മഴ പെയ്യുമ്പോള്‍ ദ്വീപ് എന്തു ചെയ്യും?

 
 
 
 
പ്രവാസത്തിന്റെ ദ്വീപ് അനുഭവങ്ങള്‍. മാലിയില്‍നിന്ന് ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 

ദ്വീപില്‍ മഴപെയ്യുമ്പോള്‍ ഇളം പച്ച നിറമുള്ള കോറല്‍ ജലവും ആഴക്കടലിലെ കടും നീല ജലവും ഇളകി ആടും .ഇടയ്ക്ക് നല്ല കാറ്റു വീശും. വീടിന്റെ മേല്‍ക്കൂ രയിലെ ടിന്‍ ഷീറ്റുകളില്‍ ചെണ്ട മേളം തുടങ്ങും. തെങ്ങുകള്‍ ഇളകി ആടും. കാക്കകള്‍ മാത്രം എല്ലാ ബഹളവും വെടിഞ്ഞ് മരച്ചില്ലകളില്‍ ധ്യാനനിരതരാവും. തീരത്ത് അടുത്തടുത്തായി കിടക്കുന്ന ബോട്ടുകളില്‍ ബംഗ്ലാദേശികള്‍ തണുപ്പകറ്റാന്‍ സിഗരറ്റ് വലിച്ചൂതി രസിക്കും . ഹോട്ടലുകളില്‍ ചുടുചായ മോന്തി ഉച്ചത്തില്‍ രാഷ്ട്രീയം വിളിച്ചലറുന്നവര്‍ മഴയെ മറക്കും . വിജനമായ റോഡുകളില്‍ കൌമാരക്കാര്‍ മഴ നനഞ്ഞു ബഹളം വെച്ച് പോകും. വീടിനകത്തുള്ളവര്‍ മഴ തോരുന്നതും കാത്തു മുറികളില്‍ അടയിരിക്കും . കാറ്റിനൊത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴക്കൂട്ടങ്ങളെ നെഞ്ചിലേറ്റി കടലില്‍ തിരകളുടെ ഹര്‍ഷാരവമാവും^പ്രവാസത്തിന്‍റെ മാലി ദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. മാലിയില്‍നിന്ന് ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 


 

മഴപെയ്യുമ്പോള്‍ ഈ ദ്വീപ് ജീവിതം എങ്ങനെയാണ്? ആകെ പ്രശ്നഭരിതമാകുമോ ? കടല്‍ കരയിലേക്ക് ആര്‍ത്തിയോടെ നാവു നീട്ടുമോ? ഭൂമിയാകെ ഉലഞ്ഞഴിയുമോ?

ചോദ്യം എന്റെ രണ്ടു സ്ത്രീ സുഹൃത്തുക്കളുടേതായിരുന്നു. ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ പോലും ചോദിക്കുമായിരുന്നു ഇങ്ങനെ. കരയില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് എത്ര സങ്കല്‍പ്പിച്ചാലും തിരിച്ചറിയാനാവണമെന്നില്ല, ദ്വീപിന്റെ കടലിളക്കങ്ങള്‍.

എന്തായാലും മഴയിലേക്ക് വരാം. ദ്വീപിന്റെ ആകാശങ്ങളിലെ മഴമേഘങ്ങളിലേക്കും.

ദ്വീപില്‍ മഴപെയ്യുമ്പോള്‍ ഇളം പച്ച നിറമുള്ള കോറല്‍ ജലവും ആഴക്കടലിലെ കടും നീല ജലവും ഇളകി ആടും .ഇടയ്ക്ക് നല്ല കാറ്റു വീശും. വീടിന്റെ മേല്‍ക്കൂ രയിലെ ടിന്‍ ഷീറ്റുകളില്‍ ചെണ്ട മേളം തുടങ്ങും. തെങ്ങുകള്‍ ഇളകി ആടും. കാക്കകള്‍ മാത്രം എല്ലാ ബഹളവും വെടിഞ്ഞ് മരച്ചില്ലകളില്‍ ധ്യാനനിരതരാവും.

