ആതി: ജലം കൊണ്ടു മുറിവേറ്റവര്‍ക്ക് ഒരിടം

 
 
 
 
സാറാ ജോസഫിന്റെ ആതി എന്ന നോവലിന്റെ വ്യത്യസ്ത വായന. കവിയും ഗവേഷകയുമായ കെ. പി ചിത്ര എഴുതുന്നു
 
 
ആതിദേശങ്ങള്‍ ഇനിയും നഷ്ടപ്പെട്ടു പോകരുതെങ്കില്‍, അവയെ തിരിച്ചു പിടിക്കണമെങ്കില്‍ ആതിയുടെ കഥയിലെ രാഷ്ട്രീയ സന്ദേശങ്ങള്‍ കേരളം സ്വന്തം ജീവിതത്തില്‍ ഉപയുക്തമാക്കുക തന്നെ വേണം. പുസ്തകം വായിച്ച് മടക്കുമ്പോള്‍ ജലം അതിന്റെ പരിപൂര്‍ണ്ണ സൌന്ദര്യത്തോടെ ആതിയില്‍ മാത്രമല്ല നമ്മുടെ ഉള്ളിലും ഒഴുകി നിറയുന്നു. തുളുമ്പുന്നു. ആതിദേശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുക ഈ സൌന്ദര്യമല്ലാതെ മറ്റെന്ത്?-സാറാ ജോസഫിന്റെ ആതി എന്ന നോവലിന്റെ വ്യത്യസ്ത വായന. കവിയും ഗവേഷകയുമായ കെ. പി ചിത്ര എഴുതുന്നു

 

 

കെ. പി ചിത്ര

സാറാ ജോസഫിന്റെ ‘ആതി’ എന്ന നോവല്‍ വര്‍ത്തമാനകാല കേരളത്തിലെ ജലജീവിതത്തിന്റെ നേര്‍രേഖയാകുന്നു എന്നിടത്താണ് നോവലിന്റെ വിജയവും പാരിസ്ഥിതികമൂല്യാവബോധമുള്ള സമൂഹം എന്ന നിലയില്‍ നമ്മുടെ പരാജയവും. ഇടയ്ക്ക് പോപുലിസ്റ് എഴുത്തിലേക്ക് വീണു പോകുന്നു എന്ന തോന്നല്‍ ഉളവാക്കുന്നുണ്ടെങ്കിലും ഭൂമിക്കും ജലത്തിനും മീതെയുള്ള കയ്യേറ്റങ്ങള്‍ സമാനതകളില്ലാതെ വര്‍ദ്ധിക്കുന്ന കേരളത്തിലെ ഇന്നത്തെ പാരിസ്ഥിതിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈ നോവല്‍ ജനിക്കാതെ വയ്യ.
ഒരേ സമയം മൂലമ്പിള്ളിയിലേക്കും വിളപ്പില്‍ശാലയിലേക്കും വളന്തക്കാട്ടിലേക്കും ആതിക്ക് സമാനമായ പ്രശ്നങ്ങളനുഭവിക്കുന്ന കേരളത്തിലെ പാരിസ്ഥിതിക ഭൂപടത്തിലെ മറ്റ് പലയിടങ്ങളിലേക്കും ഈ നോവലിന്റെ വായനയിലൂടെ നമ്മള്‍ എത്തിപ്പെടുന്നു. സാറ ജോസഫ് എന്ന എഴുത്തുകാരിയുടെ വെറുമൊരു ബിംബ നിര്‍മ്മിതി മാത്രമല്ല ആതി. ഭൂമിയും ജലവും കച്ചവടച്ചരക്കാക്കുന്ന നിലവിലെ വികസന നയങ്ങള്‍ക്കെതിരെ നടക്കുന്ന ചെറുതും വലുതുമായ ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ഇടം തന്നെയാണ്. ഈ സമരങ്ങളില്‍ നിരന്തരമായി പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍ സാറ ജോസഫെന്ന സാമൂഹിക പ്രവര്‍ത്തകയുടെ നേരറിവുകളുടെ രാഷ്ട്രീയ ആഖ്യാനം കൂടിയാണ് ആതി. ആതിയുടെ രാഷ്ട്രീയം ഭൂമിയുടെയും ജലത്തിന്റെയും രാഷ്ട്രീയമാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെയും ഇടം നഷ്ടപ്പെടുന്നവരുടെയും രാഷ്ട്രീയമാണ്.

