനെ എം പി ന്യായീകരിച്ചതു കണ്ടതും നമ്മളല്ലേ.

ഇങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ‘മനോഹരമുഖം’ മാത്രം കണ്ടു പരിചയമുള്ളതുകൊണ്ടായിരിക്കാം ഡെയ്ലി ടെലിഗ്രാഫിലെ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയത്. അതേ പത്രത്തിലെ മറ്റൊരു പേജില്‍ കണ്ട വാര്‍ത്ത പിന്നെയും ഞെട്ടിച്ചു.
 

 
വാല്‍ക്കഷണം:
ഈ ക്രിസ്ത്മസ് അവധിക്കാലത്ത്, അതായത് ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ, ഓസ്ട്രേലിയയിലാകമാനം വാഹനാപകടത്തില്‍ മരിച്ചത് 48 പേരാണത്രേ. കഴിഞ്ഞ വര്‍ഷത്തെ 50 എന്ന കണക്കിനെക്കാള്‍ രണ്ടെണ്ണം കുറഞ്ഞെങ്കിലും ഗുരുതരമായ അവസ്ഥയെന്നാണ് പത്രത്തില്‍ ഒരു കോളമിസ്റിന്റെ വിലയിരുത്തല്‍. കോളം വായിച്ച് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ കുറച്ചുനേരം ഇരുന്നുപോയി. അല്‍പം വേഗം കൂടിയതിന് പ്രധാനമന്ത്രിയുടെ വണ്ടിക്കു വരെ പിഴയിട്ടിട്ടും 48 പേര്‍ അപകടത്തില്‍ മരിച്ചെങ്കില്‍, അത് ഗൌരവമുള്ള കാര്യം തന്നെ.

പക്ഷേ, എല്ലാ മണിക്കൂറിലും കുറഞ്ഞത് 17 പേര്‍ റോഡപകടത്തില്‍ മരിക്കുന്ന, ദിവസം 390 ജീവനുകളെങ്കിലും റോഡില്‍ പൊലിയുന്ന ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഓസീകളുടെ ഗൌരവമേറിയ ഈ കണക്കുകണ്ട് കരയണോ ചിരിക്കണോ എന്ന് ഇപ്പോഴുമറിയില്ല.

3 thoughts on “വരൂ, ലോകമേ ഇന്ത്യയിലേക്ക്; നമുക്ക് നിയമം ലംഘിച്ച് കളിക്കാം

  1. നല്ല സ്റ്റോറി. ഇന്ത്യയില്‍ ഇതുപോലെ ഏതെങ്കിലും പോലീസ്സ് ധൈര്യം കാണിച്ചിരുന്നു എങ്കില്‍. …..? ഇന്ത്യയിലെ നിയമം എന്നെങ്ങിലും അതിന്റ്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രാബല്യത്തില്‍ വന്നെങ്കില്‍……….—? സ്വപ്നം മാത്രം …….

Leave a Reply

Your email address will not be published. Required fields are marked *