വേട്ടക്കാര്‍ക്കൊപ്പമോ കേരളം ?

 

 

നിരന്തരം ആവര്‍ത്തിക്കുന്ന സ്ത്രീ പീഡനങ്ങളെ കേരളീയ സമൂഹം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്-ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

 

ലൈംഗികാക്രമണങ്ങളെ ന്യായീകരിക്കുന്ന വാദഗതികള്‍ പലപ്പോഴും സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. വസ്ത്രധാരണം, സ്വഭാവ ദൂഷ്യം, അസമയത്തെ സഞ്ചാരം തുടങ്ങിയവ ഇരയുടെമേല്‍ കെട്ടിവെയ്ക്കുന്ന രീതി വളരെ വിചിത്രമാണ്. വേട്ടക്കാരന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കേണ്ടത് ഇരയുടെ ചുമതലയാണെന്നും അതിനായി അവര്‍ മാളത്തില്‍ ഒളിക്കണമെന്നു പറയുന്ന കാട്ടുനീതി പുരോഗമന സമൂഹത്തില്‍ നടപ്പാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. വേട്ടക്കാരന്റെ തടങ്കലില്‍ ആയിരിക്കുമ്പോള്‍ ബഹളം കൂട്ടാതിരുന്നത് ഇര ലൈംഗികത ആസ്വദിച്ചതിനാലാവുമെന്നു വാദിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ജീവനു ഭീഷണിയുണ്ടാകുമ്പോള്‍ ഭീതിയിലാണ്ടുപോവുന്ന പെണ്‍കുട്ടിയുടെ മനോനില ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു-ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

 

 

ഏതൊരു വേട്ടയാടലിലും ഇരയും വേട്ടക്കാരനുമുണ്ട്. ഓരോ വേട്ടയുടേയും അസൂത്രണവും നടപ്പാക്കലും വേട്ടക്കാരന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ അതില്‍ ഇരയുടെ പങ്ക് ഇരയായി മാറുക എന്നതു മാത്രമാണ്.ഒരു ഇരയും നായാട്ട് ആസ്വദിക്കുന്നില്ലങ്കിലും വേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന അനുഭവമാണ് ഓരോ വേട്ടയും. കിരാതമായ കാട്ടുനീതിയില്‍ അക്രമിക്കാനെത്തുന്ന വേട്ടക്കാരില്‍ നിന്നും വന്യമൃഗങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് ഓരോ ഇരയുടെയും ബാധ്യതയാണ്.എന്നാല്‍ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയിലൂടെ ഉയര്‍ന്ന ഒരു പരിഷ്കൃത സമൂഹം ഇരകളുടെ രക്ഷക്കെത്തുകയും അവരെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിലൂടെ സമൂഹമാര്‍ജ്ജിക്കുന്നത് ഒരു സാംസ്കാരിക ഔന്നത്യമാണ്. അങ്ങനെ ഓരോ വേട്ടക്കാരനും കാലാന്തരേണ സമൂഹത്തിന്റെ ഇരയായി മാറുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത് അധികാരവും സ്വാധീനവുമുള്ളവര്‍ നിസ്സഹായര്‍ക്ക് സാമൂഹ്യനീതി നിഷേധിക്കുമ്പോള്‍ യഥാര്‍ത്ഥ വേട്ടക്കാരന ഇരകളേയും വേട്ടക്കാരേയും പുനര്‍നിര്‍ണയം ചെയ്യാനാവുന്നു.

വര്‍ദ്ധിച്ചുവരുന്ന സ്ത്രീ വേട്ടകള്‍ സമൂഹമനസ്സാക്ഷിക്ക് മുമ്പില്‍ ഒരുപിടി ചോദ്യങ്ങള്‍ ഉയര്‍ത്തി കടന്നു പോകുന്നു. പ്രതികരിക്കാന്‍ മടിക്കുന്ന പൊതുസമൂഹത്തില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തി ക്കുമ്പോള്‍ പഴയവ മറവിയിലേക്ക് മറയുന്നു. ഓരോ ദിനവും ഇവിടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞ് മുതല്‍ മരണം കാക്കുന്ന വയോവൃദ്ധ വരെ ഇവിടെ ലൈംഗിക പീഡന ഇരകളുടെ പട്ടികയില്‍ ഇടം നേടുന്നു. മൃതപ്രായമായ ഇരയുടെ രക്ഷക്കെത്തുന്നതിനു പകരം നിര്‍ദ്ദയം അവരെ വേട്ടയാടിക്കൊണ്ട് അപരിഷ്കൃത സമൂഹം പലപ്പോഴും വേട്ടക്കാരന്റെ മേലങ്കിയണിയുന്നു.

സ്ത്രീയും ലൈംഗികാക്രമണങ്ങളും
ഭാരതീയ സ്ത്രീയുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍ പുരോഗമന സമൂഹത്തിലെ സ്ത്രീയുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ശൈശവാവസ്ഥ മുതല്‍ പല രീതിയിലുമുള്ള ലൈംഗികാക്രമണങ്ങളെ അവള്‍ക്ക് ചെറുക്കേണ്ടി വരുന്നു. പലപ്പോഴും അതിനെ ഫലപ്രദമായി പ്രതിരോധിക്കാനാവാതെ അവള്‍ പൊരുതി തളരുന്നു. സ്വന്തം വീട്ടില്‍ നിന്നുപോലും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ എവിടെയാണ് സുരക്ഷിതമായ അഭയം തേടുവാന്‍ അവള്‍ക്കാവുക? നടന്നു നീങ്ങുന്ന ഓരോ ഇടവഴികളിലും തന്നെ കാത്തിരിക്കുന്ന ദുരന്തത്തെയോര്‍ത്തു ഭീതിയോടെ കഴിച്ചു കൂട്ടേണ്ടിവരുന്ന ജീവിതം. പൊതുനിരത്തുകളിലും, യാത്രകളിലും,തൊഴിലിടങ്ങളിലുമൊക്കെ കൊത്തിപ്പറിക്കുന്ന കാമാര്‍ത്തമായ കണ്ണുകളോടെ കഴുകന്മാര്‍ അവള്‍ക്ക് ചുറ്റും വട്ടമിടുന്നു.

ബിജോ ജോസ് ചെമ്മാന്ത്ര

ദല്‍ഹിയിലെ ബസിനുള്ളില്‍ നടന്ന ക്രൂരപീഡനത്തിലൂടെ ആധുനിക ഇന്ത്യയിലെ ഊതിപ്പെരുപ്പിച്ച സ്ത്രീസമത്വ മുഖംമൂടികള്‍ അഴിഞ്ഞു വീണു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ യും നിഷ്ക്രിയത്വത്തിനെതിരെ തലസ്ഥാന നഗരിയില്‍ അലയടിച്ച പ്രതിഷേധം ഒരു രാഷ്ട്രീയ മതസാമൂഹ്യ സംഘടനയുടേയും തണലിലായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ചുറ്റുമുള്ള ഖനീഭവിച്ച നിസ്സംഗതയുടെ തോട് ഭേദിച്ച് സാധാരണ പൌെരന്മാര്‍ പുറത്തു വന്ന ദിനം.അതിനുശേഷം വനിതകളോടുള്ള അക്രമങ്ങള്‍ക്കെതിരെ സമീപകാലങ്ങളിലുണ്ടാകുന്ന ശക്തമായ ജനവികാരവും മാധ്യമ ജാഗ്രതയും ശുഭസൂചകമാണ്.

കാഴ്ചയുടെ നിറക്കൂട്ടുകളില്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന നിഷ്കളങ്ക ബാല്യത്തില്‍ ലോകം അവള്‍ക്കു ചുറ്റും വരയ്ക്കുന്ന നിയന്ത്രണത്തിന്റെ കോലങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ അവളെ ആശയക്കുഴപ്പത്തിലാക്കുന്നു. പ്രണയത്തില്‍ പോലും ലോകം കാപട്യം കലര്‍ത്തുമ്പോള്‍ പ്രണയവും ലൈംഗിക ചൂഷണവും എങ്ങനെയോ കൈകോര്‍ക്കുന്നു. പ്രലോഭനത്തിന്റെ വലകള്‍ വിരിച്ച് പെണ്‍വണിഭസംഘങ്ങളുടെ വേരുകള്‍ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്ക് പടരുന്നു. സുരക്ഷിതമായ ഒരിടം സമൂഹം നിഷേധിക്കുമ്പോള്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീക്ക് സ്വന്തം കുടുംബത്തില്‍ നിന്നും അന്യരില്‍ നിന്നും നേരിടേണ്ടിവരുന്ന എതിര്‍പ്പ് ചെറുതല്ല. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന തിരിച്ചറിവ് ഭൂരിഭാഗം സ്ത്രീകള്‍ക്കുമില്ലാത്തത് പുരുഷമേധാവിത്വം ഉറപ്പിക്കുവാന്‍ പുരുഷന് സഹായകമാകുന്നു.വ്യക്തി ജീവിതത്തില്‍ തിരിച്ചടികളേയും അടിച്ചമര്‍ത്തലിനേയും അതിജീവിച്ച് മുന്നോട്ടു പോകുന്ന സ്ത്രീയുടെ രക്ഷക്ക് ഒരു പ്രത്യയശാസ്ത്രവും ആത്മീയവേദാന്തവും സഹായത്തിനെത്തുന്നില്ല എന്നതാണ് സത്യം.

 

 

ഇരകളും ജീവിതാവസ്ഥയും
ലൈംഗിക കുറ്റകൃത്യങ്ങളിലെ ഇരകളില്‍ പലരും ഈ അതിക്രമങ്ങളുടെ പരിണിതഫലമായോ മാനസികമായ തുടര്‍ചലനങ്ങളിലോ നീറിനീറി ഇല്ലാതാവുന്നു. അപമാനിതരായി ജീവിക്കേണ്ടിവരുന്നവരാകട്ടെ യാതനയിലും ഒറ്റപ്പെടലിലും ശിഷ്ടജീവിതം മാനസികസംഘര്‍ഷത്തോടെ തള്ളിനീക്കുന്നു. വേട്ടക്കാര്‍ പൊതു സമൂഹത്തില്‍ ബഹുമാന്യരായി തലയുയര്‍ത്തി ജീവിക്കുകയും നീതി നിഷേധിക്കപ്പെട്ട ഇരകള്‍ തലതാഴ്ത്തി ജീവിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ ഭീകരമാണ്. എല്ലാവരാലും അപമാനിക്കപ്പെട്ട ഇരയുടെ മുമ്പില്‍ ഭീഷണി മുഴക്കിയും വെല്ലുവിളിച്ചും കുറ്റവാളികള്‍ വീണ്ടും അവരെ വേട്ടയാടുന്നു. അധികാരസ്ഥാനങ്ങളില്‍ സ്വാധീനവുമുള്ള കുറ്റാരോപിതരെ സാമൂഹ്യപരമായും രാഷ്ട്രീയപരവുമായും ചെറുക്കുവാന്‍ താരതമ്യേന നിരാലംബരായ ഇരകള്‍ക്ക് സാധിക്കുന്നില്ല. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്നും ആ കുടുംബത്തില്‍ നിന്നും ബോധപൂര്‍വം അകലം പാലിച്ചുകൊണ്ട് ബന്ധുമിത്രാദികളും, വാക്കിലും നോക്കിലും വേട്ടയാടിക്കൊണ്ട് പൊതുസമൂഹവും ഇവരെ സാമൂഹ്യ ജീവിതത്തില്‍ ഒറ്റപ്പെടുത്തുന്നു.

ലൈംഗിക ചൂഷണത്തിനിരയായ ഇരയുടെ മനസ്സ് പൊതുസമൂഹം പാടേ അവഗണിക്കുന്നു. തങ്ങളുടെ ദുരനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അവര്‍ ചെന്നെത്തുന്നത് അവജ്ഞയും പരിഹാസവും നിറഞ്ഞ മറ്റൊരു വന്യലോകത്താണ്. അവിടെ ഇരയുടെ വേദന ചുറ്റുമുള്ള വേട്ടക്കാരെ ഹരം കൊള്ളിക്കുന്നു.അടുത്ത കാലത്ത് വിതുര പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി ഇനി തനിക്ക് കേസ് തുടരണമെന്നോ കുറ്റവാളികള്‍ ശിക്ഷിക്കണമെന്നോ ആഗ്രഹമില്ലന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നും പറഞ്ഞതോര്‍ക്കുക. ഇതാണ് ഇരകള്‍ അനുഭവിക്കുന്ന ദുരന്തം. സമൂഹമെന്ന നിലയില്‍ നാം മാത്രമാണ് അതിനുത്തരവാദികള്‍.

 

 

ന്യായവും നീതിയും
ജനാധിപധ്യ ഭരണകൂടവും നിയമപാലകരും സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ബോധപൂര്‍വം മുഖം തിരിയ്ക്കുമ്പോള്‍ ഒരു ദുരന്താവസ്ഥ സമൂഹത്തില്‍ സംജാതമാകുന്നു. ഉന്നതപദവിയിലുള്ളവര്‍ക്ക് നിയമസംവിധാനങ്ങള്‍ക്കകത്ത് പ്രത്യേക പരിഗണന ലഭിക്കുകയും അവര്‍ക്ക് നിയമങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാനാവുകയും ചെയ്യുന്നു. ന്യായവിധി കല്‍പ്പിക്കുന്നവര്‍ക്ക് കേവല മനുഷ്യന്റെ ബലഹീനതകളെ അതിജീവിക്കാന്‍ സാധിക്കാതാവുകയും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ വിധികളെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ നീതിരഹിതമായ ന്യായവിധികള്‍ ജന്മം കൊള്ളുന്നു.

ശക്തമായ ശിക്ഷാവകുപ്പുകളുടെ അഭാവമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് നിദാനമെന്ന് കരുതാനാവില്ല. നിലവിലുള്ള നിയമമനുസരിച്ചുള്ള ചെറിയ ശിക്ഷപോലും അക്രമികള്‍ക്കെതിരെ ചുമത്തുവാന്‍ എന്തുകൊണ്ട് ആവുന്നില്ലന്നതു വിശദീകരിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കാവുന്നില്ല. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാര്‍ത്ഥത ഭരണതലത്തില്‍ ഉണ്ടാകുന്നില്ല. നിയമ വ്യവസ്ഥയില്‍ രക്ഷപ്പെടാനുള്ള പഴുതുകളുണ്ടന്നു കുറ്റവാളികള്‍ക്ക് ഉറപ്പുള്ള കാലത്തോളം പെണ്‍വാണിഭവും ആക്രമണങ്ങളും ആവര്‍ത്തി ക്കപ്പെടും. ഇവിടെ ഒരു ലൈംഗിക കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പുവരുത്താനാവുക? കോടതിക്ക് നേരെ വിരല്‍ചൂണ്ടി അധികാര വര്‍ഗ്ഗത്തിനു രക്ഷപെടാനാവുമോ?

സമഗ്രമായ അന്വേഷണം നടത്തി തെളിവുകള്‍ കോടതിയിലെത്തിക്കുക ജനാധിപത്യ സര്‍ക്കാരിന്റുെ ഉത്തരവാദിത്വമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കോടതിയിലെത്തുന്നതിനു മുമ്പു തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടുകയോ പ്രതികള്‍ക്കനുകൂലമായി അവ മാറ്റപ്പെടുകയോ ചെയ്യുന്നു. പെണ്‍വാണിഭ കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കാനെടുക്കുന്ന കാലതാമസം ഇരകള്‍ക്കെതിരെയുള്ള നീതിനിഷേധമായി തന്നെ കണക്കാക്കണം.

ഒരേ കുറ്റം ചെയ്യുന്നവര്‍ എങ്ങനെയാണ് നിയമത്തിനു മുമ്പില്‍ പല രീതിയില്‍ വിചാരണ ചെയ്യപ്പെടുന്നതെന്ന് ഏതൊരു പൌെരനും സംശയം തോന്നുക സ്വാഭാവികമാണ്. അധികാര വര്‍ഗ്ഗം സത്യത്തെ വളച്ചൊടിക്കുവാന്‍ നിരത്തുന്ന സാങ്കേതികതയുടെ മുന്നില്‍ ഇരയോടൊപ്പം പൊതുമനസ്സും അമ്പരക്കുന്നു. സ്ത്രീപീഡന കേസന്വേഷണങ്ങള്‍ ആരെയും അതിശയിപ്പിക്കുന്ന വിധം അട്ടിമറിക്കപ്പെടുന്നു. സമൂഹത്തില്‍ ഉന്നതപദവി വഹിക്കുന്ന ലൈംഗിക കുറ്റവാളികള്‍ക്ക് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന ഉപജാപകസംഘം എവിടെയോ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. അധികാരസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ഇവര്‍ക്ക് യഥാസമയത്ത് അന്വേഷണത്തില്‍ ഇടപെടാനും രാഷ്ട്രീയസമുദായഭേദമെന്യേ പ്രതികളെ രക്ഷിക്കാനുമാവുന്നു.

 

 

കേരള സമൂഹവും മനോഭാവവും
ഉയര്‍ന്ന സാക്ഷരതയും വികസന മാതൃകയുമൊക്കെ കൊട്ടിഘോഷിക്കപ്പെടുമ്പോഴും കേരളസമൂഹത്തില്‍ സ്ത്രീവിരുദ്ധത വര്‍ദ്ധിക്കുക തന്നെയാണ്. അഭ്യസ്തവിദ്യരായ ഒരു ജനതയ്ക്ക് എന്തുകൊണ്ട് സ്ത്രീ അര്‍ഹിക്കുന്ന സുരക്ഷിതമായൊരു ജീവിതം ഉറപ്പാക്കാനാവുന്നില്ലെന്നതു കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.സംരക്ഷണം ഉറപ്പാക്കേണ്ട ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ ഇന്ന് സാധാരണ വാര്‍്ത്ത മാത്രമായിരിക്കുന്നു. പീഡിപ്പിച്ച വളര്‍ത്തച്ഛനെതിരെ പരാതി പറഞ്ഞതിനു പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും അമ്മയ്ക്കും നാട് ഊരുവിലക്കേല്‍പ്പിച്ചെന്ന വാര്‍ത്ത് സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്.

കേരളീയ സമൂഹത്തില്‍ ലൈംഗികതയ്ക്കുപരി യഥാര്‍ത്ഥ സൌഹൃദങ്ങളിലേക്ക് സ്ത്രീപുരുഷ ബന്ധങ്ങള്‍ വളരാതാവുന്നു. പരസ്പരം ബഹുമാനിക്കുവാനും കപടതയില്ലാതെ സ്നേഹിക്കാനുമാകുന്ന സ്ത്രീപുരുഷ സൌഹൃദങ്ങള്‍ സമൂഹത്തെ ശ്രേഷ്ഠമാക്കുന്നു. മൂല്യബോധത്തിലും സമത്വചിന്തയിലും അധിഷ്ഠിതമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയും പരാജയമടഞ്ഞെന്ന് സമ്മതിക്കേണ്ടി വരും.

കപടസദാചാരം പ്രസംഗിച്ച് അത് സംരക്ഷിക്കാനെന്ന വ്യാജേന സ്ത്രീപുരുഷ സൌഹൃദത്തെ നിഷേധിക്കുകയും, വ്യക്തി സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന മലയാളിയുടെ മറ്റൊരു മുഖം എല്ലാവര്‍ക്കും പരിചിതമാണ്. സദാചാര പോലീസ് ചമഞ്ഞ് മൂല്യബോധത്തിന്റെ കെട്ടുപാടുകളെക്കുറിച്ചു വാചാലമാകുകയും അതിനോടൊപ്പം തന്നെ നിലപാടുകളില്‍ വൈരുദ്ധ്യം പുലര്‍ത്തുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ഇവരുടെ കാപട്യം വെളിവാക്കുന്നു.

 

 

വേട്ടക്കാരോടു സഹതാപം
ലൈംഗികാക്രമണങ്ങളെ ന്യായീകരിക്കുന്ന വാദഗതികള്‍ പലപ്പോഴും സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. വസ്ത്രധാരണം, സ്വഭാവ ദൂഷ്യം, അസമയത്തെ സഞ്ചാരം തുടങ്ങിയവ ഇരയുടെമേല്‍ കെട്ടിവെയ്ക്കുന്ന രീതി വളരെ വിചിത്രമാണ്. വേട്ടക്കാരന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കേണ്ടത് ഇരയുടെ ചുമതലയാണെന്നും അതിനായി അവര്‍ മാളത്തില്‍ ഒളിക്കണമെന്നു പറയുന്ന കാട്ടുനീതി പുരോഗമന സമൂഹത്തില്‍ നടപ്പാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. വേട്ടക്കാരന്റെ തടങ്കലില്‍ ആയിരിക്കുമ്പോള്‍ ബഹളം കൂട്ടാതിരുന്നത് ഇര ലൈംഗികത ആസ്വദിച്ചതിനാലാവുമെന്നു വാദിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ജീവനു ഭീഷണിയുണ്ടാകുമ്പോള്‍ ഭീതിയിലാണ്ടുപോവുന്ന പെണ്‍കുട്ടിയുടെ മനോനില ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു.

തെരുവോരത്ത് മയങ്ങുന്ന തെരുവ് ബാലികമാരേയും, അയല്‍പക്കത്തു നിന്നുമെത്തുന്ന പിഞ്ചുകുട്ടികളെയും പിച്ചിചച്ചീന്തുന്ന വികലമനസ്സുകള്‍ ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. സ്ത്രീ പുരുഷ സമത്വം പ്രകൃതിവിരുദ്ധമാണെന്നും സ്ത്രീയുടെ സാമൂഹ്യ ഇടപെടലുകള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മതമൌലിക വാദികള്‍ കുറ്റക്കാരെ പിന്തുണക്കുന്നു. ഇക്കിളിപ്പെടുത്തുന്ന കഥകള്‍ പോലെ പീഡനവാര്‍ത്തകള്‍ കണ്ടും വായിച്ചും നിര്‍വൃതിയടയുന്ന ഒരു വിഭാഗവും ഇവിടെ നിശബ്ദമായി വേട്ടക്കാരുടെ പക്ഷം ചേരുന്നു.

 

 

രാഷ്ട്രീയസംഘടനകളും നിലപാടുകളും
ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തോട് വളരെ നിഷേധാത്മകമായ നിലപാടാണ് ജനകീയ സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടി കളും കാലാകാലങ്ങളായി സ്വീകരിച്ചുവരുന്നത്. പലപ്പോഴും ഇവരുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ രാഷ്ട്രീയലാഭം മാത്രം ലാക്കാക്കിയുള്ളതാണെന്ന് കാണാം. പല രാഷ്ട്രീയ നേതാക്കളുടേയും മനോഭാവം അവര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രകടമാണ്.

സ്ത്രീകളോടുള്ള അതിക്രമങ്ങളോട് പ്രതികരിക്കുന്നതില്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും വനിതാ സംഘടനകളുടെ പരിമിതി പ്രകടമാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ ഉള്‍പ്പെട്ട സ്ത്രീപീഡനക്കേസുകളില്‍ കുറ്റാരോപിതരെ ന്യായീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. കക്ഷിരാഷ്ട്രീയത്തിന് പക്ഷം പിടിക്കുമ്പോള്‍ സ്ത്രീകളോടുള്ള അക്രമങ്ങള്‍ക്കെതിരെ നിഷ്പക്ഷമായി നിലപാടെടുക്കാന്‍ ഈ സംഘടനാ നേതൃത്വത്തിനു കഴിയാതാവുന്നു. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും ഊന്നല്‍ നല്‍കേണ്ട സ്ത്രീവിമോചന സംഘടനകള്‍ പലപ്പോഴും രാഷ്ട്രീയപ്രചാരകരായി മാത്രം മാറുന്നു. അതുകൊണ്ടുതന്നെ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും പൊതുസമൂഹത്തില്‍ അവരെ അപഹാസ്യരാക്കുന്നു.

സൂര്യനെല്ലി, വിതുര, പറവൂര്‍, കിളിരൂര്‍, കവിയൂര്‍ തുടങ്ങിയ ഒട്ടനവധി സ്ത്രീ പീഡനകേസുകളിലെ ഇരകള്‍ സമൂഹത്തിനു മുമ്പില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കേരള മനസ്സാക്ഷി ഏറ്റെടുക്കേണ്ടതാണ്. അവരുടെ അവസ്ഥ നാം മനസ്സിലാക്കിയേ മതിയാവൂ. രാഷ്ട്രീയ മുതലെടുപ്പിനും ചാനല്‍ ചര്‍ച്ചനകള്‍ക്കുംം അപ്പുറം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഭരണകൂടവും നിയമപാലകരും തയ്യാറാകണം.

പ്രതികരിക്കാന്‍ മുന്നോട്ടുവരുന്ന ഇരകള്‍ക്ക് ധാര്‍മ്മി ക പിന്തുണ കൊടുക്കാന്‍ സമൂഹം കടപ്പെട്ടവരാണ്. മാനവികതയുടെയും സമത്വബോധത്തിന്റെകയും ബാലപാഠങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കാലഹരണപ്പെട്ട വിദ്യാഭ്യാസ മേഖലയെ നവീകരിക്കേണ്ടതുണ്ട്. അതിനോടൊപ്പം പരിവര്‍ത്തനത്തിന് വിധേയമാകേണ്ട സമൂഹ മനോഭാവവും പ്രാധാന്യമര്‍ഹിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വേട്ടക്കാരെ ഭയപ്പെടാതെ ജീവിക്കുവാന്‍ ആണ്‍കോയ്മയില്‍ കെട്ടിയുയര്‍ത്തിയ കീഴ്വഴക്കങ്ങള്‍ മാറ്റപ്പെടണം. നിയമം നിയമത്തിന്റെ വഴിക്ക് എന്നുള്ള പതിവ് പല്ലവി ആവര്‍ത്തിക്കാതെ നിയമം നീതിപൂര്‍വവും കാര്യക്ഷമവുമായി നടപ്പാക്കാനുള്ള ആത്മാര്‍ത്ഥ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

One thought on “വേട്ടക്കാര്‍ക്കൊപ്പമോ കേരളം ?

  1. ശരിയായ കാശ്ഛപ്പാടുകൾ .ഡെൽഹീയിൽ സ്ത്രീക്കു ശബ്ദമുണ്ടായതുപോലെ എവിടെയും ശബ്ദമുണ്ടാകണം.

    എന്റെ ചില അഭിപ്രായങ്ങൾ ഇവിടെയും എഴുതിയിട്ടുണ്ട്, http://goweri2.blogspot.com/2013/02/1.html

Leave a Reply

Your email address will not be published. Required fields are marked *