 

സാറാ ജോസഫ് Image Courtesy: Madhyamam Weekly


 

ജലം പോലെ തുറന്ന ജീവിതം
തുടക്കത്തില്‍, ആതി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജല ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ജലചാരുതയെ, സത്തയെ അതിന്റെ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ വെളിവാക്കുന്നു. ഭൂമിയും ജലവും കച്ചവടച്ചരക്കുകള്‍ ആയി മാറുമ്പോള്‍ ആതിക്ക് നഷ്ടപ്പെടുന്നത് ഒഴുകിനിറയുന്ന ജലപ്പരപ്പ് മാത്രമല്ല ഒരു ആവാസ വ്യവസ്ഥ തന്നെയാണ്. ഈ ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ സുസ്ഥിരമായ ഒരു ജീവിത രീതിയുണ്ട്. ബാഹ്യമോടികളില്‍ നിന്നും കച്ചവടവല്‍ക്കരണത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിശ്വാസ പ്രമാണങ്ങളുണ്ട്.

ആതി ഒരു ഭൂവിഭാഗം എന്നതിലുപരി സന്തുലിതവും നിഷ്പക്ഷവുമായ, പ്രപഞ്ചത്തോട് ഐക്യപ്പെട്ടു ജീവിക്കുന്ന ഒരു മാനസികാവസ്ഥയാണ് ആതിയിലെ മനുഷ്യരുടേത് ജലജീവിതമാണ്. ജലത്തെ മാറ്റി നിര്‍ത്തിക്കൊണ്ടൊരു ജീവിതമവര്‍ക്കില്ല. ആതിയിലെ മനുഷ്യര്‍ക്ക് ഭൂമിയും ജലവും മതില് കെട്ടിത്തിരിക്കാനുള്ള സ്വകാര്യസ്വത്തല്ല. ആതിയിലെ വീടുകള്‍ക്ക് വാതിലുകളില്ല. മോഷണം എന്ന വാക്ക് ആതിക്ക് പരിചിതമല്ല. അത് കൊണ്ട് തന്നെ ആതിയില്‍ കള്ളന്മാരുമില്ല. ജലം പോലെ തുറന്നതാണ്, ആര്‍ജ്ജവമുള്ളതാണ് ആതിയുടെ മനസ്സ്.

 

Painting: Renée-Anne-Bouffard


 

തൊണ്ട വറ്റിയ നിലവിളികള്‍
പിന്നീട് നമ്മള്‍ കാണുന്നത് ബാഹ്യ ഇടപെടലുകളാല്‍ ജലജീവിതത്തില്‍ വിള്ളല്‍ വീണ് മുറിവേറ്റ് നില്‍ക്കുന്ന ആതി ദേശത്തെയാണ്. ആതിയിലെ കഥാപാത്രങ്ങളിപ്പോള്‍ വര്‍ത്തമാനകാല കേരളത്തിന്റെ പ്രതിനിധികളാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍. ഭൂമിക നഷ്ടപ്പെടുന്നവര്‍. അവര്‍ നമുക്ക് ചുററും ജീവിക്കുന്നവരാണ്. സ്വന്തം ഇടം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവര്‍. നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇടങ്ങള്‍ തിരിച്ച് പിടിക്കാന്‍ പോരാടുന്നവര്‍. ഈ കഥാപാത്രങ്ങളില്‍ ആതിയിലെ കുടിയിടത്തിന് പകരമായിക്കിട്ടിയ ഫ്ലാറ്റിന്റെ ഇരുപതാം നിലയിലെ സിറ്റൌട്ടില്‍ നിന്ന് ഭൂമിയെവിടെയെന്ന അന്ധാളിക്കുന്ന കുഞ്ഞിക്കാളിയും മകനുമുണ്ട്. മരിച്ചാലടക്കാന്‍ പോലും തുണ്ട് ഭൂമിയില്ലാത്തവരുടെ പ്രതിനിധികളാണവര്‍. കാടും ജലവും മണ്ണും കൈ വിട്ട് പോകുന്നവരുടെ പ്രതിനിധികള്‍.