തീരത്ത് അടുത്തടുത്തായി കിടക്കുന്ന ബോട്ടുകളില്‍ ബംഗ്ലാദേശികള്‍ തണുപ്പകറ്റാന്‍ സിഗരറ്റ് വലിച്ചൂതി രസിക്കും . ഹോട്ടലുകളില്‍ ചുടുചായ മോന്തി ഉച്ചത്തില്‍ രാഷ്ട്രീയം വിളിച്ചലറുന്നവര്‍ മഴയെ മറക്കും . വിജനമായ റോഡുകളില്‍ കൌെമാരക്കാര്‍ മഴ നനഞ്ഞു ബഹളം വെച്ച് പോകും. വീടിനകത്തുള്ളവര്‍ മഴ തോരുന്നതും കാത്തു മുറികളില്‍ അടയിരിക്കും . കാറ്റിനൊത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴക്കൂട്ടങ്ങളെ നെഞ്ചിലേറ്റി കടലില്‍ തിരകളുടെ ഹര്‍ഷാരവമാവും.

മഴയുടെ ഇടനേരങ്ങളില്‍ ഞാന്‍ റോഡിലേക്കിറങ്ങും . സമൃദ്ധമായി പെയ്ത മഴയെങ്ങു പോയെന്ന് അന്വേഷിച്ചെന്നോണം ഇടവഴികളിലൂടെ നടക്കും. നോക്കൂ
, റോഡിലിപ്പോള്‍ കെട്ടികിടക്കുന്ന ജലം ഇല്ല . പെയ്ത മഴ വെള്ളം മുഴുവന്‍ ദ്വീപിന്റെ ഹൃദയത്തിലേക്ക് ഒഴുകി ചേര്‍ന്നു കാണണം. മഴ വെള്ളം ദ്വീപില്‍ അകം നിറഞ്ഞു കിടക്കുമായിരിക്കും.

 

 

ഭാവിയിലേക്കു പെയ്യുന്ന മഴ
നമ്മുടെ നാട്ടിലേതു പോലെ മഴക്കാലം പോയാല്‍ ഇവിടുത്തെ മണ്ണ് ഉടനെ ദരിദ്രമാക്കപ്പെടുന്നില്ല ! ആ വെള്ളം കിണര്‍ വഴി കോരിയെടുക്കാം . കുഞ്ഞു കുഞ്ഞു കിണറുകള്‍ . പക്ഷെ അതാരും കുടിക്കാന്‍ ഉപയോഗിക്കില്ല . കടല്‍ ലവണങ്ങള്‍ കൂടുതലാണ് കിണര്‍ വെള്ളത്തില്‍. സ്ഥിരമായി ഈ കിണര്‍ വെള്ളം ഉപയോഗിച്ചാല്‍ നമ്മുടെ കിഡ്നി നാശമാകും.

ഇടയ്ക്കൊക്കെ ഈ കിണര്‍ വെള്ളത്തിനു ദുര്‍ഗന്ധം അനുഭവപ്പെടും . ചിലയിടങ്ങളില്‍ നല്ല ഉപ്പുരസവുമുണ്ടാകും . കുടിക്കാന്‍ ദ്വീപുകാര്‍ക്ക് മഴവെള്ളം തന്നെ ധാരാളം . 2500 ലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടോ മൂന്നോ ഭീമന്‍ ടാങ്കുകള്‍ മഴവെള്ളം ശേഖരിക്കാനായി ഓരോ വീട്ടുമുറ്റത്തും കാണാം . മഴയ്ക്ക് മുമ്പ് ദ്വീപുകാര്‍ ടിന്‍ ഷീറ്റ് പാകിയ ( ഇവിടെ മിക്ക വീടുകളും ടിന്‍ ഷീറ്റ് പാകിയതാണ് . ഇരുനില വീടുകള്‍ അധികം ഇല്ല . ഉള്ള ഇരുനില വീടുകളുടെ മുകളിലും ടിന്‍ ഷീറ്റ് തന്നെ . ) മേല്‍ക്കൂര ദ്വീപുകാര്‍ അടിച്ചു വൃത്തിയാക്കും .

