വിനയരേ വിനയരേ, നിറമില്ലാത്തൊരു കല്ല് തരാമോ?

 

 

 

 

സകല കലകളുടേയും സൌന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍ -സര്‍ജു എഴുതുന്നു

 

 
വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു -സര്‍ജു എഴുതുന്നു

 

 

 

 

 

 
നീയൊരു സൂഫിയുടെ വേഷമിടുന്നോ?
ജിപ്സികളുടെ നാടകത്തിലെ
സൂത്രധാരനാകുന്നോ?

നാലുകയ്യുള്ള കുപ്പായമണിയുന്നതിന്റെ രഹസ്യം തിരക്കിയവരുണ്ട്.മറ്റുചിലരാകട്ടെ അധികമുള്ള കരങ്ങളില്‍ നാരദവീണപോലൊരു വാദ്യം കരുതി നടക്കുന്നതും ഊരുകളും മനുഷ്യരും പ്രകൃതിയും മാറുന്നതനുസരിച്ച് അതില്‍നിന്നു പല ചിട്ടകളുള്ള സംഗീതമുതിരുന്നതും അറിഞ്ഞിരുന്നു. സകല കലകളുടേയും സൌെന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍.

ദൂരദേശങ്ങളില്‍, ഉത്തരാധുനിക ഫാഷനുകളുടെ അങ്ങാടികളില്‍ കവിയക്കൊപ്പം അലഞ്ഞിട്ടുണ്ട്. അതിലൊന്നും വിനയര്‍ക്ക് അത്ര കമ്പം തോന്നിയിട്ടില്ല.ലളിതവും നിസാരവുമായ രിതികളുള്ള, ആകര്‍ഷകവും പുതുക്കങ്ങള്‍ക്ക് മുന്നേ പോകുന്നതുമായ ഒരു സെല്‍ഫ് ഡിസൈന്‍, ചമയ സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നു.മുന്തിയ ഡിസൈനേഴ്സിന്റെ കടപൂട്ടിക്കാന്‍ പോന്ന അവഗാഹങ്ങളില്‍ നിന്നായിരുന്നു ആ ഒരുങ്ങി വരവുകള്‍.

കാല്‍നൂറ്റാണ്ടപ്പുറത്ത്, തിരോന്തരത്ത് യൂണിവേഴ്സിറ്റി കോളേജിനും ലൈബ്രറിയ്ക്കും വി.ജെ.റ്റി ഹാളിനുമിടയ്ക്കുള്ള തെരുവില്‍, ബസ് സ്റ്റോപ്പില്‍ ധര്‍മ്മരാജയിലെ ഏതോ കഥാപാത്രത്തെപ്പോലെ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വരപഠിക്കാന്‍ ഫൈനാര്‍ട്ട്സിലെ പിള്ളേരില്‍ നിന്ന് അച്ചാരം വാങ്ങിയുള്ള നില്‍പ്പോ, അതൊരു തുറന്ന സ്റുഡിയോയോ എന്ന് ശങ്കിച്ച്, പരിചയത്തിന്റെ ബലത്തില്‍ ശാസ്തമംഗലത്തേയ്ക്കുള്ള ബസല്ലേ കാത്തുനില്‍ക്കുന്നത് എന്ന് തിരക്കിയിട്ടുണ്ട്. സമകാലിക കലയിലെ ആര്‍ട്ടിസ്റുകള്‍ക്ക് അവരുടെ ശരീരത്തെക്കൂടി പങ്കെടുപ്പിച്ച് കൊണ്ട് ചില ആവിഷ്കാരങ്ങള്‍ നടത്തുന്ന ഏര്‍പ്പാടുണ്ട്. ഉടലിനെ ആവിധം പങ്കാളിയാക്കിയ കവിയായിരുന്നു വിനയചന്ദ്രന്‍. മലയാളത്തിന്റെ വാമൊഴി വഴക്കങ്ങളോടും പാട്ടുപാരമ്പര്യത്തോടും ആധുനിക കവിതയെ ഇണക്കി എന്ന് പുറം പൂച്ചിന് പറയുന്നതില്‍ ‘ഇരുട്ടേ വന്ന് ഈ ഓട്ടയിലിരിക്ക്’ എന്ന മനസാണുള്ളത്.

സന്ധ്യാവായനയുടെ വെട്ടം ഉള്ളില്‍ വീണ് തെളിച്ചമുണ്ടായ കവികള്‍ നിരവധിയാണ്. വായന ഒരാളുടെ ആനന്ദമാര്‍ഗമായിരുന്നില്ല. മറ്റുള്ളവര്‍ക്കുകൂടിയായിരുന്നു. സ്വരമുയര്‍ത്തിയുള്ള പാരായണവഴി, പാരമ്പര്യം , ആത്മീയതയുടെയോ കവിതയുടെയോ മാത്രമായിരുന്നില്ല. കുട്ടികള്‍ വായിക്കുന്നത് ഊര്‍ജ്ജതന്ത്രമായാലും ഭൂമിശാസ്ത്രമായാലും വഴിയില്‍ മുഴങ്ങുമായിരുന്നു. അടക്കവും മൌെനവും വശമാകുമ്പോഴാണ് ആളുകള്‍ വായനശാലകളില്‍ അംഗത്വത്തിന് അപേക്ഷിച്ചിരുന്നത്.എഴുത്തച്ഛന്‍ കവിതപോലെ ചൊല്‍ക്കവിതയായി പടര്‍ന്നവ ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും.കവിയല്ല ചൊല്ലിയത് എന്നവ ്യത്യാസമേ അതിലുള്ളൂ. ഇതര ദേശങ്ങളില്‍ പെര്‍ഫോമിംഗ് പൊയട്രി എന്നൊരിനമുണ്ട്. കവി തന്നെ നേരിട്ട് അവതരിപ്പിക്കുന്നത്. ആളുകള്‍ റ്റിക്കറ്റെടുത്ത കയറുന്ന ഒരു കലാപരിപാടി.ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങി പെര്‍ഫോമിംഗ് പൊയട്രിയിലെ മഹത്തുക്കള്‍ക്കു മുന്നില്‍ ഡി. വിനയചന്ദ്രന്‍ ഒരു കുഞ്ഞനുണ്ണി.

ചൊല്ലുമ്പോള്‍ ഭാവം തികയ്ക്കാന്‍ അങ്ങേര്‍ അറുമുഖനാവുമായിരുന്നു. വായുവില്‍ എഴുതിമായ്ക്കുന്ന നൃത്തം വയ്ക്കുന്ന കരങ്ങളെത്ര എന്ന് സരസ്വതിയോടും ചോദിക്കണം.ഹൃദിസ്ഥമായവയുടെ അപാരമായ ഒഴുക്കിനും വ്യാപ്തിക്കും മുന്നില്‍ അന്തംവിട്ടുനിന്ന ഒരറബിക്കവിയോട് അങ്ങേരുടെ ഹൃദയത്തിന് നാല്‍പത് അറകള്‍ എന്ന് പറയേണ്ടിവന്നിട്ടുണ്ട്. കവിതയും വിശേഷപ്പെട്ട ഒരു മനക്കണക്ക്.

വാക്കിന്റെ മുന്നില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മൂകനായി ഊരുചുറ്റുക
കല്ലില്‍കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക;

 

 

 

 

ഇങ്ങനെ കവിത മനസിലാകാത്തവരോട് വിനയചന്ദ്രന്‍ പലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ മരണംകഴികെ പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നുപോവുക എന്നും. ഒരറുതി എന്ന് വിശ്വസിക്കുക വയ്യ.അവരോഹണത്തില്‍ ചില സിംഫണികള്‍. മൌനത്തിന്റെ ആഴംതൊടുമ്പോള്‍ അതവസാനിച്ചു എന്ന് നാം തെറ്റിദ്ധരിക്കുന്നപോലൊരു മരണം.ആര്‍പ്പുവിളികള്‍ക്കോ കുരവകള്‍ക്കോ ഇടയില്‍ വന്നുപെടുന്ന നന്നേ നേര്‍ത്ത നിശബ്ദത. അതിനപ്പുറമെന്ത്? കവി അനേകം ഋതുക്കളാകുന്നു.മരിച്ചതും പിറക്കാനിരിക്കുന്നതുമായ നക്ഷത്രരാശികളും എന്ന് വിനയര്‍ മുന്നേ എഴുതി.

അവനിന്നു നമ്മളെ
കടവില്‍ത്തനിച്ചാക്കി
നദികടന്നപ്പുറം പോയി
അവനിന്നു നമ്മളെ
തടവില്‍തനിച്ചാക്കി
മലകടന്നപ്പുറം പോയി
വിരിയുന്ന പൂക്കളില്‍
മരണം കുറിച്ചിട്ട
മറുലിപികള്‍ നീയിന്നു കണ്ടോ?

മരണമെന്നപോലെ എഴുത്തും മറ്റൊരാളെ കൂട്ടാവുന്ന ഒന്നല്ല.സാമാന്യമായി എഴുത്തുകാര്‍ അന്തര്‍ജനങ്ങളാണ്.ഏകാന്തതയാണ് പലരേയും മെനഞ്ഞ മണ്ണ്.കവിയും സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന കുമാരനാശാന്‍ മറ്റൊരു വംശഗതി. ഏതു ഭാഷയിലുമെന്നപോലെ ആ ധാര മലയാളത്തിലും വൃദ്ധിക്ഷയങ്ങളോടെ നിലനിന്നു. രാഷ്ട്രീയ ആവേശം പുറമേ പുലര്‍ന്ന എഴുപതുകളിലാണ് വിനയചന്ദ്രന്റെ കവിത സജീവതനേടുന്നത്.എന്നാല്‍ ആവേശത്തിര അടങ്ങിയ, രാഷ്ട്രീയ കൂറുകള്‍ കൊണ്ടുനടക്കാനാവാതെ വന്ന എമ്പതുകളാണ് ആ കവിതകളുടെ വികാസഘട്ടം.

ഭാഷാപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും എന്ന നിലയില്‍ മലയാള കവിത മൌെലികതയിലും വ്യക്തിത്വത്തിലും ശക്തിസ്വരൂപിച്ച ഒരു ഘട്ടമായിരുന്നു എമ്പതുകള്‍.മറ്റകമ്പടികളും ആശ്രയങ്ങളുമില്ലാതെ തനിച്ചു നില്‍ക്കാനും പോകാനുമുള്ള പ്രാപ്തികള്‍ വിപുലമായി.കവിതയ്ക്കുള്ളിലെ സാമൂഹിക തലം വികസിപ്പിക്കുകയും കവിത കൂടുതല്‍ ജനാധിപത്യ വത്ക്കരിക്കപ്പെടുകയും ചെയ്യുന്നതില്‍ എമ്പതുകളിലെ കവിത പൊതുവായും വിനയചന്ദ്രന്റെ കവിത വിശേഷിച്ചും നിര്‍ണ്ണായക പങ്ക് വഹിച്ചു.

സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥപോലെ സാംസ്കാരിക വ്യവസ്ഥയും ഒരു യാഥാര്‍ഥ്യമാണ്.വ്യവസ്ഥയെ രൂപപ്പെടുത്തുകയും നിര്‍ണ്ണയിച്ച് പരിപാലിക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ ഒന്നും വ്യവസ്ഥാമാറ്റത്തെ പിന്തുണയ്ക്കുകയില്ല.അതുകൊണ്ട് തന്നെ സാംസ്കാരിക മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ പുതുവഴിവെട്ടുക എന്നാണ്.

മുഖ്യമായും ഗ്രാമീണ കാര്‍ഷിക ജീവിതവും കാര്‍ഷികപ്രവര്‍ത്തനങ്ങളും ഉപജീവിച്ചുള്ള ഒരു പാട്ടു വഴിയിലൂടെ ആയിരുന്നില്ല വിനയചന്ദ്രന്റെ കാവ്യസഞ്ചാരം. പച്ചമണ്ണുകിളയ്ക്കുന്ന കുശവനിലൂടെ,എല്ലാ പാറയും അഹല്യയാണെന്നു പറയുന്ന മുക്കുവത്തിയുടെ സുവിശേഷത്തിലൂടെ, ഉടുത്തതറ്റഴിയാതെ വെപ്പുവേലകള്‍ ചെയ്യുന്ന, അടിച്ചുതളിക്കുന്ന കൂന്തച്ചേച്ചിയിലൂടെ ബഹുവിധങ്ങളായ മനുഷ്യപ്രവര്‍ത്തനങ്ങളെ വിനയചന്ദ്രന്‍ കവിതയുടെ ഉള്ളടരുകളിലേയ്ക്ക് കൊണ്ടു വന്നു.അമ്മ എനിക്ക് കമ്പിളിനൂലുകൊണ്ട് ഒരു പന്തുണ്ടാക്കിത്തന്നു എന്നെഴുതിയതിലും കൈ വേലകള്‍ക്കുള്ള ഒരു വാഴ്ത്ത് വായിക്കാനാകും.

കോട്ടവാതിലനടുത്തു
പുതിയ റോഡുവെട്ടിയപ്പോള്‍
ചില പഴയ കലങ്ങളും
കത്തികളും കിട്ടി.
സന്ധ്യയ്ക്ക് അമ്പലത്തില്‍
പോയിവരുമ്പോള്‍
ഞാന്‍ അമ്മയോട് ചോദിച്ചു;
ഹാരപ്പയിലെ ആളുകള്‍
നമ്മുടെ പൂര്‍വ്വികരാണോ?
കുന്നിലെ ഊറ്റരികില്‍ നിന്നും
കറുത്ത പശമണ്ണ് എടുത്തുകൊള്ളാന്‍
അമ്മ പറഞ്ഞു.
വീടെത്തി അതുകൊണ്ടുഞാന്‍
വള്ളത്തിന്റെ പടിയിലിരിക്കുന്ന
പെണ്ണിന്റെ രൂപം മെനഞ്ഞു
പിന്നെ ഒരാട്ടുകല്ലും കുഴവിയും ( അമ്മമാരും ചരിത്രവും).

വയലിലോ പറമ്പിലോ ഉള്ള കാര്‍ഷികമായ അദ്ധ്വാനമായിരുന്നു പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്.വീട്ടിനുള്ളിലെ സ്ത്രീയുടെ അദ്ധ്വാനത്തെ ചരിത്രംതൊട്ട് തെളിച്ച് കാട്ടുന്ന കവിതയാണ് അമ്മമാരും ചരിത്രവും.കൂന്തച്ചേച്ചിയില്‍ തന്നെ അതിന്റെ പതിഞ്ഞ ആഖ്യാനമുണ്ട്.ശാന്ത, കുറത്തി തുടങ്ങിയ കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുറമേയ്ക്ക് രാഷ്ട്രീയ സ്വഭാമുള്ള കവിതയല്ല കൂന്തച്ചേച്ചി.എന്നാല്‍ ആനന്ദവും ആശ്വാസവുമറിയാത്ത അടിത്തട്ടിലെ സ്ത്രീ ജീവിതത്തേയും അവിരാമമായ ശാരീരിക അദ്ധ്വാനത്തേയും, ഒറ്റപ്പെടലിനേയും ആവിഷ്കരിക്കുന്ന കവിതയില്‍ രാഷ്ട്രീയമാനങ്ങള്‍ താനേതെളിഞ്ഞു.സ്ത്രീ രാഷ്ട്രീയം എന്ന് സ്ത്രീയേയും രാഷ്ട്രീയത്തേയും ചേര്‍ത്തുച്ചരിക്കല്‍ മലയാളത്തില്‍ അന്ന് സാധാരണമായിരുന്നില്ല.വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഇരുകരകളിലായിപ്പോയ പെണ്‍കുട്ടികളെക്കുറിച്ച് അമ്മമാരും ചരിത്രവും എന്ന കവിതയില്‍ അമ്മപറഞ്ഞ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്,

ഇപ്പോഴും നദിയുടെ ഇങ്ങേത്തല
കുഞ്ഞേ കുഞ്ഞേയെന്നും
അങ്ങേത്തല ചേച്ചീ ചേച്ചീയെന്നും
കരഞ്ഞുകൊണ്ടൊഴുകുന്നു

വിനയചന്ദ്രന്റെ കാവ്യാലാപനത്തിന്റെ ഉയര്‍ന്നസ്ഥായികള്‍ ഓര്‍ക്കുന്നതിനൊപ്പം അധികമാരും തിരിച്ചറിയാത്ത, ആറ്റുതീരത്ത് ധ്യാനത്തോടെ നിന്നാല്‍ മാത്രം കേള്‍ക്കുന്ന ആ കവിതയിലെ നന്നേ പതിഞ്ഞ സ്വരങ്ങളും തിരിച്ചറിയേണ്ടതാണ്. ഗ്രാമത്തിലെ കൊല്ലന്‍ പഴുത്ത ഇരുമ്പില്‍ അവന്റെ കൂടം ആഞ്ഞടിച്ചപ്പോഴും ആ ശബ്ദം ഒരു രഹസ്യത്തോളം താഴ്ന്നുപോയിരുന്നു.

ആദ്യം ആരും ശ്രദ്ധിച്ചില്ല.
എല്ലാവരുമുണരുന്നതിനു മുമ്പ്
ഗ്രാമത്തിലെ കൊല്ലന്‍ അവന്റെ ഉലയില്‍ തീയൂതി
ഉലയില്‍ തീ ചെമന്നു
ഉലയില്‍ കിടന്ന് ഇരുമ്പു ചെമന്നു
ഉലയില്‍ കിടന്ന് തീ പോലെ പകലും ചെമന്നു ( ചരിത്രം).

പാരമ്പര്യത്തിന്റെ കൊടി പാതി താഴ്ത്തിക്കെട്ടിയിരുന്നെങ്കിലും താരതമ്യേന പാരമ്പര്യക്കുറുള്ള കവിതയായിരുന്നു അത്. എന്നാല്‍ അപാരമ്പര്യത്തിലും വിനയര്‍ ഉന്മേഷത്തോടെ എഴുതി.നമ്മുടെ സാഹിത്യത്തിന്റെ സാമൂഹികതലം വികസ്വരമാകുകയും കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന ഉറച്ച ബോധ്യം വെളിവാക്കുന്ന ആവിഷ്കാരങ്ങളായിരുന്നു കവിതകള്‍ക്കൊപ്പം ആ കഥകളും, നോവലുകളും , വിവര്‍ത്തനങ്ങളും. വിട്ടുമാറിനില്‍ക്കുന്നവയുടെ ചേര്‍ത്തു വയ്പ്, വിചിത്രങ്ങളായവയെ ഒരുമിപ്പിക്കുന്ന ഒരു ബന്ധുത്വം, ബഹുസ്വരങ്ങളെ മൂടി നില്‍ക്കുന്ന ഒരു വിശേഷ സ്വരം, നാനാവിധമായവയുടെപെരുക്കം, വിനയചന്ദ്രന്റെ കവിതകളുടെ അടിസ്ഥാന സ്വഭാവമായിരുന്നു.ആ ബഹുലതകളെ സുഹൃത്തുക്കളും ശിഷ്യരില്‍പ്പെട്ടവരും ആനമയിലൊട്ടകം എന്ന് കളിയാക്കിയപ്പോഴൊക്കെ,
നീയെന്റെ ദൈന്യമേ നിന്നു പെരുകുന്നു
നീ അനേകങ്ങളായി നിന്നു കരയുന്നു, എന്ന് കവി ചുറ്റുവട്ടങ്ങളിലേയ്ക്ക് കൈചൂണ്ടി.

ഗുഹതന്‍ മുഖംനോക്കി നില്ക്കുന്നിടശേരി;
വരുവതു പാലാണോ ചോരയാണോ?

എന്ന സച്ചിദാനന്ദന്റെ രണ്ടു വരിയില്‍ ബാലിസുഗ്രീവകഥയുടെ ഉപഖ്യാനമുണ്ട്. ആ ഓര്‍മ്മയിലേയ്ക്ക് പോകാതെയും ഒരാള്‍ക്ക് കവിത വായിച്ചുപോകാം. പൂര്‍വാധുനികര്‍ക്ക് ഒരു ഖണ്ഡകാവ്യത്തിനുള്ള വകയാണ് ഇവിടെ നാലു വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നത്. ആധുനിക കവിതയയുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്നാണിത്.പാരമ്പര്യവുമായുള്ള ബന്ധം, സ്വാംശീകരണം, ആവിഷ്കാരം ഇതൊക്കെ ഇവിടെ വേറിട്ടരീതിയില്‍ ഉള്ളതാണ്.

രാത്രിയെന്‍ ശൈശവത്തില്‍ സ്വാമിയയ്യപ്പ
നീറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍
അമ്മിഞ്ഞസ്വപനത്തിലൂറുന്നൊരമ്പിളി
അമ്മ മണക്കുന്ന പൂക്കളും പൂഴിയും (രാത്രി)

വിനയ ചന്ദ്രന്റെ ഈ വരികളില്‍; സ്വാമി അയ്യപ്പന്‍, ഈറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍ ഇങ്ങനെ മൂന്നു വാക്കുകളില്‍ ഒരു ഐതീഹ്യം വായിക്കാം.
അങ്ങനെ അല്ലാതെയും മുലപ്പാല്‍ നിലാവായൊഴുകുമ്പോള്‍ മണ്ണിലും പൂക്കളിലും അമ്മയെ മണത്ത് പുലിപെറ്റുകിടക്കുന്ന രാത്രി പാലായിവെളുക്കും.അതിനപ്പുറം കാടും മേടും മലയും താണ്ടിയുള്ള കവിയുടെ യാത്രകള്‍ ശൈശവത്തിന്റെ പ്രഭാതങ്ങളില്‍ നിന്നുള്ള പുറപ്പെടലാകുന്നു. ജനകീയവും ആത്മീയവുമായ ഉള്ളൊഴുക്കുകള്‍ വിനയരുടെ കവിതയുടെ പൊതുസ്വഭാവവുമാണ്. എന്നാല്‍ ചിന്നിചിതറുന്ന ഒരു നിമിഷത്തില്‍ തിങ്ങി നിറയുന്നതിനെ ആവിഷ്കരിക്കുമ്പോള്‍ ആ ശൈലി കൂടുതല്‍ ഫലപ്രദമായി വെളിപ്പെട്ടു.

എന്തുഞാനോര്‍ത്തു മറന്നതെന്നോര്‍ക്കുവാന്‍
പിന്നെ ശ്രമിച്ചു കുഴഞ്ഞു നടക്കുമ്പോള്‍
ഫാസ്റ് പാസഞ്ചറതുമിതും വാരി
നിറച്ച മുനിസിപ്പാലിറ്റി വണ്ടി, തടിലോറി
വീപ്പയില്‍ വെള്ളം നിറച്ചൊരോട്ടോറിക്ഷ,
ഷാപ്പുകാര്‍ക്കുള്ളകന്നാ,സൈസ്ക്രീം പെട്ടി
പൂട്ടിയടച്ച ശവപ്പെട്ടി, യാന
പ്പുറത്തു ലാറ്റക്സിന്‍ പരസ്യത്തിടമ്പുകള്‍ (നിരാസം).

അക്കലണ്ടറിനറ്റത്തിരിക്കുന്നു ദിക്കിലെട്ടുകാലുള്ളൊരു ജീവിതം എന്ന് വലിഞ്ഞുമുറുകുമ്പോള്‍ എല്ലാപ്പടിയുമിടിഞ്ഞകുളത്തില്‍ വന്നൊറ്റയ്ക്കിരിക്കുന്നു.അക്കുളത്തിന്റെ വക്കത്തിരിക്കുമ്പൊഴും എത്തിനോക്കിക്കുതിക്കുന്നു,പിണ്ഡമുണ്ടുപറക്കുന്നു^ആധുനിക മലയാള കവിതയേയും വായനക്കാരേയും കാര്യമായിസ്വാധീനിച്ചിട്ടുള്ള വിനയചന്ദ്രന്റെ കവിതകളാണ് യാത്രപ്പാട്ടും വീട്ടിലേയ്ക്കുള്ള വഴിയും.

യാത്രപ്പാട്ട് ലോകം കൂടുതല്‍ ചലനാത്മകമായൊരു കാലത്തിന്റേതായിരുന്നു. ലോകത്തിലേയ്ക്കുള്ള ഇറക്കം, സ്വാതന്തൃത്തിന്റെ വഴിതേടല്‍, ജീവിതം കണ്ടെത്തല്‍, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുള്ള വിട്ടുപോകലുകള്‍,പലതരം നഗരങ്ങളിലെ വാടകജീവിതം, സ്വകാര്യതയേയും സാമൂഹികതയെയും കുറിച്ചുള്ള പുതിയ ധാരണകള്‍, വേര്‍പാടിന്റെ സങ്കടങ്ങള്‍ ^സാമൂഹികസന്ദര്‍ഭത്തെക്കൂടി അടയാളപ്പെടുത്തിയ കവിതയായിരുന്നു യാത്രപ്പാട്ട്.ബാല ചന്ദ്രന്റെ യാത്രമൊഴി ഉള്‍പ്പെടെ നൂറുകണക്കിനു കവിതകള്‍, പ്രത്യേകമായി സമാഹരിച്ച് പഠിക്കാന്‍ പോന്നവിധം അതിനെത്തുടര്‍ന്നു മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

കാലത്തിന്റെ ഒരിടദൂരം താണ്ടിനിന്നുള്ള എഴുത്തായിരുന്നു വീട്ടിലേയ്ക്കുള്ള വഴി.
വീട്ടിലേയ്ക്ക് എന്നു പോകുന്നു എന്ന ചോദ്യത്തെ നേരിട്ടിട്ടില്ലാത്ത ഒരാളെ സങ്കല്‍പ്പിക്കുക തന്നെ പ്രയാസമായ കാലഘട്ടത്തിലാണ് ആ കവിതയുടെ പിറവി. വീട്ടിലേയ്ക്കുള്ള ഒരുക്കം, വീടിന്റെ സ്നേഹസ്പര്‍ശങ്ങള്‍, അഭയങ്ങള്‍, വീട്ടില്‍ നിന്നുള്ള മടക്കം, ഉണ്ടായിട്ടും ഇല്ലാതാകുന്ന വീടുകള്‍, വീടേ ഇല്ലാത്തവര്‍, ഇങ്ങനെ പല അവസ്ഥകളെ ചേര്‍ത്തെഴുതിയ കവിത, ഒരു മടക്കമായിരുന്നില്ല.

വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന
പശുവിന്റെ ജഡമല്ലേ പത്തായം
അഴുകി നാറുന്ന കതക് തുറന്നിട്ടപ്പോള്‍
ഇടയ്ക്കിടയ്ക്ക് മൂക്കടയ്ക്കുന്നു-
എന്ന് വായിച്ചത് മുത്തേടത്ത് അനന്തന്‍ പിള്ളയ്ക്ക് എഴുത്തു വരുന്ന ദിവസത്തിലാണ്. മുടികരിയുന്നതും കര്‍പ്പൂരമെരിയുന്നതും ഇടകലര്‍ന്ന ഘ്രാണത്തെ അതിടയ്ക്കിടെ കൊണ്ടുവരും.

ജീവിതം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നോ? ഓരോ ദിവസവും കൂടുതല്‍ വേദനിപ്പിക്കുന്നു. അപമാനിക്കുന്നു. നമ്മുടെ അറിവുകള്‍ എല്ലാം ക്ഷണികവും പുതിയ അറിവുകളുടെ മുമ്പില്‍ പിശകുകളും ആണെന്ന് ആക്ഷേപിക്കുന്നു. നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന കവിയുടെ പ്രവചനശേഷി അല്പരും ദുര്‍ബലരുമായ മനുഷ്യരുടെ ആയുസ്സിലേ ഫലിക്കുന്നുള്ളൂ ^അനുഭവം ഓര്‍മ യാത്ര എന്ന പുസ്തകത്തിന്റെ അവസാന പേജുകളിലെ ഈ വാക്കുകളിലെത്തിയപ്പോള്‍ വിനയരിലെ പ്രസന്നതകളെ കാലം എടുത്തുകൊണ്ടുപോകുന്നതായി തോന്നിയിരുന്നു.

എന്നാല്‍ തുടര്‍ന്നു വന്ന വാക്കുകള്‍ അത് തിരുത്തി പ്രപഞ്ചത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോ?ഉണ്ടെങ്കില്‍ തന്നെ കൊച്ചു ഭൂമിയും സൌെരയൂഥവും നമ്മുടെ കുഞ്ഞു ക്ഷീരപഥവും അതില്‍പ്പെടുമോ? ഇത്തരം കാര്യങ്ങള്‍ ആലോചിച്ചാല്‍ അന്തം വിട്ട ഒരു ശൂന്യതയാണ് മറുപടി. നമ്മള്‍ നടന്നുപോകുമ്പോള്‍ എറുമ്പുകളുടെ മുകളില്‍ ചവിട്ടുമ്പോള്‍ അവ ചത്തു പോകുന്നതു പോലെ ഭൌമേതര ജീവികള്‍ നമ്മെ ചതച്ചരച്ചു കൂടെന്നില്ല. ഭൌമ സഹജമായ കാരുണ്യത്തിന്റെ വിവശത അവര്‍ക്കുണ്ടാകുമോ?

വേറിട്ട മനോവേഗങ്ങളുള്ള മനുഷ്യനായിരുന്നു.അതുകൊണ്ടാവണം
എന്റെയെന്നുള്ളൊരലിവു, മഗാധത്തി
ലെന്റെയെന്നില്ലെന്ന നിര്‍വ്വേദദീപ്തിയും,
എന്ന് എഴുതാനായത്.

മൂപ്പുമുറയില്ലാതെ പെരുമാറിയിരുന്നതുകൊണ്ട് ആറ്റിലും മലയിലും കടലോരത്തും കവിയരങ്ങിലും കള്ളുഷാപ്പിലും. അറിയാത്ത ഊരുകളിലും മരുഭൂമിയിലും വിനയരോടൊത്തു പോകാനിട വന്നിട്ടുണ്ട്.കൊല്ലം പട്ടണത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് വിനയ ചന്ദ്രനെ വായിക്കുന്ന , 1996ല്‍ എഴുതിയ ഒരു കവിത ഇതോടൊപ്പം.

 

 

വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു.

 

 

 

 

One thought on “വിനയരേ വിനയരേ, നിറമില്ലാത്തൊരു കല്ല് തരാമോ?

 1. വാക്കിന്റെ മുന്നില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാകുക
  ആണ്ടിലൊരിക്കല്‍ മൂകനായി ഊരുചുറ്റുക
  കല്ലില്‍കൊത്തിയെടുത്ത സൂര്യരഥം കാണുക
  കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക
  കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
  ദൈവമേ …

Leave a Reply

Your email address will not be published. Required fields are marked *