ഇവിടെ ആതിയിലെ കെട്ടിയടയ്ക്കപ്പെട്ട വെള്ളത്തിന്റെ നിലവിളി കേള്‍ക്കുന്ന കുഞ്ഞിമാതുവുണ്ട്. ജീവിതത്തില്‍ പ്രിയപ്പെട്ടവനാല്‍ ഉപേക്ഷിക്കപ്പെട്ടവളാണ് കുഞ്ഞിമാതു. ജലത്തോടുള്ള പ്രണയത്താല്‍ ഉള്ളിലെ നിലവിളിയെ അതിജീവിച്ചവള്‍. ജലത്താല്‍ തിരികെ പ്രണയിക്കപ്പെട്ടവള്‍. ആതിയിലെ ജലജീവിതമാണ് കഞ്ഞുമാതുവിനെ ജീവിതത്തെ നേരിടാന്‍ പ്രാപ്തിയുള്ളവളാക്കിയത്. ആതിയെ തകര്‍ക്കുന്ന ബാഹ്യ ശക്തികള്‍ക്കെതിരെ പോരാടാന്‍ വീര്യമുള്ളവളാക്കിയത്. ഒടുവില്‍ തന്നെ ജീവിപ്പിച്ച ജലത്തിന്റെ നിലവിളിയില്‍ മനം നൊന്ത് ജലസമാധിയിലേക്ക് നടന്ന് പോകുന്നുണ്ട് കുഞ്ഞുമാതു, പോരാട്ടത്തിന്റെ വീര്യം ഒരു സമൂഹത്തിലേക്ക് മുഴുവന്‍ പകര്‍ന്നു കൊണ്ട്.

ഒരു ജാതിയുടെയും മതത്തിന്റെയും വക്താവല്ലാത്ത ആതിയുടെ സ്വന്തം തമ്പുരാനുമുണ്ട് ഇവിടെ. ആതിയുടെ തമ്പുരാന്‍ സര്‍വവ്യാപിയായ ഇരുട്ടാണ്. ഇരുട്ടിന്റെ പക്ഷപാതപരമല്ലാത്ത നീതിബോധമാണ് ആതിയുടെ തമ്പുരാന്റേതും. ബാഹ്യ ശക്തികളുടെ ഇടപെടലുകളാല്‍ തമ്പുരാന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ഒരു ലഹള ഒഴിവാക്കാന്‍ ചുവര് കെട്ടിയും മേല്‍ക്കൂര പണിതും അഴികള്‍ക്കകത്ത് അടച്ച് നിര്‍ത്തിയ ഇരുട്ടിനെ ഒരു ഘട്ടത്തില്‍ ആതിയിലെ സ്ത്രീകള്‍ പ്രപഞ്ചത്തിലേക്ക് തുറന്ന വിടുന്നുണ്ട്. വിശ്വാസത്തിന്റെ കെട്ടുകാഴ്ചകളെ നിശിതമായ വിമര്‍ശനത്തിനിരയാക്കുന്നു ആതി ഇവിടെ.

 

Painting: Daniel Reeve


 

തിരിച്ചു പിടിക്കാനുള്ള ഇടങ്ങള്‍
ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്ന, നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ എന്ന പെണ്‍കുട്ടിയുമുണ്ട് ഇവിടെ. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നമുക്കവളെ സൂര്യനെല്ലി പെണ്‍കുട്ടിയെന്നും വിളിക്കാം. മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് ആതിയിലെ ജലത്തിന്റെ താളവും സൌെന്ദര്യവുമാണ്. സഹജീവികള്‍ നല്‍കാത്ത സ്നേഹസ്പര്‍ശവും ബഹുമാനവും അവള്‍ക്ക് ലഭിക്കുന്നത് ആതിയില്‍ നിന്നാണ്. ഇരുളില്‍ ജീവിക്കേണ്ടവളല്ല അവള്‍ എന്ന രാഷ്ട്രീയ സന്ദേശമാണ് ആതി നമുക്ക് നല്‍കുന്നത്.

