ധര്‍മരാജന് ഒരു തുറന്ന കത്ത്

 
 
 
 
സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജനെ ഇത്ര തിരക്കിട്ട് അറസ്റ്റ് ചെയ്തതിന്റെ ഗുട്ടന്‍സുകള്‍. സി.ആര്‍ ഹരിലാലിന്റെ തുറന്ന കത്ത്.
 
 
കണക്കു പ്രകാരം പതിനൊന്ന് കൊല്ലം മുമ്പാണ് നിങ്ങള് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ശരിക്കു പറഞ്ഞാല്‍, 2002 ഒക്ടോബര്‍ 25ന്. സുപ്രീംകോടതിയാണല്ലോ ജാമ്യം ഒപ്പിച്ചു തന്നത്. കോട്ടയത്തെ പ്രത്യേകകോടതി നിങ്ങള്‍ക്ക് വിധിച്ചത് ജീവപര്യന്തം. ഇതിനെതിരെ നിങ്ങള് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ജാമ്യത്തിലിറങ്ങി. ഹൈക്കോടതി അഞ്ചുവര്‍ഷം തടവായി കുറച്ചെങ്കിലും നിങ്ങള് പിന്നെ കോടതിയില്‍പോലും ഹാജരായില്ല. അതു കഴിഞ്ഞിട്ട് കൊല്ലമെത്രയായി? എന്നിട്ടെന്തായി? എത്ര തവണ കോട്ടയത്തെ പ്രത്യേക കോടതി അറസ്റുവാറണ്ട് പുറപ്പെടുവിച്ചു. ഇന്നേവരെ ഒരു സാദാ പൊലീസുകാരെങ്കിലും എന്തെങ്കിലും ചെയ്തോ? ഇല്ലല്ലോ?

എല്ലാ പ്രാവശ്യവും നിങ്ങളുടെ കോട്ടയം വിലാസ പ്രകാരം പൊന്‍കുന്നം സ്റ്റേഷനിലേക്കാണ് വാറണ്ട് വന്നത്. ഒരിക്കലെങ്കിലും ഞങ്ങ പൊലീസുകാര് നിങ്ങക്കത് തന്നോ? ഇല്ലല്ലോ? 2011 ഏപ്രില്‍ മാസം വരെ പാവം പൊലീസുകാര് മറുപടി നല്‍കിയത് നിങ്ങളെ കണ്ടെത്തിയില്ലെന്നല്ലേ? എന്നിട്ടെന്തെങ്കിലും ചെയ്തോ സര്‍ക്കാര്? എന്തെങ്കിലും പറഞ്ഞോ കോടതി? ഒരു വാക്ക് എഴുതിയോ പത്രക്കാര്? ഇല്ലല്ലോ? പിന്നെന്തിനാണ്, പാവം കുര്യച്ചനും സര്‍ക്കാറിനുമെതിരെ നിങ്ങളാ മണകുണാഞ്ച ഡയലോഗ് വിട്ടത്? ഇതു മാത്രമല്ല്യോ ധര്‍മ്മരാജാ ഇതൊക്കെ വരുത്തിവെച്ചത്? അനുഭവിച്ചോ…-സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജന് ഒരു തുറന്നകത്ത്. സി.ആര്‍ ഹരിലാല്‍ എഴുതുന്നു
 

 

ധര്‍മരാജന്,

ജീവിതത്തിലൊരിക്കലും നിങ്ങള്‍ക്കൊരു കത്തെഴുതുമെന്ന് കരുതിയിരുന്നില്ല. എന്നിട്ടും ഇങ്ങനെയൊരു കത്ത്. അത് നമ്മളിരുവരുടെയും വിധിയാവാം.

ഈ കത്തെഴുതുന്നത് ടി.വി ചാനലിനു മുന്നിലിരുന്നാണ്. അതില്‍ നിറയെ നിങ്ങളാണ്. പിടികൂടിയതിന്റെ സ്തോഭജനകമായ വിവരണങ്ങള്‍. ഹരം കൊള്ളിക്കുന്ന അവതരണം. നിങ്ങള്‍ ഈയടുത്ത് നടത്തിയ വെളിപ്പെടുത്തലിലെ ദൃശ്യങ്ങള്‍. ഞാനടക്കം എല്ലാവരും ആഹ്ലാദഭരിതരാണ്. നിങ്ങളെ പിടികിട്ടിയല്ലോ? അല്ലെങ്കിലും നമ്മുടെ പൊലീസ് എപ്പോഴും പുലികള്‍ തന്നെയാണ് ധര്‍മരാജന്‍…

എങ്കിലും രണ്ടാമത് ആലോചിക്കുമ്പോള്‍ നിങ്ങളോടു തോന്നുന്നത് സഹതാപമാണ്. പുച്ഛമാണ്. ഇത്രയും മണ്ടനായിപ്പോയല്ലോ നിങ്ങള്‍? സര്‍ക്കാറും ക്രിമിനലുകളും പൊലീസും രാഷ്ട്രീയക്കാരും മീഡിയക്കാരുമെല്ലാം അവരവരുടെ വയറ്റുപ്പിഴപ്പ് മുട്ടാത്ത വിധം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ മാത്രമെന്താ കളിനിയമം മറന്നത്? ഇത്രയേ ഉള്ളോ, നിങ്ങളുടെ ക്രിമിനല്‍ ബുദ്ധി? നിങ്ങളുടെ തലച്ചോറില്‍ എന്താ ചെളിയാണോ?

 

 

കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

നോക്കൂ, നിങ്ങള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് എത്രകാലമായി. ഇക്കാലത്തിനിടെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നോ? പൊലീസുകാരോ, സര്‍ക്കാരോ മീഡിയക്കാരോ ആരെങ്കിലും?

നിങ്ങളായി നിങ്ങടെ പാടായി. അതാണ് നമ്മുടെ മൊത്തത്തിലുള്ള ഒരു ലൈന്‍. സൂര്യനെല്ലി പെണ്‍കുട്ടി തുലയട്ടെ. അനുഭവിക്കേണ്ടത് അവര് അനുഭവിച്ചോളും. അല്ലെങ്കില്‍ത്തന്നെ, നമുക്ക് എന്തോരം കാര്യങ്ങള്‍ ആലോചിക്കാനുള്ളതാ. നിങ്ങള്‍ സ്ഥലം വിട്ടെന്നൊക്കെ വല്ല പത്രക്കാരനും പറഞ്ഞാലും ആരു മൈന്റ് ചെയ്യാനായിരുന്നു. ഈ വാര്‍ത്തയൊക്കെ എത്ര കാലം നില്‍ക്കാനാണ്. രാജ്യസഭാധ്യക്ഷനെ രക്ഷിച്ചെടുത്ത് പുണ്യവാളനായി വാഴിക്കുന്ന കാലം അത്ര അകലെയൊന്നുമായിരുന്നില്ല. അതാകെ അറിയാത്തത് മണ്ടനായ നിങ്ങള്‍ക്കു മാത്രമല്ലേ?

പെണ്‍കുട്ടിയോട് നിങ്ങള് ചെറ്റത്തരം കാണിച്ചു എന്നാണ് പറയുന്നതെങ്കിലും അതില്‍നിന്നൂരാന്‍ എന്തോരം മാര്‍ഗങ്ങളുണ്ട്, ധര്‍മരാജാ…അമ്മേത്തല്ലിയാലും രണ്ടുണ്ട് എന്ന് വിശ്വസിക്കുന്ന നാടാണ്. നിങ്ങള്‍ക്ക് ജയ് വിളിക്കാനും ഉണ്ടാവുമായിരുന്നു പത്തുപേര്. പിന്നെ ആളെപ്പറ്റിക്കാനാണോ പാട്? ഇപ്പറഞ്ഞതെല്ലാം രാഷ്ട്രീയക്കളിയാണെന്ന് പറയുക. ഇടതുപക്ഷം അത്ര ശരിയാണോ എന്നു ചോദിക്കുക. അവര്‍ക്കിടയിലെ പുഴുക്കുത്തുകളെ ഉയര്‍ത്തിക്കാട്ടുക, പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ തെറ്റായെന്ന് കാണിക്കാന്‍ കടിച്ചാല്‍ പൊട്ടാത്ത കുറേ ന്യായം വിളമ്പുക, ജഡ്ജിമാരെയും വക്കീലന്‍മാരെയുമൊക്കെ പോയൊന്ന് തൃപ്തിപ്പെടുത്തുക. രക്ഷപ്പെടാന്‍ അങ്ങനെ എന്തൊക്കെ വിദ്യകളുണ്ട് ധര്‍മരാജാ.

അല്ലെങ്കിലും കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് ആര്‍ക്കാണ് അറിയാത്തത്? നിങ്ങളെ വിലങ്ങിടുന്നവരൊക്കെ പുണ്യാളന്‍മാരാണോ? അവമ്മാരോട് അതേ നാണയത്തില്‍ രണ്ടു പറഞ്ഞാല്‍ തീര്‍ന്നില്ലേ കാര്യം. നമ്മുടെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാപ്പയും അഭയക്കേസിലെ അച്ചന്‍മാരും സാക്ഷാല്‍ കുര്യച്ചനുമെല്ലാം എത്ര ഭംഗിയായി പയറ്റുന്ന പരിപാടിയാണിത്.

 

 

സദാചാരം കാക്കാന്‍ എത്രപേരാണ് കൂടെ
പിന്നെ, ധര്‍മ്മരാജാ തനിച്ചല്ലല്ലോ. എത്ര പേരാ കൂടെയുണ്ടാവുക. എന്തു തോന്ന്യാസം കാണിച്ചാലും നമ്മള്‍ തനിച്ചാവില്ല എന്നതാണ് ഈ നാട്ടില്‍ ജീവിക്കാനുള്ള ഒരേയൊരു ധൈര്യം. ഇപ്പോ ആ ഡോക്ടര്‍ സാറിന്റെ കാര്യമെടുക്കൂ. വനിതാ കോളജില്‍ പോയി ചെറുപെണ്‍കുട്ടികളുടെ മുന്നില്‍ യൂട്രസ് എന്ന അത്ഭുതലോകത്തെക്കുറിച്ച് ക്ലാസെടുത്ത ആ വന്ദ്യവയോധികനെന്താ സംഭവിച്ചത്. ആദ്യ ദിവസം നാട്ടുകാര് മുഴുവന്‍ തെറി പറഞ്ഞു. രണ്ടാം നാള് മനസ്സിലായി, അല്ല ഇതൊക്കെയെല്ലേ നമ്മളും പറഞ്ഞോണ്ടിരിക്കുന്നതെന്ന്. അപ്പോ മാറിയില്ലേ നവോത്ഥാന കേരളത്തിന്റെ മുഖം. ഇപ്പോ പ്രതിയാരാ? നമ്മടെ വയോധികന്‍ സ്റ്റാറായില്ലേ? ഫേസ്ബുക്കിലൊക്കെ മുസ്ലിമും ഹിന്ദുക്കളുമൊക്കെ അങ്ങേര്‍ക്കുവേണ്ടി യുദ്ധമല്ലേ, യുദ്ധം! തോന്ന്യാസം ചോദ്യം ചെയ്ത പെണ്‍കുട്ടിയും അക്കാര്യം പുറത്തു പറഞ്ഞ ചാനല്‍ അവതാരകനുമല്ലേ ഇപ്പോ പ്രതി. ഇതല്ലേ ധര്‍മ്മരാജാ നമ്മുടെ കേരളം? പാരമ്പര്യം?

ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം പെണ്‍കുട്ടികള്‍ മാത്രമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന എന്തോരം മനുഷ്യസ്നേഹികളാണ് നമുക്കു ചുറ്റും, ധര്‍മ്മരാജാ. അവസാനമായി നമ്മുടെ ലീഡറുടെ സ്വന്തം മുരളിക്കുട്ടന്‍ വരെ പറഞ്ഞത് അതല്ലേ. ഇടതായാലും വലതായാലും നമ്മടെ ആളുകളെല്ലാം യോജിക്കുന്ന ഒരേയൊരു കാര്യവും അതല്ലേ. ഈ പെണ്ണുങ്ങള് പെണ്ണുങ്ങള്ന്ന് പറയുന്നത് പിടിക്കാനുള്ളതാണ്. പുറമേ പറയുന്നില്ലെങ്കിലും നമ്മളെല്ലാരും കൈയടിച്ച് പാസ്സാക്കുന്നത് അതു തന്നെയല്ലേ ധര്‍മ്മരാജാ. എന്നിട്ടും എന്തിനാണ് താന്‍ ആ കടുംകൈ ചെയ്തതെന്ന് എനിക്കൊരു പിടിയും കിട്ടിട്ടിയിട്ടില്ല?

