ഇറ്റാലിയന്‍ നാവികര്‍ ഹാപ്പിയാണ്; നമ്മളോ ?

 
 
 
 
ഇറ്റാലിയന്‍ നാവികരുമായി ബന്ധപ്പെട്ട നാടകം ഒരു സീനും കൂടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒരു വിശകലനം. സി.ആര്‍ ഹരിലാല്‍ എഴുതുന്നു

എന്നാല്‍, അവര്‍ മാത്രമാണോ ഹാപ്പിയായത്? ഇപ്പുറത്തും ഹാപ്പിയല്ലേ എല്ലാവരും. അതല്ലേ, പുറത്തു രോഷം തിളയ്ക്കുന്നുവെന്ന് തോന്നിക്കുമ്പോഴും അകമേ എല്ലാ സാറമ്മാരും ചിരിക്കുന്നത്. ചെറിയ കാര്യമാണോ സംഭവിച്ചത്? എന്തു ചെയ്യുമെന്റീശ്വരാ എന്നു തലക്കു കൈയും വെച്ചിരിപ്പായിരുന്നില്ലേ ഇത്ര നാളും . ശിക്ഷിച്ചില്ലേല്‍ നാട്ടുകാര് തെറി പറയും. ശിക്ഷിച്ചാല്‍ ഡിപ്ലോമസിക്കാര് തെറി പറയും. രണ്ടായാലും തെറി ഉറപ്പ്. ഈ അവസ്ഥയില്‍നിന്ന് സര്‍ക്കാറിനും കോടതിക്കും രാഷ്ട്രീയക്കാര്‍ക്കും സഭകള്‍ക്കും മനുഷ്യാവകാശക്കാര്‍ക്കും രാജ്യസ്നേഹികള്‍ക്കുമെല്ലാം ആ നാവികമ്മാരും ഇറ്റലിക്കാരും നല്‍കിയത് ചെറിയ ആശ്വാസമാണോ^സി.ആര്‍ ഹരിലാല്‍ എഴുതുന്നു
 

 
എന്തായാലും അധികം കാത്തിരിക്കേണ്ടി വന്നില്ല. കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനമായി. ആ രണ്ട് മല്‍സ്യതൊഴിലാളികള്‍ മരിച്ചുപോയി. പ്രതികളോ നാട്ടിലേക്കു തിരിച്ചു പോയി. എല്ലാം ഒപ്പിച്ച സര്‍ക്കാരും കോടതിയും ഇളിഭ്യരായിപ്പോയി. കണ്ടു നിന്ന നമ്മളോ, രോഷം കൊണ്ടു തിളച്ചുംപോയി. ഇത്തിരി നാള്‍ കൂടി തിളയ്ക്കാനുള്ള സാമ്പാര്‍ അടുപ്പില്‍ കിടക്കുന്നതിനാല്‍, രോഷം കൊള്ളാനും ഫെയ്സ്ബുക്കില്‍ തര്‍ക്കിക്കാനും ഇനിയും വകയുണ്ടെന്നത് ഭാഗ്യം!

കാര്യം ഇതാണ്. ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന രണ്ട് മലയാളി മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ ജയിലില്‍നിന്നിറങ്ങി സ്വന്തം വീട്ടിലെത്തി. ഇനി ആ ബോറന്‍ സ്ഥലത്തേക്കില്ലെന്നാണ് അവമ്മാരുടെ സ്വന്തം സര്‍ക്കാര്‍ അറിയിച്ചത്. തങ്ങള്‍ ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണെന്നും എല്ലാ ഇന്ത്യക്കാരോടും ഇതിനു കടപ്പാടുണ്ടെന്നുമാണ് നാവികരായ രണ്ടു ചേട്ടമ്മാരുടെയും പ്രതികരണം. അത് സ്വാഭാവികം. കുടുങ്ങി എന്നുറച്ച അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടു എന്ന അവസ്ഥയിലെത്തുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സാധാരണ തോന്നല്‍.

എന്നാല്‍, അവര്‍ മാത്രമാണോ ഹാപ്പിയായത്? ഇപ്പുറത്തും ഹാപ്പിയല്ലേ എല്ലാവരും. അതല്ലേ, പുറത്തു രോഷം തിളയ്ക്കുന്നുവെന്ന് തോന്നിക്കുമ്പോഴും അകമേ എല്ലാ സാറമ്മാരും ചിരിക്കുന്നത്. ചെറിയ കാര്യമാണോ സംഭവിച്ചത്? എന്തു ചെയ്യുമെന്റീശ്വരാ എന്നു തലക്കു കൈയും വെച്ചിരിപ്പായിരുന്നില്ലേ ഇത്ര നാളും . ശിക്ഷിച്ചില്ലേല്‍ നാട്ടുകാര് തെറി പറയും. ശിക്ഷിച്ചാല്‍ ഡിപ്ലോമസിക്കാര് തെറി പറയും. രണ്ടായാലും തെറി ഉറപ്പ്. ഈ അവസ്ഥയില്‍നിന്ന് സര്‍ക്കാറിനും കോടതിക്കും രാഷ്ട്രീയക്കാര്‍ക്കും സഭകള്‍ക്കും മനുഷ്യാവകാശക്കാര്‍ക്കും രാജ്യസ്നേഹികള്‍ക്കുമെല്ലാം ആ നാവികമ്മാരും ഇറ്റലിക്കാരും നല്‍കിയത് ചെറിയ ആശ്വാസമാണോ.

ഇനിയിപ്പോ അതാലോചിക്കണ്ടല്ലോ. എന്ത് തീരുമാനം എടുക്കുമെന്ന് ടെന്‍ഷന്‍ വേണ്ടല്ലോ. എന്ത് ചെയ്താലും മുറിയുമെന്ന പേടി വേണ്ടല്ലോ. മദാമ്മ ഗാന്ധിയോട് ഇനി ഇറ്റലിയിലെ കുടുംബക്കാരൊക്കെ അതിനെച്ചൊല്ലി ഡയലോഗ് അടിക്കില്ല. തലപ്പാവിട്ട മാമനോട് മദാമ്മയും അക്കാര്യം പറയില്ല. കേരളത്തിലെ കുഞ്ഞാടുകളോട് മന്‍മോഹന്‍ മാമനും കണ്ണുരുട്ടില്ല. പിന്നെ മീഡിയയാണ്. തിന്നാന്‍ ഇത്തിരി വലിയാരു മീനിനെ ആ ചൂണ്ടയില്‍ കൊരുത്തു കൊടുത്താല്‍ പിന്നെ ലവന്‍മാര് മിണ്ടത്തില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഇനി ബാക്കിയുള്ളത് അങ്ങ് കേരളത്തിലെങ്ങാണ്ട് കിടക്കുന്ന ആ മല്‍സ്യത്തൊഴിലാളികളാണ്. അവരുടെ കുടുംബങ്ങളാണ്. ആരു കേള്‍ക്കും അവര്‍ തൊള്ളതുറന്നാല്‍…പോയവര്‍ പോയി, വല്ലതും കിട്ടുമെങ്കില്‍ അതും വാങ്ങി ശിഷ്ടകാലം ജോളിയാക്കിക്കോ എന്നല്ലാതെ അയല്‍ക്കാരു പോലും പറയില്ല. പിന്നെ പറയേണ്ടത് പള്ളിക്കാരാണ്. അവരു പണ്ടേ അതില്‍ നിലപാടു പറഞ്ഞതാണ്. ഇറ്റലിക്കാരാണ്. പുക വന്നോന്ന് അറിയിക്കേണ്ട നാട്ടുകാരാണ്. നമ്മളായിട്ട് വെറുപ്പിക്കരുത്.

സംഗതി പറഞ്ഞാല്‍, എല്ലാവരും ഹാപ്പിയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ചേട്ടമ്മാരൊക്കെ ഇത്തിരി കാലം കൂടി ചൊറിയാന്‍ ഇടയുണ്ട്. പറയാന്‍ എരിവുള്ളതു വേറെ കിട്ടിയാല്‍ അവമ്മാരും വിട്ടുപോവും. രാജ്യത്തിന്റെ അഭിമാനം അന്തസ്സെന്നൊക്കെ പറഞ്ഞു ഇപ്പോള്‍ നിലവിളിക്കുന്നവരും വല്ല ഭീകരാക്രമണമോ സ്ഫോടനമോ കൂട്ടബലാല്‍സംഗമോ നടന്നാല്‍ സംഗതി മറക്കും. അതു തന്നെ മാധ്യമങ്ങളുടെയും കാര്യം. എന്നും ഇറ്റലീന്നും പറഞ്ഞു നടന്നാല്‍ നാട്ടാര്‍ക്ക് ബോറടിക്കുമെന്ന് അവരെ ആരും പഠിപ്പിക്കേണ്ട…
 

 
ചരിത്രം ചിലപ്പോഴൊരു കണ്ണാടി

ഇപ്പോഴത്തെ ചൂടില്‍ ഇപ്പറയുന്നതില്‍ കാര്യമില്ലെന്നു തന്നെ തോന്നും. അത് സ്വാഭാവികവുമാണ്. അത്രത്തോളം ഉണര്‍ന്നിട്ടുണ്ട് നമ്മുടെയെല്ലാം രാജ്യ സ്നേഹം. എന്നാല്‍, ഇത്തിരി നേരം വെറുതെയിരുന്ന്, ഒരു ദീര്‍ഘനിശ്വാസമൊക്കെ വിട്ട് ഒന്നാലോചിച്ചാല്‍ കാര്യം പിടികിട്ടും. ഇതൊക്കെ തന്നെയാ സംഭവിക്കാന്‍ പോവുന്നത്. സംശയമുള്ള പാവങ്ങള്‍ ഇത്തിരി നേരം ചരിത്രം വായിച്ചു നോക്കിയാല്‍ മതി.

ഭോപ്പാലില് ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും കൂളായി നാട്ടിലേക്കു പോയ മറ്റൊരു അണ്ണനുണ്ട് നമ്മുടെ ചരിത്രത്തില്‍. വാറന്‍ ആന്‍ഡേഴ്സണ്‍ എന്നു മുഴുവന്‍ പേര്. ഭോപ്പാലില്‍ കൊല്ലപ്പെട്ടത് ഇതു പോലെ രണ്ടാളല്ല. സര്‍ക്കാര്‍ കണക്കു പ്രകാരം ആ സമയത്തുമാത്രം മരിച്ചത് 2,259 മനുഷ്യരാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ കണക്കുപ്രകാരം അത് 3,787 പേരാണ്. എന്നാല്‍, ചോര്‍ച്ചയുണ്ടായ ആദ്യ രണ്ടാഴ്ക്കകം എണ്ണായിരം പേരും അതു കഴിഞ്ഞ്, എണ്ണായിരം പേരും കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക കണക്ക്. 1984 ഡിസംബര്‍ രണ്ടിനും മൂന്നിനുമിടയിലെ മാരകമായ വാതക ചോര്‍ച്ച ബാധിച്ചത് 558,125 പേരെയാണെന്ന് 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നല്‍കിയ സത്യവാങ് മൂലം സമ്മതിക്കുന്നുണ്ട്.

ഇതിന്റെ കാരണക്കാരനായിരുന്ന വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയത് മറ്റാരുമല്ല കേന്ദ്ര സര്‍ക്കാറാണ്. അത് ചെയ്തത് ആരെന്നും ആരുടെ നിര്‍ദേശ പ്രകാരം എന്നും ചര്‍ച്ച ചെയ്ത് ചെയ്ത് നമ്മളെല്ലാം ക്ഷീണിച്ചുപോയി എന്നല്ലാതെ പുള്ളി പയറുപോലെ കഴിയുകയാണ് അവിടെ. രാജ്യത്തെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച അയാള്‍ക്കൊപ്പമായിരുന്നു എന്നും നമ്മുടെ ഭരണാധികാരികള്‍. എന്നാല്‍, ദോഷം പറയരുതല്ലോ മാറി മാറി വന്ന സര്‍ക്കാറുകളെല്ലാം ഒരു തരത്തിലും നിലപാട് മാറ്റാത്ത മറ്റൊരു കൂട്ടരുണ്ട്. വേറാരുമല്ല^ഭോപ്പാലിലെ പാവം മനുഷ്യര്‍. ഇരകള്‍. വാതക ദുരന്തം എല്ലാം നഷ്ടപ്പെടുത്തിയവര്‍. ഇപ്പോഴും കൊടിയ ദുരന്തം അനുഭവിക്കുന്നവര്‍. അവര്‍ക്ക് നിരന്തരം പണി കൊടുക്കാന്‍ നമ്മുടെ അണ്ണന്‍മാര്‍ക്കൊന്നും ഒരു മടിയുമുണ്ടായില്ല. അവരെ ഉപദ്രവിക്കുന്ന കാര്യത്തിലും മല്‍സരിക്കുകയായിരുന്നു സകല പാര്‍ട്ടികളും കോടതികളും.

ഇതിലും രസമാണ്, മുമ്പേ പറന്ന മറ്റൊരു ഇറ്റലിക്കാരന്റെ കഥ. ആളുടെ പേര് ഒട്ടാവിയോ ക്വറ്ററോചി. രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ബോഫോഴ്സ് ഇടപാടില്‍ പ്രതിയായിരുന്ന ക്വറ്ററോചി 2007 ഫെബ്രുവരി ആറിന് ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റു പ്രകാരം അര്‍ജന്റീനയില്‍ അറസ്റ്റിലായപ്പോള്‍ രക്ഷപ്പെടുത്തി കൊടുത്തത് നമ്മുടെ സ്വന്തം ഭരണകൂടം തന്നെയായിരുന്നു. ഇന്ത്യക്ക് കൈമാറാനുള്ള സകല സാധ്യതകളുമുണ്ടായിട്ടും അയാളുടെ കൈമാറ്റം തടയപ്പെട്ടത് ഒറ്റ കാരണത്താലാണ്^ഇന്ത്യ അതിനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ല!. കഴിഞ്ഞില്ല, നമ്മുടെയല്ലാം സ്ഥിരം പ്രതീക്ഷകളായ രാഹുലിന്റെയും പ്രിയങ്കയുടെയും കളിക്കൂട്ടുകാരനായ, ക്വറ്ററോചിയുടെ മകന്‍, മാസിമോ ക്വറ്ററോചി ഇപ്പോഴും ഇന്ത്യയിലെ സ്ഥിരം സന്ദര്‍ശകനാണ്. ബാംഗ്ലൂരില്‍ സ്വന്തം ഓഫീസ് തുറന്ന മാസിമോ ഇപ്പോഴും പ്രബലനായി ഇവിടെ വാഴുകയാണ്.

അവസാനമായി നമ്മുടെ മുന്നിലെത്തിയ വെസ്റ്റ് എന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലും ആരോപണ വിധേയരായി നില്‍ക്കുന്നത് ഇറ്റാലിയന്‍ കമ്പനിയാണ്. ഇറ്റലിയിലെ ചിലരും ഇന്ത്യയിലെ ചിലരും ചേര്‍ന്നുള്ള ഒത്തു കളിയായിരുന്നുആ ആയുധ ഇടപാടും. ഇറ്റലിയിലെ ഒരു കുടുംബം അതില്‍ ലാഭം കൊയ്തെന്ന ആരോപണം പിന്നീട് മുങ്ങിപ്പോയി. എങ്കിലും ആ കേസും പോവുന്നത് എങ്ങോട്ടേക്കെന്നത് സുവ്യക്തമാണ്. സിസിലിയന്‍ മാഫിയയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ഇറ്റാലിയന്‍ രാഷ്ട്രീയത്തെ തൊടാന്‍ ഇത്തിരി പുളിക്കുമെന്നു തന്നെയാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
 

 
ഇനി നമുക്ക് രോഷം കൊള്ളാം

ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ അവസ്ഥകള്‍ വിലയിരുത്താന്‍. കാര്യം, കിളികള്‍ പോയി. ഇനി മരം പെയ്ത്താണ്. എല്ലാപാര്‍ട്ടിക്കാരും മാധ്യമങ്ങളും ചാടി മറിയും. രോഷം കൊണ്ട് മൂക്കു ചോപ്പിക്കും. ഞാനിതാ ദേഷ്യം പിടിച്ചേ എന്ന് ക്യാമറക്കാരെ നോക്കി അടക്കം പറയും. വന്‍കിട പ്രസ്താവനകള്‍ ഇറക്കും. സ്ഥാപനപതിയെ തിരിച്ചു വിളിപ്പിച്ചും മാറ്റിയുമൊക്കെ നയതന്ത്ര കളികള്‍ പലതും പയറ്റും. സംഗതി നയതന്ത്രമാണ്. ചോര തിളപ്പല്ല അതിന്റെ വഴി. രണ്ടു ദിവസം കഴിയുമ്പോള്‍, ‘അല്ലേലും നമ്മളെന്തിനാ ഇങ്ങനെ വഴക്കിടുന്നത്’ എന്നു ചോദിച്ച് കൈയും കൊടുത്തു പിരിയേണ്ടതാണ്. അവിടെ തീരും കേസും സുപ്രീം കോടതിയും കുറുപ്പിന്റെ ഉറപ്പും.