ആതി എന്ന ഇടം നഷ്ടപ്പെടുന്നത് ജലത്തിന് മാത്രമല്ല സ്ത്രീക്കും കൂടിയാണ്. ആതിയുടെ കഥയിലെ പോരാട്ടങ്ങള്‍ സ്ത്രീകളുടേതും കൂടിയാണ്. ഈ പോരാട്ടങ്ങള്‍ മണ്ണിനും ജലത്തിനും വേണ്ടി മാത്രമുള്ളതല്ല. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇടങ്ങള്‍ തിരിച്ച് പിടിക്കാന്‍ വേണ്ടിക്കൂടിയുള്ളതാണ്.

 

Paniting: Joe Cartwright


 

കേരളം തിരിച്ചറിയേണ്ട സന്ദേശങ്ങള്‍
ആതിയിലെ ഭൂമിയും ജലവും കയ്യേറുന്ന കുമാരന്‍ ഇന്ന് കേരളത്തിലെ ജലസ്രോതസ്സുകളും നെല്‍പ്പാടങ്ങളും കച്ചവടച്ചരക്കാക്കുന്ന അനേകം കുമാരന്മാരുടെ പ്രതിനിധിയാണ്. കേരളത്തില്‍ ഇന്നുയരുന്നത് അനേകം ആതി ദേശങ്ങളുടെ നഷ്ടങ്ങളുടെ കഥയാണ്. ഭൂമിയെയും, ജലത്തെയും ഒരു കച്ചവട ചരക്കായി മാത്രം കാണുന്ന നിലയിലേക്ക് കേരളം അതിവേഗം കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നതിന്റെ, വീണ്ടും ഒരു ജന്മിത്ത വ്യവസ്ഥയിലേക്ക് കേരളം അധ:പതിച്ച് കൊണ്ടിരിക്കുന്നതിന്റെ കഥകള്‍ . സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്ന പരിഹാസ്യമായ മാനസികാവസ്ഥയുടെ കഥകള്‍. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഷം സ്വന്തം ജീവജലത്തിലേക്ക് വമിപ്പിച്ച് അതിനെ വിഷലിപ്തമാക്കുന്നതിന്റെ കഥകള്‍. പല പല ഉപകഥകളിലൂടെ പുലര്‍ന്ന ആതിയുടെ കഥ ഇങ്ങനെ അവസാനിക്കുന്നു.

“ദിനകരാ ഈ കഥ ഞങ്ങളെങ്ങനെ ജീവിതത്തിലേക്കുപയുക്തമാക്കണം?” തൊണ്ട പൊട്ടി ക്കൊണ്ട് ആമുഖക്കാരന്‍ വിളിച്ചു ചോദിച്ചു. അയാളുടെ ശബ്ദത്തിന്റെ മുഴക്കം വെള്ളത്തിന്റെ ആഴങ്ങളെ ഭേദിച്ചു!

പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത!
ഇരുട്ടില്‍ വിത്തുകള്‍ മുള പൊട്ടുന്ന ഒച്ച.
വയല്‍ച്ചെളിയുടെ മണം.
മീനിന്റെ ഇളക്കം.

ആതിദേശങ്ങള്‍ ഇനിയും നഷ്ടപ്പെട്ടു പോകരുതെങ്കില്‍, അവയെ തിരിച്ചു പിടിക്കണമെങ്കില്‍ ആതിയുടെ കഥയിലെ രാഷ്ട്രീയ സന്ദേശങ്ങള്‍ കേരളം സ്വന്തം ജീവിതത്തില്‍ ഉപയുക്തമാക്കുക തന്നെ വേണം.

