ഭന്‍വാരി ദേവി സ്ത്രീകളോട് പറയുന്നു, ‘ഒരിക്കലും സമരം നിര്‍ത്തരുത്’

 
 
 
 
ഭന്‍വാരി ദേവിയുടെ ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു
 
 

ഭന്‍വാരി ദേവിയുടെ കഥ ഓര്‍മ്മയുള്ളവരുണ്ടാകാം. പക്ഷേ മാധ്യമങ്ങളിലൂടെ കേട്ട കഥ കേട്ടു മറന്നവരായിരിക്കും നമ്മളില്‍ അധികവും. പക്ഷേ അങ്ങനെ മറക്കേണ്ടതല്ല അത് എന്ന് ആ ചരിത്രം പറയുന്നു. കാരണം ആ കഥയിലെ ഓരോ വസ്തുതകളും ഭീദിതമാണ്, ബലാല്‍സംഗമെന്ന ആക്രമണമുറ അതിന്‍റെ കര്‍ത്താക്കളായ പുരുഷ സമൂഹം എന്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നും, പിന്നീട് ആ കുറ്റത്തെ പണവും സ്വാധീനവും ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കുന്നുവെന്നും അതിന് രാഷ്ട്രീയപരവും , സാമൂഹ്യപരവും , മതപരവുമായ ഘടകങ്ങള്‍ ഏതെല്ലാം വിധത്തില്‍ പങ്കു വഹിക്കുന്നുവെന്നും നമുക്കു പറഞ്ഞു തരുന്നു,ആ സ്ത്രീ ജീവിതം-ഭന്‍വാരി ദേവിയുടെ ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു

 

 

ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ കര്‍ണ്ണാടകയില്‍ നടന്ന ആഘോഷപരിപാടികളില്‍ വ്യത്യസ്തമായൊരു സാന്നിധ്യമുണ്ടായിരുന്നു. വനിതാ വിമോചന പ്രവര്‍ത്തക ഭന്‍വാരി ദേവി എന്ന രാജസ്ഥാനി സ്ത്രീയായിരുന്നു ആ സാന്നിധ്യം. ഇരുപതു വര്‍ഷങ്ങള്‍ പിന്നിട്ട ഒരു കൂട്ട ബലാല്‍സംഗത്തിന്‍റെ ഇര എന്നു പറഞ്ഞാല്‍ അതു ന്യൂനോക്തിയാകും. അതിജീവിച്ചവള്‍ എന്നു പറഞ്ഞാല്‍ അതും പോരായ്മ തന്നെ.

ഭന്‍വാരി ദേവിയുടെ കഥ ഓര്‍മ്മയുള്ളവരുണ്ടാകാം. പക്ഷേ മാധ്യമങ്ങളിലൂടെ കേട്ട കഥ കേട്ടു മറന്നവരായിരിക്കും നമ്മളില്‍ അധികവും. പക്ഷേ അങ്ങനെ മറക്കേണ്ടതല്ല അത് എന്ന് ആ ചരിത്രം പറയുന്നു. കാരണം ആ കഥയിലെ ഓരോ വസ്തുതകളും ഭീദിതമാണ്, ബലാല്‍സംഗമെന്ന ആക്രമണമുറ അതിന്‍റെ കര്‍ത്താക്കളായ പുരുഷ സമൂഹം എന്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നും, പിന്നീട് ആ കുറ്റത്തെ പണവും സ്വാധീനവും ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കുന്നുവെന്നും അതിന് രാഷ്ട്രീയപരവും , സാമൂഹ്യപരവും , മതപരവുമായ ഘടകങ്ങള്‍ ഏതെല്ലാം വിധത്തില്‍ പങ്കു വഹിക്കുന്നുവെന്നും നമുക്കു പറഞ്ഞു തരുന്നു,ആ സ്ത്രീ ജീവിതം. ഒപ്പം സാധാരണക്കാരന്‍റെ കൈപ്പിടിയിലൊതുങ്ങാതെ പറന്നുപോകുന്ന നീതിയ്ക്ക് വേണ്ടി തളരാതെ പോരാടുന്ന സ്ത്രീ ശക്തിയും നമുക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു.