എന്തിനാ ആ പാവം കുര്യനെ താന്‍ കുടുക്കാന്‍ നോക്കിയത്? അങ്ങേരും ഉണ്ടായിരുന്നു പീഡന സംഘത്തിലെന്ന് പുറത്തുപറഞ്ഞത്? എല്ലാവരും മഷിയിട്ടുനോക്കുന്ന ബാജി ആരെന്ന് വിളിച്ചു പറഞ്ഞത് എന്നാത്തിനായിരുന്നു? ഓ, നീയൊരു സത്യവാന്‍ സാവിത്രി!

എങ്ങനെയോ അച്ചായനെ ഒന്ന് വെളുപ്പിച്ചെടുക്കുന്ന നേരമായിരുന്നു. ആര്‍ഷഭാരത നേതാക്കന്‍മാരൊക്കെ സമ്മതിച്ചതാണ്^രാജ്യസഭയില്‍ മിണ്ടാട്ടം മുട്ടുമെന്ന. പത്രക്കാരും ഏതാണ്ട് മെരുങ്ങിയതാണ്. നാട്ടുകാര്‍ക്ക് പിന്നെ എന്തെങ്കിലും കിട്ടിയാ മതിയല്ലോ. അന്നേരമാണ്, പണ്ടാരടക്കാന്‍ നിങ്ങളുടെയൊരു വെളിപ്പെടുത്തല്‍. നശിപ്പിച്ചില്ലേ. ഇന്ത്യ^പാകിസ്താന്‍ യുദ്ധം നടക്കാതെ ചൊറിയും കുത്തിനിന്ന ദേശീയ മാധ്യമക്കാരൊക്കെ ഇളകിയില്ലേ.

കേസ് സുപ്രീം കോടതിയിലാണെങ്കിലും, പെണ്ണെന്നാല്‍ പെഴയാണ് എന്ന മട്ടിലൊരു പഞ്ച് ഡയലോഗുമിറക്കി സുഖമായി രക്ഷപ്പെട്ടു പോരാവുന്ന സ്ഥിതിയായിരുന്നു. എല്ലാ പ്രതികള്‍ക്കും നെഞ്ചും വിരിച്ച് നടക്കാനുള്ള സ്ഥിതി ഒത്തു വന്നപ്പോഴാണ് നിങ്ങളുടെ ഓട്ടംതുള്ളല്‍. നോക്ക്, അതു കൊണ്ടു മാത്രമാണ് ഞങ്ങള് പൊലീസുകാരെ ഉടന്‍ അങ്ങോട്ടയച്ചത്. നീയിനി ഏതൊക്കെ സത്യമാണ് പറയുന്നതെന്ന് ആര്‍ക്കറിയാം. അതല്ലേ മോനെ, അന്നേരം തന്നെ കോടതിയില്‍ പോയത്. കോടതി അപ്പത്തന്നെ വാറണ്ട് കൊടുത്തത്. കര്‍ണാടകത്തിലേക്ക് പാഞ്ഞത്. എന്തോരം ധൃതിയായിരുന്നെന്നോ.

 

 

ആ പതിനൊന്നു കൊല്ലങ്ങള്‍
ഒന്നാലോചിച്ചു നോക്ക് ധര്‍മരാജാ, ഇത്ര കാലമായിട്ടും ഈ പുകിലൊന്നും ഇതുവരെ ഉണ്ടായിട്ടില്ലല്ലോ. ഇന്നലെ വരെ ഉറങ്ങിക്കിടന്ന പൊലീസുകാര് ഇപ്പോള്‍ മാത്രമെന്താ പുലികളായത്? അതാലാചിക്കേണ്ടത് നിങ്ങളാണ് ധര്‍മ്മരാജാ.

