നോം ചോംസ്കി അപ്പോള്‍, ശരിക്കും അമേരിക്കയുടെ സമയം കഴിഞ്ഞോ?

 

 

 

 

അമേരിക്ക, അറബ് വസന്തം, ഇറാഖ്, അധിനിവേശം, രാഷ്ട്രീയ ഇസ്ലാം, ഉസാമ ബിന്‍ലാദന്‍, ഇസ്രായേല്‍, ബറാക് ഒബാമ : നോം ചോംസ്കി സംസാരിക്കുന്നു

 

 

അമേരിക്കന്‍ റേഡിയോ ബ്രോഡ്കാസ്റ്ററും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ഡേവിഡ് ബര്‍സാമിയാന്‍ നോം ചോംസ്കിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ചോംസ്കിയന്‍ ചിന്തകള്‍ കോര്‍ത്തിണക്കി മെട്രോപോളിറ്റന്‍ ബുക്സ് ഈ മാസം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗ്രന്ഥമായ Power Systems: Conversations on Global Democratic Uprisings and the New Challenges to U.S. Empireല്‍ നിന്നുള്ള ഒരു ഭാഗമാണിത്. അമേരിക്ക, അറബ് വസന്തം, ഇറാഖ്, അധിനിവേശം, രാഷ്ട്രീയ ഇസ്ലാം, ഉസാമ ബിന്‍ലാദന്‍, ഇസ്രായേല്‍, ബറാക് ഒബാമ എന്നിങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നതാണ് ഈ അഭിമുഖ സമഹാരം. വിവര്‍ത്തനം: ടി.പി ഷുക്കൂര്‍

 

 

അമേരിക്കക്ക് പണ്ടുണ്ടായിരുന്ന അതേ നിയന്ത്രണാധികാരം മിഡില്‍ ഈസ്റ്റിലെ ഊര്‍ജ മേഖലയില്‍ ഇപ്പോഴുമുണ്ടോ?

പ്രമുഖ ഊര്‍ജ്ജോല്പാദക രാജ്യങ്ങളെല്ലാം ഇപ്പോഴും പടിഞ്ഞാറന്‍ സ്വേച്ഛാധിപത്യത്തിന്റെ ശക്തമായ നിയന്ത്രണത്തില്‍ തന്നെയാണ്. എന്നിരുന്നാലും, അറബ് വസന്തത്തിലൂടെ സാധിച്ചെടുത്ത പുരോഗതി പരിമിതമാണെങ്കിലും അത്ര എളുപ്പത്തില്‍ തള്ളിക്കളയാവുന്നതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സത്യത്തില്‍, പാശ്ചാത്യ നിയന്ത്രിത സ്വേച്ഛാധിപത്യ രീതിക്ക് കുറച്ചു കാലമായി ശക്തിക്ഷയം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി, അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ആസൂത്രകര്‍ കണ്ണ് നട്ടിരിക്കുന്ന പല ഊര്‍ജ്ജ സ്രോതസ്സുകളും ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി ദേശസാല്‍ക്കരിക്കപ്പെട്ടവയാണ്. അവയെ വീണ്ടെടുക്കാന്‍ അമേരിക്ക നിരന്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അവര്‍ക്കതില്‍ വിജയം കണ്ടെത്താനാവുന്നില്ല.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തന്നെയെടുക്കാം. ജനാധിപത്യപ്രേമം മൂത്തിട്ടൊന്നുമല്ല അമേരിക്ക ഇറാഖിലേക്ക് കടന്ന് കയറിയതെന്ന് വിശേഷബുദ്ധി പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ രാജ്യമാണ് ഇറാഖ്. മാത്രവുമല്ല, ഇറാക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം എണ്ണസമ്പന്ന രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടതാണ് താനും. പക്ഷെ ഇതൊക്കെയായിരുന്നു ഇറാക്ക് അധിനിവേശത്തിലൂടെ അമേരിക്ക ഉദ്ദേശിച്ചതെന്ന് ഒരിക്കലും പറഞ്ഞു പോകരുത്. അതൊരു ഗൂഢാലോചനാ സിദ്ധാന്തമാണെന്നേ ലോകം പറയൂ.

ഇറാഖീ ദേശീയതക്കും അക്രമരഹിതമായ പൊതുജന പ്രതിരോധത്തിനും മുന്നില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ദയനീയ പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ആയുധധാരികളായ അക്രമകാരികളെ അമേരിക്കക്ക് എളുപ്പത്തില്‍ കൊന്നു തള്ളാം. പക്ഷെ തെരുവില്‍ പ്രകടനം നടത്തുന്ന അഞ്ചു ലക്ഷത്തോളം പൊതുജനങ്ങളെ കൈകാര്യം ചെയ്യാനാണ് അമേരിക്കക്ക് കഴിയാതെ പോയത്. അങ്ങനെ പടിപടിയായി വൈദേശിക അധിനിവേശ ശക്തികള്‍ കയ്യടക്കി വെച്ച നിയന്ത്രണാധികാരങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇറാഖി ജനതയ്ക്ക് കഴിഞ്ഞു. 2007 നവംബറോടെ അമേരിക്കന്‍ മോഹങ്ങള്‍ പൊലിയാന്‍ പോകുന്നതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടു തുടങ്ങുകയും ചെയ്തു. ആ സമയത്താണ്, രസകരമെന്ന് പറയാം, അമേരിക്കയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നിസ്സംശയം പ്രകടമാക്കപ്പെട്ടത്. 2007 നവംബറോടെ ഇറാക്കില്‍ നടപ്പാക്കേണ്ട ഭാവി പരിപാടികളെ സംബന്ധിച്ച പ്രസ്താവനയുമായി ബുഷ് രണ്ടാമന്‍ ഭരണകൂടം മുന്നോട്ടു വന്നു.

പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒന്ന്, അമേരിക്കക്ക് അതിന്റെ സൈനിക കേന്ദ്രങ്ങളില്‍ നിന്നും ആക്രമണങ്ങള്‍ നടത്താനുള്ള നിലവിലുള്ള സ്വതന്ത്രാവകാശം നിലനിര്‍ത്തുക. രണ്ട്, ഇറാഖിലേക്കുള്ള വിദേശനിക്ഷേപം, പ്രത്യേകിച്ച് അമേരിക്കന്‍ നിക്ഷേപകരുടേത്, വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. അങ്ങനെ 2008 ജനുവരിയില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ബുഷ് ഒരു ഒപ്പ് വെച്ച പ്രസ്താവനയിലൂടെ ശരിവെക്കുകയും ചെയ്തു. പക്ഷെ ഖേദകരമെന്നു പറയാം, രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഇറാക്കീ പ്രതിരോധത്തിന് മുന്നില്‍ അമേരിക്കക്ക് അത് പിന്‍ വലിക്കേണ്ടതായി വന്നു. അതിന്റെ ഫലമായി ഇറാക്കിന്റെ നിയന്ത്രണവും അമേരിക്കക്ക് മരീചികയായി മാറി.

പണ്ട് നിലവിലുണ്ടായിരുന്നത് പോലെ ഒരു വ്യവസ്ഥിതിയെ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനുള്ള ഒരു അമേരിക്കന്‍ ശ്രമമായിരുന്നു ഇറാഖ്. പക്ഷെ കനത്ത തിരിച്ചടിയിലൂടെ ആ ശ്രമം വിഫലമാക്കപ്പെടുകയായിരുന്നു. പൊതുവായി പറഞ്ഞാല്‍, രണ്ടാം ലോകമഹായുദ്ധത്തിലേക്ക് തിരിച്ചു പോകാനുള്ള ശക്തമായ ശ്രമമെന്ന പോലെയാണ് അമേരിക്കന്‍ നയനിലപാടുകള്‍ ഇപ്പോഴും രൂപം കൊള്ളുന്നത്. അവ നടപ്പാക്കാനുള്ള അവരുടെ ശേഷി പക്ഷെ തളര്‍ന്നു കൊണ്ടിരിക്കുകയാണ്.

 

ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തന്നെയെടുക്കാം. ജനാധിപത്യപ്രേമം മൂത്തിട്ടൊന്നുമല്ല അമേരിക്ക ഇറാഖിലേക്ക് കടന്ന് കയറിയതെന്ന് വിശേഷബുദ്ധി പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

 

ഈ തളര്‍ച്ച സാമ്പത്തിക അപര്യാപ്തത മൂലമാണോ?

തളര്‍ച്ചയുടെ ഒരു കാരണം, ലോകം കൂടുതല്‍ വികേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. കൂടുതല്‍ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. രണ്ടാം ലോകമഹാ യുദ്ധാനന്തരം അമേരിക്ക അതിന്‍റെ ശക്തിയുടെ ഉത്തുംഗ ശ്രേണിയില്‍ ആയിരുന്നു. ലോക സമ്പത്തിന്‍റെ പകുതി ഭാഗവും അതിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. അതിനൊപ്പം നിന്ന് മല്‍സരിച്ചിരുന്ന പല രാജ്യങ്ങളും തകര്‍ന്നടിയുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് യോജിച്ച രീതിയില്‍ ലോകം അടക്കി വാഴാന്‍ ആവശ്യമായത്ര ഭാവനക്കതീതമായ തോതില്‍ പ്രതിരോധ, വികസന ആസൂത്രണങ്ങള്‍ അതിനുണ്ടായിരുന്നു.

 

ഡേവിഡ് ബര്‍സാമിയാന്‍ Image courtesy: lannanfoundation

 

ഇതായിരുന്നോ ‘ഗ്രാന്‍ഡ് ഏരിയ’ ആസൂത്രണം എന്ന് വിളിക്കപ്പെട്ടിരുന്നത്?
അതെ. രണ്ടാം ലോകമഹാ യുദ്ധം കഴിഞ്ഞ ഉടനെ തന്നെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയആസൂത്രണ ഉദ്യോഗസ്ഥരുടെ തലവനായ ജോര്‍ജ്ജ് കെന്നനും മറ്റ് ചിലരും ചേര്‍ന്ന് ആസൂത്രണത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ എഴുതിയുണ്ടാക്കുകയും പിന്നീട് അവ നടപ്പാക്കുകയും ചെയ്തു. മിഡില്‍ ഈസ്റിലും വടക്കേ ആഫ്രിക്കയിലും ഒരു പരിധി വരെ തെക്കേ അമേരിക്കയിലും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മുഖ്യമായും 1940 കാലഘട്ടങ്ങളിലെക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെയാണ്. യു എസ് ആധിപത്യത്തിനേറ്റ ആദ്യത്തെ വിജയകരമായ തിരിച്ചടി 1949ലാണ് ഉണ്ടായത്. ‘ചൈന നഷ്ടപ്പെടല്‍’ എന്ന് തമാശരൂപേണ വിളിക്കപ്പെടുന്ന ഒരു സംഭവത്തിലൂടെയാണത്.

ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത വളരെ രസകരമായ ഒരു പ്രയോഗമാണത്. ചൈനയെ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി ആരാണെന്നതിനെച്ചൊല്ലി ഒരു പാട് തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. അത് വലിയൊരു ആഭ്യന്തര പ്രശ്നമായി വളരുക കൂടി ചെയ്തു. എന്നിരുന്നാലും വളരെ രസകരമായ ഒരു പ്രയോഗം തന്നെയാണത്. നമുക്ക് ഒരു കാര്യം നഷ്ടപ്പെടണമെങ്കില്‍ ആദ്യം അത് നമ്മുടെ കയ്യില്‍ ഉണ്ടായിട്ടു വേണ്ടേ. ഈ പറയുന്ന ഉടമസ്ഥാവകാശം വെറുമൊരു അവകാശവാദം മാത്രമായിരുന്നു. ലോകം മുഴുവന്‍ നമ്മുടേതായത് കൊണ്ട് ചൈന നമ്മുടേത് തന്നെയാണ്. ആ രാജ്യം സ്വാതന്ത്യ്രം നേടിയെടുത്താല്‍ അത് നമുക്ക് നഷ്ടപ്പെട്ടു. അതാണ് ആ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പിന്നാലെ വന്നു തുടര്‍ന്നുള്ള പ്രയോഗങ്ങളും. ‘ലാറ്റിന്‍ അമേരിക്ക നഷ്ടപ്പെടല്‍’,’മിഡില്‍ ഈസ്റ് നഷ്ടപ്പെടല്‍’, അല്ലെങ്കില്‍ വേറെ ഏതെങ്കിലും രാജ്യം നഷ്ടപ്പെടല്‍, അങ്ങനെയങ്ങനെ. ലോകം മുഴുവന്‍ നമ്മുടേത് തന്നെയായത് കൊണ്ട് അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്‍റെ നിയന്ത്രണാധികാരം നമുക്ക് കൈവിട്ടുപോയാല്‍ ആ ഭാഗം നമുക്ക് നഷ്ടപ്പെടുന്നു. അതെങ്ങനെ തിരിച്ചു പിടിക്കാം എന്നതാണ് പിന്നെയുള്ള ആധി.

വിദേശനയം സംബന്ധമായ ജേര്‍ണലുകള്‍ വായിക്കുകയോ അതെക്കുറിച്ച് പറയുകയോ, അല്ലെങ്കില്‍ വെറും പ്രഹസനം മാത്രമായ ജനാധിപത്യം സംബന്ധിച്ച ചര്‍ച്ചകള്‍ ശ്രവിക്കുകയോ ചെയ്യുകയാണെങ്കില്‍ ‘എങ്ങനെ കൂടുതല്‍ നഷ്ടം വരുന്നത് നമുക്ക് തടയാനാവും’ എന്ന ചോദ്യമാണ് അവയുടെ ആകത്തുകയെന്ന് കാണാം.

ആഗോള സാമ്പത്തികക്രമം കൂടുതല്‍ വികേന്ദ്രീകൃതമാവുകയും അക്കാരണം കൊണ്ട് തന്നെ യു എസിന് തങ്ങളുടെ നയനിലപാടുകള്‍ നടപ്പാക്കുന്നത് ഒരല്‍പം ബുദ്ധിമുട്ടുള്ള കാര്യമായി മാറുകയും ചെയ്തു. എങ്കിലും അടിസ്ഥാന നയനിലപാടുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നിയന്ത്രണാധികാരം നിലനിര്‍ത്താനുള്ള പ്രാപ്തി അമേരിക്കക്ക് വളരെയധികം നഷ്ടപ്പെട്ടു പോയിരിക്കുന്നു. 1970 ഓടെ ലോകം സാമ്പത്തികമായി ട്രൈപോളാര്‍ എന്ന് വിളിക്കപ്പെടാവുന്ന രീതിയില്‍ മൂന്ന് ശക്തികളില്‍ കേന്ദ്രീകൃതമായി. യു എസ് ആസ്ഥാനമാക്കിയുള്ള വടക്കേ അമേരിക്കന്‍ വ്യാവസായിക കേന്ദ്രം, ജര്‍മ്മനി ആസ്ഥാനമാക്കിയുള്ള വലുപ്പത്തില്‍ താരതമ്യേന ചെറുതായ യൂറോപ്യന്‍ കേന്ദ്രം, പിന്നെ, ജപ്പാന്‍ ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള കിഴക്കന്‍ ഏഷ്യന്‍ കേന്ദ്രം എന്നിവയായിരുന്നു അവ. ആ സമയം മുതല്‍ ആഗോള സാമ്പത്തികക്രമം കൂടുതല്‍ വികേന്ദ്രീകൃതമാവുകയും അക്കാരണം കൊണ്ട് തന്നെ യു എസിന് തങ്ങളുടെ നയനിലപാടുകള്‍ നടപ്പാക്കുന്നത് ഒരല്‍പം ബുദ്ധിമുട്ടുള്ള കാര്യമായി മാറുകയും ചെയ്തു. എങ്കിലും അടിസ്ഥാന നയനിലപാടുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല.

ക്ലിന്റണ്‍ തത്വം തന്നെയെടുക്കുക. പ്രധാനപ്പെട്ട വ്യാപാര, ഊര്‍ജപ്രസരണ കേന്ദ്രങ്ങളിലും മറ്റു തന്ത്രപ്രധാന വിഭവ കേന്ദ്രങ്ങളിലും യു എസ് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടാനുസരണം കയറിയിറങ്ങാനുള്ള അവകാശത്തിന് തടസ്സം വരികയാണെങ്കില്‍ ഏകപക്ഷീയമായ ബലപ്രയോഗത്തിലൂടെ ഇടപെടാനുള്ള അധികാരം യു എസിന് ചാര്‍ത്തികൊടുക്കുന്നതായിരുന്നു ക്ലിന്റണ്‍ തത്വം. ഇത്രയും തന്നെ ജോര്‍ജ്ജ് ഡബ്ലിയു ബുഷ് പറഞ്ഞതിനേക്കാള്‍ എത്രയോ കടന്നതാണ്. എങ്കിലും, ക്ലിന്റന്റെ ഭാഷ മര്യാദയുള്ളതും ശാന്തവും കാര്‍ക്കശ്യമില്ലാത്തതുമായിരുന്നത് കൊണ്ട് കൂടുതല്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയില്ല. പ്രസ്തുത അധികാരാവകാശം അത്യന്താപേക്ഷിതമാണെന്നുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു. അതാവട്ടെ, ‘ബുദ്ധിജീവിസംസ്ക്കാര’ത്തിന്റെ ഒരു ഭാഗമാണ് താനും.

 

അമേരിക്കക്ക് തോന്നിയ പോലെ എവിടെയും ബലപ്രയോഗം നടത്താവുന്ന രീതിയിലാണ് അന്താരാഷ്ട്രാ നിയമവ്യവസ്ഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്ക അന്താരാഷ്ട്രാ നിയമങ്ങള്‍ കാറ്റില്‍പറത്തുന്നുവെന്നോ മറ്റോ പറയുമ്പോള്‍ അത് തീര്‍ത്തും നിഷ്കളങ്കമായ ഒരു കാര്യമായോ വെറും നിസാര കാര്യമായോ മാത്രമേ പറയാന്‍ പാടുള്ളൂ.

 

ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതിന് പിന്നാലെ എല്ലാ ഹര്‍ഷാരാവങ്ങള്‍ക്കുമിടയില്‍ തന്നെ സംഭവത്തിന്റെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ചില അപസ്വരങ്ങളും പുറപ്പെടുകയുണ്ടായി. ‘നിരപരാധിത്വ സാധ്യത’ എന്ന് വിളിക്കപ്പെടുന്ന ഒരു സംഗതി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലേ നിലവിലുണ്ടായിരുന്നു. ഒരാള്‍ സംശയാസ്പദമായി പിടിക്കപ്പെട്ടാല്‍ കുറ്റം തെളിയിക്കപ്പെടുന്നത് വരെ അയാള്‍ വെറും സംശയിക്കപ്പെട്ടയാള്‍ മാത്രമാണ്. അയാളെ വിചാരണക്ക് ഹാജരാക്കേണ്ടതുണ്ട്. അത് അമേരിക്കന്‍ നിയമവ്യവസ്ഥയുടെ കാതലായ ഒരു വശമാണ്. മാഗ്നകാര്‍ട്ട നിയമങ്ങളിലും നമുക്കിത് കാണാന്‍ സാധിക്കും. അത് കൊണ്ട് തന്നെ ആംഗ്ലോ അമേരിക്കന്‍ നിയമവ്യവസ്ഥ പാടെ തള്ളിക്കളയാനാവില്ലെന്ന നിര്‍ദ്ദേശവുമായി ഒരു ജോഡി വായ്ത്താരികളെങ്കിലും നമുക്ക് കാണാന്‍ സാധിക്കും. അത് ധാരാളം രോഷാകുലമായ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചുവെങ്കിലും അവയില്‍ കൂടുതല്‍ രസകരമായത് പതിവുപോലെ തന്നെ ഇടത്പുരോഗമന പക്ഷത്ത് നിന്നായിരുന്നു. പരക്കെ ബഹുമാനിക്കപ്പെടുന്ന പ്രശസ്ത ഇടത്പുരോഗമന വക്താവായ മാത്യു ഗ്ലെസിയാസ് (Matthew Yglesias) ഈ നിലപാടിനെ അപഹസിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.

‘അവര്‍ നിഷ്കളങ്കരായ വെറും പാവങ്ങളാണെന്ന്’ അദ്ദേഹം കളിയാക്കി. പിന്നെ അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ‘പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ വിനാശകരമായ സൈനിക ശക്തി കൊണ്ട് കാട്ടിക്കൂട്ടുന്ന കുടിലതകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കല്‍ തന്നെയാണല്ലോ അന്താരാഷ്ട്രാ നിയമവ്യവസ്ഥയുടെ വ്യക്തമായ ഒരു അജണ്ട’. തീര്‍ച്ചയായും നോര്‍വെയല്ല അദ്ദേഹം ഉദ്ദേശിച്ചത്. അമേരിക്കയെ തന്നെയാണ്. അമേരിക്കക്ക് തോന്നിയ പോലെ എവിടെയും ബലപ്രയോഗം നടത്താവുന്ന രീതിയിലാണ് അന്താരാഷ്ട്രാ നിയമവ്യവസ്ഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്ക അന്താരാഷ്ട്രാ നിയമങ്ങള്‍ കാറ്റില്‍പറത്തുന്നുവെന്നോ മറ്റോ പറയുമ്പോള്‍ അത് തീര്‍ത്തും നിഷ്കളങ്കമായ ഒരു കാര്യമായോ വെറും നിസാര കാര്യമായോ മാത്രമേ പറയാന്‍ പാടുള്ളൂ. കൂട്ടത്തില്‍ പറയട്ടെ, ഞാന്‍ ഇക്കാര്യത്തില്‍ ഒരു നോട്ടപ്പുള്ളിയാണ്. അങ്ങനെ പറയുന്നതില്‍ ഞാന്‍ സന്തോഷവാനുമാണ്. മഗ്നകാര്‍ട്ടയും അന്താരാഷ്ട്രാനിയമങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണെന്നാണ് എന്‍റെ അഭിപ്രായം.

 

ഇടത്പുരോഗമനമെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ടെങ്കിലും പാശ്ചാത്യ ശക്തികളുടെ അടിസ്ഥാന ആശയാദര്‍ശങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും അവ നടപ്പാക്കാനുള്ള ശേഷിയില്‍ കാര്യമായ കോട്ടം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്

 

ഞാന്‍ ഇത്രയും പറഞ്ഞത് മേല്‍പ്പറഞ്ഞ ബുദ്ധിജീവി സംസ്ക്കാരത്തെ വിശദമാക്കാനാണ്. ഇടത്പുരോഗമനമെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ടെങ്കിലും പാശ്ചാത്യ ശക്തികളുടെ അടിസ്ഥാന ആശയാദര്‍ശങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും അവ നടപ്പാക്കാനുള്ള ശേഷിയില്‍ കാര്യമായ കോട്ടം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ് താനും. അത് കൊണ്ടുതന്നെ ഈ ചര്‍ച്ചയില്‍ പ്രധാനമായും അമേരിക്കയുടെ തളര്‍ച്ച തന്നെയാണ് വിഷയീഭവിക്കുക. മുഖ്യധാരാ പ്രസിദ്ധീകരണമായ ഫോറിന്‍ അഫയേഴ്സിന്‍റെ വര്‍ഷാവസാനത്തെ പതിപ്പ് നോക്കുക. അതിന്റെ മുന്‍ഭാഗത്തെ വലിയ പുറം പേജില്‍ വെണ്ടയ്ക്ക നിരത്തിയിരിക്കുന്ന ചോദ്യം ‘അമേരിക്കയുടെ സമയം കഴിഞ്ഞോ?’ എന്നാണ്. എല്ലാം നേടിയെടുക്കണം എന്ന് വിശ്വസിക്കുന്നവരുടെ ഒരു സാധാരണ പരാതിയാണിത്. എല്ലാം തങ്ങളുടെ സ്വന്തമായി ഉണ്ടായിരിക്കണം എന്നൊരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ എന്തെങ്കിലുമൊന്നു കിട്ടാതെ വരുന്നത് വലിയ ദുരന്തമായി അക്കൂട്ടര്‍ക്ക് തോന്നുകയും ലോകം തന്നെ തകരുകയാണോ എന്ന ഉത്കണ്ഠ അവരില്‍ ഉടലെടുക്കുകയും ചെയ്യും.

അപ്പോള്‍ ശരിക്കും അമേരിക്കയുടെ സമയം കഴിഞ്ഞോ? വളരെ മുമ്പ് ചൈന നഷ്ടപ്പെട്ടു. പിന്നെ തെക്ക്കിഴക്കന്‍ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയവയും. മിഡില്‍ ഈസ്റും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളും പിന്നാലെ നഷ്ടപ്പെട്ടു പോയേക്കാം. അമേരിക്കയുടെ സമയം കഴിഞ്ഞോ എന്ന ചോദ്യം ഒരുതരം മനോവിഭ്രാന്തിയാണ്. പക്ഷെ വെറും മനോവിഭ്രാന്തിയല്ല. എല്ലാം നേടാനായില്ലെങ്കില്‍ അതൊരു മഹാദുരന്തം തന്നെയായിത്തീരുമെന്ന അതിസമ്പന്നമായ ഒരു വന്‍ശക്തിയുടെ മനോവിഭ്രാന്തി.

ജനാധിപത്യത്തിലേക്കുള്ള ചുവടു മാറ്റത്തിന് പിന്തുണ നല്‍കല്‍, മേഖലയിലെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള അഭിലാഷം, ഇതിനകം ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്ന ഇസ്ലാമിസ്റു ഭീഷണിക്കെതിരെ ജാഗരൂഗരായിരിക്കല്‍… ഈ മൂന്ന് യു എസ് ലക്ഷ്യങ്ങള്‍ നിരത്തിയാണ് ന്യൂയോര്‍ക്ക് ടൈംസ് അറബ് വസന്തം സംബന്ധിച്ച കാര്യങ്ങളില്‍ നയം രൂപപ്പെടുത്തിയെടുക്കുന്നതിലെ അസന്ദിഗ്ധാവസ്ഥ വിവരിക്കുന്നത് . താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

അവയെപ്പറ്റി പറയുമ്പോള്‍, അവയില്‍ രണ്ടെണ്ണം ശരിയാണ്. മേഖലയിലെ സുസ്ഥിരത അമേരിക്കക്ക് പ്രയോജനകരമാണ്. പക്ഷെ ഈ സുസ്ഥിരത എന്ന വാക്ക് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കൂടി നാമോര്‍ക്കണം. സുസ്ഥിരത എന്നാല്‍ കാര്യങ്ങള്‍ അമേരിക്കക്ക് അനുകൂലമായിരിക്കുക എന്നതാണ്. ഉദാഹരണത്തിന് ഇറാനെതിരെ അതിന്റെ വിദേശനയത്തിലെ ഏറ്റവും വലിയ ഭീഷണിയായി ആരോപിക്കപ്പെടുന്ന കുറ്റം ആ രാജ്യം ഇറാഖിന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ്. എങ്ങനെ? ഇറാന്‍ അതിന്റെ സ്വാധീന വലയം സമീപ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണത്. പക്ഷെ മറുഭാഗത്ത്, അമേരിക്ക മറ്റു രാജ്യങ്ങളിലേക്ക് കടന്നു കയറി അവയെ നശിപ്പിക്കുമ്പോള്‍ അത് പ്രസ്തുത രാജ്യങ്ങളെ സുസ്ഥിരമാക്കാന്‍ വേണ്ടിയാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

 

1973 ല്‍ സാല്‍വദോര്‍ അലന്‍ ദെ (Salvador Allende) ഭരണകൂടത്തെ തകര്‍ത്തെറിയാനും സ്വേച്ഛാധിപതിയായ അഗസ്റ്റോ പിനോഷെയെ (Augusto Pinochet) ഭരണത്തില്‍ കുടിയിരുത്താനും അവര്‍ പറഞ്ഞ ന്യായം, സുസ്ഥിരത ഉറപ്പാക്കാന്‍ നമുക്ക് ചിലിയെ അസ്ഥിരപ്പെടുത്തേണ്ടി വന്നുവെന്നാണ്. അതൊരു വൈരുദ്ധ്യമായി ആരും നിരീക്ഷിച്ചതേയില്ല.

 

ഫോറിന്‍ അഫയേഴ്സിന്‍റെ മുന്‍ എഡിറ്ററും പ്രശസ്തനായ സ്വതന്ത്ര വിദേശനയ നിരീക്ഷകനുമായ ജെയിംസ് ചേസിന്റെ (James Chace) എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വിശദീകരണം ഞാന്‍ അവസരോചിതമായി ഉദ്ധരിക്കാറുണ്ട്. 1973 ല്‍ സാല്‍വദോര്‍ അലന്‍ ദെ (Salvador Allende) ഭരണകൂടത്തെ തകര്‍ത്തെറിയാനും സ്വേച്ഛാധിപതിയായ അഗസ്റ്റോ പിനോഷെയെ (Augusto Pinochet) ഭരണത്തില്‍ കുടിയിരുത്താനും അവര്‍ പറഞ്ഞ ന്യായം, സുസ്ഥിരത ഉറപ്പാക്കാന്‍ നമുക്ക് ചിലിയെ അസ്ഥിരപ്പെടുത്തേണ്ടി വന്നുവെന്നാണ്. അതൊരു വൈരുദ്ധ്യമായി ആരും നിരീക്ഷിച്ചതേയില്ല. അതൊരു വൈരുദ്ധ്യമല്ല താനും. സുസ്ഥിരതയുണ്ടാക്കാന്‍ വേണ്ടി ഒരു പാര്‍ലമെന്ററി സിസ്റത്തെ തകര്‍ത്തെറിയേണ്ടി വന്നു എന്ന് പറഞ്ഞാല്‍ നാം പറയുന്നത് പോലെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കണം എന്ന് സാരം. ഇങ്ങനെയൊക്കെ നോക്കിയാല്‍ സാങ്കേതികമായി അവര്‍ സുസ്ഥിരതയ്ക്ക് അനുകൂലം തന്നെയാണ്.

രാഷ്ട്രീയ ഇസ്ലാമിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മറ്റേതൊരു സ്വതന്ത്ര ശക്തിയും വളര്‍ന്നു വരുന്നത് പോലെ തന്നെയാണ്. വളര്‍ന്നു വരുന്ന ഏതൊരു ശക്തിയായാലും അത് സ്വതന്ത്രമെങ്കില്‍ അതില്‍ ആശങ്കയ്ക്ക് വകയുണ്ട്. കാരണം അതിന്‍റെ പ്രഭാവം തങ്ങളെ അട്ടിമറിച്ചു കളയും എന്നത് തന്നെ. യഥാര്‍ത്ഥത്തില്‍ ഇതിലുള്ള പരസ്പരവിരുദ്ധമായ സംഗതി എന്താണെന്ന് വെച്ചാല്‍, അമേരിക്കയും ബ്രിട്ടനും എല്ലാ കാലത്തും യാഥാസ്ഥിതികമായ ഇസ്ലാമിക മൌലിക വാദത്തെയാണ് പിന്താങ്ങിയിട്ടുള്ളത് എന്നതാണ്.

 

പാക്കിസ്ഥാനിലും മറ്റും യാഥാസ്ഥിതിക മതമൌലികവാദം പ്രചരിപ്പിക്കുകയും അതിന് സാമ്പത്തിക സഹായമടക്കം ചെയ്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സൌദി അറേബ്യയാണ് ലോകത്തിലെ ഏറ്റവും തീവ്ര മതമൌലികവാദം നെഞ്ചിലേറ്റുന്ന രാജ്യം

 

രാഷ്ട്രീയ ഇസ്ലാം അല്ല, യഥാര്‍ത്ഥത്തില്‍ മതമൌലികവാദികളാണ് ജനാധിപത്യ ദേശീയതക്ക് എക്കാലത്തും വിലങ്ങു തടിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അവരാണ് യഥാര്‍ത്ഥ ഭീഷണിയും. ഉദാഹരണമായി പാക്കിസ്ഥാനിലും മറ്റും യാഥാസ്ഥിതിക മതമൌലികവാദം പ്രചരിപ്പിക്കുകയും അതിന് സാമ്പത്തിക സഹായമടക്കം ചെയ്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സൌദി അറേബ്യയാണ് ലോകത്തിലെ ഏറ്റവും തീവ്ര മതമൌലികവാദം നെഞ്ചിലേറ്റുന്ന രാജ്യം. പക്ഷെ അങ്ങനെയുള്ള ഒരു രാജ്യത്താണ് അമേരിക്കയുടെയും ബ്രിട്ടന്റെയും നയരൂപീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തന്നെ. സൌദിയെ മതേതര ദേശീയതയിലേക്കു പരിവര്‍ത്തിപ്പിക്കാനുള്ള ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസര്‍, ഇറാക്കിലെ അബ്ദുല്‍ കരീം കാസിം തുടങ്ങി അയല്‍ രാജ്യങ്ങളിലെ പല പ്രമുഖരുടെയും ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ അതിനെ കാലാകാലങ്ങളായി സഹായിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും. ഇപ്രകാരം ഇസ്ലാമിക മൌലികവാദത്തെ നിരുപാധികം പിന്തുണക്കുമ്പോഴും രാഷ്ട്രീയ ഇസ്ലാമിനെ അവര്‍ക്ക് വെറുപ്പാണ്. കാരണം അത് രാജ്യത്തെ സ്വാതന്ത്യ്രത്തിലേക്ക് നയിക്കും.

ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിച്ച മൂന്ന് യു എസ് ലക്ഷ്യങ്ങളില്‍ ആദ്യത്തേതാണ് ജനാധിപത്യവല്‍ക്കരണത്തിനുള്ള അഭിലാഷം. അത്, ജോസഫ് സ്റാലിന്‍ റഷ്യയില്‍ സ്വാതന്ത്യ്രവും ജനാധിപത്യവും ഉദാരവല്ക്കരണവും നടപ്പാക്കാനുള്ള ആഗ്രഹം പങ്കുവെക്കുന്നത് പോലെയാണ്. ഇങ്ങനെയുള്ള പ്രസ്താവനകള്‍ സോവിയറ്റ് അധികാരികളില്‍ നിന്നും ഇറാനിയന്‍ മതമേലദ്ധ്യക്ഷന്‍മാരില്‍ നിന്നും കേള്‍ക്കുമ്പോള്‍ നാം ചിരിക്കുമെങ്കിലും അവ പാശ്ചാത്യ നേതാക്കളില്‍ നിന്നാകുമ്പോള്‍ നാം അനുസരണയോടെയും സംതൃപ്തിയോടെയും തലയാട്ടുക മാത്രം ചെയ്യുന്നു.

അവരുടെ ജനാധിപത്യ സംസ്ഥാപന ത്വര ഒരു വൃത്തികെട്ട തമാശയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അങ്ങനെയൊരു രീതിയില്‍ അവതരിപ്പിക്കുന്നില്ലെങ്കിലും പല പ്രമുഖ പണ്ഡിതരും ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നുള്ളത് സുവ്യക്തമാണ്. ‘(ഈ രീതിയിലുള്ള) ജനാധിപത്യം പ്രോത്സാഹിപ്പിക്കുക’ എന്ന വിഷയത്തില്‍ പഠനം നടത്തുകയും പ്രമുഖ പണ്ഡിതനായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന തോമസ് കരോത്തേഴ്സ് (Thomas Carothers) ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു നിലപാടാണ് പുലര്‍ത്തുന്നത്.

കത്തിനില്‍ക്കുന്ന ഒരു പുരോഗമനവാദിയല്ലാത്ത അദ്ദേഹം ഒരു നവറീഗന്‍ അനുഭാവിയും യാഥാസ്ഥിതികനുമാണ്. റീഗന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുകയും മേല്‍ വിഷയത്തില്‍ ധാരാളം ഗൌരവമാര്‍ന്ന അവലോകന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം പറയുന്നു. ‘അതെ, ഇത് ആഴത്തില്‍ വേരൂന്നിയ ഒരു അമേരിക്കന്‍ മാതൃകയാണ്. എന്നാലും അതിന് ഒരു പരിഹാസ്യമായ ചരിത്രമാണുള്ളത്’. ആ ചരിത്രത്തില്‍ എല്ലാ അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ക്കും ഒരു തരം മനോവിഭ്രാന്തി ബാധിച്ച അവസ്ഥയാണുള്ളത്. അവരുടെ സ്ഥാപിത താല്പ്പര്യങ്ങള്‍ക്കും സാമ്പത്തികാസൂത്രണ തന്ത്രങ്ങള്‍ക്കും അനുകൂലമായി വരുമ്പോള്‍ മാത്രമേ അവര്‍ ജനാധിപത്യത്തെ പിന്താങ്ങുന്നുള്ളൂ. ഇതൊരു തരം വിചിത്രമായ മനോരോഗാവസ്ഥയാണെന്നും അമേരിക്ക ആവശ്യപ്പെടുന്നത് ഇതിനുള്ള വിദഗ്ദ്ധമായ മനഃശാസ്ത്ര ചികില്‍സ പോലെ വല്ലതുമാണെന്നാണ് അദ്ദേഹം വിവരിക്കുന്നത്. തീര്‍ച്ചയായും ഇതിനെല്ലാം ഒരു മറുവ്യാഖ്യാനം ഉണ്ടെങ്കിലും താങ്കള്‍ ഒരു യഥാര്‍ത്ഥ ബുദ്ധിജീവിയോ വിദ്യാസമ്പന്നനോ ആണെങ്കില്‍ പിന്നെ അത്തരം മറു ചിന്തകള്‍ മനസ്സില്‍ ഉദ്ഭവിക്കാന്‍ യാതൊരു വഴിയുമില്ല.

ഈജിപ്ഷ്യന്‍ പ്രസിഡണ്ടായിരുന്ന ഹുസ്നി മുബാറക്ക് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന്റെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ കയറ്റുകയും വിവിധ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇറാക്കിലോ അത് പോലെ മറ്റേതെങ്കിലും സ്ഥലത്തോ അമേരിക്ക ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്ക് ആ രാജ്യത്തെ നേതാക്കള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാത്തത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. ഈ അവസ്ഥക്ക് അടുത്തിടെയെങ്ങാനും മാറ്റമുണ്ടാവാന്‍ പോകുന്നുണ്ടോ?

അത് അടിസ്ഥാനപരമായി ഗ്ലേസിയാസിന്‍റെ തത്വം പോലെയാണ്. അന്താരാഷ്ട്രാ നിയമവ്യവസ്ഥയുടെ അടിസ്ഥാനം തന്നെ അമേരിക്കക്ക് തങ്ങളുടെ അക്രമപരമായ അഭീഷ്ടങ്ങള്‍ തോന്നിയത് പോലെ നടപ്പാക്കാനുള്ള അവകാശത്തില്‍ ഊന്നിയുള്ളതാണ്. അപ്പോള്‍ പിന്നെ അവര്‍ക്കെതിരെ നടപടിഎടുക്കാന്‍ ആര്‍ക്കു കഴിയും?

 

ഇതെല്ലാം ആരെങ്കിലും ചോദ്യം ചെയ്താല്‍ അതൊരു ഹിസ്റീരിയയായി വ്യാഖ്യാനിക്കപ്പെടുകയും 'അമേരിക്കന്‍ വിരുദ്ധത'യെന്നോ 'അമേരിക്കയോടുള്ള കഠിനമായ വെറുപ്പ്' എന്നോ കുറ്റം ചാര്‍ത്തുകയും ചെയ്യും.

 

അപ്പോള്‍ അതിനുള്ള അവകാശം ആര്‍ക്കുമില്ലേ?

തീര്‍ച്ചയായും ഇല്ല. എന്നിരുന്നാലും അവരുടെ സഖ്യ കക്ഷികള്‍ക്ക് ഒരു പക്ഷെ തുല്യമായ രീതിയില്‍ പെരുമാറാന്‍ കഴിഞ്ഞേക്കും. ഇസ്രായേല്‍ ലബനാനിലേക്ക് കടന്നു കയറുകയും ആയിരം പേരെ കൊല്ലുകയും രാജ്യത്തിന്‍റെ പകുതി തന്നെയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍, ശരിയാണ്, അതൊരു നല്ല കാര്യം തന്നെയാണ്, എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതാണ് രസകരം. പ്രസിഡന്റ് ആകുന്നതിനു മുമ്പ് ബാരക്ക് ഒബാമ ഒരു സെനറ്റര്‍ ആയിരുന്നു. സെനറ്ററായിക്കൊണ്ട് കാര്യമായൊന്നും ചെയ്തിട്ടില്ലെങ്കിലും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ അദ്ദേഹം ചെയ്ത് വെച്ചിട്ടുണ്ട്. അതില്‍ ഒന്നിനെക്കുറിച്ചു അദ്ദേഹം ഏറെ അഭിമാനിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍, പ്രസിഡന്റ് ആവുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ വെബ് സൈറ്റ് നോക്കിയിരുന്നെങ്കില്‍ അതില്‍ പൊലിപ്പിച്ചു കാണിച്ചിരുന്ന പ്രധാന സംഗതി ഇസ്രായേല്‍ 2006 ല്‍ നടത്തിയ ലബനന്‍ അധിനിവേശത്തെ സംബന്ധിച്ച അമേരിക്കന്‍ നിലപാട് വ്യക്തമാക്കുന്ന സെനറ്റ് പ്രമേയം അദ്ദേഹത്തിന്റെ താല്പര്യത്തില്‍ മുന്നോട്ട് വെച്ചതായിരുന്നു എന്നതാണ്. പ്രസ്തുത പ്രമേയം ഊന്നല്‍ കൊടുക്കുന്ന പ്രധാന ആവശ്യം, ഇസ്രായേല്‍ തങ്ങളുടെ ദൌത്യം പൂര്‍ത്തീകരിക്കുന്നത് വരെ, യാതൊരു കാരണവശാലും ഇസ്രായേലിനെ തടയാനുള്ള യാതൊരു നീക്കങ്ങളും നടത്തരുതെന്നും ഇറാനും സിറിയയും തെക്കന്‍ ലെബനാനിലെ ഇസ്രായേല്‍ തേര്‍വാഴ്ചയെ പ്രതിരോധിക്കാന്‍ വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുന്നത് കൊണ്ട് ആ രാജ്യങ്ങളെ താക്കീത് ചെയ്യണം എന്നുമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ അഞ്ചാമത്തെ തവണയായിരുന്നു തെക്കന്‍ ലെബനാനിലെ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കാന്‍ ഇറാനും സിറിയയും ലെബനാനെ സഹായിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് ഈ വക അവകാശങ്ങളെല്ലാം പാശ്ചാത്യലോബിക്കും അവരുടെ ശിങ്കിടികള്‍ക്കും ജന്മാവകാശമായി കിട്ടിയതാണെന്നാണ്.

വിവര്‍ത്തനം: ടി.പി ഷുക്കൂര്‍


എന്നാല്‍ ഈ അവകാശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുടി കൊള്ളുന്നത് വാഷിംഗ്ടണിലാണ്. ലോകത്തിന്‍റെ ഉടമസ്ഥാവകാശം എന്നത് കൊണ്ട് അതാണ് അര്‍ത്ഥമാക്കുന്നത്. അത് ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. വിയറ്റ്നാം യുദ്ധത്തെ^ സമര തന്ത്രത്തെയല്ല ധാര്‍മികതയെത്തന്നെ^ വിമര്‍ശിച്ച അപൂര്‍വം ചില വ്യക്തികളില്‍ ഒരാളാണ് വളരെ മാന്യനും അന്താരാഷ്ട്രാ വിഷയങ്ങളില്‍ പഠനം നടത്തിയ രാഷ്ട്രതന്ത്രജ്ഞനും സമകാലിക ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിയറിയുടെ പ്രധാന സ്ഥാപകനുമായ ഹാന്‍സ് മോര്‍ഗന്തോ (Hans Morgenthau). അദ്ദേഹം The Purpose of American Politics എന്ന പേരില്‍ ഒരു പുസ്തകം എഴുതി. മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഉദ്ദേശ്യങ്ങളില്ല. അമേരിക്കയ്ക്കതുണ്ട്- എല്ലാത്തിനും അതീതമായത്-മറ്റ് രാജ്യങ്ങളില്‍ സ്വാതന്ത്യ്രവും നീതിയും നടപ്പാക്കാക്കുക എന്നത്. കാരോത്തേഴ്സിനെപ്പോലെ നല്ലൊരു പണ്ഡിതനായിരുന്നു മോര്‍ഗന്തോ. അതിനാല്‍, രേഖകള്‍ പരതാന്‍ അദ്ദേഹം തയാറായി. അദ്ദേഹം പറഞ്ഞു. ‘രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ അമേരിക്ക അതിന്‍റെ മഹത്തായ ലക്ഷ്യം നടപ്പാക്കുകയായിരുന്നില്ലെന്നു കാണാം.” എന്നാല്‍ സര്‍വാതീതമായ ആ ലക്ഷ്യത്തെ വിമര്‍ശിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്ന ഉദാഹരണം രസകരമാണ്. ‘നാസ്തികചിന്താഗതിയുടെ അബദ്ധങ്ങളിലേക്ക് പതിക്കുന്നതുപോലെയാണത്. നാസ്തികത മതത്തിന്റെ സാധുത തന്നെ നിഷേധിക്കുന്നത് പോലെ തന്നെയാണത്’. നല്ലൊരുപമ ആണത്. ഇതും ഒരു ആഴത്തില്‍ വേരോടിയ മതവിശ്വാസമാണ്. അടര്‍ത്തിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളത്ര ആഴത്തില്‍.

ഇതെല്ലാം ആരെങ്കിലും ചോദ്യം ചെയ്താല്‍ അതൊരു ഹിസ്റീരിയയായി വ്യാഖ്യാനിക്കപ്പെടുകയും ‘അമേരിക്കന്‍ വിരുദ്ധത’യെന്നോ ‘അമേരിക്കയോടുള്ള കഠിനമായ വെറുപ്പ്’ എന്നോ കുറ്റം ചാര്‍ത്തുകയും ചെയ്യും. ജനാധിപത്യ സമൂഹങ്ങളില്‍ ഈ രസകരമായ സങ്കല്പം നിലവിലില്ലാത്തതാണ്. സമഗ്രാധിപത്യസമൂഹത്തിലും ഇപ്പോള്‍ സൌകര്യപൂര്‍വം ഇവിടെയും മാത്രമാണ് അത് നിലവിലുള്ളത്.

 

 

 

 

4 thoughts on “നോം ചോംസ്കി അപ്പോള്‍, ശരിക്കും അമേരിക്കയുടെ സമയം കഴിഞ്ഞോ?

Leave a Reply

Your email address will not be published. Required fields are marked *