 

 
ആ കഥയിങ്ങനെ :

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ഭട്ടേരി എന്ന ഗ്രാമത്തിലായിരുന്നു ഭന്‍വാരി ദേവിയുടെ ജീവിതം. ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും ഗുജ്ജര്‍ ജാതിയിലുള്ളവരായിരുന്നു. ( മതേതര ഇന്ത്യയില്‍ ജാതി കഴിഞ്ഞേയുള്ളൂ മറ്റെല്ലാം…!) സാമൂഹ്യ വ്യവസ്ഥിതി ഗുജ്ജറിനെക്കാള്‍ വളരെ താഴെയായി കണക്കാക്കിയിരുന്ന കുംഭാര്‍ സമുദായക്കാരിയായിരുന്നു ഭന്‍വാരി ദേവി.

1985 ല്‍ ഭന്‍വാരി രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ സ്ത്രീ വികസന പരിപാടിയില്‍ ഒരു പ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പദ്ധതിയുടെ പല വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമീണരുടെ പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ 1992 ല്‍ ശിശുവിവാഹത്തിനെതിരായി പ്രവര്‍ത്തനമാരംഭിച്ചതോടെ ആ ജീവിതം മറ്റൊരു പാതയിലെത്തി.

 

വിവഹം നടന്നുവെങ്കിലും ഭന്‍വാരി അവരുടെ കണ്ണിലെ കരടായി മാറി. വിവാഹം തടയപ്പെട്ടാന്‍ കാരണം ഭന്‍വാരി ദേവിയാണെന്ന് ഗുജ്ജര്‍ സമുദായം ഒന്നടങ്കം വിശ്വസിച്ചു. പ്രതികാരമായി കുടിവെള്ളം , പാല്‍ തുടങ്ങി ജീവിക്കാനാവശ്യമായ വസ്തുക്കള്‍ വിലക്കുകയും ചെയ്തു. നിരന്തര ഭീഷണികള്‍ക്ക് അവര്‍ ഇരയായി.


 

ആഖാ തീജ്
ശിശുവിവാഹങ്ങള്‍ അവിടെ സാര്‍വത്രികമായിരുന്നു. ഇതാണ് ഇതിനെതിരായി മുന്നേറ്റം നടത്താന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. വിവാഹങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെട്ടിരുന്ന ‘ആഖാ തീജ്’ എന്ന രണ്ടാഴ്ച നീളുന്ന ഉത്സവകാലത്ത് ശിശു വിവാഹങ്ങള്‍ക്കെതിരായ ബോധവത്കരണവും പ്രതിരോധങ്ങളും W D P പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തു. യാഥാസ്ഥിതികരായ ഗ്രാമീണര്‍ ഈ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കണ്ടു.

സര്‍ക്കാര്‍ വിലക്കുകള്‍ തള്ളിക്കളഞ്ഞ് അവര്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തി. ഇക്കൂട്ടത്തില്‍ , ഒരാളായിരുന്നു രാം കരണ്‍ ഗുജ്ജര്‍. ഒമ്പത് മാസം മാത്രം പ്രായമുള്ള മകളെ വിവാഹം ]യ്യിജക്കാന്‍ അയാളും കുടുംബവും ശ്രമിച്ചു. ബന്‍വാരി എതിര്‍ത്തു. ഭന്‍വാരിയെ ഗുജ്ജര്‍ കുടുംബം പുച്ഛിച്ചു തള്ളി. എന്നാല്‍, തുടര്‍ന്ന് വിവാഹം മുതിര്‍ന്ന പോലീസ് ഉദ്യാഗസ്ഥന്‍മാര്‍ എത്തി തടഞ്ഞു. എന്നാല്‍, മുഹൂര്‍ത്തം മാറ്റിക്കുറിച്ച് രാം കരണ്‍ സര്‍ക്കാരിനെ കബളിപ്പിച്ചു. പിറ്റേന്ന് വെളുപ്പിന് രണ്ടു മണിക്ക് വിവാഹം നടത്തുക തന്നെ ചെയ്തു.

വിവഹം നടന്നുവെങ്കിലും ഭന്‍വാരി അവരുടെ കണ്ണിലെ കരടായി മാറി. വിവാഹം തടയപ്പെട്ടാന്‍ കാരണം ഭന്‍വാരി ദേവിയാണെന്ന് ഗുജ്ജര്‍ സമുദായം ഒന്നടങ്കം വിശ്വസിച്ചു. പ്രതികാരമായി കുടിവെള്ളം , പാല്‍ തുടങ്ങി ജീവിക്കാനാവശ്യമായ വസ്തുക്കള്‍ വിലക്കുകയും ചെയ്തു. നിരന്തര ഭീഷണികള്‍ക്ക് അവര്‍ ഇരയായി.

 

ഭന്‍വാരി ദേവിയുടെ ജീവതം ആസ്പദമാക്കി നിര്‍മിച്ച സിനിമയിലെ ഒരു രംഗം


 

ചോര പുരണ്ട തലേക്കെട്ട്
അവിടെ തീര്‍ന്നില്ല കാര്യങ്ങള്‍. ഒരു സ്ത്രീയെ അക്രമിക്കാനുള്ള ഏറ്റവും ക്രൂരമായ മാര്‍ഗം ബലാല്‍സംഗം തന്നയെന്ന് വിശ്വസിച്ചിരുന്നു ഗുജ്ജര്‍ നേതാക്കള്‍ അതിനുള്ള വഴികള്‍ തേടി. 1992 മെയ് അഞ്ചാം തീയതി വയലില്‍ പണിയെടുത്തുകൊണ്ടിരുന്ന ഭന്‍വാരിയെയും ഭര്‍ത്താവ് മോഹന്‍ ലാലിനെയും രാം കരണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചു. മോഹന്‍ലാലിനെ അടിച്ച് ബോധം കെടുത്തി, ഭന്‍വാരി വാരി ദേവിയെ അവരില്‍ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്തു. മറ്റുള്ളവര്‍ അവരെ ബലമായി പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തടഞ്ഞു.

ഈ സംഭവം ഭന്‍വാരി ദേവി ആദ്യമറിയിച്ചത് ഒരു ബ്ലോക്ക് തല പ്രവര്‍ത്തകയെയാണ്. അവരോടൊപ്പം പോലീസില്‍ പരാതിപ്പെടാന്‍ ചെന്ന ഭന്‍വാരി ദേവിയെ പോലീസ് അവിശ്വാസത്തോടെയാണ് കേട്ടത്. ലൈംഗികാക്രമണം തെളിയിക്കുന്നതിനുള്ള വൈദ്യപരിശോധനയ്ക്കായി അവര്‍ ഭന്‍വാരിയെ പ്രെെമറി ഹെല്‍ത്ത് സെന്ററിലേയ്ക്ക് അയച്ചു. ( ഭന്‍വാരി ദേവിയുടെ പാവാട പോലീസ് തെളിവിനായി അഴിച്ചു വാങ്ങി. രാത്രി ഒരുമണിക്ക് , അവിടെനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള സഹപ്രവര്‍ത്തകയുടെ വീടു വരെ അവര്‍ നടന്നു പോയത് ഭര്‍ത്താവിന്റെ ചോര പുരണ്ട തലേക്കെട്ട് മുണ്ടുപോലെ ഉടുത്തായിരുന്നു എന്നു പറയുമ്പോള്‍ നാം ജീവിക്കുന്നത് എത്ര വലിയൊരു മുനമ്പിലാണെന്ന് ഞെട്ടലോടെ തിരിച്ചറിയാനാവുന്നു).

വനിതാ ഡോക്ടര്‍മാര്‍ ഇല്ല എന്ന മറുപടിയാണ് ആശുപത്രിയില്‍ അവരെ കാത്തിരുന്നത്. തലസ്ഥാനമായ ജയ്പ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയിലേയ്ക്ക് അവരെ അയയ്ക്കുകയാണ് ഡ്യൂട്ടി ഡോക്ടര്‍ ചെയ്തത്. ക്രൂരത അവിടെ തീര്‍ന്നില്ല, അതിനായി കൊടുത്തുവിട്ട ശുപാര്‍ശക്കുറിപ്പില്‍ ഡോക്ടര്‍ എഴുതിയത് വയസ്സു നിശ്ചയിക്കുന്ന പരിശോധനയ്ക്കാണ് അവര്‍ വരുന്നത് എന്നായിരുന്നു. ഏറെ യാത്ര ചെയ്ത് അവിടെയെത്തിയപ്പോള്‍ കാത്തിരുന്നതും തീരെ മോശം അനുഭവങ്ങളായിരുന്നു.

