വിലക്കുകള്‍ സെല്ലുലോയ്ഡിനെയും വിഴുങ്ങുമ്പോള്‍

 
 
 
 
കമലിന്റെ സെല്ലുലോയ്ഡ് സിനിമക്ക് ഒരാമുഖം. മാധ്യമപ്രവര്‍ത്തകനായ അഭിജിത്ത് ബി എഴുതുന്നു
 
 
ചരിത്രത്തിലേക്ക് നടന്നുകയറാന്‍ ശ്രമിച്ച കലാകാരനെയും കലാകാരിയെയും വേട്ടയാടിയ യാഥാര്‍ത്ഥ്യങ്ങള്‍ പുനര്‍ജനിക്കുകയാണ് സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തില്‍. വിലക്കിന്റെ വാതില്‍പ്പുറക്കാഴ്ച്ചകള്‍ സെല്ലുലോയിഡിനേയും വേട്ടയാടുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്-മാധ്യമപ്രവര്‍ത്തകനായ അഭിജിത്ത് ബി എഴുതുന്നു
 

 
കറുപ്പും വെളുപ്പും ഇടകലര്‍ന്ന തിരയ്ക്ക് നേരേ പാഞ്ഞടുത്ത ആക്രോശങ്ങളും കല്ലേറും. സിനിമയെന്ന സംവേദനമാധ്യമത്തിന് ശബ്ദസന്നിവേശത്തിന്റെ സാങ്കേതികത അജ്ഞാതമായിരുന്ന കാലം. പ്രദര്‍ശനശാലയുടെ കൊട്ടിയടച്ച വാതിലിന് മുന്നില്‍ നിറമിഴിയോടെ നിന്ന നായിക. അഭ്രപാളികളെ പ്രണയിച്ച ഒരു മനുഷ്യന്‍ തന്റെ സ്വപ്നങ്ങളുടെ കാലടിയില്‍ നിന്നും മണല്‍ത്തരികള്‍ ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. വിഗതകുമാരനെന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവേളയില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു ജെ സി ഡാനിയേലെന്ന ഡാനിയേല്‍ നാടാര്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഈ പേരിനൊപ്പം മലയാള സിനിമ അതിന്റെ പിതൃത്വം സമര്‍പ്പിച്ചുവെങ്കിലും നന്ദികേടിന്റെ ആ ഭൂതകാലം സിനിമയുടെ ഓര്‍മ്മപ്പുസ്തകത്തിലെ ഇരുണ്ട അധ്യായമാണ്.

അഭിജിത്ത് ബി

ഒരു കലാകാരന്റെ ആത്മസമര്‍പ്പണത്തെ തല്ലിത്തകര്‍ക്കുകയായിരുന്നു ആ നിമിഷങ്ങള്‍. ഒപ്പം, ചുറ്റുപാടുകളെ വെല്ലുവിളിച്ച് സിനിമയില്‍ അഭിനയിച്ച ഒരു നടിയെ തന്റെ ചലച്ചിത്രം കാണുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു സമൂഹം. മാപ്പര്‍ഹിക്കാത്ത നീതിനിഷേധത്തിന്റെയും വേട്ടയാടലുകളുടെയും ബാക്കിപത്രമായി വിഗതകുമാരന്‍. ചരിത്രപരമായ ഒരു വെല്ലുവിളി ഏറ്റെടുത്തതിന് സംവിധായകനും നിര്‍മ്മാതാവുമൊക്കെയായിരുന്ന ജെ.സി.ഡാനിയേലിനും നായിക റോസിക്കും സമൂഹം നല്‍കിയത് മുറിവുകള്‍ മാത്രമായിരുന്നു. സിനിമയെന്ന വ്യവസായവും അതിന്റെ ബാലന്‍സ്ഷീറ്റും ഒന്നും കണക്കിലെടുക്കാതെയായിരുന്നു ജെ.സി.ഡാനിയേല്‍ വിഗതകുമാരനൊരുക്കിയത്. സ്വന്തമായുണ്ടായിരുന്ന നൂറിലധികം ഏക്കര്‍ ഭൂമി വിറ്റുകിട്ടിയ പണമായിരുന്നു മലയാള സിനിമയ്ക്ക് വഴിതെളിച്ച ആ നിക്ഷേപത്തിന്റെ മൂലധനം.
 

 
വേട്ടയുടെ പുരാവൃത്തം
ആവിഷ്കാരസ്വാതന്ത്യ്രത്തില്‍ അയിത്തം കണ്ടെത്താന്‍ കഴിയാതെ പോയ ജെ.സി.ഡാനിയേല്‍ താഴ്ന്ന ജാതിക്കാരിയെ നായികയാക്കിയതായിരുന്നു വിഗതകുമാരനെ ക്രൂശിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചത്. റോസി ഉന്നതകുലജാതയായി അഭിനയിച്ചത് പോലും ഉള്‍ക്കൊള്ളാനാകാതെ പോയ കാടത്തം. ഇതിന്റെ പേരില്‍ ചലച്ചിത്രവും നായികയും വേട്ടയാടപ്പെട്ടു. ക്യാപ്പിറ്റോളെന്ന പ്രദര്‍ശനശാലയും തല്ലിത്തകര്‍ത്തു.

ചരിത്രത്തിലേക്ക് നടന്നുകയറാന്‍ ശ്രമിച്ച കലാകാരനെയും കലാകാരിയെയും വേട്ടയാടിയ യാഥാര്‍ത്ഥ്യങ്ങള്‍ പുനര്‍ജനിക്കുകയാണ് സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തില്‍. വിലക്കിന്റെ വാതില്‍പ്പുറക്കാഴ്ച്ചകള്‍ സെല്ലുലോയിഡിനേയും വേട്ടയാടുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്.
 

 
സിനിമ കൊണ്ട് മുറിവേറ്റവര്‍
സ്വപ്നത്തിനുമപ്പുറത്തുള്ള ഒരു ലോകത്ത് നിന്ന് സിനിമയെ തെക്കന്‍ തിരുവിതാംകൂറിന്റെ മണ്ണിലേക്ക് മാടിവിളിക്കാന്‍ തോന്നിയ ഒരു പ്രണയം. കലയോടും കളരിയോടുമുള്ള അഭിനിവേശത്തില്‍ നിന്ന് അഭ്രപാളികളില്‍ വിരിയുന്ന ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വസന്തം സ്വപ്നം കണ്ട യൌവ്വനം. ആദ്യ രചനയില്‍ പിറന്നത് നഷ്ടബാല്യത്തിന്റെ വേദനയും നിരാശയും. സിനിമയുടെ ഗുരുകുലങ്ങള്‍ തേടി മദിരാശിയിലേക്ക് ഒരു യാത്ര. ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തിന്റെ ആദ്യ തട്ടകമാകാന്‍ മദ്രാസ് ഒരുങ്ങിത്തുടങ്ങിയ കാലം. സിനിമയ്ക്ക് മാത്രമായി പ്രദര്‍ശനശാലകളുള്ള ദക്ഷിണേന്ത്യന്‍ നഗരമെന്ന അഹംഭാവത്തോടെ മദിരാശി ഡാനിയേലിനെ സ്വീകരിച്ചുവെങ്കിലും പ്രതീക്ഷക്കൊത്ത് ഡാനിയലിന് മടക്കിനല്‍കാന്‍ ആ നഗരത്തിനും കഴിഞ്ഞില്ല. അടുത്ത ലക്ഷ്യം ബോംബെയെന്ന മഹാനഗരമായിരുന്നു. ബോംബെയില്‍ കണ്ടുകേട്ടറിഞ്ഞ സിനിമയുടെ അനുഭവക്കരുത്തില്‍ നിന്ന് ജെ.സി.ഡാനിയേല്‍ കേരളത്തില്‍ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന സ്റുഡിയോ സ്ഥാപിച്ചു.

പുരാണങ്ങളും അതിലെ നന്മതിന്മകളും പ്രമേയമാക്കിയ കഥകളുടെ ആഘോഷമായിരുന്നു അക്കാലത്തെ ഇന്ത്യന്‍ സിനിമ. ചുറ്റുപാടുകള്‍ പകര്‍ത്തി ചലച്ചിത്രമാക്കാനുള്ള ആര്‍ജ്ജവം കാണിച്ചുകൊണ്ടാണ് ജെ.സി.ഡാനിയേല്‍ ആദ്യപടം പിടിച്ചത്, അവസാനത്തേതും. പനച്ചമൂട്ടിലെ മണ്ണ് വിറ്റ് കിട്ടിയ 4 ലക്ഷവും കൊണ്ട് സംവിധായകനും നിര്‍മ്മാതാവും നടനും ക്യാമറാമാനും ഒക്കെയാകുകയായിരുന്നു ഡാനിയേല്‍.

ഒന്നും നേടാനാകാതെ തകര്‍ച്ച പൂര്‍ണമാക്കിയ ഫിലിം പെട്ടിയുമുപേക്ഷിച്ച് മടങ്ങിയ ഡാനിയേല്‍ പിന്നീടൊരിക്കലും സിനിമയിലേക്ക് മടങ്ങിവന്നില്ല. പെണ്ണൊരുമ്പെടലിന്റെ ആള്‍രൂപമായി സമൂഹം മുദ്രകുത്തിയ റോസിയേയും പിന്നീട് ചലച്ചിത്രലോകത്തെങ്ങും കണ്ടില്ല. ബാലനെന്ന സിനിമയും അതിന്റെ അണിയറ പ്രവര്‍ത്തകരും മലയാളസിനിമയുടെ പിതാമഹരായി അഭിഷിക്തരാകുന്നതിനിടെ ചേലങ്ങാട് ഗോപാലകൃഷ്ണനെന്ന മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരാലംബതയില്‍ അഭയം പ്രാപിച്ച ജെ സി ഡാനിയേലിനെ കണ്ടെത്തിയത്. ഉള്ളില്‍ കനലടങ്ങാതെ തിരയോ ചിന്തയോ ഇല്ലാത്ത വാര്‍ദ്ധക്യമെത്തിയിരുന്നു അപ്പോഴേക്കും. നാഗര്‍കോവിലിലെ ലോറി ഡ്രൈവറുടെ ഭാര്യയുടെ വേഷം ജീവിതത്തില്‍ കെട്ടിയ റോസിയും മലയാളത്തിന്റെ നഷ്ടനായികയായി.
 

 
കമലിന്റെ ചിത്രം
ആ കാലഘട്ടം പുനരവതരിപ്പിക്കുകയാണ് കമല്‍ സെല്ലുലോയ്ഡില്‍. ഒപ്പം സിനിമയെ പ്രണയിച്ച ജീവിതങ്ങളെയും. നാഗരികത കയ്യടക്കിയ നിരത്തുകളില്‍ നിന്ന് ആളൊഴിഞ്ഞ വഴികളും ചുറ്റുകാഴ്ച്ചകളും. ഭാഷ-ദേശാന്തരങ്ങളില്‍ നിന്ന് കടമെടുത്ത ശൈലികള്‍ക്കപ്പുറമുള്ള തെക്കന്‍ കേരളത്തിന്റെ ജീവിതവും പുനരാവിഷ്കരിക്കുന്നു. കാലഘട്ടത്തെ നയിച്ച ഗതാഗതസംവിധാനവും കെട്ടിടങ്ങളും തനിമയോടെ പുനര്‍ജ്ജനിച്ചിട്ടുണ്ട് ചിത്രത്തില്‍. തമിഴ് കലര്‍ന്ന മലയാളത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ചരിത്രത്തോടും കാലഘട്ടത്തോടും പുലര്‍ത്തിയ നീതിയുടെ പ്രതിരൂപമാകുന്നുണ്ട്. വിഗതകുമാരനെന്ന സിനിമക്ക് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതെ പോയ തെളിവുകളുടെ ഓര്‍മ്മപ്പെടുത്തലാണ് സെല്ലുലോയ്ഡ്. സിനിമയെ പ്രണയിച്ച് മതിവരാതെ നടന്നകന്ന ജീവിതങ്ങളോടുള്ള കടപ്പാടും പങ്ക് വെക്കുന്നുണ്ട് ചിത്രം.

 
 

6 thoughts on “വിലക്കുകള്‍ സെല്ലുലോയ്ഡിനെയും വിഴുങ്ങുമ്പോള്‍

  1. Prithvirajinte ayalum njanum thammil enna film irangiyappol oru cinema strike undayi. Strike kazhinjappol cinema theateril ninnu maari. The same repeats in the matter of celluloid

  2. അഭിജിത്ത്
    എന്റെ അഭിനന്ദനങ്ങൾ നിനക്ക് ആവശ്യമില്ല…..എങ്കിലും …
    നീ കാലെടുത്തുവച്ച പാതയിലൂടെ മുൻപേ നടന്നോരാൾ…നന്നായി.

Leave a Reply

Your email address will not be published. Required fields are marked *