പുസ്തകം വായിച്ച് മടക്കുമ്പോള്‍ ജലം അതിന്റെ പരിപൂര്‍ണ്ണ സൌന്ദര്യത്തോടെ ആതിയില്‍ മാത്രമല്ല നമ്മുടെ ഉള്ളിലും ഒഴുകി നിറയുന്നു. തുളുമ്പുന്നു. ആതിദേശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുക ഈ സൌന്ദര്യമല്ലാതെ മറ്റെന്ത്?

 
 
 
 

10 thoughts on “ആതി: ജലം കൊണ്ടു മുറിവേറ്റവര്‍ക്ക് ഒരിടം

 1. കേരളം ഒന്നും പഠിക്കാന്‍ പോണില്ല.
  നമ്മളിങ്ങനെ വെള്ളം കിട്ടാതെ പിടഞ്ഞു മരിക്കാനുള്ളവരാ…

 2. നോവല്‍ വായിച്ചിരുന്നു. വെറുമൊരു കഥയായാണ് തോന്നിയത്. അതിന് ഇങ്ങനെയൊക്കെ വശങ്ങള്‍ ഉണ്ടായിരുന്നു എന്നറിയില്ല.കണ്ണുതുറപ്പിക്കുന്ന എഴുത്തായി.

 3. ആദിയില്‍ രൂപപെട്ട ഒരു ഒരു ജനതയുടെ ജല ജീവിതം ” ആതി” ഓരോ വാക്കുകളും , നമ്മുടെ മനസ്സില്‍ കുടഞ്ഞിടുന്നത് നാളെയെ കുറിച്ചുള്ള ആധി … ഓര്‍മയില്‍ പണ്ടെങ്ങോ കണ്ടു മറന്ന തെളിനീര്‍ തടാകങ്ങള്‍ … ആതി .. ഒരു ജനതയുടെ ജല ജീവിതം … നാളേക്ക് ഒന്നും കരുതി വെക്കാതെ പ്രകൃതിയെ ഇന്നിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ജനതയോട് ” ആതി” ചോദിക്കുന്നു ” അടങ്ങാത്ത വിശപ്പ് ഒടുക്കാന്‍ മക്കള്‍ക്ക് ഉള്ളതും കൂടി വിളംബുമോ എന്ന്”? പ്രകൃതിയുടെ പൂജ മുറിയിലേക്ക് പുരോഹിതന്‍ വരുന്നത് സഞ്ചിയില്‍ നിറച്ച പല ദേവന്മാരോടൊപ്പം … ഇഷ്ട രൂപ പ്രതിഷ്ഠ … കുന്നു കൂടുന്ന സ്വര്‍ണവും പൈസവും … അതിനു മുന്നില്‍ ദേവന് തന്നെ പോലും കാത്തു സൂക്ഷിക്കാന്‍ പറ്റാതെ വരുമ്പോള്‍ .. പൂട്ടി ബന്ധവസാക്കിയ മുറിയില്‍ തന്റെ ജനതയെ കാത്തു രക്ഷിക്കാന്‍ എങ്ങിനെ കഴിയും ….
  അവര്‍ നല്ല പൊക്കാളി നെല്ലിന്റെ ചോറുണ്ടു ..മുങ്ങി തപ്പി എടുത്ത കക്കയും മീനും കറിയാക്കി … തെളി നീര്‍ തടാകങ്ങളില്‍ മുങ്ങി നിവര്‍ന്നു … ഒരു ജനതയുടെ ജല ജീവിതം .. നാളെയെ കുറിച്ചും പറഞ്ഞു വെക്കുന്നു സാറ ജോസഫ്‌ ..കുമിഞ്ഞു കൂടുന്ന മാലിന്യം … ജലത്തിന് വേണ്ടി ഉള്ള യുദ്ധം …..
  ” ആതി ” അതി മനോഹരമായ ഒരു നോവല്‍ .. ഒരു കവിത പോലെ …….അല്ല ., ഒരു തെളിനീര്‍ ഒഴുക്ക് പോലെ … “ആതി” .
  വായിച്ചു കഴിഞ്ഞു ഞാന്‍ ” ആതി’ യെ ഒന്ന് ചുംബിച്ചു ..പിന്നെ കണ്ണടച്ചു ഇരുന്നു …..
  ഓര്‍മയില്‍ ഒരു ബാല്യം … കര്‍ക്കിട മഴയില്‍ വെള്ളം മുങ്ങുന്ന, വെള്ളാമ്പല്‍ പൂക്കുന്ന … പാടം … പടിഞ്ഞാറെ മുറ്റത്ത്‌ വലിയ ചെമ്പ് കലത്തില്‍ പുഴുങ്ങുന്ന നെല്ലിന്റെ മനം മയക്കുന്ന ഗന്ധം ……
  പ്രളയ ജലത്തിന് ശേഷം ആലിലയില്‍ ഒരു കുരുന്നു തമ്പുരാന്‍ ഒഴുകി വരും .. പുതിയൊരു ജനതക് വേണ്ടി ..അവര്‍.. ; ആ പുതിയ ജനത… തമ്പുരാനെ മനസ്സില്‍ പ്രതിഷ്ടിക്കും .. അവര്‍ നീര്തടാകങ്ങളില്‍ മുങ്ങി . ചെറു മീനും കക്കയും അന്നെക്കുള്ളത് മാത്രം വാരി എടുക്കും.. കൂട്ട് ചേര്‍ന്ന് വിളയിച്ച പൊക്കാളി നെല്ലിന്റെ ചോറ് ഉണ്ണും .. തെളി നീര്‍ തടാകങ്ങളില്‍ നിന്ന് വെള്ളം കോരി കുടിക്കും … അവര്‍ക്ക് വേണ്ടി മഞ്ഞു കാലത്ത് മഞ്ഞും , മഴക്കാലത്ത്‌ മഴയും , വേനല്‍ കാലത്ത് വെയിലും ഉണ്ടാകും .. കൂരിരുട്ടില്‍ അവര്‍ ആരെയും പേടിക്കാതെ പാടത്തും പറമ്പിലും കിടന്നു ഇണ ചേരും … ഒരു വെയില്‍ ഏറ്റാല്‍ വാടാത്ത , ഒരു മഞ്ഞോ മഴയോ കൊണ്ടാല്‍ പനിക്കാത്ത അവരുടെ കുട്ടികള്‍ .. പാടത്തും പറമ്പില്‍ നടന്നു തിമിര്‍ക്കും ..
  “ആതി” വായിച്ചിരിക്കേണ്ട ഒരു നോവല്‍ …

