എന്റെ മകന് മനസ്സിലാകുന്നില്ല, ആ ആപ്പിള്‍ക്കഥ

 
 
 
 
അച്ഛനും മകനും സ്വപ്നങ്ങളും. രണ്ട് തലമുറകളുടെ കഥ പറയുന്നു, കോശി മലയില്‍
 
 

“വൈ ഡസ് എവെരിവണ്‍ വാന്റ്സ് ടു ബീ എ ഡോക്ടര്‍ ഓര്‍ എഞ്ചിനീയര്‍ ഇന്‍ കേരള? “വൈ ഈസ് ഇറ്റ് എ ബിഗ് ഡീല്‍?”. അവന്‍. “അത് അവിടെ അങ്ങനെയാ, നിനക്കതു മനസ്സിലാകില്ല കുഞ്ഞേ”^ഞാന്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.കാറിന്റെ കണ്ണാടിയിലൂടെ പിന്‍ സീറ്റിലിരിക്കുന്ന അവനെ നോക്കി. അപ്പന്റെമുഖം അതെ പടി പറിച്ചു വച്ചിരിക്കുന്നു.തിരികെ എത്തിവീട്ടിലെ ഓഫീസ് മുറിയിലേക്ക് കയറി കതകടച്ചു. അപ്പന്റെ ചില്ലിട്ട ഒരു പഴയ ഫോട്ടോ ഭിത്തിയില്‍. ഒരു നിമിഷം നോക്കി നിന്നു. നിശബ്ദമായി.ആര്‍ദ്രമായ മനസ്സു മന്ത്രിച്ചു. “കൊച്ചു മകന്‍ കടം വീട്ടി കേട്ടോ”-ബന്ധങ്ങളുടെ കലണ്ടറിലെ പല കാലങ്ങള്‍, പല ദേശങ്ങള്‍. കാനഡയില്‍ നിന്ന് കോശി മലയില്‍ എഴുതുന്നു

 

 

1976 മെയ് 21
ലുധിയാന.
പഞ്ചാബിലെ ഏറ്റവും വലിയ നഗരം. പഞ്ചാബിന്റെ വ്യാവസായിക തലസ്ഥാനം. സത്ലെജ് നദിയുടെ തീരത്ത് ദല്‍ഹിക്കും അമൃത്സറിനും ഒത്ത മധ്യേയുള്ള പട്ടണം.

പാതിരാത്രി. ഞാന്‍ ഒരു ഉറക്കം കഴിഞ്ഞു ഉണര്‍ന്നു . ഈ നഗരത്തിനു ഉറക്കമില്ലെന്ന് തോന്നി. ചീറിപ്പായുന്ന ട്രക്കുകള്‍. റിക്ഷാവാലകളുടെ സൈക്കിള്‍ മണികളുടെ നിറുത്താത്ത ചിലപ്പ്. തെരുവീഥികള്‍ ഇപ്പോഴും മനുഷ്യ നിബിഡം. കൂടുതലും തലപ്പാവ് ധരിച്ച സിക്കുകാര്‍. ഇപ്പോഴും തുറന്നിരിക്കുന്ന പെട്ടിക്കടകളില്‍ അത്താഴം കഴിക്കുന്ന റിക്ഷാക്കാരും, നാടോടികളും. തിരക്കൊഴിയാത്ത പാന്‍ പീടികകള്‍.രാത്രിയും പ്രവര്‍ത്തിക്കുന്ന വാഹന സ്പയര്‍ പാര്ട്സ് കടകള്‍. നാട്ടിന്പുറത്തുകാരനായ എനിക്ക് ഇതെല്ലാം ഒരു പുതുമ. കേരളത്തിന്റെ അതിര്‍ത്തി വിട്ടു എന്റെ ആദ്യ യാത്ര.

തുരുമ്പെടുത്ത ജനലഴികളില്‍ വല നിര്‍മ്മിക്കാന്‍ പാട് പെടുന്ന ഒരു ചെറു ചിലന്തിയെ നോക്കി ഞാന്‍ അല്പ നേരം അലസമായി കിടന്നു. പകുതി മയക്കത്തില്‍. തല ഉയര്‍ത്തിയ മറ്റേ കട്ടിലിലേക്ക് നോക്കി.

അപ്പന്‍ ഉറങ്ങിയിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കയാണ്. ഇടയ്ക്കു കഴുത്തു നീണ്ട മണ്‍ കൂജയില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്.

“എന്ത് പററി അപ്പാ? പനി വല്ലോം?”

“ഇല്ല ഒന്നുമില്ല”

“നീ കിടന്നുറങ്ങ്”

ഞാന്‍ തിരിഞ്ഞു കിടന്നു.

കോശി മലയില്‍


ഉറക്കമറ്റ് ഒരു രാവ്
വീണ്ടും ഒന്ന് മയങ്ങിയപ്പോള്‍. “നിനക്കെന്തു തോന്നുന്നു? കിട്ടുമോടാ”? അപ്പന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്ന്ു.

“അപ്പന്‍ ഉറങ്ങാന്‍ നോക്ക്. കിട്ടിയാക്കിട്ടി. ഇല്ലേല്‍ ഇല്ല.”

“നിനക്കതൊക്കെ പറയാം.നമ്മളെ ആരും അങ്ങനെ കൊറച്ചു കാണണ്ട”.

“നമ്മടെ വീട്ടിലും വേണം ഒരു ഡോക്ടര്‍. ഇതെന്റെ ഒരാഗ്രഹമാ”.

