കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

 
 
 
 
കൂടംകുളം സമരത്തിന് രൂക്ഷവിമര്‍ശം. ചാരുനിവേദിത എഴുതുന്നു
 
 
കൂടംകുളം ഇപ്പോഴും സമരത്തീയിലാണ്. സ്വന്തം ദേശത്തെ, ജീവിതത്തെ, ഭാവിയെ നക്കിത്തിന്നാനെത്തുന്ന അണു ഉലക്കെതിരെ, നിസ്സഹായതകളും ഇല്ലായ്മകളും ചേര്‍ത്തുവെച്ച കരുത്തില്‍ ഏറ്റവും ദരിദ്രരായ, ആലംബമറ്റ മനുഷ്യര്‍ സമരം തുടരുക തന്നെയാണ്.

അതിനെതിരായ വ്യാപക പ്രചാരണങ്ങളും അതോടൊപ്പം ചൂടുപിടിക്കുന്നുണ്ട്. കറന്റ് കട്ട് ഇല്ലാത്ത നേരങ്ങളെക്കുറിച്ച വ്യാമോഹങ്ങള്‍ വിതച്ചും അതിര്‍ത്തി കടന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതിയെ കുറിച്ച പ്രതീക്ഷകള്‍ വിതച്ചും സര്‍വരോഗ സംഹാരിയായി അണുഉലയെത്തന്നെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണങ്ങള്‍. പ്രതീക്ഷിക്കുന്നതുപോലെ, അധികാരികളും അവയുടെ പിണിയാളുകളും അവരെ താങ്ങിനിര്‍ത്തുന്ന ബൌദ്ധിക, മാധ്യമ ശക്തികളുമെല്ലാം ഇതില്‍ മുന്നിലുണ്ട്.

എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില ഇടങ്ങളും സമരത്തെ ക്രൂശിലേറ്റാന്‍ വെറിപിടിച്ചുണരുന്നുണ്ട്. ഇത്തരം വേളകളില്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമുള്ള ഹിന്ദു പോലൊരു മാധ്യമ സ്ഥാപനം പ്രോപഗണ്ടയുടെ തലത്തോളം ചെന്ന് കൂടംകുളത്തെ പോര്‍വീര്യത്തെ ഭര്‍ത്സിക്കുന്നു. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ആണവനിലയത്തിനെതിരെ ഉറച്ചു നിലപാട് എടുക്കുന്ന സി.പി.എമ്മിനെ പോലൊരു രാഷ്ട്രീയ കക്ഷി കൂടംകുളത്തെത്തുമ്പോള്‍ കവാത്ത് മറക്കുന്നു. അങ്ങനെ വൈരുധ്യങ്ങളുടെ അകംപുറ കാഴ്ചകള്‍ അനേകം.

ഇക്കൂട്ടത്തിലിതാ ഒരാള്‍ കൂടി. ചെറിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ചാരുനിവേദിത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയമായ ഉണര്‍വുകളെയും സംഗീതവും എഴുത്തും കടഞ്ഞുണ്ടാവുന്ന ചെറുത്തുനില്‍പ്പിന്റെ തീക്കിനാക്കളെയും കുറിച്ച് മലയാളിയോട് സദാ സംസാരിക്കുന്ന ചാരുനിവേദിത കൂടംകുളം സമരത്തെ കാണുന്നത് മറു പക്ഷത്തുനിന്നാണ്. സമരത്തെക്കുറിച്ച് ദിനതന്തിയില്‍ ചാരുനിവേദിത എഴുതിയ കുറിപ്പ് വിശദ ചര്‍ച്ചകള്‍ക്കായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: എസ്.ജയേഷ്. Image Courtesy: Counter Currents

 
 


 
 
അടുത്തിടെ ഒരു ടി വി ചാനലില്‍, “2012 എങ്ങിനെയുണ്ടായിരുന്നു?” എന്നതിനെപ്പറ്റി, എഴുത്തുകാരും, സിനിമാ സംവിധായകരും പങ്കെടുത്ത ഒരു പരിപാടിയില്‍ ഞാനും ഉണ്ടായിരുന്നു.