 4. ആതിഎന്ന ഇടം കുട്ടനാടാണോ എന്ന് തോന്നിപോകുന്നു. ചിത്ര വളരെ മനോഹരമായി നടത്തിയ ഈ ആസ്വാദനം വായിച്ചിട്ട് ഞാനും ആതി വായിക്ക്കാന്‍ തീരുമാനിച്ചു. എന്റെ അഭിനന്ദനങ്ങള്‍..

 5. ആണുങ്ങള്‍ ഒത്തൊരുമയോടെ വിതച്ചു, കൊയ്ത്തു, മീന്‍വാരി. പെണ്ണുങ്ങള്‍ വെള്ളത്തെ മാറോട് ചേര്‍ത്ത് മുങ്ങി നിന്ന്, കാല്‍കീഴില്‍ ചവിട്ടിവച്ച കുട്ടകളില്‍ കാക്ക വാരി നിറച്ചു. കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചു, കൊച്ചുവള്ളങ്ങളില്‍, കണ്ടലിനു താഴെ മുട്ടയിടുന മീന്കുഞ്ഞുങ്ങളെ തഴുകി, അവയെ നോവിക്കാതെ പച്ചവലക്ക്ട്ടിലൂടെ കടന്നു പോയി. ആതിയിലെ ചോറും മീനും തിന്നു, തെളിവെള്ളം കുടിച്ച്, ആമ്പല്‍ മണക്കുന്ന തണുത്ത കാറ്റേറ്റ്, അമ്മമാര്‍ നെയ്ത പായയില്‍ അവരുറങ്ങി……..

Leave a Reply

Your email address will not be published. Required fields are marked *