“അവനൊക്കെ പോയി നല്ല നെലേലാകാനാ ഞാന്‍ കിടന്നു കഷ്ട്ടപ്പെട്ടെ. ഇപ്പം അവരെല്ലാം വെല്യ ആളുകളായി.ഞാന്‍ ദരിദ്രനും മോശക്കാരനും.അവര്‍ക്ക് പണമുണ്ടായപ്പോള്‍ പിള്ളാരെ മണിപ്പാലിലും ഗുല്‍ബര്‍ഗായിലും ഒക്കെ വിട്ടു മെഡിസിന്‍ പഠിപ്പിച്ചു”.

ഞാന്‍ ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് കിടന്നു. അപ്പന്‍ എഴുന്നേറ്റിരുന്നു. മണ്‍കൂജയില്‍ നിന്ന് വീണ്ടും വെള്ളം കുടിച്ചു.

“എന്തൊരു ചൂടാ ഈ മുറിക്കകത്ത്”.

വീണ്ടും കിടന്നു. കുറച്ചു നേരം മിണ്ടാതെ.

“എന്റപ്പന്‍ പോയേപ്പിന്നെ ഞാനാ അവരെ വളര്‍ത്തിയെ. അപ്പന്റെ സ്ഥാനത്തു നിന്ന്. അതുകൊണ്ട് അവര്‍ക്കൊക്കെ പഠിക്കാന്‍ പറ്റി. ഞാന്‍ വീടും പറമ്പും നോക്കി കൃഷിക്കാരനുമായി. അവര് വെളിയി പോയി പണമുണ്ടാക്കി. മക്കളെ കാശ് കൊടുത്ത് പഠിപ്പിച്ചു. ഇപ്പോഴും അവരെടെ സ്ഥലോം ഞാനല്ലേ നോക്കി നടത്തുന്നെ? ആദായം കൃത്യമായി കൊടുക്കുന്നുമുണ്ട്. എന്നാലും പരാതിയാ.അപ്പന്‍ എനിക്കാ കൂടുതല്‍ പുരേടം തന്നെന്നൊക്കെ. പിന്നെ മാസം തോറും ബാങ്കിലടക്കുന്നത് പോരെന്ന്”.

“ഒരുത്തന്‍ ഇന്നാളു പറഞ്ഞു “അപ്പന്‍ പോയ വഴിയെ ഗുണം പിടിക്കില്ലെന്ന്. അവനു നിന്റെ വല്യപ്പന്‍ കൊടുത്ത വീതം കുറഞ്ഞു പോയത്രേ”.

“കുഴീ കെടക്കുന്ന അപ്പനെക്കുറിച്ചാണ് പറയുന്നെന്നോര്‍ക്കൊണം”.

“വന്നു നോക്കി നടത്താന്‍ ഞാന്‍ ഇന്നാളു പറഞ്ഞു. അതൊന്നും ആര്‍ക്കും വയ്യാ. കുറ്റം പറയാന്‍ മാത്രം എല്ലാരുമുണ്ട്”.

ഞാന്‍ എല്ലാം കേട്ടോണ്ട് കിടന്നു. ഞാന്‍ ഉറങ്ങിയില്ലെന്നു ഉറപ്പു വരുത്താന്‍ “നീ കേക്കുന്നുണ്ടോ” എന്ന് ഇടക്ക് ചോദിക്കുന്നുണ്ട്.

“നമ്മടെ കൂടെ തീവണ്ടീല്‍ ഉണ്ടാരുന്ന തിരുവല്ലാകാരന്‍ ആ അച്ചായനുണ്ടല്ലോ. പൂത്ത പണക്കാരന്‍. അയ്യാടെ അഹങ്കാര വര്‍ത്തമാനം എനിക്ക് തീരെ പിടിച്ചില്ല. അയാടെ മോന്‍ ഇംഗ്ലിഷു മീഡിയത്തിലാണത്രേ. അതുമല്ല കോച്ചിങ്ങിനു പോയെന്നും. കേറിയപ്പം മുതല്‍ മോനെക്കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലാരുന്നു”.

“നിന്നെ ഇംഗ്ലീഷു മീഡിയത്തില്‍ പഠിപ്പിക്കാനും കോച്ചിങ്ങിനു വിടാനുമൊന്നും എനിക്ക് പറ്റിയില്ലെടാ. നിനക്കറിയാമല്ലോ കുറെ വര്‍ഷമായി കൃഷിയൊക്കെ മോശമാ”.

“വെറുതെ എന്തിനാ ഇതൊക്കെ പറയുന്നേ അപ്പാ. എനിക്ക് വിധിച്ചിട്ടുളളതാണെ കിട്ടും. അല്ലേ ഡിഗ്രിക്ക് ചേരും. മെഡിസിന്‍ മാത്രമല്ലല്ലോ ലോകത്തെ ഏറ്റോം വല്ല്യ പ്രൊഫഷന്‍”

“നീ പറഞ്ഞെ ശരിയാ മോനെ, പക്ഷെ എനിക്കിതൊരു വാശിയാ, നിന്റെ ഉപ്പാപ്പന്മാരുടെ മുമ്പില് നമുക്കും ഒരു വില വേണം, നമ്മുടെ വീട്ടിലും വേണം ഒരു ഡോക്ടറ്”.കാശ് കൊടുത്ത് വിടാന്‍ എനിക്ക് പാങ്ങൊന്നുമില്ല കേട്ടോ”.

“കേരളേം, സെന്റ് ജോണ്സും, വെള്ളൂരും, എ എഫ് എം സിയും, ഒക്കെ പോയി, ഇനിയും ഇത് മാത്രമേയുള്ളൂ ഒരു പ്രതീക്ഷ”.

ഞാന്‍ എല്ലാം കേട്ട് കിടന്നു. എനിക്ക് അത്ഭുതം. സാധാരണ അപ്പന്‍ അധികം സംസാരിക്കില്ല. ഞങ്ങള്‍ പതിനൊന്നു മക്കള്‍ക്കും അപ്പനെ പേടിയാണ്. അതുകൊണ്ട് വീട്ടില്‍ പൊതുവേ നിശബ്ദത. ഞാന്‍ ഏറ്റവും ഇളയ മകനായത് കൊണ്ടാവാം എന്നോട് ഒരു പ്രത്യേക വാത്സല്യം. അതിനു ചേട്ടന്മാര്‍ക്ക് ഇത്തിരി കണ്ണ് കടിയും.

“എനിക്ക് മറ്റെന്നാ തന്നെ പോണം. കുരുമുളക് മുഴുവന്‍ പറിച്ചു തീര്‍ന്നിട്ടില്ല. അത് കഴിഞ്ഞു കാപ്പിയരിയുടെ പണിയും”. അതിനു മുമ്പേ നിന്നെ കേറ്റി താമസിപ്പിച്ചിട്ടു പോണം. അപ്പന്‍ ഉറപ്പിച്ചു കഴിഞ്ഞെന്നു തോന്നി, മകന്റെ വിജയം.

ജനാലയില്‍ ചെറു ചിലന്തിയുടെ തിളങ്ങി നില്‍ക്കുന്ന വല ഭേദിച്ച് അകത്തേക്ക് ഊര്‍ന്നിറങ്ങുന്ന പ്രകാശത്തില്‍ അപ്പന്റെ മുഖം ഞാന്‍ കണ്ടു. വെളുത്ത കുററി രോമങ്ങള്‍ പൊടിച്ചു നില്ക്കു ന്ന മുഖത്ത് മൂടിവെച്ചിരുന്ന ഒത്തിരി വിഷമങ്ങള്‍ പങ്കു വെച്ചതിന്റെ ഒരു പ്രകാശം നിഴലിച്ചോ? ഇതൊന്നും ആരോടും ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല. ഒരു പക്ഷെ അമ്മ പോകുന്നതിനു മുമ്പേ അമ്മയോട് മാത്രം.

എനിക്കുറക്കം വരുന്നില്ല. എന്റെ എട്ടുകാലി ചങ്ങാതി ആദ്യമായി വലയില്‍ വീണ ചെറിയ ഈച്ചയുമായി മല്‍പ്പിടുത്തത്തില്‍.
 

"വാട്ടീസ് ദി റിലേഷന്‍ ബിറ്റ്വീന്‍ ആന്‍ ആപ്പിള്‍ ആന്റ് എ ഡോക്ടര്‍?" ആ ചോദ്യം എല്ലാരോടും ചോദിച്ചു. പട്ടണത്തിലെ ഇംഗ്ലീഷുമീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ മിക്കവാറും അതിനു മണി മണി പോലുത്തരം പറഞ്ഞു- "ആന്‍ ആപ്പിള്‍ എ ഡേ കീപ്സ് ദി ഡോക്ടര്‍ എവേ എന്ന്".


 

ആപ്പിളും ഡോക്ടറും
പുറത്തേക്ക് നോക്കിയാല്‍ ലുധിയാനാ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മന്ദിരങ്ങള്‍ കാണാം.വഴി വിളക്കുകള്‍ കത്തി നില്‍ക്കുന്നു. ബ്രിട്ടീഷുകാരു പണിത കമാനങ്ങള്‍. ചുവന്ന തേക്കാത്ത ഇഷ്ടികകള്‍. ആംഗലേയ വാസ്തുകലയുടെ പര്യായങ്ങള്‍. മന്ദിരം തൊട്ടു തന്നെ ലൈബ്രറി . രാത്രി വളരെ വൈകി വരെ തുറന്നിരിക്കും. വെളുത്ത കോട്ടും സ്റെറതസ്കോപ്പും ധരിച്ച മെഡിക്കല്‍ വിദ്യാര്ഥികള്‍ ഒറ്റക്കും പററം ചേര്‍ന്നും നടക്കുന്നു.

ഒരു നിമിഷം ഞാന്‍ എന്നെത്തന്നെ അവരോടൊപ്പം സങ്കല്‍പ്പിച്ചു. വെളുത്ത മുഴുക്കൈയന്‍ ഷര്‍ട്ടും കറുത്ത ബെല്‍ ബോട്ടം പാന്റും വെളുത്ത കോട്ടും തോളത്തു അലസമായി വിലസുന്ന സ്റെറത്തും. പാവം അപ്പനെന്തു അഭിമാനമായിരിക്കും. അപ്പന്‍ അത് അര്‍ഹിക്കുന്നുണ്ട്. അംഗീകാരത്തിനായി ദാഹിക്കുന്ന ആ മനസ്സ്. അത് നിഷേധിച്ചതിന്റെ ദുഃഖം ആ മനസ്സില്‍ നിന്നും നിര്‍ഗളിക്കുന്നു. സ്വന്തം മകനിലൂടെ പകരം വീട്ടാനൊരുരുങ്ങുന്നു.

ലൈബ്രറി ബില്‍ഡിങ്ങിലായിരുന്നു പ്രവേശനപരീക്ഷ. പരീക്ഷയും ഇന്റര്‍വ്യൂവും ഇന്ന് കഴിഞ്ഞു, നാളെ തന്നെ ലിസ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ കിട്ടിയാല്‍ ഉടനെ ക്ലാസ്സ് തുടങ്ങും.കുറേപ്പെര്‍ക്ക് കിട്ടും. ബാക്കിയുള്ളവര്‍ പിന്തള്ളപ്പെടും. അവര്‍ പെട്ടിയും കിടക്കയും എടുത്തു മടങ്ങും. തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹോസ്റലിലേക്ക് മാറും. ദൂരെ നിന്നെത്തുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കിയ ഒരു ഹോസ്റലിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഒരു പക്ഷെ നാളെ എനിക്ക് ഈ മുറി ഏതോ ഭാഗ്യവാനു വഴി മാറികൊടുക്കേണ്ടി വരും.

ക്രിസ്ത്യന്‍ കോളജായതിനാല്‍ ക്രിസ്ത്യാനിക്ക് കുറച്ചു സംവരണമുണ്ട്. അതിലാണ് അപ്പന്റെ പ്രതീക്ഷ. ബത്തേരിയില്‍ പോയി പരിശുദ്ധ പിതാവിന്റെ എഴുത്ത് വാങ്ങി. അതും അപേക്ഷയോടൊപ്പമുണ്ട്.

എനിക്കുറക്കം വന്നില്ല. അപ്പന്‍ വീണ്ടും മയങ്ങിയെന്നു തോന്നുന്നു. അപ്പന്റെ ആകുലത എന്നില്‍ വിഷമവും, സങ്കടവും, പരിഭ്രാന്തിയും ഉളവാക്കി. ലുധിയാനാ അവസാനത്തെ പ്രതീക്ഷയാണ്. എനിക്ക് നേരീയ പ്രതീക്ഷ. അപ്പന്‍ ഏതാണ്ട് ഉറപ്പിച്ച പോലെയാണ്. സ്റെറതസ്കോപ്പ് വാങ്ങുന്ന സ്ഥലം വരെ നോക്കി വെച്ചിട്ടുണ്ട്. ഞാന്‍ വേണ്ടത്ര തയാറെടുപ്പ് ഇല്ലാതെയാണ് വന്നത്. കാപ്പിടേം കുരുമുളകിന്റേം സീസണായിരുന്നു. അപ്പനെ സഹായിച്ചു സമയമൊത്തിരി പോയി. ഫിസിക്സ് ഒഴികെ ബാക്കി കുഴപ്പമില്ല. ഇന്റര്‍വ്യൂവിന് ഒരു ചോദ്യം മാത്രമേ പറയാതിരുന്നുളളു.

“വാട്ടീസ് ദി റിലേഷന്‍ ബിറ്റ്വീന്‍ ആന്‍ ആപ്പിള്‍ ആന്റ് എ ഡോക്ടര്‍?”

ആ ചോദ്യം എല്ലാരോടും ചോദിച്ചു. പട്ടണത്തിലെ ഇംഗ്ലീഷുമീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ മിക്കവാറും അതിനു മണി മണി പോലുത്തരം പറഞ്ഞു^
“ആന്‍ ആപ്പിള്‍ എ ഡേ കീപ്സ് ദി ഡോക്ടര്‍ എവേ എന്ന്”.

നാട്ടില്‍ പുറത്തുകാരനും മലയാളത്തില്‍ പഠിക്കുന്നവനുമായ എനിക്ക് അജ്ഞത.ബത്തേരിയില്‍ പഴക്കടയില്‍ നിന്ന് ഡോകര്‍മാരും മറ്റു പണക്കാരും വാങ്ങുന്ന വില കൂടിയഒരു പഴം എന്ന് പറയാഞ്ഞത് ഭാഗ്യം. കടയില്‍ ഇരിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളു. ഒരിക്കലും വീട്ടില്‍ വാങ്ങിയിട്ടില്ല. പിന്നെ കൂര്‍ഗിലൂടെ മൈസൂര്‍ക്കു പോകുമ്പോള്‍ വഴിയോരങ്ങളില്‍ കായ്ച്ചു നില്ക്കുന്ന ആപ്പിള്‍ മരങ്ങളിലും.

ഒരു പക്ഷെ എനിക്ക് ചീട്ടു വീണില്ലെങ്കില്‍ അപ്പനു വിഷമമാകുമല്ലോ എന്ന ചിന്ത എന്നെ വലച്ചു.അമ്മയുണ്ടായിരുന്നപ്പം അപ്പന്‍ തമാശ പറയുന്നത് കേട്ടിട്ടുണ്ട്, അപ്പന്റെ ബുദ്ധിയാ എനിക്ക് കിട്ടീരിക്കുന്നെന്ന്. എട്ടാം ക്ലാസ്സ് വരെ പഠിച്ചുളളുവെങ്കിലും കണക്കിലും പൊതു വിജ്ഞാനത്തിലും അപ്പന്‍ ആരെയും വെല്ലും. ഇതു കാല്‍ക്കുലേറ്ററിനേം പിന്തുള്ളുന്ന മനക്കണക്ക്. അടക്ക വാങ്ങാന്‍ വരുന്ന മൊയ്തു ആദ്യമൊക്കെ അപ്പനെ കളിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അടക്കയുടെ എണ്ണത്തില്‍. അപ്പന്റെ ട്രിക്ക് ഞാന്‍ കണ്ടു പഠിച്ചു. അവന്‍ ഓരോ നൂറു എണ്ണിക്കഴിഞ്ഞാല്‍ അപ്പന്‍ നേരത്തെ കരുതിയ ചെറു കല്ലുകളില്‍ നിന്നും ഒരു കല്ല് മാറ്റി വെക്കും. രണ്ടായിരം അടക്കക്ക് ഇരുപതു കല്ലുകള്‍. മൊയ്തു ആയിരത്തി എണ്ണൂറെന്നു പറഞ്ഞാല്‍ കല്ല് കാട്ടിക്കൊടുക്കും. പിന്നീട് അവന്‍ അപ്പനോട് കളിച്ചിട്ടില്ല.

പുറത്തെവിടെയോ കേട്ട ഒച്ചയില്‍ കാമ്പസിലെ വാക മരങ്ങളില്‍ നങ്കൂരമിട്ടിരുന്ന വെള്ളരി പ്രാവുകള്‍ പറന്നുയര്‍ന്നപ്പോള്‍ ചേലുള്ള വാകപ്പൂക്കള്‍ നിലത്തു വീണു ചുവന്ന പരവതാനി വിരിച്ചു. മരച്ചുവട്ടില്‍ സുഖനിദ്രയിലായിരുന്ന പശുക്കള്‍ക്ക് അത് ഇക്കിളിയെകി. എന്തോ ഒരു ശുഭകാര്യം നടക്കാന്‍ പോകുന്നതിന്റെ സൂചനയാകുമോ ആ പ്രാവുകളുടെ നീലാകാശത്തേക്കുള്ള പറക്കല്‍. അതോ ഉറക്കം പിടിച്ചിരുന്ന പ്രാവുകള്‍ക്ക് വ്യഥ സമ്മാനിച്ചത് അശുഭ ലക്ഷണമോ?.

 

പുറത്തേക്ക് നോക്കിയാല്‍ ലുധിയാനാ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മന്ദിരങ്ങള്‍ കാണാം.വഴി വിളക്കുകള്‍ കത്തി നില്‍ക്കുന്നു. ബ്രിട്ടീഷുകാരു പണിത കമാനങ്ങള്‍. ചുവന്ന തേക്കാത്ത ഇഷ്ടികകള്‍. ആംഗലേയ വാസ്തുകലയുടെ പര്യായങ്ങള്‍.


 

വെള്ളരിപ്രാവുകള്‍ തുണച്ചില്ല

വെളുപ്പിന് അഞ്ചുമണി.
വിദൂരതയില്‍ നിന്ന് ഒരു മുസ്ലിം പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പനെ നോക്കീട്ടു കണ്ടില്ല. ഞാന്‍ കതകു തുറന്നു പുറത്തേക്കോടി. വരാന്തയില്‍ മറ്റു കുറെ അപ്പന്മാരുടെ ഇടയില്‍ ഇരിക്കുന്നുഅപ്പന്‍. അവര്‍ ആരും രാത്രി ഉറങ്ങിയതായി തോന്നുന്നില്ല. ആകാംക്ഷ അവരുടെ ഉറക്കത്തെ കെടുത്തി കളഞ്ഞു.സൈക്കിള്‍ റിക്ഷയില്‍ കാപ്പി വില്‍ക്കുന്ന സര്‍ദാര്‍ജിയുടെ കാപ്പി കുടിച്ചിരിക്കയാണ് എല്ലാവരും.

രാവിലെ പത്തു മണിക്ക് റിസല്‍ട്ടറിയും.

“നീ പോയി നോക്കിയാ മതി. ഞാന്‍ ഇവിടെ ഇരിക്കാം”. അപ്പന്‍ പറഞ്ഞു.

സമയം 10.15. ലൈബ്രറിയുടെ നോട്ടീസ് ബോര്ഡിറന്റെ മുമ്പില്‍ വലിയ ആള്‍കൂട്ടം. ചിലരുടെ മുഖത്ത് സന്തോഷത്തിന്റെ അലയടികള്‍. തുവാല കൊണ്ട് മുഖം പൊത്തി കരയുന്ന പെണ്‍കുട്ടികള്‍. അപ്പന്മാരുടെ ഓരം ചേര്ന്ന് അഭിമാന പുളകിതരായി നില്‍ക്കുന്ന മക്കള്‍. ഞാന്‍ എത്തി വലിഞ്ഞു എന്റെ നമ്പര്‍ നോക്കി. പേരും. വീണ്ടും വീണ്ടും. പലയാവര്‍ത്തി.

വെള്ളരിപ്രാവുകള്‍ എനിക്ക് കൂട്ടായില്ല…

പ്രാവുകള്‍ കുറുകുന്ന വിജനമായ ഇടനാഴികളിലൂടെ ഹോസ്റലിലേക്ക് തിരികെ നടക്കുമ്പോള്‍ കാലിടറി. ശരീരം വിറയ്ക്കുന്ന പോലെ. അപ്പനോട് എങ്ങനെ ഈ വിവരം പറയും? മരണ വാര്‍ത്ത അറിയിക്കാന്‍ ബന്ധു വീട്ടില്‍ പോകുന്നവനെപ്പോലെയായി ഞാന്‍. ഒരു പക്ഷെ വെയിറ്റിങ്ങ് ലിസ്ററിലുണ്ടെന്നു പറഞ്ഞാലോ? ചാന്‍സുണ്ടെന്ന് പറഞ്ഞാലോ? വേണ്ട, കള്ളം പറയേണ്ട.

പകുതി വഴിക്ക് വെച്ച് അപ്പനെ കണ്ടു. ഇരിപ്പുറക്കാതെ പോന്നതാണ്. എന്റെ മുഖ ഭാവത്തില്‍ നിന്നും കാര്യം വേഗം പിടിച്ചെടുത്തു.

“പോട്ടെ മോനെ നീ വിഷമിക്കേണ്ട. ഇവിടല്ലേല്‍ മറ്റെവിടെങ്കിലും കിട്ടും. പുണ്യാളന്മാര് എന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല”. എന്റെ തോളില്‍ കൈയിട്ടു. ആശ്വസിപ്പിക്കാന്‍.

“നീ വേഗം പെട്ടിയടുക്കാന്‍ നോക്ക്. രാത്രി വണ്ടിക്കു തന്നെ പോണം”.

അപ്പന്റെ ധൈര്യം എനിക്കാശ്വാസമായി.ഒരു പക്ഷെ ദുഃഖം പുറമേ കാണിക്കാതെ ഉള്ളില്‍ ഒതുക്കിയിരുന്നിരിക്കാം. പ്രകൃതിയോടു പൊരുതുന്ന ഒരു കര്‍ഷകന്റെ മാനസിക കരുത്ത്.

ഹോസ്റലില്‍ വിജയാരവങ്ങള്‍ . അവര്‍ പുതുതായി കിട്ടിയ മുറികളിലേക്ക് മാറുന്നു. പെട്ടിയും കിടക്കയും സ്റെറതസ്കോപ്പും വാങ്ങാനോടുന്നു. പുതിയ ബാങ്ക് അക്കൌണ്ടുകള്‍ തുറക്കപ്പെടുന്നു. നാളെ ക്ലാസ് തുടങ്ങുകയായി.

അവരെ നോക്കി പരാജിതര്‍ ഇരുന്നു. കളിക്കളത്തില്‍ വിജയമാഘോഷിക്കുന്ന എതിരാളികളെ നോക്കി ഇരിക്കുന്ന പരാജയ ടീമിനെപ്പോലെ. ഒരു പക്ഷെ അവരുടെ മനസ്സില്‍ ഒരു പുതിയ തീപ്പൊരി കുരുത്തിരിക്കാം. കൂടുതല്‍ ഊര്‍ജം സംഭരിച്ചു മുമ്പോട്ടു പോകാന്‍.

രാത്രി വണ്ടിയില്‍ പരാജിതരുടെ മടക്ക യാത്ര. ദല്‍ഹി ക്കും പിന്നെ കേരളത്തിലേക്കും. ഹിമ സാഗര്‍ എക്സ്പ്രസ്സിലെ തടി സീറ്റില്‍ ഇരിക്കുമ്പോള്‍ മനസ്സു വേദനിച്ചു. അപ്പന്റെ മനസ്സ് വേദനിച്ചു കാണും. മനസ്സിലോര്‍ത്തു. വിജനതയിലേക്ക് നോക്കിയിരുന്നു. വിളക്ക് കാലുകള്‍ ഓടി മറയുന്നു. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് വയലുകള്‍. തെളി നീരൊഴുകുന്ന ജലസേചന കനാലുകള്‍. ഫലഭൂയിഷ്ട്ടമായ പഞ്ചാബ്. ഒരു പക്ഷേ ഇനിയും ഇവിടേക്കൊരു മടക്ക യാത്രയില്ല.

പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കയാണ് അപ്പന്‍. ആ മനസ്സിലെ ദുഃഖം എനിക്ക് മനസ്സിലാക്കാം. സഹോദരന്‍മാരുടെ ഇടയില്‍ വീണ്ടും പരിഹാസ പാത്രമായേക്കാം. “മകനെ ഡോകറാക്കാന്‍ കൊണ്ട് പോയിട്ട് കൈയും വീശിയിങ്ങു പോന്നല്ലോ .അപ്പന്‍ കൂടുതല്‍ തന്ന കുറച്ചു സ്ഥലം അങ്ങ് വിററാ മതിയല്ലോ മോനെ അപ്പോത്തിക്കിരിയാക്കാന്‍”. കുത്തുവാക്കുകള്‍ കേട്ട് തല താഴ്ത്തേണ്ടി വന്നേക്കാം.

തിരുവല്ലാക്കാരന്‍ അച്ചായന്‍ ആദ്യം കമ്പാര്‍ട്ടുമെന്റ് തെറ്റി കേറിയിട്ടു മകനെയും കൊണ്ട് ഇപ്പോള്‍ വന്നു അപ്പന്റെ അടുത്തിരുന്നു. അയാളുടെ മുഖത്ത് ദുഃഖമോ ആധിയോ കണ്ടില്ല.

“അവന്മാരുടെ ഒടുക്കത്തെ ഒരു ഇന്റര്‍വ്യൂ. ആപ്പിളും ഡോക്ടറും തമ്മിലുള്ള ബന്ധമെന്താണെന്ന്. അത് പറയാഞ്ഞതു കൊണ്ടാ ഇവന് കിട്ടാഞ്ഞേ. കണ്ടേടത്തോളം മണിപ്പാലിലാ സൌകര്യം കൂടുതല്‍.ഇവിടെ കിട്ടാഞ്ഞേ നന്നായി. മണിപ്പാലില്‍ വിളിച്ചു ഞാന്‍ ഇന്നലെ തന്നെ പറഞ്ഞു സീറ്റ് ഉറപ്പിക്കാന്‍. കഴിഞ്ഞ വര്‍ഷമേ കാശ് അടച്ചതാ”.പുളിക്കുന്ന മുന്തിരിങ്ങയായിരുന്നെന്നു തോന്നി അങ്ങേര്‍ക്ക്് ലുധിയാന.

എരിതീയില്‍ എണ്ണ ഒഴിച്ച ആ മനുഷ്യനെ ഞാന്‍ വെറുത്തു.അപ്പന്റെ മുഖം കൂടുതല്‍ മ്ലാനമായതായി തോന്നി. ആപ്പിള്‍ ചോദ്യമാണ് സ്വന്തം മകന്റെ പരാജയ കാര്യമെന്ന് വിശ്വസിച്ചു കാണും. മണിപ്പാലും, മകനെ ആപ്പിള്‍ വാങ്ങി കൊടുക്കാഞ്ഞ കുററബോധവും ആ മനസ്സിനെ ഉലച്ചിരിക്കാം. കണ്ണടച്ചിരിക്കുന്ന അപ്പന്റെ കണ്ണിന്‍ കോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ട്രെയിനിലെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അതെന്റെ ഹൃദയത്തെ ഒരു കൂര്‍ത്ത വാളു കൊണ്ട് വെട്ടി.മനസ്സ് പറഞ്ഞു. ഈ കടം എന്നെങ്കിലും വീട്ടണം. ഇതെന്റെ അപ്പനോടുള്ള ഒരു കടമാണ്, കടപ്പാടാണ്.

പിന്നെ, മാറിയ സാഹചര്യങ്ങള്‍ ആഗ്രഹങ്ങളുടെ മുനയൊടിച്ചു. കാപ്പിയും കുരുമുളകും എന്നെ ഏല്‍പ്പിച്ചിട്ട് അപ്പന്‍ യാത്രയായി. അധികം താമസിയാതെ.
 

പകുതി വഴി ചെന്നപ്പോള്‍ മകന്‍ വരുന്നു. പ്രകാശിച്ച മുഖം. "ഐ മെയ്ഡ് ഇറ്റ്"."ഐ ഗോട്ട് സിലക്റ്റഡ്". അവനെ പുണര്‍ന്നപ്പോള്‍ കണ്ണ് കവിഞ്ഞു.സന്തോഷത്തിന്റെ കണ്ണീര്‍.


 

വീണ്ടും ഒരപ്പനും മകനും

കാല്‍ഗറി –കാനഡ
2012 മെയ് 11
മുപ്പത്തിയാറ് വര്‍ഷള്‍ങ്ങള്‍ക്കു ശേഷം അതേ ദിവസം.
യൂനിവേഴ്സിറ്റി ഓഫ് കാല്‍ഗറി മെഡിക്കല്‍ സ്കൂള്‍ ലൈബ്രറിയുടെ മുമ്പില്‍.

“എന്തുവാ ഈ ചിന്തിച്ചിരിക്കുന്നേ കുറെ നേരമായല്ലോ”. അവള്‍ മൌനം ഭേദിച്ചു.
“ഒന്നുമില്ല. വെറുതെ പഴയ കാലമൊക്കെ ഓര്‍ത്തതാ”^ ഞാന്‍ കാറിന്റെ ഡ്രെവര്‍ സീറ്റില്‍. അവള്‍ പാസഞ്ചര്‍ സീറ്റിലും.
കാറ് നിര്‍ത്തിയിട്ടിട്ടു ഇരുപത്തിയഞ്ച് മിനിട്ട് കഴിഞ്ഞു. വാച്ചില്‍ സമയം10.15.

ഏതോ അത്യാസന്ന രോഗിയുമായി താഴ്ന്നു പറന്നിറങ്ങിയ ഹെലികോപ്ടറിന്റെ ശബ്ദത്തില്‍ ഒരു പററം വെളുത്ത കനേഡിയന്‍ ഗൂസുകള്‍ ചിറകടിച്ചു പറന്നകന്നു. ഒരു ശുഭ ലക്ഷണമാകുമോ ഇത്. എനിക്ക് വിശ്വാസമില്ല, ലുധിയാനയിലെ വെള്ളരി പ്രാവുകള്‍ക്ക് അന്ന് എന്നെ രക്ഷിക്കാനായില്ലല്ലോ.

“കമ്പ്യൂട്ടര്‍ ഡൌണ്‍ ആകാന്‍ കണ്ട ദിവസം. അല്ലേ വീട്ടിലെ കമ്പ്യൂട്ടറില്‍ നോക്കിയാ മതിയാരുന്നു”. അവള്‍ അക്ഷമയായി.

“അവന്‍ പോയിട്ട് കാണുന്നില്ലല്ലോ. ഞാനൊന്ന് പോയി നോക്കീട്ടു വരാം”.

“ഞാനും വരാം” -അവള്‍ക്കും ഇരിപ്പുറക്കുന്നില്ലെന്നു തോന്നി.

പകുതി വഴി ചെന്നപ്പോള്‍ മകന്‍ വരുന്നു. പ്രകാശിച്ച മുഖം.

“ഐ മെയ്ഡ് ഇറ്റ്”.”ഐ ഗോട്ട് സിലക്റ്റഡ്”.

അവനെ പുണര്‍ന്നപ്പോള്‍ കണ്ണ് കവിഞ്ഞു.സന്തോഷത്തിന്റെ കണ്ണീര്‍.

 

അവനു അതും മനസ്സിലാകില്ല. ഇവിടെ അവന്റെ വീട്ടിലെ അപ്പിള്‍ മര ചില്ലകള്‍ ഭാരം താങ്ങാനാവാതെ ഭൂമിയോട് ഉരുമ്മി നില്‍ക്കുന്നു.ചുവന്നു തുടുത്ത ആപ്പിളുകള്‍.


 
പല കാലങ്ങളില്‍ ആപ്പിള്‍
“മം, വൈ ഈസ് ഹീ ഗെറ്റിംഗ് സൊ ഇമോഷണല്‍”? ഞാന്‍കരഞ്ഞതെന്തിനെന്നായി.

കാര്‍ നീങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജീവിത കഥ പറഞ്ഞു. അവന്റെ അച്ഛന്റെയും വല്യപ്പന്റെയും കഥ. മുപ്പത്തിയാറ് വര്‍ഷം മുമ്പ് ഇതേ ദിവസം ഉരുത്തിരിഞ്ഞ കഥ.

അതിന്റെ തീവ്രത അവനു മനസ്സിലായോ ആവോ?. ആയെന്നു തോന്നിയില്ല.ഇല്ല,അവനു മനസ്സിലാകില്ല. അവന്റെ മുത്തച്ഛന് അന്നുണ്ടായ വേദന. അവന്‍ പുതിയ തലമുറയുടെ പ്രതിനിധിയാണ്. വിദേശത്തു വളര്‍ന്ന കുട്ടിയാണ്. നാട്ടിന്‍ പുറത്തെ ഒരപ്പന്റെ മനസ്സ് അതു അനുഭവിച്ച ഗ്രാമീണ മകനെ അറിയൂ.

“ഡാഡ് ഹൌ കം യു കുഡിന്‍ ആന്‍സര്‍ ദി ക്വൊസ്റ്റീന്‍ ഓണ്‍ അപ്പിള്‍”.

“അന്ന് ആപ്പിളൊന്നും ഞാന്‍ കണ്ടിട്ടില്ലടാ”.

അവനു അതും മനസ്സിലാകില്ല. ഇവിടെ അവന്റെ വീട്ടിലെ അപ്പിള്‍ മര ചില്ലകള്‍ ഭാരം താങ്ങാനാവാതെ ഭൂമിയോട് ഉരുമ്മി നില്‍ക്കുന്നു.ചുവന്നു തുടുത്ത ആപ്പിളുകള്‍.ദേശാടന കുരുവികള്‍ക്ക് പോലും വേണ്ടാതെ. ഇപ്പോള്‍ അവന്റെ മടിയില്‍ ഇരിക്കുന്നു ടെക്നോളജിയുടെ അന്തിമ വാക്ക്, സ്റീവ് ജോബ്സിന്റെ ആപ്പിള്‍. പിന്നെ അവനു എങ്ങനെ മനസ്സിലാകും.

ആപ്പിളും ഡോക്ടറും തമ്മിലുള്ള ബന്ധം അറിയാത്ത എന്നെ അവന്‍ മനസ്സില്‍ പുച്ഛിചിട്ടുണ്ടാവും.

“നവ് ഐ നോ വൈ യു വാണ്ടഡ് മി ടു ബീ എ ഡോക്ടര്‍”.

“വൈ ഡസ് എവെരിവണ്‍ വാന്റ്സ് ടു ബീ എ ഡോക്ടര്‍ ഓര്‍ എഞ്ചിനീയര്‍ ഇന്‍ കേരള? “വൈ ഈസ് ഇറ്റ് എ ബിഗ് ഡീല്‍?”. അവന്‍.

“അത് അവിടെ അങ്ങനെയാ, നിനക്കതു മനസ്സിലാകില്ല കുഞ്ഞേ”-ഞാന്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

കാറിന്റെ കണ്ണാടിയിലൂടെ പിന്‍ സീറ്റിലിരിക്കുന്ന അവനെ നോക്കി. അപ്പന്റെമുഖം അതെ പടി പറിച്ചു വച്ചിരിക്കുന്നു.

തിരികെ എത്തിവീട്ടിലെ ഓഫീസ് മുറിയിലേക്ക് കയറി കതകടച്ചു. അപ്പന്റെ ചില്ലിട്ട ഒരു പഴയ ഫോട്ടോ ഭിത്തിയില്‍. ഒരു നിമിഷം നോക്കി നിന്നു. നിശബ്ദമായി.
ആര്‍ദ്രമായ മനസ്സു മന്ത്രിച്ചു.

“കൊച്ചു മകന്‍ കടം വീട്ടി കേട്ടോ”.
 
 
 
 

14 thoughts on “എന്റെ മകന് മനസ്സിലാകുന്നില്ല, ആ ആപ്പിള്‍ക്കഥ

  1. ഹൃദയത്തില്‍ തട്ടുന്ന ഒരനുഭവം വളരെ നന്നായി ചിത്രികരിച്ചിരിക്കുന്നു, കൂട്ടത്തില്‍ തലമുറകള്‍ നല്‍കുന്ന ജീവിത വീക്ഷണത്തിന്റെ അന്തരവും. അഭിനന്നനങ്ങള്‍ സുഹുര്ത്തെ

    സെബാസ്റ്യന്‍

  2. ഒരു തലമുരയുടൈ സ്വപനം മറ്റൊരു തലമുറയില്‍ കൂടി സഭലീകരിചതിന്റൈ നിര്‍വൃതി .സുന്ദരം

  3. മനസ്സില്‍ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വേലിയേറ്റം സൃഷ ടിക്കാന്‍ പ്രാപ്തമായ നല്ല ആവിഷ്ക്കാരം…സത്യം പറഞ്ഞാല്‍ ഞാനും ഒന്ന് വിതുമ്പി പോയി….അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് ഒത്തു ഉയരാന്‍ കഴിയാത്ത ഒരു മകനാണ് ഞാനും…

  4. വളരെ നന്നായിരിക്കുന്നു കോശി! ഇനിയും എഴുതുക.

  5. Superb narration…..you said it. ഞാന്‍ താങ്കള്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു, വായിച്ചു തീര്ന്നപ്പോഴേക്കും മനസ്സില്‍ എവിടെയൊക്കെയോ ഒരോ പോറല്‍ ..!!

  6. അച്ചായാ, അസ്സലായി എഴുതി.. 2 തലമുറകൾ അവരുടെ ജീവിതം നന്നായി പകര്ത്തി..

Leave a Reply

Your email address will not be published. Required fields are marked *