 

ഭന്‍വാരി ദേവിയുടെ ജീവതം ആസ്പദമാക്കി നിര്‍മിച്ച സിനിമയിലെ ഒരു രംഗം


 

നീതി നിഷേധം

മജിസ്ട്രേറ്റിന്റെ ഓര്‍ഡര്‍ ഇല്ലാതെ പരിശോധന നടത്താന്‍ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഡോക്ടര്‍ വിസമ്മതിച്ചു. ഭന്‍വാരി മജിസ്ട്രേറ്റിന്റെ അടുത്തു പോയി. എന്നാല്‍, തന്റെ ജോലി സമയം കഴിഞ്ഞു, ഉത്തരവു അപ്പോള്‍ കൊടുക്കാനാവില്ല എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുപടി. പിറ്റേന്നാണ്, മജിസ്ട്രേറ്റ് ഉത്തരവ് നല്‍കിയത്. ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുസരിച്ച് ലൈംഗിക വേഴ്ച നടന്നിട്ടുണ്ടോ എന്ന പരിശോധന ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടത്തണമെന്നാണ്. എന്നാല്‍, ബലാല്‍സംഗം നടന്ന് ഏതാണ്ട് 52 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭന്‍വാരി പരിശോധിക്കപ്പെട്ടത്.

അവിടെയും തീര്‍ന്നില്ല, നീതി നിഷേധം. ഇത്രയും ദുരിതങ്ങള്‍ക്കൊടുവില്‍ കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടും ഭന്‍വാരിയുടെ കേസ് കീഴ് കോടതിയില്‍ വിചാരണയ്ക്കെത്തിയത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ്.

കുറച്ചു നാള്‍ക്കുശേഷം രാജസ്ഥാന്‍ പത്രിക എന്ന പത്രത്തില്‍ ഈ സംഭവം ചെറിയൊരു വാര്‍ത്തയായി വന്നു. ഇതിനെ തുടര്‍ന്ന് മറ്റു പത്രങ്ങളിലും ഈ വാര്‍ത്ത സ്ഥാനം നേടി. ഒക്ടോബര്‍ രണ്ടാം തീയതി രാജസ്ഥാന്‍ പത്രിക ഇക്കാര്യത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് സ്ത്രീ സംഘടനകളുടെ ഇതിലേക്ക് തിരിച്ചത്. പല സാമൂഹ്യസംഘടനകളും ഭന്‍വാരിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഇതേ സമയം സമൂഹത്തിലെ ഉന്നതര്‍ക്കെതിരെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചുവെന്നാരോപിച്ച് ആ സാധു സ്ത്രീ സ്വന്തം ഗ്രാമത്തില്‍ അപമാനിക്കപ്പെടുകയായിരുന്നു . പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇവയെല്ലാം ഭന്‍വാരി ദേവി തള്ളിക്കളഞ്ഞു. ഇതില്‍ അതൃപ്തി കാണിച്ചതോടെ സ്വന്തം സഹോദരന്‍മാര്‍ പോലുംഅവരെ കൈയൊഴിഞ്ഞു.