കണക്കു പ്രകാരം പതിനൊന്ന് കൊല്ലം മുമ്പാണ് നിങ്ങള് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ശരിക്കു പറഞ്ഞാല്‍, 2002 ഒക്ടോബര്‍ 25ന്. സുപ്രീംകോടതിയാണല്ലോ ജാമ്യം ഒപ്പിച്ചു തന്നത്. കോട്ടയത്തെ പ്രത്യേകകോടതി നിങ്ങള്‍ക്ക് വിധിച്ചത് ജീവപര്യന്തം. ഇതിനെതിരെ നിങ്ങള് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ജാമ്യത്തിലിറങ്ങി. ഹൈക്കോടതി അഞ്ചുവര്‍ഷം തടവായി കുറച്ചെങ്കിലും നിങ്ങള് പിന്നെ കോടതിയില്‍പോലും ഹാജരായില്ല. അതു കഴിഞ്ഞിട്ട് കൊല്ലമെത്രയായി? എന്നിട്ടെന്തായി? എത്ര തവണ കോട്ടയത്തെ പ്രത്യേക കോടതി അറസ്റുവാറണ്ട് പുറപ്പെടുവിച്ചു. ഇന്നേവരെ ഒരു സാദാ പൊലീസുകാരെങ്കിലും എന്തെങ്കിലും ചെയ്തോ? ഇല്ലല്ലോ?

എല്ലാ പ്രാവശ്യവും നിങ്ങളുടെ കോട്ടയം വിലാസ പ്രകാരം പൊന്‍കുന്നം സ്റ്റേഷനിലേക്കാണ് വാറണ്ട് വന്നത്. ഒരിക്കലെങ്കിലും ഞങ്ങ പൊലീസുകാര് നിങ്ങക്കത് തന്നോ? ഇല്ലല്ലോ? 2011 ഏപ്രില്‍ മാസം വരെ പാവം പൊലീസുകാര് മറുപടി നല്‍കിയത് നിങ്ങളെ കണ്ടെത്തിയില്ലെന്നല്ലേ? എന്നിട്ടെന്തെങ്കിലും ചെയ്തോ സര്‍ക്കാര്? എന്തെങ്കിലും പറഞ്ഞോ കോടതി? ഒരു വാക്ക് എഴുതിയോ പത്രക്കാര്? ഇല്ലല്ലോ? പിന്നെന്തിനാണ്, പാവം കുര്യച്ചനും സര്‍ക്കാറിനുമെതിരെ നിങ്ങളാ മണകുണാഞ്ച ഡയലോഗ് വിട്ടത്? ഇതു മാത്രമല്ല്യോ ധര്‍മ്മരാജാ ഇതൊക്കെ വരുത്തിവെച്ചത്? അനുഭവിച്ചോ…

പാവം സര്‍ക്കാറ് മറ്റെന്നാ ചെയ്യാനാ? കോടതി മറ്റെന്നാ ചെയ്യാനാ? മിണ്ടാതെ കര്‍ണാടകത്തിലോ ഉഗാണ്ടയിലോ പോയി ജീവിച്ചിരുന്നെങ്കില്‍ ഇതു വല്ലതും വരുമായിരുന്നോ? ചുമ്മാ പണിയുണ്ടാക്കിയതല്ലേ നിങ്ങള്?

 

 

ഇനിയുമുണ്ട് മാര്‍ഗങ്ങള്
ഇനിയിപ്പം അതെല്ലാമങ്ങ് നിഷേധിക്കണം? നാട്ടുകാര് വിശ്വസിച്ചോളും. മീഡിയ മറന്നോളും. പക്ഷേ, പറഞ്ഞോണം അച്ചായന്‍ പാവമെന്ന്. കാരണം എന്തായാലും മതി. മറ്റവന്‍മാര് പറഞ്ഞിട്ടു പറഞ്ഞതാണെന്നോ വക്കീലന്‍മാര് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നോ പുതിയ ചാനലിന് പ്രചാരം കിട്ടാന്‍ അവമ്മാര് പറയിപ്പിച്ചതാണെന്നോ അങ്ങനെ എന്തെങ്കിലും.

മനസ്സിലായല്ലോ, അതു കൊണ്ടു മാത്രമാണ് പിന്നേം പിടിക്കപ്പെട്ടത്. മാറ്റിപ്പറഞ്ഞാല്‍ പിന്നെ വേഗം പോവാം. അത് പറയിപ്പിക്കാനുള്ള വഴിയല്ലേ ഈ അറസ്റ്റും ബഹളവുമാക്കെ. ഇത്ര നാളത്തെപ്പോലെ തലോടലാവില്ല, ഇനി. രണ്ടെണ്ണം കിട്ടുമെന്ന് ഉറപ്പായാല്‍ ഏത് ധര്‍മ്മരാജനാ വാക്കില്‍ ഉറച്ചു നില്‍ക്കുന്നത്? സ്വാതന്ത്യ്ര സമരമൊന്നുമല്ലല്ലോ ധര്‍മ്മരാജാ ഈ സൂര്യനെല്ലിക്കേസ്?

അതു കൊണ്ട് പിന്നേം പിന്നേം പറയ്വാണ്. കാണിച്ചതെല്ലാം മണ്ടത്തരമാണ്. ഇനി ഇതാവര്‍ത്തിക്കണ്ട. മര്യാദയ്ക്ക് കണ്ടും കേട്ടുമൊക്കെ നിന്നാല്‍, ഇനിയും വരും അവസരം. കാര്യങ്ങള്‍ അച്ചായന്‍ ശരിയാക്കും. സമയാസമയം ഇനിയും ജാമ്യം കിട്ടും. മുങ്ങല്‍ നടക്കും.

നമ്മടെ സാറെന്തായാലും രക്ഷപ്പെടും. കേസൊന്നും എങ്ങൂമെത്തില്ല. വേറെന്തെങ്കിലും വിഴുങ്ങാന്‍ വിട്ടു കൊടുത്താല്‍ മതി പത്രക്കാര് മറന്നോളും. വല്ല മാവോയിസമോ ബണ്ടി ചോറോ അങ്ങനെ എന്തെങ്കിലും നക്കാന്‍ കിട്ടിയാല്‍ നാട്ടുകാരും രസിച്ചോളും. അതുകൊണ്ട്, മോനേ ധര്‍മ്മരാജാ, കണ്ടും കേട്ടുമൊക്കെ നിന്നാല്‍ നിനക്ക് നന്ന്. പറഞ്ഞില്ലെന്നു വേണ്ട.

ഇനിയും മണ്ടത്തരം കാട്ടില്ലെന്ന പ്രതീക്ഷയോടെ, നിര്‍ത്തട്ടെ

സ്വന്തം
സി.ആര്‍ ഹരിലാല്‍

 
 
 
 

3 thoughts on “ധര്‍മരാജന് ഒരു തുറന്ന കത്ത്

  1. ധര്‍മ്മരാജാ, ശരിക്ക് മനസ്സിലാക്കി പ്രവര്ത്തിച്ച്ചോണം, എപ്പഴും ഇതുപോലെ പറഞ്ഞുതരാന്‍ ഹരിലാല്‍ കാണില്ല

  2. ഇവിടെ ശകുനിക്കാണു തെറ്റിയത് . ധര്മ്മ രാജാവു അകലം കണ്ടു തന്നെയാണു തുഴഞ്ഞത്, തെറ്റിയിട്ടില്ല. ഇതോടെ ഈ കേസിന്റെ തുമ്പു പോലും ഇല്ലാതാകും , ധര്‍മരാജാവിനു പണം മുഴുവനും കിട്ടുകയും ചെയ്യും , ഹസ്തിനപുരം മുഴുവനായി സ്വന്തമാക്കാം . അരുണ്‍ ജെയ്റ്റ്ലി സെന്റെര്‍ ഫോര്‍വേഡ് ആയി കളിച്ച ടീമാണിത് . ഇനി ആ പെണ്കുട്ടി അകത്താവുകയും അകത്തുള്ളവരെല്ലാം മുന്‍കാല പ്രാബല്യത്തോടെ പുറത്തിറങ്ങി പെണ്കുട്ടിക്കെതിരില്‍ മാനനഷ്ടത്തിനു കേസുകൊടുത്തു കോടീശ്വരന്മാരാകും .

  3. “ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം പെണ്‍കുട്ടികള്‍ മാത്രമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന എന്തോരം മനുഷ്യസ്നേഹികളാണ് നമുക്കു ചുറ്റും” Very Very Tue..you said it

Leave a Reply

Your email address will not be published. Required fields are marked *