ആദ്യത്തെ ഒന്ന് രണ്ടു മഴ മേല്‍ക്കൂരയ്ക്കുള്ളതാണ്. പ്രകൃതി തന്നെ ശുചിയാക്കുമെന്ന പോലെ മേല്‍ക്കൂര മഴ നിന്നുനനയും. അടുത്ത മഴ വെള്ളം വശങ്ങളില്‍ ഘടിപ്പിച്ച പാത്തിവഴി , ട്യൂബ് വഴി ടാങ്കിലേക്ക് എത്തുന്നു . ഒരു വര്‍ഷം മുഴുവന്‍ ദ്വീപുകാര്‍ക്ക് കുടിക്കാന്‍ ആവശ്യമായ വെള്ളം അങ്ങനെ സൂക്ഷിക്കപ്പെടുന്നു . കിണര്‍ ജലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു .

നമ്മുടെ നാട്ടിലും ഈ രീതിയില്‍ വെള്ളം സൂക്ഷിച്ചാല്‍ ജലക്ഷാമം എത്ര സുന്ദരമായി പരിഹരിക്കാം ! കാരണം കേരളത്തില്‍ പെയ്യുന്ന മഴയെക്കാള്‍ എത്രയോ കുറവാണ് ദ്വീപില്‍ ലഭിക്കുന്നത് ! പക്ഷെ നമുക്ക് അതൊക്കെ ഒരു മോശം കാര്യമല്ലേ ? അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് മഴവെള്ളം സൂക്ഷിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് എവിടെയാ നേരം ?

 

 

ദ്വിവേഹി വഴി കിഷോര്‍
മാലിദ്വീപിന്റെ തലസ്ഥാന നഗരിയില്‍ നിന്നും ദ്വീപിലേക്കുള്ള ആദ്യ യാത്രയില്‍ കേട്ട പാട്ട് ഇന്നും ഓര്‍മയുണ്ട് ! നടുക്കടലിലൂടെ ചാഞ്ഞും ചരിഞ്ഞും നീങ്ങുന്ന ബോട്ടിന്റെ ഇളക്കങ്ങളില്‍ പരിഭ്രമിച്ചിരിക്കുമ്പോഴും ചിരപരിചിതമായ ഒരു ഗാനം എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു . ബോട്ടിലിരുന്നയാള്‍ നന്നായി പാടുന്നുണ്ട്. ഈണം മനസ്സിലെത്തുന്നു എന്നാല്‍, വരികളില്‍ അപരിചിതത്വത്തിന്റെ മറ്റൊരു കടല്‍.

കിഷോറിന്റെ പ്രശസ്തമായ ഗാനം’മേരെ സപ്നോം കി റാണി കബ് ആയേഗി തു ..’ തന്നെ അത് ! ശബ്ദം കിഷോറിന്റേത് അല്ല . വരികള്‍ ഹിന്ദിയും അല്ല . സംശയം ബലപ്പെട്ടപ്പോള്‍ അടുത്തിരിക്കുന്ന മാലിക്കാരനോട് ആ പാട്ട് ഏതെന്ന് ഞാന്‍ ചോദിച്ചു . ‘അത് ദ്വിവേഹി ഗാനം’ -അയാള്‍ മറുപടി പറഞ്ഞു !

ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി ! ഇന്നും ഇവരുടെ ദ്വിവേഹി ഗാനം കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മ ഇപ്പോഴുമെത്തും. കാര്യം ഇത്രയേയുള്ളൂ, ദ്വിവേഹിയില്‍ നമ്മള്‍ കേള്‍ക്കുന്ന മിക്ക ഗാനങ്ങളും കോപിയാണ്. ഇന്ത്യയിലെ പല ഭാഷകളിലും ഉള്ള പ്രശസ്ത സിനിമാ ഗാനങ്ങള്‍ ഇവര്‍ സ്വന്തം ഭാഷയിലേക്ക് കൊണ്ടുവരും. ഇന്ത്യയില്‍ ഒരു പാട്ട് ഹിറ്റായാല്‍ ഉടനെ ദ്വീപില്‍ അലയടിക്കും അതിന്റെ ‘ദ്വിവേഹി പതിപ്പ്’.

ഒരിക്കല്‍, ഒരു പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ ദ്വിവേഹി പതിപ്പ് ഒരു പെണ്‍കുട്ടി മനോഹരമായി മൂളുന്നതു കേട്ടു. അത് ഞങ്ങളുടെ ഹിന്ദി ഗാനത്തിന്റെ കോപ്പിയാണ്’-ഞാന്‍ പറഞ്ഞു. അവള്‍ എന്നെ രൂക്ഷമായി നോക്കി. എന്റെ അവകാശവാദം ആ നോട്ടം കൊണ്ട് അവള്‍ അസാധുവാക്കി.

തലയില്‍ കൈവെച്ചിരിക്കുന്ന എന്നെ നോക്കി സുഹൃത്ത് ചെറുചിരിയോടെ പറഞ്ഞു.^’നീയെന്തായീ പറയുന്നത്? ഇതാ ഒറിജിനല്‍. നമ്മുടെ എ . ആര്‍ . റഹ്മാനും , ദേവരാജനും , ബാബുരാജും ഒക്കെ ബോട്ടും പിടിച്ചിവിടെ വന്ന് ഇവരുടെ പാട്ട് മോഷ്ടിച്ച് പോയി വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയതല്ലേ . എന്നിട്ട് അതിന്റെ പേരില്‍ ഇവരെ കളിയാക്കുന്നോ ?’ സുഹൃത്ത് പറഞ്ഞ ആ തമാശ തന്നെയാണ് ഇവിടെ യോജിക്കുക. അതുകൊണ്ട് പിന്നീട് അത്തരം വാദമുഖങ്ങള്‍ ഞാന്‍ ആവര്‍ത്തി ച്ചില്ല !

 

 

അലി റമീഷിന്റെ കഥ
വളരെ നല്ല ഗായകര്‍ ദ്വീപുകളില്‍ ഉണ്ട് . അലി റമീഷ് എന്ന മാലിദ്വീപിലെ അതി പ്രശസ്ത ഗായകന്റെ കഥ വിസ്മയാവഹമാണ്. ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ‘പാരഡി’ തന്നെ അദ്ദേഹത്തിന്റെ പല പാട്ടുകളും . അതദ്ദേഹം സമ്മതിക്കുകയും ചെയ്യാറുണ്ട് . ഗായകന്‍ എന്ന നിലയില്‍ അലി ഏറെ ജനപ്രിയന്‍ ആയിരുന്നു . ഏത് ദ്വീപിലും നിരവധി ആരാധകര്‍ . പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്് അദ്ദേഹം ആ സംഗീതം ഉപേക്ഷിച്ചു.!

എന്ത് സംഭവിച്ചുവെന്നറിയില്ല. അലി ഇപ്പോള്‍ ഒരു പള്ളിയിലെ മുക്രി ആണ് . പാട്ട് പാടുന്നത് അനിസ്ലാമികം ആയതിനാല്‍ അദ്ദേഹം അത് ഉപേക്ഷിച്ചതാവാം എന്നൊരു മാലിക്കാരന്‍ എന്നോട് പറഞ്ഞു ! ഇയ്യിടെ ഒരു ദ്വീപില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടു. നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഒരു പാവം മുക്രി തന്നെ ഇപ്പോള്‍ അലി ! നീണ്ട നരച്ച താടി . തലയില്‍ തൊപ്പി. ഒരു ഭിക്ഷാം ദേഹിയുടെ മട്ടും ഭാവവും. സൂഫി സംഗീതത്തിന്റെ മറ്റൊരു അവസ്ഥയിലേക്കാണോ അലി നടന്നു പോവുന്നതെന്ന് ഒരു നിമിഷം ഞാനാലോചിച്ചു. ഒരു പക്ഷേ, വ്യത്യസ്തമായ മറ്റൊരു സംഗീതവുമായി ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ അലി വീണ്ടും വന്നേക്കുമെന്ന് എനിക്കു തോന്നി.