കേസിന്റെ നടപ്പുകാലത്ത് അഞ്ചു ജഡ്ജിമാര്‍ മാറി. ആറാമത്തെ ജഡ്ജി വിധി പ്രസ്താവിച്ചത് പ്രതികളായി പേരു ചേര്‍ക്കപ്പെട്ടവര്‍ കുറ്റവാളികളല്ലെന്നാണ്. ഈ വിധി ന്യായം വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്, ഉയര്‍ന്ന ജാതിക്കാരായ പ്രതികള്‍ ഒരു ദലിത് സ്ത്രീയെ ബലാല്‍ക്കാരം ചെയ്യാനിടയില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് പറഞ്ഞു. അതുമല്ല പ്രതികള്‍ അമ്മാവനും അനന്തരവനും ആയിരുന്നതിനാല്‍ സ്വന്തം അനന്തരവന്റെ മുന്‍പില്‍ വച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്യാനിടയില്ലെന്നും ജഡ്ജി കണ്ടെത്തി. ഇതിനെല്ലാം പുറമെ കുറ്റകൃത്യം നടന്ന് 52 മണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യപരിശോധന നടന്നതെന്നതിനാല്‍ വാദി നുണ പറയുവാനുള്ള സാധ്യതയും നീതിപീഠം തള്ളിക്കളഞ്ഞില്ല.

ഇതിന്‍റെ മറുവശം കൂടുതല്‍ വിചിത്രമായിരുന്നു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ സന്തോഷിച്ച് അന്ന് എം എല്‍ എ ആയിരുന്ന ഒരു നേതാവ് ജയ്പ്പൂരില്‍ ഒരു ജയഘോഷയാത്ര നടത്തി. ആ നേതാവിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ വനിതാ വിഭാഗവും ഇതില്‍ പങ്കു കൊണ്ടു. തങ്ങളുടെ നേതാക്കന്‍മാരെ എന്തു വില കൊടുത്തും സംരക്ഷിക്കുവാന്‍ വനിതാ വിഭാഗക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന രാഷ്ട്രീയ വനിതാ വിഭാഗങ്ങളെ ഇവിടെയും നാം കാണുന്നതാണല്ലോ.

 

മംഗലാപുരത്ത് കഴിഞ്ഞ ആഴ്ച നടന്ന വനിതാ ദിന പരിപാടിയില്‍ ഭന്‍വാരി ദേവി


 

എങ്ങുമെത്താതെ കേസ്
പിന്നീട്, രാജസ്ഥാന്‍ സര്‍ക്കാര്‍ വിധിയ്ക്കെതിരായി അപ്പീല്‍ കൊടുത്തുവെങ്കിലും കേസ് എങ്ങുമെത്താതെ തുടരുന്നു. അഞ്ചു പ്രതികളില്‍ രണ്ടു പേര്‍ മരണമടഞ്ഞു. ഇപ്പോഴും ഇത് സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെയാണ്, നീതി കണ്ണെത്താത്ത മറ്റേതോ ഇടത്തിലും. സ്ത്രീ സമൂഹത്തിനു തന്നെ ലഭിക്കാതെ പോകുന്ന നീതിയെപ്പറ്റി ഭന്‍വാരി ദേവിയ്ക്ക് ശക്തമായ പരാതിയുണ്ട്, നടപ്പാക്കാതെ പോകുന്ന നിയമങ്ങളെക്കുറിച്ചും അവര്‍ സ്ത്രീ സമൂഹത്തോട് സംസാരിക്കുന്നു. സുരക്ഷിതത്വത്തിന്‍റെ സുഖങ്ങളില്‍ കാലുറപ്പിച്ചു നിന്ന് സ്ത്രീ അവകാശങ്ങളെക്കുറിച്ച് പറയുന്ന നമുക്ക് ഇതൊരു അപൂര്‍വ കാഴ്ചയാണ്.

ഭന്‍വാരിയുടെ കഥ നമ്മുടെ ശ്രവണസുഖത്തെ വല്ലാതെ അലോസരപ്പെടുത്തുമെങ്കിലും ഇതിന്റെ തുടര്‍ച്ച കൂടി നാം കേട്ടേ മതിയാകൂ.

ഗുജ്ജര്‍ സമുദായത്തിനു മുന്‍തൂക്കമുണ്ടായിരുന്നു ഗ്രാമം ഭന്‍വാരിയെ ബഹിഷ്കൃതയാക്കി. ‘മലിനയാക്കപ്പെട്ടതിന്റെ’ പേരില്‍ സ്വന്തം ജാതിക്കാരും അവരെ പുറം തള്ളി. ആ കുടുംബത്തിനു അവര്‍ വിലക്കുകള്‍ കല്‍പ്പിച്ചു. ഈ സംഭവം നടക്കുമ്പോള്‍ നാലുവയസ്സു മാത്രമുണ്ടായിരുന്ന മകന്‍ മുകേഷ് കോളജില്‍ പഠിക്കുന്ന കാലത്തുപോലും പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയനായി. പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്നും ലഭിച്ച 25000 രൂപ ധനസഹായം ഭന്‍വാരിയുടെ സഹോദരന്മാര്‍ സമുദായ വിരുന്ന് നടത്താന്‍ വിനിയോഗിച്ചു. പുറം തള്ളിയ സമൂഹത്തിലേയ്ക്ക് തിരികെ പ്രവേശനം അപേക്ഷിക്കുവാനായിരുന്നു വിരുന്ന് നടത്തിയത്.

 

മംഗലാപുരത്ത് കഴിഞ്ഞ ആഴ്ച നടന്ന വനിതാ ദിന പരിപാടിയില്‍ ഭന്‍വാരി ദേവി


 

ബാക്കി പത്രം

ഒറ്റനോട്ടത്തില്‍, പരാജയപ്പെട്ട സമരത്തിലെ പോരാളിയെങ്കിലും ഭന്‍വാരി ദേവി നടത്തിയ സമരം എളുപ്പം കാണാനാവാത്ത അനേകം വിജയങ്ങള്‍ സൃഷ്ടിച്ചു. വിധിയ്ക്കും സമൂഹത്തിന്റെ ദുഷ്ടശക്തികള്‍ക്കും കീഴടങ്ങാതെ അവര്‍ നടത്തിയ പോരാട്ടം രാജസ്ഥാനിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍വ്വു നല്‍കി. ബലാല്‍സംഗമെന്നത് ഒളിച്ചു വയ്ക്കപ്പെടേണ്ട കുറ്റകൃത്യമല്ലെന്നും പരാതിപ്പെടാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കണെമെന്നും യാഥാസ്ഥിതിക സമൂഹം മനസ്സിലാക്കി. സ്ത്രീകളുടെ ദുരിതങ്ങളിലേയ്ക്ക് ചിലരെങ്കിലും ശ്രദ്ധ പതിപ്പിച്ചു. തന്മൂലമുണ്ടായ സ്ത്രീ സമത്വപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജസ്ഥാനിലെ സ്ത്രീകളുടെ ആദ്യഗര്‍ഭത്തിന്റെ ശരാശരി പ്രായം പതിനാറര വയസ്സായി ഉയര്‍ന്നു എന്നത് ഗണ്യമായ ഒരു നേട്ടമായി കരുതപ്പെടുന്നു.

ഭന്‍വാരി ദേവിയ്ക്ക് ഈ അനുഭവമുണ്ടായത് അവരുടെ തൊഴില്‍ മേഖലയോടുള്ള സമൂഹത്തിന്റെ എതിര്‍പ്പുമൂലമാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നമായി ഇതിനെ കാണാന്‍ സംഘടനകള്‍ തയാറായി. പല സ്ത്രീ സംഘടനകളും പൊതു താല്‍പര്യ ഹര്‍ജ്ജികള്‍ നല്‍കാന്‍ ഈ സംഭവം കാരണമായി. ‘വിശാഖ’ എന്ന പേരിലൂള്ള ഒരു സംഘടനാ കൂട്ടായ്മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി നിര്‍ണ്ണായകമായ ചില നിയമ ങ്ങള്‍ക്ക് വഴി തെളിച്ചു. ‘തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം’ എന്നതിന് നിയമവ്യവസ്ഥയില്‍ നിര്‍വചനം നല്‍കാന്‍ കാരണമായത് ഈ ഹര്‍ജിയുടെ വിധിയാണ്. 1997 ആഗസ്റ് മാസത്തിലാണ് ഈ വിധി പ്രസ്താവമുണ്ടായത്. ‘വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍’ എന്ന പേരില്‍ ഇതറിയപ്പെടുകയും ചെയ്യുന്നു. ഭന്‍വാരി ദേവി കേസിലെ നിര്‍ണ്ണായകമായ മറ്റൊരു സാമൂഹ്യനേട്ടമാണിത്.

ബെയ്ജിങില്‍ നടന്ന യുണൈറ്റഡ് നേഷന്‍സിന്റെ വനിതാ സമ്മേളനത്തില്‍ ( Fourth World Conference on Woman ) ഭന്‍വാരി ദേവി ക്ഷണിക്കപ്പെട്ടു. 1994 ല്‍ ഇവര്‍ നീരജാ ഭാനോട്ട് അവാര്‍ഡിനര്‍ഹയായി. ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ ധനസഹായങ്ങളും ഇടയ്ക്ക് ലഭിക്കുകയുണ്ടായി. 2001 ല്‍ ഈ അസാധരണ ജീവിത കഥയില്‍ നിന്നു ബാവന്‍ഡര്‍ ( മണല്‍ക്കാറ്റ് ) എന്ന ഒരു സിനിമാ നിര്‍മ്മിക്കപ്പെട്ടു .

പക്ഷേ കൃഷി ചെയ്യാന്‍ പറ്റാതായ വരണ്ട ഇത്തിരി മണ്ണും ഒന്നോ രണ്ടോ എരുമയും മാത്രം സ്വത്തായുള്ള ഭന്‍വാരി ദേവി ഇപ്പോഴും ദുരിതങ്ങളില്‍ കഴിയുന്നു. നീരജ ഭാനോട്ട് അവാര്‍ഡില്‍ നിന്നു ലഭിച്ച തുകയില്‍ കൂടുതലും സ്ത്രീ സഹായത്തിനുള്ള ഒരു ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.

ദില്ലി കൂട്ടബലാല്‍സംഗ വാര്‍ത്ത കേട്ട് രണ്ടു ദിവസം തനിക്കു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന ഭന്‍വാരി ദേവി ഇപ്പോഴും സ്ത്രീ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു, ‘ഒരിക്കലും സമരം നിര്‍ത്തരുത്’.

 
 

അടിക്കുറിപ്പ്
വനിതാ ദിനാഘോഷങ്ങളുടെ ചിത്രങ്ങളില്‍ ഭന്‍വാരി ദേവിയെ കണ്ട് , ഓര്‍മ്മയിലില്ലാത്ത വാര്‍ത്തകള്‍ തേടി ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരങ്ങളാണിവ. മനസ്സിന്റെ അസ്വസ്ഥത കുറെപ്പേരിലേയ്ക്ക് കൂടി പകരണമെന്ന തോന്നലില്‍ ഇവിടെ കുറിച്ചുവെന്നു മാത്രം.
കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കുകളില്‍ നിന്ന് ലഭ്യമാണ്.

http://www.petticoatjournal.com/2012/12/thebawanderisyettosettlebhanwari.html
http://en.wikipedia.org/wiki/Bhanwari_Devi
http://en.wikipedia.org/wiki/Bawandar
 
 
 
 

13 thoughts on “ഭന്‍വാരി ദേവി സ്ത്രീകളോട് പറയുന്നു, ‘ഒരിക്കലും സമരം നിര്‍ത്തരുത്’

 1. ഇന്ത്യയുടെ മുഖ്താര്‍ മായിയെ പരിചയപ്പെടുത്തിയത് നന്നായി.

 2. ഈ ..അസ്വസ്ഥത കുറെപ്പേരിലേയ്ക്ക് കൂടി പകരട്ടെ

  മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ ഒന്നും ഇല്ല …
  എങ്കിലും … കുറച്ചു പേരെങ്കിലും ചിന്തിക്കുകയെങ്കിലും ചെയ്യുമല്ലോ..

  thanx Ma’am..

 3. “ഉയര്‍ന്ന ജാതിക്കാരായ പ്രതികള്‍ ഒരു ദലിത് സ്ത്രീയെ ബലാല്‍ക്കാരം ചെയ്യാനിടയില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് പറഞ്ഞു.”

  –> ആ വിധിയുടെ (ചീഞ്ഞ) തമാശ മുഴുവനായി ഈ തർജ്ജമയിൽ വന്നില്ല എന്നു തോന്നുന്നു — “അവർ തൊട്ടുകൂടാത്ത ജാതിയിൽ പെട്ട ആളായതുകൊണ്ട് അവരെ മേൽജാതിയിൽപ്പെട്ട ആണുങ്ങൾ ബലാൽസംഗം ചെയ്തിരിക്കാൻ സാധ്യതയില്ല” (“since Bhanwari Lal belonged to untouchables cast, men of higher caste may not have raped her”) എന്നായിരുന്നു വിധിയിൽ പറഞ്ഞത്.

 4. ഭൻവാരി ദേവി ഒരു തുടര്ച്ചയല്ലേ ഇന്ന് ? സൂര്യനെല്ലി വാർത്തയും മറ്റൊന്നല്ല , ദളിത് – ബ്രാഹ്മണ്യം അല്ലെങ്കിലും …… ചില വാർത്തകൾ നമ്മെ തേടുന്നത് നമ്മോടു അത് തുടരാൻ ആകും . ഒരു നൂൽപ്പാലം ആകാൻ ഇടയ്ക്കു നമുക്ക് കഴിയും ….ചിലരെ ആ വാർത്തയിൽ എത്തിക്കാൻ ! നന്ദി സ്മിത ..

 5. സുദീപ് പറഞ്ഞതു ശരിയാണ്, വിധിന്യായത്തിലെ അന്യായത്തിന്‍റെ തീവ്രത പകരാന്‍ ആ വാക്കുകള്‍ പോരാ. എടുത്തു പറഞ്ഞതിനു നന്ദി.

 6. നന്ദി!! നോവും ആവേശവും ഒരുപോലെ പകരുന്ന ദേവിയെ പരിചയപ്പെടുത്തിയതിനു..

 7. സ്ത്രീസംബന്ധിയായ ഇത്തരം പ്രശ്നങ്ങളിൽ ആടിനെ പട്ടിയാക്കാൻ എത്ര എളുപ്പം.ഇതിങ്ങനെ പങ്കു വെച്ചതിനു നന്ദി.ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ!

 8. നന്ദി … ഭാന്വാരി ദേവി ഒരു പ്രതീകമാണു. പ്രതീകങ്ങൽ ഒരിക്കലും ഇല്ലാതാകുന്നില്ല. യാതാര്ധ്യത്തെ അത് ഇപ്പോഴും പ്രതിഫലിപ്പിക്കുക തന്നെ ചെയ്യും. യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. തുടരുക തന്നെ വേണം

 9. ശരിയാണ്.അസ്വസ്ഥത പടരട്ടെ.നീതിക്ക് വേണ്ടി നിലവിളിക്കാന്‍ നമുക്ക് കെല്‍പ്പുണ്ടാകട്ടെ, സ്മിതാ മീനാക്ഷി….

 10. ഇതേ ന്യായം കുരിയന്റെ കാര്യത്തിലും പറയുന്നു ,ആ സമയം
  അവിടെ എത്താൻ എങ്ങനെ പറ്റും എന്ന്

 11. സ്ത്രീകളെ ഈറ്റവും ബഹുമാനിക്കുന്ന നാട് എന്ന് ഊറ്റം കൊള്ളുന്ന ഭാരതത്തിലെ വരേണ്യ പുരുഷന്മാരുടെ തൊഴിലായി മാറുന്നു ബലാല്സംഗം. അതിനെ സംരക്ഷിക്കുവാനോ ഭരണ യന്ത്രങ്ങൾ…? കമ്പോളവല്കരണം ത്വരിതപ്പെടുമ്പോൾ സ്ത്രീകളും, കുട്ടികളും വെറും വിലപനച്ചരക്കുകൾ aakunnthu നോക്കി നില്ക്കുന്നവരും കുറ്റക്കാരല്ലേ…? വികസന പദ്ധതികള്ക്ക് തുടക്കം കുറിക്കേണ്ടത്‌ സ്ത്രീകളിലും കുട്ടികളിലും നിനാണ്, അതും ഈറ്റവും പാര്ശ്വവല്ക്കരിക്കപ്പെട്ട ദളിതsamoohathil നിന്ന്. അതിനു കഴിയാത്ത ഒരു സര്കാരിന് യാതൊരു പ്രസക്തിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *