ബസന്തുമാര്‍ ഉണ്ടാവുന്നത്

 
 
 
 
കോടതിമുറികള്‍ സ്ത്രീ വിരുദ്ധവും ന്യായാധിപര്‍ ആണ്‍കോയ്മയുടെ മൂടുതാങ്ങികളും ആവുന്നത് എന്തു കൊണ്ടാണ്-കെ.എസ് ബിനു എഴുതുന്നു
 
 
നമ്മുടെ നിയമവ്യവസ്ഥയും അത് കൈയാളുന്നവരും സദാ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധതയുടെ ആഴങ്ങള്‍ മുഴുവനുമുണ്ട് സാധാരണ മനുഷ്യരോടുള്ള പരമപുച്ഛവും ധാര്‍ഷ്ഠ്യവും എറിച്ചുനില്‍ക്കുന്ന ആ വാക്കുകളില്‍. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥയില്‍ ഏറ്റവും ഇങ്ങേത്തട്ടിലെ സാദാ ജനത്തോടുള്ള ഭീഷണമായ സന്ദേശമുണ്ട് ആ ശരീരഭാഷയില്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ കേസ് ഉളവാക്കിയ സവിശേഷമായ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളില്‍ കാലില്‍ കാല്‍ കയറ്റിവെച്ചുള്ള ആ ഫ്യൂഡല്‍ ഇരിപ്പിന് പ്രത്യേകം പ്രാധാന്യവുമുണ്ട്-കെ.എസ് ബിനു എഴുതുന്നു

 

 
 

നീതിപീഠങ്ങളുടെ വിധിപ്രസ്താവങ്ങളില്‍ സാമൂഹ്യസാഹചര്യങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ ഏറ്റവും സമീപസ്ഥമായ തെളിവാണ് സൂര്യനെല്ലി കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട ഹൈക്കോടതി വിധി തയ്യാറാക്കിയവരില്‍ ഒരാളായ ജസ്റിസ് ബസന്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പുരുഷമേല്‍ക്കോയ്മ ഭരിക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, (മറിച്ചുചിന്തിക്കാന്‍ കഴിവില്ലാത്ത വിധം) ധിഷണാദാരിദ്യ്രമുള്ള ഒരു പുരുഷന്റെ എല്ലാ ഭാവഹാവാദികളും ബസന്തിന്റെ ആ നിലപാടിനുണ്ട്.

കെ.എസ് ബിനു


നമ്മുടെ നിയമവ്യവസ്ഥയും അത് കൈയാളുന്നവരും സദാ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധതയുടെ ആഴങ്ങള്‍ മുഴുവനുമുണ്ട് സാധാരണ മനുഷ്യരോടുള്ള പരമപുച്ഛവും ധാര്‍ഷ്ഠ്യവും എറിച്ചുനില്‍ക്കുന്ന ആ വാക്കുകളില്‍. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥയില്‍ ഏറ്റവും ഇങ്ങേത്തട്ടിലെ സാദാ ജനത്തോടുള്ള ഭീഷണമായ സന്ദേശമുണ്ട് ആ ശരീരഭാഷയില്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ കേസ് ഉളവാക്കിയ സവിശേഷമായ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളില്‍ കാലില്‍ കാല്‍ കയറ്റിവെച്ചുള്ള ആ ഫ്യൂഡല്‍ ഇരിപ്പിന് പ്രത്യേകം പ്രാധാന്യവുമുണ്ട്.

ഡല്‍ഹിയിലെ സംഭവം രാജ്യവ്യാപകമായി ഉളവാക്കിയ പ്രക്ഷോഭങ്ങള്‍ക്കും ആ പ്രക്ഷോഭങ്ങള്‍ വഴിമരുന്നിട്ട നിയമനിര്‍മാണമുള്‍പ്പെടെയുള്ള രാഷ്ട്രീയചലനങ്ങള്‍ക്കും സമാന്തരമായി, നിരന്തരം രേഖപ്പെടുത്തപ്പെടുന്ന ബലാത്സംഗക്കേസുകളുടെ (ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, ഏറ്റവും പുതിയ, ബസിലെ കൂട്ടമാനഭംഗക്കേസ് ഉള്‍പ്പെടെയുള്ള) പിന്നിലുള്ള ഇരുണ്ട മാനസികവ്യാപാരങ്ങളുമായുള്ള ആ സാമ്യത അങ്ങേയറ്റം ശ്രദ്ധേയമാകുന്നു. ഉന്നത തലങ്ങഴില്‍ കസേരയിട്ടിരിക്കുന്ന ഒരു ന്യായാധിപന്റേതാണ് ആ നിലപാടെന്ന വസ്തുത പരിഷ്കൃത സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിനെ തന്നെ അസാധുവാക്കുന്നുണ്ട്.

 

 
ചാപ്പകുത്താന്‍ കുറുക്കുവഴികള്‍
കൌമാരപ്രായത്തില്‍ ഫീസ് കൊടുക്കാന്‍ നല്‍കിയ പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു, താന്‍ പോവുകയാണ് എന്ന് കത്തെഴുതിവെച്ചു എന്നതൊക്കെയാണ് ഒരു മനുഷ്യനെ അസന്മാര്‍ഗിയായി ചാപ്പ കുത്തുവാന്‍ അദ്ദേഹം (ഈ അദ്ദേഹമെന്ന വാക്കിനെ എല്ലാ അര്‍ഥത്തിലും ബഹുവചനമായി കണക്കാക്കുക. കാരണം, ബസന്ത് പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല, അത് ഈയൊരു കേസിനെക്കുറിച്ച് മാത്രവുമല്ല. മറിച്ച് അസംഖ്യം വികലമായ പുരുഷമനസുകള്‍ എല്ലാ പീഡനക്കേസുകളിലുമായി പ്രകടിപ്പിക്കുന്ന സാമാന്യ നിലപാടായി ഇതിനെ കണക്കിലാക്കേണ്ടതുണ്ട്) പ്രധാനമായും ഉപയോഗിക്കുന്ന വാദം.

ഇത്തരം ബാലിശവും തികച്ചും മാനുഷികവുമായ സംഭവങ്ങളാണ് അസാന്മാര്‍ഗ മുദ്രകളെങ്കില്‍ ഈ ലോകത്ത് ഒരുവിധമെല്ലാ മനുഷ്യരും അസന്മാര്‍ഗികള്‍ തന്നെയാണ്. അതിനാല്‍, തികച്ചും പരിഹാസ്യമായ ആ അഭിപ്രായത്തിന്റെ ഉള്ളുകള്ളികള്‍ തല്‍ക്കാലം അവിടെനില്‍ക്കട്ടെ, കൌെമാരപ്രായത്തിലുള്ളൊരു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട കുപ്രസിദ്ധമായ ഒരു കേസില്‍ വിധി പറഞ്ഞ ന്യായാധിപന് ആ കേസിലെ ഇരയെക്കുറിച്ചുള്ള അഭിപ്രായം ഇതാണ്. അപ്പോള്‍, കേസിന്റെ വിധിപ്രസ്താവം എത്രമാത്രം ബയാസ്ഡ് ആയിരുന്നെന്ന് ബോധ്യമാവും. പ്രത്യേകിച്ചും പ്രതികളെ വെറുതെവിടുവാന്‍ തീരുമാനിച്ചത് ആ ന്യായാധിപനാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍.

അങ്ങനെ നോക്കുമ്പോള്‍ ഇത് തികഞ്ഞ നീതിനിഷേധമാണ്. കുറച്ചുകൂടി വിശദമാക്കിയാല്‍ നീതിനിഷേധമെന്ന, ഭരണഘടനാപരവും മാനുഷികവുമായ ഗുരുതരമായ നിയമപ്രശ്നത്തിന്റെ, നിയമപുസ്തകങ്ങളില്‍ ഒരിക്കലും എവിടെയും പരാമര്‍ശിക്കപ്പെടാത്ത അതിനീചമായ വശമാണ്. നീതിപീഠങ്ങളിലിരിക്കുന്നവര്‍ സമൂഹത്തിന്റെ കേവല പ്രതിനിധിതന്നെ ആയിരിക്കുന്നതിലെ അപകടമാണിത്. നിയമങ്ങളോടും കേവലമാനവികതയോടും മാത്രമേ ന്യായാധിപര്‍ക്ക് പ്രതിബദ്ധത പാടുള്ളു എന്ന് നമുക്ക് വാശി പിടിക്കാമെങ്കിലും മിക്കപ്പോഴും അവര്‍, സ്വന്തം വര്‍ഗ, വര്‍ണ, ലിംഗ ബോധങ്ങളുടെ പ്രതിനിധിയായി മാറുകയാണ് പതിവ്. ദു:ഖകരമായ ഈ വസ്തുത കയ്ക്കുന്നതെങ്കിലും നാം സ്വീകരിച്ചേപറ്റൂ. ഇതിന് മാറ്റം വരണമെങ്കില്‍ ആദ്യം മാറ്റം വരേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്. നിര്‍ഭാഗ്യവശാല്‍ നാമുള്‍ക്കൊള്ളുന്ന സമൂഹം ഇന്നും കുറ്റിയില്‍ കെട്ടിയിടപ്പെട്ട അതേ പശുതന്നെയാണ്.

 

 

അബോധത്തിലെ ആണ്‍മുരളലുകള്‍
ഈയൊരു കാഴ്ചപ്പാടിന്റെ പ്രതിനിധിയായതു കൊണ്ടാണ് ജസ്റിസ് ബസന്തിന് ആ പെണ്‍കുട്ടി ബാലിശവും മാനുഷികവുമായ കാരണങ്ങളുടെ പേരില്‍ അസന്മാര്‍ഗിയും നിര്‍ബന്ധിതസാഹചര്യങ്ങളുടെ പേരില്‍ ബാലവേശ്യയുമായി തോന്നുന്നത്. (ശ്രദ്ധിക്കുക, എത്ര നിരുത്തരവാദിത്വപരവും ഗുരുതരവുമായൊരു അപകീര്‍ത്തിപ്പെടുത്തലാണ് ഉന്നതനായൊരു ന്യായാധിപന്‍ ചെയ്യുന്നത്!) പെണ്‍കുട്ടിയുടെ സമ്മതത്തോടെ (?) നടന്നതിനാല്‍ ഈ സംഭവം ഒരു ലൈംഗികപീഡനക്കേസ് എന്ന നിലയില്‍ നിലനില്‍ക്കുന്നില്ല എന്ന് പരോക്ഷമായി വാദിക്കുന്ന ബസന്ത് എന്തുകൊണ്ടാണ്, സ്കൂള്‍ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരു പുരുഷന്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നുവെന്നും അയാളും അയാളില്‍നിന്ന് അവളെ കൈമാറിക്കിട്ടിയ മറ്റുള്ളവരും പലര്‍ക്കായി അവളെ നാളുകളോളം കാഴ്ച വെച്ചുമെന്നുമുള്ള മുറിപ്പെടുത്തുന്ന വസ്തുത വിസ്മരിക്കുന്നത്? (

തന്നെ പ്രണയിക്കുന്ന ആളുടെ കൂടെ ജീവിക്കുവാന്‍ പോയാല്‍ ഒരുപാട് ആളുകളുമായി ശാരീരികബന്ധം പുലര്‍ത്തേണ്ടിവരും എന്ന് പെണ്‍കുട്ടിക്ക് മുന്നറിവ് ഉണ്ടായിരുന്നിരിക്കാം എന്ന അതിഗുരുതരവും സദാചാരസംബന്ധിയുമായ മറ്റൊരു ആരോപണം കൂടി ജസ്റിസ് ബസന്തിന്റെ വാദത്തില്‍ അതിഗൂഢമായി ഒളിഞ്ഞുകിടപ്പുണ്ട്. ഈ ചിന്തയുടെ അടിവേരുകള്‍ അബോധത്തില്‍ പതിഞ്ഞിരിക്കുന്ന ആണ്‍കോയ്മാ മനോഭാവത്തിലാണ്. ലൈംഗികചൂഷണത്തിന് ഇരയായ ഒരു സഹജീവിയുടെ കാര്യം പരിഗണിക്കുമ്പോള്‍, നീതിയും ന്യായവുമല്ല താന്‍ സ്വാംശീകരിച്ച ആണ്‍കോയ്മാ ബോധമാണ് ഒരു ന്യായാധിപന് വഴി കാട്ടുന്നത് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

 

 

നീതി പീഠം പറഞ്ഞത്
ചാനല്‍ ചര്‍ച്ചയിലൊരിടത്ത്, അഡ്വ. ശിവന്‍ മഠത്തില്‍ ചൂണ്ടിക്കാട്ടിയ ഒരു വസ്തുതയുണ്ട്. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ ശാരീരികവേഴ്ചയ്ക്ക് വിധേയമാക്കിയ കേസില്‍ സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായൊരു നിരീക്ഷണമാണത്. ഒരു സ്ത്രീ, അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്നവളാണെങ്കില്‍പ്പോലും അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന് വിധേയയാക്കാന്‍ പാടുള്ളതല്ല എന്നതാണ് അത്. ചെയ്യുന്ന തൊഴിലുകളുടെ സ്വഭാവങ്ങള്‍ക്കുപരിയായി എല്ലാ പൌെരന്റെയും അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന നീതിപീഠത്തിന്റെ ശക്തവും ധീരവുമായ പ്രഖ്യാപനമായിരുന്നു അത്.

പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അംഗീകരിക്കപ്പെടുവാന്‍ ബുദ്ധിമുട്ടുള്ളൊരു പ്രഖ്യാപനമാണത്. സ്ത്രീയെ ഉപഭോഗത്തിനായുള്ള ഒരു “ചരക്ക്” ആയി വീക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ഒരു ലൈംഗിക തൊഴിലാളിക്ക് മനുഷ്യന്‍ എന്ന ജൈവികമായ പദവി പോലും അനുവദിക്കപ്പെടുന്നില്ല എന്ന, ക്രൂരമായ സാമൂഹികസത്യം നിലനില്‍ക്കുമ്പോളാണ് നമ്മുടെ പരമോന്നതനീതിപീഠം ഇത്തരം ഒരു വിളംബരം നടത്തിയത്.

 

 

ചുരമാന്തുന്ന ആണ്‍പന്നികള്‍
ഒരുവള്‍ വേശ്യയാണെങ്കില്‍ ഏതവസരത്തിലും ആര്‍ക്കും അവള്‍ വഴങ്ങിക്കൊടുക്കേണ്ടതുണ്ട്, അത് അവള്‍ അര്‍ഹിക്കുന്നതുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. ഒരുവന് ജീവിതത്തില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ അവന്റെ കര്‍മ്മഫലങ്ങളാണെന്ന മതചിന്തയിലൂന്നിയ മിഥ്യാബോധമാണത്. ഈ ചിന്ത സമൂഹത്തിന്റെ അന്തരീക്ഷത്തിലാകമാനം പരന്നുകിടക്കുന്ന ഒന്നാണ്. യുക്തിവാദിയെന്നോ മതവിശ്വാസിയെന്നോ ഭേദമില്ലാതെ ഈ മതചിന്തയുടെ അംശങ്ങള്‍
അന്തരീക്ഷത്തില്‍നിന്ന് ശ്വാസവായുവിനൊപ്പം കടന്നുകൂടുന്ന രോഗാണുക്കളെന്നപോലെ എല്ലാ മനുഷ്യരുടെയുള്ളിലും അവരറിയാതെതന്നെ ചുറ്റുപാടുകളില്‍നിന്ന് കടന്നുകൂടുന്നുണ്ട്. അത് ഉള്ളില്‍ പെറ്റുപെരുകി പടരുകയും പകരുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും അനുചിതവും പ്രാകൃതവുമായി ഭവിക്കുന്ന ഈ ചിന്തയുടെ അനുരണനം ബാലവേശ്യാവൃത്തിയെന്ന പ്രയോഗത്തിലും ഉണ്ട്. അത് തികച്ചും സ്വാഭാവികം, എന്തെന്നാല്‍ ബസന്ത് എന്ന പുരുഷന്‍ (ന്യായാധിപനല്ല, ആ വിശേഷണം രണ്ടാമതേ വരുന്നുള്ളു) ജനിച്ചുവളര്‍ന്നത് ഈ സമൂഹത്തില്‍ത്തന്നെയാണല്ലോ. ബലാത്സംഗത്തിന് തെളിവുകളില്ല, പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിച്ചില്ല, തുടങ്ങിയ നിരീക്ഷണങ്ങളില്‍ക്കൂടി പെണ്‍കുട്ടി ബാലവേശ്യാവൃത്തി ചെയ്യുകയായിരുന്നു എന്ന് അനുമാനിക്കുന്നത് ഈ ടിപ്പിക്കല്‍ ഇന്ത്യന്‍ പുരുഷനാണ്.
 

 

വൈകല്യം ബാധിച്ച പൊതുബോധം
ഈ അനുമാനങ്ങളുടെയും മുന്‍വിധികളുടെയും മാനസികവ്യാപാരങ്ങളെ ബോധതലത്തിലേയ്ക്കും അവിടെനിന്നും അബോധതലത്തിലേയ്ക്കും അന്വേഷിച്ചുചെന്നാല്‍ ഒടുവില്‍ പരദൂഷണത്തിലൂടെയും ലൈംഗികവൈകൃതങ്ങളിലൂടെയും കേവലമായ ഇന്ദ്രിയാനുഭൂതിക്ക് സമാനമായ മനോസുഖം തേടാന്‍ ശ്രമിക്കുന്ന വൈകല്യം ബാധിച്ച ഒരു പുരുഷസമൂഹമനസിനെ കാണാന്‍ സാധിക്കും. മതിലുകളിലിരുന്ന് അന്യസ്ത്രീയെക്കുറിച്ച് ഭാവനാസമ്പന്നമായ അശ്ലീലകഥകള്‍ മെനഞ്ഞുപങ്കുവെച്ച് രസിക്കുന്ന, ഉദ്ധരിച്ച ലിംഗരൂപമുള്ള അതേ പുരുഷമനസ് (ഇത് സര്‍വ്വപുരുഷന്മാരെയും ചേര്‍ത്ത് അടച്ചുള്ളൊരു ആക്ഷേപമല്ല, എന്നാല്‍ അടച്ചുള്ള ആക്ഷേപവുമാണ്).

ബാലവേശ്യാവൃത്തി ബലാല്‍ക്കാരമല്ലെന്നും സദാചാരവിരുദ്ധം മാത്രമാണെന്നും ഒരാള്‍ ന്യായാധിപന്റെ കുപ്പായത്തിനുള്ളില്‍നിന്നുകൊണ്ടുതന്നെ നിര്‍ലജ്ജം അഭിപ്രായപ്പെടുന്നതും (നിര്‍ഭാഗ്യവശാല്‍ മനുഷ്യസഹജമായ) ആ സെക്ഷ്വല്‍ പെര്‍വെര്‍ഷന്റെ വേരുകളിലൂന്നി നിന്നുകൊണ്ടാണ്. പക്ഷേ ആ ഒരു അഭിപ്രായപ്രകടനത്തിലൂടെ തന്നെ, ഈ കേസിലെ പെണ്‍കുട്ടി ബാലികയാണെന്ന വ്യക്തമായ സൂചന നല്‍കുന്ന ഈ ന്യായാധിപന്‍ ഒരു നീതിപീഠത്തിന്റെ കാവല്‍ക്കാരനെന്ന നിലയില്‍ ഒരിക്കലും സ്വീകരിക്കരുതാത്ത നിലപാടാണത്. എന്തെന്നാല്‍ ബാലവേശ്യാവൃത്തി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കുറ്റമാകുന്നു (ബാലകരല്ല, അവരെ ചൂഷണം ചെയ്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പ്രത്യേകം ഓര്‍ക്കുക).അത് സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും, ഏതവസരത്തിലും ശിക്ഷാര്‍ഹമായ ലൈംഗികചൂഷണം തന്നെയാണ്.

 

 

വൈരുധ്യങ്ങളുടെ തുടര്‍ക്കഥ
മുകളില്‍ പ്രസ്താവിച്ച വസ്തുതയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ ഒരേ സമയം ചൂഷിതയ്ക്ക് പ്രതികൂലവും അനുകൂലവുമാണ് ബസന്തിന്റെ വാക്കുകളെന്ന
വിചിത്രമായ ഒരു വൈരുദ്ധ്യവും നമുക്ക് കാണാം. പെണ്‍കുട്ടി കുറ്റകരമായ ലൈംഗികചൂഷണത്തിന് വിധേയയാക്കപ്പെട്ടിരുന്നുവെന്നും അവള്‍ അതില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചൂഷകര്‍ മാത്രമാണ് കുറ്റക്കാരെന്നുമുള്ള അതിപ്രധാനമായ, നിയമസംബന്ധിയായ ഒരു സത്യം ആഗ്രഹിച്ചുകൊണ്ടല്ലെങ്കിലും, വളഞ്ഞവഴിയിലൂടെയെങ്കിലും, ആ കേസിലെ പ്രതികളെ വെറുതെവിട്ട ന്യായാധിപന്‍ തന്നെ ബാലവേശ്യാവൃത്തിയെന്ന ഒറ്റവാക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു! ആ പെണ്‍കുട്ടിയുമായി ആരെങ്കിലും ലൈംഗികബന്ധം പുലര്‍ത്തുന്നത് പ്രായത്തിന്റെ പേരില്‍ നിയമപരമായിത്തന്നെ തെറ്റാണെന്ന് ജസ്റിസ് ബസന്ത് തന്നെ പരോക്ഷമായി സമ്മതിച്ച നിലയ്ക്ക്, കുട്ടിയുടെ സമ്മതത്തോടെയാണോ അല്ലാതെയാണോ ലൈംഗികചൂഷണം നടത്തിയത്, പെണ്‍കുട്ടി രക്ഷപെടാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നൊക്കെയുള്ള, ബസന്തിന്റെ തന്നെ ചോദ്യങ്ങള്‍ പൂര്‍ണമായും അപ്രസക്തമാവുകയാണ്.

അതിലൂടെ, പ്രതികളെ വെറുതെ വിട്ട തന്റെ നീതിബോധത്തെത്തന്നെയാണ് ആത്യന്തികമായി ബസന്ത് തള്ളിക്കളയുന്നത്. സുപ്രീം കോടതി തന്റെ വിധി വായിക്കാതെയാണ് കേസിനെ സ്വീകരിച്ചതെന്നുള്ള പരിഹാസപൂര്‍വ്വമായ നിലപാടും വിധിവായിക്കുവാനുള്ള വെല്ലുവിളിയും ഇതിനൊപ്പം അപ്രസക്തമാകുന്നു. യഥാര്‍ത്ഥത്തില്‍ തന്നെത്തന്നെ തിരിഞ്ഞുകടിക്കുകയാണ് ജസ്റിസ് ബസന്ത് തന്റെ വെളിപ്പെടുത്തലുകളില്‍ക്കൂടി ചെയ്തത്.

അതിന്റെകൂടെ ചൂഷിതയായ പെണ്‍കുട്ടി അനുഭവിച്ചു വന്നിരുന്ന മന:സംഘര്‍ഷങ്ങളിലേയ്ക്കും ദു:ഖങ്ങളിലേയ്ക്കും തന്നാലാവും വിധം സംഭാവന നല്‍കുകയും ചെയ്തു ജസ്റിസ് ബസന്ത് എന്നതാണ് ഈ സംഭവത്തില്‍ നമ്മെ ഏറ്റവും ദു:ഖിപ്പിക്കുന്നത്. അതും, സമൂഹത്തിന്റെ വൈകല്യം ബാധിച്ച മനസിന് വീണ്ടും വീണ്ടും സ്ഖലനസുഖം നല്‍കുവാന്‍ പര്യാപ്തമായ, എരിവും പുളിയും കൃത്യമായ അനുപാതത്തില്‍ ഉള്‍ച്ചേര്‍ന്ന ഒരു സംഭാവന!

 

 

നാമെവിടെ നില്‍ക്കുന്നു
ബസന്ത് പ്രതിനിധാനം ചെയ്യുന്ന സമൂഹം മനസിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. മാതാപിതാക്കള്‍ ഫീസിനായി നല്‍കിയ പണം മറിച്ചതുകൊണ്ടോ,
കത്തെഴുതിവെച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതുകൊണ്ടോ ഒരു പെണ്‍കുട്ടി ലൈംഗികചൂഷണത്തിന് അര്‍ഹയാകുംവിധം തരംതാഴ്ത്തപ്പെടുന്നില്ല. മറ്റൊരു
തരത്തില്‍ പറഞ്ഞാല്‍, ഒരു കാരണം കൊണ്ടും ഒരു പെണ്‍കുട്ടിയും ലൈംഗികചൂഷണത്തിന് അര്‍ഹയാകുന്നില്ല.

ഭയമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ എതിര്‍ത്തില്ലെങ്കില്‍പ്പോലും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ ബാലവേശ്യാവൃത്തിയെന്ന വാക്കിന്റെ മൂടുപടമിട്ട് വെറും സദാചാരപ്രശ്നമായിമാത്രം കരുതാനാവില്ല, അത് ഗുരുതരമായ ലൈംഗികപീഡനക്കുറ്റം തന്നെയാണ്. ഇനി, അഥവാ പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍പ്പോലും തടങ്കലില്‍ വെച്ച്, പണമോ മറ്റ് ഭൌെതികനേട്ടങ്ങള്‍ക്കോ വേണ്ടി ഒരു സ്ത്രീയെ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ പലര്‍ക്കും ദിവസങ്ങളോളം കാഴ്ച വയ്ക്കുകയെന്നത് അക്ഷന്തവ്യമായ ക്രിമിനല്‍ കുറ്റമാണ് (സ്ത്രീയ്ക്ക് ഇതില്‍ ഭൌതികമായ ഒരു നേട്ടവുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക).

തടങ്കലിലായിരുന്ന കാലത്ത് രക്ഷപെടാന്‍ ശ്രമിച്ചില്ല എന്നത് ഇത്തരം ഒരു ലൈംഗികപീഡനക്കേസിലെ ന്യായാധിപന്‍ ഇരയ്ക്ക് മേല്‍ ചാര്‍ത്തേണ്ട കുറ്റമല്ല (അല്ലെങ്കില്‍ ആ കുറ്റം ചാര്‍ത്തലാണ്, ഏറ്റവും കുറഞ്ഞത് ഈ കേസിലെങ്കിലും യഥാര്‍ത്ഥ കുറ്റം). ജീവഭയം ഉള്‍പ്പെടെ പല കാരണങ്ങളും അതിനുപിന്നില്‍ ഉണ്ടായെന്ന് വരാം. പ്രത്യേകിച്ചും രണ്ട് ദിവസം കൂടുമ്പോള്‍ മാത്രമാണ് ആഹാരം നല്‍കിയിരുന്നതെന്നും പച്ചവെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും ആ പെണ്‍കുട്ടിതന്നെ വെളിപ്പെടുത്തുമ്പോള്‍.

ഒരു മനുഷ്യനും അത്രയും പരിതാപകരമായ അവസ്ഥയില്‍ കേവലമായ ശരീരസുഖത്തിനോ സാമ്പത്തികലാഭത്തിനോ വേണ്ടി മാത്രം അത്തരം പ്രവൃത്തികളിലേര്‍പ്പെടുകയില്ല. ആരോപണമുന്നയിക്കുന്നവര്‍ തങ്ങള്‍ക്ക് ദിവസങ്ങളോളം പട്ടിണികിടന്നുകൊണ്ട്, എന്ത് സ്വലാഭത്തിനുവേണ്ടിയായാലും തുടര്‍ച്ചയായ ലൈംഗികകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്; സംഭവങ്ങളും സാഹചര്യങ്ങളുമൊക്കെ പകല്‍ പോലെ വ്യക്തമായിട്ടുകൂടി, വീണ്ടും വീണ്ടും നീതിനിഷേധത്തിന്റെ ഇരയെ തള്ളിപ്പറയുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഒരു കൊടുംദുരന്തത്തിന്റെ വക്കിലാണ്.
 
 
 
 

4 thoughts on “ബസന്തുമാര്‍ ഉണ്ടാവുന്നത്

 1. “..ഇങ്ങനെ പോയി ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍ ബസന്ത്, ജസ്റ്റിസ് എം സി ഹരി മണി എന്നിവരടങ്ങിയ ബഞ്ചിന്റെ ആ വിധിപ്രസ്താവന.

  സാമൂഹ്യനീതിയും സമുദായനീതിയും ഉറപ്പുവരുത്തുന്ന ഇത്തരം വിധികള്‍ കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷത്തിനിടെ വേറെയും ധാരാളം ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്‌.

  വയലാര്‍ പറഞ്ഞതുപോലെ, അതു പറയുമ്പോളെന്നുടെ നാട്ടിന്നഭിമാനിക്കാന്‍ വകയില്ലേ?”

  അസ്വാഭാവികമായ ചില പ്രണയങ്ങളും പ്രകാശം പരത്തുന്ന കോടതികളും

  (ഒന്നൊന്നരക്കൊല്ലം പഴയ ഒരു ജസ്റ്റിസ് ബസന്ത് ഓര്‍മ്മ, നാലാമിടത്തില്‍ത്തന്നെ.)

  അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ വേറൊരാളെ സ്നേഹിക്കുന്ന പെണ്‍കുട്ടി ‘നോര്‍മലല്ല’ എന്നും അവര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന പ്രശ്നമില്ല വേശ്യയാണ് എന്നും കരുതുന്നത് ഒരു ജസ്റ്റിസ് ബസന്ത് മാത്രമല്ല. പലയിടങ്ങളിലായി പലവിധത്തില്‍ ഒരു ജനത നടത്തുന്ന വൃത്തികെട്ട വിധിപറച്ചിലാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്‌.

 2. it is a sensible and well-written article..പക്ഷെ ഒരു കാര്യത്തില്‍ മാത്രം അഭിപ്രായ വ്യത്യാസമുണ്ട്. സ്ത്രീ പക്ഷത്ത് നിന്ന് കൊണ്ട് എഴുതപ്പെടുന്ന ഇത്തരം ലേഖനങ്ങളില്‍ പോലും പത്രഭാഷയില്‍ കാണുന്നത് പോലെ (പത്രങ്ങള്‍ ഇത് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു) പെണ്‍കുട്ടിയെ പലര്‍ക്കായി ‘കാഴ്ച വച്ചു’ എന്നെഴുതുന്നത് politically correct അല്ലെന്നാണ്‌ അഭിപ്രായം. സദുദ്ദേശത്തോടെ എഴുതിയതാണെന്ന് മനസ്സിലാവായ്കയല്ല.

 3. i9 might be wrong. but according to my understanding, even consensual sex with a minor is categorized as rape in IPC. So even if you totally agree with the judges opinion it is still rape…

 4. ബസന്ത് വിധിച്ച ഒരുപാട് വിധികള്‍ ഇങ്ങനെ തന്നെ യായിരുന്നു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഈ മനുഷ്യന് വല്ലാതെ വികലമാകിയിട്ടുണ്ട്. മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ മാന്യന്‍ വിധിച്ച മുന്‍ വിധികളും പതന വിധേയമാകെണ്ടാതാണ്

Leave a Reply

Your email address will not be published. Required fields are marked *