ഇത്രയൊക്കെയോ സംഭവിക്കൂ എന്ന് പൂര്‍ണ്ണ ബോധ്യമുള്ളതിനാലാണ് കൊച്ചിയില്‍ കളിച്ചോണ്ടിരുന്ന കളി ദല്‍ഹിയിലേക്ക് മാറ്റിയത്. ഇത് നിങ്ങള് പിള്ളേരു കളിക്കേണ്ട കളിയല്ല, ഞങ്ങള് നോക്കിക്കോളുമെന്ന് പരമോന്നത കോടതി പറഞ്ഞത്. ജയിലില്‍ ബര്‍ഗറടിച്ചോണ്ടിരുന്ന അണ്ണമ്മാരെ രായ്ക്കുരാമാനം ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സുഖവാസത്തിന് ദില്ലിയിലെ ഇറ്റാലിയന്‍ എംബസിക്കടുത്ത് സ്ഥലം ഒപ്പിച്ചുകൊടുത്തത്. തഞ്ചം പോലെ ക്രിസ്മസ് ആഘോഷിക്കാന്‍ വിട്ടത്. തിരിച്ചു വന്നപ്പോള്‍ കണ്ടില്ലേ അവമ്മാരുടെ സത്യസന്ധത എന്നു പുകഴ്ത്തിയത്. പിന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒരു മാസത്തേക്ക് പണ്ടാരടക്കിയത്. പോസ്റ്റല്‍ ബാലറ്റും പരിപാടികളുമുള്ള നാട്ടില്‍, ഒരു ദിവസത്തെ തെരഞ്ഞെടുപ്പിന് ഒരു മാസം അവധി നല്‍കി വാല്‍സല്യം ചൊരിഞ്ഞ് പറഞ്ഞയച്ച പരമോന്നത നീതി പീഠത്തിന്റെ നടപടി അങ്ങനെ, വെറുതെ ഉണ്ടായതല്ല എന്ന് ഏതു കുഞ്ഞുകുട്ടിക്കുമറിയാം.

അതിനാല്‍, ഇനിയെങ്കിലും നമുക്കീ നാടകങ്ങള്‍ നിര്‍ത്താം. അല്ലെങ്കില്‍, ഇതെല്ലാം കാണുമ്പോള്‍ ചോര തിളച്ച് രാജ്യസ്നേഹം തുളുമ്പുന്ന നമ്മുടെ ആ കലാപരിപാടിയെങ്കിലും ഈ കേസില്‍ ഒഴിവാക്കാം. എല്ലാം ശരിയാവുമെന്ന് കുറേ പാവങ്ങളെയെങ്കിലും വിശ്വസിപ്പിക്കാനുള്ള വലിയ നാടകത്തില്‍ നമുക്കെങ്കിലും കഥാപാത്രങ്ങളാവാതിരിക്കാം. വീട്ടിലെ പട്ടിണി മാറ്റാന്‍ നടുക്കടലില്‍ ജീവിതം തെരയുന്നതിനിടെ പൊട്ടിത്തെറിച്ചെത്തിയ വെടിയുണ്ടകള്‍ ശരീരം തുളച്ചു കളഞ്ഞ് ജീവനെടുത്ത ആ രണ്ടു പാവം മനുഷ്യരുടെ ചോരയോട് അത്രയെങ്കിലും നമുക്ക് നീതി കാട്ടാം.

 
 
ഇറ്റാലിയന്‍ കപ്പലും മാധ്യമ പിത്തലാട്ടവും

ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും
 
 
 
 

3 thoughts on “ഇറ്റാലിയന്‍ നാവികര്‍ ഹാപ്പിയാണ്; നമ്മളോ ?

  1. ഇത്തരം തമാശകൾ ഇവിടെ പതിവല്ലെ . ഈ തമാശകല്ക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഇല്ലേ.പിന്നെ ഇപ്പൊ നടന്ന ഈ സംഭവം..അതിനു വേറെ കാരണങ്ങൾ ഉണ്ട്.രണ്ടു പേരുടെ ശിക്ഷ കൊണ്ടും മരണം കൊണ്ടും കേരളത്തിനുണ്ടായ നഷ്ട്ടം നികതനവുമൊ??ഇത് തിരിച്ചറിഞ്ഞ അഹിംസ പാർട്ടിക്കാരുടെ നിലപാടല്ലേ ശരി ? പൊതുവെ അഹിംസ പാർട്ടിക്കാര് ദുര്ബലത്മാക്കളാണ് …

    • ഇറ്റലിയുടെ നിലപാടിന് അഹിംസ പാർട്ടി എന്ടുചെയ്യനാ

      • ഹഹഹഹ്ഹ ….. എന്ട് ?? രാമൻ സീതെടെ ആരാന്നോ ??? they are just FRIENDS…

Leave a Reply

Your email address will not be published. Required fields are marked *