ഒന്നുരണ്ട് പേരൊഴികെ, എല്ലാ എഴുത്തുകാരുടെയും മുഖങ്ങള്‍ ഉന്മേഷമില്ലാതെ വളരെ മുറുകിയിരുന്നു. “എഴുത്തുകാരനെന്നാല്‍ ഇങ്ങനെയാണോ വേണ്ടത്?’ എന്ന് വിചാരിച്ച് വിഷമിച്ച് ഞാന്‍ പരിപാടിയിലേയ്ക്ക് കടന്നു. ആദ്യം, 2012 ലെ നല്ല നോവല്‍ ഏത്? എന്ന് ചോദിക്കപ്പെട്ടു. പൂമണി എഴുതിയ 1000 താളുകളുള്ള അങ്ങാടി എന്ന നോവലിനെ അവിടെയുണ്ടായിരുന്ന എഴുത്തുകാര്‍ ചേര്‍ന്ന് “ഉഗ്രന്‍ നോവല്‍” എന്ന് പറഞ്ഞപ്പോള്‍, എനിക്ക് അതിശയമായി. കാരണം, ആ നോവല്‍ എനിക്ക് ഒരു അദ്ധ്യായം പോലും വായിക്കാന്‍ കഴിഞ്ഞില്ല. ഇതുപോലെയുള്ള നോവലുകള്‍ വായിക്കുന്നത് കൊണ്ടാണ് ഇവരൊക്കെ കണ്ടന്‍ പൂച്ചയെപ്പോലെ കടുപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ കരുതി.

 

കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും പോലീസും തന്നെ.


 

2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?
പക്ഷേ, അതു കഴിഞ്ഞ് അവര്‍ പറഞ്ഞ കാര്യം, അതിനേക്കാള്‍ അത്ഭുതകരമായിരുന്നു. “2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?” എന്ന ചോദ്യത്തിന് അവര്‍ എല്ലാവരും ഒരേയൊരു പേരു മാത്രമേ പറഞ്ഞുള്ളൂ. അദ്ദേഹമാണ് കൂടംകുളം ഉദയകുമാര്‍. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ത്തന്നെ എഴുത്തുകാരുടെ കണ്ണുകള്‍ കലങ്ങി, ചുണ്ടുകള്‍ വിറച്ചു. അവര്‍ അത്രയ്ക്ക് വികാരാവേശരായിരുന്നു. ഉദയകുമാറിനെ തിരഞ്ഞെടുത്തതിന് അവര്‍ പറഞ്ഞ കാരണം എന്താണെന്നോ? ഗാന്ധിജിയ്ക്കു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഹിംസാസമരം ഉദയകുമാറിന്റെ സമരമാണത്രേ. എങ്ങിനെയെന്നാല്‍, ദില്ലിയില്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തിയപ്പോള്‍, പ്രതിഷേധിച്ചുള്ള സമരത്തില്‍, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടില്ലേ?.അതുപോലെയുള്ള അക്രമസംഭവം ഒന്നും കൂടംകുളത്ത് നടന്നിട്ടില്ലത്രേ. അതിന് ഉദയകുമാറാണ് കാരണം പോലും.

ഇങ്ങനെ പറയുന്നതിന് എഴുത്തുകാര്‍ നാണിക്കേണ്ടതല്ലേ? കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതിന് വിപരീതമായി, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉത്തരവിനെ അങ്ങിനെതന്നെ നിറവേറ്റിയ പോലീസും തന്നെ. ഒരു കാരണവശാലും അക്രമം നടക്കരുതെന്ന് ശ്രദ്ധിച്ചിരുന്നു മുഖ്യമന്ത്രി.

 

ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്?


 

അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ?
ഉദാഹരണത്തിന്, ഇടിന്തകരയില്‍ പല മാസങ്ങളായി സമരം നടന്നിട്ടും, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, ആ ഗ്രാമത്തിന്റെ അകത്ത് കടക്കാതെ, വളരെ സംയമനം പാലിച്ച് കാത്തിരുന്നു. വീണ്ടും വീണ്ടും പോലീസിനെ പ്രകോപിപ്പിക്കുന്നതിനായി, ഉദയകുമാറിന്റെ പ്രാകൃതജനങ്ങള്‍ പല തന്ത്രോപായങ്ങള്‍ ശ്രമിച്ചിട്ടും, ഒന്നും ഫലിച്ചില്ല. ഉദയകുമാര്‍ ചെയ്യുന്നത് അഹിംസാ സമരം ആണെങ്കില്‍, പൊതുജനത്തിനെ ഇളക്കിവിട്ട്, അവരെ പോലീസുകാര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍, കടല്‍ വഴിയായി വരുത്തിച്ച് ആണവനിലയത്തിനേയും, അതിന് കാവല്‍ നിന്നിരുന്ന പോലീസുകാരേയും എതിര്‍ക്കാന്‍ പറഞ്ഞത് ആരാണ്? അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ? ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്? “ഒരാളെങ്കിലും മരിക്കണം, അതാണ് അഹിംസ എന്നാണോ എഴുത്തുകാര്‍ പറയുന്നത്?

ഇനിയും പറയുകയാണെങ്കില്‍, ജനത്തിനെ ഏത് കടല്‍ വഴി പോകാന്‍ ഉദയകുമാര്‍ പറഞ്ഞോ ആ വഴി പൊതുജനത്തിന് പോകാന്‍ അനുമതിയില്ലാത്ത സ്ഥലമാണ്. ദേശീയസുരക്ഷയെക്കരുതി ചില സ്ഥലങ്ങളില്‍ ആളുകള്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത് തടുക്കുന്നതിന് വേണ്ടിയാണത്; അതിക്രമിച്ച് വരുന്നവരെ വെടി വയ്ക്കാന്‍ കേന്ദ്ര റിസര്‍വ്വ് പോലീസിന് അധികാരം ഉണ്ട്. അങ്ങിനെയുള്ള സ്ഥലത്ത് തന്റെ ആളുകളോട് വരാന്‍ പറഞ്ഞു ഉദയകുമാര്‍. ഇങ്ങനെ അക്രമം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോലീസ് അറസ്റ് ചെയ്യാന്‍ വന്നപ്പോള്‍ അവര്‍ കടല്‍ വഴി തന്നെ വഞ്ചികളില്‍ രക്ഷപ്പെട്ടു. ഗാന്ധിജിയുടെ സമരത്തില്‍ ഇങ്ങനെ എന്തെങ്കിലും ഒരിക്കലെങ്കിലും നടന്നിട്ടുണ്ടോ? ഗാന്ധിജി ഒരു പ്രശ്നത്തിനെ മുന്നില്‍ കണ്ട് നിരാഹാരം കിടക്കും.

 

ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ?


 

ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ?
സര്‍ക്കാര്‍ അദ്ദേഹത്തിനെ കൈയ്യാമം വയ്ക്കാന്‍ വരുമ്പോള്‍, എല്ലാവരോടും സമാധാനമായിരിക്കാന്‍ പറഞ്ഞ്, തടവറയിലേയ്ക്ക് പോകും. ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ? അതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍, “ഞാന്‍ അറസ്റ് വരിക്കണമെന്നായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ എന്റെ തീരുമാനത്തിന് വിരുദ്ധമായി മുക്കുവര്‍ അങ്ങോട്ടു പോയി’ എന്ന് റീലടിച്ചു. “ടിവി” സീരിയല്‍ കാണുന്നത് പോലെ ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടോടിയ സംഭവം. ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ? “ഞാന്‍ അറസ്റ് വരിക്കണമെന്ന് വിചാരിച്ചു; ജനങ്ങള്‍ തടുത്തു” എന്ന് പറയുന്ന ഒരാള്‍, താന്‍ വിചാരിച്ചിരുന്നത് ചെയ്യാന്‍ പറ്റാത്ത ഒരാള്‍, എങ്ങിനെ ഒരു സമരത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ പറ്റും?

ഇതില്‍ ശ്രദ്ധിക്കേണ്ട വേറൊരു വിഷയം, വളരെ പ്രധാനപ്പെട്ട വിഷയം. ഈ സമരത്തിന്റെ പിന്നിലുള്ളവര്‍, വിദേശത്തു നിന്നും പെട്ടി പെട്ടിക്കണക്കിന് പണം വാങ്ങി ഇവിടെ ഇന്ത്യയില്‍ മതം മാറ്റത്തില്‍ ഏര്‍പ്പെടുന്നവരാണ്. അപ്പോള്‍, ഈ വിഷയത്തില്‍ വേറേയെന്തോ ദുരുദ്ദേശങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാവിധ മതം, വര്‍ഗ്ഗം, ദേശ, ജാതി അടയാളങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനേയും മറികടന്നവനാണ്. എന്നാല്‍ “ഇന്ന മതത്തില്‍ നിങ്ങള്‍ ചേരുകയാണെങ്കില്‍ നിങ്ങളുടെ ദാരിദ്യ്രം അവസാനിക്കും; നിങ്ങള്‍ക്ക് പണക്കാരനാകാം” എന്ന് പറഞ്ഞ് മതം മാറ്റുന്നതിനെ നിഷേധിക്കുന്നതാണ് എന്റെ അഭിപ്രായം. “കൂടംകുളം ആണവാലയം കൊണ്ട് ആപത്ത് ഒന്നുമില്ല” എന്ന് ശാസ്ത്രജ്ഞന്മാര്‍ ഉറപ്പിച്ചു പറയുന്നു. അങ്ങിനെയാകുമ്പോള്‍, എഴുത്തുകാര്‍ മാത്രം, “ആപത്ത് ആപത്ത്” എന്ന് അലറുന്നതിന് എന്ത് അര്‍ഥം? എഴുത്തുകാര്‍ എപ്പോഴാണ് ശാസ്ത്രജ്ഞന്മാരായത്?

 

1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു


 

ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ
ജനങ്ങളുടെ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, അതുകൊണ്ട് ഉണ്ടാകാവുന്ന ചില ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ഉദാഹരണത്തിന്, ഒരു അണക്കെട്ട് പണിയുമ്പോള്‍ ആ സ്ഥലത്ത് ഉള്ള ഗ്രാമങ്ങള്‍ ഇല്ലാതാകും. ആ ജനങ്ങള്‍ക്ക് പുനരധിവാസം നല്‍കി അണക്കെട്ട് കെട്ടിയാലേ എല്ലാവര്‍ക്കുമുള്ള വെള്ളപ്രശ്നം അവസാനിക്കൂ. കേരളത്തില്‍ ചെങ്ങറ, പ്ലാച്ചിമട പോലെയുള്ള സമരങ്ങളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം നടന്ന സമരങ്ങളുടെ പിന്നണി വേറെ. കൂടംകുളം പ്രശ്നം വേറെ തമിഴ്നാട്ടില്‍ ചെന്നൈ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ ഏഴ് മാസങ്ങളായി ദിവസവും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ വൈദ്യുതി ഇല്ല. കൂടംകുളം ആണവനിലയം കൊണ്ട് ഈ അവസ്ഥ മാറാന്‍ ഇടയുണ്ട്.

മലേഷ്യയില്‍ നിന്നും, സിംഗപ്പൂര്‍ വേറേ രാജ്യമായി പിരിഞ്ഞപ്പോള്‍, സിംഗപ്പൂര്‍ ഇപ്പോള്‍ ഉള്ളത് പോലെയല്ലായിരുന്നു. നമ്മുടേ കണ്ണമ്മാ തോട്ടം പോലെത്തന്നെ. പല തോട്ടങ്ങളുണ്ടായിരുന്നു അവിടെ. അവിടെയുള്ള ജനങ്ങള്‍ക്ക്, ടെറസ് വീട് വച്ചു കൊടുത്ത്, നഗര വികസനം ചെയ്തു അപ്പോഴത്തെ പ്രധാനമന്ത്രി ലീ കുവാന്‍ യൂ. ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞു.

അവര്‍, അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചില്ല. അപ്പോള്‍, ലീ കുവാന്‍ യൂ പറഞ്ഞു, ” പറഞ്ഞ ദിവസത്തിനുള്ളില്‍ നിങ്ങള്‍ ഒഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാം. അല്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ വീടും കിട്ടില്ല. നിങ്ങള്‍ തന്നെ പണിയേണ്ടി വരും!” ഇപ്പോള്‍ സിംഗപ്പൂര്‍ എങ്ങിനെയുണ്ടെന്ന് നമുക്കെല്ലാം അറിയാം. 1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു.

 

പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും


 

അതുതന്നെയാണ് ഉദയകുമാര്‍ ചെയ്യുന്നതും
ഈ വിഷയത്തിലെ വേറൊരു ആപത്ത് എന്താണെന്നാല്‍, ഉദയകുമാറിനെപ്പോലെ ആര്‍ക്കു വേണമെങ്കിലും, മാധ്യമങ്ങളുടെ സഹായം കൊണ്ട് പെട്ടെന്ന് പ്രശസ്തനായി, ആയിരം പേരെ ചേര്‍ത്ത്, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് പാര വയ്ക്കാം എന്ന അവസ്ഥയാണ്. പൊതുജനം, അതും പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും. എഴുത്തുകാരനെന്നാല്‍, സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കണമെന്ന വാശിയൊന്നും ഇല്ല. ചിലപ്പോള്‍ ജനങ്ങളുടെ സമരത്തില്‍ പോലും ന്യായമില്ലാതിരിക്കാം. കാരണം, സാമൂഹ്യവിരോധികളുടെ ഇളക്കിവിടലില്‍ ജനങ്ങള്‍ ആവേശഭരിതരായിപ്പോകുന്നതു കൊണ്ട് ചെയ്യുന്നവയാണത്.

അപ്പോള്‍ എഴുത്തുകാരും ബുദ്ധിജീവികളും ജനസമൂഹത്തിന് നല്ലതു വരണമെന്നാണ് വിചാരിക്കേണ്ടത്. അതല്ലാതെ താല്‍ക്കാലിക പ്രശസ്തിക്കായി സമൂഹവിരോധികളോട് ചേരാന്‍ പാടില്ല. അതും സാമൂഹ്യവിരോധികളെ ഗാന്ധിജിയോട് ഉപമിക്കുന്നത് വലിയ അപമാനം ആണ്.
 
 
ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

കൂടംകുളം: കേരളമേ കണ്‍തുറക്കുക

 
 
 
 

3 thoughts on “കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

 1. ചാരുനിവേദിത ഇതെന്തറിഞ്ഞിട്ടാണ് ഈ എഴുതിയിരിക്കുന്നത്? രണ്ട് ജിഗാവാട്ടിന്റെ ഒരു കൂടംകുളം വന്നതുകൊണ്ട് തമിഴ്നാട്ടിലെ വൈദ്യുതിപ്രശ്നം തീരുമെന്നോ! ഉറുമ്പ് വാപൊളിച്ചാല്‍ ആനയെതിന്നാമെന്ന് കരുതുന്നതുപോലെയാണത്!

  മുഖ്യമന്ത്രിയും പോലീസും സമചിത്തത പാലിച്ചത് വലിയ കാര്യമാണെന്ന് കരുതുന്നുണ്ടോ ചാരുനിവേദിത? മുഖ്യമന്ത്രി സംയമനം പാലിച്ചത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ്. രക്തച്ചൊരിച്ചില്‍ ഉണ്ടായെങ്കില്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയും സമരം പതിന്മടങ്ങ് ലോകശ്രദ്ധ നേടിയേനെ! അതുവഴി സമരം എന്നേ വിജയിക്കുകയും ചെയ്തേനെ! അത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ സംയമനം പാലിക്കുന്നത്. അല്ലാതെ ജനങ്ങളോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയിട്ടല്ല.

  അതുപോലെ ജനം മുന്നേറാന്‍ ശ്രമിക്കുന്നതിനെയും ചാരുനിവേദിത എത്ര നിഷ്ക്കരുണമാണ് അപഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്! പീഡിതരായവര്‍ സമരം ചെയ്യും, മുന്നേറാനാകുന്ന വഴിയൊക്കെ മുന്നേറുകയും ചെയ്യും, തങ്ങള്‍ക്കനുകൂലമായി ജനശ്രദ്ധ തിരിയുവാനായി ചിലപ്പോള്‍ പ്രകോപിതരായെന്നും പ്രകോപിപ്പിച്ചുവെന്നുമൊക്കെ വരും. അതൊക്കെ നീചമാണെന്ന് പറയുവാന്‍ മനുഷ്യപക്ഷത്തെന്ന് അവകാശപ്പെടുന്ന ആര്‍ക്കും കഴിയില്ല.

  കൂടംകുളത്തെപ്പറ്റി ഉപരിപ്ലവമായി സംസാരിക്കുന്ന എഴുത്തുകാരെയേ ഒരുപക്ഷേ ചാരുനിവേദിത കണ്ടിട്ടുണ്ടാകൂ. ആണവനിലയ പ്രശ്നത്തെപ്പറ്റി വസ്തുനിഷ്ഠമായും ആധികാരികമായും സംസാരിക്കുന്ന എഴുത്തുകാരുമുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് (അത്തരം സംസാരങ്ങള്‍ പ്രഖ്യാപിത ശാസ്ത്രജ്ഞരുടെ മാത്രം കുത്തകയല്ലെന്നും!)

 2. എന്തർഥത്തിലാണ് ചാരുനിവേദിത ഇത്തരം നിരർഥകമായ നിരീക്ഷണങ്ങൾ മുൻപാകെ നിരത്തുന്നതെന്ന് എനിക്കു് മനസ്സിലാവുന്നില്ല.ആദ്യം തന്നെ പറയട്ടെ ഒരു എഴുത്ത് നിങ്ങൾക്ക് വായിക്കാൻ പറ്റില്ല എന്നാൽ അത് മറ്റുള്ളവരും അങ്ങനെ തന്നെ കാണണമെന്ന് വാശിപിടിക്കരുത്.ഉദയകുമാർ അണ്ണാഹസാരെ നടത്തിയ പോലെ ഒരു കോർപറേറ്റ് സമരംല്ല നടത്തിയത്.പക്ഷെ,ഒരു സമരം പൊപുലാരിറ്റി നേടണമെങ്കിലത് നാലാൾ അറിയണം.എന്നാലെ സമരം വിജയകൊടി പാറിക്കൂ.പോലീസ് സംയമനം പാലിച്ചു എന്നു പറയുമ്പോൾ ഭരണാകൂടം അവിടെ രാജ്യദ്രോഹ കുറ്റ ചുമത്തി.അതാൺ യഥാർഥത്തിൽ ഭരണകൂടഭീകരത.കൂടംകുളം തരുന്നതിന്റെ ഇരട്ടിയോളം വൈദ്യുതി കാറ്റ് തമിഴ് നാടിന് നൽകും.
                                                  ഗാന്ധിജി എപ്പോഴെങ്കിലും ഓടിയിട്ടില്ലായിരിക്കാം.പക്ഷെ ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങളുടെ അവസ്ഥ ഏറെ വ്യത്യസ്തമാണ്.അദ്ദേഹതിനെ പിടികിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ ഇന്ന് ഉണ്ടാവുമായിരുന്നില്ല.ലൊകത്തിൽ ജപ്പാൻ ഒഴികെ എല്ലാ രാജ്യങ്ങളും ഇന്ന് ആണവശക്തിയെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്ന കാലത്ത് ഇന്ത്യ എന്തിന് അവയെ തേടിപ്പോകണം.നാളെ കടൽ മൽസ്യങ്ങൾ എന്ന വർഗം വേണ്ടെന്നു കരുതുന്നുവെങ്കിൽ ഈ നിലപാട് തുടരാം,ലോകം എത്രയും വേഗം ഇല്ലാതാവട്ടെ എന്ന് ആശിക്കുന്നുണ്ടെങ്കിലും.കൂടംകുളം സമരം വിജയിക്കട്ടെ.                        

 3. ഗാന്ധിജി നിയമം ലങ്ഘിച്ചു തന്നെയാണ് പല സമരങ്ങളും നടത്തിയത്. ദാന്ടിയിലെ ഉപ്പു കുറുക്കല്‍ ഉദാഹരണം. ചാരു നിവേദിത കുറെ മാജിക്‌ ട്രിക്ക് കാണിച്ചു മലയാളിയെ വിരട്ടി കുറേക്കാലം. thats all .

Leave a Reply

Your email address will not be published. Required fields are marked *