അദ്ദേഹം ശാന്തനായി എനിക്കു മുന്നിലൂടെ കടന്നു പോയി. പഴയ ആ കാല്‍പനിക ഭാവം തരിമ്പു പോലുമില്ല, ആ ശരീരത്തില്‍. ഇബ്ബെ , അബ്ദുല്‍ ഗാനി എന്നീ ഗായകരും അഷ്ഫാ , മായിന്‍ എന്നീ ഗായികമാരുമാണ് ഇന്ന് മാലിയിലെ സംഗീത താരങ്ങള്‍. കോപ്പിയടി പാട്ടുകളെക്കുറിച്ച് പറഞ്ഞതുകേട്ട് ഇവിടെ ഒറിജിനല്‍ ഇല്ലെന്നൊന്നും കരുതരുത്. സ്വന്തം മണ്ണില്‍ വേരാഴ്ത്തി തഴച്ചുവളരുന്ന മനോഹരമായ ഗാനങ്ങള്‍ ഏറെയുണ്ട് ഇവിടെ. ഗോത്ര സ്മൃതി ഉണര്‍ത്തുന്ന ഗാനങ്ങള്‍. മനോഹരമായ നൃത്ത രൂപങ്ങള്‍….

 
 
 
 

19 thoughts on “മഴ പെയ്യുമ്പോള്‍ ദ്വീപ് എന്തു ചെയ്യും?

 1. maly dweepinte mazhayude thalavum…..avarude pattinte eenavum….nalla avatharan mashe….nalla sukham vayikkan..:)

 2. ദ്വീപിന്റെ പച്ചപ്പ് കവർന്നെടുത്ത കടലിൽ മഴയുടെ നൃത്തം കാണാൻ എത്ര മനോഹരമായിരിക്കും! മഴയെപറ്റി എത്ര പറഞ്ഞാലും വായിച്ചാലും കൊതി തീരില്ല… മഴയെക്കുറിച്ച് എഴുതുമ്പോൾ ജയന്റെ വാക്കുകളിലും അതേ ആകർഷണം, മനോഹാരിത, വാചാലത…….. ദ്വീപിലെ വിശേഷങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു…….

 3. ദ്വീപിലെ മഴ നേരില്‍കണ്ട പ്രതീതി ഈ എഴുത്ത് വായിച്ചപ്പോള്‍ .മനോഹരം .മാഷെ ആശംസകള്‍ .കൂടുതല്‍ ദ്വീപ്‌ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു ..

 4. ദ്വീപിലെ മഴ നേരില്‍ കണ്ട പ്രതീതി ജനിപ്പിക്കുന്ന എഴുത്ത് .മനോഹരം .കൂടുതല്‍ ദ്വീപ്‌ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു .ആശംസകള്‍ മാഷെ

 5. സുഖകരമായി വായിച്ചു പോകാവുന്ന വരികള്‍….. ദ്വീപിനേയും അവിടുത്തെ മഴയും ഒപ്പം താങ്കളിലെ എഴുത്തുകാരെനെയും തിരിച്ചറിയാന്‍ കഴിയുന്നു.

 6. ഒരു മഴ നനഞ്ഞ സുഖം …എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് കടലിന്റെ അനതതയിലേക്ക് നോക്കി നില്‍ക്കല്‍ ..ഒരു പാട് നിഗൂഡതകളുടെ രഹസ്യങ്ങളുടെ കലവറയാണ് കടല്‍ … നന്നായിരിക്കുന്നു മാഷേ നന്നേ ഇഷ്ടപ്പെട്ടു ..

 7. ജയചന്ദ്രന്‍ സാര്‍ , ദ്വീപിലെ മഴക്കാഴ്ച്ചകള്‍ വായിച്ച് മരുഭൂവാസികളായ ഞങ്ങളുടെ മനസ്സില്‍ മഴ പെയ്തു . നന്നായിട്ടുണ്ട് .ഈനിyum എഴുതൂ

 8. ആഹാ, നിറഞ്ഞു പെയ്യുന്ന ഒരു കര്‍ക്കടക മഴയത്തു ചൂടുള്ള ചായയും കുടിച്ചു പെയ്യുന്ന മഴയിലേക്ക് കാലും നീട്ടി ഇരുന്നു ഒരു പഴയ പാട്ട് കേക്കുന്ന സുഖം ഇത് വായിച്ചപ്പോ.. മാഷിന്റെ വരികളിലൂടെ ദ്വീപ്‌ പ്പോ പരിചിതമാവുന്നു..

 9. ഇപ്പോ ഞാനും മാലിയിൽ വന്നതുപോലെ. അവിടുത്തെ ഇടവഴികൾ പോലും നല്ല പരിചയം. മഴയും, കടലും, സ്കൂളും, തലയിൽ പലചായങ്ങൾ പൂശിയ ചെറുപ്പക്കാരുമെല്ലാം ഞാൻ കണ്ടതുപോലെ. ഇനിയുമേറേ കാണാനുമുണ്ട്‌. രസകരമായ വിവരണം. എന്നാലും വായിക്കുമ്പോഴുള്ളിലെവിടെയോ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും നോവും അറിയുന്നു.

 10. ശരിക്കും ഇഴുകിചേര്‍ന്നുള്ള ഒരെഴുത്ത് .ദ്വീപ്‌ എന്നതിന്റെ പൂര്‍ണ്ണത പലയിടത്തായ്‌ കൂട്ടിവയ്ക്കപ്പെടുന്നുണ്ട് ,അതിനോടൊപ്പം നനുത്ത ഓര്‍മ്മകളുടെ ചഷകവും നിറഞ്ഞു കവിയുന്നത് കാണുന്നു .ഈ എഴുത്തിന് അഭിനന്ദനങ്ങള്‍ ,ആശംസകള്‍ .

  • മഴയില്‍ നനഞ്ഞതു പോലെ..ദ്വീപില്‍ എത്തിയതുപോലെ….അത്രയ്കും ആസ്വാദകരമായ വരികള്‍..!! ഞാന്‍ ഏറെ ഇഷ്ട്ടപെടുന്നതാണ് മഴയും കടലും….അഭിനന്ദനങ്ങള്‍ മാഷെ…!!!

 11. മഴ പെയ്തു ..മരം പെയ്തിട്ടും ദ്വീപില്‍ നിന്ന് മടങ്ങാന്‍ തോന്നാത്തത്ര മനോഹരമായ ആഖ്യാനം .

 12. താങ്കളുടെ ദ്വീപിലെ കാഴ്ചകള്‍ കാണാന്‍ ഒരു മോഹം തോന്നുന്നു.. നല്ല വായനാനുഭവം..

 13. താങ്കളുടെ വിവരണം വായിക്കുന്തോറും ദ്വീപിനെ നേരിട്ടനുഭവിക്കാന്‍ വല്ലാത്ത മോഹം ..നല്ല വാാനാനുഭവം ..

 14. മാഷെ ……… സംഗീതവും …. മഴയും..
  മഴ ജീവന്‍റെ അമൃത്….സംഗീതം മനസ്സിന്റെയും
  ദ്വീപ്‌ വാസികള്‍ ദീര്‍ഘവീക്ഷണ തോടെയും ശ്രദ്ധയോടെയും ഈ മഴ വെള്ളത്തെ ഉപയോഗിക്കുന്നു..
  . നമ്മളും എപ്പോള്‍ കുറെ അതെ പാതയില്‍ വന്നു തുടങ്ങി.. സാഹചര്യങ്ങള്‍ ക്ക് അനുസരിച്ച്
  ജീവിക്കുവാന്‍ പഠിക്കണമല്ലോ.വായന ഹൃദ്യം

 15. അക്ഷരങ്ങള്‍ ചിത്രങ്ങളായി മനസ്സിലെത്തുന്നു..ഈ എഴുത്തിലൂടെ,ചെറിയ ഇടങ്ങളിലെ ചെറിയ മനസ്സുള്ള മനുഷ്യര്‍, അവരുടെ ലോകത്ത് വലിയവരും.അവരെ തിരുത്താന്‍ ശ്രമിക്കരുത് അത് ആപത്തുണ്ടാക്കും എന്ന സന്ദേശവും ഇതിലൂടെ ഞങ്ങള്‍ അറിയുന്നു…ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *